Saturday, June 8, 2013

മുംബൈ പോലീസ് - മലയാള സിനിമാ തിരക്കഥയുടെ പുത്തൻ മുഖം.


തുഭേദത്തിനനുസരിച്ചുള്ള മാറ്റങ്ങൾ  എല്ലാ മേഖലയിലുമെന്ന പോലെ സിനിമാ ലോകത്തും സംഭവിക്കുന്നുണ്ട്. ആ മാറ്റങ്ങളിൽ  നല്ലതും ചീത്തയും ഉൾപ്പെടുന്നു. മലയാള സിനിമാ ലോകത്ത് പല കാലത്തായി പ്രേക്ഷകർക്ക്‌ അനുഭവപ്പെട്ട ഒരു കാര്യം കൂടിയാണത്. നിലവാരത്തകർച്ചയിലും  ആശയ ദാരിദ്ര്യത്തിലും അവതരണത്തിലെ പുതുമയില്ലായ്മയിലും പെട്ട് മലയാള സിനിമ പലപ്പോഴായി പതറി നിന്നപ്പോളൊക്കെ അവതാര പുരുഷനെന്നപോലെ നല്ല സിനിമകൾ അവതരിക്കുകയും  നല്ല മാറ്റങ്ങൾക്ക് നിമിത്തമാകുകയും ചെയ്തിട്ടുണ്ട്.  ആ മാറ്റത്തിനെ പ്രേക്ഷകർ പല പേരുകളാൽ വാഴ്ത്തി എന്ന് മാത്രം. ന്യൂ ജനറേഷൻ സിനിമകൾ എന്നൊന്ന് ഇല്ലെന്നും ഉണ്ടെന്നുമുള്ള വാദം ദിനം തോറും ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സമയത്താണ് സഞ്ജയ്‌ ബോബി - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ 'മുംബൈ പോലീസ്' അവതരിക്കുന്നത്.

ഒരർത്ഥത്തിൽ ന്യൂ ജനറേഷൻ സിനിമകളുടെ ആദ്യകാല വക്താക്കളായിരുന്നു  സഞ്ജയ്‌ ബോബി - റോഷൻ ആൻഡ്രൂസ് ടീം. ഇരു കൂട്ടരും ആദ്യമായി ഒരുമിച്ച 'നോട്ട് ബുക്ക്' ഇറങ്ങുന്ന സമയത്ത് പക്ഷെ 'ന്യൂ ജനറേഷൻ' എന്ന പദ പ്രയോഗത്തിനു ഇന്നത്തെ അത്രയും സ്വീകാര്യത ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. അതുകൊണ്ട് തന്നെ 'നോട്ട് ബുക്ക്' സിനിമയെ മറ്റേതോ ലേബലിലാണ് പ്രേക്ഷകർ ഓർക്കാൻ പോലും  ശ്രമിക്കുന്നത്. അതിനൊക്കെ ശേഷം കാസിനോവക്ക് വേണ്ടി സഞ്ജയ്‌ ബോബി - റോഷൻ ആൻഡ്രൂസ് ടീം രണ്ടാമത് ഒരുമിച്ചപ്പോൾ സംഭവിച്ചത് മലയാളി പ്രേക്ഷകന് ഇന്നും മറക്കാനാകില്ല. മലയാള സിനിമയുടെ നിലവാര തകർച്ചയെ സൂചിപ്പിക്കും വിധമുള്ള ഒരു സിനിമയുടെ ഭാഗമാകേണ്ടി വന്നതിലെ കുറ്റ ബോധം ഒരു പക്ഷേ ഇരു കൂട്ടരെയും കുറേ കാലത്തേക്കെങ്കിലും അലട്ടിയിരിക്കാം. ആ തിരിച്ചറിവ് തന്നെയായിരിക്കാം 'മുംബൈ പോലീസി'ന്റെ മികവിന്റെ ആദ്യ കാരണവും. എന്തായാലും ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ. ആ അർത്ഥത്തിൽ സിനിമയിലെ ന്യൂ ജനറേഷൻ എന്ന പദപ്രയോഗം കൊണ്ട്  അർത്ഥമാക്കേണ്ട യഥാർത്ഥ വസ്തുത എന്താണെന്ന് മുംബൈ പോലീസിലൂടെ സഞ്ജയ്‌ ബോബി - റോഷൻ ആൻഡ്രൂസ് ടീം പ്രേക്ഷകനെ ഇത്തവണ ബോധ്യപ്പെടുത്തുക തന്നെ ചെയ്തെന്നു പറയാം. അങ്ങനെ നോക്കുമ്പോൾ നല്ല മാറ്റങ്ങളുടെയും നല്ല സിനിമകളുടെയും  കൂട്ടത്തിലെ  അവസാനത്തെ അവതാരം തന്നെയാണ് 'മുംബൈ പോലീസ്'.

