Wednesday, July 11, 2012

ഭൂമി മലയാളം


ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത്, സുരേഷ് ഗോപി, പത്മ പ്രിയ , സംവൃതാ സുനില്‍, നെടുമുടി വേണു , ലക്ഷ്മി ശര്‍മ , ഇര്‍ഷാദ് തുടങ്ങീ നടീ നടന്മാര്‍ അഭിനയിച്ച സിനിമയാണ് ഭൂമി മലയാളം. 

വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍  നിറഞ്ഞു നില്‍ക്കുന്ന ഒരു വ്യത്യസ്ത ടി. വി ചന്ദ്രന്‍ സിനിമയാണ് ഇത്. കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ സംവിധായകന്‍റെ ഒരു തുറന്ന വീക്ഷണം സിനിമയില്‍ വിസ്തരിക്കപ്പെടുന്നതോടൊപ്പം പഴയ കാല കണ്ണൂര്‍ കമ്മ്യൂണിസ്റ്റ്‌ ചരിത്രവും സിനിമയില്‍ കാണിക്കുന്നു. 

പലപ്പോഴും തന്‍റെ  ഇടതുപക്ഷ ചിന്താഗതികള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാറുള്ള ഒരു സംവിധായകനാണ് ടി. വി ചന്ദ്രന്‍.,. പക്ഷെ , ഈ സിനിമയില്‍ അദ്ദേഹം അത്തരം നിലപാടുകള്‍ സിനിമയില്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും , രാഷ്ട്രീയ കൊലപാതകം എന്ന വിഷയത്തില്‍ തന്‍റെ രാഷ്ട്രീയത്തെ മറന്നു കൊണ്ട് തികച്ചും മാനുഷികമായ വീക്ഷണത്തിനു കൂടുതല്‍ പ്രസക്തി കൊടുക്കുന്നു. ഏത് പാര്‍ട്ടിയില്‍ പെട്ട ആളുകള്‍ കൊല്ലപ്പെട്ടാലും , അത് നഷ്ടപ്പെടുത്തുന്നത് ഒരു കുടുംബത്തിലെ ഒരംഗത്തെ അല്ലെങ്കില്‍ പ്രതീക്ഷകളും ആഗ്രഹങ്ങളും ഉള്ള ഒരു ജീവനെ തന്നെയാണ് എന്ന് സംവിധായകന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. 

സിനിമയില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം  മകന്‍ നഷ്ടപ്പെട്ട അച്ഛനെ പ്രതിനിധീകരിക്കുന്നു. കുടുംബത്തിനു താങ്ങും തണലുമാകേണ്ട മകന്‍ പോലീസുകാരാലാണ് കൊല്ലപ്പെടുന്നത്. അതിനു നഷ്ടപരിഹാരം കൊടുക്കാമെന്നു പറയുന്ന മന്ത്രി സഭ , പിന്നീട് വാക്ക് പാലിക്കുന്നില്ല. വൃദ്ധനായ അച്ഛന്‍ സെക്രട്ടറിയേറ്റ് പല തവണ കയറി ഇറങ്ങുന്നുവെങ്കിലും കാര്യങ്ങള്‍ നടക്കുന്നില്ല. ഒരു കവല മുഴുവന്‍ അയാളുടെ നിസ്സഹായ അവസ്ഥയെ പരിഹസിച്ചു ചിരിക്കുന്നതായാണ് സംവിധായകന്‍ കാണിച്ചിരിക്കുന്നത്. 

സുരേഷ് ഗോപി രണ്ടു വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. സഖാവ് അനന്തനായും ടൈലര്‍ നാരായണന്‍ കുട്ടിയായും സുരേഷ് ഗോപി കഥാപാത്രങ്ങളെ അഭിനയ മിതത്വം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. 

സ്ത്രീ അടുക്കളയിലും ഭര്‍ത്താവിന്‍റെ കിടപ്പറയിലും മാത്രം ജീവിക്കാനുള്ള ഒരു ഉപഭോഗ വസ്തുവാണെന്ന് വാദിക്കുന്ന ഭര്‍ത്താക്കന്മാരുടെ പക്ഷത്താണ് ഇര്‍ഷാദ് അവതരിപ്പിക്കുന്ന കഥാപാത്രം. ഒട്ടും വ്യത്യസ്തമല്ല , പത്മപ്രിയ അവതരിപ്പിക്കുന്ന ഫൌസിയ എന്ന media worker ടെ ഗള്‍ഫ് ഭര്‍ത്താവിന്‍റെ കാഴ്ചപ്പാടും. ഈ നിലപാടുകളോട് സ്ത്രീയുടെ ശകതമായ പ്രതികരണവും അതിജീവനവും സിനിമയില്‍ കാണിക്കുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീ ശാക്തീകരണം ആവശ്യമാണ്‌ എന്ന നിലപാട് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള സംവിധായകന്‍റെ ഈ ശ്രമം അഭിനന്ദനീയം , സ്വാഗതാര്‍ഹം . 

