Thursday, August 29, 2019

പൊറിഞ്ചു മറിയം ജോസ് - സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, പ്രതികാരത്തിന്റെ അമ്പ് പെരുന്നാൾ !!

ചുവപ്പു നിറത്തിൽ എഴുതി കാണിക്കുന്ന സിനിമയുടെ പേരിനോട് നീതി പുലർത്തും വിധം ചോര കൊണ്ട് ജീവിതം വരച്ചു തീർക്കുന്ന കഥാപാത്രങ്ങളായി സിനിമയിൽ നിറഞ്ഞു നിക്കുന്നു പൊറിഞ്ചുവും ജോസും. 

ജോജുവും ചെമ്പനും പൊറിഞ്ചുവായും ജോസായും നിറഞ്ഞാടിയപ്പോൾ നൈല ഉഷയുടെ മറിയം മാത്രം പരിമിതികളിൽ കുടുങ്ങി കിടന്നു. ശക്തമായ കഥാപാത്രമെങ്കിലും പുണ്യാളൻ അഗർബത്തീസിലെ തൃശൂരുകാരി അനുവിൽ നിന്ന് ഉയരാൻ നൈലക്ക് സാധിക്കാതെ പോകുന്നു പല സീനുകളിലും. മറിയമെന്ന കഥാപാത്രത്തിനുള്ള പഞ്ച് സിനിമക്ക് നഷ്ടമാകുന്നതും അക്കാരണത്തിലാണ്. 

ചെറിയ കഥാപാത്രമായിട്ടും സുധി കോപ്പയൊക്കെ എത്ര ഗംഭീരമായിട്ടാണ് വൈകാരിക രംഗങ്ങൾ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നത്.  

മുൻപും സമാനമായ ഒരുപാട് തൃശൂർ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ടിജി രവി ഇക്കുറി പ്രകടനത്തിൽ വേറിട്ട് നിക്കുന്നുണ്ട്. ടൈപ്പ് വേഷങ്ങളിൽ ഒതുങ്ങി കൊണ്ടിരുന്ന വിജയ് രാഘവന്  ഐപ്പേട്ടൻ എന്ന മുഴുനീള കഥാപാത്രം നല്ലൊരു ബ്രേക്ക് ആണ്. 

രാഹുൽ മാധവിന്റെ വില്ലൻ വേഷം കിടുക്കിയിട്ടുണ്ട്. മികച്ച കഥാപാത്രങ്ങൾ കിട്ടിയാൽ ഉയർന്നു വരാനാകുന്ന ഒരു നല്ല നടൻ കൂടിയാണ് രാഹുൽ. 

1965 കളിൽ തുടങ്ങി 1985 കാലത്തെത്തി നിക്കുന്നതാണ് കഥയിലെ പ്രധാന കാലഘട്ടം  എന്നത് കൊണ്ട് തന്നെ 80കളിലെ പലതും ഓർമ്മപ്പെടുത്തി കൊണ്ടുള്ള അവതരണത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്നു. ആ കാലത്തെ നാട്ടു വഴികളും, റോഡും, വാഹനങ്ങളും, അങ്ങാടിയും, തിയേറ്ററും, വീടുകളും, ടിവിയും, സിനിമകളും, വസ്ത്രധാരണങ്ങളും, സാധന സാമഗ്രികളുടെ വിലയും, കറൻസിയും തൊട്ട് പലതും പരമാവധി വിശ്വസനീയമായ കാഴ്ചകളാക്കി മാറ്റാൻ ശ്രമിച്ചിട്ടുണ്ട് കലാസംവിധായകരും കൂട്ടരും. പക്ഷേ ശവമടക്കിനു മഴ പെയ്യുന്ന പോലെയുള്ള ക്ളീഷേകളൊക്കെ ഇവിടെയും ആവർത്തിക്കുന്നുണ്ട് എന്നത് വേറെ കാര്യം. 

തൃശൂർ ഭാഷയും പള്ളിപ്പെരുന്നാളും ആ ദിവസത്തെ തമ്മിൽത്തല്ലുമൊക്കെ പല സിനിമകളിലും കണ്ടു മറന്നതെങ്കിലും ടൈറ്റിൽ കഥാപാത്രങ്ങൾ കൊണ്ട് തന്നെ ശ്രദ്ധയാകർഷിച്ച പൊറിഞ്ചു മറിയം ജോസ് ജോഷിയുടെ സംവിധാനത്തികവിൽ ഒരു പെരുന്നാൾ ആഘോഷ കാഴ്ചയായി മാറുകയാണ്.  (റിയലിസ്റ്റിക്ക് സിനിമാ ഫാൻസിന് വേണമെങ്കിൽ ഈ പെരുന്നാൾ കൂടാതിരിക്കാം.)

സിനിമ കഴിഞ്ഞാലും ആ ബാൻഡ് മേളവും  ജോസിന്റെ ഡിസ്‌കോയും, പൊറിഞ്ചുവിന്റെ  ശ്മശാനത്തിലുള്ള  ഇരുപ്പും, ബാബുവിന്റെ വാവിട്ട കരച്ചിലും മനസ്സിലുണ്ടാകും മായാതെ, മറയാതെ. 

ആകെ മൊത്തം ടോട്ടൽ = സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിച്ച് നിർത്തിയാൽ പുതുമയില്ലായ്മകൾക്കിടയിലും  മേക്കിങ് കൊണ്ട് ഗംഭീരമായ സിനിമ തന്നെയാണിത്. ടൈറ്റിൽ കഥാപാത്രങ്ങൾ തന്നെയാണ് ഈ സിനിമയുടെ തൂണുകൾ. ഇടക്കാലത്ത് ലോക്പാലും സലാം കാശ്മീരും  ലൈല ഓ ലൈലയുമൊക്കെയായി  വന്ന ജോഷി ആ ലൈനിൽ നിന്നും വീണ്ടും മാറി നടക്കുന്നു എന്നതാണ് സന്തോഷം. ജോഷി ജോഷിയായി തന്നെ നിലനിൽക്കട്ടെ. 

*വിധി മാർക്ക് - 7.5/10 

-pravin- 

Monday, August 26, 2019

നിഷ്ക്കളങ്ക സ്നേഹത്തിന്റെ പൊന്നമ്പിളി !

മനസ്സിൽ സ്നേഹം പേറി നടക്കുന്നവരെല്ലാം ഈ ലോകത്തിലെ ഭ്രാന്തന്മാരാണ്. സ്നേഹം നഷ്ടപ്പെട്ടവനും അത് തേടി അലഞ്ഞവനും മാത്രമേ ആ ഭ്രാന്ത് മനസ്സിലാകൂ എന്ന് മാത്രം. അമ്പിളി ആ തലത്തിൽ ഒരു വലിയ ഭ്രാന്തനാണ്. എത്ര നിഷ്ക്കളങ്കമായും നിസ്വാർത്ഥമായുമാണ് അയാൾ തന്റെ സ്നേഹം ഒരു നാടിനും നാട്ടുകാർക്കും കാമുകിക്കുമൊക്കെ പകുത്തു കൊടുക്കുന്നത്. 

എല്ലാവരേയും  സ്നേഹിക്കുക എന്നത് ഒരാളുടെ നന്മയാണ് എങ്കിൽ അത് പോലുള്ള സ്നേഹങ്ങളും കരുതലുകളും അനുഭവിക്കുക എന്നത് ഒരാൾക്ക് കിട്ടുന്ന ഭാഗ്യവും യോഗവുമൊക്കെയാണ്. ടീന ആ കൂട്ടത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണ്. ഒരു പക്ഷേ  അമ്പിളിയെ ആരെക്കാളും നന്നായി മനസ്സിലാക്കിയത് കൊണ്ട് താനേ വന്നു ചേർന്ന സൗഭാഗ്യം. 

അമ്പിളിയെ നിരന്തരം പറ്റിക്കുന്നവർ കരുതുന്നത് അവർ അവനെ പറ്റിച്ചു എന്നാണ്. എന്നാൽ  അവർക്ക് വേണ്ടി പറ്റിക്കപ്പെടാൻ സ്വയം നിന്ന് കൊടുക്കുന്ന അമ്പിളിയെ ആരും അറിയുന്നില്ല. രാവിലെ എഴുന്നേറ്റ ഉടനെ അമ്പിളി സംസാരിക്കുന്ന മിട്ടു എന്ന ബൊമ്മക്കരടി പോലും അവന്റെ സ്നേഹം അനുഭവിക്കുന്നുണ്ട്. അവന്റെ അഭാവം ജീവനില്ലാത്ത ആ ബൊമ്മയിൽ പോലും നിരാശ പടർത്തുന്നത് കാണാൻ പറ്റും. ഒരാളുടെ അഭാവം കൊണ്ട് മാത്രം നമ്മൾ അനുഭവിച്ചറിയുന്ന ചിലതുണ്ട് ഈ ഭൂമിയിൽ എന്ന് ബോധ്യപ്പെടുത്തുന്ന സീനുകൾ. 

