Saturday, July 27, 2019

വേണ്ടത്ര ശുഭമാകാതെ പോയ ഒരു രാത്രി !

ഒരു യഥാർത്ഥ സംഭവത്തിന്റെ സിനിമാവിഷ്ക്കാര ശ്രമം എന്നതിനപ്പുറം ഒരു തലത്തിലും മികവറിയിക്കാൻ സാധിക്കാതെ പോയ സിനിമ എന്ന് പറയേണ്ടി വരുന്നു.   

സമീപ കാലത്ത് കേരളത്തിൽ കേട്ട് തുടങ്ങിയ ഐ.എസ് ഭീകരവാദ ബന്ധങ്ങളും സിറിയയിലേക്കുള്ള മതകീയ പലായനങ്ങളുമൊക്കെ ചേർത്ത് വച്ച് കൊണ്ടുള്ള തുടക്കവും, യഥാർത്ഥ ഇസ്ലാമിന്റെ വ്യാഖ്യാനങ്ങളും സാരോപദേശങ്ങളും പറഞ്ഞു തരാനായി നിയോഗിക്കപ്പെടുന്ന കഥാപാത്രങ്ങളും, അഴകുഴന്നനെയുള്ള അവതരണ ശൈലിയും സംഭാഷണങ്ങളിലെ അതി നാടകീയതകളുമൊക്കെയായി ഇഴഞ്ഞു വലിയുന്നുണ്ട് സിനിമ. 

സിനിമയിൽ മുഴുവൻ നിറഞ്ഞു നിക്കുന്നത് സിദ്ധീഖിന്റെ നന്മയുള്ള മുഹമ്മദ് എന്ന കഥാപാത്രം മാത്രമാണ്. ആ തലത്തിൽ ഇത് സിദ്ധീഖിന്റെ മാത്രം സിനിമയായി മാറുന്നുമുണ്ട്. ദിലീപാകട്ടെ ഈ സിനിമക്ക് വേണ്ടിയുള്ള വെറും മാർക്കറ്റിങ് ടൂൾ മാത്രമായി ഒതുങ്ങുകയും ചെയ്യുന്നു. 

ആകെ മൊത്തം ടോട്ടൽ = നന്മയുറ്റുന്ന ഒരു കഥ സിനിമക്കുണ്ട് എന്ന് സമ്മതിക്കുമ്പോഴും തിരക്കഥയിലും അവതരണത്തിലുമൊക്കെ അമ്പേ പരാജയമായി മാറുകയാണ് 'ശുഭരാത്രി'. ആകപ്പാടെ ആശ്വാസമായി എന്തെങ്കിലും പറയാവുന്നത് സിദ്ധീഖിന്റെയും ഇന്ദ്രൻസിന്റെയും കഥാപാത്രങ്ങളും പ്രകടനവുമാണ്. 

*വിധി മാർക്ക് = 4/10 

-pravin-

Thursday, July 11, 2019

ഓസ്‌ക്കാറിലേക്ക് ഒരു സിനിമാ യാത്ര


സിനിമക്കുള്ളിലെ സിനിമയല്ല ഇത് ഒരു സിനിമാക്കാരന്റെയും അയാളുടെ സിനിമയുടെയും കഥയാണ്..അയാൾക്ക് ചുറ്റിലുമുള്ളവരുടെയും അയാൾ കണ്ടു മുട്ടുന്നവരുടേയുമൊക്കെ കഥയാണ്. 

മലയാള സിനിമാ ലോകത്ത് നിന്നും ഓസ്‌ക്കാറിലേക്ക് നീളുന്ന തന്റെ സിനിമാജീവിത യാത്രയിൽ ഇസ്ഹാക്ക് നേരിടുന്ന പ്രതിസന്ധികളും അയാളുടെ അനുഭവങ്ങളും പ്രതീക്ഷകളും തിരിച്ചറിവുകളുമൊക്കെ സിനിമയെ നെഞ്ചിലേറ്റുന്ന ഏതൊരാളെയും അനുഭവഭേദ്യമാക്കും വിധം അവതരിപ്പിച്ചിട്ടുണ്ട് സലിം അഹമ്മദ്. 

