Thursday, July 12, 2012

ഉസ്താദ് ഹോട്ടല്‍ - സ്വാദിഷ്ടമായ സന്ദേശം വിളമ്പിയ ഹോട്ടല്‍

റസാഖ്‌  (സിദ്ധിഖ്), ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ആണ്‍കുട്ടിയുടെ ബാപ്പയാകുന്നത്. ആ ആണ്‍കുട്ടിയാണ്  ഫൈസി (ദുല്ഖര്‍ സല്‍മാന്‍ ). ചെറുപ്പത്തിലെ, ഉമ്മ മരിച്ചു പോകുന്ന ഫൈസിയെ വളര്‍ത്തുന്നത് അവന്‍റെ നാല് ചേച്ചിമാര്‍ കൂടിയാണ്. ബാപ്പ ഗള്‍ഫില്‍ വലിയ തിരക്കുള്ള ബിസിനസ്സുകാരനായി മാറുകയും, മക്കളെ കൂടെ ഗള്‍ഫിലേക്ക് കൊണ്ട് വരുകയും ചെയ്യുന്നു.  ഒരു വലിയ വീട്ടില്‍ ചേച്ചിമാരുടെ കൂടെ അടുക്കളയില്‍ കളിച്ചു വളരുന്ന, ഫൈസിയുടെ ആഗ്രഹങ്ങള്‍ വളരുന്നത്‌ അതെ വീട്ടിലെ അടുക്കളയില്‍ നിന്നാണ്. ഫൈസി വിദേശത്തു പോയി പഠിച്ചതെല്ലാം വെറും ചെഫ്‌ ആകാനാണ് എന്ന് ബാപ്പ തിരിച്ചറിയുന്ന ദിവസം, ഫൈസിയെ തന്‍റെ വഴിയില്‍ കൊണ്ട് വരാന്‍ ബാപ്പ ശ്രമിക്കുന്നു. ഫൈസിയാകട്ടെ,  ബാപ്പയോട് പറയാതെ വീട് വിട്ടിറങ്ങി  ദൂരെയുള്ള   ഉപ്പൂപ്പയുടെ (തിലകന്‍ ) അടുത്തെത്തുന്നു. ഉസ്താദ് ഹോട്ടല്‍ എന്ന പേരില്‍ ഒരു പഴയ ഹോട്ടല്‍ നടത്തി വരുന്ന ഉപ്പൂപ്പയുമായും, ബാപ്പ പണ്ട് മുതലേ മാനസികമായി പൊരുത്തപ്പെട്ടിരുന്നില്ല എന്നത് ഫൈസിക്ക് ആദ്യമേ അറിയാമായിരുന്നു. തുടര്‍ന്നങ്ങോട്ട് ഫൈസിയുടെ ജീവിതത്തില്‍ നടക്കുന്ന മാറ്റങ്ങള്‍, ഫൈസി മനസിലാക്കുന്ന സത്യങ്ങള്‍, അതിനിടയില്‍ പണ്ട് കല്യാണം ആലോചന വരെ എത്തുകയും, അത് വഴി പരിചയപ്പെടുകയും ചെയ്ത ശഹാന യുമായുള്ള  (നിത്യ മേനോന്‍) നിശബ്ദ  പ്രണയം, നര്‍മം അങ്ങനെ എല്ലാം കൂട്ടിയിണക്കി കൊണ്ട് നല്ല രീതിയില്‍ തന്നെ കഥ പറഞ്ഞു പോകുന്നു. 

തന്‍റെ ആദ്യ സിനിമയില്‍ നിന്നും രണ്ടാമത്തെ സിനിമയിലേക്ക് എത്തിയപ്പോള്‍ ദുല്ഖര്‍ സല്‍മാന്‍ എന്ന നടന്‍ അല്‍പ്പം മെച്ചപ്പെട്ടിരിക്കുന്നു. ഈ സിനിമയിലെ നായകന്‍ തിലകന്‍ തന്നെ എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്‍റെ അഭിനയ മികവ് ഈ സിനിമയിലും പ്രകടമാണ്. മറ്റൊരു എടുത്തു പറയേണ്ട കാര്യം ഗോപി സുന്ദറിന്റെ സംഗീതമാണ്. സിനിമക്കും കഥയ്ക്കും അനുസരിച്ചുള്ള സംഗീതമായിരുന്നു  ഗോപി സുന്ദറിന്റേത്. 

