Wednesday, July 18, 2012

22 ഫീമെയില്‍ കോട്ടയം - ആധുനിക സ്ത്രീയെ വരച്ചു കാണിച്ച സിനിമയോ ?


ടെസ്സ എന്ന കോട്ടയംകാരി നഴ്സിംഗ്  വിദ്യാര്‍ഥിയുടെ ജീവിതകഥ സംവിധായകന്‍ ആഷിക് അബു വളരെ നന്നായി തന്നെ സിനിമയില്‍  ആവിഷ്ക്കരിച്ചിരിക്കുന്നു. അഭിനയത്തിന്‍റെ കാര്യത്തില്‍ റീമയും , ഫഹദും, മറ്റ് നടീ നടന്മാരും അഭിനന്ദനം അര്‍ഹിക്കുന്നു.  ടി ജി രവി തനിക്കു കിട്ടിയ രോഗിവേഷം മികവോട് കൂടി അഭിനയിച്ചിരിക്കുന്നു.  കോട്ടയംകാരിയുടെ ഭാഷാ ശൈലി റീമ കല്ലിങ്ങല്‍ വേണ്ട പോലെ സിനിമയില്‍ പ്രതിഫലിപ്പിച്ചില്ല. 

സിനിമയിലെ ടെസ്സ പുതിയ തലമുറയില്‍ പെട്ട പെണ്‍കുട്ടികളെ ആണോ പ്രതിനിധീകരിക്കുന്നത് ? അതോ ബാംഗ്ലൂരില്‍ പോയി പഠിക്കുന്ന , ജോലി ചെയ്യുന്ന ചിലരെ മാത്രമോ? എന്തായാലും, പുത്തന്‍ തലമുറയിലെ പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് കേരളത്തിനു പുറത്തു പോയി പഠിക്കുന്ന പെണ്‍കുട്ടികള്‍ കള്ള് കുടിക്കാനും , അല്‍പ്പം പോക്കെറ്റ്‌ മണി കിട്ടാന്‍ ഒരാണിന്റെ അല്ലെങ്കില്‍ ഏതെങ്കിലും പടു കിളവന്റെ വരെ കിടക്ക പങ്കിടാന്‍ സന്നദ്ധത കാണിക്കുന്നതായി ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നു. ഇന്നത്തെ പെണ്‍ സമൂഹത്തിലെ ഒരു പച്ചയായ സത്യം സംവിധായകന്‍ സിനിമയില്‍ തുറന്നു കാണിച്ചിരിക്കുന്നു. 

കൊച്ചിയില്‍ പഠിക്കാന്‍ പോയ അനിയത്തി ടിസ്സ മുടിയെല്ലാം ബോബ് ചെയ്തു  തന്നെ കാണാന്‍  വരുമ്പോള്‍ ടെസ്സ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 

"ഇത്രയും കാലം ബാംഗ്ലൂരില്‍ താമസിച്ച എനിക്കില്ലാത്ത മാറ്റമാണോ കുറച്ചു മാസങ്ങള്‍ കൊച്ചിയില്‍ താമസിച്ച നിനക്ക് സംഭവിച്ചത് "

ഇവിടെ ഇന്നത്തെ ആധുനിക പെണ്‍ സമൂഹത്തിന്റെ,  മാറ്റം എന്ന വാക്കിനോടുള്ള കാഴ്ചപ്പാടാണ് തെളിഞ്ഞു വരുന്നത്. ഇത്തരം ആധുനിക സ്ത്രീ കാഴ്ചപ്പാടുകള്‍  ബാംഗ്ലൂരില്‍ ജീവിക്കുന്ന പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ നമ്മുടെ കൊച്ചിയെന്ന നഗരത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന ഒരു സൂചന സംവിധായകന്‍ ഈ ഒരൊറ്റ ഡയലോഗില്‍ കൂടി പ്രേക്ഷകരില്‍ എത്തിച്ചിരിക്കുന്നു. പെണ്ണിന് മുടിയഴകും , ചാരിത്ര്യവും ആവശ്യമില്ല എന്ന നിലപാടുകളില്‍ അല്‍പ്പം പോലും വിട്ടു വീഴ്ച ചെയ്യാന്‍ തയ്യാറല്ലാത്ത ഒരു വിഭാഗം പെണ്‍കുട്ടികളെയാണ് സംവിധായകന്‍ ഈ സിനിമയിലൂടെ പരിചയപ്പെടുത്താന്‍ പ്രധാനമായും ശ്രമിച്ചത് എന്നു തന്നെ പറയാം.  