ഭൂതകാലം മറന്നു പോകുന്ന നായകനെയും  നായികയെയും  ചില സിനിമകളിലെങ്കിലും നമ്മൾ കണ്ടു മറന്നിട്ടുണ്ട്. പത്മരാജന്റെ  'ഇന്നലെ' യിലെ മായയും (ശോഭന), പങ്കജ് പരാശർ സംവിധാനം ചെയ്ത 'തുംകോ ന ഭൂൽ പായേംഗെ'യിലെ വീർ താക്കൂറും (സൽമാൻ ഖാൻ) ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ്. 'ഇന്നലെ'യിലെ മായയ്ക്ക് സ്വന്തം പേരടക്കമുള്ള കാര്യങ്ങൾ ഓർക്കാൻ സാധിക്കുന്നില്ല എന്നത് പോലെ  'തുംകോ ന ഭൂൽ പായേംഗെ'യിലെ വീർ താക്കൂറിനും സ്വന്തം ഭൂതകാലത്തെ ഓർത്തെടുക്കാൻ സാധിക്കാതെ വരുന്നു.  മായ ഒരു ആത്മാന്വേഷണത്തിനു മുതിരുന്നതായി 'ഇന്നലെ'യിൽ പറയുന്നില്ല. അതേസമയം 'തുംകോ ന ഭൂൽ പായെങ്കെ'യിലെ  വീർ താക്കൂറിന് ആത്മാന്വേഷണം അനിവാര്യമായി വരുന്നുമുണ്ട്. ഈ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള  ഏക സാമ്യത അത് മാത്രമാണ്. ബാക്കി വരുന്ന കഥ പാടേ വ്യത്യസ്തമാണ് എന്നിരിക്കെ  എന്ത് കൊണ്ട് ഇതേ കഥാപാത്രങ്ങളുടെ മാനസിക സാഹചര്യം മറ്റൊരു കഥാപശ്ചാത്തലത്തിൽ അവതരിപ്പിച്ചു  കൂടാ എന്ന ചിന്തയിലായിരിക്കണം ഒരു പക്ഷേ മുംബൈ പോലീസിന്റെ കഥാ ബീജം പുതിയൊരു തിരക്കഥയിലേക്ക് പടർന്നത്. കാരണം മേൽപ്പറഞ്ഞ കഥാപാത്രങ്ങളുടെ സമാന അവസ്ഥ തന്നെയാണ് മുംബൈ പോലീസിലെ ACP ആന്റണി മോസസിനും (പ്രിഥ്വിരാജ് ) സംഭവിക്കുന്നത്. ഇതൊരു നിഗമനം മാത്രമാണ്. അല്ലാതെ  സഞ്ജയ്‌ ബോബി ഏതെങ്കിലും കഥയെയോ  കഥാപാത്രത്തെയോ  കോപ്പി പേയ്സ്റ്റ് ചെയ്തെന്ന ആധികാരിക വിവക്ഷയല്ല.  കഥയിലുള്ള ഈ ഒരു സമാനതയെ  ചോദ്യം  ചെയ്യാൻ ഒരാൾക്കും അവസരം നൽകാത്ത വിധം കഥാപശ്ചാത്തലവും തിരക്കഥയും എത്രത്തോളം വ്യത്യസ്തവും പുതുമ നിറഞ്ഞതും ആകാംക്ഷാഭരിതവുമാക്കി മാറ്റാൻ ബോബി സഞ്ജയ്‌മാർക്ക് കഴിഞ്ഞു എന്നുള്ളിടത്താണ് തിരക്കഥാകൃത്തുകൾ എന്ന നിലയിൽ അവരുടെ വൈഭവം സിനിമയിലുടനീളം പ്രകടമാകുന്നത്.