സലിംകുമാറിന്റെ മൊയ്തുവും, സിദ്ധീഖിന്റെ പ്രിൻസുമൊക്കെ ടൊവിനൊയുടെ ഇസഹാഖിനൊപ്പം തന്നെ നമ്മുടെ മനസ്സിൽ കുടിയേറുന്നുണ്ട് പല സീനുകളിൽ കൂടി. ഇസ്ഹാഖിന്റെ 'മിന്നാമിനുങ്ങളുടെ ആകാശം' നമ്മൾ കണ്ടറിയാത്ത ഒരു സിനിമയെങ്കിലും അനുഭവിച്ചറിയുന്ന നോവായി അത് മാറുന്നത് മൊയ്തുക്ക എന്ന കഥാപാത്രത്തിലൂടെയാണ്. ഭ്രാന്ത് ഒരു അസുഖമല്ല ചിലതിനോടുള്ള ഇഷ്ടക്കൂടുതലാണെന്നും അത് സിനിമയോട് ഒരുപാടുണ്ടായിരുന്ന ആളായിരുന്നു താനെന്നും പറയുന്ന പ്രിൻസിനു സിനിമയെ ഒഴിവാക്കി ജീവിതം തിരഞ്ഞെടുക്കേണ്ടി വന്നപ്പോൾ അനുഭവിക്കേണ്ടി വന്ന മനഃസംഘർഷം സ്‌ക്രീനിൽ നിന്നും പ്രേക്ഷകനിലേക്ക് എത്തുന്നുണ്ട്. 

സിനിമ തന്നെ ജീവിതമെന്നു പറയാമെങ്കിലും സിനിമയും ജീവിതവും രണ്ടു തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് മൊയ്തുക്ക. നമുക്ക് ചുറ്റിലുമുള്ള ജീവിതങ്ങളെ സിനിമയിലേക്ക് പറിച്ചു നടാൻ സാധിക്കുമെങ്കിലും സിനിമയിലെ കാര്യങ്ങൾ അതേ പടി ജീവിതത്തിൽ സംഭവിക്കുന്നില്ല. സിനിമ മാത്രമെന്ന് അറിഞ്ഞിട്ടും സിനിമ നൽകുന്ന അനുഭവപ്പെടുത്തലുകളിലൂടെയാണ് അത് മനുഷ്യ മനസ്സുകളെയും ജീവിതത്തെയുമൊക്കെ കുളിരണയിക്കുന്നതും സന്തോഷിപ്പിക്കുന്നതും. 

സിനിമ ഒരാളുടെ മാത്രം ശ്രമമല്ല ഒരുപാട് പേരുടെ കഴിവും സഹകരണവുമൊക്കെ കൂടി ഒത്തു ചേരുമ്പോൾ സംഭവിക്കുന്ന ഒരു ക്രിയാത്മകതയാണ്. അങ്ങിനെയെങ്കിൽ കൂടി സിനിമ ആത്യന്തികമായി മികവറിയിക്കുന്നത് അതിന്റെ സംവിധായകനിൽ കൂടിയാണ് എന്ന് പറഞ്ഞു വെക്കുന്നുണ്ട് ശ്രീനിവാസന്റെ അരവിന്ദൻ എന്ന കഥാപാത്രം. പൂച്ചയും കാക്കയും നായയുമൊക്കെ സിനിമയിൽ നന്നായി അഭിനയിച്ചു എന്ന് പറഞ്ഞു കേക്കാമെങ്കിലും അവരൊന്നും ഒരു സിനിമ സംവിധാനം ചെയ്തു എന്ന് കേൾക്കാത്തത് അത് കൊണ്ടാണെന്ന അരവിന്ദന്റെ വാദം ശരി വക്കുന്നത് സലിം അഹമ്മദ് എന്ന പ്രതിഭാധനനായ സംവിധായകനെ തന്നെയാണ്. 

സിനിമ കഴിഞ്ഞിട്ടും മായാതെ മനസ്സിൽ നിൽക്കുന്ന ഒരു ദൃശ്യമുണ്ട്. മിന്നാമിനുങ്ങുകൾ മിന്നി പാറി കളിക്കുന്ന കുന്നിൻ മുകളിൽ പോയി നിക്കുന്ന മൊയ്തുക്ക. സ്വന്തം സിനിമയിൽ ചിത്രീകരിക്കാൻ സാധിക്കാതെ പോയ ആ ദൃശ്യം നേരിട്ട് കണ്ടു വരുന്ന ഇസ്ഹാഖ്‌. എന്തൊരു ഗംഭീര സീനായിരുന്നു അത്. മധു അമ്പാട്ട് സംവിധായകനെ പോലും മറി കടന്നു ചിന്തിച്ചു പോയിരിക്കുമോ ആ സീൻ എടുക്കുമ്പോൾ എന്ന് ആലോചിച്ചു പോയി. 

