Monday, November 12, 2012

ഷോ ദി സ്പിരിറ്റ്‌ ഒരു ഷോ മാത്രമായിരുന്നോ ?


സ്പിരിറ്റ്‌ എന്ന സിനിമയെ നിരൂപകര്‍ തലങ്ങും വിലങ്ങും കീറി മുറിച്ചു ചര്‍ച്ച ചെയ്തു മടുത്തത് കൊണ്ടും ഈ സിനിമ വൈകി കണ്ടത് കൊണ്ടും തന്നെ ഈ സിനിമയുടെ പുതിയൊരു ചര്‍ച്ചാതലം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. എങ്കിലും പറയാതിരിക്കാന്‍ വയ്യ. 

സാമൂഹിക പ്രതിബദ്ധത ഒരു കലാകാരന്റെ നല്ല ലക്ഷണമാണ്. തന്റെ അടുത്ത കാലത്തെ സിനിമാ സൃഷ്ടികളില്‍ എല്ലാം തന്നെ  രഞ്ജിത്ത്  അത് വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. പക്ഷെ ,ഈ സിനിമയില്‍ സാമൂഹിക പ്രതിബദ്ധതയുടെ ഒരു മുഴുനീള വക്താവാണ്‌ താനെന്നു തെളിയിക്കാനുള്ള അമിതമായ ഒരു വെമ്പല്‍ ഉള്ളതായി തോന്നി. അത് കൊണ്ട് തന്നെ നാടകീയമായൊരു  ആസ്വാദനം മാത്രമേ പലയിടങ്ങളിലും ലഭിക്കുന്നുള്ളൂ. 

രഞ്ജിത്ത് സിനിമകളില്‍ എല്ലാം  സ്ത്രീ പുരുഷ ബന്ധത്തിന്റെ വ്യത്യസ്തമാനങ്ങള്‍ ചമച്ചു കെട്ടാറുണ്ട്. ചന്ദ്രോത്സവം , കൈയ്യൊപ്പ്  എന്നീ സിനിമകളില്‍ അത് ഏറെ കുറെ സമൂഹത്തിനു അംഗീകരിക്കാന്‍ പറ്റുന്ന ഒന്നായിരുന്നു. പാലേരി മാണിക്യത്തില്‍ എത്തിയപ്പോള്‍ ആധുനിക സമൂഹത്തിന്‍റെ സദാചാര ഭാഷ്യത്തിന് മറ്റൊരു വ്യത്യസ്തത ചാര്‍ത്തി കൊടുക്കാന്‍ രഞ്ജിത്ത് ശ്രമിച്ചു. പറഞ്ഞുറപ്പിച്ച അല്ലെങ്കില്‍ ലിഖിത നിയമങ്ങളെ അനുസരിച്ചല്ല ഒരു വ്യക്തിയുടെ ജീവിതം മുന്നോട്ടു പോകേണ്ടതെന്ന് രഞ്ജിത്ത് തന്‍റെ സിനിമകളിലൂടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു. സ്പിരിറ്റിലും അത് പ്രകടമാണ്. 

 വിവാഹ ബന്ധം വേര്‍പ്പെട്ടിട്ടും, സുഹൃത്ത് തന്‍റെ  ഭാര്യയെ സ്വീകരിച്ചിട്ടും, തന്‍റെ മകനെ അവരുടെ മകനായി അവര്‍ വളര്‍ത്തുമ്പോഴും അവരുടെ ഇടയിലേക്ക് ഏതു സമയത്തും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം രഘു നന്ദന് സംവിധായകന്‍ കല്‍പ്പിച്ചു കൊടുക്കുന്നുണ്ട് സിനിമയില്‍.അവിടെയും അയാള്‍ക്ക് പകര്‍ന്നാടാന്‍ വേഷങ്ങള്‍ ഒരുപാടാണ്‌. പഴയ ഭര്‍ത്താവിന്‍റെ വേഷമല്ല, മറിച്ച് പഴയ ഭാര്യയുടെ നല്ലൊരു സുഹൃത്ത്, പിന്നെ അവളുടെ പുതിയ ഭര്‍ത്താവിന്‍റെ എന്നത്തെയും അടുത്ത സുഹൃത്ത്, അതിലുമപരി അവരോടൊപ്പം കഴിയുന്ന  മകന്‍റെ അച്ഛന്‍, സര്‍വോപരി മദ്യത്തിന് അടിമയായ ഒരു മനുഷ്യന്‍, അങ്ങിനെ ഒരുപാടുണ്ട് വേഷങ്ങള്‍. ഇതിനിടയിലെ ആത്മ പരിശോധനയാണ് രഘുനന്ദനെ രഘു നന്ദനാക്കുന്നത്. 

