Friday, January 31, 2014

മലയാള സിനിമ 2013- ഒരു എത്തിനോട്ടം

മലയാള സിനിമ പോയ വർഷത്തിൽ  ഒരു വലിയ ചരിത്രം കൂടിയാണ് തിരുത്തിയെഴുതിയത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ് ഏറ്റവും കൂടുതൽ സിനിമകൾ മലയാള ഭാഷയിൽ നിന്നിറങ്ങുന്നത്.  ഇത് വരെ റിലീസ് ചെയ്ത മലയാള സിനിമകളുടെ എണ്ണം നോക്കുകയാണെങ്കിൽ ഏകദേശം 158 വരും. ഇതിനും പുറമേ ഡബ്  ചെയ്ത സിനിമകൾ ഏകദേശം 12 എണ്ണം വേറെയും.  ഹിന്ദിയിലും തമിഴിലും കന്നടയിലും തെലുഗിലും കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമകളുടെ എണ്ണം യഥാക്രമം 123, 146, 119, 116 എന്നിങ്ങനെ പോകുന്നു. റിലീസ് ചെയ്ത സിനിമകളുടെ എണ്ണത്തിനോടൊപ്പം തന്നെ മുടക്ക് മുതലിലും, വിജയിച്ച ചിത്രങ്ങളുടെ എണ്ണത്തിലും, ചാനൽ - സാറ്റ്ലൈറ്റ് റൈറ്റുകളിലെല്ലാം തന്നെ മലയാള സിനിമ ഈ വർഷം പല റെക്കോർഡുകളും തിരുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകരും  നിർമ്മാതാക്കളും മലയാള സിനിമയിലേക്ക് അരങ്ങേറ്റം  കുറിച്ച വർഷവും 2013 ആണ്. എണ്‍പത്തി ആറോളം നവാഗത സംവിധായകരെയാണ്  പോയ വർഷം മലയാള സിനിമക്ക് കിട്ടിയത്. 

പോയ വർഷത്തിൽ റിലീസ് ചെയ്ത മലയാള  സിനിമകളിലൂടെ ഒരു ഓടിച്ചു നോട്ടം. 

ജനുവരി 

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലുമാണ് കഴിഞ്ഞ വർഷത്തെ ആദ്യ ഹിറ്റ്‌ സിനിമ. പ്രേക്ഷക മനസ്സുകളിൽ പ്രണയവും വിരഹവും വേദനയും സമ്മാനിച്ചു കൊണ്ടാണ് അന്നയും റസൂലും കടന്നു പോയത്. തന്റെ ആദ്യ സിനിമ വളരെ realistic ആയി തന്നെ അവതരിപ്പിക്കാൻ രാജീവ് രവിക്ക് സാധിച്ചു. മികച്ച ആഡിയോഗ്രഫിക്കുള്ള ദേശീയ അവാർഡ് ഈ സിനിമയിലൂടെ രാധാകൃഷ്ണൻ എസ് കരസ്ഥമാക്കിയിരുന്നു. എഡിറ്റിംഗ്, ച്ഛായാഗ്രഹണം, എന്നിവക്കുള്ള കേരള സംസ്ഥാന അവാർഡുകളും ഈ സിനിമയെ തേടിയെത്തുകയുണ്ടായി.  

 നി കൊ ഞാ ചാ,  എന്ട്രി, മാഡ് ഡാഡ്, നഖങ്ങൾ, പ്ലയേഴ്സ്, അന്നും ഇന്നും എന്നും, മൈ ഫാൻസ്‌ രാമു, യാത്രക്കൊടുവിൽ  തുടങ്ങിയ സിനിമകൾ എന്തിനോ വേണ്ടി റിലീസാകുകയും നിശബ്ദമായി  എരിഞ്ഞടങ്ങുകയുമായിരുന്നു. ടെലിവിഷൻ ചാനൽ അവതാരകയുടെ സ്ഥിരം വേഷത്തിൽ നിന്ന് ACP ശ്രേയയുടെ വേഷത്തിലേക്ക് രഞ്ജിനി ഹരിദാസിന് ചുളുവിൽ ഒരു പ്രമോഷൻ കൊടുക്കാൻ വേണ്ടി മാത്രം വന്ന സിനിമയായിരുന്നു നോ എൻട്രി. ലാലും ടിനി ടോമും നെടുമുടി വേണുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഐസക് ന്യൂട്ടൻ S/O ഫിലിപ്പോസ് കോമഡിയുടെ വെടിക്കെട്ട് തീർക്കാനായാണ്‌ വന്നതെങ്കിലും ആ പ്രതീക്ഷകളെ അസ്ഥാനത്താക്കി കൊണ്ട് പെട്ടെന്ന് തന്നെ അസ്തമിക്കുകയാണ് ഉണ്ടായത്.

'ജനപ്രിയന്‍' സിനിമക്ക് ശേഷം  ബോബന്‍ സാമുവലിന്റെ സംവിധാനത്തില്‍ വന്ന കുഞ്ചാക്കോ-ബിജുമേനോന്‍ ടീമിന്റെ 'റോമന്‍സ്' കണ്ടിരിക്കാവുന്ന ഒരു കോമഡി ത്രില്ലര്‍ ആയിരുന്നു.

ലാൽ ജോസിന്റെ അച്ഛനുറങ്ങാത്ത വീടെന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമെന്ന പേരിൽ ബാബു ജനാർദ്ധനൻ സംവിധാനം ചെയ്ത സിനിമയായിരുന്നു ലിസമ്മയുടെ വീട്. മീരാജാസ്മിന്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവിന് സിനിമ ഒരു കാരണമായി എന്നതിലുപരി ലിസമ്മക്കും കാര്യമായൊരു ശ്രദ്ധ നേടാൻ സാധിച്ചില്ല. ഈ കൂട്ടത്തിനിടയിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സിനിമയായിരുന്നു രാജേഷ്‌ ടച്റിവർ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത 'എന്റെ. തന്റെ ഭാര്യയും പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയുമായ   സുനിതാ കൃഷ്ണന്റെ അനുഭവങ്ങളെ ആധാരമാക്കി കൊണ്ടാണ് രാജേഷ് ഈ സിനിമ നിർമ്മിച്ചത്. പക്ഷേ മേൽപ്പറഞ്ഞ സിനിമകളുടെ  കുത്തൊഴുക്കിൽ കിട്ടേണ്ടിയിരുന്ന  പ്രാധാന്യം പോലും ലഭിക്കാതെ ഈ സിനിമ വിസ്മൃതിയിലാണ്ടു.

മേജർ രവി നേതൃത്വം നൽകി കൊണ്ട്  പ്രിയനന്ദനനൻ, രാജേഷ്‌ അമനക്കര, മാത്യൂസ്‌ തുടങ്ങീ സംവിധായകരുടെ കൂട്ടായ്മയിൽ നാല് ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമെന്ന നിലയിൽ റിലീസായ സിനിമയായിരുന്നു ഒരു യാത്രയിൽ. ഒരു വ്യത്യസ്ത സിനിമാനുഭവം എന്ന നിലക്ക് കുറച്ചു പ്രേക്ഷകരെയെങ്കിലും തൃപ്തിപ്പെടുത്താൻ ഈ സിനിമയ്ക്കു കഴിഞ്ഞു എന്നത് ആശ്വാസജനകമായിരുന്നു. 

സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ സാറ്റ്ലൈറ്റ് റൈറ്റ് വിപണിയിൽ സജീവമായി എന്നതൊഴിച്ചാൽ പ്രേക്ഷക മനസ്സുകളിലോ തിയേറ്ററുകകളിലോ യാതൊരു ചലനവും സൃഷ്ടിച്ചില്ല. റണ്‍ ബേബി റണ്ണിന്റെ വിജയത്തിന് ശേഷം മോഹൻ ലാൽ - ജോഷി ടീം ഒരുമിച്ച ലോക്പാൽ കഴിഞ്ഞ വർഷത്തെ വൻപരാജയം ഏറ്റു വാങ്ങിയ ഒരു സിനിമയായിരുന്നു. മമ്മൂട്ടി - ദിലീപ് ടീമിന്റെ കമ്മത്ത് ആൻഡ്‌ കമ്മത്തിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അതേ സമയം സാറ്റ്ലൈറ്റ് റൈറ്റ് തുകയുടെ കാര്യത്തിൽ കമ്മത്ത് പണം കൊയ്തെടുക്കുക തന്നെ ചെയ്തു. 

ഫെബ്രുവരി  

വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള 3D, പി ശിവറാം സംവിധാനം ചെയ്ത ഒരു  നേരിന്റെ നൊമ്പരം, വി കെ പ്രകാശിന്റെ നത്തോലി ഒരു ചെറിയ മീനല്ല  എന്നിവയാണ് ഫെബ്രുവരി ആദ്യ വാരം റിലീസായ സിനിമകൾ. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തിരക്കഥയിലെ ലോജിക്കില്ലായ്മകൾ  കൊണ്ടും വിനയന്റെ ഡ്രാക്കുള  ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങി. ഒരേ സമയം തമിഴിലും തെലുഗിലും മലയാളത്തിലും ഈ സിനിമ റിലീസ് ചെയ്യുകയുണ്ടായി. വിനയനെന്ന സംവിധായകൻറെ ഏറ്റവും മോശം സിനിമയായി പ്രേക്ഷകർ ഈ സിനിമയെ വിലയിരുത്തിയെങ്കിലും സാമ്പത്തികമായി സിനിമ വിജയിക്കുകയായിരുന്നു. 3D സാങ്കേതിക വിദ്യയുടെ കാര്യത്തിൽ മാത്രമാണ് സിനിമ കുറച്ചെങ്കിലും കൈയ്യടി നേടിയത്. 12 കോടി മുതൽമുടക്കിൽ ചിത്രീകരിച്ച ഈ സിനിമ 25 കോടിയിലധികം തിരിച്ചു പിടിച്ചു.

