Friday, December 12, 2014

ഇതിഹാസ വരെ എത്തി നിൽക്കുന്ന മലയാള സിനിമാ ഫിക്ഷൻ-ഫാന്റസി

മലയാള സിനിമാ ലോകത്ത് ഫിക്ഷൻ-ഫാന്റസി  കഥകൾക്ക്  വേണ്ട പരിഗണന കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. ഉണ്ടെങ്കിൽ തന്നെ അതിൽ പകുതി മുക്കാലും കഥകളിൽ  പ്രേതവും ആത്മാവും ഭൂതവും പിശാചുമൊക്കെ തന്നെയായിരിന്നു മുഖ്യ കഥാപത്രങ്ങൾ. 1964 ൽ ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ബഷീർ തന്നെ ചിട്ടപ്പെടുത്തിയ തിരക്കഥയെ എ വിൻസെന്റ് തന്റെ സംവിധാനത്തിലൂടെ അഭ്രപാളിയിൽ എത്തിച്ചപ്പോൾ അതൊരു ചരിത്രം കൂടി സൃഷ്ടിക്കുകയായിരുന്നു. ഭാർഗ്ഗവീ നിലയം- മലയാളത്തിലെ ആദ്യത്തെ പ്രേത സിനിമ, മലയാളി പ്രേക്ഷകർക്ക് അന്ന് വരെ അപരിചിതമായിരുന്ന കഥാപശ്ചാത്തലത്തിലൂടെ  കാഴ്ചയുടെയും കേൾവിയുടെയും പുത്തൻ ആസ്വാദനം തന്നെ സമ്മാനിക്കുകയുണ്ടായി. പ്രേതം എന്നാൽ വെള്ള വസ്ത്രമുടുത്ത്‌ നിലം തൊടാതെ നടക്കുന്നവൾ, രാത്രിയുടെ മറവിൽ പാട്ടും പാടി  പാദസരം കിലുക്കി നടക്കുന്നവൾ എന്ന് തൊട്ട് ഒട്ടേറെ പുതിയ സങ്കൽപ്പങ്ങളെ  മലയാളി മനസ്സിലേക്ക് എല്ലാക്കാലത്തേക്കുമായി  വിഭാവനം ചെയ്തു തന്നതും  ഭാർഗ്ഗവീ നിലയം തന്നെ. 

ശേഷം  ഒരു കാലത്ത് മലയാള സിനിമയിലെ ഫിക്ഷൻ കുട്ടിച്ചാത്തനിലേക്കും ഗന്ധർവനിലേക്കുമെല്ലാം കുടിയേറുകയുണ്ടായി. ജിജോ പുന്നൂസ്സിന്റെ മൈ ഡിയർ കുട്ടിച്ചാത്തൻ, പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ എന്നിവ അക്കൂട്ടത്തിലെ വേറിട്ട പരീക്ഷണങ്ങളും വിജയങ്ങളുമായപ്പോൾ അതേ പാത പിന്തുടർന്ന് കൊണ്ട് വന്ന പല സിനിമകളും പരാജയപ്പെടുകയാണുണ്ടായത്. പ്രേത ഭൂത സിനിമകളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു പിന്നീടങ്ങോട്ടുള്ള  ഒരു കാലത്ത്. അതിൽ നിന്ന് ഏറെ വ്യത്യസ്തമായി ആത്മാവ്/ പ്രേതത്തെ അവതരിപ്പിച്ച സിനിമയായിരുന്നു കമൽ സംവിധാനം ചെയ്ത ആയുഷ്ക്കാലം. ഹൃദയം മാറ്റിവക്കൽ  ശസ്ത്രക്രിയക്ക് വിധേയനായ  ചെറുപ്പക്കാരന് മുന്നിൽ ഹൃദയത്തിന്റെ ഉടമ പ്രേത രൂപത്തിൽ പ്രത്യക്ഷപ്പെടുകയും സരസ സംഭാഷണങ്ങളിലൂടെ ചെറുപ്പക്കാരനുമായി  സൌഹൃദത്തിലാകുകയും ചെയ്യുന്നതായിരുന്നു ആ സിനിമയുടെ തുടക്കം. ആത്മബന്ധം, രക്തബന്ധം എന്ന പോലെ ഹൃദയ ബന്ധം കൊണ്ട് ആത്മാവും ചെറുപ്പക്കാരനും തമ്മിൽ കൂടുതൽ അടുക്കുന്നതും,   പരേതന്റെ മരണകാരണം അന്വേഷിച്ചു കണ്ടെത്തുന്നതുമായിരുന്നു  പിന്നീടുള്ള സീനുകൾ. ഒരേ സമയം കോമഡിയും  ഫിക്ഷനും സസ്പെൻസും സെന്റിമെൻസും ഇത്ര മേൽ നന്നായി കൂട്ടിയിണക്കിയ ആദ്യ മലയാള സിനിമയും ആയുഷ്ക്കാലം തന്നെയായിരിക്കും.  തന്നെ കാണാൻ സാധിച്ചിരുന്ന ഒരേ ഒരാളായ ബാലകൃഷ്ണന് മുന്നിൽ പോലും താൻ തീർത്തും അദൃശ്യനായി കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിയുന്ന സമയത്ത് വികാരാധീനനായി കൊണ്ട് എല്ലാവരുടെയും കണ്‍ മുന്നിലൂടെ ഓടി നടന്നു സംസാരിക്കുന്ന  എബി മാത്യു എന്ന ആത്മാവിനെ ഒരു നൊമ്പരത്തോടെയല്ലാതെ ആർക്കും ഓർക്കാനാകില്ല. 