പൊളിച്ചെഴുത്താണ് ഈ സിനിമയിലെ അമ്പിളി-ടീന പ്രണയം. അമ്പിളിയുടെ കുറവുകൾ അറിഞ്ഞു സഹതാപം കൊണ്ടുണ്ടായതല്ല ടീനയുടെ പ്രണയം. ആർക്കുമില്ലാത്ത അവന്റെ മാത്രമായ വ്യക്തിത്വത്തെയും സ്നേഹത്തെ തന്നെയുമാണ് അവൾ പ്രണയിച്ചത്. അത് കൊണ്ട് തന്നെ ആ പ്രണയം വീട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ പോലും അവൾ സ്ഥിരം കാമുകിമാരിൽ നിന്ന് വേറിട്ട് നിന്നു. 

സൗബിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളി ഉയർത്തിയ കഥാപാത്രം തന്നെയാണ് അമ്പിളി. അമ്പിളിക്ക് പൂർണ്ണത നൽകാൻ സൗബിന് ഒരുപാട് പരിമിതികൾ ഉള്ളതായി അനുഭവപ്പെടുമ്പോഴും ആ കഥാപാത്രത്തിന്റെ സവിശേഷതകൾ കൊണ്ട്  അമ്പിളി മനസ്സ് തൊടുന്നു. 

ബുദ്ധി സ്ഥിരതയില്ലാത്ത ഒരാളാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന കഥാപാത്രമാണ് അമ്പിളിയുടേത്. അയാളുടെ സംസാര ശൈലിയും നടത്തവുമൊക്കെ അത് ശരി വക്കുന്നുണ്ടെങ്കിലും സിനിമ കണ്ടവസാനിക്കുമ്പോൾ നമ്മുടെ ധാരണകൾ തന്നെ മാറിപ്പോകും. അച്ഛനും അമ്മയും പൊടുന്നനെ ഇല്ലാതായ ഒരുവന്റെ കുട്ടിക്കാലം എത്ര ഭീകരമായ ഒറ്റപ്പെടലായിരിക്കാം അവനു നൽകിയിട്ടുണ്ടാകുക. ആ ഒറ്റപ്പെടലിൽ അമ്പിളിയുടെ മാനസിക വളർച്ച ഒരു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ നിന്ന് പോയതെങ്കിലോ എന്നൊക്കെ ആലോചിച്ചു പോകുന്നു. 

ലോകത്തിലെ ഏറ്റവും വലിയ ക്രൂരത എന്താണെന്ന് അറിയാമോ. അത് ഒരാളെ കൊന്നു കളയലൊന്നുമല്ല. ഒരു കാര്യവുമില്ലാതെ ഒന്നും പ്രതീക്ഷിക്കാതെ നമ്മളെ  സ്നേഹിക്കുന്ന നമ്മുടെ  ചുറ്റിലുമുള്ളവരെ അവർ പോലുമറിയാതെ നമ്മളിൽ നിന്ന് അകറ്റി നിർത്തുന്നതാണ്. ബോബിക്കുട്ടൻ അമ്പിളിയോട് ചെയ്യുന്ന ക്രൂരതയും അതാണ്. 

ഒരു വേറിട്ട റൊമാന്റിക് സിനിമ എന്ന നിലക്ക് പകുതി വരെ പറഞ്ഞെത്തിയ സിനിമ പിന്നീട് ഒരു റോഡ് മൂവി ഗണത്തിലേക്ക് വഴി മാറുന്നു. 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' യിലെ കാസിയുടെയും സുനിയുടെയും ബൈക്ക് യാത്രയെയും വഴിക്കാഴ്ചകാളെയുമൊക്കെ അനുസ്മരിപ്പിക്കുന്നു അമ്പിളിയുടെയും ബോബിക്കുട്ടന്റെയും സൈക്കിൾ യാത്ര. 

പശ്ചാത്തല സംഗീതത്തിന്റെ പിന്തുണ സിനിമക്ക് വേണ്ടുവോളം കിട്ടി എന്ന് പറയാം. വിനായകിന്റെ വരികളും  വിഷ്ണു വിജയുടെ സംഗീതവും കൂടി 'ആരാധികേ..' എന്ന പാട്ടിന് നൽകിയ ഫീൽ അമ്പിളിയുടെ ആത്മാവ് തൊട്ടറിയിക്കുന്നു. 

തനിക്ക് ചുറ്റിലുമുള്ള എല്ലാവരെയും മതിമറന്നു സ്നേഹിക്കുന്നതിനിടയിൽ തനിക്ക് നഷ്ടപ്പെട്ടു പോയ സ്നേഹത്തെ കുറിച്ചുള്ള ഓർമ്മകൾ അമ്പിളിക്ക് നൽകുന്ന വിങ്ങലുകൾ പരിമിതികൾക്കിടയിലും സൗബിൻ ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് അവസാന സീനുകളിൽ. 