ഒരു നേരിന്റെ നൊമ്പരം, കൌ ബോയ്‌,ബ്രേക്കിംഗ് ന്യൂസ്‌ ലൈവ്,ഹൗസ് ഫുൾ, 10.30 am ലോക്കൽ കാൾ എന്നിവയായിരുന്നു  ഫെബ്രുവരി മാസത്തിൽ പരാജയം രുചിച്ച മറ്റു സിനിമകൾ. വി കെ പ്രകാശ് സംവിധാനം ചെയ്ത നത്തോലി ചെറിയ മീനല്ല, രാജീവ് നാഥിന്റെ ഡേവിഡ് ആൻഡ്‌ ഗോലിയാത്ത് തുടങ്ങീ സിനിമകൾക്ക്  സമ്മിശ്ര പ്രതികരണങ്ങളാണ് കിട്ടിയത് .അതേ സമയം ജെ.സി ഡാനിയലിന്റെ ജീവിത കഥയെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത സെല്ലൂലോയ്ഡ് മലയാള സിനിമക്ക് എന്നെന്നും നെഞ്ചോട്‌ ചേർത്ത് അഭിമാനിക്കാനുള്ള ഒരു സിനിമയായി മാറി.  പോയ വർഷത്തെ മികച്ച സിനിമക്കുള്ള കേരള സംസ്ഥാന അവാർഡ് സെല്ലൂലോയ്ഡിനായിരുന്നു ലഭിച്ചത്.   പ്രിഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം അടക്കം ആറോളം അവാർഡുകൾ വേറെയും സെല്ലൂലോയ്ഡ്‌ കരസ്ഥമാക്കുകയുണ്ടായി.

ഫെബ്രുവരി മാസം റിലീസ് ചെയ്ത സിനിമകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സിനിമയായിരുന്നു ജോയ് മാത്യുവിന്റെ ഷട്ടർ. തിയേറ്ററുകളിൽ വലിയൊരു ചലനം സൃഷ്ടിക്കാൻ സിനിമയ്ക്കു സാധിച്ചില്ലെങ്കിലും  നിരൂപക പ്രശംസ നേടാൻ ഷട്ടറിനു കഴിഞ്ഞു. തുടർന്ന് നടന്ന നിരവധി ചലച്ചിത്രമേളകളിൽ ഷട്ടർ വളരെ നല്ല രീതിയിൽ വിലയിരുത്തപ്പെടുകയുണ്ടായി. പക്ഷേ  സിനിമ അപ്പോഴേക്കും തിയേറ്റർ വിട്ടിരുന്നു. എന്നിരുന്നാലും ചലച്ചിത്ര മേളകളിൽ ജനപ്രിയ സിനിമയായി ഷട്ടർ തിരഞ്ഞെടുക്കപ്പെട്ടു. 

മാർച്ച്‌ 

വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത കിളി പോയി, ബിനോയ്‌ ജോർജിന്റെ ഒമേഗ, രഞ്ജൻ പ്രമോദിന്റെ റോസ് ഗിത്താറിനാൽ എന്നീ സിനിമകളായിരുന്നു മാർച്ച് ആദ്യ വാരം തിയേറ്ററുകളിൽ എത്തിയത്. അസിഫ് അലി, അജു വർഗീസ്‌ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'കിളി പോയി'  മലയാളത്തിൽ ഇറങ്ങിയ ഒരൊത്ത കഞ്ചാവ് സിനിമ എന്ന വിശേഷണം സ്വന്തമാക്കുകയുണ്ടായി. ന്യൂ ജനറേഷൻ സിനിമ എന്നാൽ ഗോവയിലേക്കുള്ള ഒരു അർമാദ ട്രിപ്പും അനുബന്ധ പെണ്ണ് പിടിയും കഞ്ചാവ് വലിയും മാത്രമാണോ ഉദ്ദേശിക്കുന്നത് എന്ന് രീതിയിലുള്ള ചോദ്യങ്ങളും ചർച്ചകളും ഈ സിനിമയെ ചുറ്റിപ്പറ്റി നടക്കുകയുണ്ടായി. ഒമേഗ, റബേക്ക ഉതുപ്പ് കിഴക്കേ മല, പകരം, റേഡിയോ, പൂമ്പാറ്റകളുടെ താഴ്വാരം, ഡോൾസ്, കാണാപ്പാഠം, ഗുഡ് ഐഡിയ, യാത്ര തുടരുന്നു തുടങ്ങീ സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്തോ ഇല്ലയോ എന്ന് പോലും ഉറപ്പ് പറയാൻ പറ്റാത്ത വിധം വന്നു പോയി. 

സൂരി ദേവ സംവിധാനം ചെയ്ത മഹാത്മാ അയ്യങ്കാളി എന്ന സിനിമ അയ്യങ്കാളിയോടുള്ള ആദരസൂചകമായാണ് വന്നതെങ്കിലും വേണ്ട പോലെ ശ്രദ്ധിക്കപ്പെട്ടില്ല. ജയൻ കെ ചെറിയാൻ സംവിധാനം ചെയ്ത പാപ്പിലിയോ ബുദ്ധയുടെ സ്ഥിതി മറ്റൊന്നായിരുന്നു. ഗാന്ധിജിയെയും ബുദ്ധനെയും സിനിമയിൽ  മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്ന കാരണത്താൽ സെൻസർ ബോർഡ് ഈ സിനിമയുടെ പ്രദർശനം തടഞ്ഞത് വലിയ വിവാദങ്ങൾ വിളിച്ചു വരുത്തി. എന്നിരുന്നാലും വിവാദ രംഗങ്ങൾ ഒഴിവാക്കി കൊണ്ട് സിനിമ ചിലയിടങ്ങളിൽ പ്രദർശിപ്പിച്ചു. പിന്നീട് കേരള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശവും ഈ സിനിമയ്ക്കു കിട്ടുകയുണ്ടായി. 

ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത കുട്ടീം കോലും എന്ന സിനിമക്ക്  പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ലെങ്കിലും ഒരു മുഴുനീള സിനിമ സംവിധാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സംവിധായകൻ എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഒരിടം നേടിക്കൊടുക്കാൻ പക്രുവിനെ ഈ സിനിമ സഹായിച്ചു.

ദീപു അന്തിക്കാടിന്റെ ലക്കി സ്റ്റാർ, സലാം ബാപ്പുവിന്റെ റെഡ് വൈൻ, സുഗീതിന്റെ 3 ഡോട്സ് തുടങ്ങീ സിനിമകൾ  സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്റർ വിട്ടപ്പോൾ പദ്മകുമാറിന്റെ ഇത് പാതിരാമണൽ എന്ന സിനിമ തിയേറ്ററിൽ തകർന്നടിയുകയാണുണ്ടായത്. എന്നാൽ മാർച്ച് മാസത്തിലെ പുണ്യം കണക്കെ തിയേറ്ററിൽ നിറഞ്ഞോടിയ സിനിമയായിരുന്നു ലിജോ ജോസ് പല്ലിശേരിയുടെ ആമേൻ. കുമരംകരി ഗ്രാമവും സോളമനും ശോശന്നയും പിന്നെ പുണ്യാളനും മലയാളക്കരയുടെ മനം കവർന്നു എന്ന് തന്നെ പറയാം. 

ഏപ്രിൽ  

ലാൽ ജോസിന്റെ മമ്മൂട്ടി ചിത്രം ഇമ്മാനുവലും , വൈശാഖിന്റെ ദിലീപ് ചിത്രം സൌണ്ട് തോമയുമായിരുന്നു ഏപ്രിൽ ആദ്യ വാരം തിയേറ്ററിലെത്തിയ സിനിമകൾ. ഇമ്മാനുവലിന്റെ  നിഷ്ക്കളങ്കതയെ പ്രേക്ഷകർ  ഇരുകൈയ്യും നീട്ടി തന്നെ സ്വീകരിച്ചു. വൈശാഖ് - ബെന്നി പി നായരമ്പലം ടീമിന്റെ ദിലീപ് ചിത്രം സൌണ്ട് തോമ പുതുമകളൊന്നും പങ്കു വച്ചില്ല. പകരം ദിലീപിന്റെ വികലാംഗ കഥാപാത്രത്തെ മാത്രം ഹൈലൈറ്റ് ചെയ്തു കൊണ്ട് കുടുംബ പ്രേക്ഷകരെയും ദിലീപ് ഫാൻസിനെയെയും തൃപ്തിപ്പെടുത്താൻ ശ്രമിച്ചു. സാറ്റ്ലൈറ്റ് റൈറ്റ് കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു സിനിമയായിരുന്നു സിദ്ധീഖിന്റെ മോഹൻ ലാൽ ചിത്രം ലേഡീസ് ആൻഡ്‌ ജെന്റിൽമാൻ. ഒരു കാലത്തെ ഹിറ്റ്‌ സിനിമകളുടെ സംവിധായകൻ തന്നെയാണോ ഇവ്വിധം ഒരു സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എന്ന് പ്രേക്ഷകർ ഒന്നടങ്കം പരാതി പറഞ്ഞ ഒരു സിനിമ കൂടിയാണ്  ലേഡീസ് ആൻഡ്‌ ജെന്റിൽമാൻ. ഒരു ഹ്രസ്വ ചിത്ര വിഭാഗത്തിൽ ഒതുക്കി ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നു ദീപൻ സംവിധാനം ചെയ്ത സിം എന്ന സിനിമ. പക്ഷേ ഒരു മുഴുനീള സിനിമാ രൂപത്തിലേക്ക് സിം എത്തിയപ്പോൾ അതൊരു പരാജയമായി മാറി. 

 പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ പത്മരാജന്റെ മകൻ അനന്ത പത്മനാഭൻ ആദ്യമായി തിരക്കഥയെഴുതിയ സിനിമയായിരുന്നു ആഗസ്റ്റ്‌ ക്ലബ്. കെ ബി വേണു സംവിധാനം ചെയ്ത ഈ സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഒരു നല്ല എഴുത്തുകാരൻ എന്ന  ഭാവി പ്രതീക്ഷ  കാത്തു സൂക്ഷിക്കാൻ അനന്ത പത്മനാഭന് സാധിച്ചു  ആ കാലത്ത് റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും നന്നായി ബിംബാത്മകത ഉപയോഗപ്പെടുത്തിയ സിനിമ എന്ന നിലയിൽ ആഗസ്റ്റ്ക്ലബ് കൂടുതൽ ശ്രദ്ധേയമാണ്. 

മലയാറ്റൂരിന്റെ യക്ഷി എന്ന നോവലിനെ അടിസ്ഥാനമാക്കി ശാലിനി ഉഷ നായർ സംവിധാനം ചെയ്ത ഫഹദ് സിനിമയായിരുന്നു അകം. സംഭാഷണങ്ങളില്ലാതെ വലിച്ചു നീട്ടിയ സീനുകളും, തുടക്കമെന്ത് ഒടുക്കമെന്ത് എന്നറിയാത്ത രീതിയിലുള്ള എഡിറ്റിങ്ങും അങ്ങിനെ എല്ലാം കൂടിയായപ്പോൾ " അകം  "അവ്യക്തതകളുടെ കൂമ്പാരമായി മാറി. നോവലിനെ സിനിമയാക്കുമ്പോൾ അക്ഷരങ്ങളേയും , ഭാവങ്ങളെയും, ഒരു അടൂർ സ്റ്റൈലുള്ള ഇഴച്ചിലിനപ്പുറം വിഭിന്നമായി എങ്ങിനെ സിനിമയിൽ കാണിക്കാം എന്നുള്ളിടത്ത് ശാലിനി ഉഷ ഒരു പരാജയമായി. കഥയിലെ ത്രില്ലിംഗ് സ്വഭാവം സിനിമയിൽ കാണാൻ സാധിക്കാതെ പോയതും അത് കൊണ്ടാകാം. 

 സിൽക്ക് സ്മിതയുടെ കഥ പറയാനെത്തിയ ക്ലൈമാക്സ് , 72 മോഡൽ, പ്രോഗ്രസ് റിപ്പോർട്ട്, ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ, എന്റെ പുതിയ നമ്പർ 9567889999, ശ്വാസം തുടങ്ങിയ സിനിമകളായിരുന്നു ഏപ്രിൽ മാസത്തെ പരാജിത സിനിമാ പ്പട്ടികയിൽ ഇടം പിടിച്ചത്. 

മെയ്  

അക്കു അക്ബർ സംവിധാനം ചെയ്ത ഭാര്യ അത്ര പോരാ, അജി ജോണിന്റെ ഹോട്ടൽ കാലിഫോർണിയ, റോഷൻ ആണ്ട്രൂസിന്റെ മുംബൈ പോലീസ്, അൽഫോൻസ്‌ പുത്രന്റെ നേരം എന്നീ സിനിമകളായിരുന്നു മെയ് ആദ്യ വാരത്തിലെ റിലീസുകൾ. വെറുതെ ഒരു ഭാര്യയുടെ വിജയത്തിന്  ശേഷം അക്കു അക്ബർ - ജയറാം - ഗോപികാ ടീം ഒന്നിച്ച 'ഭാര്യ അത്ര പോരാ' യെ  കുടുംബ പ്രേക്ഷകർ അത്ര കാര്യമായി ഗൌനിച്ചില്ല എങ്കിൽ കൂടി പടം ഹിറ്റ്‌ സിനിമകളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. അനൂപ്‌ മേനോന്റെ രചനയും അജി ജോണിന്റെ സംവിധാനം കൂടി ചേർന്ന ഹോട്ടൽ കാലിഫോർണിയ പ്രേക്ഷകരുടെ പരിഹാസങ്ങളും പുച്ഛങ്ങളും മാത്രം ഏറ്റു വാങ്ങി. എന്നാൽ പുത്തൻ തിരക്കഥാ ശൈലിയിലൂടെ സഞ്ജയ്‌- ബോബിമാർ മ ലയാള സിനിമയിൽ വീണ്ടുമൊരു മാറ്റത്തിന്റെ സൂചന തന്നു കൊണ്ടാണ് മുംബൈ പോലീസിനെ വിജയിപ്പിച്ചത്. മുംബൈ പോലീസിലെ ആന്റണി മോസസ് എന്ന കഥാപാത്രം പ്രിഥ്വിരാജിന് ഏറെ കൈയ്യടികൾ തന്നെ നേടിക്കൊടുക്കുകയുണ്ടായി. മലയാള സിനിമയിലെ വേറിട്ട ഒരു പരീക്ഷണമായിരുന്നു നേരം. മാത്യു എന്ന ചെറുപ്പക്കാരന്റെ ചെന്നൈയിലെ ഒരു ദിവസം, അതായിരുന്നു നേരം സിനിമയുടെ പ്രധാന കഥാ പരിസരം. അൽഫോൻസ് പുത്രന്റെ ആദ്യ സംവിധാന സംരംഭം പ്രേക്ഷകർ ഏറ്റെടുത്ത വിജയം കൂടിയായിരുന്നു. 

മാണിക്യ തമ്പുരാട്ടിയും ക്രിസ്മസ് കരോളും, മുസാഫിർ, ആറു സുന്ദരിമാരുടെ കഥ, ആട്ടക്കഥ, കരുമൻ കാശപ്പൻ, അഭിയും നാനും, വല്ലാത്ത പഹയൻ എന്നിവയായിരുന്നു മെയ് മാസം റിലീസ് ചെയ്ത് നിശബ്ദമായി മടങ്ങിയ സിനിമകൾ. എം പദ്മകുമാറിന്റെ ഒറീസ, ശ്യാമ പ്രസാദിന്റെ ഇംഗ്ലീഷ്, ടി കെ രാജീവ്‌ കുമാറിന്റെ അപ് ആൻഡ്‌ ഡൌണ്‍ തുടങ്ങിയ സിനിമകൾക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചു കൊണ്ടിരുന്നതെങ്കിലും  ചുരുങ്ങിയ ദിവസമേ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുള്ളൂ.

ബിനു ശശിധരൻ സംവിധാനം ചെയ്ത  Once Upon a Time  മലയാളത്തിലെ ആദ്യ മുഴുനീള അനിമേഷൻ സിനിമയായിരുന്നു. സലിം കുമാർ, മച്ചാൻ വർഗീസ്‌, നാരായണൻ കുട്ടി, മാള അരവിന്ദൻ എന്നിവരുടെ ചലനങ്ങൾ സിനിമയിൽ രൂപപ്പെടുത്തി കൊണ്ടായിരുന്നു സിനിമ നിർമ്മിച്ചത്. 

ജൂണ്‍ 

ഹണീബി, പിഗ്മാൻ, ടീൻസ് എന്നീ മൂന്നു സിനിമകളാണ് ജൂണ്‍ ആദ്യ വാരം പുറത്തിറങ്ങിയത്. ജൂനിയർ ലാൽ അഥവാ ജീൻ പോൾ ലാലിന്റെ ആദ്യ സിനിമയെ യുവജനം കൈയ്യടിച്ചു വിജയിപ്പിച്ചു എന്ന് തന്നെ പറയാം. കൂടുതലൊന്നും പ്രതീക്ഷിക്കാതെ ഹണീബി  കാണാൻ പോയ പ്രക്ഷകരെല്ലാം ഹണീബി കൊണ്ട് ഹാപ്പിയായി.

അവിര റബേക്കയുടെ പിഗ്മാനിലൂടെ ജയസൂര്യക്ക് നല്ലൊരു കഥാപാത്രം കിട്ടിയെന്നതൊഴിച്ച് പിഗ്മാൻ കൂടുതലൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. അയാൾ, ഗോഡ് ഫോർ സേൽ, പൈസ പൈസ തുടങ്ങീ സിനിമകൾ പ്രമേയം കൊണ്ട് പുതുമ പ്രകടിപ്പിച്ചെങ്കിലും അവതരണത്തിൽ കാര്യമായൊന്നും പ്രതിഫലിപ്പിക്കാൻ സാധിക്കാതെ കൊമേഴ്സ്യൽ സിനിമകൾക്കിടയിൽ നിറം മങ്ങിപ്പോകുകയാണ് ഉണ്ടായത്. വി കെ പ്രകാശിന്റെ താങ്ക്യു പ്രമേയം കൊണ്ട് മാത്രം ശ്രദ്ധ നേടി. മിസ്റ്റർ ബീൻ, മണി ബാക്ക് പോളിസി തുടങ്ങീ സിനിമകൾ ജൂണ്‍ മാസത്തിലെ കനത്ത പരാജയങ്ങളായിരുന്നു.