സിനിമയുടെ തുടക്കം മുതലേ  പ്രേക്ഷകരിൽ ആകാംക്ഷയുടെ വിത്തുകൾ വാരി വിതറി കൊണ്ടാണ്  ഓരോ ഷോട്ടും റോഷൻ ആൻഡ്രൂസ് ചിത്രീകരിച്ചിരിക്കുന്നത്.  അത് കൊണ്ട് തന്നെ സഞ്ജയ്‌ ബോബിമാരുടെ തിരക്കഥയെ തന്റെ മനസ്സിലേക്ക് വേണ്ട വണ്ണം  ആവാഹിച്ചെടുത്ത ശേഷമാണ് റോഷൻ ആൻഡ്രൂസ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നതെന്ന് നിസ്സംശയം പറയാവുന്നതാണ്. മറവിയുടെ  കാണാക്കയങ്ങളിൽ ആന്റണി മോസസ് തിരയാൻ ശ്രമിക്കുന്നത്  സ്വന്തം വ്യക്തിത്വത്തെയും  തന്റെ പ്രിയ സുഹൃത്തും സഹ പ്രവർത്തകനുമായ ACP ആര്യൻ ജോണ്‍ ജേക്കബിന്റെ (ജയസൂര്യ) വധത്തിനു ഉത്തരവാദികളായവരെയുമാണ്. ഈ ഒരു അന്വേഷണാത്മകത ഓരോ സീനിലും ഒപ്പിയെടുക്കാൻ  ആർ ദിവാകറിന്റെ ഛായാഗ്രഹണത്തിനും  സാധിച്ചിട്ടുണ്ട്. 


മലയാള സിനിമയിൽ  അധികമൊന്നും കണ്ടു പരിചയമില്ലാത്ത വഴിത്തിരിവുകളിൽ കൂടിയാണ് സിനിമ ഓരോ നിമിഷവും പ്രേക്ഷകനെ കൈ പിടിച്ചു കൊണ്ട് പോകുന്നത്. ഇരുൾ മൂടിയ ഇടുങ്ങിയ വഴികളിൽ കൂടിയുള്ള ഏകന്റെ ആത്മാന്വേഷണ സഞ്ചാരം ഓരോ ഘട്ടത്തിലും പുരോഗമിക്കുന്നുണ്ടെങ്കിലും പ്രേക്ഷകന്റെ ചിന്താതലത്തിലേക്ക് ഉത്തരമില്ലാത്ത കൂടുതൽ കൂടുതൽ ചോദ്യങ്ങൾ ഇരച്ചു വന്നു കൊണ്ടിരിക്കുന്നു. ഇനി മുന്നോട്ടു പോകുമ്പോള്‍ എന്ത് സംഭവിക്കും എന്നത് സംബന്ധിച്ച് ഒരു തരത്തിലുള്ള സൂചനകളും പ്രേക്ഷകന് കിട്ടാതെ പോകുന്ന ചുരുക്കം സിനിമകളിൽ ഒന്നാണ് മുംബൈ പോലീസ്. സിനിമയുടെ ആദ്യ പകുതിക്കു ശേഷം ഇരുൾ വീണു മറഞ്ഞ വഴികൾ പതിയെ പ്രകാശിതമാകുന്നു. പക്ഷേ അവിടെയും പ്രകാശം സത്യത്തെ കാണിച്ചു തന്നിരിക്കുന്നു എന്ന് അവകാശപ്പെടാൻ സാധ്യമല്ലാത്ത രീതിയിൽ പ്രേക്ഷക മനസ്സിനെ ആശയക്കുഴപ്പത്തിലാക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും ചെയ്യുന്നത്. പ്രകാശമല്ല സത്യത്തെ കാണിച്ചു തരുന്നത് മറിച്ച്‌ പ്രകാശത്തിൽ ഒളിഞ്ഞു കിടക്കുന്ന സത്യത്തെ നമ്മളാണ് കണ്ടെത്തേണ്ടതെന്ന തരത്തിൽ സിനിമയിൽ  ചില രംഗാവിഷ്ക്കാരങ്ങൾ പോലും കടന്നു വരുന്നുണ്ട്. 

