Sunday, July 1, 2012

കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ - എന്ത് കൊണ്ട് അധിക വിമര്‍ശനങ്ങള്‍ നേരിട്ടു ?


റിലീസ് ആകുന്നതിനു മുന്നേ ഈ സിനിമയ്ക്കു കിട്ടിയ അധിക ജനശ്രദ്ധയാണ്, ജനങ്ങള്‍ക്ക്‌ ഈ സിനിമയെ കുറിച്ച് അമിത  പ്രതീക്ഷ മനസ്സില്‍ രൂപപ്പെടാന്‍ കാരണം. ആ പ്രതീക്ഷ തെറ്റിയപ്പോള്‍ ജനങ്ങള്‍ സ്വാഭാവികമായും ഈ സിനിമയെ കല്ലെറിഞ്ഞു കൊന്നു.  അത് തന്നെയാണ് ഈ സിനിമയുടെ കാര്യത്തില്‍ ആദ്യം സംഭവിച്ച വീഴ്ച. എന്തോ ഒരു വലിയ സംഭവമാണ് തങ്ങള്‍ തിയേറ്ററില്‍ എത്തിക്കാന്‍ പോകുന്നതെന്ന ഒരു  ധാരണ പ്രേക്ഷകന് ഉണ്ടാക്കി കൊടുത്തതാണ് ഈ സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെയ്ത ആദ്യ പാപം. 

 ദി കിംഗ്‌, കമ്മീഷണര്‍, മാഫിയ, ഏകലവ്യന്‍, എന്നീ സിനിമകളില്‍ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടിന്‍റെ മുൻകാല  സിനിമകളെ  വച്ച് നോക്കുമ്പോള്‍ ഈ സിനിമയുടെ  പ്രമേയത്തിൽ  പുതുമയില്ലാതെ പോയതും , പഴയ കഥാപത്രങ്ങളെ വീണ്ടും സൃഷ്ട്ടിച്ചെടുത്തു കൊണ്ട് ഒരു ലോജിക്കുമില്ലാത്ത സീനുകളുമുണ്ടാക്കി  കുറേ  ഇംഗ്ലീഷ് ഡയലോഗുകള്‍ വാരി വിതറിയതുമൊക്കെയാണ് പ്രധാന കല്ല് കടിയായത്.  മറ്റൊരു കാര്യം സിനിമയുടെ സമയ ദൈര്‍ഘ്യമാണ്. മൂന്ന് മണിക്കൂറും പത്തു മിനുറ്റും, ഒരു പെട്ടിക്കൂടില്‍ ഒരേ ഇരുപ്പു ഇരുന്നു കൊണ്ട് കാതടപ്പിക്കുന്ന ശബ്ദഘോഷത്തില്‍ തെറിയും, ഇംഗ്ലീഷും, മറ്റ് ശബ്ദങ്ങളും ഒരു പ്രേക്ഷകനും കണ്ടിരിക്കാന്‍ സാധിക്കില്ല. നല്ലൊരു സിനിമയാണ്  ഈ സമയ ദൈര്‍ഘ്യത്തോടെ അവതരിപ്പിക്കുന്നതെങ്കില്‍ കൂടി പ്രേക്ഷകന്‍ ചിലപ്പോള്‍ എതിരഭിപ്രായം പറഞ്ഞെന്നു വരും. പ്രേക്ഷകനെ കുറ്റം പറയാന്‍ പറ്റില്ല ആ കാര്യത്തില്‍. 