അഞ്ചു കൊച്ചു കഥകൾ കൊണ്ട് മനോഹരമായ ഒരു സിനിമ എങ്ങിനെ നിർമ്മിക്കാം എന്നതിന് ഉദാഹരണമായിരുന്നു അമൽ നീരദ്, ആഷിഖ് അബു, സമീർ താഹിർ, ഷൈജു ഖാലിദ്‌, അൻവർ റഷീദ് തുടങ്ങീ യുവ സംവിധായകരുടെ കൂട്ടായ്മയിൽ വന്ന അഞ്ചു സുന്ദരികൾ എന്ന സിനിമ. അഞ്ചു സുന്ദരികളിൽ സേതു ലക്ഷ്മിയും, കുള്ളന്റെ ഭാര്യയും, ആമിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. മാർട്ടിൻ പ്രകാട്ടിന്റെ ABCD പ്രതീക്ഷിച്ച വിജയം സമ്മാനിച്ചില്ലെങ്കിലും പ്രേക്ഷകനെ രസിപ്പിക്കാൻ മറന്നില്ല.

കഴിഞ്ഞ വർഷം ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു അരുണ്‍ കുമാർ അരവിന്ദിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. തിയേറ്റർ ഉടമകൾ സിനിമ പ്രദർശിപ്പിക്കാൻ വിസമ്മതം പറയും വരെ സിനിമ പ്രേക്ഷകർ കാണുക തന്നെ ചെയ്തു. അകാലത്തിൽ പെട്ടിയിലേക്ക് മടങ്ങി പോകേണ്ടി വന്ന സിനിമയായിട്ട് കൂടി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമ പ്രേക്ഷകർ സ്വീകരിക്കുക തന്നെ ചെയ്തു എന്ന് വിലയിരുത്തുകയാകും ഉചിതം. 

ജൂലായ്  

ബഡി,മിഴി, ടൂറിസ്റ്റ് ഹോം ആണ് ജൂലായ് ആദ്യ വാര സിനിമകൾ. ഷെബി സംവിധാനം ചെയ്ത ടൂറിസ്റ്റ് ഹോം ഏറെ വ്യത്യസ്തമായ ഒരു സിനിമാനുഭവം ആയിരുന്നു.  ടൂറിസ്റ്റ് ഹോമിലെ വിവിധ മുറികളിൽ നടക്കുന്ന സംഭവങ്ങളെ  പൂർണമായും ഒരൊറ്റ ഷോട്ട് കൊണ്ട്  കഥ പറയുന്ന രീതിയായിരുന്നു ഈ സിനിമക്ക്. പരീക്ഷണാടിസ്ഥാനത്തിൽ സിനിമ ഏറെ മികവ് പുലർത്തിയെങ്കിലും അർഹിക്കുന്ന പ്രേക്ഷക സ്വീകാര്യത ഈ സിനിമയ്ക്കു ലഭിച്ചില്ല.

കള്ളന്റെ മകൻ, പോലീസ് മാമൻ,  വഴിയറിയാതെ, വണ്‍, ബ്ലാക്ക് ടിക്കറ്റ് എന്നീ സിനിമകളെ  പ്രേക്ഷകർ കാണാതെ തന്നെ തിരസ്ക്കരിച്ചു. റിലീസ് ആകുന്നതിനു മുൻപ് വളരെ കൊട്ടിഘോഷിച്ച കുന്താപുരയും, ക്രോകോടൈൽ ലവ് സ്റ്റോറിയും  തിയേറ്ററിൽ തകർന്നടിഞ്ഞു. അതേ സമയം കൊട്ടും കൊരവയും ഇല്ലാതെ വന്ന സിദ്ധാർത്ഥ ശിവയുടെ 101 ചോദ്യങ്ങൾ ദേശീയ അവാർഡുകൾ കരസ്ഥമാക്കുകയും തുടർന്നുള്ള അന്തർ ദേശീയ ചലച്ചിത്രോത്സവ വേദികളിൽ വളരെ നല്ല രീതിയിൽ  ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 

ആഗസ്റ്റ്‌  

കടൽ കടന്നൊരു മാത്തുക്കുട്ടി, മെമ്മറീസ്, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും, പെണങ്ങനുണ്ണി തുടങ്ങീ ഒരു പിടി സിനിമകളാണ് ആഗസ്റ്റ്‌ ആദ്യ വാരങ്ങളിൽ തിയേറ്ററിൽ എത്തിയത്. സാറ്റ് ലൈറ്റ് റൈറ്റ് തുകയുടെ കാര്യത്തിൽ രഞ്ജിത്തിന്റെ  കടൽ കടന്നൊരു മാത്തുക്കുട്ടി മുൻകാല സിനിമകളുടെ റെക്കോർഡുകൾ തിരുത്തിയെങ്കിലും സിനിമ പ്രേക്ഷകർ വേണ്ട പോലെ സ്വീകരിച്ചില്ല. രഞ്ജിത്ത് സിനിമകളിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ച കാമ്പും കാതലും കൊടുക്കാൻ മാത്തുക്കുട്ടിക്കു സാധിച്ചില്ല. സമ്മിശ്ര പ്രതികരണങ്ങൾ ഏറ്റു വാങ്ങിയ ശേഷം മാത്തുക്കുട്ടി ജർമനിയിലേക്ക് തന്നെ ഉടൻ തിരിച്ചു പോയി.

കഴിഞ്ഞ വര്‍ഷത്തെ ഒരു സൂപ്പര്‍ ഹിറ്റ്‌ ത്രില്ലര്‍ സിനിമയായിരുന്നു ജിത്തു ജോസഫിന്റെ "മെമ്മറീസ്. പ്രിഥ്വിരാജിന് കഴിഞ്ഞ വര്‍ഷം കിട്ടിയ മൂന്നാമത്തെ മികച്ച കഥാപാത്രം കൂടിയാണ് 'മെമ്മറീസി'ലെ സാം അലക്സ്.

ലാൽ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും ആലപ്പുഴയെ മനോഹരമായി ചിത്രീകരിച്ചു കൊണ്ട് വന്ന സിനിമയായിരുന്നു. ഓണക്കാലത്ത് കുടുംബ സമേതം കാണാൻ പാകത്തിൽ ഒരുക്കിയ ഒരു സാധാരണ സിനിമ എന്നതിലുപരി പുള്ളിപ്പുലികൾക്കും ആട്ടിൻകുട്ടിക്കും വിശിഷ്യാ ഒന്നും പറയാനുണ്ടായിരുന്നില്ല.  ഒരു റോഡ്‌ മൂവി എന്ന നിലക്ക് സമീർ താഹിറിന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി മികച്ച അഭിപ്രായങ്ങൾ നേടി. 

വിവാദങ്ങളുടെ ഘോഷ യാത്രയോടെയാണ് ബ്ലെസ്സിയുടെ  കളിമണ്ണ് തിയെറ്ററിൽ എത്തുന്നത്. എന്നാൽ സിനിമ കണ്ട ശേഷം എന്തിനായിരുന്നു ഈ സിനിമക്ക് വേണ്ടി ഇത്രയും വിവാദങ്ങൾ എന്നായിരുന്നു പ്രേക്ഷകരുടെ മറു ചോദ്യം.എ വി ശശിധരൻ സംവിധാനം ചെയ്ത ഫഹദ് സിനിമ ഒളിപ്പോര് പ്രേക്ഷകരെ നിരാശപ്പെടുത്തി. അതേ  തുടർന്ന് ട്വിട്ടരിലൂടെ  ഫഹദ് പ്രേക്ഷകരോട് മാപ്പ് പറഞ്ഞത് ചില വിവാദങ്ങൾക്ക് കാരണമായി.

പ്രമേയപരമായി ഏറെ മുന്നിൽ നിന്നിരുന്ന സുനിൽ ഇബ്രാഹിമിന്റെ അരികിൽ ഒരാൾ വിജയിക്കേണ്ട സിനിമയായിരുന്നിട്ട് കൂടി  പ്രേക്ഷകർ വേണ്ട പോലെ ഈ സിനിമയെ പരിഗണിച്ചില്ല. ആൻ അഗസ്റ്റിന്റെ കരിയറിലെ ഏറ്റവും നല്ല വേഷമായിരുന്നു ശ്യാമപ്രസാദിന്റെ ആർടിസ്റ്റ് സിനിമയിലൂടെ പ്രേക്ഷകർ കണ്ടത്. നിരൂപക പ്രശംസ ഏറ്റു വാങ്ങി എന്നതിലുപരി ആർടിസ്റ്റിനു തിയേറ്ററുകളിൽ വലിയ പ്രസക്തി കിട്ടിയില്ല.

സലിം അഹമ്മദിന്റെ മമ്മൂട്ടി ചിത്രം കുഞ്ഞനന്തന്റെ കടക്ക്  സാമൂഹിക പ്രസക്തിയുണ്ടായിരുന്നുവെങ്കിലും സിനിമ എല്ലാവരാലും സ്വീകരിക്കപ്പെട്ടില്ല. ഇഴഞ്ഞു വലിയുന്ന കഥാസന്ദർഭങ്ങൾ കുഞ്ഞനന്തന്റെ കടയെ പുറകോട്ട് വലിച്ചെങ്കിലും മമ്മൂട്ടിയുടെയും നൈലാ ഉഷയുടെയും പ്രകടനങ്ങൾ പ്രകീർത്തിക്കപ്പെട്ടു. 

