Tuesday, June 20, 2017

രക്ഷാധികാരി ബൈജു ഒപ്പ് - മനം കവരുന്ന കുമ്പളം ബ്രദേഴ്സ്

അനുദിനം നഗരവത്ക്കരണം നടന്നു കൊണ്ടിരിക്കുന്ന ഒരു കാലത്ത് ജീവിക്കുന്നത് കൊണ്ടാകാം പോയ കാലത്തെ കുറിച്ച് ഓർക്കാനും ആ കാലത്തെ ചുറ്റുപാടുകൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാനുമൊക്കെ മലയാളിക്ക് വളരെ ഇഷ്ടമാണ്. അത്തരത്തിൽ ഗൃഹാതുരതയുണർത്തുന്ന കാലഘട്ടങ്ങളുടെയും ചുറ്റുപാടുകളുടെയും സിനിമാ കാഴ്ചകൾക്ക് എന്നും പ്രേക്ഷകരുണ്ടായിട്ടുണ്ട്. കലാലയ ജീവിതവും ഗ്രാമീണ ജീവിതവുമൊക്കെ പ്രമേയമായി വരുന്ന സിനിമകളിലൂടെയായിരുന്നു ഗൃഹാതുരത്വം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞിരുന്നത്. ലാൽ ജോസിന്റെ 'ക്ലാസ്സ്‌മേറ്റ്സ്', എബ്രിഡ് ഷൈനിന്റെ '1983', അൽഫോൺസ് പുത്രന്റെ 'പ്രേമം' തുടങ്ങിയ സിനിമകളൊക്കെ ഗൃഹാതുരതയുടെ പുതുമയുണർത്തുന്ന അവതരണ രീതികൾ കൊണ്ട് ശ്രദ്ധേയമായപ്പോൾ പിന്നീട് വന്ന പല സിനിമകളും ആവർത്തന വിരസമായ അവതരണ ശൈലി കൊണ്ട് ഗൃഹാതുരതയുടെ ആസ്വാദനത്തിൽ മുഷിവ് സമ്മാനിക്കുകയുണ്ടായി. എന്നാൽ രഞ്ജൻ പ്രമോദിന്റെ 'രക്ഷാധികാരി ബൈജു ഒപ്പ്' ഗൃഹാതുരത്വത്തെ ആഘോഷിക്കുമ്പോഴും ക്ളീഷേ അവതരണ ശൈലി കടം കൊള്ളാതെ പറയാനുള്ള വിഷയത്തെ ഹൃദ്യമായി അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. 

'1983' ലെ നാട്ടിൻപുറത്തെ ക്രിക്കറ്റ് കളിയും രമേശന്റെയും സുഹൃത്തുക്കളുടയും സൗഹൃദവുമൊക്കെ പുനരവതരിപ്പിക്കപ്പെടുന്ന സിനിമയാണോ രക്ഷാധികാരി ബൈജു എന്ന് ഒറ്റനോട്ടത്തിൽ സംശയിക്കാമെങ്കിലും രണ്ടും രണ്ടാണ് എന്ന് ബോധ്യപ്പെടാൻ അധിക സമയം വേണ്ടി വരുന്നില്ല. രമേശനും കൂട്ടുകാരും ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നുവെങ്കിലും ഒരു പ്രായത്തിനപ്പുറം അവർക്ക് ക്രിക്കറ്റ് കളിയും സൗഹൃദ സദസ്സുകളുമൊക്കെയായി സജീവമാകാൻ സാധിക്കുന്നില്ല. രമേശനാകട്ടെ മകനെ നല്ലൊരു ക്രിക്കറ്റ് കളിക്കാരനാക്കണം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഒരർത്ഥത്തിൽ രമേശനെയും കൂട്ടുകാരെയുമൊക്കെ ക്രിക്കറ്റ് കളിപ്പിച്ചത് അവരുടെ പ്രായമാണ് എന്ന് പറയാം. എന്നാൽ ബൈജുവിനെയും കൂട്ടുകാരെയും സംബന്ധിച്ച് അവരുടെ കൂട്ടായ്‍മകളിലും കളിയിടങ്ങളിലും പ്രായമോ പ്രാരാബ്ധമോ ഒന്നിനും ഒരു പരിധിയോ പ്രശ്നമോ ആയി വരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മുപ്പത്തിയാറ് വർഷങ്ങളായി കുമ്പളം എന്ന നാട്ടിൻപുറത്തിന്റെ ഹൃദയമെന്നോണം തുടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് കുമ്പളം ബ്രദേഴ്സ് ക്ളബ്. കുമ്പളം ബ്രദേഴ്സ് ക്ളബിന്റെ സ്ഥാപകരിൽ ഇന്ന് നാട്ടിലുള്ള ഒരേ ഒരാളെന്ന നിലക്ക് ക്ലബിന്റെ രക്ഷാധികാരി സ്ഥാനം ബൈജു സ്വയമേ ഏറ്റെടുത്തതാണെങ്കിലും പുള്ളിയുടെ ആ സ്ഥാനം ഏറ്റെടുപ്പിൽ എല്ലാവരും സംതൃപ്തരാണ്. കുട്ടികളുടെയും മുതിർന്നവരുടെയുമൊക്കെ കളിയിടം എന്നതിലുപരി ആർക്കും ഒത്തുകൂടാവുന്ന ആ നാടിന്റെ ഒരു പൊതു ഇടം എന്ന നിലക്കാണ് ആ ക്ലബും മര ച്ചുവടും ഗ്രൗണ്ടും പരിസരവുമൊക്കെ സിനിമയിൽ സംവിധായകൻ മനോഹരമായി വരച്ചിടുന്നത്. 

