Friday, September 8, 2017

ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും - ജീവിത 'യാത്ര'യിൽ 'അപരൻ'മാരാകേണ്ടി വന്നവർ

ബാലുമഹേന്ദ്രയുടെ 'യാത്ര'യും പത്മരാജന്റെ 'അപര'നും കണ്ട ഒരു പ്രേക്ഷകർക്കും മറക്കാൻ സാധിക്കാത്ത രണ്ടു കഥാപാത്രങ്ങളാണ് ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും. 1985 ലും 1988 ലുമായി റിലീസായ ഈ രണ്ടു സിനിമകളിലെ രണ്ടു കഥാപാത്രങ്ങളും രണ്ടു കഥാപശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും അവർ രണ്ടു പേർക്കും ജീവിതത്തിന്റെ ഒരു പ്രത്യേക കോണിൽ വച്ച് നേരിടേണ്ടി വന്ന ഒരു പൊതു സമസ്യയായിരുന്നു അവരുടെ അതേ രൂപസാദൃശ്യമുള്ള അപരൻ. പ്രശ്നക്കാരനായ ഈ അപരൻ ഒരിടത്തു പോലും ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെടുകയോ അവരുടെ പേരിൽ ഒരു ആൾമാറാട്ടത്തിനു മുതിരുകയോ ചെയ്യുന്നില്ലെങ്കിലും അപരന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിത്വങ്ങളായി മാറുകയാണ് ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും. അപരൻ കാരണം സ്വന്തം വ്യക്തിത്വം ഇരുളിലാകുകയും ജീവിതം കൈ വിട്ടു പോകുകയും ചെയ്ത രണ്ടു നിരപരാധികൾ. ആ തലത്തിൽ നോക്കുമ്പോൾ ഒരാളെ പോലെ ലോകത്ത് ഒരുപാട് പേരുണ്ടാകാം എന്ന സരസമായ നാട്ടു വർത്തമാനം കേട്ട് ശീലിച്ച ഒരു സമൂഹത്തോട്, ഒരാളെ പോലെ വെറും ഒരാൾ മാത്രമുണ്ടായാൽ തന്നെ വ്യക്തിജീവിതങ്ങൾ സങ്കീർണ്ണവും ദുരന്തപര്യവസായിയുമാകാൻ സാധ്യതയുണ്ട് എന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് ഈ രണ്ടു സിനിമകൾ ചെയ്യുന്നത്. ജീവിത യാത്രയിൽ ഒരിക്കൽ പോലും കണ്ടു മുട്ടിയിട്ടില്ലാത്ത ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും ജീവിതങ്ങൾ ഒരേ കാലത്ത് രണ്ടിടങ്ങളിലായി സമാന്തരമായി സംഭവിക്കുന്ന ഒന്നാണെന്ന് കരുതിക്കൊണ്ടുള്ള ഒരു ആസ്വാദന സാധ്യത തെളിയുന്നതും അവിടെയാണ്. കാലങ്ങൾക്കിപ്പുറം 'യാത്ര'യും 'അപരനും അങ്ങിനെ ചിലത് കൂടെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. 