സിനിമയില്‍ ഫൈസിയുടെ കഥാപാത്രം ജീവിതത്തില്‍ തന്‍റേതായ വഴി തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സ്വന്തം ബാപ്പയില്‍ നിന്ന് എതിര്‍പ്പ് നേരിടുന്നത്  പോലെ തന്നെ, കുടുംബത്തിലെ ഇടുങ്ങിയ ചിന്താഗതിക്കാരാല്‍ ശഹാനക്ക്  തന്‍റെ ജീവിതത്തില്‍ കിട്ടേണ്ട സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതായി സിനിമയില്‍ പറയുന്നുണ്ട്. സ്ത്രീക്ക് യഥാര്‍ഥത്തില്‍  കിട്ടേണ്ട സ്വാതന്ത്ര്യം എന്താണെന്ന് സിനിമയില്‍ വിശദീകരിക്കുന്നില്ല. അതിനു പകരം കാണിക്കുന്നത് പര്‍ദ്ദ വേഷത്തില്‍ കറങ്ങാന്‍ പോകുകയും, വേണ്ട സമയത്ത് പര്‍ദ്ദ ഉപേക്ഷിച്ച് ഏത് പാതിരായിലും  സ്വന്തം വീടിന്‍റെ മതില് ചാടി, കള്ള് കുടിച്ചു ബോധം മറയുന്ന ആണ്‍ സുഹൃത്തുക്കളുടെ കൂടെ കലാപരിപാടികള്‍ (ബാന്‍ഡ്) അവതരിപ്പിക്കാന്‍ പോകുന്ന ഒരു പുത്തന്‍ തലമുറയിലെ പെണ്‍മനസിനെയാണ്. ഇത്തരം ഒരു സ്വാതന്ത്ര്യമാണ് യുവ പെണ്‍തലമുറ ആഗ്രഹിക്കുന്നതെന്ന് ആധികാരികമായി ഇവിടെ പ്രസ്താവിച്ചിരിക്കുന്നു. 

ആദ്യ പകുതിക്ക് ശേഷം  സിനിമ അതിന്‍റെ കര്‍ത്തവ്യത്തിലേക്ക് മടങ്ങി വരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. സിനിമ വെറും ഒരു കച്ചവടം മാത്രമാണെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക്‌ കഴിക്കാന്‍ പഴകിയ ഭക്ഷണം വിളമ്പാതെ, സ്വാദിഷ്ടമായ ഒരു ദം ബിരിയാണി നല്‍കുന്നതോടൊപ്പം നല്ലൊരു   സാമൂഹിക സന്ദേശം കൂടി വിളമ്പിയ ഉസ്താദ് ഹോട്ടലിനെ അഭിനന്ദിക്കാതെ വയ്യ

സമൂഹത്തിലേക്കു തുറന്നു പിടിച്ച ക്യാമറയിലൂടെയാണ് സിനിമയിലെ അവസാനത്തെ അര മുക്കാല്‍ മണിക്കൂറുകള്‍ കടന്നു പോകുന്നത്. ഓരോ ആളുകളുടെയും ജീവിതത്തില്‍ അവരുപോലും അറിയാതെ വന്നെത്തുന്ന ചില നിയോഗങ്ങള്‍, ആ നിയോഗങ്ങളാണ്, സത്യത്തില്‍ ജീവിതത്തെ എങ്ങോ എത്തിക്കുന്നത്. സമൂഹത്തിലെ പലതും നമ്മള്‍ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു കൊണ്ട് സുഖമായി ജീവിക്കാന്‍ തീരുമാനിക്കപ്പെട്ടാലും, ചിലപ്പോളൊക്കെ സത്യത്തിലേക്കും യാഥാര്‍ത്ഥ്യത്തിലേക്കും നമുക്ക് മടങ്ങി തന്നെ വരേണ്ടിയിരിക്കും എന്ന മനോഹരമായ സന്ദേശം നല്‍കുന്നതോടൊപ്പം, സമൂഹത്തില്‍ സിനിമ എന്ന കലക്ക്  കിട്ടേണ്ട  പ്രസക്തിയെ  കുറിച്ചും കൂടി ഉസ്താദ് ഹോട്ടല്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. 

