Wednesday, July 11, 2012

ധോണി

പ്രകാശ് രാജ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഈ തമിള്‍ സിനിമ ഈ അടുത്താണ് കാണുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ ധോനിയുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ഒരു സിനിമ തന്നെയാണിത്. മികച്ച ഒരു സിനിമ എന്നൊന്നും അവകാശപ്പെടാന്‍ പറ്റില്ല എങ്കിലും സാമാന്യം ഭേദപ്പെട്ട അല്ലെങ്കില്‍ വലിയ കുറ്റം പറയാതെ തന്നെ കണ്ടിരിക്കാവുന്ന ഒരു സിനിമ. ആ അര്‍ത്ഥത്തില്‍ ഒരു നല്ല സിനിമ കണ്ടെന്നും പറയാം. 


പ്രകാശ് രാജ് തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ വിഭാര്യനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് നായകന്‍. സര്‍ക്കാര്‍ ജോലിക്കാരന്‍ ആണെങ്കിലും കുടുംബം നോക്കാനും മക്കളുടെ പഠനച്ചിലവിനും വേണ്ടി അയാള്‍ മറ്റ് ചില ചെറിയ വരുമാന മാര്‍ഗങ്ങളും കൂടി കണ്ടെത്തിയിരുന്നു. മൂത്ത മകനാകട്ടെ , സദാ സമയവും ധോനിയെയും ക്രിക്കറ്റ്‌ കളിയേയും മാത്രം സ്വപ്നം കണ്ടു നടക്കുന്നു. പഠിത്തത്തില്‍ പിന്നിലാകുന്ന മകനെ പല തവണ അച്ഛന്‍ ശാസിക്കുന്നു. പിന്നെ ഗന്ത്യന്തരമില്ലാതെ ഒരു തവണ ദ്വേഷ്യം വന്ന് അടിക്കുന്നതിനിടയില്‍ തലയില്‍ സാരമായി പരുക്കേല്‍ക്കുകയും മകന്‍ കോമയില്‍ ആകുകയും ചെയ്യുന്നു. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ മകന്റെ കഴിവില്‍ അച്ഛന്‍ അഭിമാനം കൊള്ളുകയും പഴയ ആരോഗ്യ സ്ഥിതിയിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. നാടകീയവും യാദൃശ്ചികവുമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് കഥാവസാനം മകന്‍ പഴയ രീതിയില്‍ തിരിച്ചെത്തുകയും ക്രിക്കറ്റ്‌ കളിക്കാരനായി തുടരുകയും ചെയ്യുന്നതോട് കൂടി സിനിമ കഴിയുന്നു. ഈ പറയുന്ന രംഗങ്ങളില്‍ എല്ലാം പ്രേക്ഷകന് ചിലപ്പോള്‍ സംവിധായകനുമായി ഒത്തു പോകാന്‍ സാധിച്ചെന്നു വരില്ല. ഇടക്കുള്ള രംഗങ്ങളില്‍ സംവിധായകന്‍ സാമൂഹ്യ പ്രസക്തിയുള്ള ചില വിഷയങ്ങള്‍ (ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം) ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സിനിമയില്‍ എന്തോ അത് ഒരു അധിക പറ്റായോ എന്ന ഒരു സംശയം ഇല്ലാതില്ല. കഥയില്‍ നായികക്ക് അത്ര വലിയ പ്രാധാന്യം ഇല്ല എന്നത് നമുക്ക് മറക്കാം. പ്രകാശ് രാജ് പണം മുടക്കി സംവിധാനം ചെയ്ത ഈ സിനിമ ഒരു എടുത്തു ചാട്ടമായിരുന്നോ ? നിങ്ങള്‍ കണ്ട ശേഷം പറയൂ..
ആകെ മൊത്തം ടോട്ടല്‍ = ആദ്യ പകുതി നല്ല രീതിയില്‍ പോയിരിക്കുന്നു. അവസാന ഭാഗങ്ങള്‍ അതിശയോക്തിയില്‍ കെട്ടിപ്പടുത്ത് ഉണ്ടാക്കിയതിനാല്‍ കണ്ടിരിക്കുമ്പോള്‍ അല്പം വിരസത തോന്നും എന്നതൊഴിച്ചാല്‍ ഒരു ആവറേജ് പടം എന്ന്  സിനിമയെ. വിലയിരുത്താം 

*വിധി മാര്‍ക്ക്‌ = 6/10 

-pravin-

2 comments:

