Tuesday, November 19, 2013

അരികിൽ ഒരാളിന് എന്ത് സംഭവിച്ചു ?

'ചാപ്റ്റെഴ്സ്' നു ശേഷം സുനിൽ ഇബ്രാഹിം രചനയും സംവിധാനവും വഹിച്ച സിനിമയാണ് അരികിൽ ഒരാൾ. ഇന്ദ്രജിത്തും, നിവിൻ പോളിയും, രമ്യാ നമ്പീശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമ വളരെ വൈകിയാണ് കാണാൻ സാധിച്ചത്. പ്രമേയപരമായി ഏറെ പുതുമയുള്ള ഒരു സിനിമയാണ് അരികിൽ ഒരാൾ എന്ന് നിസ്സംശയം പറയാം. എന്നിട്ടും ആളുകൾക്ക് എന്ത് കൊണ്ടോ ഈ സിനിമ വേണ്ട പോലെ ബോധിച്ചില്ല എന്നറിയുമ്പോൾ വിഷമമുണ്ട്. ഒരു പക്ഷേ ഈ സിനിമക്കായി തിരഞ്ഞെടുത്ത പ്രമേയത്തിന്റെ കട്ടിയും അവതരണത്തിലെ വേറിട്ട രീതികളും, സഡൻ ബ്രേക്കിട്ട പോലെ പെട്ടെന്ന് വന്ന ക്ലൈമാക്സും തന്നെയായിരിക്കാം അതിന്റെ പ്രധാന കാരണങ്ങൾ. 

ബാഗ്ലൂരിൽ നിന്ന്  സ്ഥലം മാറ്റം കിട്ടി കൊണ്ട് കൊച്ചിയിലെത്തുന്ന ക്രിയേറ്റീവ് ആഡ് ഡയറക്ടറായ സിദ്ധാർഥ് (ഇന്ദ്രജിത്ത്) കൊച്ചിയിലെ തന്റെ ഏക സുഹൃത്തായ വീണയെ (രമ്യാ നമ്പീശൻ ) കണ്ടുമുട്ടുന്നു. വീണയുടെ സുഹൃത്തായ ഇച്ഛയെ (നിവിൻ പോളി)  സിദ്ധാർഥ് അവിടെ വച്ചാണ് പരിചയപ്പെടുന്നത്. പുതിയ താമസ സ്ഥലം ശരിയാകുന്നത് വരെ തൽക്കാലം ഇച്ഛയുടെ കൂടെ താമസിക്കാൻ സിദ്ധാർഥ് നിർബന്ധിതനാകുന്നു. പിന്നീട് ഇച്ഛയുടെ കൂടെയുള്ള താമസം സിദ്ധാർഥിന്റെ ജീവിതത്തിലെ ഒരു വേറിട്ട അധ്യായമായി മാറുകയാണ്. ഇച്ഛയിൽ അസാധാരണമായ, അമാനുഷികമായ പല മാറ്റങ്ങളും കണ്ടു തുടങ്ങുന്ന സിദ്ധാർഥ് അക്കാര്യം വീണയുമായി പങ്കു വക്കുന്നു. ഒരേ സമയത്ത് രണ്ടു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള മനുഷ്യരുടെ കഴിവിനെ കുറിച്ച് ശാസ്ത്രം പറയുന്ന വിവരങ്ങള്‍ സിദ്ധാര്‍ഥ്  അന്വേഷിച്ച് അറിയുന്നു. ഇച്ഛയുടെ കാര്യത്തിൽ അത് വരെ അങ്ങിനെ യാതൊരു അസാധാരണത്വവും തോന്നാതിരുന്ന വീണക്ക് പോലും സിദ്ധാർഥ് പറയുന്നത് ശരിയാണെന്ന് പിന്നീട് ബോധ്യപ്പെടുന്നു.  തുടർന്നങ്ങോട്ട് ഇച്ഛയെ കുറിച്ച്  വീണയും സിദ്ധാർഥും നടത്തുന്ന  അന്വേഷണമാണ് സിനിമയെ ത്രില്ലിംഗ് ആക്കുന്നത്. 

