Friday, July 6, 2012

കര്‍മ്മയോഗി

വി.കെ പ്രകാശ് സംവിധാനം ചെയ്ത്  ഇന്ദ്രജിത്ത്, തലൈവാസല്‍ വിജയ്‌, പദ്മിനി കോലാപുരി, നിത്യാ മേനോന്‍, അശോകന്‍, ഷൈജു കുറുപ്പ്, മണിക്കുട്ടന്‍ എന്നിവര്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ച സിനിമയാണ് കര്‍മയോഗി. ഷേക്സ്പിയറിന്റെ "ഹാംലെറ്റ്" എന്ന നാടകത്തെ അടിസ്ഥാനമാക്കി  ബല്‍റാം മട്ടന്നൂര്‍ ആണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വടക്കന്‍ കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് ഈ കഥ വിവരിക്കുന്നത്. 

ഒരു ദുരന്ത നായകന്‍റെ മുഖച്ഛായ നല്‍കി കൊണ്ടാണ് രുദ്രന്‍ ഗുരുക്കള്‍ (ഇന്ദ്രജിത്ത്) കഥയിലെത്തുന്നത്. യോഗി സമുദായത്തില്‍ പെട്ട രുദ്രന്‍റെ കുടുംബത്തില്‍ ആയോധന കലക്ക് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. യോഗിയായ അച്ഛന്‍റെ മരണവും , മരണ ശേഷം , അച്ഛന്‍റെ അനിയനെ (തലൈവാസല്‍ വിജയ്‌ ) അമ്മ (പദ്മിനി കോലാപുരി) രണ്ടാം വിവാഹം കഴിക്കുന്നതും രുദ്രനെ മാനസികമായി തളര്‍ത്തുന്നു. അച്ഛന്‍ കൊല്ലപ്പെട്ടതാണ് എന്ന വെളിപാട് രുദ്രന് സ്വപ്നത്തില്‍ അച്ഛന്‍ തന്നെ നല്‍കുന്നു. തുടര്‍ന്നങ്ങോട്ട് പ്രതികാര ബുദ്ധിയോടെ നീങ്ങുന്ന രുദ്രനിലൂടെ കഥ കൂടുതല്‍ വികസിക്കുന്നു. 

സങ്കീര്‍ണമായ രീതിയിലുള്ള കഥയും അവതരണവും പ്രേക്ഷകനെ പലയിടങ്ങളിലും മടുപ്പിക്കുന്നുണ്ട്. വസ്ത്രാലങ്കാരത്തിന് സിനിമയില്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല. സംഭാഷണത്തിലും അഭിനയത്തിലും അഭിനേതാക്കള്‍ ഒരു പരിധി വരെ മികവു പുലര്‍ത്തി. തലൈവാസല്‍ , ഇന്ദ്രജിത്ത് , ഷൈജു കുറുപ്പ് എന്നിവരുടെ അഭിനയം കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം. ഇത്തരം പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിലെക്കുള്ള വി .കെ പ്രകാശ് എന്ന സംവിധായകന്‍റെ ചുവടു മാറ്റം അഭിനന്ദനം അര്‍ഹിക്കുന്നു. 

ആകെ മൊത്തം ടോട്ടല്‍ = കണ്ടിരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ് എങ്കിലും വ്യത്യസ്ത ഒരു സിനിമാസ്വാദനം സാധ്യമാണ്. 

* വിധി മാര്‍ക്ക്‌ = 4.5/10 


-pravin-

No comments:

Post a Comment