പ്രതിസന്ധികളെ തരണം ചെയ്യാൻ വലിയൊരു ഊർജ്ജം തരുന്ന, ജീവിക്കാൻ വീണ്ടും പ്രേരിപ്പിക്കുന്ന അദൃശ്യമായ ഒരു ശക്തി ആ കുന്നിൻ മുകളിലുണ്ടെന്ന് ആദ്യം അനുഭവിച്ചറിഞ്ഞ മൊയ്തുക്കയുടെ അതേ വഴിയിലൂടെ ഇസഹാഖിനെയും നടത്തിച്ചത് ആരായിരിക്കാം ? മനസ്സിൽ സങ്കടങ്ങൾ പെയ്തിറങ്ങുമ്പോൾ ഞാനിങ്ങനെ ഒറ്റക്ക് ഈ കുന്നിൻ മുകളിലെ മരച്ചുവട്ടിൽ വന്നിരിക്കാറുണ്ട് എന്ന് ആദാമിന്റെ മകൻ അബുവിനോട് പറഞ്ഞ പഴയ ഉസ്താദിനെ ഓർത്തു പോയ സീൻ കൂടിയാണത്. അബുവും ഉസ്താദും സംസാരിച്ചു നിന്ന അത് പോലൊരു കുന്നിന്റെ മറ്റൊരു ദൃശ്യാവിഷ്ക്കാരത്തിൽ ഉസ്താദിന് പകരം മൊയ്തുക്കയും അബുവിനു പകരം ഇസഹാഖും വന്നു നിൽക്കുന്നു. 

നമ്മളെക്കാൾ കഴിവും യോഗ്യതയുമുള്ള ഒരുപാട് പേര് ലോകത്തുണ്ടായിട്ടും അക്കൂട്ടത്തിൽ നിന്ന് നമ്മളെ പടച്ചോൻ ഇത്രയിടം വരെ കൈ പിടിച്ചു ഉയർത്തിയിട്ടുണ്ടെങ്കിൽ നമ്മൾ പടച്ചോന് അത്ര മാത്രം പ്രിയപ്പെട്ടവരായത് കൊണ്ടാണ് എന്ന ഓർമ്മപ്പെടുത്തൽ നമ്മുടെ മനസ്സുകളിലേക്ക് വീശുന്ന വെളിച്ചത്തിന് കണക്കില്ല. തീർച്ചയായും സലിം അഹമ്മദ് എന്ന സംവിധായകനും ഇതേ പടച്ചവന്റെ ഒരു തിരഞ്ഞെടുപ്പാണ്. അത് കൊണ്ട് തന്നെ ഇസഹാഖെന്ന കഥാപാത്രം അഭ്രപാളിയിലെ വെളിച്ചത്തു നിക്കുമ്പോൾ അതേ കഥാപാത്രത്തിന്റെ നിഴലിൽ സലിം അഹമ്മദിനെ ആരെങ്കിലും കണ്ടു പോയാൽ അതിൽ തെറ്റ് പറയാനില്ല. 

ആകെ മൊത്തം ടോട്ടൽ = ഇടക്കിത്തിരി ലാഗ് ഉണ്ടെന്നതൊഴിച്ചാൽ സിനിമാ പ്രേമികളുടെ മനസ്സിൽ തട്ടുന്ന ഒരു നല്ല സിനിമയാണ് ഓസ്‌ക്കാർ. ഒരു സിനിമ ഉണ്ടാകുന്നതിനു പിന്നിലെ കഷ്ടപ്പാടുകളും കടമ്പകളും തൊട്ട് ഓസ്‌ക്കാർ നോമിനേഷനുമായി ബന്ധപ്പെട്ടു നമുക്കറിയാത്ത കാര്യങ്ങളെ കുറിച്ചൊക്കെ പറഞ്ഞു പോകുന്ന സിനിമ ഹൃദ്യമായ സംഭാഷണങ്ങളുടെ കൂടിയാണ്. എല്ലാ സിനിമകളുടെയും ഭാഷ ഒന്നാണ് - ദൃശ്യം. ആ ഭാഷ ഉൾക്കൊള്ളുമ്പോൾ സിനിമക്ക് ഒരൊറ്റ ലോകമേ ഉള്ളൂ- ആസ്വാദനം. ലോകത്തിന്റെ പല ഭാഗത്തിരുന്നു സിനിമ കണ്ട് ഇഷ്ടപ്പെടുമ്പോൾ പ്രേക്ഷകർ നൽകുന്ന കൈയ്യടികൾ തന്നെയാണ് ഓസ്ക്കാറിനെക്കാൾ വലിയ അവാർഡ്. സിനിമയെ സ്നേഹിക്കുന്നവർ കാണാതെ പോകരുത് ഈ 'ഓസ്‌ക്കാർ'. 

