Saturday, February 22, 2020

വരനെ ആവശ്യമുണ്ട് - ഒരു ഫീൽ ഗുഡ് കുടുബ പ്രണയ സിനിമ !!


പുതുമകൾക്കുമപ്പുറം അനുഭവപ്പെടുത്തലുകളാണ് ചില സിനിമകളുടെ ആസ്വാദനം. കഥയും കഥാപാത്രങ്ങളും കഥാപശ്ചാത്തലവുമൊക്കെ മാറുമ്പോഴും ഒരു കാലത്ത് സത്യൻ അന്തിക്കാട് സിനിമകൾ തന്നിരുന്ന അത്തരം ആസ്വാദനത്തിന്റെ തുടർച്ച തന്നെയാണ് അനൂപ് സത്യനിലൂടെയും സംഭവിക്കുന്നത്. അതൊരു തെറ്റോ പോരായ്‌മയോ ആയി വിലയിരുത്തേണ്ടതില്ല.

മധ്യവയസ്സ്ക്കരുടെ പ്രണയം പല സിനിമകളിലും പല രീതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സിബി മലയിലിന്റെ 'ഇഷ്ടം' സിനിമയിൽ നെടുമുടി വേണുവിന്റെ കൃഷ്ണൻ കുട്ടിമേനോൻ വർഷങ്ങൾക്ക് ശേഷം പഴയ കാമുകിയെ കാണുകയും പ്രണയിച്ചു പോകുകയും ചെയ്യുന്നുണ്ട്.

ലവ് 24x 7 സിനിമയിലെ ഡോക്ടർ സരയുവും ഡോക്ടർ സതീഷും വയസ്സാം കാലത്ത് ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതും പഴയൊരു നഷ്ട പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ്. പറഞ്ഞു പോകുമ്പോൾ ഇനിയുമുണ്ടാകാം അത്തരം കഥാപാത്രങ്ങളും പ്രണയങ്ങളുമൊക്കെ. പക്ഷേ അനൂപ് സത്യന്റെ സിനിമയിൽ മേജർ ഉണ്ണിക്കൃഷ്ണനും നീനയും തമ്മിൽ പൂർവ്വ കാല പ്രണയമോ പരിചയമോ ഒന്നും തന്നെയില്ല. എന്നിട്ടും അവർക്കിടയിൽ ഒരു മനോഹരമായ പ്രണയത്തിന് സ്‌പേസ് ഉണ്ടാക്കി കൊടുക്കുന്നുണ്ട് അനൂപ് സത്യൻ.

തിരക്കഥയിൽ ഓരോ കഥാപാത്രങ്ങൾക്കും അത്ര മാത്രം ഡീറ്റൈലിങ് ഉണ്ടായിരുന്നത് കൊണ്ടാകാം സിനിമയിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളും വ്യക്തമായി അടയാളപ്പെടുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും മികച്ചു നിന്ന രണ്ടു കഥാപാത്രങ്ങൾ സുരേഷ് ഗോപിയുടെ മേജർ ഉണ്ണികൃഷ്ണനും ശോഭനയുടെ നീനയും തന്നെ. ദുൽഖറും കല്യാണിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകളേക്കാൾ സുരേഷ് ഗോപി- ശോഭന സീനുകളാണ് ഹൃദ്യമായി മാറുന്നത്.

മുൻകോപിയും അന്തർമുഖനുമായ മേജർ ഉണ്ണികൃഷ്ണനെ അത്ര മേൽ ഭദ്രമാക്കി അവതരിപ്പിക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്. കോപവും, പരിഭ്രമവും, നാണവും, സഭാകമ്പവും, ഒറ്റപ്പെടലിന്റെ സങ്കടവും, പറയാനറിയാത്ത പ്രണയവുമൊക്കെയായി പല തരം ഇമോഷനുകളെ പല സാഹചര്യങ്ങളിൽ ഒരൊറ്റ കഥാപാത്രത്തിലൂടെ ഗംഭീരമായി അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നു സുരേഷ് ഗോപി. മേജർ ഉണ്ണികൃഷ്ണൻ സുരേഷ് ഗോപിയുടെ കരിയറിലെ വേറിട്ട ഒരു കഥാപാത്രമായി മാറുന്നതും അത് കൊണ്ടൊക്കെ തന്നെ. 