'സെല്ലൂലോയ്ഡ്', 'അയാളും ഞാനും തമ്മിൽ' തുടങ്ങീ  സിനിമകൾക്ക്‌  ശേഷം പ്രിഥ്വിരാജിന് കിട്ടിയ മറ്റൊരു വ്യത്യസ്തമായ  കഥാപാത്രമാണ് ACP ആന്റണി മോസസ്. രൂപം കൊണ്ടും ഭാവം കൊണ്ടും എന്തിനു പറയുന്നു ഓരോ നോട്ടത്തിലും ആന്റണി മോസ് എന്ന കഥാപാത്രത്തെ  മാത്രമേ സ്ക്രീനിൽ പ്രേക്ഷകന് ദർശിക്കാൻ വിട്ടു കൊടുക്കുന്നുള്ളൂ  എന്നത് പ്രിഥ്വി രാജിന്റെ അഭിനയ നേട്ടം തന്നെയാണ്. മറ്റൊരു അർത്ഥത്തിൽ ആ കഥാപാത്രം സ്വീകരിക്കാൻ പ്രിഥ്വിരാജ് കാണിച്ചത് ഒരു ചങ്കൂറ്റം കൂടിയാണ്. പ്രിഥ്വിരാജിന്റെ ഈ വക മേന്മകളെ സിനിമയിൽ വേണ്ട പോലെ ഉപയോഗിക്കാൻ റോഷൻ ആൻഡ്രൂസ് മിടുക്ക് കാണിച്ചു എന്നത് സത്യമെങ്കിലും കഥാപാത്രത്തിന് അനുയോജ്യമായ നല്ലൊരു വെപ്പ് മീശ വച്ച് കൊടുക്കുന്നതിൽ സംവിധായകനും മേയ്ക്കപ്പ്മാനും ഒരല്പം കൂടി മികവു പുലർത്താമായിരുന്നു എന്നൊരു അഭിപ്രായം  ഇല്ലാതില്ല.

മലയാള സിനിമയിൽ ഏറെക്കാലമായി ഹാസ്യതാരമായും സഹനടനായും തുടരുന്ന ഒരു നടനാണ്‌ കുഞ്ചൻ. കണ്ടു മറന്ന സിനിമകളിലെല്ലാം അദ്ദേഹത്തിന്റെ വേഷം ഒന്നുകിൽ ഒരു കോമാളി അല്ലെങ്കിൽ കാര്യസ്ഥനു തുല്യനായ ഒരു വേലക്കാരൻ കഥാപാത്രം. ഇതായിരുന്നു സ്ഥിതി വിശേഷം. പക്ഷേ മുംബൈ പോലീസിൽ ആ വ്യവസ്ഥിതി തന്നെ മാറ്റിയെഴുതപ്പെടുകയാണ്. സഹനടന്മാരിൽ നിന്ന് ഒരു സിനിമയ്ക്കു ലഭിക്കേണ്ട ഊർജ്ജവും പ്രസരിപ്പും പ്രസക്തിയും എങ്ങനെയാകണമെന്ന് ഈ സിനിമയിലെ കോണ്‍സ്റ്റബിൾ സുധാകാരൻ സിനിമാ ലോകത്തിനു ബോധ്യപ്പെടുത്തി തരുന്നു. വെറുമൊരു കോണ്‍സ്റ്റബിൾ കഥാപാത്രം സിനിമയിൽ എങ്ങനെ ഇത്രമാത്രം ഹൈ ലൈറ്റ് ചെയ്യപ്പെടുമെന്ന സംശയം വേണ്ടേ വേണ്ട. അതിനു തക്ക കഥാ സന്ദർഭവും സംഭാഷണവും സിനിമയിൽ വളരെ അനുയോജ്യമായ രീതിയിൽത്തന്നെ ആ കഥാപാത്രത്തിന് തിരക്കഥാകൃത്തും സംവിധായകനും കല്പിച്ചു നൽകിയിട്ടുണ്ട് എന്ന് മാത്രം മനസ്സിലാക്കുക.
കുഞ്ചനെപ്പോലെ തന്നെ നിരവധി സഹ കഥാപാത്രങ്ങൾ ഇടക്കിടെ വന്നു പോകുന്നുണ്ട്. ചെറുതെങ്കിലും അവർക്കെല്ലാം അവരുടെതായ അവസരം വിനിയോഗിക്കാൻ ഈ സിനിമയിൽ സ്പേസ് നൽകപ്പെടുന്നു എന്നതാണ് ഇതിലെ  ഏറ്റവും ശ്രദ്ധേയമായ കാര്യം. സീരിയൽ താരം മുകുന്ദൻ അവതരിപ്പിച്ച ക്യാപ്റ്റൻ ശ്രീനിവാസൻ അങ്ങനെ ഒന്നായിരുന്നു. അരസികനും അഹങ്കാരിയുമായ ഒരു ക്യാപ്റ്റന്റെ എല്ലാ ധാർഷ്ട്യവും മുകുന്ദനിലൂടെ ഭദ്രമായി ഉപയോഗിക്കാൻ സംവിധായകനു കഴിഞ്ഞു.