സെപ്തംബർ 

ബ്ലാക്ക്ബെറി, രാവ്, റേഡിയോ ജോക്കി, കരീബിയൻസ്, KQ തുടങ്ങീ സിനിമകളായിരുന്നു സെപ്തംബർ മാസത്തിൽ റിലീസ് ചെയ്ത ശരാശരിയിലും താഴെ നിലവാരമുള്ള  സിനിമകൾ. ജോസ് തോമസിന്റെ ദിലീപ് ചിത്രം ശൃംഗാരവേലൻ ബോക്സോഫീസിൽ വിജയം കണ്ടെങ്കിലും നിലവാര തകർച്ചയുടെ കാരണത്താൽ ഏറെ വിമർശിക്കപ്പെട്ടു. പുതുമുഖ സംവിധായകൻ മാർത്താണ്ടന്റെ മമ്മൂട്ടി ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ സ്വീകരിക്കപ്പെട്ടു. പദ്മ കുമാർ സംവിധാനം ചെയ്ത ഒരു ബൊളീവിയൻ ഡയറി 1995 , ദീപൻ സംവിധാനം ചെയ്ത ഗ്യാങ്ങ്സ് ഓഫ് വടക്കുന്നാഥൻ, വിനോദ് വിജയൻ സംവിധാനം ചെയ്ത ഡേ ഓഫ് ജഡ്ജ്മെന്റ് എന്നിങ്ങനെ മൂന്നു ഹ്രസ്വ സിനിമകളുടെ സമാഹാരമായി പുറത്തിറങ്ങിയ സിനിമയായിരുന്നു ഡി കമ്പനി. ഒരു ശരാശരി നിലവാരമുള്ള സിനിമയെന്നതിലുപരി ഡി കമ്പനി പ്രേക്ഷകന് പുതുമയൊന്നും സമ്മാനിച്ചില്ല. 

സെപ്തംബർ മാസം പ്രേക്ഷകന് സമ്മാനിച്ച നല്ലൊരു  സിനിമയായിരുന്നു അനിൽ രാധാകൃഷ്ണന്റെ നോർത്ത് 24 കാതം. ഫഹദ്, സ്വാതി, നെടുമുടി വേണു  എന്നിവരുടെ പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.  

അനീഷ്‌ അൻവറിന്റെ സക്കറിയായുടെ ഗർഭിണികൾ ആയിരുന്നു മറ്റൊരു ശ്രദ്ധിക്കപ്പെട്ട സിനിമ. വളരെയധികം സാംസ്ക്കാരിക  കോളിളക്കം ഉണ്ടാക്കിയ ബ്ലെസ്സിയുടെ "കളിമണ്ണ്" പ്രസവത്തിനു ശേഷം കേരളം വീണ്ടും ഗർഭ-പ്രസവ ചർച്ചകളിൽ സജീവമാകുമോ എന്ന് സംശയിച്ചവർക്ക് തെറ്റി എന്ന് പറയാം. കാരണം സക്കറിയക്കും ഗർഭിണികൾക്കും സമൂഹത്തോട് വ്യക്തമായിപലതും പറയാനുണ്ടായിരുന്നു. അത് കൊണ്ട് തന്നെ വിവാദ ഗർഭവും പ്രസവവും ഉണ്ടാക്കി സിനിമക്ക് ആളെ കൂട്ടേണ്ട ഗതികേട് സക്കറിയയുടെ ഗർഭിണികൾക്ക് സംഭവിച്ചില്ല. ഗർഭിണിയുടെ വേഷം പൂർണതയോടെ അഭിനയിച്ചു പ്രതിഫലിക്കാൻ അഭിനേത്രി യഥാർത്ഥ ഗർഭിണി തന്നെയാകണം എന്ന  മണ്ടൻ തത്വങ്ങളെ അനീഷ്‌ അൻവറിന്റെ സക്കറിയായും ഗർഭിണികളും പൂർണമായും ഖണ്ഡിക്കുന്നുണ്ട്. ഗീതയുടെ സിസ്റ്റർ ജാസ്മിൻ ജെന്നിഫർ, സനുഷയുടെ സൈറ എന്നീ ഗർഭിണി കഥാപാത്രങ്ങൾ  അത് നമ്മളെ ശരിക്കും ബോധ്യപ്പെടുത്തുന്നു. 

ഒക്ടോബർ  

3 G, ക്യാമൽ സഫാരി, കാഞ്ചി, ലാസ്റ്റ് ബസ് 8.35 pm, പാട്ട് പുസ്തകം, ബണ്ടി ചോർ, പിതാവും കന്യകയും  തുടങ്ങി ഒരു പിടി  സിനിമകളായിരുന്നു ഒക്ടോബർ ആദ്യ വാരം റിലീസായത്. ജയരാജിന്റെ  ക്യാമൽ സഫാരി ഏറെ പ്രതീക്ഷകൾ ഉണർത്തി കൊണ്ടാണ് വന്നതെങ്കിലും സിനിമയ്ക്കു പ്രേക്ഷകരോട് യാതൊരു വിധ നീതിയും പുലർത്താൻ സാധിച്ചില്ല എന്നതാണ് സത്യം. രൂപേഷ് പോളിന്റെ പിതാവും കന്യകയും എന്ന സിനിമ  കൂട്ടുകാരിയുടെ പിതാവിനെ പ്രണയിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ കഥയാണ് പറഞ്ഞത്. വിവാദങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് സിനിമ പ്രചാരം നേടിയെങ്കിലും തിയേറ്ററുകളിൽ നിന്ന് സിനിമ പടിയിറക്കപ്പെട്ടു. 

മലയാള നാട്, ബംഗ്ലെസ്, ക്ലിയോപാട്ര, കോൾഡ് സ്റ്റോറേജ്, ഫോർ സേൽ, പൊട്ടാസ് ബോംബ്‌ തുടങ്ങിയ സിനിമകളായിരുന്നു ഒക്ടോബർ മാസം രണ്ടാം വാരത്തിന് ശേഷം റിലീസ് ചെയ്ത മറ്റു ചിത്രങ്ങൾ. ഇന്ദ്രൻസിന്റെ കരിയറിലെ നല്ലൊരു കഥാപാത്രമാകും പൊട്ടാസ് ബോംബിലൂടെ പ്രേക്ഷകർ കാണാൻ പോകുന്നത് എന്ന പ്രവചനങ്ങളെ അർത്ഥ ശൂന്യമാക്കി കൊണ്ടാണ് പൊട്ടാസ് ബോംബ്‌ തകർന്നു തരിപ്പണമായത്. 

ച്ഛായാഗ്രാഹകൻ അളകപ്പൻ ആദ്യമായി സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രമായ 'പട്ടം പോലെ' ക്ക് പ്രേക്ഷകരുടെ മനസ്സ് കാണാൻ സാധിച്ചില്ല. ശരാശരി വിജയത്തിന് വേണ്ടി മാത്രം റിലീസായ ഒരു സിനിമ മാത്രമായിരുന്നു പട്ടം പോലെ. വിജി തമ്പിയുടെ ദിലീപ് ചിത്രം നാടോടി മന്നനും പുതുതായി ഒന്നും പറയാൻ സാധിച്ചില്ല എന്ന് മാത്രമല്ല തട്ടിക്കൂട്ട് കോമഡി രംഗങ്ങൾ കൊണ്ട് പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെ വരെ ചോദ്യം ചെയ്യുകയുണ്ടായി നാടോടി മന്നൻ. 

വേനലിൽ പെയ്ത ഒരു മഴ എന്ന കണക്കെ ഒക്ടോബർ മാസത്തിൽ ആശ്വാസമായി കിട്ടിയ സിനിമയായിരുന്നു ആഷിഖ് അബുവിന്റെ ഇടുക്കി ഗോൾഡ്‌. ആഷിഖിൽ നിന്നും ഒരുപാട് എന്തൊക്കെയോ പ്രതീക്ഷിച്ച പ്രേക്ഷകരെ ഒഴിച്ച് ബഹു ഭൂരിപക്ഷ പ്രേക്ഷകരെയും ഇടുക്കി ഗോൾഡ്‌ കൊണ്ട് തൃപ്തിപ്പെടുത്താൻ ആഷിഖിനു കഴിഞ്ഞിട്ടുണ്ട്.  മനസ്സിൽ തങ്ങി നിൽക്കുന്ന ഫ്രൈമുകളിൽ കൂടിയാണ് സിനിമ ആദ്യാവസാനം വരെ സഞ്ചരിക്കുന്നത് എന്ന കാരണത്താൽ  പ്രേക്ഷകന് കാഴ്ചയുടെ ആസ്വാദനം ഉറപ്പുതരുന്ന സിനിമ കൂടിയാണ് ഇടുക്കി ഗോൾഡ്‌. ബാബു ആന്റണിയും, പ്രതാപ് പോത്തനും, രവീന്ദ്രനും, വിജയ രാഘവനും, മണിയൻ പിള്ള രാജുവും കഥാപാത്രങ്ങളോട് നൂറു ശതമാനവും നീതി പുലർത്തി. 

