Sunday, November 27, 2016

മലയാളം ബിഗ് ബജറ്റ് സിനിമ - പുലിമുരുകന് മുൻപും ശേഷവും

'ബിഗ് ബജറ്റ്' എന്ന പദപ്രയോഗം തീർത്തും അപരിചിതമായിരുന്ന കാലത്തും ചെലവ് കൂടിയ സിനിമാ നിർമ്മാണങ്ങൾ മലയാള സിനിമാ ലോകത്ത് നടന്നിട്ടുണ്ട്. ആ കൂട്ടത്തിൽ ശ്രദ്ധേയമായ സിനിമാ നിർമ്മാണങ്ങൾക്ക് ചുക്കാൻ പിടിച്ചത് നവോദയ അപ്പച്ചനായിരുന്നു എന്ന് പറയാം. ഫ്രഞ്ച് നാടകൃത്തും നോവലിസ്റ്റുമായിരുന്ന അലക്‌സാണ്ടർ ഡ്യൂമാസിന്റെ 'ദി കൗണ്ട് ഓഫ് മൗണ്ടി ക്രിസ്റ്റോ' എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസ് സംവിധാനം ചെയ്ത് 1982 ൽ റിലീസായ 'പടയോട്ടം' മലയാളത്തിലെ ആദ്യത്തെ 70 mm സിനിമയായിരുന്നു. അമ്പതു ലക്ഷത്തോളം രൂപ ചിലവിട്ടാണ് നവോദയ അപ്പച്ചൻ അന്ന് ആ സിനിമ നിർമ്മിച്ചത്. തുടർന്ന്, 1984 ൽ ഇതേ കൂട്ടുകെട്ട് ആവർത്തിച്ചപ്പോൾ പിറന്നത് മറ്റൊരു ചരിത്രമാണ്. സാങ്കേതികതയിലും കഥാവതരണത്തിലുമൊക്കെ പുതുമ സമ്മാനിച്ച, ഇന്ത്യയിലെ ആദ്യത്തെ 3D സിനിമയായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' സ്വപ്ന സാക്ഷാത്ക്കരിക്കപ്പെടുന്നത് ഒരു കോടി രൂപ ചിലവിട്ടു കൊണ്ടാണ്. 1988 ൽ മമ്മൂട്ടിയും സുരേഷ്‌ഗോപിയും അടക്കമുള്ള ഒട്ടനവധി താരങ്ങൾ അണിനിരന്ന്  ഐ.വി ശശിയുടെ സംവിധാനത്തിൽ മലബാർ കലാപത്തിന്റെ ചരിത്ര കഥ പറഞ്ഞ '1921' സിനിമക്ക് വേണ്ടി ചെലവായത് ഒന്നേ കാൽ കോടി രൂപയാണ്. തൊട്ടടുത്ത വർഷത്തിൽ വടക്കൻ പാട്ടുകളെ ആസ്പദമാക്കിയ എം.ടിയുടെ തിരക്കഥയിൽ  ഹരിഹരൻ സംവിധാനം ചെയ്ത്   മമ്മൂട്ടിയും സുരേഷ്ഗോപിയും അടക്കം പ്രമുഖ താരങ്ങളെല്ലാം പ്രധാന വേഷങ്ങളിലെത്തിയ 'ഒരു വടക്കൻ വീരഗാഥ'യും അക്കാലത്തെ ഒരു പണച്ചെലവുള്ള സിനിമാ നിർമ്മാണമായിരുന്നു. ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷം ആയിരുന്നു ആ സിനിമയുടെ ബഡ്ജറ്റ്.


1993 ൽ ശ്രീക്കുട്ടന്റെ സംവിധാനത്തിൽ വന്ന 'ഓഫാബി'  ഇന്ത്യയിലെ തന്നെ ആദ്യത്തെ സെൽ ആനിമേഷൻ അഥവ പഴയ 2D ആനിമേഷനിൽ നിർമ്മിച്ച സിനിമയായിരുന്നു. കമ്പ്യൂട്ടർ ഉപയോഗം അത്ര കണ്ട് പ്രചാരത്തിലില്ലാത്ത ആ കാലത്തുള്ള ഈ സിനിമയുടെ നിർമ്മാണം പൂർത്തിയാക്കിയത് ഒന്നേ കാൽ കോടിയോളം രൂപ ചിലവിട്ടു കൊണ്ടാണ്. 1996 ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രിയദർശന്റെ സംവിധാനത്തിൽ വന്ന 'കാലാപാനി' മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ സിനിമയാണ്. രണ്ടരക്കോടിയായിരുന്നു കാലാപാനിയുടെ ബഡ്ജറ്റ്. മൂന്നു കോടി മുതൽ മുടക്കിൽ 1997 ൽ രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ വന്ന 'ഗുരു' അതിന്റെ സാമൂഹിക പ്രസക്തി കൊണ്ടും അവതരണ ശൈലി കൊണ്ടും വ്യത്യസ്തമായിരുന്നു. ആ വർഷത്തെ മികച്ച വിദേശ ഭാഷാ സിനിമക്കുള്ള ഓസ്‌ക്കാർ പുരസ്‌ക്കാരത്തിലേക്ക് മത്സരിക്കാനായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത സിനിമയും ഗുരു ആയിരുന്നു.

ബിഗ്‌ ബജറ്റ് മൂവി സങ്കല്പങ്ങൾ പൊതുവെ അപ്രാപ്യമായിരുന്ന കാലത്തും അതിനു മുതിരുകയും വിജയിക്കുകയും ചെയ്തിരുന്നവരുടെ പേരുകൾ മാത്രമേ നമ്മൾ പൊതുവേ ഓർത്തു വക്കാറുള്ളൂവെങ്കിലും ജോഷിയുടെ സംവിധാനത്തിൽ 2001ൽ റിലീസ് ചെയ്യുകയും സാമ്പത്തികമായി പരാജയപ്പെടുകയും ചെയ്ത "ദുബായ്' എന്ന സിനിമയെ ഈ ഘട്ടത്തിൽ ഓർത്തു പോകുകയാണ്. ആ കാലത്തെ ഒരു ബിഗ് ബജറ്റ് പടം തന്നെയായിരുന്നു 'ദുബായ്'. അഞ്ചു കോടി മുതൽ മുടക്കിൽ രണ്ടു വർഷത്തോളം സമയമെടുത്ത് കൊണ്ട് പൂർണ്ണമായും ദുബായിൽ ചിത്രീകരിച്ച സിനിമ എന്ന നിലക്കാണ് ആ സിനിമയുടെ മാർക്കറ്റിങ്ങ് പോലും നടന്നിരുന്നത്. സാധാരണ സിനിമക്ക് 20-35 രൂപയുടെ ടിക്കറ്റ് മതിയായിരുന്നെങ്കിൽ അന്ന് 'ദുബായ്' സിനിമ കാണാൻ 50-65 രൂപയുടെ സ്പെഷ്യൽ ടിക്കറ്റു എടുക്കണം എന്ന അവസ്ഥ പോലും ഉണ്ടായിരുന്നു. സിനിമ അതിന്റെ ഗുണനിലവാരം കൊണ്ട് അധികം ഓടിയില്ല എന്നത് വേറെ കാര്യം.2008 ൽ ജോഷിയുടെ സംവിധാനത്തിൽ 'അമ്മ' സംഘടനയുടെ ബാനറിൽ ദിലീപ് നിർമ്മാണ ചെലവ് വഹിച്ച് എല്ലാ താരങ്ങളും സൂപ്പർ താരങ്ങളും അണി നിരന്ന 'ട്വന്റി-20' ആ കാലത്തിറങ്ങിയതിലെ ഒരു ചെലവ് കൂടിയ സിനിമയായിരുന്നു. അത് വരേക്കുമുള്ള എല്ലാ മലയാള ബിഗ്‌ ബജറ്റു സിനിമകളെയും കവച്ചു വച്ച് കൊണ്ട് 27 കോടി മുതൽ മുടക്കിൽ 2009 ൽ റിലീസായ 'പഴശ്ശി രാജ'യും, 20 കോടി മുതൽ മുടക്കിൽ 2011 ൽ റിലീസായ 'ഉറുമി'യുമൊക്കെ വാണിജ്യപരമെന്നതിനേക്കാൾ സിനിമയുടെ കലാപരമായ മറ്റു മികവുകൾക്ക് കൂടി വില കൽപ്പിച്ചപ്പോൾ ബിഗ് ബജറ്റ് സിനിമയുടെ ലേബലിൽ വന്ന റോഷൻ ആൻഡ്രൂസിന്റെ 'കാസിനോവ'യും ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ഡബിൾ ബാരലു'മൊക്കെ ഛായാഗ്രഹണ ഭംഗിക്കപ്പുറം ഒന്നുമില്ലാത്ത പാളിപ്പോയ നവ സിനിമാ നിർമ്മാണങ്ങൾ മാത്രമായി വിലയിരുത്തപ്പെട്ടു.

12 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച  'എന്ന് നിന്റെ മൊയ്തീൻ' ബോക്സോഫീസിൽ വൻവിജയമായിരുന്നു എന്ന് സമ്മതിക്കുമ്പോഴും ഒരു  നവാഗത സംവിധായകന്റെ സിനിമ എന്ന നിലക്കുള്ള മികവ് മാത്രമേ    RS വിമലിനു ആ സിനിമയിലൂടെ  കാണിക്കാൻ സാധിച്ചിട്ടുള്ളൂ. അതിനുമപ്പുറം കാഞ്ചന മാലയുടെ ജീവിതത്തോടും ചരിത്രത്തോടുമൊന്നും നീതി പുലർത്താൻ ആ സിനിമക്ക് സാധിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. ഇപ്രകാരം മലയാളം ബിഗ് ബജറ്റ് സിനിമകളുടെ ഗുണ നിലവാരത്തെയും ആസ്വാദന സാധ്യകതകളെയും സംബന്ധിച്ച് പ്രേക്ഷകരുടെയുള്ളിൽ പല വിധം മുൻവിധികളുണ്ടായി കൊണ്ടിരിക്കുന്ന അതേ അന്തരീക്ഷത്തിലേക്ക് തന്നെയാണ് വൈശാഖിന്റെ ബിഗ് ബജറ്റ് 'പുലിമുരുകനെ' കുറിച്ചുള്ള ആദ്യ വാർത്തകളും വന്നെത്തിയത്. ആദ്യ ടീസർ വന്ന ശേഷമുള്ള ട്രോളുകളിലൊക്കെ ഇപ്പറഞ്ഞ പ്രേക്ഷകരുടെ മുൻവിധികളുടെ സ്വാധീനം ഉണ്ടായിരുന്നു എന്ന് പറയാം. വൈശാഖിന്റെ 'പോക്കിരി രാജ' തൊട്ടുള്ള സിനിമകൾ കണ്ട പരിചയത്തിൽ പുലിമുരുകനിൽ നിന്നുള്ള പ്രതീക്ഷകൾക്ക് പരിധികളും ഉണ്ടായിരുന്നു. എന്നാൽ ട്രെയ്‌ലർ വന്ന ശേഷം ആ പ്രതീക്ഷകൾക്ക് ചിറക് മുളച്ചു എന്ന് തന്നെ പറയാം. 

1997 ൽ റിലീസായ 'ഹിറ്റ്‌ലർ ബ്രദേഴ്സ്' തൊട്ടു തുടങ്ങി 2014 ൽ റിലീസായ 'മൈലാഞ്ചി മൊഞ്ചുള്ള വീട്' വരെ ഏകദേശം മുപ്പത്തി ഏഴോളം സിനിമകളുടെ തിരക്കഥാകൃത്തുക്കളായിരുന്ന ഉദയ് കൃഷ്ണ സിബി കെ തോമസ് മലയാള സിനിമക്ക് ഒരുപാട് ഹിറ്റ്‌ സിനിമകൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ തിരക്കഥകളിലെ ആവർത്തന വിരസമായ കഥാസാഹചര്യങ്ങളുടെയും ഒരേ അച്ചിൽ വാർത്തെടുക്കുന്ന കഥാപാത്രങ്ങളുടെയും അശ്ലീല ഹാസ്യ സംഭാഷണങ്ങളുടെയുമൊക്കെ പേരിൽ അവർ നിരന്തരം വിമർശിക്കപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ ഈ കൂട്ട് കെട്ട് വേർപിരിഞ്ഞ ശേഷം ഉദയകൃഷ്ണ ഒറ്റക്ക് ആദ്യമായി തിരക്കഥ എഴുതിയ സിനിമ എന്ന നിലക്കും പുലിമുരുകനെ മുൻവിധിയോടെ നോക്കി കണ്ടവരുണ്ടായിരുന്നു. ഉദയ് കൃഷ്ണയുടെ പുലിമുരുകൻ അതിന്റെ കഥാ-തിരക്കഥാ ഘടന കൊണ്ടല്ല മറിച്ച് പുലിയും മനുഷ്യനും എന്ന അതിന്റെ അടിസ്ഥാന പ്രമേയം കൊണ്ടാണ് വ്യത്യസ്തവും ആകർഷണീയവുമാകുന്നത്. പീറ്റർ ഹെയ്നെ പോലുള്ളവരുടെ സാമീപ്യവും സിനിമയെ വേറിട്ടതാക്കി. പുലിയൂരെന്ന സാങ്കൽപ്പിക ഗ്രാമവും അവിടത്തെയാളുകളും കാടും പുലിയും മുരുകനും വില്ലന്മാരുമൊക്കെയായി തിയേറ്റർ ആസ്വാദനത്തിന്റെ എല്ലാ സാധ്യതകളെയും മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ വൈശാഖിനു സാധിച്ചിട്ടുണ്ട്. അഞ്ചു ദിവസവും 80 ലക്ഷം രൂപയും മുടക്കി ഏകദേശം അറുന്നൂറോളം ആർട്ടിസ്റ്റുകളെ അണിനിരത്തി കൊണ്ടാണ് വൈശാഖ് തന്റെ കരിയറിലെ തന്നെ ഒരു മോശം സിനിമയായ 'കസിൻസ്' ലെ ഒരു ഗാനം ചിത്രീകരിച്ചത്. ആ വൈശാഖിനെ സംബന്ധിച്ച് ഒരു സ്വപ്ന സിനിമയായി മനസ്സിൽ കൊണ്ട് നടക്കുന്ന 'പുലിമുരുകനെ' അണിയിച്ചൊരുക്കാൻ എത്രത്തോളം കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ടാകും എന്ന് പ്രേക്ഷകന് ഊഹിക്കാവുന്നതേയുള്ളൂ.

ടോമിച്ചൻ മുളകുപാടമെന്ന നിർമ്മാതാവ് മലയാള സിനിമക്ക് പരിചിതനായി തുടങ്ങുന്നത് 2007 കാലത്തു ഇറങ്ങിയ മറ്റൊരു മോഹൻലാൽ സിനിമയായ 'ഫ്‌ളാഷ്' ലൂടെയായിരുന്നു എന്നത് ഇപ്പോൾ യാദൃശ്ചികമായി തോന്നാം. ബോക്സോഫിസിൽ തകർന്നു തരിപ്പണമായ ആ സിനിമയോട് കൂടി സിനിമാ നിർമ്മാണം വേണ്ടെന്നു വക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അങ്ങിനെയെങ്കിൽ ഇന്നത്തെ പുലിമുരുകൻ പോലും ഒരു പക്ഷേ സംഭവിക്കില്ലായിരുന്നു. 2010 ൽ പോക്കിരി രാജക്ക് വേണ്ടി വൈശാഖ്-ഉദയകൃഷ്ണ-ടോമിച്ചൻ ഒരുമിച്ചപ്പോൾ തന്നെ ആ സിനിമയുടെ സാമ്പത്തിക വിജയത്തിനുമപ്പുറം പുലിമുരുകനു വേണ്ടിയുള്ള ഒരു തുടക്കമായിരുന്നു അതെല്ലാം എന്ന് ആരും കരുതിക്കാണില്ല. മോഹൻലാൽ എന്ന നടന്റെ അഭിനയത്തോടുള്ള അർപ്പണ മനോഭാവം ഈ അൻപത്തി ആറാം വയസ്സിലും കെടാതെ കത്തുന്ന കാഴ്‌ചയാണ് പുലിമുരുകനിലെ മറ്റൊരു അതിശയം. ഒരു നടനെന്നാൽ കേവലം ഭാവാഭിനയങ്ങളെ സമ്മിശ്രയിപ്പിച്ചു കൊണ്ട് തനിക്ക് കിട്ടിയ വേഷത്തെ വെറുതെ അഭിനയിച്ചു കാണിക്കുന്നവൻ മാത്രമല്ല മറിച്ച് കഥാപാത്രത്തിന്റെ പ്രകടന മികവിനായി സ്വന്തം ശാരീരിക ക്ഷമത പരീക്ഷിക്കുകയും ഉപയോഗിക്കുകയും അതിനായി ഊർജ്ജവും സമയവും കളയുന്നവനും കൂടിയാകണം എന്ന ബോധ്യപ്പെടുത്തലു കൂടിയാണ് മോഹൻ ലാലിന്റെ മുരുകനായുള്ള പ്രകടനങ്ങൾ. ആ അർത്ഥത്തിൽ മികച്ച നടനിലേക്കുള്ള തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ശ്രമഫലങ്ങളെ ന്യായമായും പരിഗണിക്കേണ്ടത് തന്നെയാണ്.

കേരളത്തിനുമപ്പുറം മലയാള സിനിമാക്കൊരു വിപണിയുണ്ടാക്കിയെടുക്കാനും പുതിയ വിപണന സാധ്യതകൾ തേടാനും പുലിമുരുകന്റെ വിജയം വരും കാല മലയാള സിനിമകൾക്ക് പ്രോത്സാഹനമായി മാറുമെന്ന് പ്രതീക്ഷിക്കാം. കലാമൂല്യമുള്ള സിനിമകൾ ബഡ്ജറ്റ് പ്രശ്നങ്ങൾ കാരണം വേണ്ടെന്നു വയ്ക്കുന്ന കാലത്തു തന്നെ 35 കോടിയോളം മുതൽമുടക്കിൽ ജയരാജിനെ പോലുള്ള സംവിധയാകർ 'വീരം' പോലുള്ള സിനിമ ചെയ്യാൻ തീരുമാനിച്ചതും ഇതിനോട് ചേർത്ത് വായിക്കേണ്ട കാര്യമാണ്. നൂറു കോടി ക്ലബിൽ കടന്നു കൂടിയ പുലിമുരുകൻ മലയാള സിനിമക്ക് നൽകിയ മൈലേജ് വാണിജ്യപരമായി മാത്രമാണ് എന്ന ആക്ഷേപം ചിലരൊക്കെ ഉന്നയിക്കുമ്പോഴും ദൃശ്യപരിചരണത്തിലും സാങ്കേതികതയിലും മലയാള സിനിമക്ക് പുലിമുരുകൻ നൽകിയ ഉണർവ്വിനെ കണ്ടില്ലെന്നു നടിക്കാൻ ഒരു മലയാളിക്കും സാധിക്കില്ല . 'വീരം' പുലിമുരുകനോളം ബോക്സോഫീസ് കളക്ഷൻ നേടുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമെങ്കിലും മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമയെന്ന ഖ്യാതി 'പഴശ്ശിരാജ'യിൽ നിന്നും ഇതിനകം  'വീരം' സ്വന്തമാക്കിയിരിക്കുന്നു.  

