Saturday, August 11, 2012

Perfume - The Story of a Murderer


ജര്‍മന്‍ എഴുത്തുകാരനായ  Patrick Süskind ന്റെ  Perfume എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് Tom Tykwer സംവിധാനം ചെയ്ത് 2006 ഇല്‍ റിലീസ് ആയ സിനിമയാണ് Perfume - The Story of a Murderer . 

ചന്തയിലെ മീന്‍ വെട്ടുകാരിയായ അമ്മ മകനെ പ്രസവിക്കുന്നതും ഉപേക്ഷിക്കുന്നതും ചന്തയിലെ മാംസാവശിഷ്ടങ്ങള്‍ക്കിടയില്‍ തന്നെയായിരുന്നു. അവന്‍ ജനിച്ച പാടെ കേള്‍ക്കുന്നതും ശ്വസിക്കുന്നതും ചന്തയിലെ ഇറച്ചി വെട്ടുന്ന ശബ്ദവും മറ്റ് ദുര്‍ഗന്ധങ്ങളും ആണ്. സ്വന്തം കുഞ്ഞിനെ ആ നിലയില്‍ ഉപേക്ഷിച്ച അമ്മയെ അപ്പോള്‍ തന്നെ തൂക്കി കൊല്ലുന്നത് മൂലം അനാഥനാകുന്ന നായകന്‍  പിന്നീട് വളരുന്നത്‌ മറ്റൊരു സ്ത്രീയുടെ സംരക്ഷണത്തിലാണ്. വളര്‍ച്ചയെത്തുന്ന കുട്ടികളെ അടിമക്കച്ചവടം നടത്തുന്ന ഈ സ്ത്രീ താമസിയാതെ ഈ കുഞ്ഞിനേയും വില്‍ക്കുന്നു. 

അടിമപ്പണി ചെയ്തു ജീവിക്കുന്ന നായകന്‍ പുതിയ തെരുവുകളില്‍ കൂടി സഞ്ചരിക്കാന്‍ ഇടയാകുകയും ജീവിതത്തില്‍ ആദ്യമായി സുഗന്ധം ആസ്വദിക്കുകയും ചെയ്യുന്നു. എവിടെ നിന്നോ ഒഴുകി വന്ന സുഗന്ധത്തിന്റെ ഉറവിടം കണ്ടെത്തുന്ന നായകന്‍ പിന്നീട് തന്‍റെ ജീവിതം  അടിമപ്പണി  ചെയ്യാനും  ദുര്‍ഗന്ധം ആസ്വദിക്കാനും വിട്ടു കൊടുക്കുന്നില്ല.  ഒരു കുപ്രസിദ്ധ കൊലയാളിയായി നായകന്‍ മാറുന്ന സാഹചര്യങ്ങളാണ് സിനിമയില്‍ പിന്നീടു വിശദീകരിക്കുന്നത്.  

സംവിധായകന്‍ എഴുത്തുകാരനോടും പ്രേക്ഷകനോടും നീതി പുലര്‍ത്തിക്കൊണ്ട്  മാത്രമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കൈകാര്യം ചെയ്ത വിഷയം കൊണ്ടും ആഖ്യാനം കൊണ്ടും മറ്റ്  എല്ലാ തലങ്ങളിലും വേണ്ട മികവു പുലര്‍ത്തിയ ഒരു സിനിമയായി തന്നെ വിലയിരുത്താവുന്നതാണ്. 
  
ആകെ മൊത്തം ടോട്ടല്‍ = നഗ്നത അശ്ലീലമായി തോന്നാത്ത വിധം സിനിമയുടെ പ്രമേയവുമായി  ഏറെ പൊരുത്തപ്പെട്ടു കൊണ്ട് തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും നഗ്നതാ സീനുകളെ  അശ്‌ളീലതയുടെ ലേബലിൽ  മാത്രം കാണാൻ ശീലിച്ച  മലയാളി കുടുംബ പ്രേക്ഷകർക്ക് ഈ സിനിമ ഒരു അയ്യേ ആസ്വാദനമാകാനും ചാൻസുണ്ട്. അല്ലാത്ത പ്രേക്ഷർക്ക് ഈ സിനിമ മികച്ച ആസ്വാദനം തരുമെന്നതിൽ തർക്കമില്ല. 

*വിധി മാര്‍ക്ക്‌ = 8.5/10
-pravin- 

3 comments: