Saturday, October 26, 2019

ആരെയും വേദനിപ്പിക്കുന്നതാകരുത് വികൃതികൾ !!

വികൃതികൾ സംഭവിച്ചു പോകുന്നതായിരിക്കാം. പക്ഷേ അത് മറ്റൊരാളുടെ മനസ്സിനെയും തകർത്തു കൊണ്ട് അയാളുടെ ജീവിതത്തെ പോലും തകിടം മറക്കുന്ന രീതിയിൽ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം, ശ്രദ്ധിച്ചേ മതിയാകൂ. ഈ ഓർമ്മപ്പെടുത്തലും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തലുമാണ് 'വികൃതി' എന്ന കൊച്ചു സിനിമയെ ശ്രദ്ധേയമാക്കുന്നത്. 

കൊച്ചി മെട്രോയിൽ പാമ്പ് എന്ന അടിക്കുറിപ്പോടെ വർഷങ്ങൾക്ക് മുന്നേ എൽദോ എന്ന വ്യക്തിയുടെ ജീവിതം കൊണ്ട് ട്രോളടിച്ചു കളിച്ചവരെയും സമാന മനസ്സുള്ളവരെയുമൊക്കെ പ്രതിക്കൂട്ടിൽ നിർത്തി ചോദ്യം ചെയ്യുന്ന സിനിമയല്ല വികൃതി. മറിച്ച് അവരെ പോലുള്ളവരോട് വളരെ സരസമായി തന്നെ ചിലത് പറയുകയും തലകുനിപ്പിക്കുകയും ചെയ്യുന്ന സിനിമയാണിത്. 

എൽദോയായി സുരാജ് പ്രകടനം കൊണ്ട് വീണ്ടും അതിശയിപ്പിക്കുകയാണ്. ഫൈനൽസിലെ വർഗ്ഗീസ് മാഷും വികൃതിയിലെ എൽദോയും ഈ വർഷം സുരാജിന് കിട്ടിയ മികച്ച കഥാപാത്രങ്ങളായി തന്നെ വിലയിരുത്തപ്പെടും എന്ന് ഉറപ്പ്.  

സുരാജ്-സുരഭി എന്നീ രണ്ടു ദേശീയ അവാർഡ് ജേതാക്കളെ ജോഡിയായി കാണാൻ കിട്ടിയതിലും സന്തോഷമുണ്ട്. സൗബിന്റെ സമീറും, വിൻസിയുടെ സീനത്തുമൊക്കെ തന്മയത്തമുള്ള പ്രകടനം കൊണ്ട് വേറിട്ട് നിന്നു. 

ആദ്യ സിനിമയെ കുറ്റം പറയിപ്പിക്കാത്ത വിധം മനോഹരമാക്കിയഎംസി ജോസഫെന്ന സംവിധായകൻ മലയാള സിനിമക്ക് 'വികൃതി'യിലൂടെ കിട്ടിയ മറ്റൊരു പ്രതിഭയാണ്.

സോഷ്യൽ മീഡിയയുടെ അതിപ്രസരണമുള്ള ഈ കാലത്ത് നേരെന്ത് നെറിയെന്ത് എന്നറിയാതെ പടച്ചു വിടുന്ന പോസ്റ്റുകൾ എത്ര പേരുടെ ജീവിതങ്ങളെ ബാധിച്ചിരിക്കാം എന്ന് ചിന്തിച്ചു പോകുന്നുണ്ട്. വാ വിട്ട വാക്കും സെന്റ് ചെയ്ത പോസ്റ്റും തിരിച്ചെടുക്കാനാകില്ല എന്ന സമീറിന്റെ തിരിച്ചറിവോടെയുള്ള കമെന്റ് ചിരിക്കാനുള്ളതല്ല ചിന്തിക്കാനുള്ളത് തന്നെയാണ്. 

ആകെ മൊത്തം ടോട്ടൽ =  കാണേണ്ടതും പിന്തുണക്കേണ്ടതുമായ   ഒരു കൊച്ചു സിനിമ. 

*വിധി മാർക്ക് = 7.5/10 

-pravin- 
 

Sunday, October 20, 2019

ഒരു പോത്തും കുറേ മനുഷ്യ മൃഗങ്ങളും !!

കാലം എത്ര കഴിഞ്ഞാലും, എത്രയൊക്കെ പുരോഗമനം പറഞ്ഞാലും മനുഷ്യൻ അടിസ്ഥാനപരമായി ഒരു മൃഗം തന്നെയാണ്. ഒരു പക്ഷേ ഈ ലോകത്തിലെ  most dangerous wild animal എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു ഇനം. ലിജോ ജോസ് പല്ലിശ്ശേരി ജെല്ലിക്കെട്ടിനു വേണ്ടി കേറി പിടിച്ചതും അതിനെ തന്നെയാണ്.

സിനിമയുടെ തുടക്കത്തിലേ കാണിക്കുന്ന ഗ്രാമത്തിലെ ഇറച്ചിക്കടയും അവിടെ ഇറച്ചി വാങ്ങാൻ വരുന്നവരുടെ ഇറച്ചി പ്രേമവുമൊക്കെ ഈ സിനിമയുടെ തീമിനോട് ചേർന്ന് വായിക്കാവുന്ന സംഗതികളാണ്. വിശപ്പിനും രുചിക്കും അപ്പുറം ഇറച്ചിയോടുള്ള മനുഷ്യന്റെ വെറിക്ക് യുഗങ്ങൾ പഴക്കമുള്ള പിന്നാമ്പുറ കഥകൾ വേറെയുണ്ട് .

മൃഗങ്ങളെ വേട്ടയാടി പിടിക്കുമ്പോൾ മനുഷ്യൻ അത്തരത്തിൽ ആനന്ദം അനുഭവിക്കുന്ന ഒരു മാനസിക നിലയിലേക്ക് എത്തുമായിരുന്നു. അധിനിവേശം നടത്താനും അധികാരം ഉറപ്പിക്കാനും വമ്പു കാണിക്കാനുമൊക്കെ  ഈ വേട്ടയാടൽ സ്വഭാവം പിന്നീട് ഒരു കാരണമായി മാറി. 

സമാധാനം പ്രസംഗിക്കുന്ന മനുഷ്യൻ തൊട്ട് പള്ളീലച്ചൻ പോലും ആ പോത്തിനെ ആട്ടി പിടിക്കാൻ ആക്രോശിക്കുന്നതിനു പിന്നിലുള്ളത് മനുഷ്യന്റെ ജീനിലുള്ള ആ  അക്രമ വാസനയാണ്. ആദ്യമൊക്കെ നിയമം പറഞ്ഞു നിന്നിരുന്ന ആ നാട്ടിലെ ഒരു പോലീസുകാരൻ പോലും പിന്നീട് ആൾക്കൂട്ടത്തിനൊപ്പം പോത്തിനെ പിടിക്കാൻ പായുന്നതിന് പിന്നിലെ മനഃശാസ്ത്രവും മറ്റൊന്നല്ല. 

മനോഹരമായി ഉണരുന്ന പ്രകൃതിയും ജീവജാലങ്ങളുമൊക്കെ കാണിക്കുന്ന ഷോട്ടിന് പിന്നീട് ഭീകരത നൽകുന്നത് കുറേ മനുഷ്യരുടെ കണ്ണുകൾ തുറക്കുന്നത് കാണിച്ചു കൊണ്ടാണ്. ശാന്തമായ ഒരു ചുറ്റുവട്ടത്തെ ഒച്ചപ്പാടോടു കൂടി വയലൻസ് നിറഞ്ഞ അന്തരീക്ഷമാക്കി മാറ്റുന്നത് മനുഷ്യനെന്ന മൃഗങ്ങൾ ഉണരുന്നതോടു കൂടിയാണ് എന്ന് സാരം.