 ഇടിച്ചു നിരത്തപ്പെട്ട ഒരു കുന്ന്, ആ കുന്നിലെ ചെറിയ മണ്‍ കൂനകള്‍ക്ക് മുകളില്‍ കയറി നിന്ന് കൊണ്ട് ഓരോ സ്ത്രീക്കും പറയാനുള്ളത് കുറെയധികം വിലാപങ്ങളുടെ കഥ. അതെ , പല കാരണങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്ന ഒരു പറ്റം സ്ത്രീകളുടെ വിലാപമാണ്‌ ഈ സിനിമ. അതിലുമപ്പുറം ഈ സിനിമയെ വിലയിരുത്തുകയാണെങ്കില്‍, സാമൂഹ്യ വിഷയങ്ങളും, മനുഷ്യന്‍റെ വേദനകളും രോദനങ്ങളും ഓരോ കൊച്ചു കഥാപാത്രങ്ങളില്‍ നിറച്ചു കൊണ്ട് പ്രേക്ഷകനെന്ന സമൂഹത്തിനു മുന്നിലേക്ക്‌ തുറന്നു വിട്ടിരിക്കുന്നു എന്നും പറയാം. 

ഇത്തരം വിഷയങ്ങളിലേക്ക് തുടരെ തുടരെ എത്തി നോക്കുകയും വിശകലനം ചെയ്യുകയും, അതിലുമുപരി , ഇത്തരം വിഷയങ്ങളെ  സമൂഹ ശ്രദ്ധയിലേക്ക് പറത്തി വിടുകയും ചെയ്യുന്ന ടി. വി ചന്ദ്രന്‍ എന്ന അതുല്യ പ്രതിഭയെ നോക്കി കൊണ്ട് നമുക്ക് ഇക്കാരണങ്ങളാല്‍ നിസ്സംശയം പറയാവുന്ന ചില വാക്കുകളുണ്ട്. അയാള്‍ ഒരു കലാകാരനാണ് , അയാള്‍ ഒരു സാമൂഹ്യ ജീവിയാണ്, അയാള്‍ ഒരു മനുഷ്യനാണ്. 

ആകെ മൊത്തം ടോട്ടല്‍ = സാമൂഹിക പ്രതിബദ്ധതയും വിഷയങ്ങളും  തുളുമ്പി നില്‍ക്കുന്ന ഒരു നല്ല സിനിമ. 

വിധി മാര്‍ക്ക്‌ = 6.5/10 
-pravin- 

4 comments:

 1. ഇത്തരം നൂറു ചിത്രങ്ങള്‍ ഇറങ്ങിയാലും നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഏറ്റുവാങ്ങാന്‍ ആളുകള്‍ ഉണ്ടാകും എന്നത് തീര്‍ച്ചയാണ്. അതാണ്‌ അതിലേറെ കഷ്ടം.

  നമ്മടെ ഭാഷയില്‍ പറഞ്ഞാല്, ഇനി കാസ്പെര്‍സ്കിയും എ.വി.ജിയും ഒന്നും തലകുത്തി നിന്നാല്‍ പോലും സംഗതി നടക്കില്ല. ഡ്രൈവ് മൊത്തത്തില്‍ അങ്ങ് ഫോര്‍മാറ്റ്‌ ചെയ്താലേ സംഗതി ക്ലീന്‍ ആകൂ. മനസിലായില്ലേ? യേത്???

  ReplyDelete
  Replies
  1. കഷ്ടം തന്നെ എന്ന് പറഞ്ഞു കൊണ്ട് ഒരു നെടുവീര്‍പ്പില്‍ അവസാനിപ്പിക്കാനുള്ള ഒരു വിഷയം കൂടി..

   Delete
 2. ഇടയ്ക്കു ശങ്കരനും മോഹനനും എടുത്തെങ്കിലും ടി വി ചന്ദ്രന്‍ പണി അറിയുന്ന സംവിധായകനാണ്

  ReplyDelete