മൂന്നു നാലു പ്രണയങ്ങളുടെ ഓർമ്മകളും, അതിൽ തന്നെ ഒരു പ്രണയത്തെ തുടർന്നുള്ള ഒളിച്ചോട്ടവും വിവാഹവും, വിവാഹ മോചനവുമൊക്കെയായി ശിഷ്ടകാലം സ്വന്തം കാലിൽ ജീവിക്കുന്ന. നീനയുടെ ജീവിതവും സംഭവ ബഹുലമാണ്. പ്രണയത്തിനോടുള്ള അവരുടെ കാഴ്ചപ്പാടുകൾക്ക് പ്രായം ഒരിക്കലും ഒരു ബാധ്യതയായി നിൽക്കുന്നില്ല. തന്റെ പ്രണയം മകൾക്ക് ഇഷ്ടക്കേട് ഉണ്ടാക്കുന്നു എന്ന് മനസ്സിലാകുമ്പോഴും അവർ മകൾക്ക് വേണ്ടി പ്രണയം ഒഴിവാക്കുന്ന അമ്മയായി മാറുകയല്ല പകരം തന്റെ പ്രണയത്തെ മകൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയാണ് ചെയ്യുന്നത്.

ഒളിച്ചോടി കല്യാണം കഴിക്കുന്ന ത്രില്ലിൽ രജിസ്റ്ററിൽ ഒപ്പിടാൻ നിക്കുന്ന സമയത്ത് റാമിനെ കൈ കൊണ്ട് ഒന്ന് നുള്ളിയപ്പോൾ തന്റെ കാലിൽ ഷൂ കൊണ്ട് ചവിട്ടിയമർത്തുകയാണ് ചെയ്തത്. ആ വേദനയിലാണ് താൻ രജിസ്റ്ററിൽ ഒപ്പു വച്ചത്. അത് വരേയ്ക്കും താൻ പ്രണയിച്ച ആളല്ലാതെയായി റാം മാറിയത് വിവാഹ ശേഷമാണെന്നൊക്കെ ഓർത്തെടുത്തു പറയുന്ന നീനയെ ശോഭന എത്ര അനായാസമായാണ് അവതരിപ്പിക്കുന്നത്.

ശോഭന എന്നല്ല കുറച്ചു സീനുകളിൽ വന്നു പോകുന്ന ഉർവ്വശി പോലും സിനിമയിലെ തന്റെ റോൾ മനസ്സിൽ തൊടും വിധം അവതരിപ്പിക്കുന്നുണ്ട്. തന്റെ മകൻ തന്നെ പോലെയാണെന്നായിരുന്നു വിചാരിച്ചത്, പക്ഷേ അവൻ അവന്റെ അച്ഛനെ പോലെയാണ് അത് കൊണ്ട് മോൾ ഒരിക്കലും അവനെ വിവാഹം കഴിച്ചു തന്റെ വീട്ടിലേക്ക് വരരുത് എന്ന് നിക്കിയോട് വിതുമ്പി പറയുന്ന അമ്മ കഥാപാത്രം. നടക്കാതെ പോയ ആ കല്യാണത്തിൽ തനിക്ക് നഷ്ടപ്പെട്ടത് ഒരു വരനെ ആയിരുന്നില്ല ആ അമ്മയെയാണ് എന്ന് നിക്കി പറഞ്ഞു പോകുന്നതിലുണ്ട് ഉർവ്വശിയുടെ ഡോക്ടർ ഷേർലി എന്ന കഥാപാത്രത്തിന്റെ മുഴുവൻ സൗന്ദര്യവും.

സുരേഷ് ഗോപിയുടെ മേജർ ഉണ്ണികൃഷ്ണനും, ശോഭനയുടെ നീനയും ദുൽഖറിന്റെ ബിബീഷുമടക്കമുള്ള കഥാപാത്രങ്ങൾ അവരവരുടെ ഭൂതകാലം ഓർത്തെടുത്തു പറയുന്ന സീനുകളെല്ലാം മനസ്സിൽ തൊടും വിധം ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട് അനൂപ് സത്യൻ. ക്ലൈമാക്സ് സീനുകളിലെ സുരേഷ് ഗോപിയുടെ സ്‌പീച്ചും പ്രകടനവുമൊക്കെ സിനിമയിലെ ഏറ്റവും പ്ലസ് ആയി തന്നെ വിലയിരുത്താം.