നവംബർ  

നവാഗതരായ റോജിൻ ഫിലിപ്പ് - ഷാനിൽ മുഹമ്മദ്‌ ടീമിന്റെ ഫിലിപ്സ് ആൻഡ്‌ മങ്കിപ്പെൻ ആയിരുന്നു നവംബർ മാസം ആദ്യം റിലീസായ സിനിമ. കുട്ടികളും മുതിർന്നവരും ഒന്നടങ്കം കൈയ്യടിച്ചു വിജയിപ്പിച്ച സിനിമയായിരുന്നു ഫിലിപ്സ് ആൻഡ്‌ മങ്കിപ്പെൻ. പ്രമേയം കൊണ്ടും ആഖ്യാന ശൈലി കൊണ്ടും ഫിലിപ്സ് ആൻഡ്‌ മങ്കിപ്പെൻ ഏറെ ശ്രദ്ധിക്കപ്പെട്ടു.  അതോടൊപ്പം റോജിൻ ഫിലിപ്പും ഷാനിൽ മുഹമ്മദും   മികച്ച നവാഗതരെന്ന വിലയിരുത്തലിന് അർഹരാകുകയും ചെയ്തു.

ഷാജി കൈലാസിന്റെ ജയറാം ചിത്രം ജിഞ്ചർ തിയേറ്ററുകളിൽ തകർന്നടിഞ്ഞു. സോഹൻ ലാലിന്റെ കഥവീടിന് മികച്ച അഭിപ്രായങ്ങളൊന്നും ലഭിച്ചില്ല. മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയെ പുനരവതരിപ്പിച്ചു കൊണ്ട്  വന്ന പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ ഗീതാഞ്ജലിക്കും വേണ്ട മികവ് പ്രകടിപ്പിക്കാൻ സാധിച്ചില്ല. അതേ സമയം വിനീത് ശ്രീനിവാസന്റെ 'തിര' മികച്ച അഭിപ്രായങ്ങളോടെ തിയേറ്ററുകളെ ഇളക്കി മറച്ചു. ഏറെക്കാലത്തിനു ശേഷം ശോഭന മലയാള സിനിമയിലേക്ക് ശക്തമായ ഒരു കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് തിരിച്ചു വന്ന സിനിമ എന്ന നിലയിലും തിര അതിന്റെ ഖ്യാതി  പടർത്തുകയുണ്ടായി. 

മുഖം മൂടികൾ, ഒരു സോപ്പെട്ടി കഥ, ബൈസിക്കിൾ തീവ്സ്, നമ്പൂതിരി യുവാവ്@43 തുടങ്ങീ സിനിമകളായിരുന്നു നവംബർ രണ്ടാം വാരത്തിൽ തിയേറ്ററുകളിൽ എത്തിയത്. റിലീസായി എന്നതൊഴിച്ച് മേൽപ്പറഞ്ഞ സിനിമകൾക്ക് കുറഞ്ഞത്‌ ഒരു  അഭിപ്രായമെങ്കിലും  സ്വീകരിക്കാൻ സമയം കിട്ടിയില്ല എന്ന് വേണം പറയാൻ. അപ്പോഴേക്കും അടുത്ത റിലീസുകൾ തിയേറ്ററുകളുടെ ഗേറ്റിനു മുന്നിലെത്തി കഴിഞ്ഞിരുന്നു. കമലിന്റെ നടൻ ജയറാമിലെ നല്ല നടനെ പുറത്തു കൊണ്ട് വരാനുള്ള ഒരു നല്ല ശ്രമമായിരുന്നു. നിരൂപക പ്രശംസ ഏറ്റു വാങ്ങി എന്നതൊഴിച്ചാൽ നടന് അർഹിക്കുന്ന അംഗീകാരം കിട്ടിയോ എന്നത് ചോദ്യമായി ഇപ്പോഴും തുടരുന്നു.

സമകാലീന കേരളത്തിലെ ചില വിഷയങ്ങളെ അവതരിപ്പിച്ചു  കൊണ്ടായിരുന്നു വൈശാഖ് സംവിധാനം ചെയ്ത വിശുദ്ധൻ തിയേറ്ററുകളിൽ എത്തിയത്. വൈശാഖിന്റ ഇത് വരെയുള്ള സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തതയും നിലവാരവും പുലർത്തിയ സിനിമ എന്ന നിലയിൽ വിശുദ്ധൻ ശ്രദ്ധിക്കപ്പെട്ടു. രാജേഷ്‌ നായർ സംവിധാനം ചെയ്ത എസ്കേപ് ഫ്രം ഉഗാണ്ട പൂർണമായും ആഫ്രിക്കയിൽ ചിത്രീകരിച്ച സിനിമയായിരുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഈ സിനിമ ഒരു one time watch മൂവി എന്ന നിലയിൽ മാത്രമാണ് പ്രേക്ഷകർ സ്വീകരിച്ചത്.

രഞ്ജിത്ത് ശങ്കറിന്റെ ജയസൂര്യ ചിത്രം പുണ്യാളൻ അഗർബത്തീസ് നവംബർ അവസാനം തിയേറ്ററിലെത്തുകയും പ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രായങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.  ഈ സിനിമയിലെ ഡ്രൈവർ അഭയ് കുമാറിന്റെ  വേഷം അവതരിപ്പിക്കുക വഴി നടൻ ശ്രീജിത്ത്‌ രവിയും  പ്രേക്ഷക പ്രശംസക്ക് അർഹനായി. 

ഡിസംബർ  

 വീപിംഗ് ബോയ്‌, ച്യൂയിംഗം, മിസ്‌ ലേഖാ തരൂർ കാണുന്നത്, റെഡ് റൈൻ, ഗുഡ് ബാഡ് ആൻഡ്‌ അഗ്ലി, ലില്ലീസ് ഓഫ് മാർച്ച്‌, ഞാൻ അനശ്വരൻ എന്നീ സിനിമകളാണ് ഡിസംബർ മാസത്തെ ബോക്സോഫീസ് പരാജയങ്ങൾ. ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത് അരുണ്‍ കുമാർ അരവിന്ദ് നിർമ്മിച്ച വെടിവഴിപാട് എന്ന സിനിമക്ക് മതവികാരം വ്രണപ്പെടുന്നു എന്ന കാരണത്താൽ സെൻസർ ബോർഡ്  പ്രദർശനാനുമതി നിഷേധിച്ചെങ്കിലും പിന്നീട് റിലീസ് ചെയ്യുകയുണ്ടായി. വി കെ പ്രകാശിന്റെ മമ്മൂട്ടി ചിത്രം സൈലൻസ്, സത്യൻ അന്തിക്കാടിന്റെ ഫഹദ് ചിത്രം ഒരു ഇന്ത്യൻ പ്രണയ കഥ, ലാൽ ജോസ് -ദിലീപ് ടീമിന്റെ ഏഴു സുന്ദര രാത്രികൾ തുടങ്ങിയ സിനിമകൾ  സമ്മിശ്ര പ്രതികരണങ്ങളോടെ ഒതുങ്ങിയെങ്കിലും  ഇത് വരെ ഇറങ്ങിയ സിനിമകളിൽ വച്ച് ഏറ്റവും മികച്ച അഭിപ്രായങ്ങളും റെക്കോർഡ് കളക്ഷനുമായി കുതിക്കുന്നത് ജിത്തു ജോസഫിന്റെ മോഹൻ ലാൽ ചിത്രം ദൃശ്യം ആണ്.  

റിലീസാകുന്ന സിനിമകളുടെ എണ്ണമോ, സിനിമകളിലെ  സൂപ്പർ സ്റ്റാറുകളുടെ സാന്നിധ്യമോ ഒന്നുമല്ല  നിലവാരത്തിന്റെ മാനദണ്ഡം എന്ന് മലയാള സിനിമാ ലോകത്തിന് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്. ദൃശ്യം സിനിമയുടെ ചരിത്ര വിജയം 2014 ഇൽ ഇറങ്ങുന്ന സിനിമകൾക്ക്‌ അറിഞ്ഞോ അറിയാതെയോ കടുത്ത വെല്ലു വിളികൾ കൂടിയാണ് ഉയർത്തിയിരിക്കുന്നത് എന്ന് നിരീക്ഷിക്കേണ്ടി വരും. സാറ്റ് ലൈറ്റ് റൈറ്റ് തുക കണ്ടു കൊണ്ട് മാത്രം സിനിമ ഇറക്കാൻ ഉദ്ദേശിക്കുന്നവർക്കും 2014 കനത്ത തിരിച്ചടിയാകും എന്നതിന്റെ സൂചനയാണ് വിവിധ ചാനലുകളുടെ പ്രതികരണങ്ങൾ കൊണ്ട് മനസിലാക്കേണ്ടത്. ഒരു സിനിമ ഇറങ്ങിയ ശേഷം അതിനോടുള്ള ആളുകളുടെ പ്രതികരണവും മറ്റും നോക്കി കൊണ്ട് മാത്രമായിരിക്കും ഇനിയുള്ള കാലങ്ങളിൽ ചാനലുകൾ സാറ്റ് ലൈറ്റ് റൈറ്റ് തുക പറഞ്ഞുറപ്പിക്കുക എന്നത് ഒരർത്ഥത്തിൽ നല്ല തീരുമാനമാണ്. ഓരോ ആഴ്ച തോറും സിനിമകൾ റിലീസാകുന്ന പ്രതിഭാസം ഇക്കാരണം കൊണ്ട് തന്നെ വരും  വർഷങ്ങളിൽ കുറയാൻ പോകുകയാണ് എന്നും കൂടി വ്യക്തമാക്കപ്പെടുകയാണ്. ശുഭ സൂചനകളോട് കൂടി തുടങ്ങിയ 2014 മലയാള സിനിമാ ലോകത്തിനു നല്ലത് മാത്രം വരുത്തട്ടെ എന്നതാണ് പ്രേക്ഷക സമൂഹത്തിന്റെ ഈ അവസരത്തിലെ ഏകകണ്ഠമായ പ്രാർത്ഥന. 