ഒരു നാടിന്റെയും അവിടത്തെ നാട്ടുകാരുടെയുമൊക്കെ കഥ പറഞ്ഞ മുൻകാല മലയാള സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്ന സിനിമ തന്നെയെങ്കിലും ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ മനോഹരമായി ഉള്ളടക്കം ചെയ്യുകയും ഒട്ടും സങ്കീർണ്ണമോ സംഘർഷഭരിതമോ അല്ലാത്ത വിധം സരസമായി അവതരിപ്പിക്കുകയും ചെയ്യുന്നിടത്ത് വേറിട്ട ഒരു സിനിമാവിഷ്ക്കാരമായി മാറുന്നുണ്ട് 'രക്ഷാധികാരി ബൈജു ഒപ്പ്'. ബൈജുവിനെ മുൻനിർത്തി കൊണ്ട് തുടങ്ങി അവസാനിക്കുന്ന സിനിമയിൽ കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണാം. കുമ്പളത്തുകാർക്ക് ബൈജുവാണ് രക്ഷാധികാരിയെങ്കിൽ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയുടെ രക്ഷാധികാരിത്വം ബിജു മേനോൻ എന്ന നടനാണ് സംവിധായകൻ കൊടുക്കുന്നത്. ഓർഡിനറി സിനിമയിലെ സുകു എന്ന കഥാപാത്രത്തിനു ശേഷം തന്റെ അഭിനയ ജീവിതത്തിൽ അവസരങ്ങളുടെ എണ്ണം കൂടിയെങ്കിലും ടൈപ്പ് കോമഡി വേഷങ്ങളിലേക്ക് ഒതുങ്ങി പോകേണ്ടി വന്നിട്ടുണ്ട് ബിജു മേനോന്. ഇവിടെ സിനിമയിൽ ബൈജു എന്ന കഥാപാത്രത്തിന് കോമഡിക്കുള്ള സ്‌പേസ് കൊടുക്കുമ്പോഴും ബിജുമേനോനെ സംബന്ധിച്ച് അതൊരു ടൈപ്പ് കഥാപാത്രമാകാത്ത വിധം അവതരിപ്പിക്കാനുള്ള അഭിനയ സാധ്യതകൾ കൂടി ഒരുക്കി കൊടുക്കാൻ രഞ്ജൻ പ്രമോദിനു സാധിച്ചു കാണാം. 

വിശാലമായ ഒരു കാൻവാസിൽ കഥ പറഞ്ഞാലേ അത് ആനയോളം പോന്ന ഒരു സിനിമയാകൂ എന്ന ധാരണ വച്ച് പുലർത്തുന്നവർക്ക് പഠിക്കാൻ ചിലതുണ്ട് ഈ സിനിമയിൽ നിന്ന്. ഒരു മൈതാനവും അതിന്റെയോരത്തെ മരവും അവിടെ നിത്യേന കളിക്കാൻ എത്തുന്ന ഒരു പറ്റം ആളുകളുമൊക്കെ അടങ്ങുന്ന ഒരു ചെറിയ ചുറ്റുവട്ടത്തെയാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. അവിടെ ഒത്തു കൂടുന്നവർക്കിടയിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങളും ആ കൂട്ടം ചേരലുകളിലെ സ്വാഭാവിക സംഭാഷണങ്ങളും കൃത്രിമത്വമില്ലാതെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ മുന്നേറുന്നത്. ഒരർത്ഥത്തിൽ പ്രേക്ഷകരുടെ ചുറ്റിലുമാണ് കഥ നടക്കുന്നതെന്ന് അനുഭവപ്പെടുത്തുന്ന ലളിതമായ അവതരണ ശൈലി തന്നെയാണ് ഈ സിനിമയുടെ പ്രധാന ആസ്വാദനം. സ്ക്കൂൾ വിട്ട് വന്നാൽ ബാഗ് വലിച്ചെറിഞ്ഞു കൊണ്ട് ഗ്രൗണ്ടിലേക്ക് ഓടി പോയിരുന്ന ഒരു കാലത്തെ കുറിച്ച് നമ്മളിൽ പലരെയും ഓർമ്മപ്പെടുത്തുന്നതോടൊപ്പം ചുരുങ്ങിയ കാലങ്ങളിൽ നമുക്ക് നഷ്ടപ്പെട്ട പൊതു ഇടങ്ങളുടെ വില എത്ര വലുതായിരുന്നെന്നു ബോധ്യപ്പെടുത്തുകയും കൂടി ചെയ്യുന്നുണ്ട് സിനിമ. 

