Wednesday, July 4, 2012

Teri Meri Kahaani



മൂന്നു കാലഘട്ടത്തില്‍ നടക്കുന്ന പ്രണയമാണ് ഈ സിനിമയുടെ കഥാവിഷയം. നടന്‍ വിവേക് ഒബ്രോയ് ആണ് ഈ സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. കുനാല്‍ കൊഹ് ലി സംവിധാനം ചെയ്ത ഈ സിനിമയുടെ നിര്‍മാണത്തിന്റെ ഒരു പങ്കു വഹിച്ചിരിക്കുന്നതും വിവേക് തന്നെയാണ്. 

1960 കാലഘട്ടത്തിലെ മുംബൈ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പ്രണയം സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്നു. ആ കഥ പറഞ്ഞു പോകുന്നതിനിടയില്‍ പെട്ടെന്ന് കഥ ലണ്ടന്‍ പശ്ചാത്തലമായുള്ള, 2012 കാലഘട്ടത്തില്‍ നടക്കുന്ന മറ്റൊരു പ്രണയ കഥയിലേക്ക്‌ പോകുന്നു. ആ കഥ പറഞ്ഞു പോകുന്നതിനിടയില്‍ വീണ്ടും കഥ മുറിച്ചു കൊണ്ട് 1910 കാലഘട്ടത്തിലെ ലാഹോര്‍ പശ്ചാത്തലത്തില്‍ നടക്കുന്ന മറ്റൊരു പ്രണയ കഥയിലേക്ക്‌ പോകുന്നു. ഈ മൂന്നു പ്രണയ കഥയിലും ഷഹീദ് കപൂര്‍,- പ്രിയങ്കാ ചോപ്ര ജോഡി തന്നെയാണ് കാമുകനും കാമുകിയുമായി വരുന്നത്. അവസാനം ഈ മൂന്നു പ്രണയങ്ങളിലും സംഭവിച്ച വിരഹത്തെ ഇല്ലായ്മ ചെയ്തു കൊണ്ട് നായകനും നായികയും ഒരുമിക്കുന്നു. ആ രംഗങ്ങള്‍ മൂന്നും കൂടി കൂട്ടി കുഴച്ചു കാണിക്കുന്നു. പിന്നെ ശുഭം . സിനിമ തീര്‍ന്നു. 



ചുരുക്കി പറഞ്ഞാല്‍, മൂന്നു പ്രണയ സിനിമകള്‍ ഒരേ സമയം കാണിച്ചു കൊണ്ട് പ്രേക്ഷകനെ പുളകം കൊള്ളിക്കാന്‍ വന്ന ഒരു സംവിധായകനാണ് ഈ പറഞ്ഞ കുനാല്‍ കൊഹ് ലി. പക്ഷെ എന്ത് ചെയ്യാം, ഈ സിനിമ കണ്ടിരിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ ചങ്കൂറ്റം കാണിച്ച സംവിധായകനെയും , പൈസക്ക് ഒരു വിലയും കല്‍പ്പിക്കാതെ നഷ്ടക്കടലില്‍ വലിച്ചെറിയാന്‍ ആദ്യമേ സന്നദ്ധത പ്രകടിപ്പിച്ച ഈ സിനിമയുടെ നിര്‍മാതാക്കളെയും സമ്മതിച്ചു കൊടുക്കണം. 

എന്തെങ്കിലും ഈ സിനിമയില്‍ അല്‍പ്പം ആസ്വദിക്കാന്‍ പറ്റിയത് പാട്ടും (അതും വലിയ സംഭവമൊന്നുമല്ല, എന്നാലും കുഴപ്പമില്ല), പിന്നെ പഴയ കാലഘട്ടം ചിത്രീകരിച്ചിരിക്കുന്ന ചില രംഗങ്ങളും മാത്രമാണ്. ബാക്കിയെല്ലാം കണ്ടിരിക്കാന്‍ നമ്മള്‍ക്ക് സാധിക്കണം എങ്കില്‍ സ്വബോധം ഉണ്ടാകരുത്. 

ആകെ മൊത്തം ടോട്ടല്‍ = നല്ല ഉഗ്രന്‍ തല്ലി പൊളി സിനിമ . 

*വിധി മാര്‍ക്ക് =  2/10

-pravin-

No comments:

Post a Comment