സിനിമയില്‍ ശ്രദ്ധേയമായ ചില രംഗങ്ങള്‍  ഇത്തരം  വിമര്‍ശനങ്ങളില്‍ മുങ്ങി പോയെന്നത് വാസ്തവം. ഉദാഹരണത്തിന്, ഇന്നത്തെ മാധ്യമങ്ങളുടെ ധാര്‍മികതയെയും സംസ്ക്കാരത്തെയും ജോസഫ് അലക്സ് ആദ്യ രംഗത്ത് തന്നെ ചോദ്യം ചെയ്യുന്നുണ്ട്. അത് പോലെ അവസാന രംഗത്തോട് അടുക്കുന്ന വേളയില്‍ പ്രധാനമന്ത്രിയോട് (സിനിമയിലെങ്കിലും അങ്ങനെ ഒരാള്‍ക്ക്‌ ചോദിക്കാന്‍ പറ്റിയല്ലോ എന്ന ആശ്വാസത്തോടെ കണ്ടിരിക്കാം) ഇന്ത്യയെ കമ്പോള വല്‍ക്കരിക്കുന്ന  രാഷ്ട്രീയ മനസ്ഥിതിയെ കുറിച്ച്, ഒരല്‍പം വേദനയോടു കൂടെ   ക്ഷോഭിച്ചു കൊണ്ട് വാചാലനാകുന്ന രംഗം വളരെ നന്നായിരുന്നു.  അതെത്ര പേര്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ടു എന്ന കാര്യത്തില്‍ മാത്രമാണ് സംശയം. മമ്മൂട്ടിയുടെ അഭിനയം ഇത്തരം രംഗങ്ങളില്‍ വളരെ ശ്രദ്ധേയം തന്നെയായിരുന്നു. 

മറ്റൊരു ശ്രദ്ധേയമായ രംഗം, ഭരത് ചന്ദ്രന്‍ രംഗത്ത് പ്രത്യക്ഷപ്പെടുന്ന സമയത്ത് മുസ്ലീം വേഷ ധാരിയായ ഒരു വൃദ്ധന്‍ (അഗസ്റ്റിന്‍) പോലീസുകാരാല്‍ ക്രൂരമായി ചോദ്യം ചെയ്യപ്പെടുന്നതാണ്. ആ സമയത്തുള്ള   ഒരു ഡയലോഗ് ഒഴിച്ചാല്‍, ഭരത് ചന്ദ്രന് കാര്യമായ മറ്റൊരു നല്ല ഡയലോഗ് ഡെലിവറി ഉണ്ടായില്ല എന്ന് പറയാം. 

ഏകലവ്യന്‍ സിനിമയില്‍, സ്വാമി വേഷം  അഭിനയിച്ച്  ഉജ്ജ്വലമാക്കിയ നരേന്ദ്ര പ്രസാദിന്‍റെ ഏഴയലത്ത് പോലും എത്താന്‍ സായ്കുമാറിന്റെ സ്വാമി വേഷത്തിനായില്ല. രാമന്‍ മാധവാനായി വേഷമിട്ട ജയന് തന്‍റെ അഭിനയ മികവു കാണിക്കാന്‍ നല്ലൊരവസരം വീണു കിട്ടിയത് ആകാര  ഭംഗിയിലും ശൈലിയിലും മാത്രം കഴിവ് കാണിച്ചു കൊണ്ട്  തൃപ്തിപ്പെടെണ്ടി വന്നു. മേക്ക് അപ്പിന്റെ കഴിവ് കൊണ്ടും മാത്രം ശ്രദ്ധേയമായ വേഷം എന്ന് പറയാം. 

ആകെ മൊത്തം ടോട്ടല്‍ = മൂന്നര മണിക്കൂറോളം കഥയും കഴമ്പും ആലോചിക്കാതെ കുറേ ശബ്ദ കോലാഹലങ്ങള്‍ കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറെങ്കില്‍  കണ്ടിരിക്കാം. കുറച്ചു നല്ല ഇംഗ്ലീഷ് വാക്കുകൾ പഠിക്കുകയും ചെയ്യാം. 

*വിധി മാര്‍ക്ക്  = 4/10 
-pravin- 

1 comment:

 1. മൂന്നര മണിക്കൂറോളം എ സി ഇല്ലാത്ത തിയറ്ററില്‍ ഈ പടം ഒരു കഥയും കഴമ്പും സസ്പെന്‍സും ഇല്ലാതെ എങ്ങനെ കാണും ജനങ്ങള്‍ ശ്വാസം മുട്ടി പോകും.ടി വിയില്‍ കാണുകയാണെങ്കില്‍ കണ്ടോളു പടത്തിനു എന്റെ മാര്‍ക്ക് 3.5/10.
  അതില്‍ സംവിധാനം 2.5/10
  കഥ ,തിരകഥ ,സംഭാഷണം- .5/10
  സുരേഷ് ഗോപി -0.25/10
  മമ്മൂട്ടി-0.25/10

  ReplyDelete