1992 ൽ ആയുഷ്ക്കാലം റിലീസാകുന്നതിനും മുൻപേ ഇറങ്ങിയ മറ്റൊരു വ്യത്യസ്ത പ്രേത സിനിമയെ കൂടി ഇവിടെ പരാമർശിക്കേണ്ടിയിരിക്കുന്നു. സത്യൻ അന്തിക്കാട്-സിദ്ധീഖ് ലാൽ കൂട്ടുകെട്ടിൽ 1986 ൽ റിലീസായ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയാണ് പ്രേതങ്ങളെ ഇത്രമേൽ ഹാസ്യരൂപത്തിൽ അവതരിപ്പിക്കാൻ സാധിക്കും എന്ന് ആദ്യമായി ബോധ്യപ്പെടുത്തി തന്നത്. എല്ലാവരെയും ഭയപ്പെടുത്തുന്ന കാലൻ എന്ന സങ്കൽപ്പത്തെ നർമ്മത്തിന്റെ അകമ്പടിയോടെ തിലകൻ അഭിനയിച്ചു പ്രതിഫലിപ്പിക്കുമ്പോൾ ഭയം എന്ന വികാരം പൊട്ടിച്ചിരിക്ക് വഴി മാറുകയായിരുന്നു. കാലനെ ഹാസ്യനടനായി അവതരിപ്പിച്ചതിന്റെ അടുത്ത വർഷം തന്നെ നാരദനെയും അതേ വഴി നടത്തിച്ചു നോക്കാൻ തീരുമാനിച്ചതിന്റെ ഫലമായാണ് ക്രോസ് ബെൽറ്റ്‌ മണിയുടെ സംവിധാനത്തിൽ നാരദൻ കേരളത്തിൽ എന്ന സിനിമ വരുന്നത്. ഭക്തി സാന്ദ്രമായ ഒരുപാട് സിനിമകളിൽ നമ്മൾ കണ്ടു മറന്ന നാരദനിൽ നിന്ന് വ്യത്യസ്തമായിരുന്നു നെടുമുടി വേണു അവതരിപ്പിച്ച പുതിയ നാരദ വേഷം. പിന്നീടങ്ങോട്ട്  വന്ന  പല സിനിമകളിലും  ദൈവവും പുണ്യാളനുമെല്ലാം ഭൂമിയിൽ മനുഷ്യ രൂപത്തിൽ വന്നു എല്ലാവരെയും അതിശയിപ്പിച്ചു പോയിട്ടുണ്ട്. രഞ്ജിത്തിന്റെ നന്ദനം, പ്രാഞ്ചിയേട്ടന്‍, ലിജോ ജോസ് പല്ലിശ്ശേരിയുടെ ആമേൻ എന്നിവ അതിന്റെ സമീപ കാല സിനിമാ ഉദാഹരണങ്ങൾ മാത്രം. ഹരിഹരന്‍ എം ടി കൂട്ടുകെട്ടിന്റെ എന്ന് സ്വന്തം ജാനകി കുട്ടി , രാജീവ് അഞ്ചലിന്റെ ഗുരു, തുടങ്ങിയ സിനിമകള്‍ മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഫിക്ഷന്‍ ഫാന്റസി സിനിമകളാണ്.