സുനിലിന്റെ ആദ്യ സിനിമയായ ചാപ്റ്റേഴ്സിനെ വച്ച് നോക്കുമ്പോൾ പ്രമേയപരമായി ഈ സിനിമ ഏറെ ഉയരങ്ങളിൽ നിൽക്കുന്ന ഒന്നാണ്. എന്നിട്ടും എന്ത് കൊണ്ടോ ചിലയിടങ്ങളിൽ സിനിമ ലാഗ് ചെയ്യുന്നുണ്ട്.  സിനിമയായാലും കഥയായാലും തുടക്കത്തിലെ ഒരൊറ്റ സ്പാർക്ക് മതി ആസ്വാദകനെ  പിടിച്ചിരുത്താൻ. ആ തലത്തിൽ നോക്കുമ്പോൾ സിനിമ പ്രേക്ഷകന് വേണ്ട സ്പാർക്ക് തുടക്കത്തിൽ കൊടുക്കുന്നില്ല. പ്രത്യേകിച്ച് സിനിമയുടെ ആദ്യ ഇരുപതു മിനിറ്റുകൾ സിനിമ വളരെ വിരസമായ സീനുകളിൽ കൂടി പ്രത്യേകിച്ച് ഒന്നും പറയാനില്ലാതെയാണ് കടന്നു പോകുന്നത്. ഒരു പക്ഷേ ഒരു സംവിധായകന്റെ കണ്ണിൽ കൂടി നോക്കി കാണുമ്പോൾ സുനിൽ ഇബ്രാഹിം ശരിയായ നിലപാട് തന്നെയായിരിക്കാം ആദ്യ ഇരുപതു മിനുട്ടുകളിൽ സ്വീകരിച്ചു കാണുക. എന്നിരുന്നാലും മേൽപ്പറഞ്ഞ കാരണം  കൊണ്ട് പല പ്രേക്ഷകരും ഈ സിനിമയെ നിസ്സാരമായി, യാതൊരു ഗൗരവബോധവുമില്ലാതെ, അലസമായാണ് കാണാൻ തുനിഞ്ഞതെന്നാണ് എനിക്ക് മനസിലാകുന്നത്. അത് കൊണ്ട് തന്നെ സിനിമ ഗൌരവ ഭാഷയിൽ അതിന്റെ പ്രമേയം പറഞ്ഞു തുടങ്ങുന്ന സമയത്ത് പ്രേക്ഷകന് തന്റെ യഥാർത്ഥ  ആസ്വാദന മനസ്സ് കൈമോശം വന്നിട്ടുണ്ടാകും . പിന്നെ കാണുന്നത് മുഴുവൻ കുഴപ്പങ്ങൾ മാത്രമായിരിക്കും. ഈ ഒരു പ്രശ്നം കൊണ്ടായിരിക്കാം സിനിമ കണ്ട പലരും എങ്ങും തൊടാത്ത അഭിപ്രായങ്ങൾ പറയുന്നത്. പിന്നെ മറ്റൊന്ന് കൂടിയുണ്ട്, പൊതുവേ ചിലർക്ക് മലയാള സിനിമകളിൽ മാത്രമായി സീൻ ബൈ സീൻ യുക്തി തിരയൽ കൂടുതലാണ്. ചിലർ അഭിപ്രായം പറയുകയുണ്ടായി സിനിമയിൽ യുക്തിക്ക് നിരക്കാത്ത സീനുകൾ ആണ് ഉള്ളതെന്ന്. ഞാൻ നോക്കിയിട്ട് അങ്ങിനെ ഒരു സീൻ പോലും ഇതിൽ കണ്ടില്ല എന്ന് മാത്രമല്ല ഉള്ള സീനുകൾക്ക് ബുദ്ധിപരമായി ആലോചിച്ച് പിന്നീട് മറുപടി പറയാനുള്ള ഒരു സ്പേസ് കൂടി സംവിധായകൻ സിനിമയിൽ നൽകിയിട്ടുണ്ട്. എന്തായാലും ഇത്തരം വേറിട്ട സിനിമാ പരീക്ഷണങ്ങളെ കൊള്ളിവാക്ക് പറഞ്ഞു വില കുറക്കുന്നവരോടുള്ള അമർഷമായി ഈ പോസ്റ്റിനെ ഞാൻ രേഖപ്പെടുത്തുന്നു. 

ആകെ മൊത്തം ടോട്ടൽ = ദ്വന്ദ വ്യക്തിത്വങ്ങളെ കുറിച്ചും അമാനുഷിക ശക്തിയുള്ളവരെ കുറിച്ചുമെല്ലാം മലയാള സിനിമാ ലോകം ഏറെക്കുറെ ചർച്ച ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് എടുത്തു വക്കാവുന്ന ഒരു സസ്പെന്സ് ത്രില്ലർ തന്നെയാണ് അരികിൽ ഒരാൾ. ഒന്ന് കൂടി മനസ്സ് വച്ചിരുന്നെങ്കിൽ സുനിൽ ഇബ്രാഹിമിന് ഈ സിനിമ ഒരു സൂപ്പർ സസ്പെന്സ് ത്രില്ലർ ആക്കാൻ സാധിക്കുമായിരുന്നു എന്ന് നിസ്സംശയം നമുക്ക് പറയാം. 