-pravin-
ഇ മഷി - 2014  ജനുവരി ലക്കം - സിനിമ 

Monday, January 6, 2014

ജിത്തുവിന്റെ 'ദൃശ്യ' ങ്ങളിലൂടെ

മലയാള സിനിമയ്ക്കു കിട്ടിയ ഒരു വലിയ അനുഗ്രഹമാണ് ജിത്തു ജോസഫ്. 2007 ഇൽ റിലീസായ  'ഡിറ്റക്ടീവ്' സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ  ഒരു വലിയ പ്രതീക്ഷ ഉണർത്താൻ ജിത്തു ജോസഫിന് സാധിച്ചിരുന്നു. പിന്നീട് റിലീസായ ജിത്തുവിന്റെ  'മമ്മി ആൻഡ്‌ മി' യും, മൈ ബോസും' മോശമാക്കിയില്ല. ഓരോ സിനിമ ചെയ്യുമ്പോഴും അതിലുണ്ടാകുന്ന പോരായ്മകളെ സ്വയമേ വിലയിരുത്തിയ ശേഷമാണ്   ജിത്തു തന്റെ അടുത്ത സിനിമക്കായി ഒരുങ്ങിയിട്ടുള്ളത് എന്ന് തോന്നിക്കും വിധമായിരുന്നു ജിത്തുവിന്റെ സിനിമയിലുള്ള വളർച്ച.  തൊട്ടു മുന്നേ റിലീസായ 'മെമ്മറീസി'ൽ നിന്നും 'ദൃശ്യ'ത്തിലേക്ക്‌ എത്തുമ്പോൾ തിരക്കഥാ രചനയിൽ ജിത്തുവിന് കിട്ടിയ പുതിയ തിരിച്ചറിവുകളും മികവുറ്റ മാറ്റങ്ങളും തിയേറ്റർ സ്ക്രീനിൽ പ്രകടമായതിനുള്ള പ്രധാന കാരണവും അത് തന്നെ.   'മെമ്മറീസ്' ഒരു സസ്പെൻസ് ത്രില്ലർ സിനിമയുടെ രൂപത്തിൽ പ്രേക്ഷകരെ  തൃപ്തിപ്പെടുത്തിയെങ്കിലും കഥാവസാനം സിനിമയെ കൂട്ടി വായിക്കുമ്പോൾ പ്രേക്ഷകരുടെ  മനസ്സിൽ ചില സംശയങ്ങളും ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ യുക്തിരഹിതമായ (ചില) കഥാ സന്ദർഭങ്ങൾ, യാദൃശ്ചികതകളുടെ അതിപ്രസരം ഇതെല്ലാം മെമ്മറീസിൽ ഒരു പക്ഷേ കണ്ടെത്താൻ സാധിച്ചെന്നും വരും. ഇത്തരം പോരായ്മകൾ കൂടി നികത്തി കൊണ്ടാണ് ജിത്തു 'ദൃശ്യ'ത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പഴി ചാരാൻ വേണ്ടി മാത്രം സിനിമ കാണുന്ന  പ്രേക്ഷകൻ പോലും അഭിനന്ദിച്ചു പോകുന്ന രചനാ പാടവം, അതുമല്ലെങ്കിൽ  പ്രേക്ഷകന് തോന്നിയേക്കാവുന്ന സംശയങ്ങളുടെ എല്ലാ പഴുതുകളും അടച്ച്  ഭദ്രമാക്കിയ ഒരു തിരക്കഥ. അവിടെ പ്രേക്ഷകന്റെ നിരീക്ഷണബുദ്ധിക്ക് തോറ്റു കൊടുത്തേ മതിയാകൂ താനും. ഇത് തന്നെയാണ് ജിത്തുവിന്റെ/ 'ദൃശ്യ'ത്തിന്റെ വിജയവും മികവും.

ജോർജ്ജു കുട്ടിയും (മോഹൻ ലാൽ ), ഭാര്യ റാണിയും (മീന), രണ്ടു പെണ്‍ മക്കളും (അൻസിബ, ബേബി എസ്തർ) അടങ്ങുന്ന ചെറിയ കുടുംബം, ആ കുടുംബത്തിലെ ദൈനം ദിന ചർച്ചകൾ, സംസാരങ്ങൾ, ജോർജ്ജു കുട്ടിയുടെ സാമൂഹിക ഇടപെടലുകൾ, ജീവിതത്തോടുള്ള ചെറിയ ചെറിയ കാഴ്ചപ്പാടുകൾ എന്നിവ വിശദമായി പറയുകയാണ്‌ സിനിമയുടെ ആദ്യ പകുതി. ഇത്രക്കും വിശദമായി ജോർജ്ജു കുട്ടിയെ സിനിമ വിവരിച്ചെടുക്കുമ്പോൾ  സഞ്ചരിക്കാൻ വഴിയില്ലാതെ ഇഴയുന്ന കഥയാണോ ദൃശ്യത്തിന്റെത് എന്ന ന്യായമായ പ്രേക്ഷക സംശയം ഉയർന്നേക്കാം. അത് സംവിധായകന്റെ മനശാസ്ത്രപരമായ കഥാവതരണ രീതിയാണ് എന്ന് ബോധ്യപ്പെടുന്നത്  വരെ ആ സംശയം തുടരുക തന്നെ ചെയ്യുന്നു. ആദ്യ സീനിൽ കാണുന്ന പോലീസുകാരന്റെ ബസ് യാത്ര, പുതിയ പോലീസ് സ്റ്റേഷനെ കുറിച്ചുള്ള ചായക്കടക്കാരന്റെ അമിത വർണ്ണന ഇതൊക്കെ ആദ്യം അപ്രസക്തം, അല്ലെങ്കിൽ അധികപ്പറ്റായി തോന്നിക്കുകയും പിന്നീട് കഥാഗതിയിൽ മെല്ലെ മെല്ലെ പ്രാധാന്യം നേടുകയും ചെയ്യുന്നു. സിനിമയിൽ അങ്ങിനെയുള്ള ലിങ്കുകൾ വളരെ മനോഹരമായി ജിത്തു ജോസഫ് ഉപയോഗിച്ചിട്ടുണ്ട്. ക്വാറി, കമ്പോസ്റ്റ് കുഴി, ധ്യാനം കൂടൽ, ജോർജ്ജ് കുട്ടിയുടെ സിനിമാ നിരീക്ഷണങ്ങൾ etc . അതെല്ലാം അതിനുദാഹരണങ്ങളാണ്.  
വളരെ തന്ത്രപരമായി പ്രേക്ഷകന്റെ മനസ്സിലേക്ക് ജോർജ്ജുകുട്ടിയേയും കുടുംബത്തെയും പ്രതിഷ്ഠിച്ച് ഇരുത്തുന്നതിലൂടെയാണ്  സംവിധായകൻ സിനിമയുടെ ആദ്യ പകുതിയിൽ വിജയം കാണുന്നത്. ജോർജ്ജു കുട്ടിയുടെ കുടുംബ  ജീവിതത്തിലേക്ക് കടന്നു വരുന്ന ക്ഷണിക്കപ്പെടാത്ത അതിഥിയെ കൊണ്ട്  സിനിമയെ ഒരു ത്രില്ലർ  സ്വഭാവത്തിലേക്ക്  വഴി മാറ്റി കൊണ്ട് പോയ  ശേഷം, അത് വരെ പറഞ്ഞ ജോർജ്ജു കുട്ടിയുടെ കുടുംബവിശേഷ കഥയുടെ അന്തരീക്ഷം നിർണ്ണായകമായ സാഹചര്യങ്ങൾ കൊണ്ട്  പതിയെ മാറ്റിയെടുക്കുന്നു. ആദ്യ പകുതിയിൽ ചെറുതായെങ്കിലും തോന്നിയ ലാഗിംഗ് ഇക്കാരണത്താൽ ഇല്ലാതാകുന്നു. ഇടവേളക്കു ശേഷം പ്രേക്ഷകന്റെ മനസ്സിൽ മുഴുവൻ ജോർജ്ജു കുട്ടിയും കുടുംബവും മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഈ ഒരു ഇമോഷൻ പ്രേക്ഷകനിൽ ഉണ്ടാക്കിയെടുത്തു കൊണ്ടാണ് ആദ്യ പകുതി അവസാനിക്കുന്നത്. മറ്റൊരർത്ഥത്തിൽ  പ്രേക്ഷകമനസ്സിനെ ജോർജ്ജ് കുട്ടിയും കുടുംബവും ഹൈജാക്ക് ചെയ്തു കൊണ്ടാണ് ഇടവേള എഴുതി കാണിക്കുന്നത് എന്നും പറയാം .ഈ ഒരു കഥാവതരണ രീതി ജിത്തു ജോസഫ് 'മെമ്മറീസി'ലും ചെറുതായി പരീക്ഷിച്ചിട്ടുണ്ട്. സാം അലക്സിന്റെ (പ്രിഥ്വി രാജ്) വ്യക്തി ജീവിതത്തിലേക്ക് കടന്നു ചെന്ന് കൊണ്ട് വ്യക്തമായ ഒരു കഥാപശ്ചാത്തലം സൃഷ്ട്ടിക്കുകയും പിന്നീട് അയാളുടെ ജീവിതത്തിലെ ദുരന്തങ്ങളും നിലവിലെ താളപ്പിഴകളും  സിനിമ വിശദീകരിക്കുകയും ചെയ്യുന്നതിലൂടെ സാം അലക്സ് പ്രേക്ഷകന്റെ മനസ്സിലേക്ക് കയറിപ്പറ്റുന്നു. പിന്നീടാണ് സിനിമയിൽ അന്വേഷണാത്മകത കടന്നു വരുന്നത്. ഇവിടെ 'ദൃശ്യ' ത്തിൽ അന്വേഷണാത്മകതക്കല്ല പ്രസക്തി കൊടുക്കുന്നത് എന്ന് മാത്രം.  