 ഒരു ഘട്ടത്തില്‍, സിറില്‍ (ഫഹദ് ) വന്നു വിളിക്കുമ്പോള്‍ ഒരു മടിയും കൂടാതെ അയാള്‍ക്കൊപ്പം താമസിക്കാനും  ശാരീരിക ബന്ധം പുലര്‍ത്താനും ടെസ്സ തയ്യാറാകുന്നു.   ഒരു പെണ്ണിന് ഒരാണിന്റെ കൂടെ ജീവിക്കാന്‍ വിവാഹ ബന്ധത്തിന്‍റെ ആവശ്യം ഇല്ല എന്ന ആശയം പറയുന്ന  ഒരു living together style ആണ് ടെസ്സയും സിറിലും ഈ സിനിമയില്‍ നയിക്കുന്നത്.  ചെറുപ്പത്തില്‍ ഒരു ബുദ്ധി മോശം കൊണ്ട് താന്‍ ലൈംഗികമായി മറ്റൊരാളാല്‍ പീഡിപ്പിക്കപെട്ടു എന്ന് അവകാശപ്പെടുന്ന ടെസ്സ സിറിലുമായി ഇത്തരം ഒരു ജീവിത രീതിയിലേക്ക് മാറുന്നതില്‍ നിന്ന് നമ്മള്‍ എന്ത് മനസിലാക്കേണ്ടിയിരിക്കുന്നു ? ഇങ്ങനെ പണ്ടൊരിക്കല്‍ പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടി  വീണ്ടും അറിഞ്ഞു കൊണ്ട് റെയില്‍ പാളത്തില്‍ തല വച്ച് കൊടുക്കുമെന്ന് തന്നെയാണോ സംവിധായകന്‍ പറയാന്‍ ശ്രമിച്ചത്?

ജയിലിലെത്തിയ ശേഷം  തന്നെ ചതിച്ചവരോട് പ്രതികാരം വീട്ടാന്‍ തീരുമാനമെടുക്കുന്ന നായികക്ക് വില്ലന്മാരെ കുറിച്ച് വിശദീകരിച്ചു കൊടുക്കുന്ന സുബൈദ എന്ന തടവുകാരിക്ക് എങ്ങനെ ഇത്രയേറെ വിവരങ്ങള്‍ പറയാന്‍ സാധിക്കുന്നു എന്നത് സംബന്ധിച്ച് അല്‍പ്പം അതിശയോക്തി നമുക്ക് തോന്നിയേക്കാം. സിനിമാവസാനം, പ്രതികാരബുദ്ധിയുള്ള   നായിക, തന്നെ ചതിച്ച നായകന്‍റെ ലിംഗം ശസ്ത്രക്രിയയാല്‍  മുറിച്ചു മാറ്റിയ ശേഷം ഇവര്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങള്‍ വേണ്ടത്ര മികവു പുലര്‍ത്തിയില്ല. പ്രത്യേകിച്ച് നായകന് നായികയോട് മനസ്സില്‍ ഇപ്പോഴും ഒരിഷ്ടം ഉണ്ടെന്നു വെളിവാക്കപ്പെട്ടു കൊണ്ട് സിനിമ അവസാനിപ്പിക്കുന്ന ഒരു രീതി അത്ര നന്നായെന്നു തോന്നിയില്ല, " നീയാണ് പെണ്ണ് " എന്ന് പറഞ്ഞു കൊണ്ട് നായകന്‍ നായികയെ വര്‍ണിക്കുന്നത് എന്ത് അര്‍ത്ഥത്തില്‍ ആണെന്നത് ഇപ്പോഴും പിടി കിട്ടിയിട്ടില്ല. 

എന്തായാലും വളരെ കാലത്തിനു ശേഷം ഇത്തരത്തിലുള്ള സ്ത്രീ പ്രതികാര കഥ പറയുന്ന ഒരു സിനിമ കണ്ടതില്‍. എല്ലാ സ്ത്രീ പ്രേക്ഷകര്‍ക്കും  ആശ്വസിക്കാം, ഇതല്ല യഥാര്‍ത്ഥ പെണ്ണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഈ സിനിമയെ നല്ലൊരു സ്ത്രീ പക്ഷ സിനിമയായി തന്നെ കണ്ടിരിക്കാം. 

ആകെ മൊത്തം ടോട്ടല്‍  = കണ്ടിരിക്കാന്‍ പറ്റുന്ന ഒരു സിനിമ. 

*വിധി മാര്‍ക്ക്‌ = 7/10 
-pravin- 

2 comments:

  1. മച്ചൂ.... കോയിൻസിഡൻസ് ... ഇന്നലെ രാത്രിയാണു ഞാനും ഈ പടം കണ്ടതു... മുൻപ് പടത്തിന്റെ കഥയേക്കുറിച്ചും,ക്ലൈമാക്സിനേക്കുറിച്ചും കേട്ടത് കൊണ്ടാവും, ഒരു ഗുമ്മ് തോന്നിയില്ല.. ക്ലൈമാക്സ് ഒഴിച്ച് ഒന്നും എനിക്കിഷ്ടപ്പെട്ടില്ല. വർഷങ്ങളുടെ പരിചയം ബാംഗ്ലൂരിൽ ഉള്ളതു കൊണ്ട് പറയാനാകും നേഴ്സുമാരുടെ യഥാർത്ഥ ജീവിതസാഹചര്യങ്ങളൊന്നുമല്ല ആ പടത്തിൽ...

    ReplyDelete
  2. ഇത്ര വലിയ വീട്ടില്‍ കഴിയാനുള്ള സമ്പളം നര്‍സ് മാര്‍ക്കു കിട്ടുന്നുണ്ടോ എന്ന് സംശയമാണ് . പിന്നെ കഥയില്‍ ചോദ്യം ഇല്ല

    ReplyDelete