Saturday, July 7, 2012

വെള്ളരിപ്രാവിന്റെ ചങ്ങാതി


അടുത്ത കാലത്താണ് ഈ സിനിമ കാണുന്നത്. റിലീസ് ആയ സമയത്ത് തീയേറ്ററില്‍ പോയി കാണാന്‍ പറ്റിയില്ല എന്നോര്‍ക്കുമ്പോള്‍ ഖേദം തോന്നുന്നു. അത്രക്കും ഇഷ്ടമായി ഈ സിനിമ. 

വളരെ കാലത്തിനു ശേഷം മനസ്സില്‍ തങ്ങുന്ന ഒരു സിനിമ കണ്ട പ്രതീതി. അവതരണവും സംഭാഷണ ശകലങ്ങളും അത്രക്കും ഹൃദ്യമായിരുന്നു. സിനിമയുടെ തുടക്കത്തില്‍ തന്നെ സിനിമയിലെ ആനുകാലിക പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്ന ഒരു രംഗമുണ്ട് , അത് സിനിമയെ സ്നേഹിക്കുന്നവര്‍ ഒന്നടങ്കം ശരി വയ്ക്കുന്ന തരത്തിലായിരുന്നു. സിനിമയില്‍ ഒരിടത്ത് പോലും അതിഭാവകത്വം എനിക്കനുഭവപ്പെട്ടില്ല. മറ്റൊരു എടുത്തു പറയേണ്ട കാര്യം ഇതിലെ നായക സങ്കല്‍പ്പമാണ്. ആരെ വേണമെങ്കിലും പ്രേക്ഷകന് നായകനായി പറയാം എന്ന തരത്തില്‍ എല്ലാവരും മതി മറന്നു അഭിനയിച്ചിരിക്കുന്നു. ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ പോലും നമ്മുടെ കണ്ണ് നനയിക്കുന്ന സംഭാഷണങ്ങളില്‍ കൂടി അതിശയിപ്പിക്കുന്ന തരത്തില്‍ അഭിനയിച്ചിരിക്കുന്നു. മണിയന്‍ പിള്ള രാജു ചെയ്ത വേഷം അതിനു ഒരുത്തമ ഉദാഹരണമാണ്. 

ദിലീപ് ഇത് വരെ ചെയ്ത വേഷങ്ങളില്‍ മികച്ച അഭിനയം കാഴ്ച വച്ച ഒരു സിനിമയായിരുന്നു ഇത്. സ്ഥിരം വളിപ്പ് തമാശ രംഗങ്ങള്‍ പാടെ ഒഴിവാക്കി കൊണ്ട് ദിലീപ് വളരെ തന്മയത്വത്തോടെ തനിക്കു കിട്ടിയ കഥാപാത്രം അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. മനോജ്‌ കെ ജയന്‍ , ഇന്ദ്രജിത്ത് , കാവ്യ മാധവന്‍, സായ് കുമാര്‍, മാമുക്കോയ തുടങ്ങീ എല്ലാവരും അത് പോലെ പ്രശംസനീയമായ അഭിനയം തന്നെ കാഴ്ച വച്ചു. പാട്ടുകളും, കഥാ പശ്ചാത്തലവും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഈ അടുത്തിടെ  പഴയ കാലങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ പല സിനിമകളും കലാമൂല്യത്തിന്റെയും ദൃശ്യ ചാരുതയുടെ പ്രസക്തി പങ്കു വക്കുന്നതിലും പിറകോട്ടായിരുന്നുവെങ്കിലും  ഈ സിനിമയിലൂടെ അക്കു അക്ബര്‍ അത്തരം പോരായ്‌മകളെല്ലാം  തിരുത്തി കുറിച്ചിരിക്കുന്നു. 


അവസാന രംഗങ്ങളില്‍ മാത്രമാണ് ഒരല്‍പം അസ്വാഭാവികത തോന്നി പോയത്. നായകനെ തേടിയുള്ള യാത്രയില്‍ അന്വേഷിയുടെ മുന്നില്‍ നായകന്‍ പെട്ടെന്ന് യാദൃശ്ചികമായി പ്രത്യക്ഷപെടുന്ന രംഗം അതിനു ഒരുദാഹരണം മാത്രം. എങ്കില്‍ പോലും അതൊന്നും സിനിമയുടെ മാറ്റ് കുറക്കുന്നില്ല. 

ആകെ മൊത്തം ടോട്ടല്‍ = വളരെ  നല്ല ഒരു സിനിമ. 

* വിധി മാര്‍ക്ക്‌ = 7.5/10
-pravin-

No comments:

Post a Comment