ഒരു വ്യക്തി ഒരു ക്രൈം ചെയ്യുന്നതിന് പിന്നിൽ വ്യക്തമായ ഒരു കാരണമോ  ന്യായീകരണമോ  ഉണ്ടെങ്കിൽ കൂടി നിയമത്തിനു മുന്നിൽ ആ വ്യക്തി കുറ്റക്കാരൻ തന്നെയാണ്. ചെയ്ത ക്രൈം മറച്ചു വക്കാൻ അയാൾ എത്ര തന്നെ ശ്രമിച്ചാലും അതൊരു നാൾ മറ നീക്കി പുറത്തു വരുക തന്നെ ചെയ്യും. എന്നാൽ ഈ പൊതു നിരീക്ഷണത്തെ എങ്ങിനെയെല്ലാം  വിപരീത ദിശയിൽ സഞ്ചരിച്ചു കൊണ്ട് ഖണ്ഡിക്കാൻ സാധിക്കും എന്ന് ശ്രമിക്കുകയാണ് 'ദൃശ്യം' ചെയ്യുന്നത്. കഥാപാത്രങ്ങളുടെ കണ്ണുകളിൽ ക്രൈം എന്നത് ശരിയാണെങ്കിൽ അതേ അളവിൽ പ്രേക്ഷകനും അത് ശരി എന്ന് തോന്നിക്കുന്ന വിധമുള്ള ഒരു മാജിക് ട്രീറ്റ് ആണ് ദൃശ്യത്തിന്റെ തിരക്കഥയിൽ ഒളിഞ്ഞു കിടക്കുന്നത്. അത് കൊണ്ട് തന്നെ സാധാരണ ഗതിക്ക് ഏതൊരു സിനിമയിലും കുറ്റം തെളിയാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർ 'ദൃശ്യ'ത്തിന്റെ കാര്യത്തിൽ  കുറ്റം തെളിയരുതേ എന്നും, കേസ് അന്വേഷിച്ചു വിജയിപ്പിക്കാൻ ബാധ്യതപ്പെട്ടവർ പരാജിതരകണേ എന്നുമായിരിക്കും ആഗ്രഹിച്ചിട്ടുണ്ടാകുക. തിരക്കഥയിലും സംവിധാനത്തിലുമുള്ള ജിത്തുവിന്റെ  ബുദ്ധിപരമായ ഈ പകിട കളി പ്രേക്ഷകന് ഇക്ഷ അങ്ങോട്ട്‌ ബോധിക്കുന്നത് കൊണ്ട് തന്നെയാണ് ജനം തിയേറ്ററിൽ ഇരച്ചു കയറുന്നതും. 

ഒരു ത്രില്ലർ സിനിമക്ക് ക്യാമറ ഗിമ്മിക്കുകൾ അത്യാന്താപേക്ഷിതമാണ് എന്ന സ്ഥിരം കാഴ്ചപ്പാടുകളെ തൃണവത്ക്കരിച്ചു കൊണ്ടാണ് ജിത്തു ജോസഫ് ദൃശ്യം ഒരുക്കിയിരിക്കുന്നത്. ജിത്തുവിന് തന്റെ സിനിമയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. അദ്ദേഹത്തിന്റെ അഭിമുഖ പരിപാടികൾ ശ്രദ്ധിച്ചാൽ അത് ഒന്ന് കൂടി വ്യക്തമാകും. If you want to be a good director, you should go against the rules of industry. ഇതാണ് ജിത്തുവിന്റെ സിനിമാ തത്വ ശാസ്ത്രവും വിജയ മന്ത്രവും. വ്യത്യസ്തതകൾ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾ വല്ലാത്തൊരു inspiration തന്നെയാണ്. പ്രേക്ഷക സമൂഹവും സിനിമാക്കാരും  കോമഡിയൻമാരെന്ന് മുദ്ര കുത്തി വിട്ട നടന്മാരെ തന്റെ സിനിമകളിൽ  വില്ലന്മാരാക്കി അവതരിപ്പിക്കാനുള്ള  ജിത്തു ജോസഫിന്റെ കഴിവ് 'ഡിറ്റക്റ്റീവ്' തൊട്ടേ പ്രകടമാണ്. കലാഭവൻ പ്രജോദ്, മായം മറിമായം ഫെയിം ശ്രീ കുമാർ എന്നിവർക്ക് ശേഷം 'ദൃശ്യ'ത്തിൽ  കലാഭവൻ ഷാജോണിനെ കൂടി മറ്റൊരു വ്യത്യസ്ത വില്ലൻ പരിച്ഛായയിൽ അവതരിപ്പിച്ചിരിക്കുകയാണ്‌ സംവിധായകൻ. സ്ക്രീനിൽ ഒരു നടന്റെ മുഖം തെളിയുമ്പോൾ ആ നടൻ വില്ലനാണോ നായകനാണോ കോമഡിയനാണോ എന്ന്  മുൻ വിധിയോടു കൂടെ നിരീക്ഷിക്കാനുള്ള അവസരം പ്രേക്ഷകന് പാടേ നിഷേധിക്കുന്ന മലയാളത്തിലെ ഏക സംവിധായകൻ ഒരു പക്ഷേ ജിത്തു ജോസഫായിരിക്കും എന്ന് തോന്നുന്നു. 

                                     
സിനിമയിൽ നാമമാത്രമായി അഭിനയിച്ചു പോയവർ തൊട്ട് പ്രധാന വേഷങ്ങളിലെത്തിയവർ വരെ  സാന്നിധ്യം കൊണ്ടും പ്രകടനം കൊണ്ടും ഏറെ മികവ് പുലർത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. ജോർജ്ജു കുട്ടിയുടെ ഇളയ മകളായ ബേബി എസ്തർ പ്രേക്ഷകനെ ഒരു വേള വിസ്മയിപ്പിക്കുക തന്നെ ചെയ്യുന്നുണ്ട്. സുജിത് വാസുദേവിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നതിലുള്ള മിതത്വവും അത് പോലെ അഭിനനന്ദനീയമായിരുന്നു. സംഗതികൾ ഇങ്ങിനെയൊക്കെയാണ് എങ്കിലും ഒരു കാര്യം മറച്ചു വക്കുന്നില്ല. ജിത്തുവും സ്ക്രിപ്റ്റും തന്നെയാണ് ഈ സിനിമയിലെ യഥാർത്ഥ താരങ്ങൾ. 

ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത കാലത്തൊന്നും കാണാത്ത, അനുഭവിക്കാത്ത ഗിമ്മിക്കുകളില്ലാത്ത  ത്രില്ലിംഗ്  ദൃശ്യങ്ങൾ. ആദ്യ പകുതിയിലെ  ചെറിയ ലാഗിങ്ങും, ലാലേട്ടന്റെ വകയുള്ള ചില്ലറ ദ്വയാർത്ഥ പ്രയോഗങ്ങളും, പൈങ്കിളി ഭാര്യാ-ഭർതൃ സീനുകളും ഉപദേശങ്ങളും   ഒഴിവാക്കി കൊണ്ട് നോക്കിയാൽ ഇത് വരെ കണ്ട മലയാള സിനിമകളിലെ ഒരു perfect drama thriller movie തന്നെയാണ് ദൃശ്യം. 

*വിധി മാർക്ക്‌ = 8.8/10 

                *********************************************************

 സിനിമ കണ്ടവരോട് മാത്രമായി പറയാനുള്ളത് 

 സിനിമയിൽ ഒരു സീൻ കൂടി ആഡ് ചെയ്തു കണ്ടാൽ ഒരു പക്ഷേ പ്രേക്ഷകനെന്ന നിലയിൽ ഞാൻ കൂടുതൽ സംതൃപ്തനാകുമായിരുന്നു. ജോർജ്ജൂട്ടിയുടെ വീട്ടിൽ ഒരു അഞ്ചു പത്ത് പശുക്കളും രണ്ടു പശുക്കിടാങ്ങളും ഉണ്ടെന്നു തുടക്കത്തിലെപ്പോഴെങ്കിലും  കാണിക്കുന്ന ഒരു സീൻ / ജൈവ വളങ്ങളെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും വാചാലനാകുന്ന  ജോർജ്ജൂട്ടി /കന്നു കാലി ഫാമുകളിൽ പോയി അവിടെ ചത്തു വീഴുന്ന കന്നുകാലികളെ ഫാം ഉടമസ്ഥർ എന്ത് ചെയ്യുന്നു എന്ന് അറിയാൻ ശ്രമിക്കുന്ന ജോർജ്ജൂട്ടി/ ഇങ്ങിനെ എന്തെങ്കിലുമൊരു സീൻ കൂടി സിനിമയിൽ ഉൾപ്പെടുത്തണമായിരുന്നു എന്ന് ഞാൻ ഞാൻ ശക്തമായി ആഗ്രഹിച്ചു പോയി.  അത് കാണിച്ചിരുന്നെങ്കിൽ സിനിമ കണ്ട ശേഷം മനസ്സിൽ തോന്നിയ ഒരേ ഒരു ചോദ്യത്തിന്റെ പ്രസക്തി ഇല്ലാതാകുമായിരുന്നു. 

-pravin-