ആകെ മൊത്തം ടോട്ടൽ =ഗപ്പിയോളം തൃപ്തി തന്നില്ലെങ്കിലും ജോൺപോൾ ജോർജ്ജെന്ന സംവിധയകനിൽ ഇനിയും ഉയരത്തിലുണ്ട് പ്രതീക്ഷകൾ. നന്ദി, നന്മ നിറഞ്ഞ ഈ പൊന്നമ്പിളി കാഴ്ചകൾക്ക്. 

*വിധി മാർക്ക് = 7/10

-pravin- 

Thursday, August 22, 2019

കുമ്പളങ്ങിയിലെ ആ വീട് !!

ഒരു ദുരഭിമാനക്കൊലയുടെ വക്കിൽ നിന്നും ഓടി രക്ഷപ്പെട്ടതായിരുന്നു വിജയും സതിയും. 

തീട്ടപ്പറമ്പിനോട് ചേർന്ന് നിൽക്കുന്ന തുരുത്തിലേക്ക് തെക്കുമുറിക്കാർ ഉപേക്ഷിച്ചു കൊണ്ടിടുന്ന പട്ടികൾക്കും പൂച്ചകൾക്കും അറിഞ്ഞോ അറിയാതെയോ സംരക്ഷകരായി മാറാനുള്ള നിയോഗം നെപ്പോളിയന്റെ മക്കൾക്ക് ഉണ്ടായിരുന്നത് കൊണ്ട് തന്നെയാകാം വിജയും സതിയും ഓടിയെത്തിയത് നെപ്പോളിയന്റെ മൂത്ത മകൻ സജിക്ക് മുന്നിലായിരുന്നു. ആരുമില്ലാത്തവർക്ക് ആരുമില്ലാത്തവൻ ആരോ ആയി മാറിയ ദിവസം. വിജയ്ക്ക് സജിയോടുള്ള കടപ്പാട് ആരംഭിക്കുന്നത് അവിടെ നിന്നാണ് .

വിജയ്ക്കും സതിക്കും താമസിക്കാൻ അതേ തുരുത്തിൽ തൊഴുത്തിനേക്കാൾ മോശമായൊരിടം ഒരുക്കി കൊടുക്കുന്നത് സജിയാണ്. ഒരു വീട് എന്താണെന്ന് അറിയാത്ത അല്ലെങ്കിൽ അറിയാനുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടില്ലാത്ത സജിയെ സംബന്ധിച്ച് ഒരു വീടിനോടുള്ള കാഴ്ചപ്പാട് അത്രയേ ഉണ്ടായിരുന്നുള്ളൂ. 

സജിയെ വളരെ പെട്ടെന്ന് മനസ്സിലാക്കിയ ഒരാൾ കൂടിയായിരുന്നു വിജയ്. ഒരു പരാതിയുമില്ലാതെ സജി പറയുന്നതെല്ലാം അയാൾ കേട്ടിരുന്നു. വിജയ്നെ ഓസിയാണ് താൻ ജീവിക്കുന്നത് എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധം സജി അലസനായി മാറി. സജിയെ  ഉപദേശിക്കാനോ  പിരിഞ്ഞു പോകാനോ സാധിക്കാത്ത വിധം വിജയും സജിക്കൊപ്പം  തന്നെ സഞ്ചരിച്ചു. 

സതി ഗർഭിണിയായി. ബാധ്യതകളും ഉത്തരവാദിത്തങ്ങളും  കൂടാൻ പോകുന്നു. ഈ ഘട്ടത്തിലാണ് വിജയ് സജിയോട് എല്ലാം പറയാൻ തീരുമാനിക്കുന്നത് . പക്ഷേ അവസരങ്ങൾ കിട്ടിയില്ല. 

തന്റെ വീട് ഈ പഞ്ചായത്തിലെ തന്നെ ഏറ്റവും മോശം വീടാണ് എന്ന് ഫ്രാങ്കി പറയുമ്പോൾ  അത് ഉൾക്കൊള്ളാതെ അവനുമായി  വഴക്കിടുകയും ഒടുക്കം അന്നേ വരെ തന്നോട് തല്ലു കൂടിയിട്ടില്ലാത്ത ബോണി പോലും പങ്കായം കൊണ്ട് സജിയെ തല്ലി പുറത്താക്കുന്ന ആ രാത്രിയിൽ തന്നെയാണ് എല്ലാം സംഭവിക്കുന്നത് . 