യുക്തിഭദ്രമായ ഒരു തിരക്കഥ കൊണ്ടല്ല മറിച്ച് പറയാൻ ഉദ്ദേശിക്കുന്ന വിഷയത്തെ  അതി ഗംഭീരമായും ഭീകരമായും  തന്നെ പറഞ്ഞവതരിപ്പിക്കുന്ന മേയ്ക്കിങ് ആണ് ജെല്ലിക്കെട്ടിനെ വേറെ ലെവലിലേക്ക് എത്തിക്കുന്നത്. 

ചതിയും പകയും കാമവും വേട്ടയാടലും ആൾക്കൂട്ട മനഃശാസ്ത്രവുമൊക്കെ  ഇത്ര മാത്രം വന്യമായി അവതരിപ്പിക്കാൻ സിനിമയെ സഹായിക്കുന്നത് ഗിരീഷിന്റെ കാമറയും രംഗനാഥ്‌ രവിയുടെ സൗണ്ട് റെക്കോർഡിങ്ങുമാണ്. പലരെയും അസ്വസ്ഥപ്പെടുത്തുന്ന ആ സൗണ്ട് ഈ സിനിമയോട് അത്ര മാത്രം ചേർന്ന് നിൽക്കുന്നുണ്ട്. 

വെട്ടാൻ കൊണ്ട് വന്ന ഒരു പോത്ത് ഇറങ്ങിയോടി നാട്ടിൽ അങ്കലാപ്പുണ്ടാക്കിയാൽ തന്നെ  ഇത്രയോളം മനുഷ്യർ ഒരു നാടിളക്കി അതിന്റെ പിന്നാലെ ഇങ്ങിനെ ഓടുമോ, ഇത്രയേറെ കഷ്ടപ്പെട്ട് വേണോ അതിനെ പിടിക്കാൻ എന്നൊക്കെ സംശയിച്ചു കാണുന്നവർക്ക് ഈ സിനിമയുടെ ആസ്വാദനം ഇല്ലാതാകും. സിനിമ പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന് വേണ്ടി സംവിധായകൻ ഉപയോഗിക്കുന്ന വെറും ടൂളുകൾ മാത്രമാണ് ആ നാടും പോത്തും പോത്തിന് പിന്നാലെ പായുന്ന മനുഷ്യരുമൊക്കെ.

ആനയും കരടിയുമൊക്കെ പാഞ്ഞു നടന്നിരുന്ന ഒരു കാടായിരുന്നു ഇന്നത്തെ നമ്മുടെ ഈ നാടെന്നു പറയുന്ന കരണവരോട് അതിശയത്തോടെ ഒരു പയ്യൻ ചോദിക്കുന്നുണ്ട് കാടോ ഇവിടെയോ എന്ന്. നീയൊക്കെ എന്ന് മുതലാടാ പാന്റും ഷർട്ടും ഇടാൻ തുടങ്ങിയത് എന്ന മറു ചോദ്യത്തിനൊപ്പം കാരണവർ പറഞ്ഞു വക്കുന്ന ഒന്നുണ്ട് - ഇപ്പോഴും ഇത് കാട് തന്നെയാണ്, ആ രണ്ടു കാലില് നടക്കുന്നത് നോക്കണ്ട അതൊക്കെ മൃഗങ്ങൾ ആണെന്ന്. ഈ പറച്ചിലിനൊപ്പം  മനുഷ്യൻ എത്ര മാത്രം വന്യത നിറഞ്ഞ മൃഗമാണ് എന്ന് അനുഭവപ്പെടുത്തി തരുന്നിടത്താണ് ജെല്ലിക്കെട്ട് മികച്ച സിനിമയാകുന്നത്. 

അവസാന സീനുകളിലൊക്കെയുള്ള അതിശയോക്തികൾ സിനിമ ആവശ്യപ്പെടുന്ന സംഗതികൾ തന്നെയാണ്. ആ അതിശയോക്തി കലർന്ന സീനില്ലെങ്കിൽ പറയാൻ വന്ന വിഷയത്തിന്റെ ഭീകരത അനുഭവപ്പെടാതെ പോകുമായിരുന്നു. മനുഷ്യന്റെ മരണം എന്നത് ജീവൻ പോകുന്നതല്ല  മറിച്ച്  പഴയ കാലത്തേക്കുള്ള തിരിച്ചു നടക്കലിലാണ്. ആ കാലത്തിലേക്ക് കൊണ്ട് പോകാനാണ് പോത്ത് പോലും  വന്നത് എന്ന ഓർമ്മപ്പെടുത്തൽ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.

ചെമ്പൻ വിനോദും, പെപ്പെയും, സാബു മോനും, ജാഫർ ഇടുക്കിയും തൊട്ടു പല പരിചയ മുഖങ്ങളും ഈ സിനിമയിൽ ഉണ്ടെങ്കിലും മികച്ച പ്രകടനത്തിനുള്ള സ്‌പേസ് അവർക്കാർക്കും ലഭിക്കാതെ പോകുന്നത്  സിനിമയുടെ ഫോക്കസ് മുഴുവനും പോത്തിന് പിന്നാലെ പായുന്ന ആൾക്കൂട്ടത്തിലേക്കാണ് എന്നത് കൊണ്ടാണ്. ആന്റണിയും കുട്ടച്ചനും വർക്കിയുമൊക്കെ അവിടെ ആൾക്കൂട്ടത്തിൽ ഒരാൾ മാത്രമായി മാറുന്നു. ആ തലത്തിൽ ഈ സിനിമ സംവിധായകന്റെ പോലുമല്ല,  ആൾക്കൂട്ടത്തിനൊപ്പം പോത്തിന് പിന്നാലെ ഓടി മനുഷ്യനെന്ന മൃഗത്തെ കണ്ടറിയുന്ന പ്രേക്ഷകന്റെ മാത്രമാണ്.

ആകെ മൊത്തം ടോട്ടൽ =  ചിന്തിക്കാൻ  വകുപ്പുള്ള ഒരു പ്രമേയത്തിന്റെ  ഗംഭീര ദൃശ്യാവിഷ്ക്കാരം എന്ന നിലയിൽ വേറിട്ട ആസ്വാദനം  തരുന്ന ഒരു മികച്ച സിനിമ.

*വിധി മാർക്ക് = 8/10

-pravin-

Saturday, October 19, 2019

ലളിതം സുന്ദരം 'മനോഹരം' !!

പാലക്കാടൻ ഗ്രാമീണ പശ്ചാത്തലത്തിൽ തീർത്തും ലളിതമായൊരു  കഥയെ മനോഹരമായി പറഞ്ഞവതരിപ്പിക്കുന്ന  ഒരു കൊച്ചു സിനിമ എന്ന് പറയാം.  

സാങ്കേതിക വിദ്യയുടെ വളർച്ചയിൽ അവസരങ്ങൾ കുറഞ്ഞു പോകുന്ന ഒരു ആർട്ടിസ്റ്റിന്റെ മാനസിക വിചാരങ്ങളും സംഘർഷങ്ങളുമൊക്കെ കാണിക്കുന്നതോടൊപ്പം തന്നെ  സാങ്കേതിക വിദ്യയുടെ പിന്തുണയിൽ തൊഴിലെടുക്കുന്നവരുടെ പിരിമുറുക്കങ്ങളും വെല്ലുവിളികളും കൂടി ബോധ്യപ്പെടുത്തി തരുന്നുണ്ട് സിനിമ. 

ഫ്ളക്സിന്റെ കടന്നു വരവോടു കൂടെ അന്യം നിന്ന് പോയ ചുമരെഴുത്തും പെയിന്റിംഗ് കലയുമൊക്കെ പരാമർശിക്കപ്പെടുന്ന പല സീനുകളിലും നമ്മൾ പണ്ട് കണ്ടു മറന്ന സുന്ദരമായ ചുവരെഴുത്തുകളും ചിത്രങ്ങളുമൊക്കെ ഓർത്തു പോകും. അന്ന് വലിയ ബോർഡിൽ വരച്ചിരുന്നവരും തുണിയിൽ എഴുതിയിരുന്നവരുമൊക്കെ പിന്നീടെന്ത് ജോലിക്ക് പോയിക്കാണും എന്ന് ചിന്തിച്ചു പോകുന്നു. 

മനോഹരന്റെ ജീവിതവും കാഴ്ചപ്പാടുകളും അയാൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും, അതിനെയെല്ലാം അയാൾ നേരിടുന്ന ശൈലിയുമൊക്കെ ഗംഭീരമായി തന്നെ വിനീത് ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലക്ക് വിനീതിന്റെ കരിയറിലെ ഗ്രാഫ് ഉയർത്തി കാണിക്കുന്നു മനോഹരനായിട്ടുള്ള അയാളുടെ ഭാവ പ്രകടനങ്ങൾ. 

വിനീതിന്റെ മനോഹരന്റെ മാത്രമല്ല, ബേസിലിന്റെ പ്രഭുവിന്റെയും, ഇന്ദ്രൻസിന്റെ വർഗ്ഗീസേട്ടന്റെയും കൂടി പ്രകടന മികവാണ് 'മനോഹര'ത്തെ മനോഹരമാക്കുന്നത്. ഒരർത്ഥത്തിൽ മനോഹരന്റെയും പ്രഭുവിന്റെയും വർഗ്ഗീസേട്ടന്റേയുമൊക്കെ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെ കൂടിയാണ് 'മനോഹരം'. 

പാലക്കാടൻ നാട്ടു ഭംഗി ഒപ്പിയെടുത്ത ജെബിൻ ജേക്കബിന്റെ ഛായാഗ്രഹണവും നിമേഷിന്റെ കലാസംവിധാനവും സഞ്ജീവ് തോമസിന്റെ സംഗീതവുമൊക്കെ ഈ കൊച്ചു സിനിമയെ മനോഹരമാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചു. 

'ഓർമ്മയുണ്ടോ ഈ മുഖം' സിനിമയിൽ നിന്ന് തന്റെ രണ്ടാമത്തെ സിനിമയിലേക്കുള്ള കുറഞ്ഞ ദൂരത്തിനിടയിൽ അൻവർ സാദിഖ് എന്ന സംവിധായകന് തന്റെ നില മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. 

വലിയ കാൻവാസിൽ കഥ പറയുന്ന ഒരു സിനിമ അല്ലാഞ്ഞിട്ടു കൂടി, കുറഞ്ഞ കഥാപാത്രങ്ങളെയും വച്ച് കൊണ്ട് ഇങ്ങനൊരു ചെറിയ കഥയെ ഹൃദയ ഭാഷയിൽ പറഞ്ഞവതരിപ്പിക്കുന്നതിനൊപ്പം ഓരോ സീനിലും അടുത്തതെന്ത് എന്ന  ആകാംക്ഷയോടെ സ്ക്രീനിലേക്ക് കണ്ണ് നട്ടിരിക്കാൻ പ്രേരിപ്പിക്കുന്ന വിധം പ്രേക്ഷകനെ സിനിമയിലേക്ക് വലിച്ചടുപ്പിക്കുന്ന ആ മാജിക്ക് തന്നെയാണ് 'മനോഹര'ത്തിന്റെ വിജയം. 

ആകെ മൊത്തം ടോട്ടൽ =  പാലക്കാടൻ സൗന്ദര്യമുള്ള മനോഹരമായ ഒരു കൊച്ചു സിനിമ. 

*വിധി മാർക്ക്= 7.5/10 

-pravin-

Tuesday, October 15, 2019

പറയാൻ ഒന്നുമില്ലാത്ത 'ആദ്യരാത്രി' !!

'വെള്ളിമൂങ്ങ' ടീമിന്റെ ഒത്തൊരുമിക്കലാണ്  ആദ്യരാത്രി എന്ന സിനിമയുടെ ഒരേ ഒരു പ്രത്യേകത. അതിനപ്പുറം വെള്ളിമൂങ്ങ പോലെ ഒരു എന്റർടൈനറൊരുക്കാൻ  ഈ ടീമിന് ഇക്കുറി കഴിഞ്ഞില്ല എന്നത്  ആസ്വാദനപരമായ  നിരാശയാണ്. 

ബിജുമേനോന്റെ എന്നത്തേയും പോലുളള ചില കോമഡികൾ അങ്ങിങ്ങായി വർക്കായിട്ടുണ്ട് എന്നതൊഴിച്ചാൽ കോമഡി പടമെന്ന് വിശേഷിപ്പിക്കാനുള്ള വകുപ്പുകളും  സിനിമയിൽ ഇല്ല.

ഒരു കാലത്ത്  ടൈപ്പ്   സഹനട  വേഷങ്ങളിൽ കുടുങ്ങിപ്പോയ  ബിജു മേനോന്  കോമഡിയിലോട്ട് ട്രാക്ക് മാറിയ ശേഷമാണ്  കരിയറിൽ കാര്യമായഒരു  ഉയർച്ചയുണ്ടായത് . 2012 ലിറങ്ങിയ 'ഓർഡിനറി'  കൊടുത്ത ആ ബ്രേക്ക്  പിന്നീട് ബിജു മേനോൻ സിനിമകളുടെ വിജയ തുടർച്ചയായി മാറി.  ആദ്യ രാത്രി കണ്ടവസാനിപ്പിക്കുമ്പോൾ തോന്നുന്നത് ബിജു മേനോൻ  വീണ്ടും ടൈപ്പ് വേഷ പകർച്ചകളിലും പ്രകടനത്തിലും  ഒതുങ്ങി കൂടുകയാണെന്നാണ്. 

നിശ്ചയിച്ചുറപ്പിച്ച കല്യാണത്തലേന്ന് പെങ്ങൾ ഒളിച്ചോടുകയും അതിൽ മനം നൊന്ത്  സംഭവിക്കുന്ന അച്ഛന്റെ മരണവും മറ്റുമൊക്കെയാണ് മനോഹരന്റെ ജീവിതത്തെ മാറ്റി മറക്കുന്നത്. പ്രണയത്തോടും പ്രണയിക്കുന്നവരോടുമൊക്കെ അന്ന് തൊട്ട് തുടങ്ങുന്ന മനോഹരന്റെ വെറുപ്പ് അയാളെ  പിന്നീട് ആ നാട്ടിലെ അറിയപ്പെടുന്ന ബ്രോക്കറാക്കി മാറ്റുന്നു. ഈ ഒരു പ്ലോട്ടും വച്ച് എന്ത് കഥ പറയണം ആ കഥ എങ്ങിനെ പറയണം എന്നറിയാതെ എന്തെങ്കിലും  നുറുങ്ങു കോമഡി കോപ്രായങ്ങൾ കൊണ്ട്  മാത്രം സിനിമയുണ്ടാക്കാം എന്ന് കരുതിയ അപാര ധൈര്യമാണ് 'ആദ്യരാത്രി'യെ ഒരു മാതിരി രാത്രിയാക്കുന്നത്. 