ഉണ്ണികൃഷ്ണൻ അനാഥത്വം നീന്തിക്കയറി ജീവിതം പടുത്തു കെട്ടിയവനാണെങ്കിൽ വിശ്വനാഥൻ അതിനു നേരെ വിപരീതമാണ്. അയാൾക്ക് അച്ഛനും അമ്മയും പെങ്ങളും അടങ്ങുന്ന ഒരു നല്ല കുടുംബ പശ്ചാത്തലമുണ്ടെങ്കിലും സ്വയം പര്യാപ്തനല്ല. സ്വന്തം കാലിൽ നിൽക്കാനൊരു ജോലിക്ക് വേണ്ടി അയാൾ നഗരത്തിലേക്ക് ഇന്റർവ്യൂവിനായി പോകുമ്പോൾ വനം ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണൻ എല്ലാവരും പോകാൻ മടിക്കുന്ന അരുണഗിരിയിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങി വരുകയാണ് . തികച്ചും ഉൾവലിഞ്ഞ ആ വനഗ്രാമത്തിലെ ഏകാന്തതയിൽ നിന്ന് ഉണ്ണിക്കൃഷ്ണനെ മോചിപ്പിക്കുന്നത് തുളസിയാണ്. കൃഷ്ണ പ്രതിഷ്‌ഠക്ക് മുന്നിൽ നിന്നു കൊണ്ട് ഒരേ സമയം പരാതി പറഞ്ഞും പരിഭവപ്പെട്ടും കൃഷ്ണനെ ഭീഷണിപ്പെടുത്തിയുമൊക്കെ സംസാരിക്കുന്ന തുളസിയെ പരിചയപ്പെടുന്നത് മുതലാണ് ഉണ്ണിക്കൃഷ്ണൻ തന്റെ ഒറ്റയാൻ ജീവിതത്തിലെ മടുപ്പുകളെ അവസാനിപ്പിക്കുന്നത് പോലും. തുളസിയുടെ അച്ഛനുമായി വിവാഹത്തെ കുറിച്ചൊരു ധാരണയുണ്ടാക്കിയ ശേഷം അയാൾ തന്റെ ആത്മാർത്ഥ സുഹൃത്ത് ബാലനെ നേരിട്ട് കാണാൻ പോകുകയാണ്. വിശ്വനാഥനാകട്ടെ സ്വന്തമായൊരു ജോലിയെന്ന സ്വപ്നവുമായി നഗരത്തിലേക്കും പോയി കൊണ്ടിരിക്കുന്നു. ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും ജീവിതം പ്രതീക്ഷകൾക്ക് വിപരീതമായി മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങുന്നത് അവിടെ നിന്നാണ്. 

ആത്മാർത്ഥ സുഹൃത്ത് ബാലന്റെ വിയോഗ വാർത്തയിൽ ദുഃഖിതനായി അരുണഗിരിയിലേക്ക് തിരിച്ചു പോകുന്ന വഴിക്കാണ് ഉണ്ണിക്കൃഷ്ണനെ അരവിന്ദാക്ഷനെന്ന വ്യാജേന പോലീസ് പിടിക്കുന്നത്. അതേ സമയം ഇന്റർവ്യൂനിടയിൽ പുറത്തിങ്ങിയ വിശ്വനാഥനെ പോലീസ് കൊണ്ട് പോകുന്നതാകട്ടെ ഉത്തമന്റെ പേരിലുമാണ്. ഒരേ പോലീസ് ജീപ്പിൽ മുഖാമുഖം നോക്കാതെ  മനസ്സ് കൊണ്ട് ഒരേ അവസ്ഥയെ അഭിമുഖീകരിക്കുകയായിരുന്നു അവർ. പോലീസ് സേനയെ ഇത്ര മാത്രം അസ്വസ്ഥമാക്കിയ രണ്ടു പേർ ഇനി വേറെയുണ്ടാകില്ല എന്ന മട്ടിലാണ് വഴി നീളെ അരവിന്ദാക്ഷനെയും ഉത്തമനെയും കുറിച്ച് പോലീസുകാർ പറഞ്ഞു കൊണ്ടിരുന്നത്. ഇതിനു മുൻപ് പല തവണയും പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ടവരും കൂടിയാണ് കക്ഷികൾ എന്നത് കൊണ്ട് തന്നെ അവരുടെ യാതൊരു വിധേനയുമുള്ള വിശദീകരണങ്ങൾക്കും ചെവി കൊടുക്കാൻ പോലീസുകാർ തയ്യാറായില്ല. അരവിന്ദാക്ഷനും ഉത്തമനും തങ്ങളുടെ അപരന്മാരാണെന്ന് പോലീസിനെ ബോധിപ്പിക്കാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല ഉണ്ണിക്കൃഷ്ണനു പോലീസുകാരിൽ നിന്ന് കഠിന പീഡനങ്ങൾ പോലും ഏറ്റു വാങ്ങേണ്ടി വരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുന്നു. 

പോലീസ് സ്റ്റേഷനിൽ വച്ചു അവിടത്തെ എസ് ഐ തന്റെ പഴയ സുഹൃത്ത് ജോർജ്ജ് കുട്ടിയാണ് എന്ന് മനസ്സിലാക്കുന്ന വിശ്വനാഥന് തൽക്കാലം മറ്റു കുരുക്കുകളിൽ പെട്ട് ജയിലിൽ കിടക്കേണ്ടി വന്നില്ല. വിശ്വനാഥനെ വിശ്വസിക്കാൻ ആ സാഹചര്യത്തിൽ ഒരു സുഹൃത്തെങ്കിലും ഉണ്ടായി എന്നത് അയാളുടെ വലിയൊരു ഭാഗ്യവുമായിരുന്നു. പക്ഷേ ഉണ്ണിക്കൃഷ്ണന്റെ അവസ്ഥ അതായിരുന്നില്ല. ജോർജ്ജ്‌കുട്ടിയുടെ കൂടെ സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു കൊണ്ട് പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി പോകുന്ന വിശ്വനാഥനെ അയാൾ നിർനിമേഷനായി നോക്കി നിന്നു. താൻ പറയുന്ന സത്യം വിശ്വസിക്കാനോ, തന്നെ സഹായിക്കാനോ ഇനിയൊരാൾ വരില്ലെന്ന് മനസ്സിലാക്കിയ ഉണ്ണിക്കൃഷ്ണൻ പിന്നീട് പോലീസുകാരോട് ഏറ്റുമുട്ടുകയും ഓടി രക്ഷപ്പെടാനും ശ്രമിക്കുകയാണ്. അബദ്ധവശാൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും ചെയ്യുന്നു. ഉണ്ണികൃഷ്ണന്റെ തുടർന്നുള്ള ജീവിതം ഒരു ജീവപര്യന്തം ശിക്ഷയുടെ രൂപത്തിൽ ജയിലിൽ തുടങ്ങുകയാണ്. 

അരവിന്ദാക്ഷൻ എന്ന തന്റെ അപരൻ ചെയ്ത കുറ്റങ്ങളുടെയല്ല മറിച്ച് താൻ തന്നെ ചെയ്ത കൊലപതാകത്തിന്റെ ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത് എന്ന നിലയിലേക്ക് പൊരുത്തപ്പെട്ടു കൊണ്ടായിരുന്നു ഉണ്ണികൃഷ്ണന്റെ ജയിലിനകത്തെ ജീവിതം. തുളസിയെ കുറിച്ചുള്ള ഓർമ്മകളിൽ ഒരേ സമയം അയാൾ ആശ്വസിക്കുകയും വേദനിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇതിനിടയിലൊരിക്കലും തന്റെ അപരനാര് എന്ന ചിന്ത അയാളെ അലട്ടിയില്ല. ഇവിടെയാണ് വിശ്വനാഥൻ വ്യത്യസ്തനാകുന്നത്. തന്നെ പോലെ രൂപഭാവമുള്ള ഒരുത്തൻ ആ നഗരത്തിലുണ്ടെന്നും അയാൾ പോലീസിന്റെ നോട്ടപ്പുള്ളി ആണെന്നുമൊക്കെ വിശദമായി ജോർജ്ജ് കുട്ടിയിൽ നിന്ന് കേട്ടറിയുന്നത് മുതൽ വിശ്വനാഥന്റെയുള്ളിലേക്ക് അപരൻ ഒരു ഒഴിയാബാധ പോലെ കുടിയേറുകയാണ്. തൽക്കാലം ടൗണിൽ വച്ച് നടന്ന സംഭവങ്ങൾ വീട്ടിലറിയണ്ട എന്ന് അയാൾ തീരുമാനിച്ചുറപ്പിക്കുന്നുവെങ്കിലും പിന്നീടങ്ങോട്ട് അയാളുടെ മനസ്സിനെ സംഘർഷഭരിതമാക്കുന്നുണ്ട് അപരൻ. തന്റെ നിഴലിലും പ്രതിബിംബത്തിലുമൊക്കെ അപരനെ വെറുപ്പോടെ നോക്കുന്ന വിശ്വനാഥനെ കാണാം സിനിമയിൽ. പെങ്ങൾക്ക് വന്ന ഒരു കല്ല്യാണലോചന മുടങ്ങുന്നതും സ്വന്തം വീട്ടിൽ പോലും താൻ അവിശ്വസിക്കപ്പെടുന്നതുമൊക്കെ തന്റെ അപരൻ കാരണമാണല്ലോ എന്ന ചിന്ത അയാളെ  ക്ഷോഭിതനാക്കുന്നുണ്ടെങ്കിലും ആഗ്രഹിച്ച പോലൊരു ജോലി ഒത്തു വന്നപ്പോൾ അയാൾ എല്ലാം മറന്നു ജീവിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ യാദൃശ്ചികമെന്നോണം അയാൾക്ക് തന്റെ  അപരൻ വാഴുന്ന അതേ സിറ്റിയിലേക്ക് തന്നെ ജോലിക്ക് പോകേണ്ടി വരുന്നു. 