അന്യഭാഷാ ചിത്രങ്ങളിൽ മാത്രം കാണാൻ പറ്റുന്ന ഒരു സവിശേഷതയാണ് കേസ് അന്വേഷണസംഘത്തിലെ വനിതാ സാന്നിധ്യം. ഒരു കാലത്ത് മലയാള സിനിമയിൽ വാണി വിശ്വനാഥ് അത്തരം ചില വേഷങ്ങൾ ചെയ്തു വിജയിപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷേ വാണിക്ക് ശേഷം ശ്രദ്ധേയമായ രീതിയിൽ അത്തരമൊരു വേഷം ആരും അഭിനയിച്ചു കണ്ടില്ല.  അതിനൊരു അപവാദമായി മാറുകയാണ് അപർണാ നായർ അവതരിപ്പിച്ച രാഖീ മേനോൻ എന്ന പോലീസ് കഥാപാത്രം.

ജയസൂര്യയുടെ ആകാരം ഒരു IPS കാരന് ചേർന്നതാണോ അല്ലയോ എന്നത് സംബന്ധിച്ച് ആദ്യമൊരു സംശയം ചുരുക്കം ചിലർക്കെങ്കിലുംതോന്നിയേക്കാം. പക്ഷേ  അയാൾക്ക്‌ സ്വന്തം പദവിയോടുള്ള മതിപ്പ് എങ്ങിനെ ഉള്ള ഒന്നാണ് എന്ന് സിനിമയിൽ വെളിപ്പെടുന്ന നിമിഷം തൊട്ട് ആ ഒരു അബദ്ധ ധാരണയും നീക്കപ്പെടുകയാണ്.

റഹ്മാൻ അവതരിപ്പിക്കുന്ന ഫർഹാൻ അമൻ എന്ന കഥാപാത്രം സിനിമയിലെ നെടും തൂണ്‍ കണക്കെ നിലനിൽക്കുന്ന ഒന്നാണ്. മറ്റു കഥാപാത്രങ്ങളെ അപേക്ഷിച്ച് ഫർഹാൻ എന്ന കഥാപാത്രത്തിന് നിശ്ശബ്ദതയിലൂടെ വലിയൊരു നിഗൂഢത സൃഷ്ടിക്കുക എന്നൊരു ദൌത്യമാണ് ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ സിനിമയുടെ ആദ്യ പകുതി കഴിയുമ്പോൾ ഫർഹാന്റെ നിശ്ശബ്ദത കൂടുതൽ തീവ്രമായി പ്രേക്ഷകന് അനുഭവപ്പെടുന്നു.


