Tuesday, July 10, 2012

ഓര്‍ഡിനറി



നവാഗതനായ സുഗീത് രചനയും സംവിധാനവും വഹിച്ച് ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ , ആസിഫ് അലി, ആന്‍ അഗസ്റ്റിന്‍, ശ്രിത ശിവദാസ് എന്നിവര്‍ അഭിനയിച്ച സിനിമയാണ് ഓര്‍ഡിനറി. 

പത്തനം തിട്ടയില്‍ നിന്ന് ഗവി വരെ ദിവസവും ഓരോ യാത്ര മാത്രം പോകുന്ന K.S.R.T.C ബസിലെ ഡ്രൈവറും കണ്ടക്ടരുമാണ് സുകുവും (ബിജു മേനോന്‍ ), ഇരവിയും (കുഞ്ചാക്കോ ബോബന്‍). ഈ ദിവസ യാത്രക്കിടയിലെ, യാത്രക്കാരുമായുള്ള ഇവരുടെ അടുത്ത പരിചയവും  ഗവി ഗ്രാമത്തിലെ വിശേഷങ്ങളുമാണ് സിനിമയില്‍ പ്രധാനമായും പങ്കു  വക്കുന്നത്. ഒരുപാട് നര്‍മ മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയിലൂടെ പങ്കു വക്കപ്പെടുന്നു. അവിചാരിതമായി നടക്കുന്ന ഒരു കൊലപാതകത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുന്ന സുകുവും ഇരവിയും കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്നു. ഗ്രാമത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഇവര്‍ക്ക് നേരെ തിരിയുന്നു. തുടര്‍ന്നങ്ങോട്ട് ആകാംക്ഷ നില നിര്‍ത്തി കൊണ്ട് തന്നെ വളരെ നല്ല  രീതിയില്‍ കഥ പറഞ്ഞു പോയിരിക്കുന്നു. 

ഫൈസല്‍ അലിയുടെ cinematography വളരെയധികം മികവു പുലര്‍ത്തിയിരിക്കുന്നു. അത് പോലെ തന്നെ ഗ്രാമീണ മനോഹരിതയില്‍ ചിത്രീകരിച്ച പാട്ടുകളും ശ്രദ്ധേയമാണ്. ആദ്യ സിനിമയായിട്ടും, സംവിധായകന്‍ എവിടെയും പതറാതെ തന്നെ തന്‍റെ കടമ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. സിനിമയിലെ ഒരു പ്രധാന പോരായ്മ ആസിഫ് അലിയുടെ അഭിനയം ആണെന്ന് പറയേണ്ടി വരും. അവസാന രംഗങ്ങളില്‍ അല്ലറ ചില്ലറ പോരായ്മകള്‍ എടുത്തു കാണിക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ആസിഫ് അലിയുടെ കഥാപാത്രം. ആ കഥാപാത്ര സൃഷ്ടിയില്‍ തന്നെ ചില ന്യൂനതകള്‍ ഉണ്ടെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണ് അവസാന രംഗങ്ങള്‍. 

മേല്‍പ്പറഞ്ഞ കാര്യം ഒരു വലിയ പോരായ്മ അല്ലായെന്നിരിക്കെ ഓര്‍ഡിനറി ഒരു നല്ല സിനിമയെന്ന് തന്നെ പറയാം. 

*വിധി മാര്‍ക്ക്‌ = 7/10 
-pravin- 

No comments:

Post a Comment