*വിധി മാർക്ക് = 7.5/10 

-pravin- 

Sunday, July 7, 2019

Article 15 - ഉള്ളു പൊള്ളിക്കുന്ന സാമൂഹിക യാഥാർഥ്യങ്ങൾ

സമകാലീന ഇന്ത്യയുടെ നേർ ചിത്രങ്ങളിലൂടെ കഥ പറയുന്ന നട്ടെല്ലുള്ള ഒരു സംവിധായകന്റെ സിനിമ എന്ന് പറയാം. ഉത്തർപ്രദേശ് ആണ് സിനിമയുടെ കഥാ പശ്ചാത്തലമെങ്കിലും ഉത്തർപ്രദേശിന്റെ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാകെയുള്ള സാമൂഹ്യ ദുരവസ്ഥകളെ കൂട്ടിയിണക്കി കൊണ്ടാണ് അവതരണം. ജാതിയും മതവുമൊക്കെ ഒരു സമൂഹത്തെ എത്ര മേൽ ബാധിച്ചു കിടക്കുന്നുണ്ട് എന്ന് കാണിച്ചു തരുന്നു സിനിമ. പോലീസടക്കമുള്ള ഉദ്യോഗസ്ഥ സമൂഹത്തിൽ പോലും ജാതീയതയാണ് പദവികൾക്കും ബഹുമാനത്തിനും മാനദണ്ഡം.

ദളിതർക്ക് നേരെയുള്ള ആക്രമണങ്ങളും അവരോട് എന്തുമാകാം എന്ന സമൂഹത്തിന്റെ ചിന്തയുമൊക്കെ ഭീകരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് സിനിമയിൽ. ഭ്രഷ്ടുകളുടെ ഒരു വലിയ ലോകം ഇന്ത്യക്കുള്ളിൽ ശക്തിയാർജ്ജിക്കുമ്പോൾ അംബേദ്ക്കറുടെ പ്രതിമ പലതിനും മൂക സാക്ഷിയാകുകയാണ്. 

ഒരു രാജ്യമായാൽ അവിടെ രാജാവും പ്രജയും തോഴരും പണിക്കാരും അടിമകളുമൊക്കെ വേണം, എല്ലാവരും ഒരു പോലെയായാൽ പ്രകൃതിയുടെ സന്തുലനാവസ്ഥ തകരുമെന്നൊക്കെയുള്ള ന്യായം കൊണ്ട് ജാതീയത ന്യായീകരിക്കപ്പെടുമ്പോൾ എന്തിനാണ് നമുക്കിടയിൽ ഒരു രാജാവ് എന്ന ചോദ്യം ഉയർത്തുകയാണ് സിനിമ. 

എപ്പോഴെങ്കിലും ഭരണഘടനാനുസൃതമല്ലാതെ രാജ്യത്തെ സിസ്റ്റങ്ങൾ പ്രവർത്തിക്കുന്നു എന്ന് ബോധ്യപ്പെട്ടാൽ അന്ന് ഭരണഘടനയുടെ പുസ്തകം കത്തിക്കാൻ താൻ മുന്നിലുണ്ടാകും എന്ന അംബേദ്കർ വചനം ഓർമ്മിപ്പിക്കുന്ന നിഷാദുമാർ റബലായി എന്നതിന്റെ പേരിൽ എൻകൗണ്ടർ കില്ലിങിന്റെ ഇരയാകുമ്പോൾ മതവും ജാതിയും പറഞ്ഞു ഒരു ജനതയെ വിഭജിച്ചു വോട്ട് വാങ്ങി ചന്ദ്രഭാനുമാർ ഭരണത്തിലേറുകയും സിസ്റ്റത്തെ മുഴുവൻ സ്വന്തം വരുതിയിലാക്കുകയും ചെയ്യുന്നു. 