കുറ്റാന്വേഷണവും സസ്പെൻസും ഇടകലർന്നൊഴുകുന്ന മുംബൈ പോലീസ് പോലെയുള്ള ഒരു സിനിമയിൽ പ്രേക്ഷകാസ്വദനം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ  ഉറപ്പു വരുത്താൻ സഹായകമായിരുന്ന മറ്റൊരു പ്രധാന ഘടകമാണ്  ത്രില്ലിംഗ് സ്വഭാവമുള്ള ഒരു പശ്ചാത്തല സംഗീതം.  ഗോപീ സുന്ദറിന്റെ സംഗീതം അവിടെ അർദ്ധവിജയം മാത്രമാണ് നേടുന്നത്. നിഗൂഢതയും ആകാംക്ഷയും നിറഞ്ഞ വഴികളിലൂടെ കഥയുടെ കുരുക്ക് ഒന്നിൽ നിന്ന് ഒന്നിലേക്ക് അഴിയുകയും മുറുകുകകയും ചെയ്യുമ്പോഴും ഗോപീ സുന്ദറിന്റെ സംഗീതം നിസ്സഹായാവസ്ഥയിൽ കൈ കെട്ടി നിൽക്കുന്ന പ്രതീതിയാണ് സിനിമയിൽ അനുഭവപ്പെടുന്നത്. ഈ ഒരു പോരായ്മ എല്ലാവരും ബോധപൂർവം മറക്കാൻ ശ്രമിക്കുന്നു എങ്കിൽ അത് സിനിമയുടെ സ്ക്രിപ്റ്റിംഗ് മികവിന്റെ സംതൃപ്തി കൊണ്ട് മാത്രമാണ്.

ഗേ സെക്സ് വിഷയാസ്പദമായി സിനിമ ഒന്നും പറയുന്നില്ലെങ്കിലും സിനിമയിൽ ആ വിഷയം ഒരു പ്രധാന ട്വിസ്റ്റ് ആയി അവതരിപ്പിക്കുക വഴി സമൂഹത്തിലെ മറ്റൊരു  തലത്തിൽ കൂടിയും മുംബൈ പോലീസ്  ചർച്ചാ പ്രസക്തി നേടുന്നുണ്ട്. നിരവധി വീക്ഷണ കോണുകളിൽ കൂടി ഈ സിനിമയെ വിലയിരുത്താം എന്നുള്ളത് കൊണ്ട് തന്നെ  തിരക്കഥാ രചനയിലെ മാറ്റത്തിന്റെ പുത്തൻ മുഖമായി മുംബൈ പോലീസ് ഇതിനകം മാറി കഴിഞ്ഞിരിക്കുന്നു. കാലങ്ങൾക്ക് ശേഷം മലയാളി പ്രേക്ഷകന് കിട്ടിയ പൂർണതയുള്ള സിനിമ എന്ന സവിശേഷതയും മുംബൈ പോലീസിനു സ്വന്തമാണ്. എന്തായാലും ഈ വിജയം കേവലം ഒരു മുംബൈ പോലീസിന്റെ മാത്രമാകുന്നില്ല മറിച്ച് മലയാള സിനിമയുടേതു കൂടെയാണ്. അവതരണ മികവും  കെട്ടുറപ്പുള്ള തിരക്കഥയും നടീ നടന്മാരുടെ മികച്ച പ്രകടനവും പ്രദാനം ചെയ്യുന്ന ഏതൊരു സിനിമയെയും  ന്യൂ ജനറേഷൻ ലേബലിൽ വിലയിരുത്താം എന്ന് തന്നെയാണ് ഈ സിനിമയുടെ വിജയം അടിവരയിട്ടു പറയുന്നത്. അങ്ങനെയുള്ള 'ന്യൂ' സിനിമകളെത്തന്നെയാണ് പ്രേക്ഷകരെന്ന 'ജനറേഷൻ'   ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതും.


* ഇ മഷി മാഗസിന്‍ ലക്കം 10 , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി 
-pravin-