അനിൽ ദാസ് - മധു മുട്ടം കൂട്ട് കെട്ടിൽ വന്ന ഭരതൻ, വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ്‌, അതിശയൻ, സന്തോഷ്‌ ശിവന്റെ അനന്ത ഭദ്രം  തുടങ്ങിയ സിനിമകളാണ് ഫിക്ഷൻ ഫാന്റസി പ്രമേയം കൊണ്ട്  വ്യത്യസ്തത തെളിയിച്ച മറ്റു ചില പ്രധാന മലയാള സിനിമകൾ. 

ഇതിഹാസ - വ്യത്യസ്തം, ആസ്വദനീയം, രസകരം ഈ പരീക്ഷണം 


ഒരു സുപ്രഭാതത്തിൽ ആണിന് പെണ്ണിന്റെ ശരീരവും പെണ്ണിന് ആണിന്റെ ശരീരവും കിട്ടിയാൽ എന്തായിരിക്കും സ്ഥിതി എന്ന ചിന്തയിൽ നിന്നാണ് ഇതിഹാസയുടെ കഥാ രചന സംഭവിക്കുന്നത്. സമാന കഥയുമായി  2002 ൽ ടോം ബ്രഡിയുടെ സംവിധാനത്തിൽ വന്ന ഹോളിവുഡ് സിനിമ The Hot Chick ഇതിഹാസയുമായി പല രംഗങ്ങളിലും സാമ്യത പുലർത്തുന്നു എന്ന ആക്ഷേപം ഒഴിച്ച് നിർത്തിയാൽ മലയാള സിനിമാ ചരിത്രത്തിൽ ഇതിഹാസക്ക് അഭിമാനത്തോടെ തന്നെ ഒരിരിപ്പിടം  നൽകേണ്ടതുണ്ട്. അശ്ലീല തമാശകൾക്ക് ഒട്ടും പഞ്ഞമില്ലാത്ത ഈ കാലത്തെ ചില ന്യൂജെൻ  സിനിമാ സംസ്ക്കാരം വച്ച് നോക്കുമ്പോൾ ഇതിഹാസയിൽ അത്തരം കോമഡി സീനുകൾക്ക് ഒരുപാട് സ്കോപ്പുണ്ടായിട്ടും കുടുംബ സമേതം കുട്ടികൾക്ക് കൂടി കാണാൻ പാകത്തിലാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത് എന്നത് ഏറെ ആശ്വാസജനകമായ ഒരു കാര്യമാണ് എന്ന് പറയാതെ വയ്യ. 

