Sunday, July 8, 2012

സെക്കന്റ്‌ ഷോ


വളരെ വൈകിയാണ് ഈ സിനിമ കണ്ടത്. അതില്‍ നഷ്ടബോധം ഒന്നും തോന്നുന്നില്ല. ആകെ മൊത്തം സിനിമ കണ്ടപ്പോള്‍ ഇഷ്ടമായെങ്കിലും ഒരുപാട് ന്യൂനതകള്‍ എടുത്തു കാണിക്കുന്ന ഒരു സിനിമ എന്നേ പറയാന്‍ സാധിക്കുന്നുള്ളൂ. മമ്മൂട്ടിയുടെ മകന്‍ അഭിനയിച്ച ആദ്യ സിനിമ എന്ന വിശേഷണം തന്നെയാണെന്ന് തോന്നുന്നു ഈ സിനിമയുടെ വിജയത്തിന് വഴി തെളിയിച്ച ആദ്യ ഘടകം. ഈ സിനിമയില്‍ അഭിനയത്തില്‍ തന്റേതായ മികവു കാണിച്ച ഒരേ ഒരു നടന്‍, കുരുടി എന്ന കഥാപത്രം അവതരിപ്പിച്ച സണ്ണി വെയ്ൻ  മാത്രമാണ്. ദുല്ഖര്‍ സല്‍മാന്‍ ഒരു പരിധി വരെ മാത്രമേ അഭിനയ മികവു പുലര്‍ത്തിയുള്ളൂ . 




സിനിമയുടെ കഥയില്‍ അങ്ങിങ്ങായി മാത്രമേ നല്ല രംഗങ്ങള്‍ പോലും കടന്നു വരുന്നുള്ളൂ, പല ഭാഗങ്ങളിലും കോമഡിയും കഥയും കൂടിക്കുഴഞ്ഞു ചക്കപ്പായസം പോലെയായി. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സിനിമയിലെ പല സ്ഥലങ്ങളിലും ഒരു പുതുമുഖം എന്ന നിലയില്‍ നോക്കി നില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുക. ശ്രീനാഥ് ഒരിത്തിരി കൂടി കാര്യഗൌരവത്തോടെ ഈ കഥയെ ആവിഷക്കരിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നമുക്കെല്ലാവര്‍ക്കും എന്നും ഓര്‍ക്കാനുള്ള നല്ല സിനിമകളുടെ കൂട്ടത്തില്‍ ഇതും പെടുമായിരുന്നു. 



തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ അവര്‍ പോലും അറിയാതെ കൊട്ടേഷന്‍ സംഘമായി മാറുന്ന കഥ പുതുമ നഷ്ടപെട്ട ഒന്നാണ്. ഇതേ പ്രമേയം തന്നെയാണ് സുബ്രഹ്മണ്യപുരത്തിലും മറ്റ് ചില മലയാള സിനിമകളിലും ഇതിനു മുന്നേ കാണിച്ചിരിക്കുന്നത്. ആ സ്ഥിതിക്ക് ഇത്തരം ഒരു പ്രമേയം കൈയ്യില്‍ കിട്ടുമ്പോള്‍ സംവിധായകന്‍ പ്രേക്ഷകന് വേറൊരു വ്യത്യസ്ത കാഴ്ചാനുഭവം സൃഷ്ടിക്കാന്‍ പരിശ്രമിക്കെണ്ടിയിരുന്നു. 



സിനിമയുടെ ആദ്യഭാഗവും അവസാന ഭാഗവും വളരെ നല്ല മികവു പുലര്‍ത്തി എന്നത് ശ്രദ്ധേയവും പ്രശംസനീയവും ആണ്. അവിടെയെല്ലാം ശ്രീനാഥ് എന്ന സംവിധായകന് ഭാവിയില്‍ മലയാള സിനിമയില്‍ തന്റേതായ സിംഹാസനം ഉണ്ടാകും എന്ന് ഉറപ്പ് തോന്നിക്കുന്നതായിരുന്നു. 

ആകെ മൊത്തം ടോട്ടല്‍ = കണ്ടിരിക്കാവുന്ന ഒരു സിനിമ . 

*വിധി മാര്‍ക്ക്‌ = 6/10 
-pravin-

No comments:

Post a Comment