വെള്ളിമൂങ്ങയിൽ മാമച്ചൻ ആണ് നായകനെങ്കിൽ ആദ്യരാത്രിയിൽ മാ.മ അഥവാ മുല്ലക്കര മനോഹരനാണ് നായകൻ.  പ്രേമിച്ച സഹപാഠിയെ  നഷ്ടപ്പെട്ടെങ്കിലും അതേ സഹപാഠിയുടെ  മകളെ കല്യാണം കഴിക്കാൻ തരത്തിൽ കാര്യങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്ന മാമച്ചന്റെ വഷളത്തരം മനോഹരനിൽ ഉണ്ടായില്ല എന്നത് ഒരു ആശ്വാസമാണ്. 

ഒരു പെണ്ണിന്റെ വിവാഹം ഉറപ്പിക്കേണ്ടത് അവളുടെ അനുവാദ പ്രകാരമാകണം എന്ന് പറയാൻ ശ്രമിക്കുന്ന സിനിമ സ്നേഹിക്കുന്നവർ ആരാണെങ്കിലും  അവരുടെ ഇഷ്ടത്തിന് അനുസരിച്ച് കല്യാണം നടത്തി കൊടുക്കുന്നതാണ് നല്ലത് എന്ന വാദം കൂടി ചേർത്ത് പറയുമ്പോൾ  
സിനിമക്കും സിനിമയിലെ കഥാപാത്രങ്ങൾക്കുമൊന്നും കൃത്യമായ ഒരു സ്റ്റാൻഡ് പോലും ഇല്ലാതെയാകുന്നുണ്ട്. അപ്രകാരം സിനിമയിലെ പ്രണയവും വിവാഹവും കമിതാക്കളുമൊക്കെ  ദുരന്തമായാണ് അവതരിപ്പിക്കപ്പെടുന്നത് പോലും.  

'ഉദാഹരണം സുജാത'യിലും 'തണ്ണീർമത്തൻ ദിനങ്ങളി'ലുമൊക്കെയുള്ള കുട്ടിക്കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ച  അനശ്വര രാജനെ പൊടുന്നനെ ഒരു യുവതിയാക്കി മാറ്റി  നായിക കളിപ്പിച്ചതിലും പോരായ്മ അനുഭവപ്പെടുന്നു. മുഖത്തെ കുട്ടിത്തം പോലും വിട്ടു മാറിയിട്ടില്ലാത്ത ഒരു കുട്ടിയെ കൊണ്ട് ഇത് പോലൊരു കഥാപാത്രം ചെയ്യിപ്പിക്കാം എന്ന ചിന്ത ഏത് മഹാന്റ ആയിരുന്നോ എന്തോ. 

 ആകെ മൊത്തം ടോട്ടൽ = ഒരു ബിജു മേനോനെ വച്ച് കൊണ്ട്  സിനിമയെ എന്റർടൈനർ ആക്കി മാറ്റാം എന്ന അബദ്ധ ധാരണയും ദുർബ്ബലമായ തിരക്കഥയും, പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ സഹ നടന്മാരുമൊക്കെയാണ് 'ആദ്യരാത്രി'യെ മോശം രാത്രിയാക്കിയത് എന്ന് പറയേണ്ടി  വരുന്നു. 

*വിധി മാർക്ക് = 3.5/10 


-pravin-

Thursday, October 10, 2019

ധനുഷിന്റെ അസുര താണ്ഡവം !!

ധനുഷ് എന്ന നടനെ ഇത്രത്തോളം പ്രകടന ഗാംഭീര്യത്തോടെ അവതരിപ്പിക്കാൻ വെട്രിമാരൻ എന്ന സംവിധായകനോളം മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പൊല്ലാതവനിൽ തുടങ്ങി അസുരനിൽ എത്തി നിൽക്കുമ്പോൾ വെട്രിമാരൻ-ധനുഷ് എന്നത് ഒരു അസാധ്യ കോമ്പോ ആണെന്ന് അടിവരയിട്ടു പറയാം. 

മണ്ണും മനുഷ്യനും ചതിയും പകയും പ്രതികരവുമൊക്കെ വന്യമായി അവതരിപ്പിക്കപ്പെടുന്ന വെട്രിമാരൻ ശൈലി ഈ സിനിമയിലും ഉണ്ട്. 

ഒരു മനുഷ്യൻ മനുഷ്യൻ മാത്രമല്ല അസുരൻ കൂടിയാണ്. മനുഷ്യനിൽ നിന്ന് അസുരനിലേക്ക് ഒരാൾ പരിണാമപ്പെടുന്നത് വിവേക ശൂന്യതയിലൂടെയും പ്രതികാര ബുദ്ധികളിലൂടെയുമൊക്കെയാണ് എന്ന് കാണിച്ചു തരുന്നുണ്ട് സിനിമ. 

തിരിച്ചറിവുകളും വിവേകവും അസുരനെ മനുഷ്യനാക്കി മാറ്റുമ്പോഴും സാഹചര്യങ്ങൾ പലപ്പോഴും അതിനു വിലങ്ങു തടിയായി വരും. എത്ര തന്നെ വേണ്ടെന്നു വച്ചാലും അസുരതാണ്ഡവം ആടേണ്ടി വരും. ശിവസാമിയുടെ ജീവിതം അങ്ങിനെ ഒന്നാണ്. 

അധികാരത്തിന്റെയും ജാതിയുടേയുമൊക്കെ മറവിൽ പാർശ്വവത്ക്കരിക്കപ്പെടുന്ന ഒരു ജനതയുടെ പ്രതിനിധികൾ കൂടിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. മുതലാളിക്ക് താൻ എത്ര മേൽ പ്രിയപ്പെട്ടവൻ ആണെങ്കിലും അയാൾ മനസ്സ് കൊണ്ട് തന്നെ ഏത് നിലക്കാണ് കാണുന്നത് എന്ന് ബോധ്യപ്പെടുന്ന ശിവസാമി പിന്നീടാണ് പക്ഷം മാറി ചിന്തിക്കുന്നത്. തിരിച്ചറിവുകൾ ഒരു ഘട്ടത്തിൽ അയാളെ മാറ്റിയെടുക്കുമ്പോഴും അനിയന്ത്രീതമായ പകയും വെറിയും പ്രതികാരവും അയാളെ അസുരനാക്കിയും മാറ്റുന്നു. 

ധനുഷിന്റെ ശിവസാമിയുടെ മാത്രമല്ല മഞ്ജു വാര്യരുടെ പച്ചൈയ്മായുടെ കൂടെയാണ് 'അസുരൻ'. മഞ്ജു വാര്യരുടെ രണ്ടാം വരവിൽ കിട്ടിയ ഏറ്റവും മികച്ച കഥാപാത്രം എന്ന് വിശേഷിപ്പിക്കാം. 