ആരും വിശ്വസിക്കാത്ത കഥ എന്നാണ് സിനിമയുടെ ടാഗ് ലൈൻ എങ്കിൽ കൂടി പ്രേക്ഷകരെ വിശ്വസിപ്പിക്കുന്ന രീതിയിൽ പിടിച്ചിരുത്തി കൊണ്ടാണ്  കഥ പറച്ചിൽ. ഒരു നവാഗത സംവിധായകന്റെ യാതൊരു വിധ പോരായ്മകളും പ്രകടമാക്കാതെയാണ് ബിനു എസ് അതി വിദഗ്ദ്ധമായി ഈ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. അനീഷ്‌ ലീ അശോകിന്റെ  പുതുമ നിറഞ്ഞു നിന്ന കഥ തന്നെയാണ് ഇതിഹാസയുടെ നട്ടെല്ല്. തിരക്കഥയിലേക്ക് വിന്യസിപ്പിക്കുമ്പോൾ കഥയിലെ പുതുമ ഒട്ടും ചോർന്നു പോകാതെ തന്നെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ചരിത്രത്തിലെ രണ്ടു രാജാക്കന്മാരുടെ യുദ്ധ രംഗത്തിൽ നിന്ന് കഥ പറഞ്ഞു തുടങ്ങുന്ന നിമിഷം തൊട്ട് സിനിമക്ക് അനിവാര്യമായ ആസ്വാദന ശൈലി സ്വീകരിച്ചു തുടങ്ങാൻ പ്രേക്ഷകർ യഥാക്രമം നിർബന്ധിതരാകുന്നുണ്ട്. ലോജിക്കുകൾക്ക് അവധി കൊടുത്തു കൊണ്ട് സിനിമ കാണാൻ പറയുമ്പോഴും സിനിമയിൽ പ്രമേയത്തിന് അനുയോജ്യമായ ലോജിക്കുകൾ നിലനിർത്തി കൊണ്ട് തന്നെയാണ് കഥ പറഞ്ഞു പോകുന്നത്. കുറേ കാലത്തിന് ശേഷം  നല്ലൊരു പഞ്ചോട് കൂടി ഇടവേള എഴുതി കാണിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയും ഇതിഹാസക്ക് വേണമെങ്കിൽ അവകാശപ്പെടാം. 

ഷൈൻ ടോം ചാക്കോ, ബാലു, അനുശ്രീ എന്നിവരുടെ പ്രകടനം തന്നെയാണ് സിനിമയിൽ പ്രധാന ചിരിപ്പടക്കങ്ങൾ സമ്മാനിച്ചതെങ്കിൽ  കൂടി അനുശ്രീയുടെ പ്രകടനം തമാശയെക്കാൾ ഉപരി ഗൌരവകരമായി തന്നെ നിരീക്ഷിക്കേണ്ടി വരുന്നു. ഒരു നടിയെന്ന നിലയിൽ അനുശ്രീയുടെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയാണ് ഇതിഹാസയിലെ ആണ്‍ കഥാപാത്രം എന്ന് നിസ്സംശയം പറയാം. സാധാരണ സിനിമകളിൽ നായികയുടെ കൂട്ടുകാരികൾ എന്നാൽ രണ്ടോ മൂന്നോ സീനുകളിൽ വന്നു പോകുന്നവരായാണ് കാണുക പതിവ്. ഇതിഹാസയിൽ കൂട്ടുകാരി കഥാപാത്രങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ വലിയ റോളുകൾ  തന്നെ കിട്ടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ  കഥയുടെ വഴിത്തിരുവുകളിലെല്ലാം കൂട്ടുകാരി കഥാപാത്രങ്ങളുടെ സാന്നിധ്യവും  ശ്രദ്ധേയമായി മാറി. സിനോജ് പി അയ്യപ്പന്റെ ച്ഛായാഗ്രഹണം സിനിമക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നതിൽ വിജയിച്ചിട്ടുണ്ട്. അമ്പട ഞാനേ ..ചെല്ലട മോനെ എന്ന ഗാനം ഒഴിച്ചു നിർത്തിയാൽ ദീപക് ദേവിന്റെ സംഗീതവും മോശമാക്കിയില്ല. 

ആകെ മൊത്തം ടോട്ടൽ = നൂറു ശതമാനവും രസകരമായ ഒരു സിനിമ. Entertainment ലക്ഷ്യമാക്കി സിനിമ കണ്ടാൽ പൂർണ്ണ ആസ്വാദനം ലഭിക്കുക തന്നെ ചെയ്യും. 