-pravin-

Saturday, October 29, 2016

പ്രിയൻ-മോഹൻലാൽ കോമ്പോയുടെ വേറിട്ട തിരിച്ചു വരവിന്റെ "ഒപ്പം"

മോഹൻലാലുമായുണ്ടായ പരിചയവും സൗഹൃദവുമെല്ലാം തന്റെ സിനിമാ ജീവിതത്തിലെ ഒരു വലിയ വഴിത്തിരുവായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് പ്രിയദർശൻ. പ്രിയദർശൻ തിരക്കഥാകൃത്തായും അസിസ്റ്റന്റ് ഡയറക്ടറായും സിനിമാജീവിതം ആരംഭിക്കുന്ന അതേ എൺപതു കാലത്താണ് ഫാസിലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂ' ടെ മോഹൻലാലും സിനിമയിലേക്കുള്ള തന്റെ ആദ്യ ചുവട് ഉറപ്പിക്കുന്നത്. ആദ്യ കാല സിനിമകളിൽ വില്ലൻ വേഷങ്ങളും സഹനടന്റെ വേഷങ്ങളും മാത്രം കിട്ടി പോന്നിരുന്ന മോഹൻലാലിനെ സംബന്ധിച്ച് ആ കാലത്ത് കാര്യമായ വേഷങ്ങൾ നൽകിയത് ഫാസിലും ജെ ശശികുമാറും ഐ വി ശശിയുമൊക്കെ തന്നെയായിരുന്നു എന്ന് പറയാം. 1982 -84 കാലയളവിലാണ് സത്യൻ അന്തിക്കാടും, പി.ജി വിശ്വംഭരനും ബാലചന്ദ്രമേനോനുമൊക്കെ മോഹൻലാലിനെ വച്ച് സിനിമ ചെയ്യാൻ തുടങ്ങുന്നത്. മോഹൻ ലാലിനെ സംബന്ധിച്ചും നല്ല ബ്രേക്ക് നൽകിയ കാലമായിരുന്നു അത്. 1984ൽ 'പൂച്ചക്കൊരു മുക്കുത്തി' യിലൂടെ പ്രിയദർശൻ സ്വതന്ത്ര സംവിധായകനാകുകയും ആ സിനിമ സൂപ്പർ ഹിറ്റാകുകയുമൊക്കെ ചെയ്തപ്പോൾ മലയാള സിനിമാലോകത്തെ മറ്റൊരു ഹിറ്റ് കോമ്പോ കൂടി ആരംഭിക്കുകയായിരുന്നു. അരം + അരം = കിന്നരം, ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ബോയിങ്ങ് ബോയിങ്ങ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈ ഡിയർ റോങ്ങ് നമ്പർ, താളവട്ടം, ചെപ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആര്യൻ, വെള്ളാനകളുടെ നാട്, ചിത്രം,വന്ദനം, അക്കരെ അക്കരെ അക്കരെ, കടത്തനാടൻ അമ്പാടി, കിലുക്കം, അഭിമന്യു, അദ്വൈതം, മിഥുനം, തേന്മാവിൻ കൊമ്പത്ത്, മിന്നാരം, കാലാപാനി, ചന്ദ്രലേഖ എന്നിങ്ങനെ തൊണ്ണൂറുകളുടെ അവസാനം വരെ കൃത്യമായ ഇടവേളകളിൽ മോഹൻലാൽ -പ്രിയദർശൻ സിനിമകൾ വന്നു പോയി. മിക്കതും സൂപ്പർ ഹിറ്റ്‌ സിനിമകൾ. 1992 ൽ കിലുക്കത്തിന്റെ ഹിന്ദി പതിപ്പായ Muskurahat സംവിധാനം ചെയ്തു കൊണ്ട് ബോളിവുഡിലേക്ക് അരങ്ങ് മാറിയ പ്രിയദർശൻ തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്കും തന്റേതടക്കം മറ്റ് പല സംവിധായകരുടെയും ഹിറ്റ് സിനിമകളുടെ ഹിന്ദി റീമേക്ക് കൊണ്ട് ബോളിവുഡിലെ സജീവ സാന്നിധ്യമായി മാറിയിരുന്നു. ഇതിനിടയിൽ കിട്ടുന്ന ഇടവേളകളിലെല്ലാം മലയാള സിനിമകളുമായി അദ്ദേഹം വന്നിരുന്നെങ്കിലും തന്റെ പ്രതാപ കാലത്തു ചെയ്ത സിനിമകൾക്ക് കിട്ടിപോന്നിരുന്ന പ്രേക്ഷക സ്വീകാര്യത അതിനൊന്നും ലഭിച്ചില്ല. 1997 ൽ ഇറങ്ങിയ 'ചന്ദ്രലേഖ' ക്കു ശേഷം പ്രിയൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന 'കാക്കക്കുയിൽ' (2001), കിളിച്ചുണ്ടൻ മാമ്പഴം (2003), അറബിയും ഒട്ടകവും പി മാധവൻ നായരും (2011), ഗീതാഞ്ജലി (2013) എന്നീ സിനിമകൾ പ്രേക്ഷകന് സമ്മാനിച്ച നിരാശ ചെറുതല്ലായിരുന്നു. ഈ കാലത്ത് മോഹൻലാലിനെ ഉപേക്ഷിച്ചു കൊണ്ട് അവസാന പരീക്ഷണമായി ജയസൂര്യയെ നായകനാക്കി 'ആമയും മുയലും' ചെയ്‌തെങ്കിലും അതും ഫലം കണ്ടില്ല. മലയാള സിനിമയുടെ മാറ്റങ്ങളെ നിരീക്ഷിക്കാതെ പഴകിയ വീഞ്ഞ് പുതിയ കുപ്പിലാക്കി കൊണ്ട് വരുന്ന പ്രവണത ഉപേക്ഷിക്കാതെ ഇനിയൊരു തിരിച്ചു വരവ് അസാധ്യമാണ് എന്ന് പ്രിയദർശനും തോന്നിയിരിക്കാം. ഈ ഒരു തിരിച്ചറിവ് പ്രിയദർശനെ കാര്യമായിട്ട് തന്നെ സ്വാധീനിച്ചതിന്റെ ലക്ഷണമായി വേണം 'ഒപ്പം' സിനിമയെ കാണാൻ. 

ഒരു ക്രൈം ത്രില്ലർ മൂഡിലുള്ള സിനിമ എന്ന നിലക്കാണ് 'ഒപ്പം' പ്രേക്ഷകനിൽ പ്രതീക്ഷയുണർത്തിയതെങ്കിലും സിനിമയുടെ കഥാ സഞ്ചാരം മുഴുക്കെ ആ വഴിയിലൂടെയല്ല എന്ന് പറയേണ്ടി വരും. ഇത്തരം സിനിമകൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന ആഖ്യാന രീതിയും ഇവിടെ ചർച്ചാ പ്രസക്തമാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ പ്രിയദർശൻ പറയുന്നുണ്ട് മുഖം മൂടി അഴിച്ചു മാറ്റും വരെ കൊലയാളി ആരാണെന്നുള്ള സസ്പെൻസ് നിലനിർത്തി കൊണ്ടുള്ള ഒരു ത്രില്ലറല്ല താൻ 'ഒപ്പം' കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്. ഒരു ഹിച്കോക്കിയൻ ആഖ്യാന രീതിയാണ് താൻ ഒപ്പത്തിൽ പരീക്ഷിക്കുന്നത് എന്നൊക്കെയുള്ള സംവിധയാകന്റെ വാദമുഖങ്ങളെ പൂർണ്ണമായും അംഗീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു കഥാപരിസരമോ ആസ്വാദന അനുഭവമോ ഒന്നും ഒപ്പം തരുന്നില്ല എങ്കിൽ കൂടി മുൻകാല സിനിമകൾ നമുക്ക് സമ്മാനിച്ച നിരാശ കണക്കിലെടുത്തു കൊണ്ട് കാണുമ്പോൾ പ്രിയദർശൻ എന്ന സംവിധായകന്റെ ഭേദപ്പെട്ട ഒരു തിരിച്ചു വരവിന് വഴിയൊരുക്കുന്ന കാര്യങ്ങൾ 'ഒപ്പ'ത്തിൽ നിന്ന് കണ്ടെടുക്കാൻ സാധിക്കും. അതിലുപരി മോഹൻലാൽ എന്ന നടന്റെ ഭാവവിനിമയത്തിലെ അനായാസതയിലേക്ക് അതിശയത്തോടെ ശ്രദ്ധ കൊടുക്കേണ്ടി വരുന്നുണ്ട് പ്രേക്ഷകന്. കണ്ടു പരിചയിച്ച അന്ധനായ കഥാപാത്രങ്ങളിൽ നിന്നും ജയരാമൻ എന്ന അന്ധ നായക കഥാപാത്രം വ്യത്യസ്തനായി അനുഭവപ്പെടുന്നതും അത് കൊണ്ടാണ്. 

'ഒപ്പ'ത്തിലും അതിനോടൊപ്പം തന്നെയിറങ്ങിയ 'ഊഴ'ത്തിലും വില്ലനെ പരിചയപ്പെടുത്തുന്ന കാര്യത്തിൽ രണ്ടു സംവിധായകരും ഏറെക്കുറെ സമാനമായ നിലപാടാണ് സ്വീകരിച്ചു കാണുന്നത്. കൂടുതൽ വളച്ചു കെട്ടൊന്നുമില്ലാതെ വില്ലൻ / കൊലയാളി ആരാണ് എന്ന് ആദ്യ അരമണിക്കൂറിൽ തന്നെ വെളിപ്പെടുത്തി കൊണ്ടുള്ള കഥാവതരണം തന്നെയാണ് രണ്ടു സിനിമകളിലും. 'ഒപ്പം' 'ഊഴ' ത്തിൽ നിന്നും വ്യത്യസ്തമാകുന്നത് അതിന്റെ ആദ്യപകുതിയിലുള്ള അന്വേഷണാത്മകത കൊണ്ടാണ്. 'ഊഴ'ത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ നായകൻറെ പ്രതികാരത്തിനെ മാത്രം ഫോക്കസ് ചെയ്യുമ്പോൾ 'ഒപ്പ'ത്തിൽ നായകന്റെ കഥാപാത്ര സവിശേഷതകളും, പ്രകടന സാധ്യതകളും, വില്ലന്റെ പ്രതികാരബുദ്ധിയുമെല്ലാം കൂട്ടിയിണക്കി കൊണ്ട് അന്വേഷണാത്മകമായ ഒരു കഥാപാരിസരം സൃഷ്ടിച്ചു കൊണ്ടുള്ള കഥ പറച്ചിലിനാണ് ശ്രമിച്ചിരിക്കുന്നത്. വില്ലനാര് എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലാതാക്കി കൊണ്ട് പ്രേക്ഷകർക്ക് മാത്രം കണ്ടാൽ അറിയാവുന്ന വില്ലനെ അന്ധനായ നായക കഥാപാത്രം സ്പർശം കൊണ്ടും ഗന്ധം കൊണ്ടും തേടി പിടിക്കാൻ ശ്രമിക്കുന്നത് തൊട്ടാണ് 'ഒപ്പം' ത്രില്ലിംഗ് ട്രാക്കിലേക്ക് കടക്കുന്നത്. അന്ധനായ ജയരാമന്റെ (മോഹൻലാൽ) കഥാപാത്ര സവിശേഷതകൾക്ക് വേണ്ടി തിരക്കഥയിൽ ആദ്യമേ ഒരിത്തിരി സ്‌പേസ് ഒഴിച്ചിടുന്നത് കൊണ്ടാകാം അയാളുടെ കഴിവുകളിൽ വിശ്വാസം അർപ്പിച്ചു കൊണ്ട് സിനിമ കാണാൻ പ്രേക്ഷകൻ നിർബന്ധിതരാകുന്നു. ശബ്ദം കൊണ്ടും സ്പർശം കൊണ്ടും ലോകത്തുള്ള കാഴ്ചകളെ കാണാനും അനുഭവിക്കാനും പ്രതികൂല സാഹചര്യങ്ങളെ കായികമായി വേണ്ടി വന്നാൽ നേരിടാനും ശേഷിയുള്ള ജീവിച്ചിരിക്കുന്ന അന്ധ കഥാപാത്രങ്ങൾ നമുക്ക് ചുറ്റുമുണ്ട് എന്ന വസ്തുത കണക്കിലെടുത്താൽ ജയരാമൻ എന്ന കഥാപാത്രത്തെ ഒട്ടും അമാനുഷികനായി കാണേണ്ടി വരുന്നില്ല ഇവിടെ. നായകനായത് കൊണ്ട് ഒരൽപ്പം അമാനുഷികത കൽപ്പിച്ചു കൊടുത്താലും അത് പ്രേക്ഷകന് ഹരമാകുകയേയുള്ളൂ എന്ന ചിന്തയിലായിരിക്കണം തന്നെ അന്യായമായി കെട്ടിയിട്ടു മർദ്ദിച്ച് രസിക്കുന്ന പോലീസുകാരെ ഒരു ഘട്ടത്തിൽ കളരി മുറകൾ കൊണ്ട് എതിരിട്ടു തോൽപ്പിക്കാൻ ജയരാമൻ നിയോഗിക്കപ്പെടുന്നത്. 

കഥാഘടനയിൽ മേൽപ്പറഞ്ഞ ആകർഷണീയതകളും വ്യത്യസ്തമായ കഥാപാത്ര നിർമ്മിതിയുമൊക്കെ അവകാശപ്പെടുമ്പോഴും 'ഒപ്പ'ത്തിലെ പല നിർണ്ണായക രംഗങ്ങളിലും ഒട്ടുമില്ലാതെ പോകുന്നത് യുക്തിയില്ലായ്മയാണ്. തുടക്കം മുതലേ അത് പ്രകടമാണെങ്കിലും കഥയിൽ നിറഞ്ഞു വരുന്ന അന്വേഷണാത്മകത യുക്തിയില്ലായ്മയെ ഒരു പ്രശ്നമായി കാണാതെ അവഗണിക്കാൻ പ്രേരിപ്പിക്കുകയാണ് ആദ്യപകുതിയിൽ. തന്നെയാരോ പിന്തുടരുന്നുണ്ടെന്നും അധികം വൈകാതെ കൊല്ലപ്പെടുമെന്നൊക്കെ അറിയാവുന്ന ജസ്റ്റിസ് കൃഷ്ണമൂർത്തിയെ പോലൊരാൾ പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടാത്തതും, കൊല ചെയ്യപ്പെട്ടോട്ടെ എന്ന കണക്കെ താൻ മുൻകൈ എടുത്ത് നടത്തിയ കല്ല്യാണത്തിന്റെ പാർട്ടിയിൽ പോലും പോകാതെ ഫ്‌ളാറ്റിൽ ഒറ്റക്കിരിക്കാൻ തീരുമാനിച്ചതും, പേര് കേട്ട കെട്ടിട നിർമ്മാണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ബഹുനില ഫ്‌ളാറ്റ് സമുച്ചയത്തിലെവിടെയും ഒരു സി-സി ക്യാം പോലും ഘടിപ്പിക്കാതിരുന്നതും അടക്കമുള്ള അനവധി നിരവധി ചോദ്യങ്ങൾ സിനിമയുടെ അത് വരേക്കുള്ള മികവുകൾക്ക് സാരമായി മങ്ങലേൽപ്പിക്കുന്നുണ്ട്. ഒരു ക്രൈം ത്രില്ലർ സ്വഭാവത്തോടെ തുടങ്ങിയ സിനിമ ഇടവേളയോടെ വില്ലനെ തേടിയുള്ള നായകൻറെ ഒറ്റയാൾ അന്വേഷണത്തിന്റെ ആരംഭമാക്കുകയും ഇടവേളക്ക് ശേഷമുള്ള പോലീസ് അന്വേഷണത്തെ ചെമ്പൻ വിനോദിനെയും മാമുക്കോയയെയും മുൻനിർത്തി കൊണ്ട് പൊട്ടിച്ചിരിക്കുള്ള വകുപ്പാക്കി മാറ്റുകയുമാണ് പ്രിയദർശൻ ചെയ്യുന്നത്. അതായത് ഒരു പ്രത്യേക വിഭാഗം സിനിമ എന്ന ലേബലിൽ മാത്രം ഒതുക്കി നിർത്താതെ എല്ലാ വിധ ചേരുവകളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സിനിമാ നിർമ്മിതി. സിനിമയുടെ അതുവരെയുള്ള മൂഡിന് വിരുദ്ധമായിട്ടുള്ള ഒരു ചേരുവയായിരുന്നു ഹാസ്യം എങ്കിലും അത് സമർത്ഥമായി കഥാസാഹചര്യത്തിനു അനുസരിച്ച് രസകരമായി അവതരിപ്പിച്ചത് കൊണ്ടാണ് ചെമ്പൻ വിനോദ്- മാമുക്കോയയുടെ പോലീസ്-ദൃക്‌സാക്ഷി ചോദ്യോത്തരവേള തിയേറ്ററിൽ പൊട്ടിച്ചിരിയുണ്ടാക്കിയത്. പൊട്ടിച്ചിരിക്ക് ശേഷം കുറച്ചധികം സമയമെടുത്തു കൊണ്ടാണ് സിനിമ വീണ്ടും അതിന്റെ ഗൗരവ സ്വഭാവത്തിലെത്തുന്നത്. ക്രൈം ത്രില്ലറും ഡ്രാമയും കോമഡിയുമൊക്കെയായി മുന്നേറുന്ന സിനിമയെ അവസാന അരമണിക്കൂറിൽ സർവൈവൽ ത്രില്ലർ മൂഡിലാണ് പറഞ്ഞവസാനിപ്പിക്കുന്നത്. കൃത്യമായി  ഒരു genreനോടും നീതി പുലർത്താതെ ത്രില്ലറിന്റെ വക ഭേദങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുമ്പോഴും കൈവിട്ടൊരു പരീക്ഷണത്തിന് മുതിരാതെ സിനിമയുടെ സാമ്പത്തിക വിജയ സാധ്യത കൂടി കണക്കിലെടുത്തു കൊണ്ടുള്ള പ്രിയദർശന്റെ   'സേഫ് സോൺ പ്ലേ' 'ഒപ്പ' ത്തിൽ വിജയം കണ്ടെന്നു പറയുന്നതായിരിക്കും ഉചിതം.

മുൻപ് പല സ്ഥലങ്ങളിലായി നടന്ന ചിലരുടെ ദുരൂഹ മരണങ്ങൾക്കും ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ കൊലപാതകത്തിനും തമ്മിൽ ഒരു കണക്ഷനുണ്ടെന്നും അതിലെല്ലാം പ്രതികാരബുദ്ധിയുള്ള ഒരു കൊലപാതകിയുടെ കൈകൾ പ്രവർത്തിച്ചിട്ടുണ്ടെന്നുമൊക്കെയുള്ള സംശയങ്ങൾ തന്റെ സഹപ്രവർത്തകരോട് പങ്കു വച്ചു കൊണ്ടാണ് അനുശ്രീ അവതരിപ്പിക്കുന്ന ACP ഗംഗ സിനിമയിൽ കഥാപാത്ര പ്രസക്തി നേടുന്നതെങ്കിലും കേസ് അന്വേഷണത്തിന്റേതായ എല്ലാ ത്രില്ലർ സാധ്യതകളെയും ചവറ്റു കൊട്ടയിലിട്ട് ACP ഗംഗ എന്ന കഥാപാത്രത്തെ തീർത്തും അപ്രസക്തമാക്കി കളഞ്ഞു കുളിക്കുന്നുണ്ട് പിന്നീടങ്ങോട്ടുള്ള സിനിമ. ക്ളൈമാക്സിലാണ് അനുശ്രീയുടെ ആ കഥാപാത്രത്തെ പരിഹാസ രൂപത്തിൽ പ്രേക്ഷകന് നോക്കി കാണേണ്ടി വരുന്നത്. അനുശ്രീയുടെ എന്ന് മാത്രമല്ല ഈ സിനിമയിൽ വന്നു പോകുന്ന ഓരോ പോലീസ് കഥാപാത്രങ്ങൾക്കും അത്രക്കുള്ള വിലയേ കൊടുക്കേണ്ടതുള്ളൂ എന്ന നിലപാടായിരുന്നു പ്രിയദർശന് എന്ന് തോന്നുന്നു. രൺജി പണിക്കർ അവതരിപ്പിക്കുന്ന പദ്മകുമാർ IPS, ചെമ്പൻ വിനോദിന്റെ CI ആനന്ദൻ, ഷാജോണിന്റെ മധു എന്നിവരെല്ലാം കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കട്ടവനാക്കാൻ ശ്രമിക്കുന്ന പോലീസുകാരുടെ വാർപ്പ് മാതൃകകളാണ്. അനാവശ്യമായ കഥാപാത്ര സൃഷ്ടിക്ക് ഉദാഹരമാണ് ദൃശ്യത്തിലെ കോൺസ്റ്റബിൾ സഹദേവന്റെ സമാന വേഷഭാവത്തോടെ കലാഭവൻ ഷാജോണിനെ കൊണ്ട് മധു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പണ്ട് നീ എന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടതാണ് എന്ന ഡയലോഗ് സഹിതമാണ് ഷാജോൺ ദൃശ്യം സ്റ്റൈലിൽ ജയരാമനെ മർദ്ദിക്കുന്നത്. എന്നാൽ ദൃശ്യത്തിലെ ജോർജ്ജ് കുട്ടിക്ക് സഹദേവനിൽ നിന്ന് കിട്ടുന്ന പ്രഹരം പ്രേക്ഷകർക്ക് പീഡനാനുഭവമാകുന്ന പോലെയൊരു മതിപ്പൊന്നും ആ സീനിനോട് തോന്നുന്നില്ല. വേലക്കാരിയെന്നാൽ മുഷിഞ്ഞ വേഷവും കരിപുരണ്ട രൂപവും ആയിരിക്കണം എന്ന ക്ളീഷേ ചിന്താഗതിയെ തകർക്കാനെന്ന വണ്ണമായിരിക്കാം വിമലാരാമന്റെ ദേവയാനിയെന്ന കഥാപാത്രത്തെ അടിമുടി ലുക്കിലും മട്ടിലും മുഴു വ്യത്യാസം വരുത്തി കൊണ്ട് അവതരിപ്പിച്ചത്. പക്ഷേ, അതിനപ്പുറത്തേക്ക് ആ കഥാപാത്രവും ഒന്നുമല്ലാതായി പോകുകയാണ് പിന്നീട്. സമുദ്രക്കനിയുടെ നടന വൈഭവം നമുക്കറിയാത്തതല്ല. കഥാപാത്രത്തെ ഉൾക്കൊണ്ടു കൊണ്ടുള്ള അഭിനയത്തിനിടയിലും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങൾക്കൊപ്പം എത്താനുള്ള പ്രകടന സാധ്യതകൾ 'ഒപ്പ'ത്തിൽ ഇല്ലാതെ പോയത് അദ്ദേഹത്തേക്കാൾ സിനിമയുടെ നഷ്ടമായി കാണേണ്ടി വരുന്നു. 

കോടതിയിൽ സമർപ്പിക്കപ്പെടുന്ന തെളിവുകളാണ് ഒരാളെ അപരാധിയും നിരപരാധിയുമാക്കി മാറ്റുന്നത് എന്ന കോടതി നിലപാടു വെളിപ്പെടുത്തുമ്പോഴും 'വാസുദേവൻ' എന്ന നിരപരാധിയിൽ നിന്നും വാസു എന്ന വില്ലനെ സൃഷ്ടിച്ചത് അയാളോട് നീതികേട് കാണിച്ച ഇവിടുത്തെ നിയമവ്യവസ്ഥയാണ് എന്ന് സമ്മതിക്കാൻ സിനിമ മടിക്കുന്നില്ല. സുപ്രധാന കേസുകളിലെ കോടതി നിലപാടുകളും വിധിയുമൊക്കെ ആൾക്കൂട്ട വിമർശനം നേരിടുന്ന ഈ കാലത്ത് ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ കഥാപാത്ര സംഭാഷണങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന കുറ്റബോധം ചർച്ചാ പ്രസക്തമാണ്. ജഡ്ജിയെന്ന നിലക്ക് കോടതിക്കുള്ളിൽ തന്റെ ജോലിയിൽ നീതി പുലർത്തിയപ്പോൾ മനുഷ്യനെന്ന നിലയിൽ താൻ തോറ്റു പോയെന്നുള്ള ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ ആത്മരോദനം വ്യവസ്ഥാപിത നീതിന്യായവ്യവസ്ഥകളിൽ മനുഷ്യത്വപരമായ നിലപാടുകൾ കൈക്കൊള്ളുന്നതിലുള്ള സാങ്കേതിക തടസ്സങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ ഒരു വിഷയത്തെ ചർച്ച ചെയ്യുന്ന ഒരു സിനിമയല്ല 'ഒപ്പം' എങ്കിൽ കൂടി നെടുമുടിവേണു അവതരിപ്പിച്ച ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ കഥാപാത്രത്തിന് സിനിമക്ക് അപ്പുറം പറയാനുള്ള ചിലതുണ്ട് എന്ന് സൂചിപ്പിച്ചെന്നു മാത്രം.