ഒന്നൊഴിഞ്ഞാൽ വീണ്ടും മറ്റൊന്ന് എന്ന തരത്തിൽ വിശ്വനാഥന്റെ സ്വകാര്യ ജീവിതത്തിൽ 'അപര'ന്റെ ശല്യങ്ങൾ തുടരുകയാണ്. ഓഫിസിലെ സഹപ്രവർത്തക അമ്പിളിക്ക് ഓട്ടോറിക്ഷയിൽ വച്ചുണ്ടായ അനുഭവം വച്ച് നോക്കുമ്പോൾ വിശ്വനാഥൻ എന്ന പേരിൽ തനിക്കൊരു അപരൻ ഉണ്ടെന്നു ഉത്തമനും കൂടി മനസ്സിലാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകുന്നു. ഉണ്ണിക്കൃഷ്ണൻ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിന് ബദലായി ജയിലിനു പുറത്തു വിശ്വനാഥൻ തന്റെ അപരനാൽ പല വിധത്തിലുള്ള ശിക്ഷകൾ അനുഭവിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം. വ്യക്തിജീവിതത്തിനു പുറമേ ഔദ്യോഗിക ജീവിതത്തിലേക്ക് കൂടി പ്രശ്നങ്ങൾ നീളാൻ തുടങ്ങുന്ന ഘട്ടത്തിലാണ് വിശ്വനാഥൻ തന്റെ  അപരനെ തേടി ഇറങ്ങുന്നത്. തന്റെ ജീവിതത്തിലേക്ക് അധിനിവേശം നടത്തിയ ഉത്തമനോടുള്ള പ്രതികാരമെന്നോണം തിരിച്ചും അതേ ശൈലിയിൽ തിരിച്ചടിക്കാൻ തീരുമാനിക്കുന്നു വിശ്വനാഥൻ. അതിനായി അപരന്റെ വിഹാര സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അയാൾ ഉത്തമനായി പരകായ പ്രവേശം നടത്തുകയും ലക്‌ഷ്യം കാണുകയും ചെയ്യുന്നു. ഉത്തമന് കിട്ടേണ്ട പണം കൈപ്പറ്റിയ വിശ്വനാഥൻ ആ പണം അത് വരേക്കും താൻ അനുഭവിച്ച പീഢനങ്ങൾക്കുള്ള പരിഹാര തുകയായി കരുതുന്നു. ആ പണവുമായി വിശ്വനാഥൻ വീട്ടിലേക്ക് തിരിക്കുന്ന ആ രാത്രിയിൽ ഉണ്ണിക്കൃഷ്ണൻ ഉറങ്ങാതിരുന്നു കൊണ്ട് തുളസിക്ക് കത്തെഴുതുകയായിരുന്നു. തന്നെ കൊല്ലങ്ങളോളം കാത്തിരുന്നു കൊണ്ട് തുളസിയുടെ യൗവ്വനം നശിപ്പിക്കരുതെന്ന് അയാൾ കത്തിൽ അപേക്ഷിച്ചു. ഉണ്ണിക്കൃഷ്ണൻറ്‍റെ കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും, മനസ്സ് വിങ്ങിപ്പൊട്ടിയെങ്കിലും തുളസിക്ക് മറ്റൊരു ജീവിതം കിട്ടണമേ എന്ന് മാത്രം അയാൾ ആഗ്രഹിച്ചു. ആ കത്തിനൊരു മറുപടി വന്നെങ്കിലും അവളുടെ തീരുമാനം എന്താണെന്ന് വായിക്കാനുള്ള ധൈര്യം അയാൾ കാണിച്ചില്ല. ആ കത്ത് കീറികളഞ്ഞു കൊണ്ട് അയാൾ സ്വയം തന്റെ വിധിയെ പുൽകി കരഞ്ഞു. 