ഉപ്പൂപ്പ കൊടുക്കുന്ന സുലൈമാനി ഒരു കാവില്‍ കുടിച്ച  ശേഷം എന്തോ പ്രത്യേകത അനുഭവപ്പെട്ട ഫൈസി ഉപ്പൂപ്പായോടു ചോദിക്കുന്നു 

"ന്താ ഇതില്‍ ങ്ങള് ഇട്ടതു, നല്ല ടേസ്റ്റ്..കറുക പട്ട,...ഗ്രാമ്പൂ..അതോ ഏലമോ...പറ ഉപ്പൂപ്പാ.."

സുലൈമാനി കുടിച്ചു കൊണ്ടിരിക്കുന്ന ഉപ്പൂപ്പ പറയുന്നു.

 " ഹ ..ഹ ..അതൊന്നുമല്ല ...ഞാന്‍ അയില് എന്ത് ഇട്ടു എന്നതിനൊക്കെ അപ്പുറം അനക്ക് അത് കുടിച്ചിട്ട് എന്ത് തോന്നുന്നു എന്നതാണ് കാര്യം ".

അതെ അത് തന്നെയാണ് ഈ സിനിമ കാണുന്ന പ്രേക്ഷകരും മനസിലാക്കേണ്ടത്. നിങ്ങള്‍ക്ക് ഈ സിനിമ കണ്ടിട്ട് എന്ത് തോന്നുന്നോ അതാണ്‌ ഈ സിനിമ. 

ആകെ മൊത്തം ടോട്ടല്‍ =  വലിയൊരു  സന്ദേശമുള്ള കണ്ടിരിക്കാന്‍  പറ്റുന്ന  ഒരു കൊച്ചു സിനിമ. 

* വിധി മാര്‍ക്ക്‌ = 7/10
-pravin-

8 comments:

 1. നല്ല ശ്രമം... ആശംസകൾ

  ReplyDelete
 2. മനുഷ്യന്റെ മണ്ണിന്റെ ചൂടും ചൂരും ഉള്ള സിനിമകള്‍ ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം അല്ലെ ? നന്നായിട്ടുണ്ട് ആശംസകള്‍ .

  ReplyDelete
  Replies
  1. അതെ ..പ്രതീക്ഷിക്കാം.. ഇത് അതിനായുള്ള ഒരു തുടക്കമാകട്ടെ ...

   Delete
 3. ഈ സിനിമ കണ്ടു വന്നു ഞാന്‍ ഫേസ്ബുക്കില്‍ ഇട്ട സ്റ്റാറ്റസ് ഇവിടെയും ഇടുന്നു..

  ഓഫീസിന്നും ഇറങ്ങിയപ്പോ ഊണിന്റെ സമയം കഴിഞ്ഞിരുന്നു.
  അത്യാവശം അത്യാവശ്യം വിശപ്പും ഉണ്ട്.
  അടുത്തുള്ള ഹോട്ടെലില്‍ ഒരു പ്ലേറ്റ് ഷവര്‍മയും പറഞ് ഇരിക്കുമ്പോഴാണ്
  ഒരു കിഴവി "മോനേ ചോറുണ്ടോ ?" എന്നും ചോദിച അവിടേക്ക് കയറിവന്നത്. കാശ്യര്‍ "ബിരിയാണി മാത്രേ ഉള്ളു ല്ലോ അമ്മൂമ്മേ...."
  എന്നും പറഞ്ഞു ആ കിളവിയെ സ്വീകരിച്ച് ഇരുതുന്നത് കണ്ടപ്പോ
  തിരുവനന്തപുരത്തുകാര്‍ ഇത്രേം നല്ലവരോ എന്ന് ഞാന്‍ അന്തം വിട്ടു.