മധു അവതരിപ്പിച്ച ക്യാപ്റ്റന്‍ നമ്പ്യാര്‍ എന്ന വേഷം തന്‍റെ ഭാര്യ ബാന്ഗ്ലൂരിലേക്ക് യോഗാ ക്ലാസ്സിനു പോയ ശേഷം വീട്ടില്‍ തനിച്ചാകുകയും , ആ തക്കത്തിനു  മറ്റൊരു സ്ത്രീയെ പ്രാപിക്കാന്‍ തിടുക്കം കൂട്ടുന്നുമുണ്ട്. സമൂഹത്തില്‍ നടക്കുന്ന ഒരു സത്യത്തെ രഞ്ജിത്ത് തന്‍റെ സിനിമയില്‍ തുറന്നു കാണിച്ചുവെങ്കിലും, അതിലൊന്നും വലിയ തെറ്റില്ല മദ്യപാനമാണ് കുടുംബത്തെ തകര്‍ക്കുന്നത് എന്ന നിലപാടിനാണ്‌ സിനിമയില്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഒരു പക്ഷെ സിനിമയുടെ പേരിനോടുള്ള നീതി പുലര്‍ത്തിയതായിരിക്കാം അതിനു കാരണം . 

കള്ള് കുടി ഒരു സാമൂഹിക വിപത്തായി ഉയര്‍ത്തി കാണിക്കുകയും തന്നാലാവുന്നത് പോലെ രഘു നന്ദന്‍ സമൂഹത്തിലെ ഒരു വലിയ കുടിയനായ പ്ലമ്പര്‍ മണിയനെ മദ്യവിമുക്തനാക്കുന്നുമുണ്ട്. ഇവിടെ രഘു നന്ദന്‍ നടത്തുന്ന ഒരു ഷോയെ പറ്റി പറയേണ്ടിയിരിക്കുന്നു. ഷോ ദി സ്പിരിറ്റ്‌- സത്യത്തില്‍ ആ വാക്ക് രഞ്ജിത്ത് തന്‍റെ സിനിമയില്‍ അര്‍ത്ഥവത്തായി ഉപയോഗിച്ചു  എന്ന് പറയാം. കലാകാരന്‍റെ ഒരു തരം ഷോ. 

സമീപ കാലത്തൊന്നും രഞ്ജിത്തിന്റെ  സിനിമകളില്‍ അവ്യക്തത നിറഞ്ഞു നിന്നതായി തോന്നിയിട്ടില്ല. പക്ഷെ ഈ സിനിമയില്‍ പറയാന്‍ ബാക്കി വച്ചതും മുഴുമിപ്പിക്കാതെ പോയതുമായ ചില  കാര്യങ്ങള്‍ ഉണ്ട്. രഘു നന്ദന്‍ ആദ്യം എഴുതി കൊണ്ടിരുന്ന നോവലിന് എന്ത് സംഭവിച്ചു ? രഘു നന്ദന്‍റെ ജീവിതത്തെ ചൂണ്ടി കാണിക്കാന്‍ മൂന്നാമതൊരാളുടെ (സിദ്ദിക്ക്) വിവരണം എന്തിനായിരുന്നു സിനിമയില്‍ ഉപയോഗിച്ചത് ? 

രഘു നന്ദനിലൂടെ സിനിമ തുടങ്ങി രഘു നന്ദനില്‍ സിനിമ അവസാനിക്കുന്ന സമയത്തും ചിലതെല്ലാം അവ്യക്തമായി തന്നെ തുടരുന്നു. This is Ranjith , signing of from spirit എന്നും പറഞ്ഞാണ് രഞ്ജിത്ത് സിനിമ അവസാനിപ്പിക്കുന്നത്. അതെ, രഞ്ജിത്ത് ഒരു സ്പിരിറ്റ്‌ ഷോ നടത്തി. അതിലൂടെ എന്തൊക്കെയോ സന്ദേശങ്ങള്‍ സമൂഹത്തോട് പറഞ്ഞെന്ന തൃപ്തിയില്‍ ഒളിച്ചോടുകയാണ്. 