അനുഭവ് സിംഹ എന്ന സംവിധായകന്റെ നിലപാടുകളും ആയുഷ്മാൻഖുറാന എന്ന നടൻ തന്റെ സിനിമാ തിരഞ്ഞെടുപ്പുകളിൽ കാണിക്കുന്ന സൂക്ഷ്മതയും എടുത്തു പറയേണ്ടതാണ്. ഇവാൻ മുല്ലിഗന്റെ ഛായാഗ്രഹണവും മങ്കേഷ് ധാക്ഡേയുടെ പശ്ചാത്തല സംഗീതവുമൊക്കെ ചേർന്ന് സിനിമയുടെ തീമിന് നൽകുന്നത് ഭീകരമായ ഒരു ഭംഗിയാണ്. അത് തിയേറ്റർ സ്‌ക്രീനിൽ നിന്ന് കണ്ടും കേട്ടും ആസ്വദിക്കേണ്ടതാണ്. 

ആകെ മൊത്തം ടോട്ടൽ = Article 15 ന് ഒരു ത്രില്ലർ സിനിമക്കുള്ള ചേരുവകൾ ഉണ്ടെങ്കിലും ഇത് ഒരു ക്രൈം ത്രില്ലറോ പൊളിറ്റിക്കൽ ത്രില്ലറോ അല്ല. പക്ഷേപതിഞ്ഞ താളത്തിൽ ക്രൈമും പൊളിറ്റിക്സുമൊക്കെ ഭാഗമാക്കി കൊണ്ട് പറയാനുള്ള കാര്യങ്ങൾ വ്യക്തമായും പച്ചക്കും പറഞ്ഞു പോകുന്ന ഒരു നല്ല നിലപാടുള്ള സിനിമയാണ്. 

വിധി മാർക്ക് = 8.5/10 

-pravin- 

Tuesday, July 2, 2019

കാര്യമുള്ള 'തമാശ'

കാര്യം പറയുന്ന തമാശ !! മറ്റുള്ളവരെ വേദനിപ്പിക്കാനും പരിഹസിക്കാനുമുള്ളതല്ല തമാശ എന്ന് ഓർമ്മപ്പെടുത്തുന്ന ' തമാശ'. 

'ഡാ തടിയാ' സിനിമയിലൂടെ ആഷിഖ് അബുവും കൂട്ടരും പറഞ്ഞു തുടങ്ങിയതിന്റെ അർത്ഥവത്തായ, അനിവാര്യമായ ഒരു തുടർച്ച കൂടിയാണ് ഈ സിനിമ. ബോഡി ഷെയ്മിങ്ങും സോഷ്യൽ മീഡിയക്ക് അകത്തും പുറത്തുമുള്ള ആൾക്കൂട്ട വിചാരങ്ങളും വിചാരണകളും പൊതുബോധങ്ങളുമൊക്കെ ചേർത്ത് കഥ പറയുക എന്നതിലുപരി പറയാനുള്ള കാര്യങ്ങളെ സരസമായി അവതരിപ്പിച്ചു കൊണ്ട് നിലപാട് പറയുകയാണ് തമാശ. 

ഒരാൾ പറയുന്ന തമാശ അത് തമാശയായി സ്വീകരിക്കപ്പെടുന്നത് ഒരു കൂട്ടം പേരുടെ ചിരി കൊണ്ടല്ല മറിച്ച് അതാരെയും ഉപദ്രവിക്കാതെ ചിരി പടർത്തി കൊണ്ട് ഒരു കാര്യം പറയുമ്പോഴാണ്. അത്തരത്തിൽ എന്താണ് തമാശ എന്തല്ല തമാശ എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കി തരാനുളള ശ്രമം കൂടിയാണ് ഈ സിനിമ. മറ്റൊരർത്ഥത്തിൽ മലയാള സിനിമ ഒരു കാലത്ത് പിന്തുടർന്ന് വന്നിരുന്ന ബോഡി ഷെയ്മിങ്ങുകളെ തമാശകളുടെ ലിസ്റ്റിൽ നിന്ന് വെട്ടി കളഞ്ഞു കൊണ്ട് തമാശയെ മനോഹരമായി പുനർ നിർവ്വചിക്കുകയാണ് അഷ്‌റഫ് ഹംസയും കൂട്ടരും. 