വിശ്വനാഥനെ പിന്തുടർന്ന് വന്ന ഉത്തമനും കൂട്ടരും പണം സൂക്ഷിച്ച ബാഗിനായി അയാളുമായി മൽപ്പിടിക്കുന്നത് അതേ രാത്രിയിലാണ്. സംഘട്ടനത്തിനിടയിൽ ആളുമാറി ഉത്തമൻ കൊല്ലപ്പെടുമ്പോഴും വിശ്വനാഥൻ ആ പണം കൈവിട്ടു പോകാതെ സൂക്ഷിച്ചു. അയാൾ അതുമായി ഇരുളിലേക്ക് ഓടി മറഞ്ഞു. പിറ്റേന്ന് രാത്രി വരെ അയാൾ അതേ ഇരുട്ടിലെവിടെയോ ഒളിച്ചിരുന്നു. എല്ലാം ശാന്തമെന്നു തോന്നിയപ്പോൾ അയാൾ വീട്ടിലേക്ക് ഓടിയെത്തി. അവിടെ വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. അയാൾ ഇരുട്ടിൽ തന്നെ പതുങ്ങിയിരുന്നു കൊണ്ട് സ്വന്തം ശരീരത്തിന്റെ ശവസംസ്ക്കാര ചടങ്ങുകൾക്ക് സാക്ഷിയായി. മരിച്ചത് താനല്ല എന്ന് സ്വയം ബോധിപ്പിക്കാൻ പോലുമാകാത്ത അവസ്ഥയിൽ അയാൾ വെന്തുരുകുകയായിരുന്നു. അന്ത്യകർമ്മങ്ങൾ നിർവഹിച്ച ശേഷം ഒറ്റക്ക് നടന്നു വരുന്ന അച്ഛന് മുന്നിൽ വിശ്വനാഥൻ അവസാനമായി ഒരിക്കൽ കൂടി  അവതരിക്കുകയാണ്. നടന്ന സംഭവങ്ങളെല്ലാം  അച്ഛനെ പറഞ്ഞു  ധരിപ്പിച്ച ശേഷം അയാൾ വീണ്ടും ഇരുളിലേക്ക് നടന്നകന്നു. വിശ്വനാഥനായി ഇനി തനിക്ക് ജീവിക്കാൻ സാധിക്കില്ലെന്നും ഉത്തമനായുള്ള ഒരു ജീവിതമാണ് ഇനി തന്നെ കാത്തിരിക്കുന്നതെന്നും ബോധ്യപ്പെടുത്തി കൊണ്ടാണ് അയാൾ പോകുന്നതെങ്കിലും അവസാനമായി തന്റെ വ്യക്തിത്വവും ജീവിതവുമൊക്കെ എരിഞ്ഞടങ്ങുന്ന ആ  ചിതയിലേക്ക് നോക്കി അയാൾ വല്ലാത്തൊരു ചിരി ചിരിക്കുന്നുണ്ട്. മരിച്ചത് ഉത്തമനോ അതോ വിശ്വനാഥനോ എന്ന ചോദ്യത്തെ പ്രേക്ഷകന്റെ മനസ്സിലേക്ക് എറിഞ്ഞു കൊണ്ടുള്ള ആ ചിരിയുമായാണ് അയാൾ ഇരുളിലേക്ക് മാഞ്ഞു  പോകുന്നത്.

വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു. ഉണ്ണിക്കൃഷ്ണൻ ജയിൽ മോചിതനായി പുറത്തു വരാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അയാളുടെ മനസ്സിൽ വീണ്ടും എവിടെയോ ഒരു പ്രതീക്ഷയുടെ തീ നാളം കത്താൻ തുടങ്ങുകയാണ്. ഒരിക്കൽ കൂടെ അയാൾ തുളസിക്ക് ഒരു കത്തെഴുതി. സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ തുളസിക്ക് അനുവാദം നൽകിയ ആ പഴയ ഉണ്ണിക്കൃഷ്ണന്റെ മാനസികാവസ്ഥയിലല്ല അയാളിപ്പോൾ എഴുതുന്നത്. മൂന്നു ദിവസം കഴിഞ്ഞാൽ താൻ ജയിൽ മോചിതനാകും. ആ ദിവസം തുളസിയുടെ ഗ്രാമത്തിലൂടെ കടന്നു പോകുന്ന ഏതെങ്കിലും വണ്ടിയിൽ താനുണ്ടായിരിക്കും. എന്നും തമ്മിൽ കണ്ടു മുട്ടാറുണ്ടായിരുന്ന ആ തണൽ മരത്തിനു മുന്നിലൂടെ വണ്ടി കടന്നു പോകുമ്പോൾ ആ കൃഷ്ണശിലയിലേക്ക് താൻ നോക്കും. തുളസി ഇന്നും സ്വതന്ത്രയായാണ് ജീവിക്കുന്നതെങ്കിൽ, ഇന്നും തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെങ്കിൽ ആ കൃഷ്ണ ശിലയുടെ മുന്നിൽ ഒരു വിളക്ക് കൊളുത്തി വെക്കണം. പ്രതീക്ഷയോടെ തന്നെയാണ് കത്തെഴുതി അവസാനിപ്പിക്കുന്നതെങ്കിലും യാഥാർഥ്യം മറ്റൊന്നെങ്കിൽ അതിനെ അംഗീകരിക്കാനും അയാൾ മനസ്സിനെ സജ്ജമാക്കി. 