കന്മദം സിനിമയിൽ ഒരു ഘട്ടം വരെ ശക്തമായ കഥാപാത്രമെന്നു തോന്നിപ്പിച്ച ഭാനുമതി വിശ്വനാഥന്റെ ഒരു ഉമ്മ കൊണ്ട് അലിഞ്ഞു പോയെങ്കിൽ ഇവിടെ അതേ ഭാനുമതിയുടെ അരിവാളും മുഖത്തെ കരിവാളിപ്പും കൊണ്ട് ശിവസാമിക്കൊപ്പം തീ പോലെ ജ്വലിച്ചു നിക്കുന്ന കഥാപാത്രമായി മാറുന്നു മഞ്ജു വാര്യർ. മലയാള സിനിമയിലേക്കുള്ള രണ്ടാം വരവിനെക്കാളും തമിഴ് സിനിമയിലേക്കുള്ള ആദ്യ ചുവട് വപ്പ് ഗംഭീരമാക്കി മാറ്റാൻ അവർക്ക് സാധിച്ചിട്ടുണ്ട്. 

പകയും പ്രതികാരവും വീട്ടാനുള്ളത് മാത്രമല്ല അതില്ലാതാക്കേണ്ട ഒന്ന് കൂടിയാണ് എന്ന് പറഞ്ഞു വെക്കുന്നുണ്ട് സിനിമ. നമ്മുടെ കൈയ്യിലുള്ള സ്വത്തും സമ്പാദ്യവും മണ്ണുമൊക്കെ ആർക്കും പിടിച്ചു പറിക്കാം. പക്ഷെ വിദ്യാഭ്യാസം അതാർക്കും അപഹരിക്കാൻ സാധിക്കില്ല. ആ വിദ്യാഭ്യാസം കൊണ്ട് അധികാരം നേടാനും അവശർക്ക് അതിന്റെ ഗുണം ചെയ്യാനും പറയാൻ തോന്നുന്ന ശിവസാമിയുടെ വിവേകമാണ് 'അസുരനെ' വേറിട്ട് നിർത്തുന്ന മറ്റൊരു പ്രധാന ഘടകം.

സ്ഥിരം പ്രതികാര കഥകളിലെ നായക സങ്കൽപ്പത്തിൽ ഒതുക്കാതെ ധനുഷെന്ന നടനെ ശിവസാമിയാക്കി അസുരതാണ്ഡവമാടിച്ച വെട്രിമാരനും, ഇരുട്ടിൽ പുഴ മുറിച്ചു കടന്ന് മല കയറി ശിവസാമിയുടെ ഓർമ്മകൾക്കൊപ്പം പന്നിയുടെ പിന്നാലെ ഓടിക്കിതച്ചു കൊണ്ട് തുടങ്ങി രണ്ടു കാല ഘട്ടങ്ങളുടെ കഥ ക്യാമറയിൽ പകർത്തിയ വേൽരാജിന്റെ ഛായാഗ്രഹണ മികവുമാണ് അസുരനെ ഇത്ര മേൽ ഗംഭീരമാക്കിയത്.

ആകെ മൊത്തം ടോട്ടൽ =  സംവിധാന മികവ് കൊണ്ട് വെട്രിമാരനും  അസാധ്യ നടനം കൊണ്ട് ധനുഷും  വീണ്ടും നമ്മളെ ഞെട്ടിക്കുന്ന  ഒരു ഉഗ്രൻ സിനിമ. 

വിധി മാർക്ക് = 8.5/10 

-pravin-

Sunday, October 6, 2019

ഉഗ്രം ഉജ്ജ്വലം നരസിംഹ റെഡ്ഢി !!

ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടുന്നതിനു മുന്നേ തന്നെ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി പോരാടിയ ഒരുപാട് ഭരണാധികാരികളും പോരാളികളുമൊക്കെ  നമുക്കുണ്ട്. അക്കൂട്ടത്തിലെ ആദ്യ പേരുകളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ളത് തിരുനെൽവേലിയിൽ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്ത മാവീരൻ അലഗമുത്തും, പുലി തേവരുമൊക്കെയാണ്. ഇവർക്കൊക്കെ ശേഷം ഒന്നാം സ്വാതന്ത്ര്യ സമരത്തെ കൊടുമ്പിരി കൊള്ളിക്കാൻ പാകത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് രാജ്യത്തിൻറെ നാനാ ദിക്കിലേക്ക് ബ്രിട്ടീഷ് വിരുദ്ധ  പോരാട്ടത്തിന്റെ ആവേശം എത്തിച്ചതിൽ ഒന്നാമനായി കാണാവുന്ന ആളാണ് നരസിംഹ റെഡ്ഢി. 

ഉയ്യാലവാഡയിലെ സിംഹത്തിന്റെ കഥ എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. അത്രക്കും ശൗര്യമുള്ള ഒരു പോരാളിയായിരുന്നു സൈറാ നരസിംഹ റെഡ്ഢി. ആ പോരാളിയുടെ ത്യാഗോജ്ജ്വലമായ  ജീവിതത്തിനു നൽകുന്ന ബഹുമാനവും സമർപ്പണവുമായി കാണേണ്ട സിനിമയാണിത്. 

ബാഹുബലിക്ക് ശേഷം തെന്നിന്ത്യയിൽ നിന്ന് വന്ന ബിഗ് ബജറ്റ് സിനിമകൾ നോക്കിയാൽ  നരസിംഹ റെഡ്ഢിക്ക് തലയെടുപ്പുണ്ട്. കൂടുതൽ  വളച്ചൊടിക്കാതെ ഉള്ള കാര്യങ്ങളെ ഒരേ സമയം സിനിമാറ്റിക്ക് ആയും ചരിത്രത്തോട് നീതി പുലർത്തിയും അവതരിപ്പിക്കാൻ സാധിച്ചു എന്നത് തന്നെയാണ് അതിന്റെ കാരണം. 

വിഘടിച്ചു നിന്നിരുന്ന നാട്ടു രാജ്യങ്ങളേയും  അവിടത്തെ നാട്ടു രാജാക്കന്മാരുടെ  പരസ്പ്പര വൈര്യവുമൊക്കെ മുതലെടുത്തിട്ടുള്ള ബ്രിട്ടീഷുകാർക്ക് മുന്നിൽ ശക്തമായ ഒരു ചെറുത്തു നിൽപ്പിന് ആഹ്വാനം ചെയ്യുന്ന നരസിംഹ റെഡ്ഢിയുടെ അലർച്ച സ്‌ക്രീനിൽ നിന്ന് പ്രേക്ഷകനിലേക്ക് എത്തുന്നത് തൊട്ടാണ്  സ്വാതന്ത്ര്യ സമര പോരാട്ടം  പോലെ  സിനിമ ഒരു ആവേശമായി മാറുന്നത്.  

രാജാക്കന്മാരും രാജാക്കന്മാരും തമ്മിലാണ് യുദ്ധം അതിൽ പ്രജകൾക്ക് സ്ഥാനമില്ല എന്ന കാഴ്ചപ്പാടിൽ നിന്ന് മാറി ഭരണാധികാരികൾ ജനവിരുദ്ധരായാൽ  യുദ്ധം ചെയ്യേണ്ടത് രാജാക്കന്മാരല്ല ജനങ്ങൾ തന്നെയാണ് എന്നും അങ്ങിനെ പോരാടി നേടുന്ന രാജ്യം രാജാവിന്റെയല്ല പ്രജകളുടേതാണ് എന്ന് നരസിംഹ റെഡ്ഢി സിനിമയിലൂടെ പറഞ്ഞു വെക്കുമ്പോൾ സിനിമക്ക് പുറത്ത് അത് ചിരഞ്ജീവിയുടെ പഴയ രാഷ്ട്രീയ പാർട്ടി പ്രജാരാജ്യത്തിനെ  ഓർമ്മപ്പെടുത്തുന്നു.    