റഫീക്ക് അഹമ്മദിന്റെ ഗാന രചനയെ അഭിനന്ദിക്കാതെ പറഞ്ഞവസാനിപ്പിക്കാന്‍ സാധിക്കുന്നില്ല. ഷഹബാസ് അമന്റെ സംഗീതവും അതിനൊത്ത നിലവാരം പുലര്‍ത്തി.

ആകെ മൊത്തം ടോട്ടല്‍ = സാമൂഹിക പ്രസക്തമായ ഒരു വിഷയം ചില ബുദ്ധിജീവി നാട്യങ്ങളാല്‍ അവതരിക്കപ്പെട്ടിരിക്കുന്നു.  ഒരു സിനിമയെന്ന ലേബലില്‍ വിലയിരുത്താതെ കാണുന്നതാണ് നല്ലത്. 

*വിധി മാര്‍ക്ക്‌ = 5/10

-pravin-

8 comments:

 1. ചില യഥാര്‍ത്ഥ ജീവിതങ്ങള്‍ കാണിക്കാന്‍ ശ്രമിച്ചതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്.ഇല്ലെന്നു പറയാന്‍ കഴിയില്ല.

  ReplyDelete
  Replies
  1. അതെ...അതില്ല എന്ന് പറയുന്നില്ല.

   Delete
 2. സാമൂഹിക പ്രസക്തമായ ഒരു വിഷയം ചില ബുദ്ധിജീവി നാട്യങ്ങളാല്‍ അവതരിക്കപ്പെട്ടിരിക്കുന്നു. ഒരു സിനിമയെന്ന ലേബലില്‍ വിലയിരുത്താതെ കാണുന്നതാണ് നല്ലത്.
  രഞ്ചിത്ത് പതിവ് രീതിയില്‍ നിന്ന് ഒട്ടും മറാത്ത ഒരു ചിത്രം നായകനും കുറെ ഉപഗ്രഹങ്ങളും ഹോ വല്ലാത്ത ഒരു മടുപ്പുളവാക്കുന്നു

  ReplyDelete
 3. എനിയ്ക്കു പക്ഷെ ചിത്രം ഇഷ്ടപ്പെട്ടു . ഒരു പക്ഷെ ഒരു കടുത്ത മോഹന്‍ലാല്‍ ആരധകനായതിന്റെ സ്വാധീനമാവാം . ആകെ ഒരു കാര്യത്തോട് മാത്രമേ എനിക്ക് വിയോജിപ്പ് തോന്നിയുള്ളൂ . പ്ലംബര്‍ മണിയുടെ മദ്യപാനം നിര്‍ത്താന്‍ ഒരുപാട് നാടകങ്ങള്‍ കളിക്കേണ്ടി വന്നു. പക്ഷെ രഘു നന്ദന്‍ ഒരു സുപ്രഭാതത്തില്‍ അത് പുഷ്പം പോലെ അവസാനിപ്പിയ്ക്കുന്നു ...

  പിന്നെ സിദ്ധാര്‍ത്ഥ് ഭരതന്‍റെ പെര്‍ഫോര്‍മന്‍സ് വളരെ നാച്ചുറല്‍ ആയി തോന്നി.

  ReplyDelete
  Replies
  1. Excatly ...ഞാന്‍ പറഞ്ഞല്ലോ...ബുദ്ധിജീവി നാട്യങ്ങള്‍ സിനിമയില്‍ അനാവശ്യമായി കുത്തി നിറച്ചിരിക്കുന്നു. സിനിമയുടെ ഉദ്ദേശ്യ ശുദ്ധിയെ മാനിക്കുന്നു. പക്ഷെ ഒരു തലത്തില്‍ അതൊരു പ്രഹസനം മാത്രമായി ഒതുങ്ങി പോകുന്ന പോലെ തോന്നി.

   സിദ്ധാര്‍ത്ഥ് നന്നായിരുന്നു... അത് പോലെ ശങ്കര്‍ രാമകൃഷ്ണനും...

   Delete
 4. Thuppaki enna cinemaku 6/10 markum Spirit enna kalamoolyamulla chithrathinu 5/10 markum koduthathayi kandu, athode thangalude nilavaram enthanennu manasilayi, kooduthalayi onnum parayanilla......

  ReplyDelete
  Replies
  1. സന്തോഷം ...കൂടുതലായി ഒന്നും കേള്‍ക്കണം എന്നും ആഗ്രഹമില്ല. എന്റെ നിലവാരം ചുരുങ്ങിയ സമയം കൊണ്ട് അളന്നു തന്നതിന് നന്ദി നമസ്ക്കാരം...

   Delete