4 മ്യൂസിക്‌സിന്റെ സംഗീതസംവിധാനം  പുതുമുഖക്കാരുടെതായ യാതൊരു വിധ അനുഭവപ്പെടുത്തലുകളും ഉണ്ടാക്കിയില്ലെങ്കിലും പണ്ട് കാലത്ത് ആസ്വദിക്കപ്പെട്ട പല പാട്ടുകളെയും ഓർമ്മപ്പെടുത്തും വിധം മനോഹരമായിരുന്നു. ചിന്നമ്മയും, മിനുങ്ങും മിന്നാമിനുങ്ങേയുമൊക്കെ പ്രിയദർശൻ സിനിമക്ക് അനുയോജ്യമായ സംഗീതാസ്വാദന പരിസരം തന്നെയാണ് സൃഷ്ടിച്ചത്.

ആകെ മൊത്തം ടോട്ടൽ = ആവർത്തന വിരസതകൾ കൊണ്ട് ഒരിടക്കാലത്ത് മലയാളി പ്രേക്ഷകനെ കൊണ്ട് അയ്യേ പറയിപ്പിച്ച പ്രിയദർശൻ തന്റെ പ്രതാപകാലത്തെ സിനിമകളുടെ നിഴലിൽ നിന്ന് കൊണ്ടല്ലാതെ ഒരുക്കിയ സിനിമ എന്ന നിലക്കാണ് ഒപ്പം കൈയ്യടി നേടുന്നത്. ആ അർത്ഥത്തിൽ ഭേദപ്പെട്ട തിരിച്ചു വരവ് നടത്തിയ പ്രിയദർശനിൽ നിന്ന് ഇനിയും മലയാളി സിനിമാ പ്രേക്ഷകർക്ക് നല്ലത് പ്രതീക്ഷിക്കാനുള്ള വകുപ്പ് ഉണ്ട്. ഒരു കലാകാരൻ എന്ന നിലക്ക് കാലത്തിനൊപ്പം സഞ്ചരിച്ചു കൊണ്ടുള്ള മാറ്റങ്ങൾ ആവിഷ്ക്കാരത്തിലും കൊണ്ടു വരേണ്ടതുണ്ട് എന്ന തിരിച്ചറിവ് പ്രിയദർശനു ഉണ്ടായിട്ടുണ്ട് എന്ന ബോധ്യത്തിലാണ് കുറ്റമറ്റ മികച്ച സിനിമയല്ലെങ്കിൽ കൂടിയും 'ഒപ്പം' ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യപ്പെടുന്നത്. കാലത്തിനും പ്രായത്തിനുമൊത്ത കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് പ്രകടന മികവ് കാണിക്കാൻ തീരുമാനിച്ചുറപ്പിച്ച മോഹൻലാലിനെയാണ് കഴിഞ്ഞ കുറച്ചു സിനിമകളിലൂടെ കാണാൻ സാധിച്ചത്. 'ഒപ്പ'ത്തിലെ ജയരാമൻ അതൊന്നു കൂടി ഉറപ്പ് വരുത്തി തരുന്നുണ്ട്. മോഹൻലാലുമായുണ്ടായ പരിചയവും സൗഹൃദവുമെല്ലാം തന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരുവായിരുന്നു എന്ന് ആവർത്തിക്കുന്ന പ്രിയദർശന് തന്റെ ഈ തിരിച്ചു വരവിൽ പോലും മോഹൻലാൽ എന്ന സൃഹുത്തിന്റെതായ ഒരു സ്വാധീനമുണ്ടായിരുന്നോ എന്ന് സംശയിക്കാം. പ്രിയൻ-മോഹൻലാൽ കോമ്പോ സിനിമകളുടെ ഒരു നല്ല കാലത്തിന് 'ഒപ്പം' ഇനിയും പ്രേക്ഷകർക്ക് സഞ്ചരിക്കാൻ സാധിക്കട്ടെ. 

വിധിമാർക്ക് = 6.5/10 

-pravin-

Wednesday, October 5, 2016

പ്രതികാരത്തിന് മാത്രമായൊരു 'ഊഴം'

'ഡിറ്റക്ടീവ്' തൊട്ടു 'ഊഴം' വരെഎത്തി നിൽക്കുന്ന തന്റെ സിനിമാ ജീവിതത്തിൽ ജിത്തു ജോസഫ് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടത് 'മെമ്മറീസി'ന്റെയും 'ദൃശ്യ'ത്തിന്റെയും പേരിലാണ്. ഡിറ്റക്ടീവ് തൊട്ടേ സസ്പെൻസ്/ ക്രൈം ത്രില്ലർ ശ്രേണിയിലുള്ള സിനിമകൾ ചെയ്യാനുള്ള ജിത്തുവിന്റെ താൽപ്പര്യവും കഴിവും പ്രകടമായിരുന്നുവെങ്കിലും 'മെമ്മറീസാ'ണ് ജിത്തുവിനെ മലയാളം സസ്പെൻസ് ത്രില്ലർ സിനിമകളുടെ പുതിയ തല തൊട്ടപ്പൻ സംവിധായകനാക്കി മാറ്റിയത്. ദൃശ്യത്തിന്റെ കൂടി വിജയത്തോടെ മലയാളി പ്രേക്ഷകർക്ക് മറിച്ചൊന്നു ചിന്തിക്കാതെ തന്നെ അത് അംഗീകരിക്കാനും സാധിച്ചു. ഈ രണ്ടു ത്രില്ലർ സിനിമകളുടെ ഗംഭീര വിജയത്തിനു ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത ' ലൈഫ് ഓഫ് ജോസൂട്ടി' തിയേറ്ററിൽ എത്തിയത് 'ട്വിസ്റ്റില്ല, സസ്‌പെൻസില്ല, ഒരു ജീവിതം മാത്രം' എന്ന ഒരു ടാഗ് ലൈനോട് കൂടിയായിരുന്നു. ടാഗ്‌ ലൈനിൽ പറഞ്ഞത് സത്യമായിരുന്നെങ്കിലും ലൈഫ് ഓഫ് ജോസൂട്ടിക്ക് ടിക്കറ്റ് എടുത്തവരിൽ പലരും ജോസൂട്ടിയിലും ഒരു സസ്പെൻസ് ത്രില്ലർ പ്രതീക്ഷിച്ചു. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ജിത്തു ജോസഫ് എന്നാൽ സസ്പെൻസ് ത്രില്ലർ സിനിമകളുടെ മാത്രം സംവിധായകൻ എന്ന നിലയിൽ അവ്വിധം പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. ഈ ഒരു ബാധ്യത 'ഊഴം' സിനിമയെയും ബാധിക്കാനുള്ള സാധ്യത കണ്ടു കൊണ്ടാണ് സംവിധായകൻ തന്നെ സിനിമ ഇറങ്ങുന്നതിനു മുൻപേ 'ഊഴ'ത്തെ കുറിച്ചൊരു ഏകദേശ ധാരണ പ്രേക്ഷകരോട് പങ്കു വച്ചത്. പക്ഷേ its just a matter of time എന്ന് നിസ്സാരമായി പറഞ്ഞു തള്ളുന്ന പോലെയായിരുന്നില്ല ട്രെയിലർ പ്രേക്ഷകന് കൊടുത്ത പ്രതീക്ഷ. അത് കൂടിയായപ്പോൾ 'ഊഴം' എന്നത് പ്രതീക്ഷകളോടെ കാണേണ്ട സിനിമ തന്നെയാണ് എന്ന വിധത്തിലേക്ക് കാര്യങ്ങൾ വീണ്ടും മാറി മറഞ്ഞു. 

ഇനി സിനിമയിലേക്ക് വരുമ്പോൾ സംഭവിക്കുന്നത് മറ്റൊന്നാണ്. 'മെമ്മറീസി'ന്റെ തുടക്കത്തിലെ പോലെ യൂണിഫോമിട്ട ഒരു കൂട്ടം ആളുകൾ കൈത്തോക്കുകളുമായി നിശബ്ദമായി ഒരു കെട്ടിടം വളയുന്നു. ഒറ്റ വ്യത്യാസം മാത്രം, മെമ്മറീസിൽ തോക്കുമായി കെട്ടിടം വളയുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പൃഥ്വിരാജ് ഇവിടെ പ്രതി സ്ഥാനത്താണ്. കൈത്തോക്കുമായി തന്നെ പിടിക്കാൻ എത്തുന്ന പത്തോളം യൂണിഫോം ധാരികളിൽ നിന്നുമുള്ള നായകന്റെ ഓട്ടത്തിനും ഒളിച്ചിരുപ്പിനും ഇടയിൽ നിരവധി കട്ടുകൾ ഉണ്ടാക്കി അതിലൂടെയാണ് ഫ്‌ളാഷ് ബാക്ക് പറയുന്നത്. ഒരേ ലൊക്കേഷനിൽ കിടന്നുള്ള നായകൻറെ ദൈർഘ്യമേറിയ ഓട്ടവും തോക്ക് ധാരികളുടെ ചേസിങ്ങും മാത്രമുള്ള ഒരു സീനിനെ കഥാവാസാനം വരെ വലിച്ചു നീട്ടിക്കൊണ്ട് അതിനിടയിൽ വിരസമായ 'മാച്ച് കട്ടുകൾ' സൃഷ്ടിച്ചത് ഒരു ഘട്ടത്തിൽ മുഷിവുണ്ടാക്കുമ്പോഴും കഥയുടെ പ്രധാന പരിസരം എന്താണെന്നു വ്യക്തമാക്കി കഴിയുമ്പോൾ ത്രില്ലടിക്കാനുള്ളത് സിനിമയിൽ വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷ സംവിധായകൻ നിലനിർത്തുന്നു . 

പ്രതികാരം എന്ന തീമിൽ നിന്ന് കൊണ്ട് മാത്രമുള്ള ഒരു കഥ പറച്ചിലിനാണ് ജിത്തു ശ്രമിച്ചിരിക്കുന്നത്. സ്വന്തം അച്ഛന്റെയും അമ്മയുടെയും പെങ്ങളുടെയും കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തി കൊല്ലുക എന്ന ദൗത്യത്തിലേക്ക് നായകൻറെ മനസ്സിനെ പെട്ടെന്ന് പാകപ്പെടുത്തി കാണിച്ചു കൊണ്ടുള്ള അവതരണം സിനിമയിൽ ആവശ്യം വേണ്ടി വന്ന അന്വേഷണകതക്കും സസ്പെന്സിനും ഒട്ടും പ്രസക്തിയില്ലാതാക്കി കളഞ്ഞു എന്ന് പറയേണ്ടി വരും. ആദ്യത്തെ അര മുക്കാൽ മണിക്കൂറിൽ തന്നെ വില്ലനാര് എന്ത് കൊണ്ട് നായകൻ അയാളെ കൊല്ലാൻ ആഗ്രഹിക്കുന്നു എന്നതടക്കുമുള്ള കാര്യകാരണങ്ങൾ വേഗത്തിൽ പറഞ്ഞവസാനിപ്പിക്കുന്നതിനാൽ സിനിമയിൽ ശേഷിക്കുന്ന സമയമത്രയും നായകന്  വില്ലന്മാരെ കൊല്ലുന്നതിനു വേണ്ടി മാത്രമായും മാറുന്നു. കഥാപാത്ര സൃഷ്ടിയുടെ കാര്യത്തിലും തന്റെ മുൻകാല സിനിമകളിലെ പോലെയുള്ള സ്വാഭാവികത അനുഭവപ്പെടുത്താൻ 'ഊഴ' ത്തിൽ ജിത്തു ജോസഫിന് പൂർണ്ണമായും സാധിച്ചിട്ടില്ല. സ്വന്തം കുടുംബത്തെ ഇല്ലായ്മ ചെയ്‌ത വില്ലനോട് നായകന് തോന്നുന്ന പ്രതികാരമാണ് സിനിമയുടെ തീം എന്നിരിക്കെ ഈ ഒരു ചട്ടക്കൂട്ടിലേക്ക് അവശ്യം വേണ്ട വില്ലൻ + വില്ലന്റെ മക്കൾ + മറ്റു സഹായികൾ, പ്രതികാരത്തിന് ഇറങ്ങുന്ന നായകൻ + നായകന്റെ സഹായികൾ, ഇവർക്കിടയിൽ നോക്ക് കുത്തികളായി നിക്കേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥർ etc.. എന്ന വിധത്തിലുള്ള ഒരു സ്ഥിരം ഫോർമുലാ കഥാപാത്ര സൃഷ്ടിക്കാണ് ജിത്തു ജോസഫ് ശ്രമിച്ചിരിക്കുന്നത്. 

തമിഴും മലയാളവും ഇടകലർത്തി സംസാരിക്കുന്ന നായകന്റെയും കുടുംബത്തിന്റെയും സംഭാഷണ ശകലങ്ങളിലും പൊരുത്തക്കേടുകൾ കാണാം. ഏറെ അടുപ്പമുള്ള കടുംബ സുഹൃത്ത് പൊടുന്നനെ കൊല്ലപ്പെട്ടു എന്ന് ടെലിവിഷനിലൂടെ അറിയുന്ന നായകൻറെ പെങ്ങളുടെയും അമ്മയുടെയും മുഖത്ത് സ്വാഭാവികമായുണ്ടാകേണ്ട ദുഖമോ ഞെട്ടലോ ഭയമോ ഇല്ല എന്ന് മാത്രമല്ല സ്വന്തം ഭർത്താവ്/അച്ഛൻ സുരക്ഷിതനാണ് എന്നറിയുന്ന നിമിഷം തൊട്ട് ആ ദുരന്ത വാർത്തയോട് അവർ ഏറെ ആശ്വാസപരമായും പ്രതികരിച്ചു തുടങ്ങുന്നു. കഥാപാത്രങ്ങളുടെ വൈകാരികത ആവശ്യപ്പെടുന്ന രംഗങ്ങളിൽ പോലും അതിനൊരു സ്‌പേസ് കൊടുക്കാൻ തയ്യാറാകാത്ത നിലപാടാണ് ജിത്തു കൈക്കൊണ്ടത്. ഇങ്ങിനെയുള്ള രസക്കേടുകൾ സിനിമയിൽ പലയിടത്തുംആവർത്തിക്കുമ്പോഴും പ്രതികാരം എന്ന തീമിലേക്ക് മാത്രം ഉറ്റുനോക്കി കൊണ്ടുള്ള ഒരു ആസ്വാദനത്തിനായി പ്രേക്ഷകനെ നിർബന്ധിക്കുകയാണ് സംവിധായകൻ. സസ്പെന്സിനോ അന്വേഷണത്തിനോ പ്രാധാന്യമില്ലാതാക്കി കൊണ്ട് നായകൻറെ പ്രതികാരവും വില്ലന്റെ ചെറുത്തു നിൽപ്പും ത്രില്ലിങ്ങായി അനുഭവപ്പെടുത്താനുള്ള ഒരു പരീക്ഷണമായിരുന്നിരിക്കാം ജിത്തുവിന്റെ 'ഊഴം'. അത് ബോധ്യപ്പെടുത്തി കൊണ്ടാണ് പശുപതിയുടെ ക്യാപ്റ്റൻ കഥാപാത്രം സിനിമയിലേക്ക് കടന്നു വരുന്നത്. ആഖ്യാന പദ്ധതിയിലെ മേൽപ്പറഞ്ഞ പരീക്ഷണം ആദ്യപകുതിയിൽ പലയിടത്തും പാളിയെങ്കിലും ജിത്തു ജോസഫ് എന്ന സംവിധായകന്റെ മിടുക്കും കൈയ്യടക്കവും പശുപതിയുടെ കഥാപാത്രത്തോടൊപ്പം സിനിമയിലേക്ക് പിന്നീടങ്ങോട്ട് തിരിച്ച് വരുന്നുണ്ട്. 

സിനിമയിൽ അധികമൊന്നും ചർച്ച ചെയ്യുന്നില്ലെങ്കിലും ഗൗരവമായി ചർച്ച ചെയ്യേണ്ട ഒരു പ്രധാന വിഷയമായ മരുന്ന് കമ്പനികളുടെ ചൂഷണങ്ങളുടെയും ചതികളുടെയുമൊക്കെ പശ്ചാത്തലത്തിലാണ് വില്ലനെ പരിചയപ്പെടുത്തുന്നത്. എല്ലാ വിധ രാഷ്ട്രീയ സ്വാധീനങ്ങളും പിടിപാടുകളുമുള്ള ഒരു വില്ലനെ വെട്ടിലാക്കാൻ മാത്രമുള്ള തെളിവുകളോ ആരോപണങ്ങളോ ഒന്നും തന്നെ കൃഷ്ണമൂർത്തിയുടെ (ബാലചന്ദ്രമേനോൻ) കയ്യിലുള്ളതായി സിനിമ വെളിപ്പെടുത്തുന്നില്ല. പകരം, കുറെയേറെ പത്രത്താളുകളിൽ നിന്നും മാഗസിനുകളിൽ നിന്നും കൃഷ്ണമൂർത്തി വെട്ടിയെടുത്ത് കൊണ്ട് നടക്കുന്ന വാർത്താ ശകലങ്ങളെ അതീവ രഹസ്യ സ്വഭാവമുള്ള എന്തോ വലിയ തെളിവുകളായി ഹൈലൈറ്റ് ചെയ്യുകയാണ്. വിൽഫ്രഡ് മാർക്കസ് (ജയപ്രകാശ്) നിസ്സാരക്കാരനല്ല എന്ന് പ്രേക്ഷകന് വ്യക്തമാക്കി കൊടുത്ത ശേഷവും ഈ ഹൈലൈറ്റിങ്ങിനു കുറവ് വരുന്നില്ല എന്ന് മാത്രമല്ല നാലഞ്ചു കഷ്ണം പത്ര കുറിപ്പുകളെ രഹസ്യമായി സൂക്ഷിച്ചു വക്കാൻ പെടാ പാട് പെടുന്ന കൃഷ്ണമൂർത്തിയെയൊക്കെ ദയനീയമാം വിധം അവതരിപ്പിക്കുന്നുമുണ്ട് സംവിധായകൻ . കൃഷ്ണമൂർത്തിയുമായി വിൽഫ്രഡ് മാർക്കസിനുണ്ടാകുന്ന ശത്രുതയുടെ കാരണം പോലും ഒന്ന് രണ്ടു ചെറിയ സീനുകൾ കൊണ്ട് പറഞ്ഞവസാനിപ്പിക്കുന്ന സംവിധായകൻ തൊട്ടടുത്ത സീനുകളിലൂടെ തന്നെ നായകന്റെ കുടുംബത്തിന് സഡൻ ഡെത്ത് വിധിക്കുകയാണ്. കൃഷ്ണമൂർത്തിയെയും കുടുംബത്തെയും ഒന്നടങ്കം കൊല്ലാൻ തക്കതായ ശത്രുത്ര വിൽഫ്രഡ് മാർക്കസിന് ഉണ്ടായത് എങ്ങിനെയാണ്, കൃഷ്ണമൂർത്തിയുടെ അന്വേഷണം എങ്ങിനെ വിൽഫ്രഡ് മാർക്കസിലേക്ക് എത്തി, അയാളുടെ മരുന്ന് കമ്പനി സമൂഹത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണങ്ങൾ എന്തൊക്കെയായിരുന്നു എന്നതിന്റെയൊന്നും രംഗ വിശദീകരണങ്ങൾക്ക് ശ്രമിക്കാതെ നേരത്തെ സൂചിപ്പിച്ച പോലെ നായകന് പ്രതികാരം വീട്ടാനായി മാത്രം ഒരു "ഊഴം" സൃഷ്ടിക്കുക മാത്രമാണ് ജിത്തു ജോസഫ് ചെയ്തിട്ടുള്ളത്. 

2007 -2008 കാലങ്ങളിൽ പൃഥ്വിരാജിനെ നായകനാക്കി ജിത്തു ചെയ്യാനുദ്ദേശിച്ച ഒരു പടമായിരുന്നു ഊഴം. അന്ന് ബിപിൻ പ്രഭാകറിന്റെ 'കാക്കി' സിനിമയുടെ തിരക്കിൽ പെട്ട് പോയ പൃഥ്വിരാജിന് ജിത്തുവിന്റെ സിനിമയുമായി സഹകരിക്കാൻ സാധിക്കാതെ പോയി. പ്രതികാര കഥകൾ എല്ലാ കാലത്തും വിറ്റു പോകാൻ എളുപ്പമാണ് എന്ന തിരിച്ചറിവായിരിക്കാം കാലം തെറ്റിയ സമയത്താണെങ്കിലും 'ഊഴം' സിനിമയുമായി മുന്നോട്ട് പോകാൻ ജിത്തുവും പൃഥ്വിയും ഒരു പോലെ തീരുമാനിച്ചതിനു പിന്നിലെ പ്രധാന കാരണം. അതിൽ തെറ്റില്ലായിരുന്നു. പക്ഷേ കാലം തെറ്റി ചെയ്യുന്ന സിനിമകളുടെ സ്ക്രിപ്റ്റിലും അവതരണത്തിലുമടക്കം കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ടതില്ല എന്ന നിലപാട് തെറ്റായിരുന്നു എന്ന് ചൂണ്ടി കാണിക്കേണ്ടി വരുന്നുണ്ട് സിനിമ കഴിയുമ്പോൾ. പഴുതടച്ച തിരക്കഥകൾ കൊണ്ടും പിഴവുകൾ അനുഭവപ്പെടാത്ത അവതരണം കൊണ്ടും മികച്ചു നിന്ന ജിത്തുവിന്റെ മുൻകാല സിനിമകളെ കൂടി കണക്കിലെടുക്കുമ്പോൾ ഇത്തരം ചൂണ്ടി കാണിക്കലുകൾ അദ്ദേഹത്തോടുള്ള  പ്രേക്ഷകന്റെ ഉത്തരവാദിത്തം കൂടിയാണ്. 