നാട്ടിലുള്ള പ്രോപ്പർട്ടിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ടു യു എസിൽ നിന്ന് വരുന്ന ജോർജ്ജ് അവിചാരിതമായി ബൈജുവിന്റെയും കൂട്ടരുടെയും കൂടെ കൂടി ഉള്ളറിഞ്ഞൊന്നു സന്തോഷിക്കുന്ന സമയത്ത് ദീർഘ നിശ്വാസത്തോടെ ബൈജുവിനോടായി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ശരിക്കും ഞാൻ ഹാപ്പി ആണെന്നായിരുന്നെടാ ഇത് വരേയ്ക്കും കരുതിയിരുന്നത്. പക്ഷേ ഞാനല്ല.. നീയാണ് ഹാപ്പി മാൻ എന്ന്. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാനും, സാമ്പത്തികമായി മെച്ചപ്പെട്ട ജീവിതം നയിക്കാനും സാധിക്കുന്നവരാണ് ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാന്മാർ എന്ന പൊതു ധാരണയെ തിരുത്തിക്കൊണ്ട് ഒന്നും ആഗ്രഹിക്കാതെ തന്നെ നമ്മുടെ ചുറ്റുപാടിൽ നിന്ന് നമുക്ക് കിട്ടുന്ന സന്തോഷങ്ങൾ തിരഞ്ഞെടുത്ത് ആസ്വദിക്കാൻ സാധിക്കുന്നവരാണ് യഥാർത്ഥ സന്തോഷവാന്മാർ എന്ന് പറയാതെ പറഞ്ഞു തരുന്ന, സിനിമയിലെ ഹൃദയ സ്പർശിയായ ഒരു സീനായിരുന്നു അത്. തട്ടിയെടുത്തും വെട്ടിപ്പിടിച്ചും എല്ലാവരും സ്വാർത്ഥതയെ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഈ കെട്ട കാലത്ത് പങ്കിട്ടെടുക്കലിന്റെയും പകുത്തു കൊടുക്കലിന്റെയും കൂട്ട് കൂടലിന്റെയുമൊക്കെ ആസ്വാദന സുഖം പ്രേക്ഷകന് അനുഭവപ്പെടുത്തുക കൂടിയാണ് കുമ്പളം ബ്രദേഴ്സ് ചെയ്യുന്നത്. 

ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് പറയാനാകുന്നത് മുഖ്യമന്ത്രിക്ക് ബൈജു എഴുതുന്ന കത്താണ്. വലിയ കെട്ടിടങ്ങളും നഗരങ്ങളും ഒക്കെ നമുക്ക് വേണ്ടത് തന്നെയാണ്. പക്ഷെ അത് മാത്രമാണ് വികസനം എന്ന ധാരണാ പിശകിനെ തിരുത്താൻ ബന്ധപ്പെട്ട സർക്കാരുകളും ഭരണകൂടവുമൊക്കെ തയ്യാറാകേണ്ടതുണ്ട്. പൊതു ഇടങ്ങൾ സംരക്ഷിക്കുകയും അത് വഴി നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഐക്യത്തിന്റെയും സ്നേഹത്തിന്റെയുമൊക്കെ ശക്തി തിരിച്ചു പിടിക്കലുമാണ് യഥാർത്ഥ വികസനം എന്ന് അടിവരയിടുന്നുണ്ട് ബൈജുവിന്റെ കത്ത്. കുമ്പളം ബ്രദേഴ്സിന്റെ രക്ഷാധികാരി എന്ന നിലക്ക് നമ്മൾ പരിചയപ്പെടുന്ന ബൈജു ആ നാടിന്റെ കൂടി രക്ഷാധികാരിയായി മാറുന്നിടത്താണ് സിനിമ അവസാനിക്കുന്നതെങ്കിൽ ബൈജു മുഖ്യമന്ത്രിക്ക് എഴുതുന്ന കത്ത് പൊതു സമൂഹം ചർച്ച ചെയ്യാൻ ആരംഭിക്കുന്നിടത്താണ് സിനിമ യഥാർത്ഥത്തിൽ വിജയിക്കുന്നത്. ബോക്സോഫീസ് കളക്ഷനുകൾക്കുമപ്പുറം ഒരു സിനിമയുടെ യഥാർത്ഥ വിജയം എന്ന് പറയാവുന്നതും അത് തന്നെയല്ലേ ?

ആകെ മൊത്തം ടോട്ടൽ = ഹൃദ്യമായൊരു സിനിമാ അവതരണം എന്ന നിലക്ക് ഇഷ്ടപ്പെട്ടു പോകുന്ന ഒരു സിനിമ. സിനിമയുടെ ദൈർഘ്യം, ഗാനങ്ങളുടെ എണ്ണം ഇതൊക്കെ ഒരൽപ്പം കൂടിപ്പോയോ എന്ന് സംശയിക്കാമെങ്കിലും ഈ സിനിമയുടെ ആസ്വാദനത്തിനു അതൊന്നും ഒരു അഭംഗിയായി മുഴച്ചു നിൽക്കുന്നില്ല. ബിജുമേനോൻ തൊട്ട് സിനിമയിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. സിനിമ കണ്ടിറങ്ങിയാലും ആ ഗ്രൗണ്ടും ക്ലബും കുമ്പളം ബ്രദേഴ്സുമൊക്കെ മനസ്സിൽ മായാതെ കിടപ്പുണ്ടാകും. കൂട്ടത്തിൽ ഒരു നീറ്റൽ പോലെ മുഖ്യമന്ത്രിക്ക് എഴുതിയ ബൈജുവിന്റെ ആ കത്തും. 

* വിധി മാർക്ക് = 7.5 /10 

-pravin-

Friday, June 2, 2017

അഭ്രപാളിയിലെ നായ്ക്കൾ

മനുഷ്യനുണ്ടായ കാലം മുതലേ നായ്ക്കൾ മനുഷ്യരുടെ വിശ്വസ്തരായി കൂടെയുണ്ടായിരുന്നു എന്നാണ് ചരിത്രം നമ്മളെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളത്. ആദിമ മനുഷ്യരുടേയും രാജാക്കന്മാരുടേയും എന്ന് വേണ്ട എല്ലാ വിഭാഗം മനുഷ്യരുടെയും കൂടെ എല്ലാ കാലത്തും ഒരു നിഴലെന്ന പോലെ നായ്ക്കൾ ഉണ്ടായിരുന്നു. വേട്ട നായ്ക്കളായും കാവൽ നായ്ക്കളായും മനുഷ്യ സമുദായത്തിന്റെ വിശ്വസ്തത പിടിച്ചു പറ്റിയ ഇക്കൂട്ടർ ഒരു കാലഘട്ടത്തിനു ശേഷം മനുഷ്യരുടെ സ്നേഹ ഭാജനങ്ങളായി മാറുകയായിരുന്നു എന്ന് വേണം കരുതാൻ. മനുഷ്യരായാൽ നായ്ക്കളുടെ നന്ദി ഉണ്ടാകണം എന്ന പറച്ചിലുകൾ വ്യാപകമാകുന്നതും ആ കാലത്ത് തന്നെ.

എന്തായിരിക്കാം മനുഷ്യന് നായയോടും നായക്ക് മനുഷ്യനോടും മറ്റേത് ജീവജാലങ്ങളേക്കാൾ കൂടുതലായൊരു ആത്മബന്ധം ഉണ്ടാകാൻ കാരണം ? മനുഷ്യൻ പറയുന്നതെല്ലാം എളുപ്പത്തിൽ അനുസരിക്കാനും, വേണ്ടി വന്നാൽ അവനെ സംരക്ഷിക്കാനടക്കമുള്ള കഴിവും ബുദ്ധിയുമുള്ള ഒരു ജീവിയാണ് നായ എന്ന തിരിച്ചറിവിലായിരിക്കാം ഒരു പക്ഷേ മനുഷ്യൻ ആദ്യമാദ്യം നായ്ക്കളെ സ്നേഹിച്ചു തുടങ്ങിയത്. എന്നാൽ നായ്ക്കൾ ഒന്നും പ്രതീക്ഷിക്കാതെ അതിന്റെ ഉടമസ്ഥനെ സ്നേഹിക്കുന്നു എന്നുള്ളിടത്താണ് അവരുടെ ആത്മാർത്ഥത വെളിപ്പെടുന്നത്. അവർ എന്തെങ്കിലും ആഗ്രഹിക്കുന്നെണ്ടെങ്കിൽ തന്നെ അത് മനുഷ്യരുടെ സ്നേഹം മാത്രമാണ്. ഉടമസ്ഥന്റെ സ്നേഹവും പരിഗണനയും കിട്ടാതെ ജീവിക്കേണ്ടി വരുന്ന നായ്ക്കളുടേയും തെരുവ് നായ്ക്കളുടേയും ജന്മം ഏറെക്കുറെ സമമാണ്.

പരസ്പ്പരം സ്നേഹ ബന്ധിതരാകുന്ന നായ്ക്കളെയും ഉടമസ്ഥരേയും സമൂഹം ഏറെ കൌതുകത്തോടെയാണ് നോക്കി കാണാറുള്ളത് എന്നത് പോലെ നായ്ക്കളുടെയും മനുഷ്യരുടേയും ആത്മബന്ധം പ്രമേയമാക്കിയുള്ള നിരവധി ഭാഷാ സിനിമകൾക്കും അതേ സ്വീകാര്യത തന്നെയാണ് പ്രേക്ഷക സമൂഹത്തിൽ നിന്നും കിട്ടി പോന്നത്. പ്രേക്ഷക ഹൃദയത്തിൽ നൊമ്പരം സൃഷ്ടിച്ച അഭ്രപാളിയിലെ മറക്കാനാകാത്ത ആ നായ്ക്കളെ ഒന്നോർത്ത് നോക്കൂ ഇപ്പോഴും അവരോടുള്ള സ്നേഹം നമ്മുടെ മനസ്സിൽ അത് പോലെ തന്നെയുണ്ടാകും. അവരിൽ പ്രധാനപ്പെട്ട ചിലരെ ഇന്നും ഓർക്കാതിരിക്കാൻ വയ്യ.


Hachi


1987 ൽ റിലീസ് ചെയ്ത Hachiko Monogatari എന്ന ജപ്പാനീസ് സിനിമയാണ് Hachi യെ ആദ്യമായി നമുക്ക് പരിചയപ്പെടുത്തുന്നത് . Seijiro Koyama യുടെ സംവിധാനത്തിൽ വന്ന ഈ സിനിമ 2009 ൽ Lasse Hallstrom ന്റെ സംവിധാനത്തിൽ Hachi - A Dog's Tale എന്ന ഇംഗ്ലീഷ് സിനിമയാക്കി പുനർ നിർമ്മിച്ചപ്പോഴും ഹാച്ചി എന്ന നായയെ പ്രേക്ഷകൻ കൂടുതൽ ഇഷ്ടപ്പെടുകയേ ചെയ്തിട്ടുള്ളൂ.

