Saturday, July 7, 2012

പുണ്യം അഹംപുണ്യം അഹം - രാജ് നായര്‍ ആദ്യമായി സംവിധാനം ചെയ്ത കലാമൂല്യമുള്ള ഒരു നല്ല സിനിമ എന്ന് തന്നെ വേണം ഇതിനെ പറയാന്‍. 

പ്രിഥ്വി രാജ് അവതരിപ്പിക്കുന്ന നാരായണന്‍ ഉണ്ണി എന്ന ബ്രാഹ്മിണ കഥാപാത്രം ഒരുപാട് മാനസിക സംഘര്‍ഷങ്ങളില്‍ കൂടിയാണ് പ്രേക്ഷകന് മുന്നിലെത്തുന്നത്. ബ്രാഹ്മിണനും പഴയ കാല കമ്മ്യൂണിസ്റ്റുകാരനുമായിരുന്ന ഉണ്ണിയുടെ അച്ഛൻ താണ ജാതിയില്‍ പെട്ട തന്റെ അമ്മയെ കല്യാണം കഴിച്ച ശേഷം എങ്ങോട്ടോ ഒളിച്ചോടി പോയതായാണ് സിനിമ പറയുന്നത്. ഈ കാരണം കൊണ്ട് അമ്മയും പെങ്ങള്‍മാരും അടങ്ങുന്ന കുടുംബത്തിനുള്ളിലെ അടഞ്ഞു കൂടിയ താമസം ഉണ്ണിയെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്. തനിക്കു പറയാനുള്ള കാര്യങ്ങള്‍ ആരും കേള്‍ക്കാന്‍ തയാറാകുന്നില്ല എന്ന തോന്നലുകള്‍ ശക്തമായി തുടങ്ങുന്ന ഒരു ദിവസം അയാള്‍ വീട് വിട്ടിറങ്ങുന്നു. അമ്മയുടെ ജന്മസ്ഥലമായ കുട്ടനാടിലേക്ക് ആയിരുന്നു ആദ്യ യാത്ര. തന്‍റെ വ്യക്തിത്വം തേടിയുള്ള അന്വേഷണത്തില്‍ അയാള്‍ പുതിയത് പലതും കാണുന്നു. തിരിച്ചറിയുന്നു.തനിക്കു കിട്ടിയ വേഷം വളരെ നന്നായി തന്നെ അവതരിപ്പിക്കാൻ പ്രിഥ്വി രാജിന് സാധിച്ചിട്ടുണ്ട്. അത് പോലെ എല്ലാ അഭിനേതാക്കളും അവരവരുടെ വേഷം മികവുറ്റതായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഒറ്റപ്പാലന്‍ ഭാഷയിലുള്ള നായകന്‍റെ സംസാര ശൈലി ഒരു പരിധിക്കപ്പുറം ഭംഗിയാക്കാൻ പ്രിഥ്വി രാജിന് സാധിച്ചോ എന്ന കാര്യത്തിൽ തർക്കം ഉണ്ടായിരിക്കാൻ വഴിയുണ്ട്. സംവൃതാ സുനില്‍, കെ പി എ സി ലളിത, നെടുമുടി വേണു, നിഷാന്ത് സാഗര്‍, ഗോപകുമാര്‍ എന്നിവരാണ് ഈ സിനിമയിലെ മറ്റ് സഹ അഭിനേതാക്കള്‍.

പുതുമയാർന്ന ബിംബാത്മകതയിലൂടെ കഥാപാത്രങ്ങളെയും അവരുടെ സാഹചര്യത്തെയും സിനിമയില്‍ അതിമനോഹരമായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ അവതരണങ്ങളില്‍ വരെ അത് നമുക്ക് കാണാവുന്നതാണ്. നാരായണത്തു ഭ്രാന്തന്‍, വരരുചി , പഞ്ചമി തുടങ്ങീ പുരാണ കഥാപാത്രങ്ങളുടെ ഒരു സ്വാധീനം ഈ സിനിമയില്‍ വല്ലാതെ കാണാന്‍ സാധിക്കും. 

കഥയുടെ അവസാനത്തെ കുറച്ചു രംഗങ്ങള്‍ മാത്രമാണ് സംവിധായകന്‍ പ്രേക്ഷകനെ മുഷിപ്പിക്കുന്ന രീതിയില്‍ ചെയ്തിരിക്കുന്നത്. അത് നമുക്ക് ഒരു സംവിധായകന്റെ ആദ്യ സിനിമ എന്ന നിലയില്‍ പൊറുക്കാവുന്നതാണ്. 

ആകെ മൊത്തം ടോട്ടല്‍ = നല്ല സിനിമ.


* വിധി മാര്‍ക്ക്‌ = 7/10 
-pravin-

3 comments:

 1. പുണ്യം അഹം കണ്ടിട്ടില്ല ..... ഇത്രേം മാര്‍ക്ക് കിട്ടിയ പടമാണെങ്കില്‍ ഒന്ന് കാണേണ്ടതാണ് ... വിവരണം നന്നായി ആശംസകള്‍ പ്രവീണ്‍ ജീ :)

  ReplyDelete
 2. പല തവണ ഈ സിനിമ കണ്ടു ,പക്ഷെ ഒന്നുകില്‍ ആദ്യ ഭാഗം അല്ലെങ്കില്‍ അവസാന ഭാഗം ..മുഴുവനായി കാണാന്‍ കഴിഞ്ഞില്ല .കണ്ട അത്രയും വച്ചിട്ട് ഒരു ആര്‍ട്ട് ഫിലിം പോലെ തോന്നി .എപ്പോഴെങ്കിലും കാണണം മുഴുവന്‍ ആയിട്ട് .

  ReplyDelete
  Replies
  1. ങേ അങ്ങിനെയാണോ സിനിമ കാണുന്നത് ? ഒറ്റയിരുപ്പിനു കാണാതെ പകുതി പകുതി കാണുമ്പോള്‍ സിനിമയുടെ ആത്മാവിനെ ഒരു പക്ഷെ നമ്മള്‍ അറിയാതെ പോകും ..

   ഈ സിനിമയില്‍ ജീവിക്കുന്ന ഒരുപാട് ബിംബങ്ങള്‍ ഉണ്ട്. അതിനെ കേന്ദ്രീകരിച്ചാണ് കഥ പറഞ്ഞു പോകുന്നത്. ഒരു സംവിധായകന്റെ ആദ്യ സിനിമ എന്ന നിലയില്‍ തീര്‍ത്തും പ്രോത്സാഹനം അര്‍ഹിക്കുന്ന ഒരു സിനിമയാണ് ഇത്.

   Delete