ആകെ മൊത്തം ടോട്ടൽ = പ്രതികാര കഥകളെ ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ ചോദ്യങ്ങളൊന്നുമില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമ തന്നെയാണ് ഊഴം. ദൃശ്യവും മെമ്മറീസുമൊക്കെ മനസ്സിൽ താലോലിച്ചു കൊണ്ട് കാണുന്നവർക്ക് ഊഴം നിരാശയാകും എന്ന കാര്യത്തിൽ തർക്കമില്ല. സംവിധായകന്റെ മുൻ‌കൂർ ജാമ്യം ഇവിടെ ഓർക്കുന്നതും നല്ലതാണ്. ഇതൊരു സസ്പെൻസ് ത്രില്ലർ അല്ല. ഒരു കുടുംബത്തെ കൊല്ലാക്കൊല ചെയ്തവനോടുള്ള വെറും പ്രതികാരത്തിന്റെ കഥയാണ്. ഇതിൽ സസ്പെന്സിനു റോളില്ല. പ്രതികാരം ത്രില്ലായി അനുഭവപ്പെട്ടാൽ അത് തന്നെയാണ് ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചതും. ദിവ്യാ പിള്ളയുടെ നായികാ വേഷത്തെക്കാൾ സിനിമയിൽ കൊള്ളാം എന്ന് തോന്നിപ്പിച്ചത് രസ്ന അവതരിപ്പിച്ച നായകൻറെ പെങ്ങൾ കഥാപാത്രമാണ്. ബാലചന്ദ്രമേനോൻ, പൃഥ്വി രാജ്, ജയപ്രകാശ് തുടങ്ങിയവരുടെ പ്രകടനത്തെക്കാൾ ആകർഷണം തോന്നിയത് പശുപതി അവതരിപ്പിച്ച ക്യാപ്റ്റൻ കഥാപാത്രമായിരുന്നുവെങ്കിലും ഓവർ ഹൈപ്പുണ്ടാക്കി അവസാന സീനുകളിലേക്ക് എത്തുമ്പോഴേക്കും ക്യാപ്റ്റൻ എന്നത് ഒരു വിഡ്ഡി വേഷമായി ഒതുങ്ങിപ്പോകുന്നു. വില്ലന്റെ മക്കൾ വേഷം ചെയ്ത ആൻസനും ടോണിയും മോശമാക്കിയില്ല. അനിൽ ജോൺസന്റെ സംഗീതവും കൊള്ളാമായിരുന്നു. 


*വിധി മാർക്ക് = 6/10 

-pravin-

Tuesday, August 9, 2016

മാസ്സും ക്ലാസ്സുമല്ലെങ്കിലും 'കബാലി' നെരുപ്പ് ഡാ !

താര രാജാക്കന്മാരുടെ സിനിമക്ക് പ്രേക്ഷകർ നൽകുന്ന വൻ വരവേൽപ്പുകൾ ആ  സിനിമയുടെ ഗുണത്തെയോ നിലവാരത്തെയോ ആശ്രയിച്ചു കൊണ്ടല്ല ഒരു കാലത്തും ഉണ്ടായിട്ടുള്ളത്. ഇപ്രകാരം വരവേൽക്കപ്പെടുന്ന അവരുടെ സിനിമകളിലധികവും സൂപ്പർ ഹിറ്റുകളായി മാറുന്നുണ്ടെങ്കിലും അതിലൊന്നും വലിയ കഥയോ കാമ്പോ ഉണ്ടാകാറുമില്ല. അതിനർത്ഥം അവരുടെ  സിനിമകളെല്ലാം  മോശമാണ് എന്നുമല്ല. മറിച്ച്  കഥ -തിരക്കഥ- അവതരണ ശൈലി എന്നിവയുടെ പുതുമയേക്കാളും  മികവിനേക്കാളുമുപരി ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുന്ന സിനിമളാണ് നിർമ്മിക്കപ്പെടേണ്ടത് എന്ന ഒരു നിർബന്ധ ബുദ്ധി  കാലങ്ങളായി ഇവിടെ തുടരുന്നു എന്ന് വേണം മനസ്സിലാക്കാൻ. അപ്രകാരം സൂപ്പർ താരങ്ങളുടെ  പ്രകടനങ്ങൾക്ക് മാത്രമായി കോടികൾ മുടക്കി നിർമ്മിക്കപ്പെട്ട എത്രയോ സിനിമകൾ നമ്മൾ കണ്ടിട്ടുമുണ്ട്.  ഇന്ത്യൻ സിനിമാ ലോകത്തെ കാര്യം പറയുമ്പോൾ രജനീകാന്ത് സിനിമകൾക്ക് ഫാൻസും സാധാരണ പ്രേക്ഷകരുമെല്ലാം  നൽകിയിട്ടുള്ള ആർപ്പു വിളികളും വരവേൽപ്പുകളും വളരെ വലുതുതാണ്. സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ ആരാധകർ അദ്ദേഹത്തിന്റെ പടത്തിനു നേടിക്കൊടുക്കുന്ന സ്വീകാര്യതയും കൂടി കണക്കിലെടുക്കുമ്പോൾ ഒരു സാധാരണ രജനി സിനിമയിൽ നിന്ന് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാനുള്ള കാര്യങ്ങൾ ചെറുതല്ല താനും. സിനിമാ മേഖലയിൽ മാർക്കറ്റിങ്ങിൻറെ പ്രസക്തി താരതമ്യേന കുറവായിരുന്ന ഒരു കാലത്തു പോലും പ്രതീക്ഷകളോടെ വരവേൽക്കപ്പെട്ട രജനീകാന്ത് സിനിമകളെല്ലാം പ്രേക്ഷകരെ  ആവേശം കൊള്ളിച്ചിട്ടേയുള്ളൂ. ആ സ്ഥിതിക്ക് മാർക്കറ്റിങ്ങിന്റെ ഒരു വിധപ്പെട്ട സാധ്യതകളെല്ലാം കൂടിയ അളവിൽ തന്നെ ഉപയോഗിക്കപ്പെട്ട 'കബാലി' യെ പ്രേക്ഷകരും ഫാൻസും വരവേറ്റത് എത്ര മാത്രം മുൻവിധികളോടെയും പ്രതീക്ഷകളോടെയുമായിരിക്കാം  എന്ന് ഊഹിക്കാമല്ലോ. ഇവിടെ 'കബാലി' യുടെ മാർക്കറ്റിങ്ങിന്  സിനിമയെന്ന വ്യവസായത്തെ വിജയിപ്പിക്കാൻ സാധിച്ചുവെങ്കിലും ഫാൻസിനെയോ പ്രേക്ഷകരെയോ അവരുദ്ദേശിക്കുന്ന അളവിൽ തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നത് ഒരു വസ്തുത തന്നെയാണ്. അതേ സമയം സ്ഥിരം രജനീ സ്റ്റൈലുകളിൽ നിന്ന് മോചനം വാങ്ങിക്കൊടുത്തു കൊണ്ട് രജനീകാന്ത് എന്ന അവതാര താരത്തിനെ മനുഷ്യഗുണമുള്ള സാധാരണ നായകനാക്കി മാറ്റാനുള്ള കനത്ത ശ്രമങ്ങളും പരീക്ഷണങ്ങളും പാ രഞ്ജിത്ത് 'കബാലി'യിൽ  പ്രയോഗിച്ചു കാണുന്നുണ്ട്. യഥാർത്ഥത്തിൽ 'കബാലി' ഗൗരവകരമായ ഒരു ചർച്ച അർഹിക്കുന്നത് അവിടെ മാത്രമാണ്. 

രജനീകാന്ത് സിനിമകളിലെ അവിശ്വസനീയ രംഗങ്ങളെയും താരത്തിന്റെ അമാനുഷികതയെയും നിശിതമായി വിമർശിച്ചിരുന്നവർ പോലും 'കബാലി'യിൽ നിന്ന് പ്രതീക്ഷിച്ചത് കിട്ടിയില്ല എന്ന് സങ്കടം പങ്കിടുന്ന സാഹചര്യത്തിലാണ് രജനീകാന്ത് എന്ന നടനിൽ നിന്ന് സാധാരണക്കാരായ പ്രേഷകർ പ്രതീക്ഷിച്ചിരുന്ന 'കബാലി' എത്രത്തോളം അമാനുഷികവും നായക കേന്ദ്രീകൃതവുമായ ഒരു സിനിമയായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുക. ജരാനരകളോടെയുള്ള  രജനീകാന്തിന്റെ സ്റ്റൈലൻ മെയ്ക് ഓവറും, ഇടിവെട്ട് പശ്ചാത്തല സംഗീതവും, മാസ്സ് ഡയലോഗുമൊക്കെ ചേർന്ന സിനിമയുടെ ട്രെയിലർ ബഹുഭൂരിപക്ഷം പേരിലും ഉണ്ടാക്കിയെടുത്ത അമിത പ്രതീക്ഷകളാണ് കബാലിയുടെ ആസ്വാദനത്തിനിടെ കടന്നു വരുന്ന പ്രധാന വില്ലൻ. മഹത്തായ  കഥയോ തിരക്കഥയോ ഉള്ള സിനിമയാണ് കബാലി എന്ന അവകാശവാദം ഇന്നേ വരെ സിനിമയുടെ സംവിധായകനോ ഏതെങ്കിലും അണിയറ പ്രവർത്തകരോ പങ്കു വച്ച് കണ്ടിട്ടില്ലാത്ത സ്ഥിതിക്ക് നിലവിലെ കബാലി തന്നെയാണ് അവർ പ്രേക്ഷകർക്ക് തരാൻ ഉദ്ദേശിച്ചിരുന്ന കബാലി എന്ന് വിശ്വസിക്കുകയേ പാകമുള്ളൂ. 

രജനീകാന്തിനെ പോലെയുള്ള ഒരു താരത്തെ വച്ച് സിനിമ ചെയ്യുമ്പോൾ സംവിധായകന് പ്രേക്ഷകരോടുണ്ടാകുന്ന ബാധ്യത വളരെ വലിയൊരു റിസ്ക് തന്നെയാണ്. രജനീകാന്തിന്റെ താരമൂല്യത്തെയും അദ്ദേഹത്തിന്റെ ആരാധകരെയും മാത്രം പരിഗണിച്ചു കൊണ്ടുള്ള ഒരു സിനിമാ സൃഷ്ടിയിൽ സംവിധായകന്റേതായ ഒരു കൈയ്യൊപ്പ് പതിഞ്ഞു കൊള്ളണമെന്നില്ല എന്നിരിക്കെ ഈ റിസ്‌ക്കുകളെയെല്ലാം തന്റെ കരിയറിലെ ഒരു വെല്ലുവിളിയെന്നോളം പാ രഞ്ജിത്ത് കൈകാര്യം ചെയ്തു കാണാം കബാലിയിൽ. ബിംബവത്ക്കരിക്കപ്പെട്ട ഒരു താര രാജാവിനെ ആകാശത്തു നിന്നും മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന് മനുഷ്യനായി പെരുമാറാൻ ശീലിപ്പിച്ചു എന്നതാണ് കബാലിയിൽ ഒരു സംവിധായകനെന്ന നിലയിൽ പാ രഞ്ജിത്ത് കാണിച്ച ചങ്കൂറ്റം. രജനീകാന്തിന്റെ യഥാർത്ഥ പ്രായത്തെ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരു കഥാപാത്രമായാണ് കബാലിയെ തുടക്കം മുതൽ ഒടുക്കം വരെ അവതരിപ്പിച്ചു കാണുക. പൂർണ്ണമായും ആരാധകരെ നിരാശപ്പെടുത്തേണ്ട എന്ന് കരുതിയായിരിക്കണം അമാനുഷികനല്ലാത്ത വിധം രജനിയെ കൊണ്ട് ആക്ഷൻ രംഗങ്ങൾ ചെയ്യിക്കാൻ സംവിധായകൻ തീരുമാനിച്ചത്. വയസ്സായിട്ടും തന്റെ ശക്തിയും സ്റ്റയിലും തന്നെ വിട്ടു പോയിട്ടില്ല എന്ന് സഹ കഥാപാത്രങ്ങളെ ബോധിപ്പിക്കാനും അത് വഴി കാണികളുടെ കൈയ്യടി വാങ്ങിപ്പിക്കാനുമൊന്നും പടയപ്പയിലെ പോലെ രജനീകാന്തിനെ കബാലിയിൽ ഉപയോഗിക്കുന്നില്ല എങ്കിലും ശാരീരിക ക്ഷമതയിൽ താൻ ഇപ്പോഴും വീക്കായിട്ടില്ല എന്ന് കാണിക്കാനായി ജയിലിൽ നിന്ന് ഇറങ്ങുന്ന കബാലിയെ കൊണ്ട് രണ്ടു പുൾ അപ്പ് ചെയ്യിപ്പിച്ച് കാണികളെ സമാധാനിപ്പിക്കാൻ രഞ്ജിത്തും ശ്രമിക്കുന്നുണ്ട്.

കബാലിയുടെ ജയിൽ മോചനത്തിനെ തുടർന്ന് വരുന്ന സീനുകളിൽ സിനിമ  ലാഗ് ആവശ്യപ്പെടുന്നെങ്കിലും രജനീ ഫാൻസിന് അത് മുഷിവായിരിക്കും സമ്മാനിക്കുക. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പ്രതികാരാർത്ഥം  ഓരോ വില്ലന്മാരെയും നിര നിരയായി കൊന്നൊടുക്കണം  എന്ന ക്ളീഷേയിലേക്ക്  കബാലി പോകുന്നില്ല. പകരം  ഇരുപത്തഞ്ചു വർഷം പുറകിലേക്ക് പോയി നഷ്ടപ്പെട്ട  ഭൂതകാലത്തെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന  നിസ്സഹായാനായ ഒരു കബാലിയെയാണ് കാണുക. പ്രതീക്ഷിച്ച പോലെയുള്ള രൗദ്ര ഭാവങ്ങളൊന്നും  കബാലിയിൽ കാണാൻ കഴിയുന്നില്ലല്ലോ എന്ന നിരാശ പല പ്രേക്ഷകരേയും പിടി കൂടുന്ന അതേ സീനുകളിൽ  തന്നെയാണ് താരപ്പകിട്ടിൽ  നിന്ന്  ഒരു നടനിലേക്കുള്ള രജനീകാന്തിന്റെ പ്രയാണം സിനിമയിൽ ആരംഭിക്കുന്നതും. അത് കൊണ്ട് തന്നെ മുൻകാല സിനിമകളിലൂടെ നമ്മുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠയാർജ്ജിച്ച രജനീ സ്റ്റയിലുകളും നടത്തവും ഡയലോഗ് പ്രസന്റേഷനുമൊക്കെ കബാലിയിൽ കാണാ കാഴ്ചകളായി മാറുകയും ചെയ്യുന്നു.  വൈ ബി സത്യനാരായണയുടെ മൈ ഫാദർ ബാലയ്യ വായിച്ചു കൊണ്ടിരിക്കുന്ന രജനിയുടെ ഇന്ട്രോവിലൂടെ ദളിത് സ്വത്വബോധത്തിന്റെ ഉശിരൻ പ്രതിരൂപമായാണ് കബാലിയെ കാണിക്കുന്നത് എന്നോർക്കുക. സ്ഥിരം ഗാങ്സ്റ്റർ പോരാട്ടങ്ങളെ മലേഷ്യൻ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു എന്ന ആക്ഷേപം ശരി വക്കുമ്പോഴും കബാലി തൊടുത്തു വിടുന്ന ചില രാഷ്ട്രീയ വെളിപാടുകളെ സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളിൽ  ഗൗനിക്കാതിരിക്കാനാകില്ല.  കറുപ്പ് തൊലിയുള്ള മനുഷ്യരോടും  തൊഴിലാളികളോടുമൊക്കെയുള്ള മേലാളന്മാരുടെ സമീപനങ്ങളെ എതിരിട്ടു സംസാരിക്കുകയും ഏത് നാട്ടിലേക്ക് കുടിയേറിയാലും സ്വന്തമായി മറ്റൊന്നുമില്ലെങ്കിലും ജാതീയത കൂടെ കൂട്ടുന്ന പ്രവണതയെ പരിഹസിക്കുകയുമൊക്കെ ചെയ്യുന്നു ഈ   കബാലി. 

രജനീ സിനിമകളിലെ സ്ഥിരം  സ്ത്രീ സങ്കൽപ്പങ്ങളെയും സംവിധായകൻ മാറ്റിയെഴുതുന്നുണ്ട് ഇവിടെ. നായകന് ചുറ്റും പാട്ടു പാടി ഡാൻസ് ചെയ്യാനായി മാത്രം നൂലിൽ കെട്ടിയിറക്കുന്ന നായികാ കഥാപാത്രങ്ങളോ, ശക്തമെന്നു തോന്നിപ്പിക്കുകയും ഒടുക്കം നായകൻറെ മുന്നിൽ തോറ്റു പോകാനും സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞു നായകൻറെ  കാൽ പിടിച്ചു കരയാനുമൊക്കെയായി  നിയോഗിക്കപ്പെടുന്ന മറ്റു സ്ത്രീ കഥാപാത്രങ്ങളോ ഒന്നും തന്നെ  കബാലിയുടെ കഥാപാരിസരത്തു പോലും പ്രത്യക്ഷപ്പെട്ടു കാണുന്നില്ല എന്നത് ശ്രദ്ധേയമാണ്. കബാലീ  പത്നി കുമുദ വല്ലിയും, മകൾ യോഗിയുമെല്ലാം വേറിട്ട കഥാപാത്ര വ്യക്തിത്വങ്ങളായി അനുഭവപ്പെടുത്തുന്നു എന്ന് മാത്രമല്ല യഥാർത്ഥത്തിൽ കബാലിയുടെ ശക്തി പോലും അവരാണ് എന്ന് ബോധ്യപ്പെടുത്തി തരുന്നുണ്ട് പല സീനുകളും. ചെറിയ വേഷമെങ്കിലും ഋത്വിക അവതരിപ്പിക്കുന്ന മീന എന്ന കഥാപാത്രത്തിന് പോലുമുണ്ട് 'കബാലി' യിൽ തന്റേതായ കഥാപാത്ര സ്വാധീനം. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ സീനിൽ മാത്രമുണ്ട് രാധികാ ആപ്‌തെ എന്ന നടിയെ അഭിനന്ദിക്കാനായി ഒരുപാട് കാര്യങ്ങൾ. രജനീകാന്തിന്റെ സ്‌ക്രീൻ പ്രസൻസിനെയും മറി കടന്നു കൊണ്ട് രാധികാ ആപ്തെ സിനിമയിൽ പലയിടത്തും സ്‌കോർ ചെയ്യുകയാണ്.കബാലിയെന്ന നായകനെക്കാൾ കബാലിയെന്ന അച്ഛനെയും ഭർത്താവിനെയുമൊക്കെ ഭംഗിയായി അവതരിപ്പിക്കാനാണ് പാ രഞ്ജിത്ത് രജനീകാന്തിനോട് ആവശ്യപ്പെട്ടതെന്ന് ബോധ്യമാക്കി തരുന്നുണ്ട് പല സീനുകളും.

ഒരു വേള  സിനിമയുടെ ടൈറ്റിൽ കഥാപാത്രത്തെയും  മറി കടന്നു  കൊണ്ട് ധൻസികയുടെ യോഗി എന്ന കഥാപാത്രം സിനിമയെയും കബാലിയേയും മൊത്തത്തിൽ ഏറ്റെടുക്കുന്നത് കാണാം. തീക്ഷ്ണമായ നോട്ടങ്ങളും ഭാവങ്ങളും ചലനങ്ങളും കൊണ്ട്  ഇവൾ കബാലിയുടെ മകൾ തന്നെ എന്ന് വിശ്വസിപ്പിക്കുന്ന പ്രകടനം തന്നെയായിരുന്നു ധൻസികയുടേത്.  എത്ര തവണ, എത്ര നേരം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നു എന്ന് നോക്കിയല്ല ഈ സിനിമയിലെ സഹകഥാപാത്രങ്ങൾ പ്രാധാന്യം നേടുന്നത്; മറിച്ച്  വന്നു പോകുന്ന സമയത്തു പ്രാധാന്യമർഹിക്കും വിധം അവർ  തങ്ങളുടെ കഥാപാത്രങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നതിലൂടെയാണ്. അതിലേറ്റവും എടുത്ത് പറയേണ്ടത് തുടക്കത്തിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് കണക്കെ കബാലിയുടെ കൂടെ കൂടുന്ന ജീവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിനേശ് രവിയുടെ രസികൻ പ്രകടനത്തെ കുറിച്ചാണ്. ഇപ്രകാരം ഓരോ കഥാപാത്രങ്ങൾക്കും സിനിമയിൽ അവരുടേതായ  സ്ഥാനം ഉണ്ട് എന്നത് കൊണ്ട് തന്നെ 'കബാലി' രജനീകാന്തിനു വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട ഒരു സിനിമയല്ലാതായി മാറുന്നു.  