ജപ്പാനിൽ 1923- 35 കാലഘട്ടത്തിൽ ജീവിച്ച ഹാച്ചി എന്ന നായയുടെ യഥാർത്ഥ സംഭവ കഥ തന്നെയാണ് സിനിമയിലും പറയുന്നത്. കുഞ്ഞായിരുന്ന ഹാച്ചി അവിചാരിതമായാണ് പ്രൊഫസ്സറുടെ കൈകളിൽ എത്തുന്നത്. യഥാർത്ഥ ഉടമസ്ഥനെ കണ്ടു കിട്ടാതെ വന്നപ്പോൾ ഹാച്ചിയെ സ്വന്തം വീട്ടിലേക്ക് കൂടെ കൂട്ടിയ പ്രൊഫസ്സർ അതിനെ എല്ലാ വിധ സ്നേഹ സംരക്ഷണങ്ങളും നൽകി വളർത്തി.

അവരുടെ ആത്മബന്ധം എത്രത്തോളം ഉണ്ടായിരുന്നു എന്ന് സമൂഹം മനസ്സിലാക്കുന്നത് പ്രൊഫസറുടെ മരണ ശേഷമുള്ള ഹാച്ചിയുടെ ജീവിതത്തിലൂടെയാണ്. റെയിൽവേ സ്റ്റേഷനിൽ രാവിലെ അദ്ദേഹത്തെ യാത്രയാക്കിയ ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങുകയും വൈകീട്ട് വീണ്ടും അദ്ദേഹത്തെ സ്വീകരിക്കാൻ സ്റ്റേഷനിൽ എത്തുകയുമായിരുന്നു ഹാച്ചിയുടെ പതിവ്. പരസ്പ്പരം കാണുമ്പോഴുള്ള അവരുടെ സ്നേഹ പ്രകടനങ്ങൾ വാക്കുകളാൽ വിവരിക്കാനാകാത്ത ഒന്നായിരുന്നു. 

ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ പ്രൊഫസ്സർ മരണത്തിന് കീഴടങ്ങിയ കഥയറിയാതെ അദ്ദേഹത്തെ സ്വീകരിക്കാനായി റെയിൽവേ സ്റ്റേഷനിൽ ഹാച്ചി പതിവ് പോലെ അന്നും കാത്തിരിക്കുകയായിരുന്നു. പ്രൊഫസറുടെ മരണം അത് അറിയുന്നില്ല എന്ന് മാത്രമല്ല ആർക്കും അതിനെ സത്യം പറഞ്ഞ് വിശ്വസിപ്പിക്കാനും സാധിക്കില്ലായിരുന്നു. എന്നെങ്കിലും ഒരു ദിവസം അദ്ദേഹം ട്രെയിൻ ഇറങ്ങി വരുമെന്ന വിശ്വാസത്തിൽ ഹാച്ചി അതിന്റെ മരണം വരെ ആ കാത്തിരിപ്പ് തുടരുകയാണ് ഉണ്ടായത്.

മനുഷ്യരിൽ പോലും കണ്ടു വരാത്ത ആ നായയുടെ വിശ്വസ്തതയും യജമാന സ്നേഹവുമെല്ലാം കാരണം കൊണ്ടാകാം ഇന്നും ടോക്കിയോവിലെ ജനങ്ങൾ ഹാച്ചിയെ സ്നേഹിക്കുന്നു. ഹാച്ചിയുടെ സ്മരണാർത്ഥം ജപ്പാൻ നാഷണൽ മ്യൂസിയത്തിലടക്കം ടോക്കിയോവിലെ മറ്റു പല പൊതു ഇടങ്ങളിലെല്ലാം ഹാച്ചിയുടെ പേരിൽ പണി തീർത്ത സ്മാരകങ്ങൾ സന്ദർശകർക്ക് കാണാവുന്നതാണ്.

Hearty


2006 ൽ റിലീസ് ചെയ്ത Hearty Paws എന്ന കൊറിയൻ സിനിമയിലാണ് Hearty എന്ന നായയെ പരിചയപ്പെടുത്തുന്നത്. ഹാച്ചിയെ പോലെ തന്നെ വിശ്വസ്തനും യജമാന സ്നേഹവുമുള്ള മറ്റൊരു നായ തന്നെയാണ് ഇവനും. ഒരു വ്യത്യാസം എന്തെന്നാൽ ഹാച്ചിയെ പോലെ Heartyക്ക് അവന്റെ യജമാനനാൽ പരിചരണമോ പരിഗണനയോ കിട്ടുന്നില്ല. അതിന് വേറൊരു കാരണവുമുണ്ട്.