*വിധി മാർക്ക്‌ = 6.5 /10 

-pravin-

Tuesday, November 5, 2013

KRRISH 3 - ഇന്ത്യയുടെ സ്വന്തം സൂപ്പർ മാൻ


കഹോ നാ പ്യാർ ഹേ , കോയി മിൽ ഗയാ ,കൃഷ്‌ എന്നീ സിനിമകൾക്ക്‌  ശേഷം ഹൃതിക് റോഷനെ നായകനാക്കി രാകേഷ് റോഷൻ സംവിധാനം ചെയ്ത  നാലാമത്തെ സിനിമയാണ് കൃഷ്‌ 3.  അന്യഗ്രഹ ജീവികളെ പൊതുവേ വില്ലന്മാരായി കാണുന്ന നമ്മുടെ ചിന്താ തലത്തിലേക്ക് സ്നേഹ സമ്പന്നന്നായ ഒരു പാവം 'ജാദു'വിനെ സമ്മാനിച്ചു കൊണ്ടായിരുന്നു കൃഷ്‌ സീരീസ് സിനിമകളുടെ തുടക്കം. രണ്ടര-രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ആദ്യ ഭാഗ സിനിമയിൽ  ജാദുവിനോട് എന്തെന്നില്ലാത്ത ഒരടുപ്പം പ്രേക്ഷകന് ഉണ്ടാകുന്നുണ്ട്. 'കോയി മിൽ ഗയാ' എന്ന് നമുക്കും തോന്നിപ്പോകുന്ന നിമിഷങ്ങൾ.  കുറച്ചൊരു വിഷമത്തോടെയാണെങ്കിലും സിനിമാവസാനം  ജാദുവിനെ അവന്റെ ലോകത്തേക്ക് തന്നെ നമ്മൾ യാത്രയയച്ചു. ജാദുവിനെ പിരിഞ്ഞ വിഷമം മൂന്നു വർഷക്കാലം പലരിലും ഉണ്ടായിരുന്നിരിക്കാം. അതിനൊരു സമാധാനമാകുന്നത്  2006 ഇൽ കൃഷ്‌ ജനിക്കുന്നതോട് കൂടിയാണ്. കൃഷിന്റെ അമാനുഷിക ശക്തിയും മാനുഷിക മൂല്യങ്ങളും പ്രേക്ഷകനെ അന്ന് അതിശയിപ്പിക്കുകയുണ്ടായി. ഒടുക്കം കൃഷിനെയും താൽക്കാലികമായി നമ്മൾ പിരിഞ്ഞു. അഭ്രപാളിയിൽ ദൃശ്യ വിസ്മയം സൃഷ്ട്ടിക്കുന്ന അമാനുഷികനായ കൃഷ്‌ ഇനിയും വരുമോയെന്ന്  പ്രതീക്ഷയോടെ നമ്മൾ കാത്തിരുന്നു. ഏഴു വർഷത്തെ ആ കാത്തിരിപ്പിന്റെ ഉത്തരമാണ്  കൃഷ്‌ 3.  

കൃഷ്‌ 3 സിനിമയുടെ  ട്രൈലെർ ഇറങ്ങിയ സമയത്ത് ചില ഗ്രാഫിക്സ് ബുദ്ധി ജീവികൾ ഈ സിനിമയെ നിശിതമായി വിമർശിച്ചു കണ്ടിരുന്നു. അത്തരം കണ്ണടച്ചുള്ള വിമർശനങ്ങൾക്ക് കനത്ത മറുപടി തന്നെയാണ് കൃഷ്‌ 3 നൽകുന്നത്. ഹോളിവുഡ് ഫിക്ഷൻ സിനിമകൾ കാണുമ്പോൾ തോന്നാത്ത സംശയങ്ങളും വിമർശനങ്ങളുമാണ്കൃഷിന്റെ കഥ - തിരക്കഥക്ക് നേരെ ചിലർ  തൊടുത്തു വിടുന്നത്. മുൻപേ ഇറങ്ങിയ രണ്ടു സിനിമകളെയും വച്ച് നോക്കുമ്പോൾ കൃഷ്‌ 3ക്ക് ശക്തമായ കഥയോ തിരക്കഥയോ അവകാശപ്പെടാനില്ല എന്നത് സത്യം തന്നെയാണ്. പക്ഷേ ആ പോരായ്മ സാങ്കേതിക തികവും മേന്മയും കൊണ്ട് സിനിമ മറി കടക്കുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ഹീറോ സിനിമകളിൽ സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം ഗ്രാഫിക്സ് സ്ഫോടനം നടത്താൻ കൃഷിനു സാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഹോളിവുഡ് സിനിമകളിലെ എക്സ് മാനും, സൂപ്പർ മാനും, സ്പൈഡർ മാനും അടക്കുമുള്ള സൂപ്പർ ഹീറോകളുടെ സാമ്യതകൾ  കൃഷിന്റെ രൂപ കൽപ്പനയിൽ  സ്വാധീനം ചെലുത്തിയിരിക്കാം എന്നൊരു കാരണം കൊണ്ട് കൃഷ് ഒരിക്കലും വെറുക്കപ്പെടേണ്ടവനാകുന്നില്ല. 