മലേഷ്യയിലെ  ഗാങ്സ്റ്റർ പോരാട്ടങ്ങൾ കുപ്രസിദ്ധമാണ് എന്നിരിക്കെ സിനിമയിലേത് വെറും കാൽപ്പനിക ഗാങ്സ്റ്റർ പോരാട്ടങ്ങളായി മാത്രം വിലയിരുത്തേണ്ടതില്ല. അത് കൊണ്ട് തന്നെ കബാലിയിലെ അധോലകത്തെ  ഏറെക്കുറെ റിയലസ്റ്റിക്ക് എന്ന് വ്യാഖ്യാനിച്ചാലും തെറ്റ് പറയാനില്ല. ടോണി ലീ എന്ന പ്രധാന വില്ലൻ കഥാപാത്രം വിൻസ്റ്റണിൽ വേണ്ടത്ര ഭദ്രമായിരുന്നില്ലെങ്കിലും പ്രധാന വില്ലനെ കവച്ചു വക്കും വിധം വീരകേസരൻ എന്ന സഹ വില്ലൻ കഥാപാത്രത്തെ കിഷോർ ശക്തമായി അവതരിപ്പിച്ചു കാണാം.  മുൻകാല രജനി സിനിമകളിലൊക്കെ  വില്ലൻമാർ  ശക്തരായാലും അവരൊന്നും  രജനിയുടെ കഥാപാത്രത്തിന്റെ ജീവന് ഭീഷണിയായി നിലനിൽക്കുന്ന ഒരവസ്ഥ ഉണ്ടാകാറില്ല എന്ന് മാത്രമല്ല കാണുന്ന പ്രേക്ഷകന് തന്നെ ഊഹിക്കാം പ്രിയ നടന് ഒരു പോറൽ പോലും ഏൽക്കില്ലെന്ന്. ഒരു ശരാശരി പ്രേക്ഷകന്റെ ഈ ഒരു ചിന്താഗതിക്ക് വെല്ലുവിളിയാണ് കബാലിയിലെ കഥാസാഹചര്യങ്ങൾ. തുടക്കം മുതൽ ഒടുക്കം വരെ കബാലി എന്ന നായക കഥാപാത്രം കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഏതു നിമിഷവും കബാലി കൊല്ലപ്പെടാം എന്ന ഭീതി പ്രേക്ഷകനിൽ ഉണ്ടാക്കിയെടുക്കാൻ  സാധിച്ചത് സംവിധായകന്റെ വിപ്ലവകരമായ ഒരു വിജയമായി കരുതേണ്ടി വരുന്നു. രജനീകാന്തിന്റെ കഥാപാത്രത്തിനെ ഒരു  പോറൽ പോലും സംഭവിക്കാതെ തുടക്കം മുതൽ ഒടുക്കം വരെ അവതരിപ്പിച്ചു കാണിക്കണം എന്ന  നിർബന്ധ ബുദ്ധിയെ വെല്ലുവിളിക്കുമ്പോഴും രജനിയെന്ന താരരാജാവിനെ ഒട്ടും പരിഗണിക്കാതിരിക്കാനും  സംവിധയാകന് സാധിച്ചിട്ടില്ല എന്ന് ബോധ്യമാക്കി തരുന്നതാണ് ക്ലൈമാക്സ് സീനുകളിലെ നായകൻറെ വൺ മാൻ ഷോ വെടിവെപ്പും കൂട്ടക്കുരുതിയുമെല്ലാം. 

സന്തോഷ് നാരയണന്റെ  സംഗീതം കബാലിക്ക് നെരുപ്പു മാത്രമല്ല സമ്മാനിക്കുന്നത്. 'മായാ നദി..' എന്ന് തുടങ്ങുന്ന പാട്ട് അത് തെളിയിച്ചു തരുന്നുണ്ട്. കഥാ സാഹചര്യത്തിന് അനുസരിച്ച് ശാന്തമായും രൗദ്രമായും ആർദ്രമായുമെത്തുന്ന പശ്ചാത്തല സംഗീതം സിനിമയിലെ ചില ഘട്ടങ്ങളിലെ വിരസതയെ  മായ്ച്ചു കളയുന്നുമുണ്ട്. 

ആകെ മൊത്തം ടോട്ടൽ = അമിത പ്രതീക്ഷകളില്ലാതെ കണ്ടാൽ നിരാശപ്പെടില്ല എന്ന് മാത്രമല്ല താരപ്പകിട്ടില്ലാത്ത രജനിയെ  നന്നായി  ആസ്വദിക്കാനുമാകും. ക്ളീഷേകൾ ഒരുപാടുണ്ടെങ്കിലും ക്ളീഷേ മാത്രമുള്ള സിനിമയല്ല കബാലി. രജനീകാന്തിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം എന്ന നിലക്ക് തന്നെയാണ് കബാലി കൂടുതൽ ആകർഷിക്കപ്പെടുന്നത്. മാസ്സും ക്ലാസ്സുമല്ലെങ്കിലും കബാലി നെരുപ്പാകുന്നതും അത് കൊണ്ട് തന്നെ. 

*വിധി മാർക്ക് = 6.5/10 
-pravin-

Monday, July 18, 2016

ബാല ഗംഗാ കൃഷ്ണൻമാർ നിറഞ്ഞാടിയ 'കമ്മട്ടിപ്പാടം'


സുബ്രഹ്മണ്യപുരം റിലീസായ കാലത്ത് മലയാളികൾ പാടിപ്പറഞ്ഞു നടന്ന ഒരു പരാതിയായിരുന്നു എന്തേ മലയാളത്തിൽ ഇത്തരം സിനിമകൾ വരാത്തത് എന്ന്. കമ്മട്ടിപ്പാടത്തിന്റെ വരവോടു കൂടി ആ പരാതി തീർത്തു കൊടുക്കാൻ രാജീവ് രവിക്ക് സാധിച്ചു എന്നു തന്നെ പറയാം. എന്നാൽ കമ്മട്ടിപ്പാടവും സുബ്രഹ്മണ്യപുരവും ഒരേ അച്ചിൽ വാർത്ത സിനിമകളാണോ എന്നു ചോദിച്ചാൽ അതങ്ങിനല്ല താനും. ഇവിടെയാണ് രാജീവ് രവി എന്ന സംവിധായകൻ വ്യത്യസ്തനാകുന്നതും. പറഞ്ഞു പഴകിയ വിഷയങ്ങൾ എന്നു ഒറ്റ നോട്ടത്തിൽ തോന്നിയേക്കാവുന്ന അതേ കാര്യങ്ങളെ കഥാ ഘടന കൊണ്ടും അതിലേറെ മികച്ച കഥാപാത്ര സൃഷ്ടികൾ കൊണ്ടും വ്യത്യസ്തമാക്കുന്ന തിരക്കഥയെയാണ് രാജീവ് രവി ദൃശ്യവത്ക്കരിക്കുന്നത്. അദ്ധേഹത്തിന്റെ 'അന്നയും റസൂലും' തന്നെ നോക്കൂ ഒരുപാട് സിനിമകളിൽ പല വിധത്തിൽ പ്രമേയവത്ക്കരിക്കപ്പെട്ട പ്രണയം എന്ന പറഞ്ഞു മടുത്ത വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നത് നായികാ നായക കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന ദിവ്യമായ ഒരു വികാരം മാത്രമായല്ല. മറിച്ച് കഥാപാത്രങ്ങളുടെ ചുറ്റുപാടുകൾ, അവരുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റുള്ളവരുടെ ജീവിതങ്ങൾ, അവരുടെ സാമൂഹ്യ ഇടപെടലുകൾ, സഹനം, അതിജീവനം എന്നിവയെല്ലാം പ്രധാന പ്രമേയത്തിനൊപ്പം തന്നെ കോർത്തിണക്കി കൊണ്ട് സ്വാഭാവികമായും പറഞ്ഞു പോകുന്നതാണ് അവതരണ രീതി. അപ്രകാരം സ്വ ശൈലിയിൽ പടുത്തുണ്ടാക്കുന്ന തൻ്റെ സിനിമകളിലെല്ലാം വ്യക്തമായ ഒരു രാഷ്ട്രീയം കൂടി വരച്ചു കാണിക്കാൻ രാജീവ് രവി ശ്രദ്ധിക്കാറുണ്ട്. കമ്മട്ടിപ്പാടത്തിൽ എത്തിയപ്പോഴേക്കും ആ രാഷ്ട്രീയം കൂടുതൽ തീവ്രമായി അനുഭവപ്പെടുത്തുകയാണ് ചെയ്യുന്നത്. 

റിയലിസ്റ്റിക്ക് സിനിമാ ചിന്താഗതിയാണ് രാജീവ് രവി എന്ന സംവിധായകന്റെ പ്രധാന ആകർഷണീയത. 'അന്നയും റസൂലും' കഴിഞ്ഞു വന്ന 'ഞാൻ സ്റ്റീവ് ലോപ്പസി'ൽ പക്ഷേ റിയലിസത്തിന്റെയും ഡോക്യുഫിക്ഷന്റെയുമൊക്കെ അതിപ്രസരം അനുഭവപ്പെട്ടിരുന്നു. റിയലിസ്റ്റിക്ക് സിനിമകൾക്ക് ജനപ്രിയം ഏറുന്ന ഈ കാലത്തും സ്റ്റീവ് ലോപ്പസിനെ തിയേറ്ററിൽ സ്വീകരിക്കാൻ ജനമുണ്ടാകാതെ പോയതിന്റെ കാരണം മനസ്സിലാക്കിയത് കൊണ്ടാകാം തന്റെ മുൻകാല സിനിമകളിൽ നിന്നും വ്യത്യസ്തമായി സിനിമാ നിർമ്മിതിയിൽ ആവശ്യം വേണ്ട ചില വിട്ടുവീഴ്ചകൾ നടത്തിക്കൊണ്ടാണ് കമ്മട്ടിപ്പാടത്തെ രാജീവ് രവി ഒരുക്കിയിരിക്കുന്നത്. 'അന്നയും റസൂലു'ലിലും 'ഞാൻ സ്റ്റീവ് ലോപ്പസിലു'മൊക്കെ പരാമർശവിധേയമായ അരികുവത്ക്കരിക്കപെട്ടവരുടെ ജീവിതത്തെ കുറച്ചു കൂടി ആഴത്തിൽ അന്വേഷിച്ചു വിശദീകരിക്കുന്നതാണ്‌ കമ്മട്ടിപ്പാടം എന്നു പറയാം. ആഷ്‌ലിയുടെയും (സണ്ണി വെയ്ൻ) സ്റ്റീവിന്റെയുമൊക്കെ (ഫർഹാൻ ഫാസിൽ) അന്വേഷണം റസൂലിനെയും (ഫഹദ്) ഹരിയേയും (സുജിത് ശങ്കർ) ചുറ്റിപ്പറ്റിയായിരുന്നെവെങ്കിൽ കമ്മട്ടിപ്പാടത്തിൽ കൃഷ്ണന്റെ (ദുൽഖർ സൽമാൻ) അന്വേഷണം താനുൾപ്പടെയുള്ള കമ്മട്ടിപ്പാടത്തിലെ ആ ഒരു സംഘത്തെ കുറിച്ചാണ്. ചിതറിയ ഓർമ്മകളിലൂടെ കൃഷ്ണൻ എല്ലാം ഓർത്തെടുക്കുമ്പോഴാണ് കമ്മട്ടിപ്പാടത്തെ സംവിധായകൻ നമുക്ക് മുന്നിൽ വരച്ചു തുടങ്ങുന്നത്. കഥക്ക് പിന്നാലെ പോകാതെ കഥാപാത്രങ്ങൾക്ക് പിന്നാലെ പോയി കമ്മട്ടിപ്പാടത്തിൻറെ കഥ സ്വയം വായിച്ചെടുക്കാൻ പ്രേക്ഷകനോട് നിശബ്ദമായി ആഹ്വാനം ചെയ്യുകയാണ് പിന്നീട് സംവിധായകൻ ചെയ്യുന്നത്. 

ഹൈ ക്ലാസ്സ് വില്ലന് പുറകിൽ അണി നിരക്കുന്ന ചേരി ഗുണ്ടകളുടെ ജീവിതകഥക്ക് സിനിമയിലും സമൂഹത്തിലും സ്വീകാര്യത കുറവാണ് എന്നറിഞ്ഞു കൊണ്ട് തന്നെ ഗുണ്ടകളോടുള്ള പൊതുധാരണകളെയെല്ലാം ചവിട്ടിയരച്ചു കൊണ്ടാണ് പി. ബാലചന്ദ്രൻ കമ്മട്ടിപ്പാടത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരക്ഷിതവും രക്തരൂക്ഷിതവുമായ കമ്മട്ടിപ്പാടത്തിലെ ചെറുപ്പക്കാരുടെ ജീവിതവും സൗഹൃദവും മുൻനിർത്തി കൊണ്ട് നഗരത്തിലെ അരിക് ജീവിതങ്ങളുടെ കഥ ഒരു നേർക്കാഴ്ച്ചയെന്നോണം ആധികാരികമായി തന്നെ പറഞ്ഞു തരുന്നുണ്ട് തിരക്കഥാകൃത്ത്. അവരെന്താ ഇങ്ങിനെ എന്ന അറപ്പും വെറുപ്പും നിറഞ്ഞ ചോദ്യത്തിന് പകരം അവരെന്ത് കൊണ്ടിങ്ങനെ എന്ന മാനുഷികമായ ചിന്തയാണ് സിനിമ കാണുന്നവന് തോന്നേണ്ടത്. ആ നിർബന്ധം അദ്ദേഹത്തിന്റെ തിരക്കഥാ രചനയിൽ പ്രകടവുമാണ്. രാജീവ് രവിയുടെ സംവിധാന മികവിനൊപ്പം ക്യാമറ മാൻ മധു നീലകണ്ഠന്റെ ഛായാഗ്രഹണവും അഭിനേതാക്കളുടെ മികച്ച പ്രകടനവും കൂടി ചേരുമ്പോൾ കമ്മട്ടിപ്പാടത്തിന്റെ രാഷ്ട്രീയത്തിന് പിന്നീടങ്ങോട്ട് പൂർണ്ണത കൈവരുകയാണ്. 

കൈയ്യൂക്കും തന്റേടവും കൊണ്ട് മേൽക്കോയ്മ നേടുന്നവരും അത്തരക്കാരെ വച്ചു പുത്തൻപണക്കാരാകുന്ന കുടില ബുദ്ധികളും ഒരിടത്തു തന്നെയാണ് വാഴുന്നത് എന്നു പറഞ്ഞു തരുന്നുണ്ട് സിനിമ . ചങ്കൂറ്റം കൊണ്ട് ജയിച്ചവനെ മാലയിട്ടു സ്വീകരിക്കുകയും ധൈര്യം പകരുകയും ചെയ്യുന്നവർ ഭാവിയിലേക്കുള്ള തങ്ങളുടെ കൂലിത്തല്ലുകാരെ കണ്ടെത്തുകയാണ് ചെയ്യുന്നതെന്ന് ബാലനെ (മണികണ്ഠൻ) പോലുള്ളവർ മനസ്സിലാക്കുന്നില്ല എന്നു മാത്രമല്ല അത് തിരിച്ചറിയാൻ അവർ വളരെ വൈകുന്നു. ബാലൻ ചങ്കൂറ്റം കൊണ്ട് കമ്മട്ടിപ്പാടത്തിലെ രാജാവായപ്പോൾ ആ വഴി പിന്തുടരുന്നത് അവന്റെ തന്നെ അനിയനും കൂട്ടുകാരുമാണ്. കമ്മട്ടിപ്പാടത്തിലെ പിള്ളേർക്ക് ബാലൻ ചേട്ടനാണ് ഹീറോ. ആ ഹീറോ പരിവേഷം ബാലൻ നന്നായി ആസ്വദിക്കുന്നുമുണ്ട്. തിയേറ്ററിനു മുന്നിൽ ബ്ളാക് ടിക്കറ്റ് വിൽക്കുന്നത് സംബന്ധിച്ചു നടക്കുന്ന തർക്കത്തിൽ എതിരാളികളെ തല്ലി ജയിച്ച ബാലൻ പറഞ്ഞു സ്ഥാപിക്കുന്നത് കമ്മട്ടിപ്പാടത്തിലെ പിള്ളേർക്ക് ഇവിടെ എന്തുമാകാം അതു തടയാൻ ആരും വരണ്ട എന്നാണ്. തടയാൻ വരുന്നവരെ എങ്ങിനെ നേരിടണമെന്ന് ബാലനിലൂടെ കണ്ടു പഠിക്കുകയാണ് ഗംഗനും കൃഷ്ണനും മജീദുമെല്ലാം. അപ്രകാരം എന്തിനും ഏതിനും ബാലൻ ചേട്ടനെ നിരീക്ഷിച്ചു കൊണ്ട് മാത്രം ജീവിക്കുന്ന കമ്മട്ടിപ്പാടത്തിലെ ആ ഒരു കൂട്ടം യുവാക്കൾ പതിയെ പതിയെ ബാലനെ പോലെ തന്നെ അരക്ഷിതമായ രക്തരൂക്ഷിതമായ ഒരു ജീവിതത്തിലേക്ക് അനുനയിക്കപ്പെടുന്നു. എത്ര ലാഘവത്തോടെയാണ് ഈ ഒരു ഭീകരാവസ്ഥയെ സിനിമയിൽ കാണിക്കുന്നത് എന്ന് നോക്കൂ . അരക്ഷിതാവസ്ഥയും അരാജകത്വവുമെല്ലാം ലഹരിയെന്ന പോലെ ആസ്വദിക്കുന്ന ഏതൊരാൾക്കും എന്തിലും ഏതിലും ഇതേ ലാഘവമേ ഉണ്ടാകൂ എന്ന് പ്രേക്ഷകനെ ബോധ്യമാക്കി തരുന്ന സീനുകൾ കൂടിയാണത്. 

കമ്മട്ടിപ്പാടത്തിലെ പിള്ളേരുടെ ബാല്യകാലം പച്ചപ്പിനാൽ സമ്പന്നമായിരുന്നുവെങ്കിൽ യൗവ്വനത്തിൽ അത് ചുവക്കുകയാണ്. ഇപ്രകാരം കടന്നു പോകുന്ന കാലത്തിനും അവിടെ ജീവിക്കുന്നവരുടെ പ്രായത്തിനും പ്രവർത്തിക്കും അനുസരിച്ച് കമ്മട്ടിപ്പാടത്തിന്റെ പശ്ചാത്തല നിറവും മാറിമറയുന്നു സ്‌ക്രീനിൽ. എഴുപത് എൺപത് കാലങ്ങളിലെ സൗഹൃദവും പ്രണയവുമെല്ലാം അതിന്റെതായ നിഷ്ക്കളങ്കതയിൽ കാണിച്ചു തരുന്നുണ്ട് സിനിമ. അതേ സമയം സാധാരണക്കാരിൽ സാധാരണക്കാരായ കമ്മട്ടിപ്പാട നിവാസികളുടെ മക്കൾ സ്ക്കൂളിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്നതും, തീർത്തും പ്രാന്തപ്രദേശമായ കമ്മട്ടിപ്പാടത്തിലെ നെൽപ്പാടത്തിനു നടുവിലൂടെ നീണ്ടു പോകുന്ന ടാറിട്ട റോഡുകളുമൊക്കെ 1970-80 കാലങ്ങളിൽ കാണാൻ പറ്റുമായിരുന്ന കാഴ്ചകളായിരുന്നോ എന്നു സംശയിച്ചു പോകുന്നു. 'ഇരുപതാം നൂറ്റാണ്ട്' സിനിമയുടെ ടിക്കറ്റ് ബ്ളാക്കിനു വിൽക്കുന്ന ബാലന്റെ ക്ഷുഭിത യൗവ്വനം 1987 കാലത്തെ അടയാളപ്പെടുത്തുന്ന സ്ഥിതിക്ക് കൃഷ്ണനും അനിതയുമെല്ലാം സ്ക്കൂളിലേക്ക് സൈക്കിളിൽ യാത്രയാകുന്നതും ആ കാലത്തു തന്നെയാണ് എന്നു അനുമാനിക്കാം. കുറഞ്ഞത് അതിനും ഒരു പത്തു കൊല്ലം മുൻപേയാണ് ബാലനും കൂട്ടരും ചട്ടമ്പി ജോസിനെ ആക്രമിക്കാൻ പദ്ധതിയിടുന്നത്. അന്ന് ജോസ് നടന്നു വരുന്നത് പാടത്തിനു കുറുകെ പോകുന്ന ഒരു ടാറിട്ട റോഡിലൂടെയാണ്. എഴുപത് എഴുപത്തേഴു കാലങ്ങളിൽ ആ രംഗ പശ്ചാത്തലം അനുയോജ്യമല്ലെന്ന് സംശയിക്കാൻ അതാണ് കാരണം. ഇതൊഴിച്ചു നിർത്തിയാൽ കാലഘട്ട ചിത്രീകരണത്തിൽ വേറിട്ട ഒരു കാഴ്ചാനുഭവം തന്നെ സമ്മാനിച്ചിട്ടുണ്ട് കമ്മട്ടിപ്പാടം. പതിവ് ബോംബൈ കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ഫ്രെയിമുകളിലൂടെയാണ് കൃഷ്ണന്റെ ബോംബൈ ജീവിതം പോലും സിനിമയിൽ പകർത്തിയിരിക്കുന്നത്. 

കൃഷ്ണനെ (ദുൽഖർ സൽമാൻ) നായകനായി അവരോധിച്ചു കൊണ്ടാണ് സിനിമയുടെ മുന്നേറ്റമെങ്കിലും കൃഷ്ണനേക്കാൾ പ്രാധാന്യമുള്ള കഥാപാത്ര പ്രാധാന്യം ബാലനും ഗംഗനുമായിരുന്നു. ഇടവേള വരെ ബാലനും ഇടവേളക്ക് ശേഷം ഗംഗനും നിറഞ്ഞു നിന്ന 'കമ്മട്ടിപ്പാട' ത്തെ തുടക്കം മുതൽ ഒടുക്കം വരെയുള്ള തൻ്റെ ഓർമ്മകളിലൂടെയും അന്വേഷണത്തിലൂടെയുമെല്ലാം പ്രേക്ഷകൻറെ ഒരു നേരനുഭവമാക്കി മാറ്റുന്നിടത്താണ് കൃഷ്ണന്റെ കഥാപാത്രം പിന്നീട് പ്രാധാന്യമാർജ്ജിക്കുന്നത്. ഹീറോ പരിവേഷത്തിനു പ്രസക്തിയില്ലാത്ത സിനിമയാണെങ്കിലും കൃഷ്ണനെ അവശ്യം വേണ്ട ആക്ഷൻ സീനുകളിൽ അമാനുഷികനല്ലാത്ത വിധം നന്നായി തന്നെ ഇടപെടുത്തുന്നുണ്ട് സംവിധായകൻ. മനുഷ്യത്വവിരുദ്ധ വികസനത്തിനിടയിൽ കമ്മട്ടിപ്പാടവും ഇരയാകപ്പെട്ടിരിക്കുന്നു എന്ന് തീവ്ര വൈകാരികമായ ദൃശ്യ വ്യാഖ്യാനത്തിലൂടെയാണ് രാജീവ് പറഞ്ഞവസാനിപ്പിക്കുന്നത്. ആദ്യകാലങ്ങളിൽ പരന്നു കിടന്നിരുന്ന കമ്മട്ടിപ്പാടം പിന്നീട് വികസനത്തിന്റെ മതിൽക്കെട്ടുകൾക്കിടയിൽ ശ്വാസം മുട്ടി കിടക്കുന്നതായി കാണാം. കഷ്ടിച്ചു ഒരാൾക്ക് മാത്രം നടക്കാവുന്ന മതിലിടുക്കുകൾക്കിടയിലൂടെ മൃതദേഹവുമേന്തി വരുന്ന കമ്മട്ടിപ്പാടത്തുകാർക്കും വികസനത്തിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പുറമ്പോക്ക് ജന്മങ്ങൾക്കും ഒരേ മുഖഛായയാണ് എന്നു പ്രസ്താവിക്കുന്ന രംഗം നഗര വികസനത്തിൻറെ പുറകിലെ ഭീകരവും ദയനീയവുമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. 