ചിരഞ്ജീവിയുടെയൊക്കെ സ്‌ക്രീൻ പ്രസൻസ് അപാരമായിരുന്നു.  അതിഥി താരമായി വന്നവർക്കു പോലും  സിനിമയിൽ വ്യക്തമായ സ്‌പേസ് ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. അമിതാഭ് ബച്ചന്റെ ഗുരു ഗോസായിയും അനുഷ്‌കയുടെ ഝാൻസി റാണിയുമൊക്കെ അപ്രകാരം വേറിട്ട് നിന്നപ്പോൾ സഹതാരങ്ങളായി വന്നവർ നരസിംഹ റെഡ്ഢിക്കൊപ്പം തന്നെ ശക്തമായ കഥാപാത്രങ്ങളായി നില കൊണ്ടു. 

അവുക്കു രാജു എന്ന കഥാപാത്രത്തെ അണ്ടർ പ്ലേയിലൂടെ മികച്ചതാക്കാൻ സുദീപിനു സാധിച്ചു. വിജയ് സേതുപതിയുടെ രാജാ പാണ്ടി യുദ്ധ സീനുകളിലെ തമിഴന്റെ പോരാട്ട സാന്നിദ്ധ്യം മാത്രമായിരുന്നില്ല മറിച്ച് നരസിംഹ റെഡ്ഢിക്കൊപ്പം നമ്മളെല്ലാം ഒന്നെന്നു പറഞ്ഞു നിലകൊള്ളുന്ന ഒരാവേശമായി അനുഭവപ്പെടുന്നു. ജഗപതി ബാബുവിന്റെ വീരാ റെഡ്ഢി ഒരു ഘട്ടത്തിൽ കട്ടപ്പയുടെ നിഴലായി മാറുമോ എന്ന് ഭയപ്പെട്ടെങ്കിലും അതുണ്ടായില്ല. വൈകാരിക രംഗങ്ങളെല്ലാം ജഗപതി ബാബു അനായാസേന കൈകാര്യം ചെയ്തു. 

സാധാരണ ഇത്തരം സിനിമകളിൽ കാണാൻ കിട്ടുന്ന ബ്രിട്ടീഷ്  വില്ലന്മാരെക്കാളൊക്കെ മികച്ച പ്രകടനമായിരുന്നു ഈ സിനിമയിൽ വന്നു പോകുന്ന ബ്രിട്ടീഷ് കഥാപാത്രങ്ങൾ അവതരിപ്പിച്ച നടന്മാരുടെത്. അത് പറയാതെ വയ്യ. പേരറിയാത്ത ആ നടന്മാരുടെ കൂടി പങ്കുണ്ട് ഈ സിനിമയുടെ വിജയത്തിൽ. 

നയൻ താരക്കും  തമന്നക്കും രണ്ടു വിധത്തിൽ അവരവരുടെ നായികാ  റോളുകൾ ഏറെക്കുറെ ഭംഗിയാക്കാൻ സാധിച്ചെങ്കിലും അവസാനമെത്തുമ്പോൾ ഓർത്തു പോകുക തമന്നയെ തന്നെയാണ്.  അത് വരേക്കും പോരായ്മകൾ തോന്നിച്ച പ്രകടനത്തിന്   ഒടുക്കം വച്ച്  തമന്ന ഡാൻസ് കൊണ്ട് നയൻ താരയെക്കാൾ സ്‌കോർ ചെയ്തു പോകുന്നുണ്ട്. ലക്ഷ്മി ഗോപാല സ്വാമിയുടെ അമ്മ വേഷം ക്ലൈമാക്സ് സീനുകളിലെ പ്രകടനം കൊണ്ട് സിനിമക്ക് നല്ല പിന്തുണ കൊടുക്കുന്നു. 

രത്നവേലുവിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ട മറ്റൊരു മികവാണ്. പഴശ്ശിരാജയും പദ്മാവതും ബാഹുബലിയും കേസരിയുമടക്കമുള്ള പല സിനിമകളിലെ സീനുകളും ഓർത്തു പോകുമെങ്കിലും ആ സിനിമകളോടൊന്നും  ഒരു തരത്തിലും സാമ്യത പുലർത്തുന്നില്ല നരസിംഹ റെഡ്ഢി. സമാന കഥാപാശ്ചാത്തലങ്ങളും  മറ്റും കൈകാര്യം ചെയ്ത മുൻകാല സിനിമകളിൽ പലയിടത്തും കണ്ട സീനുകൾ ഈ സിനിമയിലും അനിവാര്യമായി വന്നു എന്നത് കൊണ്ട് മാത്രം ഉണ്ടായ ചില ബാധ്യതകൾ ആണ് അതെല്ലാം. എങ്കിൽ പോലും  പോരായ്മ അനുഭവപ്പെടാത്ത വിധം അതെല്ലാം മേക്കിങ്‌ മികവ് കൊണ്ട് കവർ ചെയ്തു പോകുന്നു. 

നരസിംഹ റെഡ്ഢിക്ക് മരണമില്ല. ഉണ്ടെങ്കിൽ തന്നെ ആ മരണം ഭാരത മാതാവെന്ന  ഒറ്റ രാജ്യ സങ്കൽപ്പത്തിന്റെ ജനനമായി ആഘോഷിക്കുകയാണ് വേണ്ടതെന്നും അതിനായുള്ള പോരാട്ടങ്ങളുടെ തുടക്കമാകട്ടെ തന്റെ ജീവനും ജീവത്യാഗവും എന്നൊക്കെയുള്ള  ഡയലോഗുകൾ കൈയ്യടി വാങ്ങിക്കൂട്ടി. അത് കൊണ്ട് തന്നെ  സ്‌ക്രീൻ കാഴ്ച കൊണ്ടു മാത്രമല്ല നല്ല ഡയലോഗുകൾ കൊണ്ടും ആസ്വാദനം ഉറപ്പ് തരുന്ന സിനിമയാണ് നരസിംഹ റെഡ്ഢി എന്ന് പറയാം . 

ആക്ഷനും ഡയലോഗും ഇമോഷണൽ സീനുകൾ കൊണ്ടുമൊക്കെ  അവസാനത്തെ ഇരുപത് മിനിറ്റുകളിൽ സിനിമയുടെ ഗ്രാഫ് ഉയരത്തിലേക്കൊരു പോക്കാണ്.   മനസ്സിൽ തങ്ങി നിക്കും വിധം ഗംഭീരമായി തന്നെ അവതരിപ്പിക്കപ്പെട്ട ക്ലൈമാക്സിനെ എടുത്തു പറയേണ്ടി വരുന്നു. 

നമ്മൾ അറിയാത്ത, അല്ലെങ്കിൽ അറിയാതെ പോയ  എത്രയോ പോരാളികളുടെ കൂടി പോരാട്ടത്തിന്റെ ഫലമാണ് പിൽക്കാലത്ത്  രാജ്യത്തിന് കിട്ടിയ സ്വാതന്ത്ര്യം എന്ന ഓർമ്മപ്പെടുത്തൽ കൂടിയുണ്ട് ഈ സിനിമക്ക്. 

ആകെ മൊത്തം ടോട്ടൽ =  തിരക്കഥയിലും അവതരണത്തിലുമൊക്കെ പ്രതീക്ഷിച്ചതിനേക്കാൾ മികവറിയിക്കുന്ന  സിനിമയായി അനുഭവപ്പെട്ടു സൈറാ നരസിംഹ റെഡ്ഢി. ആ കൈയ്യടി മുഴുവൻ സുരേന്ദർ റെഡ്ഢി എന്ന സംവിധായകന് തന്നെയുള്ളതാണ്. 