 1. പ്രവീണ്‍ .ധോണി എന്ന ഫിലിം ഒരിക്കല്‍ തുടങ്ങി വെച്ചു ..ബാക്കി കാണാന്‍ മറന്നു പോയ ഒരു ഫിലിം ആയിരുന്നു .നിന്‍റെ കുറിപ്പ് കണ്ടതിനു ശേഷം എനിക്ക് ഓര്‍മ വരികയും ധോണി കാണുകയും ചെയ്തു ,ആദ്യം ഓര്‍മിപ്പിച്ചതിനു നന്ദി .ഒരു നല്ല സിനിമ ഞാന്‍ കണ്ടു .
  ഈ സിനിമ ഒരു മികച്ച സിനിമയല്ല എന്നെഴുതി കണ്ടു.ഇതൊന്നും നല്ല സിനിമയല്ലെങ്കില്‍ പിന്നെ ഏതാണ് നല്ല സിനിമ .
  എല്ലാ മാതാ പിതാക്കളും തീര്‍ച്ചയായും കണ്ടിരികേണ്ട ഒരു സിനിമയാണ് ഇത്
  നമ്മുടെ തെറ്റായ വിദ്യാഭ്യാസ രീതി പൊളിച്ചു എഴുതേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്ന് ദൈര്യ പൂര്‍വ്വം വിളിച്ചു പറയാന്‍ പ്രകാശ്‌ രാജിന് കഴിഞ്ഞിരിക്കുന്നു .പ്രകാശ്‌ രാജ് ഒരു പാട് അഭിനന്ദനം അര്‍ഹിക്കുന്നു .സിനിമയോടും അത് കണുന്നവനോടും നീതി പുലര്‍ത്തിയ ഒരു സിനിമയായിരുന്നു ധോണി .ഓരോ ഷോട്ടിലും മനുഷ്യന് പടികേണ്ട എത്ര കാര്യങ്ങള്‍ സത്യമായി കാണിച്ചു തന്നു ,താങ്കള്‍ ഈ സിനിമ ഒന്ന് കൂടി കാണണം .പ്രകാശ്‌ രാജും മറ്റു താരങ്ങളും അഭിനയിക്കുക യല്ല ഈ ചിത്രത്തില്‍ ജീവിക്കുകയാണ് ചെയ്യുന്നത് .അതൊന്നും നിങ്ങള്‍ കാണാതെ പോയി .അത് പോലെ പകുതിക്ക് ശേഷം ഫിലിം മനുഷ്യന് ഇങ്ങിനെ ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ല എന്ന് പ്രവീണ്‍ എഴുതി .നമ്മള്‍ അനുബവിക്കാത്തതും ,കാണാത്തതും മായ കാര്യങ്ങള്‍ എന്തൊക്കെ സംഭവിക്കുന്നു . അതൊന്നും യഥാര്‍ത്ഥമല്ലെ .എന്‍റെ അഭിപ്രായത്തില്‍ ഒരു സീന്‍ പോലും അനാവിശ്യമായി അതിലില്ല .തമിള്‍ ,കന്നഡ.തെലുങ്ക് ,ഹിന്ദി ,ഇംഗ്ലീഷ് ,മലയാളം എന്നീ
  ഭാഷകളില്‍ ഉള്ള സിനിമകള്‍ ഞാന്‍ കാണാന്‍ ശ്രമിക്കാറുണ്ട് .അതില്‍ ഇന്ത്യന്‍ സിനിമയില്‍ തമിള്‍ സിനിമ ലോകം കാണിക്കുന്ന ആത്മാര്‍ത്ഥത ,മറ്റൊരു ഭാഷ സിനിമയും കാണിക്കാറില്ല .താങ്കള്‍ തമിള്‍ സിനിമയെ കുറിച്ച് എഴുതുപോള്‍ തമിഴരുടെ സംസ്കാരവും ചരിത്രവും കാഴ്ച പാടും അല്പം കൂടി റഫര്‍ ചെയ്യേണ്ടതുണ്ട് .താങ്കള്‍ തന്നെ പറയുന്നു സാമൂഹ്യ പ്രസക്തിയുള്ള ഒരുപാട് കാര്യങ്ങള്‍ ചൂണ്ടി കാണിച്ചു എന്ന് ,എന്നിട്ട് നിങ്ങള്‍ പറയുന്നു ഒരു എടുത്തു ചാട്ടമായിരുന്നു എന്നും .താങ്കള്‍ക്ക് ഒരു നിലപാടില്‍ എത്താന്‍ കഴിഞ്ഞില്ല .ഞാന്‍ നൂറില്‍ തൊണ്ണൂറു മാര്‍ക്ക് നല്‍കുന്നു .ഒരു അച്ഛനായ എന്നെ ഏറെ ചിന്തിപ്പിച്ചു ഈ സിനിമ
  താങ്കള്‍ മാര്‍ക്ക് ഇടുമ്പോള്‍ നൂറില്‍ ഇട്ടു കൂടെ ...................................... ആശംസകള്‍

  ReplyDelete
  Replies
  1. ലാലി , വിശദമായ അഭിപ്രായത്തിനും വിവരണത്തിനും വളരെ നന്ദി. സിനിമ കാണുമ്പോള്‍ ഒരു പ്രേക്ഷകന് കിട്ടുന്ന ആസ്വാദനം പലര്‍ക്കും പല രീതിയിലാണ് എന്നത് കൊണ്ടാണ് ഇവിടെ എനിക്കും താങ്കള്‍ക്കും വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ടായത്.