ചാൻയിയും സോയിയും അച്ഛന്റെയും അമ്മയുടെയും സ്നേഹപരിചരണങ്ങൾ കിട്ടാതെയാണ് ജീവിക്കുന്നത്. അച്ഛനെ കണ്ട ഓർമ്മ പോലുമില്ല. അമ്മയാകട്ടെ മക്കളെ ഉപേക്ഷിച്ച് ദൂരെ നഗരത്തിലെവിടെയോ താമസിക്കുന്നു. ഒരു ഏട്ടനെന്ന നിലയിൽ ചാൻയി തന്റെ കുഞ്ഞു പെങ്ങളായ സോയിയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ ശ്രമിക്കാറുണ്ട്. അങ്ങിനെ ഒരു ദിവസം അവൻ അവൾക്ക് പിറന്നാൾ സമ്മാനമായി കൊടുക്കുന്നതാണ് Hearty എന്ന കുഞ്ഞു നായക്കുട്ടിയെ. സോയിയും ചാൻയിയും അവരുടെ പുന്നാര നായക്കുട്ടിയും ഒന്നിച്ചു കളിച്ചു വളർന്നു.

സന്തോഷം നിറഞ്ഞ ദിവസങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ഒരു അപകടത്തിൽ സോയി മരിക്കുന്നു. Hearty കാരണമാണ് അന്ന് ആ അപകടം ഉണ്ടായതും തന്റെ പെങ്ങൾ മരിച്ചതും എന്ന് വിശ്വസിക്കുന്ന ചാൻയി Hearty യെ ഉപേക്ഷിച്ചു കൊണ്ട് അമ്മയെ തേടി യാത്രയാകുന്നത് തൊട്ടാണ് Hearty ഒറ്റപ്പെടുന്നത്. ചാൻയി തന്നെ എത്ര വെറുത്താലും എത്ര ആട്ടിയോടിച്ചാലും ആ നായക്ക് അവനെ ഉപേക്ഷിക്കാൻ സാധിക്കില്ലായിരുന്നു. തന്നെ ഉപേക്ഷിച്ചു പോയ ചാൻയിയെ തേടി അവനും യാത്രയാകുന്നു.

ഒരു നായയുടെ സ്നേഹവും നന്ദിയുമെല്ലാം Hearty യിലൂടെ സംവിധായകൻ കാണിച്ചു തരുന്നുണ്ട്. സ്വന്തം ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുന്ന സമയത്തും ആ നായ ചാൻയിയുടെ സംരക്ഷകനായി മാറുന്ന ചില രംഗങ്ങൾ സിനിമയിൽ കടന്നു വരുന്നുണ്ട്. ഇത്ര മേൽ തന്നെ സ്നേഹിച്ചിരുന്ന ഒരു ജീവിയെയാണോ ഈശ്വരാ താൻ നിരന്തരം ആട്ടിയകറ്റുകയും ഒരു ശ്രത്രുവിനോടെന്ന പോലെ പെരുമാറുകയും ചെയ്തിരുന്നത് എന്നാലോചിച്ച് ചാൻയി വിതുമ്പുമ്പോൾ Hearty യുടെ കണ്ണുകളിൽ യജമാനൻ തന്റെ സ്നേഹം തിരിച്ചറിഞ്ഞല്ലോ എന്ന സന്തോഷമായിരുന്നു.

സ്നേഹം തിരിച്ചറിയപ്പെടാൻ വൈകും എന്നത് ഒരു സത്യമാണ്. അത് തിരിച്ചറിയപ്പെടുന്ന സമയത്താകട്ടെ പലപ്പോഴും കുറ്റബോധം നമ്മളെ അലട്ടുകയും ചെയ്യുന്നു. ഇവിടെ സമാന അവസ്ഥ രണ്ടു പേർക്ക് ഉണ്ടാകുന്നുണ്ട്. ഒന്ന് - ചാൻയിയേയും സോയിയെയും ഉപേക്ഷിച്ചു കൊണ്ട് സ്വന്തം ഉപജീവനം തേടിപ്പോയ അവരുടെ അമ്മക്ക്. രണ്ട്- കുഞ്ഞു പെങ്ങൾ മരിച്ചപ്പോൾ Heartyയെ തനിച്ചാക്കി സ്വന്തം അമ്മയുടെ കീഴിൽ അഭയം തേടി പോയ ചാൻയിക്ക്.

നമ്മൾ സന്തോഷം തേടി പോകുമ്പോൾ അല്ലെങ്കിൽ ദുഃഖത്തിൽ നിന്ന് ഒളിച്ചോടുമ്പോൾ നമ്മളെ ആശ്രയിച്ചു ജീവിക്കുന്നവരെയും അവരുടെ സ്നേഹത്തെയും തള്ളിക്കളയാൻ എളുപ്പമാണ്. എന്നാൽ ഒന്നും നേടാനാകാതെ കുറ്റബോധത്താൽ തിരിച്ചു വരുമ്പോൾ നഷ്ടങ്ങളുടെ കണക്ക് മാത്രമേ നമുക്ക് പങ്കു വക്കാനുണ്ടാകൂ. ഇപ്രകാരമുള്ള ചിന്തകൾ ഉണർത്തി കൊണ്ട് Hearty എന്ന നായയെ പ്രേക്ഷകരുടെ മനസ്സിൽ ഒരു നൊമ്പരമായി അവശേഷിപ്പിച്ചു കൊണ്ടാണ് സംവിധായകൻ സിനിമ അവസാനിപ്പിക്കുന്നത്. 