സങ്കടക്കടലായി തന്റെ അടുത്ത് വന്ന സജിക്ക് മദ്യം നൽകുകയും പറയുന്നതൊക്കെ കേട്ടിരിക്കുകയും ചെയ്ത ശേഷം വിജയ് മുൻപൊന്നുമില്ലാത്ത വിധം ചില തുറന്നു പറച്ചിലുകൾ നടത്തുന്നുണ്ട്. സജി ഒന്നിന് മീതെ ഒന്നായി തകർന്നു പോകുന്ന നിമിഷങ്ങൾ. 

നീയേ ഉണ്ടായിരുന്നുള്ളൂ എന്ന് വിജയ്നെ നോക്കി സജി പറഞ്ഞത് വെറുതെയായിരുന്നില്ല. മറ്റു അനിയന്മാരെക്കാൾ വലിയ സ്ഥാനം കൊടുത്ത വിജയ് പോലും തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന വേദനയിലും മദ്യത്തിന്റെ ലഹരിയിലും സജി മരണത്തിലേക്ക് എടുത്തു ചാടി ..പക്ഷേ അവിടെയും വിജയ് സജിയോട് കൂറ് കാണിച്ചു . സ്വന്തം ജീവൻ മരണത്തിനു കൊടുത്തിട്ട് സജിയെ തിരിച്ചു ജീവിതത്തിലേക്ക് നടത്തി . 

ഒഴിയാത്ത കുറ്റബോധവും പശ്ചാത്താപവുമൊക്കെ  പേറിക്കൊണ്ട് പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി സജി നേരെ നടന്നത് വർഷങ്ങൾക്ക് മുന്നേ വിജയ്നെയും സതിയേയും കൊണ്ട് ചെന്നാക്കിയ ആ തൊഴുത്തിലേക്കാണ്. വഴിയിൽ കണ്ട പോസ്റ്റിൽ കുറെ തവണ തലയിടിപ്പിച്ചു കൊണ്ട്  മനസ്സിന്റെ വേദനയെ മറികടക്കാൻ ശ്രമിച്ചു . 

വിജയിന്റെ വീട് ആണ് സജിയുടെ വീടിനോടുള്ള കാഴ്ചപ്പാടുകൾ മാറ്റുന്നത്. എങ്ങിനെയോ ഉണ്ടായിരുന്ന ഒരു സ്ഥലം മനോഹരമായ ഒരു ഉദ്യാനം പോലെ മാറിയിരിക്കുന്നു. മുറ്റത്തു തന്നെ നിന്ന് പോയ സജിയുടെ കാഴ്ച ചെണ്ടുമല്ലി പൂവിനു മുകളിൽ ചിറക് വീശുന്ന പൂമ്പാറ്റയിലേക്ക് നീളുന്നു. 

നെപ്പോളിയന്റെ മക്കൾ അന്ന് വരെ ഒരു വീടിനുള്ളിൽ താമസിക്കുകയല്ലായിരുന്നു മറിച്ച് ഒരു വീട് എന്ന ധാരണയിൽ എവിടെയോ താമസിക്കുകയായിരുന്നു.  നമ്മുടേത് ഒരു വീടല്ല എന്ന് ഫ്രാങ്കി എപ്പോഴും പറയുന്നതിന്റെ  പൊരുൾ  സജിക്ക് ബോധ്യപ്പെടുന്നത് വിജയ്ടെ വീടിന്റെ ആ കാഴ്ചയിലൂടെ അപ്പോഴാണ് .

കുമ്പളങ്ങിയിലെ ഒരു വലിയ കാഴ്ചാനുഭവമാണ് അധികമാരും കാണാതെ പോയ തുരുത്തിലെ ആ വീട്. 

-pravin-

Monday, August 19, 2019

സ്‌കൂളോർമ്മകളുടെ 'തണ്ണീർ മത്തൻ ദിനങ്ങൾ' !

പ്ലസ്‌ടുവിന് അഡ്മിഷൻ കിട്ടുന്നത് തൊട്ട് പ്ലസ്ടു തീരും വരെയുള്ള രണ്ടു വർഷക്കാലം രണ്ടര മണിക്കൂറിൽ രസകരമായി അവതരിപ്പിക്കുന്ന സിനിമ. പിള്ളേരും മാഷുമാരും സ്ക്കൂളും കാന്റീനും പരിസരവുമൊക്കെയായി ഉള്ള സമയം മുഴുവൻ സിനിമയെ ലൈവാക്കി നിർത്തുന്ന അവതരണ ശൈലിയാണ് 'തണ്ണീർ മത്തന്റെ' പ്രധാന രുചിക്കൂട്ട്. 