തുളസിയുടെ ഗ്രാമത്തിലൂടെ പോകുന്ന ബസിനായി അയാൾ ആ ദിവസം രാവിലെ മുതൽ കുറെയധികം സമയം കാത്തു നിന്നു. ഒടുക്കം അയാളോട് കരുണ കാട്ടിയത് 'തന്നന്നം താനന്നം താളത്തിലാടി' വരുന്ന ഒരു ബസായിരുന്നു. അയാളുടെ ജീവിത കഥ ചർച്ച ചെയ്തു കൊണ്ട് നീങ്ങിത്തുടങ്ങിയ ആ ബസിൽ പ്രതീക്ഷയും പ്രാർത്ഥനകളും ആകാംക്ഷയും നിറഞ്ഞു. തുളസിയുടെ ഗ്രാമത്തിലേക്ക് എത്തിയത് മുതൽ ബസിന്റെ വലതു ഭാഗത്തേക്ക് എല്ലാവരും ചേർന്ന് കൂടി. തണൽ മരത്തിനു താഴെയുള്ള കൃഷ്ണശിലക്ക് മുന്നിൽ ഉണ്ണികൃഷ്ണന് വേണ്ടി തുളസി വിളക്ക് കത്തിച്ചു കാത്തിരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി അവരുടെയെല്ലാം കണ്ണുകൾ ദൂരെയുള്ള വിളക്കിന്റെ വെളിച്ചം പരതുമ്പോൾ ഉണ്ണിക്കൃഷ്ണൻ കണ്ണടച്ചിരിക്കുകയായിരുന്നു. ബസ് നിൽക്കുന്ന സമയത്ത് അയാൾ കാണുന്നത് ഒന്നിന് പകരം ഒരായിരം വിളക്കുകൾ കത്തിച്ചു കൊണ്ട് തണൽ മരത്തിനു താഴെ കാത്തു നിൽക്കുന്ന തുളസിയെയാണ്. ജീവിതത്തോടുള്ള പ്രതീക്ഷകൾ കൈ വിട്ടു കൊണ്ട് ഒരു പിടി ചോദ്യങ്ങളുമായി ഇരുളിലേക്ക് മറഞ്ഞ വിശ്വനാഥന് വിപരീതമെന്നോണം പുതിയ പ്രതീക്ഷകളും ഉത്തരങ്ങളുമായി ഇരുളിൽ തെളിഞ്ഞു കത്തുന്ന വിളക്കിന്റെ വെളിച്ചത്തിലൂടെ അയാൾ തുളസിയിലേക്ക് നടന്നടുക്കുകയാണ്. ആ നയനാന്ദകരമായ ഒത്തൊരുമിക്കൽ കാഴ്ചക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് 'തന്നന്നം താനന്നം താളത്തിലാടി' ചുരമിറങ്ങി പോകുന്ന ആ   ബസിനെ കാത്തു കൊണ്ട് വഴിയിലെവിടെയെങ്കിലും വിശ്വനാഥനും നിൽപ്പുണ്ടാകുമോ ? അപരൻ കാരണം ജീവിതം കൈ വിട്ടു പോയവരുടെ മുന്നിലേക്ക് ഒരു നിയോഗം പോലെ കടന്നു ചെല്ലാൻ ആ ബസിനു സാധിച്ചിരുന്നെങ്കിൽ അത് വഴി അവർക്ക് നഷ്ടപ്പെട്ട പഴയ ജീവിതം പുതുക്കി നൽകാൻ കാലത്തിനു സാധിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് ചിന്തിച്ചു പോകുന്നു. 

-pravin-
ഏപ്രിൽ ലക്കം ഇ മഷിയിൽ പ്രസിദ്ധീകരിച്ചത് . 

2 comments:

  1. മൂന്ന് പതിറ്റാണ്ടായിട്ടും മറക്കാത്ത ചില കഥപാത്രങ്ങൾ ..

    ReplyDelete