Mari 


2007 ൽ റിലീസായ 'A Tale of Mari and Three Puppies' എന്ന ജപ്പാനീസ് സിനിമയിലാണ് 'Mari' യെന്ന പട്ടി കേന്ദ്രകഥാപാത്രമാകുന്നത്. Hearty Paws സിനിമയിൽ ചാൻയിയും സോയിയും കുഞ്ഞായിരുന്ന Hearty യെ എടുത്ത് വളർത്തുന്ന പോലെ തന്നെയാണ് ഈ സിനിമയിൽ റയോട്ടയും അവന്റെ കുഞ്ഞു പെങ്ങൾ അയയും കൂടി കുഞ്ഞായിരുന്ന Mari യെ തങ്ങളുടെ വീട്ടിലേക്ക് വളർത്താൻ കൊണ്ട് പോകുന്നത്. ഒരു പ്രധാന വ്യത്യാസം എന്താണെന്നാൽ അവരൊരിക്കലും Mari യെ ഒരു നിമിഷത്തേക്ക് പോലും സ്നേഹിക്കാതിരുന്നിട്ടില്ല എന്നതാണ്.

 റയോട്ടയേക്കാളും അയയെക്കാളും പെട്ടെന്ന് വളർന്ന Mari പിന്നീട് മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി മാറുന്നുണ്ട് സിനിമയിൽ. കുഞ്ഞുങ്ങളും കൂടി വന്നതോടെ റയോട്ടയും അയയും കൂടുതൽ സന്തോഷിച്ചു. എന്നാൽ അവരുടെ സ്നേഹ ജീവിതത്തിലേക്ക് ഭൂകമ്പത്തിന്റെ രൂപത്തിൽ പ്രകൃതി ഒരു വില്ലനായി വന്നെത്തുകയാണ്.

ശക്തമായ ഭൂകമ്പത്തിൽ എല്ലാം തകർന്നു തരിപ്പണമായെങ്കിലും മാരിക്കും കുഞ്ഞുങ്ങൾക്കും ഒന്നും സംഭവിച്ചില്ല എന്നതാണ് അപ്പോഴും അവരെ സന്തോഷിപ്പിച്ചത്. ദുരിത ബാധിതരെ രക്ഷപ്പെടുത്താൻ എത്തിയവർക്ക് ഒരു പ്രത്യേക ഘട്ടത്തിൽ മാരിയേയും കുഞ്ഞുങ്ങളെയും കൂടെ കൊണ്ട് പോകാൻ നിർവാഹമില്ലാതെ വരുകയാണ്. നമ്മള്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ അതെന്തുമാകട്ടെ, പ്രകൃതി ദുരന്ത സമയത്തും മറ്റും അവരെ ചാകാന്‍ വിട്ടിട്ട് മനുഷ്യര്‍ മാത്രം രക്ഷപ്പെടാന്‍ അവകാശമുള്ളവരായി മാറുന്ന ആ നിമിഷം അതെത്ര ക്രൂരമാണ് എന്നാലോചിച്ചു നോക്കൂ.

 റയോട്ടയും അയയും അവരുടെ അച്ഛനുമൊക്കെ ഹെലികോപ്ടറിൽ പൊങ്ങി ദൂരേക്ക് പറന്നു പോകുന്നത് ദയനീയമായി നോക്കി നിൽക്കുന്ന മാരിയെ പ്രേക്ഷകന് നിറ കണ്ണോടെയല്ലാതെ കാണാനാകില്ല. എന്നാൽ അയക്കും റയോട്ടക്കും മാരിയേയും കുഞ്ഞുങ്ങളെയും കാണാതിരിക്കാൻ ആകില്ലായിരുന്നു. അഭയാർത്ഥി ക്യാമ്പിൽ നിന്നും ആരുമറിയാതെ മാരിയേയും കുഞ്ഞിനേയും തേടിയുള്ള അവരുടെ യാത്രയാണ് പിന്നീട് സിനിമയെ കൂടുതൽ സങ്കർഷ ഭരിതമാക്കുന്നത്. ചില വിഷയങ്ങളിലുള്ള കൊച്ചു കുട്ടികളുടെ നിലപാടുകൾ മുതിർന്നവരേക്കാൾ എത്ര മാത്രം നീതി സമ്പുഷ്ടവും സ്നേഹഭരിതവുമാണ് എന്നു ഓർമ്മിപ്പിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. 


Socks


2008ൽ റിലീസായ '10 Promises to My Dog' എന്ന ജാപ്പനീസ് സിനിമയിലാണ് സോക്സ് എന്ന നായ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത് . ഈ സിനിമയുടെ പേരും പ്രമേയവുമൊക്കെ The 10 Commandments of Dog Ownership ( The 10 Commandments From a Pet's Point of View) എന്ന വിഖ്യാതമായ pet ownership rules മായാണ് കടപ്പെട്ടിരിക്കുന്നത്.