സിനിമയിലെ അമാനുഷികരായ  നായക കഥാപാത്രങ്ങൾ എല്ലാ കാലത്തും എല്ലാ തരം പ്രേക്ഷകരെയും ത്രില്ലടിപ്പിച്ചിട്ടുണ്ട്. ഇവിടെയും അത് തന്നെയാണ് സംഭവിക്കുന്നത്.അതേ  സമയം ആദ്യ കാല  കൃഷ്‌ സിനിമകളിലുണ്ടായിരുന്ന നായികാ-നായക പ്രേമവും അനുബന്ധ സീനുകളൊന്നും കൃഷ്‌ 3 യിൽ കടന്നു വരുന്നില്ല. മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഒരു സിനിമയല്ല കൃഷ്‌ 3 എങ്കിൽ കൂടി വിവേക് ഒബ്രോയ് അവതരിപ്പിച്ച "കാൽ" എന്ന വേഷവും, കംഗനാ റണാവത്തിന്റെ "കായ" എന്ന വേഷവും നെഗറ്റീവ് ലുക്കിലും പ്രകടനത്തിലും ശ്രദ്ധേയമായിരുന്നു. ഹൃതിക് റോഷൻ തനിക്കു കിട്ടിയ രണ്ടു വേഷവും മോശമാക്കാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രയുടെ നായികാ വേഷത്തെ കംഗനയുടെ "കായ" എന്ന ശക്തമായ കഥാപാത്രം അപ്രസക്തമാക്കി കളഞ്ഞു.  രാജേഷ് റോഷന്റെ സംഗീതം സിനിമക്ക് വേണ്ട വിധത്തിൽ പിന്തുണ നൽകിയില്ല എന്ന് തന്നെ പറയാം. 

സിനിമയുടെ ആദ്യ പകുതി അൽപ്പ സ്വൽപ്പം മുഷിവ്‌ സമ്മാനിക്കുമെങ്കിലും രണ്ടാം പകുതിയിൽ അതെല്ലാം മറന്നു കൊണ്ട് കൂടുതൽ ചോദ്യങ്ങൾക്കൊന്നും മുതിരാതെ സിനിമയിൽ പ്രേക്ഷകൻ  ലയിച്ചു പോകുന്നുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിൽ.  മുൻപൊന്നും ഒരു ഇന്ത്യൻ ഫിക്ഷൻ സിനിമകളിലും കാണാത്ത തരത്തിലുള്ള വെടിക്കെട്ട് സംഘട്ടനങ്ങളാണ് ഈ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ഫിക്ഷൻ സിനിമ എന്ന നിലക്ക് കൃഷ്‌ 3 യിൽ അതെല്ലാം വളരെ ആവശ്യവുമാണ് എന്നിരിക്കെ ഈ സിനിമയെ വിമർശിക്കാനായി ഒന്നും പരതി നടക്കണമെന്നില്ല. എന്തായാലും ഈ സിനിമ എടുക്കാൻ അണിയറ പ്രവർത്തകർ കാണിച്ച മുഴുവൻ പരിശ്രമത്തേയും പ്രേക്ഷകർക്ക്  മാനിച്ചേ മതിയാകൂ. ഭാവിയിൽ ഹോളിവുഡ് സിനിമകളുടെ  സാങ്കേതിക വിദ്യക്കൊപ്പം കിടപിടിക്കാവുന്ന  സിനിമകൾ ഇന്ത്യൻ സിനിമാ ലോകത്തും പിറന്നു വീഴുമെന്ന പ്രതീക്ഷ കൂടിയാണ് കൃഷ്‌ 3 ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് നൽകുന്നത് എന്ന് പറയാതെ വയ്യ. 

ആകെ മൊത്തം ടോട്ടൽ = ഈ സിനിമയെ വിമർശിച്ചേ മതിയാകൂ എന്ന നിലപാടിൽ കാണുകയാണെങ്കിൽ വിമർശിക്കാനായി ധാരാളം വകുപ്പുകൾ സിനിമ തരുന്നുണ്ട്. അതേ സമയം ഒരു സൂപ്പർ ഹീറോ സയൻസ് ഫിക്ഷൻ സിനിമയാണ് നിങ്ങൾ കാണുന്നത് എന്ന വിവരവും വെളിവും ഉണ്ടെങ്കിൽ ഈ സിനിമ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടാനും ആസ്വദിക്കാനും സാധിക്കും. 

*വിധി മാർക്ക്‌ = 7/10 
-pravin-