അവകാശപ്പെടാൻ വലിയൊരു കഥയൊന്നുമില്ലാതെ സ്ക്കൂൾ പിള്ളേരുടെ സൗഹൃദങ്ങളും അലസതകളും പക്വതയില്ലായ്മകളും തമ്മിൽത്തല്ലുകളും പ്രണയവുമൊക്കെയായി ഒരു കൂട്ടം കുട്ടി-പുതുമുഖങ്ങളെ വച്ചൊരു മുഴുനീള സിനിമ ചെയ്യുക എന്നത് തന്നെ ശ്രമകരമായ ദൗത്യമാണ്. ആ ദൗത്യത്തെ ഇത്ര രസകരമാക്കി അവതരിപ്പിക്കാൻ സാധിച്ചതിലുണ്ട് ഗിരീഷിൻറെ സംവിധാന മികവും ഡിനോയ് പൗലോസിന്റെ സ്ക്രിപ്റ്റിന്റെ ലാളിത്യവും .

വിനീത് ശ്രീനിവാസന്റെ കരിയറിലെ ഒരു വേറിട്ട വേഷമെങ്കിലും ശ്രീനിവാസന്റെ തന്നെ പഴയ ഫ്രോഡ് കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട് രവി പദ്മനാഭനായിട്ടുള്ള വിനീതിന്റെ നോട്ടങ്ങളും ഭാവങ്ങളും. ഓവർ ആക്ടിങ് അല്ലേ എന്ന് സംശയിക്കപ്പെടുമെങ്കിലും രവി പദ്മനാഭൻ എന്ന കഥാപാത്രം ആവശ്യപ്പെടുന്ന പ്രകടനം തന്നെയായിരുന്നു വിനീതിന്റെ ആ ഓവർ ആക്ടിങ് ശൈലി.

കാര്യം ഇർഷാദും വിനീതും ശബരീഷുമടക്കം പല നടന്മാരുമുണ്ടെങ്കിലും ഈ സിനിമയിലെ താരങ്ങളായി മാറുന്നത് ജെയ്സനും ജോയ്സനും മെൽവിനും ഡെന്നിസും ലിന്റോയുമൊക്കെയാണ്. 

ആകെ മൊത്തം ടോട്ടൽ = സമയം പോകുന്നതറിയില്ല. ആ തരത്തിലുള്ള നല്ലൊരു എന്റർടൈനർ എന്ന് ചുരുക്കി പറയാം 'തണ്ണീർമത്തൻ ദിനങ്ങ'ളെ. മാത്യുവും അനശ്വരയും നൽസനും തൊട്ട് ഈ സിനിമയിൽ അഭിനയിച്ച ഓരോ പിള്ളേരും അതുല്യ പ്രതിഭകളാണ്..പ്രതിഭാസങ്ങളാണ്. അമ്മാതിരി ഐറ്റംസ് . പിള്ളേര് മാത്രമല്ല ആദ്യമായിട്ട് സ്‌ക്രീനിൽ വന്നു പോകുന്നവർ പോലും ഞെട്ടിച്ചു. 

*വിധി മാർക്ക് = 7.5/10 
-pravin-

Tuesday, August 13, 2019

ലൂക്ക - നിഗൂഢമായ ഒരു പ്രണയകാവ്യം !

നിഗൂഢമായ ഒരു പ്രണയകാവ്യത്തിന്റെ മനോഹരമായ ദൃശ്യാവിഷ്ക്കാരമാണ് ലൂക്ക. മരണത്തിൽ തുടങ്ങി ജീവിതത്തിലേക്കും പ്രണയത്തിലേക്കും വിരഹത്തിലേക്കുമൊക്കെ നമ്മളെ കൈ പിടിച്ചു കൊണ്ട് പോകുകയാണ് ലൂക്കയും നീഹാരികയും. പ്രണയം കൊണ്ട് മരണത്തെ അതിജീവിച്ചു മഴയിലും കാറ്റിലും ഒന്നായി മാറിയവർ. 

ഒരു ത്രില്ലർ സ്വഭാവമുള്ള കഥയും അന്വേഷണാത്മകത നിറയുന്ന സാഹചര്യങ്ങളുമൊക്കെ ഉണ്ടായിട്ടും പതിഞ്ഞ താളത്തിൽ അത്യാവശ്യം ലാഗടിപ്പിച്ചു കൊണ്ടുള്ള അവതരണം എന്തിനായിരുന്നു എന്ന് ആദ്യം തോന്നിപ്പോയെങ്കിലും ആ ലാഗ് തന്നെയാകാം ക്ലൈമാക്സിനു ഇത്ര ഭംഗി നൽകിയത് എന്ന് ഒടുക്കം തിരുത്തിപ്പറയേണ്ടി വരുന്നു. 