   ഈ സിനിമയില്‍ സാമൂഹ്യ പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു എന്നത് ഞാനും അംഗീകരിച്ച കാര്യമാണ്. നല്ല സിനിമയും മികച്ച സിനിമയും തമ്മില്‍ വ്യത്യാസമുണ്ട് ട്ടോ.

   ഈ സിനിമയിലെ കഥ തിരക്കഥ സംവിധാനം ചെയ്ത പ്രാകാഷ് രാജിന് സിനിമയെ പൂര്‍ണതയിലെക്കെത്തിക്കാന്‍ സാധിച്ചിട്ടില്ല. സസൂക്ഷ്മം ശ്രദ്ധിച്ചു നോക്കുക. അവസാന രംഗത്തിലെക്കെത്തിക്കാന്‍ ഒരു വല്ലാത്ത ധൃതി ഓരോ ഷോട്ടുകളിലും പ്രകടമാണ്. അത് കാരണമ കൊണ്ട് തന്നെയായിരിക്കാം, അല്‍പ്പം അതിശയോക്തി കലര്‍ന്ന സീനുകള്‍ക്ക് പിന്നാലെ അദ്ദേഹം പോയത് . അതാണ്‌ ഞാന്‍ അങ്ങനെ എഴുതിയത്. ഒന്ന് കൂടി സമയമെടുത്തു കൊണ്ട് ആ സീനുകള്‍ പൊളിച്ചു എഴുതാന്‍ തരത്തില്‍ അദ്ദേഹം തുനിഞ്ഞിരുന്നെങ്കില്‍ ഈ ചിത്രം താങ്കള്‍ പറയും പോലെ വളരെ മികവുറ്റ ഒരു സിനിമയാകുമായിരുന്നു. ആ അര്‍ത്ഥത്തിലാണ് അദ്ദേഹം എടുത്തു ചാടിയോ എന്ന ഒരു സംശയം എനിക്കുണ്ടായത് പോലും.

   പ്രകാശ് രാജ് കഴിവുള്ള ആളാണെന്ന് ഇതിനു മുന്നേ പല തരത്തിലും തെളിയിച്ചിട്ടുണ്ട്. ഇക്കുറി സംവിധാനത്തിലും എഴുത്തിലും കൂടി അത് തെളിയിച്ചു എന്നതില്‍ സംശയമില്ല.

   ലാലി പറഞ്ഞ ഒരു കാര്യം കൂടി ഞാന്‍ അംഗീകരിക്കുന്നു. ഏറ്റവും ആത്മാര്‍ത്ഥമായ് സിനിമ സംവിധാനം ചെയ്യുന്നവരാണ് തമിഴര്‍..,. അത് ഒരു പക്ഷം മാത്രം, ഇതേ തമിഴര്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ അതിശയോക്തി കലര്‍ന്ന സിനിമകളെ സ്നേഹിക്കുന്നവരും സ്വീകരിക്കുന്നവരും.

   തമിഴ് സിനിമകള്‍ കാണുമ്പോള്‍ ആ സിനിമയില്‍ പ്രതിപാദിക്കുന്ന സാമൂഹിക സാംസ്കാരിക കഥാ പശ്ചാത്തലം ഞാന്‍ നിരീക്ഷിക്കാറുണ്ട്. റഫര്‍ ചെയ്യാറില്ല. ആ നിര്‍ദ്ദേശം ഞാന്‍ മാനിക്കുന്നു.

   എന്‍റെ നിലപാടുകള്‍ ശരിയാണ് എന്ന് വാദിക്കാന്‍ ഞാനില്ല, അതെ സമയം ഇപ്പോള്‍ എഴുതിയതാണ് എന്‍റെ നിലപാടുകള്‍.,. എന്തായാലും താങ്കളുടെ നിര്‍ദ്ദേശം മാനിച്ചു കൊണ്ട് ഈ സിനിമ ഒരു തവണ കൂടി ഞാന്‍ കാണുന്നതായിരിക്കും .

   നന്ദി ലാലി.

   Delete