  ആ അമ്മൂമ്മയുടെ കയ്യില്‍ ഒരു ടവലില്‍ ചുരുട്ടി വച്ചിരുന്ന 2-3 പത്തിന്റെ
  നോട്ടുകള്‍ അയാള്‍ക്ക് കൊടുത്തിട്ട് "ഇതിനുള്ളത് തന്നാ മതി എന്റേല്‍ ഇത്രേ ഉള്ളൂ" എന്ന് പറഞ്ഞു അവര്‍/.....,


  അയാള്‍ അതു വാങ്ങി നിവര്‍ത്തി, എന്നിട്ട നന്നായി മടക്കി അവരുടെ കയ്യില്‍ തന്നെ വച്ചുകൊടുക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി ഇരുന്നു.


  അതിനിടക്ക് എന്റെ ഷവര്‍മ വന്നെങ്കിലും ഞാന്‍ അത് തൊടാന്‍ തന്നെ മറന്നു പോയി.


  "ഉസ്താദ്‌ ഹോട്ടല്‍ കണ്ടശേഷം ഇവരെ ഒക്കെ കാണുമ്പോ ഒരു വല്ലാത്ത ഫീലിങ്ങ്സ്‌ ആണെന്ന് അവന്‍ തന്റെ കൂട്ടുകാരനോട്‌ പറഞ്ഞത് കേട്ടപ്പോ....
  എങ്കില്‍ ആ പടം എനിക്കും ഒന്ന് കാണണമല്ലോ എന്ന് ഞാനും കരുതി.


  കേറി അടുത്ത ഷോയ്ക്ക്.


  സൂപ്പെര്‍ പടം !!!!


  പ്രണയത്തിന്റെയും തട്ടതിന്റെയും പേരില്‍ 100 കണക്കിന് പോസ്റ്റുകള്‍ ഇട്ട എന്റെ കൂട്ടുകാര്‍ , വിശക്കുന്നവനു ഭക്ഷണം കൊടുക്കണമെന്ന് പറയുന്ന ഇ പടത്തെ അത്രക്ക് ചര്ച്ചചെയ്തില്ലല്ലോ എന്നൊരു ചെറിയ സങ്കടം മാത്രം...!!!!

  ReplyDelete
  Replies
  1. ഈ അഭിപ്രായത്തിലും വായനയിലും ഉപരി , താങ്കളുടെ ഈ കുറിപ്പ് ആണ് എനിക്ക് ഏറെ ഇഷ്ടമായത്. താങ്കളെ പോലെ ഈ സിനിമ പലര്‍ക്കും അത്തരം ഒരു ചിന്ത ഉണര്‍ത്താന്‍ പ്രേരകമായി എങ്കില്‍ അത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും...

   ഒരു കലാകാരന്‍ ഒരു കലയിലൂടെ ഉദ്ദേശിക്കുന്നത് വെറും സമായം കൊല്ലി മാത്രമായ ആസ്വാദനം ആകരുത് സമൂഹവുമായി സംവദിക്കാനും അല്‍പ്പം നല്ല ചിന്തകളും കൂടി സമ്മാനിക്കുക എന്നത് കൂടി ആകണം. അന്‍വര്‍ റഷീദ് ബ്രിഡ്ജ് എന്ന സിനിമയിലും ഉസ്താദ് ഹോട്ടലിലും മനോഹരമായി ആ കടമ നിറവേറ്റിയിരിക്കുന്നു.

   നന്ദി ..

   Delete
 4. pravin thaangal e movieye kuriche ezhuthiya reviewvine marke 100/100

  ReplyDelete