പ്രണയ സിനിമകൾക്കിടയിൽ 'ലൂക്കാ' വ്യത്യസ്തമാകുന്നത് നീഹാരികയും ലൂക്കയും തമ്മിലുള്ള വെറും പ്രണയം കൊണ്ടല്ല. അവർ പ്രണയിക്കുന്ന ശൈലി കൊണ്ടും പരസ്പ്പരം പ്രണയിക്കാനിടയാകുന്ന കാരണങ്ങൾ കൊണ്ടുമൊക്കെയാണ്. 

തന്റെ കണ്ണിനു മുന്നിലുള്ളതിനെ  വരക്കാതെ അതിനു പിന്നിലെ ആരും കാണാതെ പോകുന്ന കാഴ്ചകളെ വരച്ചെടുക്കുന്ന ലൂക്കയാണ് നീഹാരികയെ ശരിക്കും നോക്കി കാണുന്ന ഒരേ ഒരാൾ. നീഹാരികയെ തന്റെ മനസ്സിന്റെ കാൻവാസിലേക്ക് അത്രത്തോളം ആഴത്തിൽ വരച്ചിടാൻ ലൂക്കക്ക് സാധിക്കുന്നു. അതേ ലൂക്കയെ മറ്റാർക്കും സാധിക്കാത്ത വിധം ഉള്ളറിഞ്ഞ് സ്നേഹിക്കാനും അവനു വേണ്ടി ഏതറ്റം വരെ പോകാനും നീഹാരികക്ക് സാധിക്കുന്നത് ലൂക്കയുടെ പ്രണയം അത്ര മേൽ ശക്തമായി അവൾ അനുഭവിക്കുന്നത് കൊണ്ടുമാണ്. 

അച്ഛൻ നഷ്ടപ്പെട്ട സമയത്ത് അനുഭവിക്കുന്ന കടുത്ത അരക്ഷിതാവസ്ഥയും അമ്മാവനാൽ നശിപ്പിക്കപ്പെട്ട നീഹാരികയുടെ കുട്ടിക്കാലവുമൊക്കെ കുറഞ്ഞ ഷോട്ടുകൾ കൊണ്ട് നീറുന്ന കാഴ്ചയാക്കി മാറ്റുന്നു സംവിധായകൻ. അച്ഛന്റെ തൂങ്ങിയാടുന്ന കാലുകൾ കണ്ടു ഉണർന്ന് എഴുന്നേറ്റ ലൂക്കയുടെ കുട്ടിക്കാലം എത്രത്തോളം ഭീകരമായ ഒരു അനുഭവമായിരുന്നിരിക്കാം !! ഒരർത്ഥത്തിൽ അന്നത്തെ ആ കാഴ്ചയുടെ ഇരയാണ് പിന്നീടുള്ള ലൂക്കയുടെ ജീവിതം.

അമ്മയിലേക്കൊതുങ്ങി ജീവിക്കേണ്ടി വന്ന ലൂക്കയെ പിന്നീടും വിധി മരണം കാണിച്ച് പേടിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലും ആരുമല്ലാത്ത ആരൊക്കെയോ ചേർന്ന് ലൂക്കക്ക് അവന്റേതായ ഒരു ലോകം ഉണ്ടാക്കി കൊടുക്കുന്നു. നീഹാരികയുടെ വരവോടു കൂടെയാണ് ലൂക്കയുടെ ആ ലോകം അതിരില്ലാതെ വിശാലമാകുന്നത്. 

അക്ബർ ഹുസ്സൈനെന്ന മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്ത നിഥിൻ ജോർജ്ജ് ഒരു പുതുമുഖത്തിന്റേതായ യാതൊരു ഭാവ ലക്ഷണവുമില്ലാതെയാണ് തുടക്കം മുതൽ ഒടുക്കം വരെ ടോവിനോയുടെ ലൂക്കാക്ക് സമാന്തരമായി സ്‌ക്രീനിൽ മറ്റൊരു തലത്തിൽ നിറഞ്ഞു നിന്നത്. ലൂക്കയുടെയും നീഹാരികയുടെയും പ്രണയം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതും അക്ബറിനെയാണ് എന്ന് പറയാം. ഒരാളുടെ മരണവും ജീവിതവും അന്വേഷിച്ചു തുടങ്ങി ഒടുക്കം പ്രണയത്തിന്റെ അനശ്വരതയിൽ ഉത്തരമില്ലാതെ നിന്ന് പോകേണ്ടി വരുന്ന ഒരു പോലീസ് ഓഫിസറാണ് അക്ബർ. 