ആർക്കൊക്കെയോ വേണ്ടി വെട്ടിയും കുത്തിയും ജീവിച്ചു മരിക്കാൻ തയ്യാറാകുമ്പോഴും അടിസ്ഥാനപരമായി ബാലനും ഗംഗനുമെല്ലാം പച്ച മനുഷ്യർ മാത്രമാണെന്ന് കാണിക്കുന്ന സീനുകൾ ഏറെയുണ്ട് സിനിമയിൽ. സുരേന്ദ്രൻ ആശാനോടുള്ള കൂറു കാട്ടാൻ സ്വന്തം ബന്ധുക്കളെ പോലും കുടിയൊഴിപ്പിച്ച ബാലന് ആ ദിവസം അച്ചാച്ചനോട് അതേ കാരണത്താൽ ഏറെ എതിർത്തു സംസാരിക്കേണ്ടി വരുന്നുണ്ട്. ഇത്രയും കാലം തനിക്ക് ചിലവിനു തരാൻ ഒരു ബന്ധുക്കളുമുണ്ടായിരുന്നില്ലല്ലോ എന്നു ചോദിച്ചു കൊണ്ട് തന്റെ ചെയ്തികളെയെല്ലാം ന്യായീകരിക്കുന്ന അതേ ബാലനെ പിന്നീട് അച്ചാച്ചന്റെ മരണ ശേഷം പശ്ചാത്താപപരവശനായി നമുക്ക് കാണാം. സ്വന്തം ജീവൻ കൊലക്ക് കൊടുത്തു കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവരുടെയെല്ലാം ഉള്ളിന്റെയുള്ളിൽ മരണഭയമുണ്ടാകും. തങ്ങൾ കൊല്ലപ്പെടാൻ പോകുന്നു എന്ന തോന്നൽ ശക്തമാകുന്ന സമയത്ത് സ്വൈര്യജീവിതം വല്ലാതെ ആഗ്രഹിക്കുമെങ്കിലും ഉറ്റവരോട് യാത്ര പറഞ്ഞും തെറ്റുകൾ തിരുത്താൻ വെമ്പിയും അവർ മരണത്തിന്റെ ഇരുളിലേക്ക് നടന്നകലുകയാണ്. ബാലനെയും ഗംഗനെയുമൊക്കെ പോലെ. അൻവർ അലിയുടെ രചനയിൽ വിനായകൻ സംഗീതം നൽകിയ ഗാനത്തിന് കമ്മട്ടിപ്പാടത്തിനുമപ്പുറം പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ചുമതല കൂടിയുണ്ടായിരുന്നു. സിനിമ അവസാനിക്കുമ്പോഴും ആ വരികളിലൂടെ മനുഷ്യപക്ഷ രാഷ്ട്രീയത്തിൻറെ ആവശ്യകത സംവിധായകൻ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. 

ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ?
നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ
ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ?
നീ മോന്തിയ മധു നിൻ ചോര..ചുടുചോര പൊന്മകനേ
നാം പൊത്തിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ ?
നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് നന്മകനേ

അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനെ
ഇക്കായൽ കയവുംകരയും ആരുടേയുമല്ലെൻ മകനേ
പുഴുപുലികൾ പക്കിപരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ
പലകാലപ്പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചുപൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എൻതിരുമകനേ. 

ആകെ മൊത്തം ടോട്ടൽ = രാജീവ് രവിയുടെ ഇത് വരെയുള്ള സിനിമകളിൽ നിന്നും വേറിട്ടു നിൽക്കുന്ന മറ്റൊരു മികച്ച സിനിമ. ദുൽഖർ സൽമാൻ, വിനായകൻ , മണികണ്ഠൻ, അനിൽ നെടുമങ്ങാട്, ഷൈൻ ടോം ചാക്കോ തൊട്ടു പേരറിയുന്നവരും അറിയാത്തവരുമായ ഒരു പിടി നടന്മാരുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് നിറഞ്ഞ സിനിമ. വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഗംഗൻ തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. പി ബാലചന്ദ്രന്റെ തിരക്കഥ, മധുനീലകണ്ഠന്റെ ഛായാഗ്രഹണം എന്നിവ എടുത്തു പറയേണ്ട മറ്റു മികവുകളാണ്. അങ്ങിനെ എന്ത് കൊണ്ടും അഭിനന്ദനീയമായ സിനിമാ പ്രവർത്തനമായിരുന്നു കമ്മട്ടിപ്പാടത്തിൽ എന്നു തന്നെ പറയാം. നാലു മണിക്കൂർ പടത്തെ വെട്ടിച്ചുരുക്കി രണ്ടര രണ്ടേമുക്കാൽ മണിക്കൂർ ആക്കി മാറ്റിയതിനാൽ ചിലയിടങ്ങളിൽ തുടർച്ച അനുഭവപ്പെടണമെന്നില്ല. ആ പരാതിയുള്ളവർക്ക് സിനിമയുടെ DVD ഇറങ്ങുന്ന സമയം വരെ കാത്തിരിക്കാം. കുടുംബ കഥയും നായികാ നായകന്മാരുടെ ഗ്ളാമർ പരിവേഷവും വലിയ വാക്കിൽ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമകളും മനസ്സിലേറ്റി കൊണ്ട് കമ്മട്ടിപ്പാടം കാണാൻ പോകുന്നവർ നിരാശപ്പെടുമെങ്കിലും സിനിമയുടെ പ്രമേയവും കഥാപരിസരവും ഉൾക്കൊണ്ടു കൊണ്ട് സിനിമ കാണാൻ സാധിക്കുന്നവർക്ക് ഈ സിനിമയെ അംഗീകരിക്കാതിരിക്കാനാകില്ല ഒരിക്കലും. 

*വിധി മാർക്ക് = 8/10 

-pravin-

( 2016 ജൂലായ് ലക്കം ഇ -മഷി യിൽ  പ്രസിദ്ധീകരിച്ചത്. )

Monday, March 14, 2016

ബിജുവിന്റെ ആക്ഷനല്ല കേസ് ഡയറിയാണ് ഹീറോ

ഭരത് ചന്ദ്രൻ , ബൽ റാം , പെരുമാൾ , നരിമാൻ , മുഹമ്മദ്‌ സർക്കാർ , സോളമൻ ജോസഫ് , ബാബാ കല്ല്യാണി , ബെൻ ജോൺസൻ , ഇൻസ്പെക്ടർ ഗരുഡ് എന്ന് വേണ്ട മലയാള സിനിമയിൽ ഇനി കാണാത്ത തരം പോലീസ് ഹീറോ കഥാപാത്രങ്ങൾ വേറെയുണ്ടോ എന്ന് സംശയിച്ചിരിക്കുന്നവരുടെ മുന്നിലേക്ക് ( അതും ഈ ന്യൂ ജനറേഷൻ കാലത്ത് ) നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരു പോലീസ് കഥാപാത്രം ഇതാ വരുന്നെന്നും പറഞ്ഞ് എസ്. ഐ ബിജുവിനെ ചങ്കൂറ്റത്തോടെ തിയേറ്ററിലേക്ക് പറഞ്ഞു വിട്ട ആളാണ്‌ എബ്രിഡ്‌ ഷൈൻ. ആ ചങ്കൂറ്റത്തിനു പിന്നിലെ രഹസ്യം എന്തായിരുന്നെന്നു ആലോചിക്കുമ്പോൾ കിട്ടുന്ന ഉത്തരങ്ങൾ രണ്ടാണ്. ഒന്ന് - നിവിൻ പോളി എന്ന നടന്റെ നിലവിലെ പ്രേക്ഷക സ്വീകാര്യത. രണ്ട് - സിനിമക്ക് വേണ്ടി കണ്ടെടുത്ത പോലീസ് കേസ് ഡയറിയിലെ യഥാർത്ഥ സംഭവങ്ങൾ. യഥാർത്ഥ സംഭവങ്ങളെ സിനിമാറ്റിക്കായി അവതരിപ്പിക്കുന്നതാണോ റിയലസ്റ്റിക്കായി തന്നെ അവതരിപ്പിക്കുന്നതാണോ സിനിമയെ ജീവസ്സുറ്റതാക്കാൻ സഹായിക്കുക എന്നൊക്കെയുള്ള ചോദ്യങ്ങളെ സിനിമയുടെ പ്രാരംഭ പ്രവർത്തന കാലത്ത് സംവിധായകൻ ഒരു പക്ഷേ നേരിട്ടിരിക്കാം. എന്തായാലും അതിന്റെ ഉത്തരമാണ് 'ആക്ഷൻ ഹീറോ ബിജു' വിന്റെ അവതരണ രീതി. അത് തന്നെയാണ് ബിജുവിനെ മറ്റു പോലീസ് സിനിമകളിൽ നിന്ന് വ്യത്യസ്തനാക്കുന്നതും. 

മുൻകാല പോലീസ് സിനിമകളിലെ പോലെ പോലീസ് കഥാപാത്രത്തിന് മുന്നിൽ ശക്തനായ ഒരു വില്ലനെയോ നെഗറ്റീവ് പരിവേഷമുള്ള രാഷ്ട്രീയക്കാരനെയോ ഇവിടെ അവതരിപ്പിച്ചു കാണിക്കുന്നില്ല എന്ന് മാത്രമല്ല നട്ടെല്ലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ വിചാരിച്ചാൽ സമൂഹത്തിൽ എത്ര സ്വാധീനമുള്ളവനായാൽ പോലും ചെയ്ത തെമ്മാടിത്തരത്തിനു അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാൻ സാധിക്കും എന്ന് ആത്മവിശ്വാസത്തോടെ പറയുകയും കൂടി ചെയ്യുന്നുണ്ട് ഈ സിനിമ. ജനമൈത്രി പോലീസെന്നാൽ ഗുണ്ടകളോടും ക്രിമിനലുകളോടുമെല്ലാം കുശലം പറഞ്ഞ് അവരെയെല്ലാം നേർവഴിക്ക് നയിക്കുന്ന സുമനസ്സുകളും കൊമേഡിയന്മാരുമാണ് എന്ന ഒരു ധാരണ പൊതു സമൂഹത്തിൽ സൃഷ്ടിച്ചെടുത്ത സിനിമകളുടെ കൂട്ടത്തിൽ അപവാദമായി മാറി കൊണ്ട് ജനമൈത്രി പോലീസ് എന്ന ആശയത്തെ സത്യസന്ധമായി അവതരിപ്പിച്ചു കാണിക്കാനും ആക്ഷൻ ഹീറോ ബിജുവിനെ സംവിധായകൻ ഉപയോഗിച്ചു കാണാം. അപ്രകാരം പോലീസിന്റെ നല്ല വശങ്ങളെ മാത്രം ഹൈ ലൈറ്റ് ചെയ്ത് കൊണ്ടാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. സാമൂഹിക പ്രതിബദ്ധതയും ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുമുള്ള ബിജുവിനെ പോലെ ചോരത്തിളപ്പുള്ള ചെറുപ്പക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയുള്ള കഥയെ പോസിറ്റീവ് ആയല്ലാതെ അവതരിപ്പിക്കാനുമാകില്ലല്ലോ. 

തന്റെ മുന്നിലെത്തുന്ന ഓരോ കേസിനെയും എസ് ഐ ബിജു നോക്കി കാണുന്ന രീതി ഇവിടെ വളരെ ശ്രദ്ധേയമാണ്. പരാതി ഒത്തു തീർപ്പാക്കാനായി റിക്രൂട്ടിംഗ് ഏജൻസിയുടെ മാനേജിങ്ങ് ഡയറക്ടറോടുള്ള എസ് ഐ ബിജുവിന്റെ അഭ്യർഥനകൾ തന്നെ നോക്കൂ. എത്ര മര്യാദ ഭാഷയിലാണ് ആ സംസാരം. എന്നാൽ അഭ്യർത്ഥനകൾ കൊണ്ട് മാത്രം കാര്യം നടക്കില്ലെന്ന ഘട്ടത്തിൽ അയാൾ ഭീഷണി സ്വരത്തിലൂടെയും ഗർജ്ജനങ്ങളിലൂടെയും കാര്യങ്ങൾ സാധിച്ചെടുക്കുന്നു. മാങ്ങ പറിക്കാൻ വീട്ടിൽ കയറിയ കൊച്ചു കുട്ടിയെ പട്ടിയെ വിട്ടു കടിപ്പിക്കുന്ന വീട്ടുടമസ്ഥന്റെ ചിന്താഗതി നിസ്സാമുമാരെ പോലുള്ള മൃഗങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. പണം കൊണ്ട് എന്തുമാകാമെങ്കിൽ പണക്കാരനും ഇവിടെ എന്തുമാകാം എന്ന തത്ത്വ സംഹിതയിൽ വിശ്വസിച്ചു വരുന്ന നിസ്സാമുമാർക്ക് ഇന്നാട്ടിൽ സ്വാധീന ശക്തിക്ക് കുറവുണ്ടാകില്ല എന്ന സത്യം അംഗീകരിച്ചു കൊണ്ട് തന്നെ ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞു ബുദ്ധിപരമായി കളിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ നമുക്ക് ബിജുവിൽ കാണാനാകും. നാടിനു ഭീഷണിയായ ഗുണ്ടകളെയും ക്രിമിനലുകളേയും സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നേരിടാനുള്ള ധൈര്യം ബിജുവിനുണ്ടെങ്കിലും അവരെയൊന്നും 'ഫോർ ദി പീപ്പിൾ' കളിച്ച് കൊല്ലാൻ ശ്രമിക്കാത്തത് നിയമ വ്യവസ്ഥിതികളിൽ അയാൾക്കുള്ള അഗാധമായ വിശ്വാസം കൊണ്ടാണ്. രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനമുള്ളവനെ നിയമം കൊണ്ട് നേരിടാൻ ബുദ്ധിമുട്ടാണ് എന്ന് സ്ഥിതിഗതിയെ മാത്രമാണ് പല പോലീസുകാരും ഭയക്കുന്നത്. അത് കൊണ്ട് തന്നെ സിനിമയിൽ നമ്മൾ കാണുന്ന ബിജുവിന്റെ ഫൈറ്റ് ഗുണ്ടകളോടല്ല ആ വ്യവസ്ഥിതിയോടാണ് താനും. 

ജോലിയുടെ ഭാഗമായി തനിക്ക് കാണേണ്ടിയും കേൾക്കേണ്ടിയും വരുന്നവരോട് വികാര ഭരിതമായല്ല ആക്ഷനെടുക്കേണ്ടത് എന്നറിയാമെങ്കിലും ബിജുവിലെ എസ് ഐ പലപ്പോഴും മനുഷ്യ സഹജമായി പെരുമാറുന്നത് കാണാം. ആഭരണങ്ങൾ കാണാതായ കേസിൽ ജോലിക്കാരിയെ അറസ്റ്റ് ചെയ്യാൻ വരുമ്പോൾ അയാളൊരു പക്കാ പോലീസുകാരനായി പെരുമാറുകയും പിന്നീട് അവരുടെ കുടുംബത്തെ അറിയുമ്പോൾ അയാൾ അൽപ്പ സമയം പോലീസല്ലാതെയാകുകയും ചെയ്യുന്നുണ്ട് . കുറ്റം ചെയ്തവരുടെ കുടുംബ പശ്ചാത്തലവും അവർക്ക് കുറ്റം ചെയ്യാനുണ്ടായ സാഹചര്യവുമെല്ലാം അറിയുമ്പോൾ ചിലപ്പോഴെങ്കിലും ഒരു പോലീസുകാരന് പ്രതിയോട് അലിവ് തോന്നാം. സ്വാഭാവികം. എന്നാൽ അതൊരിക്കലും കുറ്റത്തെ കുറ്റമല്ലാതായി കാണലോ പ്രതിയെ ന്യായീകരിക്കുന്നതോ ആയ നിലപാടിലേക്കുള്ള ചാഞ്ചാട്ടമാകരുത് എന്ന നിലപാടാണ് എസ് ഐ ബിജു സ്വീകരിക്കുന്നത്. ഇപ്രകാരം ഓരോ കേസുകളോടുമുള്ള തന്റെ നിലപാടുകളും അതിനെ നേരിടുന്ന ശൈലിയും വ്യക്തമാക്കി കൊണ്ടാണ് ബിജു സിനിമയിൽ സജീവമാകുന്നത്. കേന്ദ്ര കഥാപാത്രത്തിന്റെ വൺ മാൻ ഷോ കളിയായി വ്യാഖ്യാനിക്കപ്പെടുമായിരുന്ന ഈ സിനിമയെ അതങ്ങിനെയല്ല എന്ന് തോന്നിപ്പിക്കുന്നത് ബിജുവിന് മുന്നിൽ എത്തുന്ന വ്യത്യസ്ത കേസുകളും പ്രതികളും അനുബന്ധ കഥാപാത്രങ്ങളുമാണ്. ഇത്തരത്തിലുള്ള എല്ലാ കേസുകളിലും പ്രതി ചേർക്കപ്പെടാതെ, ഒരു മൂക ദൃക്സാക്ഷിയെന്ന പോലെ സിനിമ കാണുന്ന പ്രേക്ഷകനേയും സംവിധായകൻ കൂടെ കൂട്ടുന്ന മാജിക് ആണ് സിനിമയുടെ അവതരണ മികവ്. 

സാധാരണക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരു ദിവസം എവിടെയൊക്കെ സഞ്ചരിക്കേണ്ടി വരുന്നോ എന്തൊക്കെ കാര്യങ്ങളിൽ ഇടപെടേണ്ടി വരുന്നോ അത് പോലെ തന്നെയാണ് അലക്സ് ജെ പുളിക്കലിന്റെ ക്യാമറയും ഈ സിനിമക്ക് വേണ്ടി പ്രവർത്തിച്ചിരിക്കുന്നത്. ചിന്താ വിഷ്ടയായ ശ്യാമളയിൽ സംവിധാനമെന്തെന്നറിയാത്ത വിജയൻ മാഷ്‌ ക്യാമറമാനോട് പറയുന്നുണ്ട് നടി കുളത്തിലേക്ക്‌ എടുത്ത് ചാടുകയാണല്ലോ അപ്പോൾ ക്യാമറാമാനും കൂടെ ചാടട്ടെ എന്ന്. അന്നത് വലിയ തമാശയായി കണ്ട ഒന്നായിരുന്നെങ്കിൽ ഇന്ന് ആ പറഞ്ഞതിലും ഒരു കാര്യമില്ലേ എന്ന് ചിന്തിപ്പിക്കുന്നുണ്ട് ഈ സിനിമ. എസ് ഐ ബിജുവിനെ മുഴുവൻ സമയവും പിന്തുടരുന്ന ഒരു ക്യാമറ - അതില്ലായിരുന്നെങ്കിൽ ഈ സിനിമ മറ്റൊരു വിധം അവതരിപ്പിക്കേണ്ടി വന്നിരുന്നെങ്കിൽ, ഛായാഗ്രഹണത്തിൽ ഇത്രക്കും സാധാരണത്ത്വം നമുക്ക് അനുഭവപ്പെടില്ലായിരുന്നു. 

ആകെ മൊത്തം ടോട്ടൽ = ശ്വാസം അടക്കി പിടിച്ചു കൊണ്ടല്ല ചിരിച്ചും സങ്കടപ്പെട്ടും ആകുലപ്പെട്ടും കാണേണ്ട ഒരു നല്ല പോലീസ് സിനിമ. നിവിൻ പോളിക്ക് ഒരു നല്ല നടനാകാൻ ഇനിയും ഏറെ പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് പല സീനുകളുമെങ്കിലും കോമഡി നിവിന് നന്നായി വഴങ്ങുന്നു. കലിപ്പ് ലുക്ക് രൂപത്തിലും ഭാവത്തിലും കൊണ്ട് വരാൻ ശ്രമിക്കുമ്പോഴും ഡയലോഗ് ഡെലിവറിയിൽ നിവിൻ ഏറെ പിന്നോട്ട് പോകുന്നു. അതേ സമയം മുൻപൊന്നും കണ്ടിട്ട് പോലുമില്ലാത്ത പലരും ഈ സിനിമയിൽ ഓരോ കഥാപാത്രങ്ങളായി വരുകയും അസാധ്യമായി അതാത് കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. റിയലസ്റ്റിക്ക് അവതരണമെന്ന ക്രെഡിറ്റ് സ്വന്തമാക്കുമ്പൊഴും സിനിമാറ്റിക് അവതരണത്തിലേക്ക് വഴുതി പോകുന്ന ക്ലൈമാക്സ് സീനുകൾ ഒരു കല്ല്‌ കടിയായി. പട്ടാളക്കാരനും പോലീസുകാരനും കർമ്മനിരതരയാൽ പിന്നെ അവരെയൊന്നും കുടുംബത്തിനു കിട്ടില്ല എന്ന ക്ലീഷേ സിനിമയിൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നുണ്ട്. തിരക്കഥാ രചനയിലെ സങ്കീര്‍ണ്ണതകളെ ഇല്ലാതാക്കി കൊണ്ടുള്ള എബ്രിഡ് ഷൈന്‍ - മുഹമ്മദ്‌ ഷഫീഖ് തിരക്കഥാകൃത്തുകളുടെ സ്ക്രിപ്റ്റിംഗ് സ്റ്റൈലാണ് സത്യത്തില്‍ സിനിമയുടെ അവതരണ രീതിയിലെ മികവിനുണ്ടായ പ്രധാന ശക്തി.  നടീ നടന്മാരുടെ അഭിനയ മികവ് അഭിനന്ദിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യുന്ന അവസരത്തിൽ സിനിമയിലെ നായികാ നായകന്മാരെക്കാൾ കൂടുതൽ ചെറിയ കഥാപാത്രങ്ങൾ ഉജ്ജ്വലമാക്കി അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട്, മേഘ നാഥൻ, ദേവി അജിത്‌ എന്നിവരുടെ പേരായിരിക്കും പ്രേക്ഷകന് പറയാനുണ്ടാകുക. അത്രക്കും മികച്ച പ്രകടനം അവരുടെ തന്നെയായിരുന്നു. 