ഒരു നായയുടെ അല്ലെങ്കിൽ വളർത്തുമൃഗത്തിന്റെ ഉടമസ്ഥൻ എന്ന നിലക്ക് ഒരാൾ പ്രതിജ്ഞാബദ്ധമായി അനുസരിച്ചും നടപ്പിലാക്കിയും പോരേണ്ട ഈ പത്തു കൽപ്പനകൾ 1993 ൽ സ്റ്റാൻ റാവ്ലിൻസൻ എന്ന മൃഗസ്നേഹിയാണ് എഴുതിയുണ്ടാക്കിയത്. ഇവിടെ സിനിമയിലും ഈ പത്തു കൽപ്പനകൾക്ക് പ്രാധാന്യം ഉണ്ട്. തിരക്കുള്ള ഒരു സർജന്റെ മകളാണ് അകാരി.

അച്ഛന്റെതായ വാത്സല്യവും കരുതലുകളും നഷ്ടപ്പെടുന്ന അകാരിക്ക് ആ വേദന മറക്കാൻ ഒരു നായക്കുട്ടിയെ വളർത്താൻ ആഗ്രഹം തോന്നുകയാണ്. യാദൃശ്ചികമെന്നോണം തൊട്ടടുത്ത ദിവസം അവരുടെ വീട്ടു വളപ്പിലേക്ക് ഒരു നായക്കുട്ടി കടന്നു വരുന്നു. തനിക്കൊരു കൂട്ടായി അകാരി ആ നായക്കുട്ടിയെ വളർത്താൻ തീരുമാനിക്കുകയാണ് പിന്നീട്. നായക്കുട്ടിയെ വളർത്തുന്നതൊക്കെ ശരി പക്ഷേ അതിനോട് അകാരിക്ക് ചില ഉത്തരവാദിത്തങ്ങളൊക്കെയുണ്ട്. അതൊക്കെ അനുസരിക്കാൻ അവൾ ബാധ്യസ്ഥയാണ് എന്ന് ഓർമിപ്പിച്ചു കൊണ്ടാണ് അമ്മ അവൾക്ക് പത്ത് കൽപ്പനകൾ എഴുതി കൊടുക്കുന്നത്.

സോക്സ് പോലെ മൃദലമായ രോമങ്ങളുള്ള നായക്കുട്ടിക്ക് അവർ സോക്സ് എന്ന പേര് തന്നെയിട്ടു. അസുഖബാധിതയായിരുന്ന അകാരിയുടെ അമ്മയുടെ മരണ ശേഷമാണ് സോക്‌സും അകാരിയും തമ്മിലുള്ള അടുപ്പം വർദ്ധിക്കുന്നത്. കാലം പിന്നിടുമ്പോൾ സംഭവിക്കുന്നത് മറ്റൊന്നായിരുന്നു പക്ഷെ. അകാരിക്കു പഴയ പോലെ സോക്സിനെ പരിചരിക്കാനോ ശ്രദ്ധിക്കാനോ പോലും സമയം കിട്ടാതായി. സൗകര്യപൂർവ്വം അമ്മ എഴുതി തന്ന പത്തു കൽപ്പനകളെ അവൾക്ക് മറക്കേണ്ടിയും വന്നു.

സോക്സിനോട് താൻ വാക്ക് പാലിച്ചില്ല എന്ന തിരിച്ചറിവും അതിലുള്ള കുറ്റബോധവും അകാരിയെ കരയിച്ചു കളയുന്നുണ്ട് ക്ലൈമാക്സിൽ. അകാരിയുടെ ആ കരച്ചിൽ സിനിമ കാണുന്നവരിലേക്ക് പകരും വിധം ഹൃദയഭേദകമായാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. സോക്സ് എത്രത്തോളം നമുക്കും പ്രിയപ്പെട്ടതായിരുന്നു എന്ന് ബോധ്യപ്പെടുന്നത് അപ്പോഴാണ്.






Old Yeller (1957), Benji (1974), Turner & Hutch (1989), Beethoven (1992), Homeward Bound (1993),  Iron Will (1994), Far From Home - The Adventures of  Yellow Dog (1995) , 101 Dalmatians (1996), A Dog of Flanders (1999), My Dog Skip (2000) , Snow Dogs (2002), Eight Below (2006) , Marely & Me (2008) etc. അങ്ങിനെ നായ്ക്കളും പട്ടികളുമൊക്കെ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ഒട്ടനവധി സിനിമകൾ ഇനിയുമുണ്ടെങ്കിലും മേൽപ്പറഞ്ഞ  നാല് പേർ  തന്നെയായിരിക്കണം നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായി എന്നും നമ്മുടെ മനസ്സിലുണ്ടാകുക.

 തെരുവ് നായ്ക്കളെ പേടിയോടെ നോക്കി കാണുന്ന ഈ കാലത്ത് നായയുടെ യജമാന സ്നേഹവും ഭൃത്യത്വവുമൊക്കെ ചർച്ച ചെയ്യുന്നതിന്റെ സാംഗത്യം എന്താണെന്ന് ചിന്തിക്കുക സ്വാഭാവികമെങ്കിലും ഈ സമയത്ത് ഓർമ്മ വരുന്നത് ഫ്രഞ്ച് എഴുത്തുകാരനായ Alphonse Toussenel നായ്ക്കളെ കുറിച്ച് പറഞ്ഞ ഈ ഒരു വാചകമാണ്.

" In the beginning God created man. But seeing him so feeble, he gave him the dog. " 

-pravin-

( ഇ-മഷി ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ച സിനിമാ ലേഖനം )