മണ്ണാങ്കട്ടയുടെയും കരിയിലയുടെയും പ്രണയകഥ ഇനി കേൾക്കുമ്പോൾ ലൂക്കയെയും നീഹാരികയെയും ഓർമ്മ വരും. എത്രയോ തവണ കേട്ടിട്ടും അറിയാതെ പോയ കരിയിലയുടെയും മണ്ണാങ്കട്ടയുടെയും വേദന ഇനി ആ കഥ കേൾക്കുമ്പോൾ നമ്മൾ അനുഭവിച്ചറിയും. അപ്രകാരമാണ് 'ലൂക്കാ' നമുക്കുള്ളിലേക്ക് നമ്മൾ പോലുമറിയാതെ പ്രണയമെന്ന സ്ലോ പോയിസൺ കുത്തി വക്കുന്നത്. 

ആകെ മൊത്തം ടോട്ടൽ = ടോവിനോ-അഹാനയുടെ കോമ്പിനേഷൻ, നിമിഷ് രവിയുടെ ഛായാഗ്രഹണം, സൂരജ് എസ് കുറുപ്പിന്റെ സംഗീതം ഇത് മൂന്നും അരുൺ ബോസ് എന്ന സംവിധായകന് നൽകിയ പിന്തുണയാണ് 'ലൂക്കാ'യുടെ സൗന്ദര്യം വേറിട്ടതാക്കിയത്. പുതുമുഖ തിരക്കഥാകൃത്തുക്കൾ എന്ന നിലയിൽ അരുൺ ബോസും മൃദുൽ ജോർജ്ജും മലയാള സിനിമയുടെ നാളത്തെ പ്രതീക്ഷകൾ തന്നെയെന്ന് പറഞ്ഞു വക്കാം. 

*വിധി മാർക്ക് - 7.5/10 

-pravin- 

Saturday, August 10, 2019

ചിരിയുടെ 'ജനമൈത്രി'

കേരളാ പോലീസിന്റെ ഒരു ചായക്കൊപ്പം ഒരുപാട് ചിരി പടർത്തിയ ഒരു കൊച്ചു സിനിമ എന്ന് ചുരുക്കി പറയാം.

വലിയ അവകാശവാദങ്ങളൊന്നുമില്ലാത്ത, കുറച്ചു കഥാപാത്രങ്ങൾ മാത്രമുള്ള ഒരു കൊച്ചു സിനിമയാണിതെന്ന് ആദ്യമേ പറഞ്ഞു വക്കുന്ന സിനിമ ഒരിടത്തും ബോറടിപ്പിക്കാതെ ഉള്ള സംഗതികളെ വച്ചും കഥാപാത്രങ്ങളെ വച്ചും ചിരിക്കാനുള്ള വകുപ്പുകൾ സമ്മാനിക്കുന്നുണ്ട്. ഇന്ദ്രൻസും    സൈജു കുറുപ്പും  വിജയ് ബാബുവും  സാബു മോനും  അടക്കം ചെറു സീനുകളിൽ വന്നു പോയ ഓരോ നടീ നടന്മാരെല്ലാം   കോമഡി കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചു. 

ഒരു വലിയ കാൻവാസിൽ പറയുന്ന കഥ സിനിമയാക്കുന്നതിനേക്കാൾ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് മണിക്കൂറുകൾക്കുള്ളിൽ സംഭവിക്കുന്ന ചെറിയ കാര്യങ്ങളെ കൂട്ടി ചേർത്ത് അതൊരു മുഴുനീള സിനിമയാക്കാൻ. ആ റിസ്കിനെ രസകരമാക്കി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് ജോൺ മന്ത്രിക്കൽ എന്ന സംവിധായകന്. അത് തന്നെയാണ് ജനമൈത്രി എന്ന കൊച്ചു സിനിമയുടെ വിജയവും. 

നവാഗത സംവിധായകർക്കും ഇത്തരം കൊച്ചു സിനിമകൾക്കും ഫ്രൈഡേ ഫിലിംസും വിജയ് ബാബുവെന്ന നിർമ്മാതാവും കൊടുക്കുന്ന പിന്തുണയും പ്രോത്സാഹനവും എടുത്തു പറയേണ്ട ഒന്നാണ്. കുറച്ചു മണിക്കൂർ കനപ്പെട്ടതൊന്നും ചിന്തിപ്പിക്കാതെ ചുമ്മാ ചിരിപ്പിച്ചു കളഞ്ഞ ഈ സിനിമയിലെ വലുതും ചെറുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച എല്ലാ നടീനടന്മാർക്കും അഭിനന്ദനങ്ങൾ 

ആകെ മൊത്തം ടോട്ടൽ = ബോറടിക്കാതെ ചുമ്മാ കണ്ടു ചിരിക്കാൻ പറ്റുന്ന ഒരു കൊച്ചു സിനിമ. 

*വിധി മാർക്ക് = 6/10 

- pravin-