വിധി മാർക്ക് = 7.5/10 

-pravin-

Thursday, October 3, 2019

സ്കിറ്റ് കോമഡിയും ഗാനമേളയുമായി ഒരു എന്റെർറ്റൈനർ ഗാനഗന്ധർവ്വൻ !!

മമ്മൂട്ടിയുടെ കലാസദൻ ഉല്ലാസാണ് കേന്ദ്ര കഥാപാത്രമെങ്കിലും പ്രകടനത്തിൽ പൊളിച്ചത് സിനിമയിലെ സഹതാരങ്ങളാണ്. പ്രത്യേകിച്ച് സുരേഷ് കൃഷ്ണയുടെ ശ്യാമപ്രസാദും മനോജ് കെ ജയന്റെ കലാസദൻ ടിറ്റോയും. 

രമേഷ് പിഷാരടിയുടെ കോമഡി സ്‌കിറ്റുകളുടെ പിൻബലത്തിൽ  ഒരു എന്റർടൈനർ എന്ന നിലയിൽ കണ്ടിരിക്കാമെങ്കിലും തിരക്കഥാപരമായി ശക്തമല്ലാത്ത ഒരു  സിനിമ കൂടിയാണ് ഗാനഗന്ധർവ്വൻ. 

കോമഡിയിൽ യുക്തി തിരയേണ്ടതില്ലെങ്കിലും ഉല്ലാസിന്റെ ജീവിതവുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന സംഭവ വികാസങ്ങളും വിവാദങ്ങളുമൊക്കെ  അവതരണത്തിൽ പ്രേക്ഷകനെ  കാര്യ കാരണങ്ങൾ സഹിതം വിശ്വസിപ്പിക്കാൻ സാധിക്കാതെ പോകുന്നുണ്ട്  രമേഷ് പിഷാരടിയിലെ സംവിധായകന്. 

കോമഡികൾ കൊണ്ട് സിനിമ കാണുന്നവനെ ഇടക്കിടക്ക് ചിരിപ്പിച്ചാലും തിരക്കഥയുമായി ബന്ധപ്പെട്ടുള്ള വീഴ്ചകൾ സിനിമയുടെ ആകെ ആസ്വാദനത്തെ ബാധിക്കുക തന്നെ ചെയ്യുമെന്ന് 'പഞ്ചവർണ്ണതത്ത'ക്ക് ശേഷവും രമേഷ് പിഷാരടിക്ക് മനസ്സിലായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. 

മമ്മുക്ക എന്ന നടനെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളിയോ പ്രകടന മികവോ കൊണ്ടല്ല ഈ സിനിമയിലെ ഉല്ലാസ് ശ്രദ്ധേയമാകുന്നത്. മറിച്ച് ഈ പ്രായത്തിലും ഇത്തരം വേഷങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ മമ്മുക്കയെ പോലൊരു നടന് സാധിക്കുന്നുണ്ടല്ലോ എന്നതിലാണ്. 
അഭിനയ മോഹം മൂത്ത് അധ്യാപക ജോലിയും കളഞ്ഞു മട്ടാഞ്ചേരിയിൽ ഗുണ്ടകളുടെ ജീവിതം പഠിക്കാൻ പോയ 'ബെസ്റ്റ് ആക്റ്ററി'ലെ  മോഹൻ മാഷിന്റെ നിഴൽ രൂപം ഉല്ലാസ് എന്ന കഥാപാത്രത്തിലും ചുറ്റുപാടിലും കാണാമെങ്കിലും ആ സിനിമയിലെ പോലെ എൻഗേജിങ് ആയതോ മനസ്സ് തൊടുന്നതോ ആയ ഒരു ജീവിതമോ കാഴ്ചകളോ തരാൻ 'ഗാനഗന്ധർവ'നു സാധിക്കുന്നില്ല. 

ഗാനമേളയുമായി ബന്ധപ്പെട്ടുള്ള കോമഡികളും മറ്റും രസകരമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കോമഡി മാത്രം ലക്ഷ്യം വക്കുന്നത് കൊണ്ടാകാം ഗാനമേള കലാകാരന്മാരുടെ ജീവിതങ്ങൾ അടയാളപ്പെടുത്തുന്ന സീനുകളൊന്നും വേണ്ട പോലെ അവതരിപ്പിക്കാൻ ശ്രമിച്ചത് പോലുമില്ല. 

കുറച്ചു സീനുകളിൽ മാത്രം വന്നു പോകുന്ന ദേവനും സലിം കുമാറുമൊക്കെ ചിരി പടർത്തിയവരാണ്. അബു സലീമിന്റെ ചെറിയ വേഷവും നന്നായിരുന്നു.  എൺപതു കാലങ്ങൾ തൊട്ട്  മലയാള സിനിമയിൽ ചെറു വേഷങ്ങളിലും വില്ലൻ വേഷങ്ങളിലുമൊക്കെ കണ്ടിരുന്ന മോഹൻ ജോസ് എന്ന നടനെ സംബന്ധിച്ചു ഈ സിനിമയിലേത് ഒരു മുഴുനീള വ്യത്യസ്ത വേഷമാണ്. 

നായകൻ മമ്മൂക്കയെങ്കിലും സ്‌ക്രീനിൽ കൈയ്യടി വാങ്ങി കൂട്ടുന്നത് സുരേഷ് കൃഷ്ണയും മനോജ് കെ ജയനുമൊക്കെയാണ്. ശരിക്കും പ്രകടനത്തിന്റെ കാര്യത്തിൽ ഗാനഗന്ധർവ്വൻ നല്ലൊരു ബ്രേക്ക് നൽകുന്നത് അവർക്ക് രണ്ടു പേർക്കുമാണ്. മറ്റൊരർത്ഥത്തിൽ ആ രണ്ടു കഥാപാത്രങ്ങളും തന്നെയാണ് ഗാനഗന്ധർവനെ കണ്ടിരിക്കാവുന്ന എന്റർടൈനർ ആക്കി മാറ്റുന്നതും. 

ആകെ  മൊത്തം ടോട്ടൽ = സ്റ്റേജ് കലാകാരന്മാരുടെ കലാ ജീവിതവും അവരുടെ കഷ്ടപ്പാടുകളുമൊക്കെ അടയാളപ്പെടുത്തേണ്ടിയിരുന്ന ഒരു സിനിമ ആയിരുന്നു. നിർഭാഗ്യ വശാൽ അങ്ങിനെ ഗൗരവ ബോധത്തോടെയുള്ള ഒരു ഇടപെടലും രമേശ് പിഷാരടിയിൽ നിന്ന് ഉണ്ടായി കാണുന്നില്ല. കേവലം എന്റർടൈനർ എന്ന ലെവലിലേക്ക് മാത്രം സിനിമയെ  ഒതുക്കാൻ ശ്രമിക്കുന്നതിനിടെ സിനിമയും പല അർത്ഥത്തിൽ ഒതുങ്ങിപ്പോയി എന്നതാണ് സത്യം. ഒരു പ്രതീക്ഷയുമില്ലാതെ ചുമ്മാ ഒരു വട്ടം കണ്ടു നോക്കാവുന്ന സിനിമ. 