* വിധി മാർക്ക് = 7/10 

-pravin-

Saturday, January 16, 2016

നമുക്കിടയിലും നമുക്കുള്ളിലും അധികമില്ലാത്ത ഒരു 'ചാർലി'

അനാവശ്യ താര പരിവേഷങ്ങളും  അമിത ഹീറോയിസവും കൊണ്ട്  ഇടക്കാലത്ത്  മലയാള സിനിമയെ  ശ്വാസം മുട്ടിച്ചിട്ടുണ്ട് പല സംവിധായകരും എഴുത്തുകാരും. മനുഷ്യരിലേക്ക് ലവലേശം കടന്നു ചെല്ലാത്ത കഥകളെഴുതി  ഹീറോയിസം  കൊണ്ടോ ന്യൂ ജനറേഷൻ ലേബലിൽ വിറ്റു പോകുന്ന  പുരോഗാമന  ആശയങ്ങളുടെ  ഉപരിപ്ലവമായ ചിത്രീകരണം കൊണ്ടോ  മാത്രം പ്രേക്ഷകനെ അതിശയിപ്പിക്കാൻ ഒരുമ്പെട്ട് ഇറങ്ങിയ അത്തരം സിനിമാക്കാർക്ക് ചാർലി ഒരു കോശ ഗ്രന്ഥമായി ഉപയോഗിക്കാവുന്നതാണ് പലതിനും. ബെസ്റ്റ് ആക്ടർ, ABCD സിനിമകളിലൂടെ നമ്മൾ കണ്ടറിഞ്ഞ മാർട്ടിൻ പ്രക്കാട്ട് മലയാള സിനിമാ ലോകത്തിന്റെ  മറ്റൊരു തലത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സൂചന കൂടിയാണ് ചാർലി . രാജമാണിക്യവും ചോട്ടാ  മുംബൈയും അണ്ണൻ തമ്പിയും ചെയ്ത  അതേ അൻവർ റഷീദ് പിന്നീട് ബ്രിഡ്ജും (കേരളാ കഫേ), ഉസ്താദ് ഹോട്ടലും, 'ആമി' യുമൊക്കെയായി  (അഞ്ചു സുന്ദരികൾ) വന്ന് മലയാള സിനിമയുടെ പൂമുഖത്ത് തനിക്കിരിക്കാൻ ഒരു  ചാരു  കസേര പണിഞ്ഞിട്ടതിനു സമാനമായാണ് മാർട്ടിന്റെ പോക്കും. വാണിജ്യാടിസ്ഥാനത്തിൽ സിനിമ നിർമ്മിക്കുമ്പോഴും കലാമൂല്യം ചോരാതെ പ്രമേയത്തെ അവതരിപ്പിച്ചു കാണിക്കാനുള്ള ഇത്തരം സംവിധായകരുടെ കയ്യിൽ ഭാവി മലയാള സിനിമ എന്ത് കൊണ്ടും സുരക്ഷിതമാണ് എന്ന ആശ്വാസം കൂടി ഇത് സമ്മാനിക്കുന്നു. 

ടി.വി ചന്ദ്രൻ, ഷാജി എൻ കരുൺ സിനിമകളിലെല്ലാം നമ്മൾ കണ്ടു മറന്ന മനുഷ്യ സ്നേഹി കഥാപാത്രങ്ങളുടെ ഒരു സമ്മിശ്ര സ്വഭാവ രൂപമാണ് ചാർലിക്ക്. സമാന്തര സിനിമകളിലെ അത്തരം കഥാപാത്രങ്ങളെ എല്ലാത്തരം പ്രേക്ഷകർക്കും സ്വീകാര്യ യോഗ്യമായ രീതിയിൽ പുത്തനുടുപ്പിട്ട് അവതരിപ്പിക്കാനാണ് മാർട്ടിൻ പ്രക്കാട്ട് പ്രധാനമായും ശ്രമിച്ചു കാണുന്നത്. ഗോപി നാഥ മേനോനും കുട്ടിസ്രാങ്കുമൊക്കെ മനുഷ്യനോടു പുലർത്തി വന്നിരുന്ന കാഴ്ചപ്പാടുകൾ ശ്രദ്ധേയമായിരുന്നുവെങ്കിലും പ്രതിസന്ധിയിലും വിഷാദത്തിലുമാണ്ടു പോയ  ജീവിതങ്ങളെ മുന്നോട്ട് നയിക്കാനുള്ള ആർജ്ജവം അതിലൊന്നും തന്നെ ഇല്ലായിരുന്നു. ചുറ്റുപാടുമുള്ള സഹജീവികളുടെ സന്തോഷത്തിൽ പങ്കു ചേരുന്നതിനേക്കാൾ കൂടുതൽ അവർ മറ്റുള്ളവരുടെ സങ്കടങ്ങളിൽ താൽക്കാലിക ആശ്വാസമാകും വിധം  പങ്കു ചേർന്ന് കൊണ്ടിരുന്നു എന്ന് മാത്രം. ഒടുക്കം സ്വന്തം സ്വത്ത്വത്തിനോട്  പൂർണ്ണ  നീതി പുലർത്താൻ  സാധിക്കാതെ അന്ന്യന്റെ വിഷമം കണ്ട് സഹിക്കാനാകാതെ സ്വജീവിതം വിലയില്ലാത്ത വിധം ത്യജിച്ചു കൊണ്ട് വെറും വിഷാദ ഓർമ്മകളുടെ ആൾരൂപമായി അവർ ചുരുങ്ങുന്നു. ഗോപി നാഥ മേനോന്റെ ന്യായീകരണ  ഭാഷയിൽ പറഞ്ഞാൽ ഈ ലോകത്ത് ജീവിച്ചിരിക്കാനുള്ള നാണക്കേട്‌ കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു. ഗോപിനാഥ മേനോന്റെ  ഈ ഒരു തീരുമാനത്തിന് പൊതുജന  സ്വീകാര്യത ഇല്ല എന്ന് മാത്രമല്ല അത്  അത്ര കണ്ട് ആർക്കും പ്രചോദനാത്മകവുമല്ല എന്ന തിരിച്ചറിവിലാണ് ഉണ്ണി. ആർ  ചാർലിയുടെ കഥാപാത്രത്തെ ജീവസ്സുറ്റതും  പ്രസക്തവുമാക്കുന്നത്. 

മേൽപ്പറഞ്ഞ രണ്ടു സിനിമകളിലും സ്ത്രീ കഥാപാത്രങ്ങളുടെ അന്വേഷണങ്ങളിലൂടെയും ഓർമ്മകളിലൂടെയുമാണ് കഥാവശേഷൻമാരായ നായകന്മാരുടെ ജീവിതം സംവിധായകൻ പ്രധാനമായും വിവരിക്കുന്നത്. കഥാവശേഷന്മാരുമായി പരിചയമുണ്ടായിരുന്ന കഥാപാത്രങ്ങളെ ഒന്നിന് പിന്നാലെ ഒന്നായി സ്ക്രീനിലേക്ക് കടത്തി വിടുകയും അവരവരുടെ അനുഭവങ്ങൾ കൂടി പങ്കു വപ്പിച്ചു കൊണ്ട് കഥാവശേഷന്റെ ജീവിതകഥ വരച്ചവസാനിപ്പിക്കുകയും ചെയ്യുന്ന ആഖ്യാന ശൈലി ചാർലിയിലും ഏറെക്കുറെ പ്രകടമാണ്. കള്ളനേയും സമരക്കാരെയും വേശ്യയേയും മനുഷ്യന്റെ കണ്ണ് കൊണ്ട് കാണാൻ ശ്രമിച്ച ഗോപിനാഥ മേനോന്റെ ആത്മാവ് ചാർലിയിലും കാണാമെങ്കിലും ഗോപിനാഥന്റെ വിഷാദഭാവമോ പരിഭവങ്ങളോ ഒന്നും തന്നെ ചാർലിയിലില്ല. അവിടെയാണ് ചാർലി വ്യത്യസ്തനാകാൻ തുടങ്ങുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി അവർക്കൊക്കെ ഓരോ സർപ്രൈസുകൾ സമ്മാനിക്കുകയും അവരെ സന്തോഷത്തിന്റെ പാതയിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ചാർലിയുടെ ജീവിതവും സന്തോഷവും. ജീവിതത്തെ ഭ്രാന്തമായി സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ചാർലിക്ക് സ്വന്തം ജീവിതം ഒരു ഉത്സവമാണ്. അവ്വിധം ഭ്രാന്താണ് യഥാർത്ഥ ജീവിതം എന്ന് തോന്നിപ്പിക്കുകയും കൊതിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ചാർലി തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനു പിടി തരാത്ത കഥാപാത്രമായി നിറഞ്ഞു നിൽക്കുന്നു. 

ചാർലിയെ തേടിയുള്ള നായികയുടെ  യാത്രയിൽ കണ്ടു കിട്ടുന്ന കഥാപാത്രങ്ങളിലൂടെ ഒരുപാട് ജീവിതങ്ങൾ സരസമായി അവതരിപ്പിച്ചു കാണിക്കുന്നുണ്ട് സംവിധായകൻ. അതിഥി താരങ്ങളെ പോലെ സിനിമയിൽ വന്നു പോകുന്നവർക്ക് പോലും സംവിധായകൻ സിനിമയിൽ ഏൽപ്പിക്കുന്ന ചുമതലകൾ വലുതാണ്‌. അതിലേറ്റവും എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് കൽപ്പന അവതരിപ്പിക്കുന്ന ക്വീൻ മേരി. ഒരു മനുഷ്യന്റെ സ്നേഹവും പരിഗണനയും  മറ്റൊരു മനുഷ്യന് കിട്ടിത്തുടങ്ങുമ്പോൾ നമുക്ക് ചുറ്റുമുള്ള സങ്കട കടലുകൾ എത്ര പെട്ടെന്നാണ് സന്തോഷ കടലുകളായി രൂപമാറ്റം നടത്തുന്നത് എന്ന് കാണിക്കുന്നതാണ്   ചാർലിയും ക്വീൻ മേരിയും തമ്മിലുള്ള സംഭാഷണ രംഗങ്ങൾ. മനുഷ്യനായി പിറന്നവന്റെ കണ്ണ് നനയിക്കാൻ പോന്ന രംഗങ്ങൾ. മേരിയെ കടല് കാണിക്കാൻ കൊണ്ട് പോകുന്നതിനെ ചാർലിയുടെ വെറും വട്ടായി മാത്രം കണ്ടിരുന്ന മത്തായി അഥവാ പത്രോസിനോട് ചാർലി പറയുന്ന ഒരു ഡയലോഗ് ഓർമ്മയിൽ എന്തെന്നില്ലാതെ തങ്ങി നിൽക്കുന്നു. ഒക്കെ നമ്മുടെ ഓരോ തോന്നലുകളല്ലേ പത്രോസേ..ഞാനും നീയുമൊക്കെ വേറെ ആരുടെയെങ്കിലുമൊക്കെ തോന്നലുകൾ ആണെങ്കിലോ ?

ചാർലിയുടെ കാഴ്ചപ്പാടുകൾ തന്നെ നോക്കൂ കള്ളനും ഗുണ്ടയുമൊക്കെ എത്രയോ പാവങ്ങളാണ്. അടിസ്ഥാനപരമായി അവരെല്ലാം മനുഷ്യരെങ്കിലും നമുക്കിടയിൽ അവർ ജീവിക്കുന്നത് കള്ളനും ഗുണ്ടയുമൊക്കെയായിട്ടാണ്. എന്ത് കൊണ്ട് അവരങ്ങിനെയായെന്നോ മനുഷ്യന്റെതായ ആ അസ്ഥിത്വം അവർക്കുള്ളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നൊന്നും നമ്മളാരും അന്വേഷിക്കാനോ അറിയാനോ ശ്രമിക്കുന്നില്ല. അതിന്റെയൊന്നും ആവശ്യമില്ല എന്ന് നമ്മൾ കരുതുന്നു. അങ്ങിനെ കരുതുന്ന നമുക്കെല്ലാം അപവാദമായാണ് ചാർലി താൻ പോകുന്നിടത്ത് നിന്നും കണ്ടു മുട്ടുന്നവരിൽ നിന്നുമെല്ലാം അനവധി നിരവധി മനുഷ്യന്മാരെ തൊട്ടറിയുന്നത്. അയാൾക്ക് അവരുടെയൊന്നും പേരോ നാടോ ജോലിയോ അറിയേണ്ടതില്ല. സുനിക്കുട്ടനെന്ന കള്ളനെ ഡിസൂസയായും മത്തായിയെന്ന ഗുണ്ടയെ പത്രോസായും വേശ്യയായ മേരിയെ മറിയയുമായുമാണ് അയാൾ അഭിസംബോധന ചെയ്യുന്നത്. അവർ ആ വിളി കേൾക്കാൻ നിർബന്ധിതാരാകുകയും പിന്നീട് ആ വിളിയിൽ സന്തോഷിക്കുകയും ചെയ്യുന്നു. അവിടെ നമ്മൾ ചിന്തിച്ചു പോകുന്ന ഒരു കാര്യമുണ്ട്. എന്തിനാണ് സത്യത്തിൽ നമുക്ക് സ്ഥിരമായി ഒരു പേര് ? സർക്കാർ രേഖകളിൽ പേരും ജാതിയും മതവുമില്ലാതെ ജീവിക്കാനാകില്ലെങ്കിലും മനുഷ്യർക്കിടയിൽ അതൊന്നുമില്ലാതെ ജീവിക്കാൻ നമുക്കൊന്ന് ശ്രമിച്ചു കൂടെ എന്ന ഒരു വെല്ലുവിളി ചാർലി പോലും അറിയാതെ പ്രേക്ഷകന് നേരെ ഉയരുന്നുണ്ട്.

ടി.വി ചന്ദ്രൻ ഗോപി നാഥമേനോന്റെ മരണ കാരണം വ്യക്തമാക്കി കൊണ്ട് സിനിമയെ അവസാനിപ്പിക്കുമ്പോൾ മാർട്ടിൻ ചാർലിയെ വരച്ചു തുടങ്ങുന്നത് മരണത്തോടുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ കൊണ്ടാണ്. സ്വന്തം ചരമവാർത്ത പത്രത്തിൽ കൊടുക്കുക വഴി അത് സത്യമോ അസത്യമോ എന്നറിയാതെ അന്വേഷിച്ചു വരുന്നവരുടെ ശാസനകളും തല്ലുകളും നായകൻ നേരിട്ട് കൈപ്പറ്റുന്നുണ്ട്. മരിച്ചു പോയവർക്ക് കിട്ടാത്ത അത്തരം അനുഭവങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അറിയാൻ ശ്രമിക്കുന്ന ചാർലിയുടെ ആ അതിര് വിട്ട കുസൃതിയിലും ഒരുപാട് തത്ത്വങ്ങൾ പങ്കു വക്കാൻ അയാൾ ശ്രമിക്കുന്നത് കാണാം. മരിച്ച വാർത്തയറിഞ്ഞു വന്നവരിൽ ഒരിക്കലും പ്രതീക്ഷിക്കാതെ വന്നവരെ അയാൾ ഒരുപാട് സ്നേഹത്തോടെ തന്നെ ഓർക്കുന്നു. തനിക്ക് അവരിൽ നിന്ന് കിട്ടിയ ശാസനകളും തല്ലുകളും അവർക്ക് തന്നോടുള്ള കലർപ്പില്ലാത്ത സ്നേഹം കൊണ്ടാണെന്ന് പറഞ്ഞവസാനിപ്പിക്കുന്ന ചാർലിയിൽ നമുക്കെങ്ങനെ പിന്നെ ഗോപിനാഥനെ കാണാൻ സാധിക്കും ? ജീവിച്ചിരിക്കാനുള്ള നാണക്കേട് കൊണ്ട് ആത്മഹത്യ ചെയ്ത ഗോപി നാഥമേനോനുമായി ഈ ചാർലിക്ക് യാതൊരു ബന്ധവുമില്ല എന്ന് നമ്മളെ ഭംഗിയായി ബോധ്യപ്പെടുത്താൻ കൂടിയാണ് സംവിധായകൻ ആ രംഗങ്ങൾ സിനിമയിൽ ഉപയോഗിക്കുന്നത്.

സിനിമ കണ്ടു കഴിഞ്ഞിറങ്ങിയ പലരും പറഞ്ഞു  കേട്ട ഒരു കാര്യമാണ് ഞാനും നിങ്ങളുമൊക്കെ തന്നെയാണ് ഈ സ്ക്രീനിൽ കാണുന്ന ചാർലി എന്ന്. അതൊന്നു മാറ്റിപ്പറഞ്ഞാൽ മാത്രമേ ശരിയാകൂ. നമുക്കിടയിലും നമുക്കുള്ളിലും അധികമില്ലാത്ത ഒരാളാണ് ചാർലി.  ചാർലിയെ പോലെ ജീവിക്കുന്നവരുണ്ടാകാം. ഇല്ലെന്നു പറയുന്നില്ല. എന്നാലും നമ്മളാണ് ചാർലി എന്നത് വെറുമൊരു മിഥ്യാ ബോധം മാത്രമാണ്. ചാർലിയെ പോലെ മനുഷ്യസ്നേഹിയാകാൻ നമുക്കും ആഗ്രഹിക്കാം അതിനായി ശ്രമിക്കാം. അത്ര മാത്രം. 

ഒരേ സമയം കലയും വാണിജ്യവും വിജയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടുള്ള ഇത്തരം സിനിമാ പ്രവർത്തനങ്ങൾ ഇനി വരും കാലങ്ങളിൽ മലയാള സിനിമക്ക് ഗുണമേ ഉണ്ടാക്കൂ. സമാന്തര സിനിമാക്കാരെ കുറ്റം പറയുകയല്ല. എന്നാലും സിനിമയുടെ പുത്തൻ മാറ്റങ്ങളെ കണ്ടില്ലെന്നു നടിച്ചു കൊണ്ടുള്ള പഴഞ്ചൻ സിനിമാ ചിന്താഗതികൾക്ക് മാറ്റം വരേണ്ടത് മലയാള സിനിമാ ഇൻഡസ്ട്രിയുടെ വളർച്ചക്ക് വളരെ ആവശ്യമാണ്‌. ഉസ്താദ് ഹോട്ടലിനു ശേഷം ഇപ്പോൾ ചാർലിയും അത്തരം ചർച്ചകൾക്ക് വഴി തെളിയിക്കുകയാണ്.
 
ആകെ മൊത്തം ടോട്ടൽ = ദുൽഖർ സൽമാന്റെ ഉഗ്രൻ പ്രകടനം. പലപ്പോഴും പഴയ ലാലേട്ടനെ അനുസ്മരിപ്പിക്കും വിധം ദുൽഖർ പെരുമാറിയെങ്കിലും അതൊരു പരിധി വിട്ടതോ വികലമായതോ  ആയ അനുകരണമായില്ല എന്നത് കൊണ്ട് തന്നെ ദുൽഖർ മികച്ചു നിന്നു. പാർവ്വതിയുടെ നായികാവേഷവും ഒപ്പത്തിനൊപ്പം മികവറിയിച്ചു. നായികാ നായകന്മാരെ പോലെ തന്നെ സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നു. കൽപ്പനയുടെ കരിയറിൽ എന്നും ഓർക്കപ്പെടേണ്ട ചുരുക്കം ചില കഥാപാത്രങ്ങളുടെ കൂടെ ക്വീൻ മേരിയും എഴുതി ചേർക്കേണ്ടി വരും എന്ന കാര്യത്തിൽ തർക്കമില്ല. സമീറാ സനീഷിന്റെ കോസ്റ്റ്യൂം ഡിസൈൻ, ജോമോന്റെ ച്ഛായാഗ്രഹണം, ഗോപി സുന്ദർ സംഗീതം  എന്നിവയും എടുത്തു പറയേണ്ട കാര്യങ്ങളാണ്. BGM സിനിമയുടെ ആത്മാവ് കൂടിയാണ് എന്നൊരിക്കൽ കൂടി തെളിയിക്കുന്നു ചാർലിയിൽ. എത്രയൊക്കെ കാര്യങ്ങൾ മികച്ചതാക്കാൻ സാധിച്ചാലും ഒഴിവാക്കാൻ പറ്റാത്ത ചില ചില്ലറ ക്ലീഷേകളെ ഈ സിനിമയിലും ഒഴിവാക്കി കണ്ടില്ല. എന്നാൽ  അതൊന്നും സിനിമക്ക് രസക്കേട് ഉണ്ടാക്കാൻ മാത്രം പോന്നതല്ല എന്ന ആശ്വാസമുണ്ട് താനും. 

