Tuesday, July 10, 2012

നിദ്രയില്‍ നിന്ന് നിദ്രയിലെക്കുള്ള ദൂരത്തില്‍ സംഭവിച്ച മാറ്റങ്ങള്‍



ഭരതന്‍ സംവിധാനം ചെയ്ത പഴയ "നിദ്ര "  , മകന്‍ സിദ്ധാർഥ്  ഭരതന്‍ പുതിയ 'നിദ്ര'യിലേക്ക് മാറ്റിയെടുത്തപ്പോള്‍ അതൊരു വെല്ലു വിളി ഉയര്‍ത്തിയിരുന്നു. അച്ഛനെ വെല്ലാന്‍ മകനാകുമോ എന്ന് പ്രേക്ഷകര്‍ ഉറ്റു നോക്കിയെന്നത് സത്യം. ആ പ്രതീക്ഷ വെറുതെയായില്ല. ആദ്യ സിനിമ സംവിധാനം ചെയ്തതിനോടൊപ്പം  അതിലെ നായക വേഷവും ഏറെക്കുറെ ഭംഗിയായി തന്നെ സിദ്ധാർഥ് നിര്‍വഹിച്ചിരിക്കുന്നു എന്ന് പറയാം.

പഴയ പതിപ്പില്‍ നായക വേഷം ചെയ്ത വിജയ്‌ മേനോന്‍ രൂപം കൊണ്ട് തന്നെ കഥാപാത്രത്തെ തനിക്കു അനുയോജ്യമാക്കിയിരുന്നു. പുതിയ പതിപ്പിൽ സിദ്ധാർഥ്  നായക വേഷത്തില്‍ എത്തുമ്പോൾ , കൈകാര്യം ചെയ്യാന്‍ പോകുന്ന വേഷം അനുയോജ്യമായോ എന്ന കാര്യത്തില്‍ അല്‍പ്പം ശങ്ക ഉണ്ടായേക്കാം. പക്ഷെ  ആദ്യ രംഗങ്ങളിലെ പ്രകടനത്തിൽ ഒരിത്തിരി പോരായ്മ എടുത്തു കാണിച്ചെങ്കിലും പിന്നീടുള്ള രംഗങ്ങളില്‍ അത് മറി കടന്ന് നല്ല പ്രകടനത്തിലേക്ക്  തിരിച്ചു വരുന്നതിൽ  സിദ്ധാർഥ് വിജയിച്ചു. അത് കൊണ്ട് തന്നെ   പ്രേക്ഷകനും മെല്ലെ മെല്ലെ  സിനിമയോട് അടുക്കാന്‍ തുടങ്ങും. 

കാലഘട്ടങ്ങളുടെ മാറ്റം പഴയ സിനിമയിലും പുതിയ സിനിമയിലും വളരെയധികം പ്രകടമാണ്. പഴയ  സിനിമയില്‍ സിനിമ തുടങ്ങുന്നത് നായകന്റെയും നായികയുടെയും കുടുംബ പശ്ചാത്തലം ഇട കലര്‍ത്തി കാണിച്ചു കൊണ്ടാണ്. പക്ഷെ പുതിയ സിനിമയില്‍ നായകന്‍റെ മനോവിഭ്രാന്തിയെ സൂചിപ്പിക്കുന്ന ഒരു രംഗത്തിലൂടെയാണ്‌ തുടക്കം. പഴയ സിനിമയില്‍ നായകന് വ്യക്തമായ മനോരോഗ പശ്ചാത്തലവും  അസുഖം പ്രകടമാകുന്ന സാഹചര്യങ്ങളും ഉണ്ടെങ്കില്‍ പുതിയ പതിപ്പില്‍ നായകന്‍ അസുഖത്തിന്‍റെ പേരില്‍ മറ്റുള്ളവരാല്‍ തുടരെ തുടരെ ക്രൂശിക്കപ്പെടുകയും സ്വന്തം   കുടുംബത്തില്‍ വരെ ഒറ്റപ്പെട്ടു പോകുന്ന ദുരവസ്ഥയെയുമാണ് കൂടുതല്‍ എടുത്തു കാണിക്കുന്നത്. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍  രംഗങ്ങള്‍ക്ക് കുറച്ചു കൂടി വ്യക്തത സംവിധായകന്‍ പുതിയ സിനിമയില്‍ ചാര്‍ത്തിയിരിക്കുന്നു. 

ആകെ മൊത്തം ടോട്ടല്‍ = പഴയ സിനിമയില്‍ നിന്ന് പുതിയ സിനിമയിലേക്ക് മാറ്റി എടുത്തപ്പോഴും  കഥയുടെ ആത്മാവ് ചോര്‍ന്നു പോകാതെ തന്നെ സാമാന്യം നല്ല നിലവാരത്തോടു കൂടി അവതരിപ്പിച്ചിരിക്കുന്നു. സംവിധായകന്‍റെ ആദ്യ സംരംഭമെന്ന നിലയില്‍ ഈ സിനിമയെ നല്ല സിനിമ എന്ന് തന്നെ പറയാം. 

*വിധി മാര്‍ക്ക്‌ = 6.5/10 
-pravin- 

No comments:

Post a Comment