ഒരു പൊതു ഇടത്തിൽ വച്ച് തലയിലെ വിഗ്ഗ് ഊരി മാറ്റപ്പെടുമ്പോൾ, അക്കാരണത്താൽ ഒരാൾ പരിഹാസ്യനാകുമ്പോൾ, അയാൾ ആൾക്കൂട്ടത്തിൽ നിന്ന് ഓടി മറയുമ്പോൾ ചിരിക്ക് പകരം കരച്ചിലാണ് വന്നതെങ്കിൽ അവിടെയാണീ സിനിമയുടെ വിജയം. (എന്നിട്ടും പുറകിലാരോക്കെയോ ചിരിക്കുന്നത് കേട്ടപ്പോൾ ആ സങ്കടം കൂടുകയാണുണ്ടായത്. സിനിമ പരാജയപ്പെടുന്നത് അവർക്ക് മുന്നിൽ മാത്രമാണ് ) 

വടക്കുനോക്കി യന്ത്രത്തിലെ നിലവിളക്ക്-കരിവിളക്ക് തമാശകളെയൊക്കെ തമാശകൾ അല്ലെന്നു പറയാൻ സാധിക്കുന്ന, ആദ്യമായി കാണുന്നവർ പോലും തടി കുറക്കാൻ ടിപ്സ് പറഞ്ഞു തുടങ്ങുമ്പോൾ എനിക്ക് ഫലൂദയാണിഷ്ടം എന്ന് പറയുന്ന ചിന്നുമാരുടെ കൂടിയാണ് തമാശ. ചിന്നുവിന്റെ പോസിറ്റിവിറ്റി സിനിമക്ക് നൽകുന്ന പ്രസരിപ്പ് ചെറുതല്ല. ശ്രീനിയും ചിന്നുവും തമ്മിൽ നല്ല പൊരുത്തമുണ്ടെന്നു പ്രേക്ഷകർക്ക് തോന്നിപ്പോകുന്നിടത്താണ് സിനിമ വലിയൊരു പൊതുബോധത്തെ തകർത്തിട്ട ശേഷം നിലപാടിന്റെ വിജയമുറപ്പിക്കുന്നത്. 

മുടിയും തടിയും ഒന്നുമല്ല പ്രണയവും ജീവിതവും മനപ്പൊരുത്തവുമെന്ന് ബോധ്യപ്പെടുത്താൻ റഹീമും അമീറയും വേണ്ടി വന്നു എന്നതാണ് മറ്റൊരു സത്യം. എത്ര മനോഹരമായാണ് ഇത്രയേറെ കാര്യങ്ങൾ ഈ കൊച്ചു സിനിമയിൽ തുന്നി ചേർത്തി വച്ചിരിക്കുന്നത്  എന്ന് പറയ വയ്യ. 

അറിഞ്ഞു വിളമ്പിയാൽ വേണ്ടെന്നു പറയാൻ സാധിക്കാത്ത രണ്ടേ രണ്ടു സംഗതികളേ ഈ ഭൂമിയിലുള്ളൂ ഒന്ന് - സ്നേഹവും രണ്ട്- ഭക്ഷണവും എന്ന റഹീമിന്റെ കോപ്പി റൈറ്റുള്ള ചിന്ത ഇനി എത്ര പേരുടെ പ്രണയവും ജീവിതവും തീരുമാനിക്കുമായിരിക്കും എന്നറിയില്ല. പക്ഷേ ഒന്നുറപ്പാണ്, ജയിച്ചില്ലെങ്കിലും തോറ്റു കൊടുക്കാൻ സാധിക്കില്ല എന്ന് പറയുന്ന റഹീമും മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കാതെ സ്വന്തം ജീവിതം ആഘോഷമായി തന്നെ ജീവിച്ചു കാണിക്കുന്ന ചിന്നുവുമൊക്കെ നമുക്ക് ചുറ്റിലുമുള്ള ശ്രീനിവാസൻമാർക്ക് ഒരുപാട് ധൈര്യവും കരുത്തും നൽകും. അവർ സമൂഹത്തിൽ ഒറ്റപ്പെടില്ല എന്ന വിശ്വാസം ഉയർത്തി കാണിക്കൽ കൂടിയാണ് ഈ സിനിമയുടെ ദൗത്യം. 

ആകെ മൊത്തം ടോട്ടൽ = മലയാള സിനിമയിലെ പുത്തൻ വസന്തങ്ങളാണ്‌ അഷ്‌റഫ് ഹംസയും കൂട്ടരും. എത്ര കണ്ട് ഈ സിനിമ സംവിധയകന്റെ ആണോ അത്ര തന്നെ ഇത് വിനയ് ഫോർട്ടിന്റെയും നവാസ് വള്ളിക്കുന്നിന്റെയും ചിന്നു ചാന്ദ്നിയുടെയും ഹൃദ്യമായ പ്രകടനത്തിന്റെ കൂടിയാണ്. 

*വിധി മാർക്ക് = 8/10 

-pravin-