*വിധി മാർക്ക് = 7.5/10 

-pravin- 

Friday, January 8, 2016

അവിനാശ് സിംഗ് റാത്തോഡും വലീ ഖാനും - കഥാപാത്രങ്ങൾക്ക് പിന്നിൽ

സിനിമ എന്നത് പ്രേക്ഷകനെ ആനന്ദിപ്പിക്കാൻ വേണ്ടി മാത്രമുള്ള ഒരു കലയാണ്‌ എന്ന് വിചാരിക്കുന്നവരാണ് പ്രേക്ഷകരിൽ ഒരു വലിയ വിഭാഗം പേരും. എന്നാൽ സിനിമയെ അത്ര ലാഘവത്തോടെ വിലയിരുത്തുന്നവരോട് സിനിമക്ക് ആ ഉദ്ദേശ്യം മാത്രമല്ല എന്ന് പറയേണ്ടി വരും. ഏതൊരു സിനിമക്ക് പിന്നിലും അന്വേഷണ വിധേയമാക്കേണ്ട ഒരു വിഷയം കാണും. സിനിമകൾ പ്രേക്ഷകനെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയുമൊക്കെ ചെയ്യുമ്പോഴും സിനിമക്ക് നിദാനമായ ആ വിഷയം പലരും അറിയാതെ പോകുകയാണ് ചെയ്യുന്നത്. പല സംവിധായകരും അവരവരുടെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്ന ചാനൽ ചർച്ചകളിൽ ആ സിനിമ ഉണ്ടാകാനിടയായ കാരണവും മറ്റുമെല്ലാം പങ്കു വക്കാറുണ്ട്. ചിലർ സിനിമയിലെ ഉള്ളടക്കത്തെ കുറിച്ചു മാത്രം വാചാലരാകുമ്പോൾ മറ്റു ചിലർ ചർച്ചക്കിടയിൽ പല യാഥാർത്ഥ്യങ്ങളും പങ്കു വക്കാൻ നിർബന്ധിതരാകാറുണ്ട്. ആ ചർച്ചയാകട്ടെ പിന്നീട് ചെന്നെത്തുക ജീവിച്ചിരിക്കുന്നതോ മരിച്ചു പോയതോ ആയ ഏതെങ്കിലും ഒരു വ്യക്തിയുടെ ജീവിതത്തിലേക്കായിരിക്കും. കബീർ ഖാൻ സംവിധാനം ചെയ്ത 'ഏക്‌ ഥാ ടൈഗറി' ൽ സൽമാൻ ഖാൻ അവതരിപ്പിച്ച അവിനാശ് സിംഗ് റാത്തോഡും നിഖിൽ അദ്വാനി സംവിധാനം ചെയ്ത 'ഡി- ഡേ'യിൽ ഇർഫാൻ ഖാൻ അവതരിപ്പിച്ച വലീ ഖാനും അത്തരത്തിൽ ഒരു വ്യക്തിയേയും അയാളുടെ രഹസ്യ ജീവിതത്തേയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ആരായിരുന്നു അയാൾ ?


ഇന്ത്യൻ ചാര സംഘടനയായ റോയുടെ മുൻ ജോയിന്റ് ഡയറക്ടർ മലോയ് കൃഷ്ണ ധർ "Mission to Pakistan: An Intelligence Agent in Pakistan" എന്ന പേരിൽ 2002 കാലത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്. റോ (Research and Analysis Wing) യുടെ ഒരു പ്രധാന ചാരപ്രവർത്തകന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയ ആ പുസ്തകത്തിൽ ഒരാളുടെയും പേര് വിവരങ്ങൾ എഴുത്തുകാരൻ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ 2012 ൽ 'ഏക്‌ ഥാ ടൈഗർ' സിനിമ റിലീസ് ആയ ശേഷം നടന്ന പത്ര മാധ്യമ ചർച്ചകളിലൂടെ മലോയ് കൃഷ്ണ ധറിന്റെ പുസ്തകത്തിൽ പറയുന്ന റോ യുടെ ചാരപ്രവർത്തകനും സിനിമയിലെ അവിനാശ് സിംഗ് റാത്തോഡും 'റോ' യിൽ പണ്ട് പ്രവർത്തിച്ചിരുന്ന രവീന്ദ്ര കൌശിക്കിനെയാണ് പ്രതിനിധീകരിക്കുന്നതെന്നൊക്കെയുള്ള പ്രചരണങ്ങൾ നടക്കുകയുണ്ടായി. അത് പിന്നീട് രവീന്ദ്ര കൌശിക്കിനെ കുറിച്ചുള്ള നിരവധി പേരുടെ അന്വേഷണങ്ങൾക്ക് പ്രചോദനമായി.

രവീന്ദ്ര കൌശിക്ക് അഥവാ നബി അഹമ്മദ് ഷാക്കിർ 


1952 ൽ രാജസ്ഥാനിൽ ജനനം. നാടകത്തിലും അഭിനയത്തിലും അതീവ തൽപ്പരനായിരുന്ന രവീന്ദ്ര കൌശിക്ക് ഒരിക്കൽ ലഖ്നൗവിൽ ദേശീയതല നാടക മീറ്റിങ്ങിൽ പങ്കെടുക്കവേ അവിടെ വച്ച് 'റോ' യുടെ ചില ഉന്നത ഉദ്യോഗസ്ഥരാൽ റോ യിൽ ചേരാൻ ക്ഷണം ലഭിച്ചു. പാകിസ്താനിൽ പോയുള്ള ചാരപ്രവർത്തനം അതീവ ദുഷ്ക്കരം ആണെന്നറിയാമെങ്കിലും രവീന്ദ്ര കൌശിക്ക് ഭാരതത്തിനു വേണ്ടി ആ ജോലി കൂടുതലൊന്നും ആലോചിക്കാതെ ഏറ്റെടുക്കുകയാണുണ്ടായത്. പാകിസ്താൻ യാത്രക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് ഏകദേശം രണ്ടു വർഷത്തോളം വേണ്ടി വന്നു. ഇക്കാലയളവിൽ കൌശിക് ഡൽഹിയിൽ താമസിച്ചു കൊണ്ട് റോ യുടെ പരിശീലനം നേടുകയുണ്ടായി. അതോടൊപ്പം ഇസ്ലാം മതം സ്വീകരിക്കുകയും ഇസ്ലാം മതപഠനം, ഉറുദു ഭാഷാ പഠനം എന്നിവക്കെല്ലാം സമയം കണ്ടെത്തി. പാകിസ്താനെ കുറിച്ചും അവിടത്തെ രീതികളെ കുറിച്ചുമെല്ലാം ഈ കാലയളവിൽ വേണ്ടോളം പഠിക്കാൻ കൌശിക്കിനു സാധിച്ചു. അങ്ങിനെ 1975 ൽ തന്റെ ഇരുപത്തി മൂന്നാം വയസ്സിലാണ് കൌശിക്ക് പാകിസ്താനിലേക്ക് ചേക്കേറുന്നത്. അവിടെയെത്തിയ കൌശിക്ക് കറാച്ചി സർവ്വകലാശാലയിൽ നിയമ ബിരുദത്തിനു ചേരുകയും പഠനത്തിനു ശേഷം പാക് സൈന്യത്തിൽ കമ്മീഷൻഡ് ഓഫീസറായി ചേരുകയും ചെയ്തു. ചുരുങ്ങിയ കാലയളവിൽ തന്നെ പാക് സൈന്യത്തിൽ മേജർ പദവി ലഭിച്ച കൌശിക്ക് പിന്നീട് പാകിസ്താനിൽ നിന്ന് തന്നെ വിവാഹം കഴിച്ചു. ഇക്കാലയളവിലെല്ലാം തന്നെ രവീന്ദ്ര കൌശിക്ക് സ്വന്തം വീട്ടിലേക്ക് കത്തുകൾ അയച്ചിരുന്നതായി പറയുന്നു. 1979-83 കാലയളവിൽ പാക് സൈന്യത്തിന്റെ രഹസ്യ നീക്കങ്ങളടക്കം നിരവധി പ്രധാന വിവരങ്ങൾ ഇന്ത്യൻ സൈന്യത്തിന് നൽകാൻ കൌശിക്കിനു സാധിച്ചിട്ടുണ്ട്. രാജസ്ഥാൻ വഴിയുള്ള പാക് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റം പലപ്പോഴായി പരാജയപ്പെടുത്താൻ ഇന്ത്യക്ക് ഇത് മൂലം കഴിഞ്ഞു. ഇതിൽ സന്തുഷ്ടയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൌശിക്കിനെ "ബ്ലാക്ക് ടൈഗർ" എന്ന ഓമനപ്പേര് നൽകിയതായി പറയപ്പെടുന്നു. 

1983 കാലത്ത് ബ്ലാക്ക്‌ ടൈഗറിന് സഹായമേകാൻ ഇനായത്ത് മസിഹ എന്ന ഒരു ചാരനെ കൂടി ഇന്ത്യ പാക്സിതാനിലേക്ക് വിട്ടതിനു പിന്നാലെയാണ് രവീന്ദ്ര കൌശിക്കിന്റെ നാടകീയ ജീവിതത്തിന് തിരശ്ശീല വീഴുന്നത്. പാക് ചാരന്മാരുടെ പിടിയിലായ ഇനായത്ത് മസിഹ മണി മണിയായി സത്യങ്ങൾ വിളിച്ചു പറഞ്ഞതിലൂടെ രവീന്ദ്ര കൌശിക്കിന്റെ മുഖം മൂടികൾ ഓരോന്നായി പാക് സൈന്യം വലിച്ചു കീറി. രണ്ടു മൂന്നു വർഷത്തോളം പാക് സൈന്യത്തിന്റെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെങ്കിലും കൌശിക്ക് ഇന്ത്യക്ക് പ്രതികൂലമായി ഒന്നും പറഞ്ഞില്ല. ഒരു വിവരങ്ങളും കിട്ടാതെയായപ്പോൾ പാക് സൈന്യം കൌശിക്കിന്റെ പുരികങ്ങൾ മുറിച്ചെടുത്തു, ശരീരത്തിൽ നിരന്തരം മുറിവുകൾ സമ്മാനിച്ചു, കാതുകളിൽ ചൂട് കമ്പി കൊണ്ട് കുത്തി വേദനിപ്പിച്ചു, പല പല ജയിലുകളിലേക്ക് മാറ്റി മാറ്റി താമസിപ്പിച്ചു. അങ്ങിനെ നീണ്ട 18 വർഷത്തെ പീഡനങ്ങൾക്കൊടുവിൽ ആസ്തമയും ക്ഷയരോഗവും ഹൃദ്രോഗവും പിടിപെട്ട കൌശിക്കിന് ജയിലിൽ വിശ്രമം അനുവദിക്കപ്പെട്ടു. കൌശിക്കിനു അധികം വിശ്രമിക്കേണ്ടി വന്നില്ല. 2001 സെപ്തംബർ 21 നു മുൾട്ടാനിലെ ന്യൂ സെൻട്രൽ ജയിലിൽ വെച്ച് കൌശിക്ക് അന്ത്യ ശ്വാസം വലിച്ചു. 

സിനിമയും രവീന്ദ്ര കൌശിക്കിന്റെ ജീവിതവും 


പത്രമാധ്യമങ്ങളുടെ അവകാശ വാദ പ്രകാരം ഏക്‌ ഥാ ടൈഗർ സിനിമക്ക് ആധാരമായ ജീവിത കഥ രവീന്ദർ കൗശിക്കിന്റെതായിരുന്നു. അത് സത്യമോ അസത്യമോ എന്നറിയില്ലെങ്കിലും ആ സിനിമയിൽ സൽമാൻ ഖാന്റെ അവിനാശ് റാത്തോഡ് എന്ന കഥാപാത്രം രവീന്ദ്ര കൗശിക്കിന് സമാനമായ ജീവിതമല്ല നയിച്ച്‌ കാണുന്നത്. ആകെയുള്ള സമാനതകൾ രണ്ടു പേരും റോ യുടെ ചാരപ്രവർത്തനത്തിൽ ഏർപ്പെടുന്നു എന്നതും രണ്ടു പേരും ടൈഗർ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്നു എന്നതുമാണ്‌ . രവീന്ദർ കൌശിക്കിനെ ബ്ലാക്ക് ടൈഗർ എന്ന് ഇന്ദിരാ ഗാന്ധി വിശേഷിപ്പിച്ച വാർത്തയിൽ നിന്നായിരിക്കാം സിനിമയിൽ സൽമാൻ ഖാന് ടൈഗർ എന്ന രഹസ്യ നാമം നൽകിയത്. 

ഇറാഖിലെ രഹസ്യ ദൌത്യത്തിന് ശേഷം ന്യൂ ഡൽഹിയിലേക്ക് തിരിച്ചെത്തുന്ന ടൈഗർ അടുത്ത മിഷനായി അയർലണ്ടിലേക്ക് പോകുന്നതും അവിടെ വച്ച് പാകിസ്താൻ ചാര സംഘടനയിൽപ്പെട്ട സോയ എന്ന യുവതിയുമായി പ്രണയത്തിലാകുകയും ചെയ്യുന്നതാണ് 'ഏക്‌ ഥാ ടൈഗറി' ൽ കാണാൻ സാധിക്കുക. രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ നിന്ന് പ്രണയിക്കേണ്ടി വരുന്ന നായകനും നായികയും ഇരുവരുടേയും രാജ്യത്തിന് വേണ്ടിയുള്ള ജോലിയുടെ പേരിൽ ഒരു ഘട്ടത്തിൽ പ്രണയം ഉപേക്ഷിക്കുന്നുവെങ്കിലും ചാര പ്രവർത്തനം ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യില്ല എന്ന തിരിച്ചറിവിൽ പിന്നീട് തങ്ങളുടെ പ്രണയത്തെ സാക്ഷാത്ക്കരിക്കുകയും മാതൃ രാജ്യങ്ങളുമായുള്ള സകല ബന്ധവും വിച്ഛെദിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഒളിച്ചോടുകയുമാണ്‌ ചെയ്യുന്നത്. യഥാർത്ഥ കൌശിക്കിന്റെ ജീവിതവുമായി സിനിമയിലെ അവിനാശ് എന്ന കഥാപാത്രം എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കൂ. കൌശിക്കിന്റെ ജീവിതത്തിനു സമമല്ലാത്ത വിധം അതേ കഥാപാത്രത്തെ ഒരുപാട് സാങ്കൽപ്പികതകളിൽ പൊതിഞ്ഞു കൊണ്ട് വളരെ സമർത്ഥമായാണ് കബീർ ഖാൻ അവിനാശിനെ ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ അവിനാശിനെ ചൂണ്ടി കാണിച്ചു കൊണ്ട് അത് രവീന്ദ്ര കൌശിക്ക് ആണെന്ന് പൂർണ്ണമായും പറയാനാകില്ല. 

അവിനാശിനേക്കാൾ കൌശിക്കുമായി സാമ്യത തോന്നിക്കുന്നതാണ് 'ഡി-ഡേ' യിൽ ഇർഫാൻ അവതരിപ്പിച്ച വലീ ഖാൻ എന്ന കഥാപാത്രം. ദാവൂദ് ഇബ്രാഹിമിനെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് പിടിച്ചു കൊണ്ട് വരുന്ന സാങ്കൽപ്പിക മിഷനാണ് സിനിമയുടെ ഇതിവൃത്തം. 'ഡി-ഡേ' എന്ന് പേരിട്ടിരിക്കുന്ന ഈ മിഷനിൽ ഇന്ത്യയിൽ നിന്ന് അയക്കുന്ന മൂന്നു പേർക്ക് പുറമേ പാകിസ്താനിൽ തന്നെയുള്ള റോയുടെ ഒരു ചാരൻ പങ്കു ചേരുന്നു. അതാണ്‌ വലീഖാൻ. വലീഖാന് കൌശിക്കുമായുള്ള സാമ്യതകൾ സങ്കൽപ്പിക്കാനുള്ള ഒരുപാട് അവസരങ്ങൾ സിനിമയിൽ സംവിധായകൻ പ്രേക്ഷകന് തരുന്നുണ്ട്. പാകിസ്താനിലേക്ക് വർഷങ്ങൾക്ക് മുൻപ് കുടിയേറുകയും പിന്നീട് അവിടെ പുതിയൊരു കുടുംബമുണ്ടാക്കി സ്ഥിര താമസമാക്കുകയും അതിനിടയിൽ ഇന്ത്യക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയും ചെയ്യുന്ന വലീ ഖാൻ എന്ന കഥാപാത്രം രവീന്ദ്ര കൌശിക്കിൽ നിന്ന് പ്രത്യക്ഷത്തിൽ വ്യത്യസ്തനാകുന്നില്ല എന്ന് തന്നെ പറയാം. അതേ സമയം സിനിമക്ക് വേണ്ടിയുണ്ടാക്കിയ കഥാപാത്രം എന്ന നിലയിൽ വലീ ഖാനെ കൌശിക്കിൽ നിന്ന് പല മാറ്റങ്ങളും വരുത്തി കൊണ്ടാണ് തിരക്കഥാകൃത്തുക്കളായ റിതേഷ് ഷായും സുരേഷ് നായരും സൃഷ്ടിച്ചിരിക്കുന്നത്. 

പാക് ജയിൽ ജീവിത കാലത്ത് കൌശിക്ക് ഇന്ത്യയിലുള്ള കുടുംബത്തിനു അയച്ച കത്തുകളിൽ ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ പ്രതിഷേധം വളരെ വ്യക്തമായിരുന്നു. ഇന്ത്യ ഒരിക്കലും ഔദ്യോഗികമായി രവീന്ദ്ര കൌശിക്കിനെ അംഗീകരിക്കുകയോ അയാളുടെ വിവരങ്ങൾ ശരി വക്കുകയോ ചെയ്തിരുന്നില്ല. നിയമപരമായി ചാരവൃത്തി അംഗീകരിക്കുന്നതിലുള്ള തടസ്സങ്ങൾ തന്നെയായിരുന്നു അതിന്റെ പ്രധാന കാരണം. കൌശിക്കിന്റെ ഒരു കത്തിൽ അദ്ദേഹം പറഞ്ഞത് താനൊരു അമേരിക്കക്കാര നായിരുന്നുവെങ്കിൽ മൂന്നാം ദിവസം ജയിൽ മോചിതനായിരുന്നേനെ. പക്ഷേ താനൊരു ഇന്ത്യക്കാരാനായിപ്പോയി. മാതൃ രാജ്യത്തിന് വേണ്ടി സ്വജീവിതം സമർപ്പിച്ച ഒരാൾക്ക് ഇന്ത്യ ഇതാണോ നൽകുന്നത് എന്നാണ്. ഇവിടെ മേൽപ്പറഞ്ഞ രണ്ടു സിനിമകളിലും ഇന്ത്യയുടെ ഈ നിലപാട് രണ്ടു തരത്തിലാണ് ചിത്രീകരിച്ചു കാണുക. 'ഏക്‌ ഥാ ടൈഗറി' ൽ തന്റെ കാമുകിയായ പാകിസ്താനി ചാര പ്രവർത്തകയെ കൊല്ലാനുള്ള ഇന്ത്യയുടെ ആഹ്വാനം അനുസരിക്കാതിരുന്ന അവിനാശിനെ ഇന്ത്യയുടെ ആളുകൾ തന്നെ ശത്രുവായി പ്രഖ്യാപിക്കുകയും കൊല്ലാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. 'ഡി-ഡേ' യിലേക്ക് വരുമ്പോൾ നിയമവിരുദ്ധമായ 'ഡി-ഡേ' മിഷൻ പരാജയപ്പെട്ടാൽ അതിനു ഇറങ്ങി തിരിച്ചവരെല്ലാം പാക് സൈന്യത്തിന്റെ പിടിയിലായാൽ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യക്ക് അത് മൂലമുണ്ടാകുന്ന അപമാന ഭയത്താലും വ്യക്തി വൈരാഗ്യങ്ങളുടെ പേരിലും RAW ക്കുള്ളിലെ ചിലർ തന്നെ മിഷനിൽ പങ്കെടുക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു. സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ പണയപ്പെടുത്തി അത്രയും കാലം ത്യാഗങ്ങൾ ചെയ്തവർ എത്ര പെട്ടെന്നാണ് അതേ രാജ്യത്തിന് വേണ്ടാത്തവരായി മാറുന്നത് എന്ന് നോക്കൂ. അവിനാശ് സിംഗ് റാത്തോഡിനുണ്ടായ ഈ തിരിച്ചറിവ് അയാളെ എക്കാലത്തേക്കും എല്ലാവരുടെയും കണ്ണ് വെട്ടിച്ചു കൊണ്ടുള്ള ഒരു ഒളിച്ചു ജീവിതത്തിനാണ് പ്രേരിപ്പിക്കുന്നതെങ്കിൽ വലീ ഖാൻ ആ തിരിച്ചറിവുകൾ ഉണ്ടായിട്ടു കൂടി അവസാന ശ്വാസം വരെ പരാജയമെന്ന് ഇന്ത്യ വിധിയെഴുതിയ ആ മിഷനെ സ്വന്തം ജീവൻ ത്യജിച്ച് വിജയത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. 

സിനിമക്കും ജീവിതത്തിനുമപ്പുറം ചിലത് 

ജീവിതവും സിനിമയും ഒരു പോലെയായിരിക്കില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാലും പലപ്പോഴും നമുക്ക് സമ്മതിക്കേണ്ടി വരുന്ന ഒരു കാര്യമാണ് ചില ജീവിതങ്ങൾ സിനിമയേക്കാൾ നാടകീയവും ചില സിനിമകൾ ജീവിതത്തേക്കാൾ യാഥാർത്ഥ്യവുമാണെന്നത്. രവീന്ദ്ര കൌശിക്ക് ഇന്ത്യക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങളുടെ സാഹസികത കണക്കിലെടുത്താൽ അദ്ദേഹം ഒരു ഹീറോ തന്നെയാണ്. എന്നാൽ മറ്റൊരു രാജ്യത്തിലേക്കുള്ള നുഴഞ്ഞു കയറ്റവും സ്വന്തം കാര്യം നേടുന്നതിനു വേണ്ടിയുള്ള ആ രാജ്യത്തോടുള്ള വഞ്ചനകളും കണക്കിലെടുക്കുമ്പോൾ അതിൽ പലയിടത്തും മനസാക്ഷി പറയുന്ന ചില ശരികേടുകൾ ഉണ്ടെന്ന് നമുക്ക് സമ്മതിക്കേണ്ടി വരും. അല്ലാത്ത പക്ഷം നമ്മൾ കാണിക്കുന്നത് വെറും ഇരട്ട താപ്പുകളായി വിലയിരുത്തപ്പെടും. നമ്മുടെ രാജ്യത്തിലേക്ക് നുഴഞ്ഞു കയറി വന്ന് നമ്മുടെ രാജ്യക്കാരനാകുകയും പിന്നീട് സൈന്യത്തിൽ അംഗമായി ചേർന്ന് ഉയർന്ന പദവിയിലെത്തിയ ശേഷം പാകിസ്താന് വേണ്ടി വിവരങ്ങൾ ചോർത്തി കൊടുത്ത ഒരാളോടുള്ള നമ്മുടെ നിലപാട് എന്തായിരിക്കുമോ അത് തന്നെയല്ലേ സമാനമായി പ്രവർത്തിച്ച കൌശിക്കിനോടും നമുക്ക് വേണ്ട നിലപാട് ? സിനിമകൾ പലപ്പോഴും ഇത്തരം ചോദ്യങ്ങൾ കൂടി ഉയർത്തി കൊണ്ടാണ് അവസാനിക്കുന്നത്. 

-pravin-