*വിധി മാർക്ക്‌ = 7.5/10 
-pravin-

14 comments:

  1. മനോഹരമായ അവതരണം

    ReplyDelete
  2. എന്നാല്‍ ഇതൊന്ന് കണ്ടിട്ട് തന്നെ കാര്യം!

    ReplyDelete
    Replies
    1. കണ്ടു നോക്കൂ അജിത്തേട്ടാ ...ബോറടിപ്പിക്കില്ലാ ..clean entertainer

      Delete
  3. nalla super avatharanam.

    njan movie kandathanu. nalla oru movie..

    ReplyDelete
  4. ആദ്യം പറഞ്ഞ ഫിക്ഷൻ ഫാന്റസികളിൽ ഒട്ടു മിക്കതും കണ്ടിട്ടുണ്ട്. ആയുഷ്ക്കാലം , ഞാൻ ഗന്ധർവ്വൻ , ഭാർഗവീ നിലയം പോലുള്ള ഏതാനും സിനിമകളൊഴിച്ച് മറ്റുള്ളവയെല്ലാം തട്ടിക്കൂട്ട് പടങ്ങളായിട്ടേ തോന്നിയിട്ടുള്ളു. ഇതിഹാസ കണ്ടിട്ടില്ല. വിലയിരുത്തലിലൂടെ സിനിമയെ അറിഞ്ഞു...

    ReplyDelete
    Replies
    1. അതെ ...പിന്നീട് വന്ന സിനിമകളൊക്കെ ഒരേ അച്ചിൽ വാർത്തെടുത്ത എന്നാൽ മുന്നേയുള്ള സിനിമകളുടെ നിലവാരം കാണിക്കാതെ വന്ന സിനിമകളായിരുന്നു .. പിന്നീട് വന്ന ചുരുക്കം ചില സിനിമകൾ മാത്രമേ നന്നായി തോന്നിയിട്ടുള്ളൂ .. ഇതിഹാസ ചെറിയ ഒരു സിനിമയാണ് ..ബോറടിപ്പിക്കില്ല ..

      Delete
  5. ഫിക്ഷൻ ഫാന്റസി പ്രമേയം കൊണ്ട്
    വ്യത്യസ്തത തെളിയിച്ച ചില പ്രധാന മലയാള
    സിനിമകൾ.പരിചയപ്പെടുത്തിയ ശേഷമുള്ള, ഇതിഹാസയുടെ
    വിശകലനം ഇഷ്ട്ടപ്പെട്ടു കേട്ടൊ പ്രവീൺ ...അപ്പോൾ ഇനി ഇതിഹാസ
    ഒന്ന് കാണാം അല്ലെ

    ReplyDelete
    Replies
    1. കണ്ടു നോക്കൂ മുരളിയേട്ടാ ..ഇഷ്ടമാകും ..ചെറിയ ഒരു സിനിമ രസകരമായി പറഞ്ഞിരിക്കുന്നു ..

      Delete
  6. അനുശ്രീ തന്നെ ആണ് താരം !

    ഡയമണ്ട് നെക്ലെസിൽ തന്നെ തന്റെ ഉള്ളിൽ ഒരു നല്ല നടി ഉണ്ട് എന്ന് തെളിയിച്ചിരുന്നു അനുശ്രീ .

    ഒരുപാട് നാളുകൂടി ഒറ്റയിരുപ്പിനു കണ്ടു തീർത്ത ചിത്രം ..
    ( നാല് ദിവസം കണ്ടിട്ടും തീരാത്ത കൂതറ അഞ്ചാം ദിവസത്തേക്ക് വെച്ചിരിക്കുന്നു )

    ReplyDelete
  7. നൂറു ശതമാനം പുരുഷ മുഖവും ഭാവങ്ങളും ഉള്ള ഷൈൻ ടൊം ചാക്കൊ എങ്ങനെ ഒരു സ്ത്രീയുടെ രൂപഭാവദികൾ അവാഹിച്ചു എന്നതാണു മനസിലാവാത്തതു. നല്ല അഭിനയം.

    ReplyDelete
  8. സിനിമ കാണേണ്ടി വരുമല്ലോ ?

    ReplyDelete