*വിധി മാർക്ക്= 5/10 
-pravin- 

Tuesday, October 1, 2019

കേസരി - തോറ്റു പോയവരുടെ ചരിത്രവും ധീരതയും

ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായോ, ദേശീയതയുമായോ, രാജ്യസ്നേഹവുമായോ ഒന്നും ചേർത്ത് വായിക്കേണ്ട സിനിമയല്ല.  പക്ഷെ സിഖുകാരുടെ അഭിമാന ബോധവും ധീരതയും രക്തസാക്ഷിത്വവുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് കേസരി ..1897 ലെ സാരഗഡ്ഢി യുദ്ധമാണ് പ്രമേയം. 21 സിഖുകാരും പതിനായിരത്തോളം അഫ്ഘാൻ പടയാളികളും തമ്മിലുണ്ടായ യുദ്ധം. അഫ്ഘാൻ പടയാളികൾ എന്നതിനേക്കാൾ അഫ്ഘാൻ മേഖലയിൽ നിന്നെത്തിയ അഫ്രീദി-ഒറക്സായി-പഷ്ടൂൺ വിഭാഗക്കാരുമായുള്ള യുദ്ധം എന്ന് പറയുന്നതാകും ഉചിതം. 

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാരാജ രഞ്ജീത് സിംഗ് അഫ്ഗാൻ ഗോത്രക്കാരെ തുരത്തിയോടിച്ച ശേഷം സിഖ് ഭരണത്തിന്റെ കീഴിലാക്കിയതായിരുന്നു ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലെ പ്രദേശങ്ങൾ. അന്ന് മുതൽ ഈ പ്രദേശം തങ്ങളുടെ പ്രദേശങ്ങൾ തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു അഫ്ഘാൻ അമീറും സൈന്യവും. മഹാരാജാവിന്റെ മരണ ശേഷം ഈ പ്രദേശങ്ങളുടെ അധികാരം ബ്രിട്ടീഷുകാരിലേക്ക് എത്തുകയുണ്ടായി. 

കൂടുതൽ പ്രദേശങ്ങളുടെ നിയന്ത്രണാധികാരങ്ങൾക്ക് വേണ്ടി അഫ്ഘാൻ സൈന്യത്തോടുണ്ടായ ഏറ്റുമുട്ടലുകളിൽ ബ്രിട്ടീഷ് സൈന്യത്തിന് ഒരുപാട് നഷ്ടങ്ങളുണ്ടായി കൊണ്ടിരിക്കുന്ന സമയത്താണ് സിഖ് കാലാൾപ്പടയെ ഉപയോഗിച്ച് അഫ്ഘാനികളെ പ്രതിരോധിക്കാൻ ബ്രിട്ടീഷുകാർ തീരുമാനിക്കുന്നത്. മലനിരകൾക്കു മുകളിൽ മഹാരാജാവ് ഉണ്ടാക്കിയ മൂന്നു കോട്ടകൾ ബ്രിട്ടീഷുകാർ ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി. 

സാരഗഡ്ഢിയിലേക്ക് പടപ്പുറപ്പാടുമായെത്തിയ അഫ്ഘാൻ സൈന്യത്തെ 21 പേരെ കൊണ്ട് നേരിടാനുള്ള ബുദ്ധിമുട്ടുകൾ തൊട്ടടുത്ത കോട്ടയിലുള്ള ബ്രിട്ടീഷ് മേധാവികളെ അറിയിച്ചെങ്കിലും സിഖ്‌കാരെ സഹായിക്കാൻ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു സേനയെ അയക്കാൻ പറ്റില്ല എന്നതായിരുന്നു അവരുടെ നിലപാട്. ഈ ഒരു ഘട്ടത്തിൽ തങ്ങൾ യുദ്ധം ആർക്ക് വേണ്ടി ചെയ്യണം എന്ന ഒരു വലിയ സമസ്യയെ സിഖ് സൈനികർ മാനസികമായി നേരിടുന്നുണ്ട്. അതിന്റെ ചരിത്രപരമായ വിശദീകരണമെന്നു പറയാനാവില്ലെങ്കിലും ആ ഒരു സാഹചര്യത്തെ സിനിമ വൈകാരികമായി അവതരിപ്പിച്ചു കാണിക്കുന്നുണ്ട്. 

ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട ശേഷം പോലും ബ്രിട്ടീഷ് ഇന്ത്യൻ ആർമിക്ക് വേണ്ടി ജോലി ചെയ്തു കൊണ്ടിരിക്കുന്ന സിഖ് കാലാൾപ്പടയുടെ നിസ്സഹായതയും അവർക്ക് നേരിടേണ്ടി വരുന്ന അഭിമാനക്ഷതങ്ങളും പല സീനുകളിലും കാണാം. ബ്രിട്ടീഷ് ആർമിക്കും അവരുടെ സാമ്രാജ്യ സംരക്ഷണത്തിനും വേണ്ടിയുള്ള യുദ്ധം എന്നതിൽ നിന്ന് മാറി ഒരു ഘട്ടത്തിൽ സിഖുകാരുടെ അഭിമാന പ്രശ്നമായി മാറുന്നിടത്താണ് യുദ്ധത്തിന് സിനിമയിൽ മറ്റൊരു മാനം കൈവരുന്നത്. 

സിനിമയിൽ സാരഗർഹിയിലുള്ള കോട്ടകൾ ആക്രമിക്കാനായി അഫ്ഘാനികൾ വരുന്നതിന് കാരണമായി കാണിക്കുന്നത് പരസ്യമായി വധ ശിക്ഷ നടപ്പാക്കാൻ കൊണ്ട് വന്ന ഒരു സ്ത്രീയെ സിഖുകാർ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് .ചരിത്രത്തിൽ അങ്ങിനെയൊരു സംഭവം ഉള്ളതായി എവിടെയും റഫറൻസുകൾ കണ്ടില്ല. സിനിമക്ക് വേണ്ടി അത്തരത്തിലുള്ള ചില കൂട്ടി ചേർക്കലുകൾ ഉണ്ടായതാകാം എന്ന് സമ്മതിക്കുമ്പോഴും രക്തസാക്ഷികളാകേണ്ടി വന്ന ആ 21 സിഖുകാർ ചരിത്രത്തിലെന്ന പോലെ സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷക മനസ്സിലും ഇടം പിടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല .

ചരിത്രം വിജയിച്ചവരുടെ ഓർമ്മകൾ പങ്കിടാൻ മാത്രമാകുമ്പോൾ, ജീവത്യാഗങ്ങൾ ആർക്ക് വേണ്ടി പോലുമെന്നറിയാതെ തോറ്റു പോയ ഹവീൽദാർ ഇഷാർ സിംഗും സൈന്യവും ഇങ്ങിനെയൊരു സിനിമയിലൂടെയെങ്കിലും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അജയ് ദേവ്ഗണിന്റെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത 'സൺ ഓഫ് സർദാർസ്' ഉം രാജ്‌കുമാർ സന്തോഷിയുടെ Battle of Saragarhi യുമൊക്കെ 'കേസരി' യെക്കാൾ മികവിൽ അവതരിപ്പിക്കപ്പെട്ടാൽ അത് എല്ലാ വർഷവും സെപ്തംബർ 12 ന് സാരഗഡ്ഢി ദിനം ആഘോഷിക്കുന്ന ഇന്ത്യൻ ആർമിയിലെ സിഖ് റെജിമെന്റിനു കിട്ടുന്ന വലിയ ഒരു ആദരം തന്നെയായിരിക്കും. 

"ബോലേ സോ നിഹാൽ !!!!"

-pravin-