പ്രണയം ഒരു രോഗമോ കുറ്റമോ അല്ല. മനസ്സ് തുറന്നു പ്രണയിക്കാനും , ആ പ്രണയം തുറന്നു പറയാനും നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടില്ല എവറസ്റ്റ് കയറി ഇറങ്ങാൻ. 'വരനെ ആവശ്യമുണ്ട്' പറഞ്ഞവസാനിപ്പിക്കുന്നിടത്തു നിന്ന് ചിലതെല്ലാം ചിന്തിക്കേണ്ട ആവശ്യവുമുണ്ട്.

ആകെ മൊത്തം ടോട്ടൽ = പുതുമകൾ ഇല്ലെന്ന് പരാതിപ്പെടാം, പക്ഷെ കണ്ടിരിക്കാവുന്ന നല്ലൊരു ഫാമിലി എന്റർടൈനർ എന്ന നിലക്കുള്ള എല്ലാ ഗ്യാരണ്ടിയുമുള്ള സിനിമയാണ് അനൂപ് സത്യന്റെ 'വരനെ ആവശ്യമുണ്ട്'. 

*വിധി മാർക്ക് = 7/10 

-pravin- 

Saturday, February 15, 2020

അയ്യപ്പനും കോശിയും - ന്യായവും ദുരഭിമാനവും തമ്മിലുള്ള ഒടുങ്ങാത്ത പോരാട്ടം !!


സച്ചിയുടെ  തന്നെ തിരക്കഥയിൽ ഈ അടുത്ത് റിലീസായ 'ഡ്രൈവിങ് ലൈസൻസിൽ പറഞ്ഞു വയ്ക്കുന്ന ഒരു കാര്യമുണ്ട് - നെഞ്ചിൽ കൊണ്ട് നടക്കേണ്ട ആത്മാഭിമാനം തലയിലേക്ക് കേറിയാൽ അത് അഹങ്കാരവും ദുരഭിമാനവുമായി മാറുകയും ഒരു പക്ഷെ അത് തലക്ക് പിടിക്കുമ്പോൾ വ്യക്തിയുടെ മനോ നില പോലും താറുമാറാകാം എന്ന്. ഇതേ പ്രമേയം തന്നെയാണ് സച്ചിയുടെ 'അയ്യപ്പനും കോശി'യുടെയും ആധാരം. 

ഡ്രൈവിംഗ് ലൈസൻസിൽ ഒരു സൂപ്പർ താരത്തിന്റെയും അയാളുടെ ആരാധകന്റെയും ഇടക്ക് സംഭവിക്കുന്ന പ്രശ്നങ്ങളെ ഈഗോ പോർട്ടങ്ങളായി അവതരിപ്പിക്കുമ്പോൾ ഇവിടെ തീർത്തും വ്യത്യസ്തരായ രണ്ടു മനുഷ്യർ തമ്മിൽ അവിചാരിതമായി ഉടലെടുക്കുന്ന ചില പ്രശ്നങ്ങളെ ന്യായത്തിന്റെയും അധികാര ഹുങ്കിന്റെയുമൊക്കെ പോരാട്ടങ്ങളായി അവതരിപ്പിക്കുന്നു എന്ന് മാത്രം.

പ്രമേയപരമായ സാമ്യത നിലനിൽക്കുമ്പോഴും  രണ്ടു സിനിമയിലെ കഥാപാത്രങ്ങൾക്കും വെവ്വേറെ മാനസിക തലങ്ങളും നിലപാടുകളും പതിച്ചു കൊടുക്കാൻ സച്ചിക്ക് സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അത് കൊണ്ട് തന്നെയാണ് രണ്ടു തിരക്കഥകളും രണ്ടു സിനിമയായി തന്നെ മാറി നിക്കുന്നത്. 

അയ്യപ്പൻ നായരുടെ പേരിനു പിന്നിലെ കഥയും  മുണ്ടൂർ മാടനായിട്ടുള്ള അയാളുടെ ഭൂതകാലവുമൊക്കെ  മനസ്സിന്റെ സ്‌ക്രീനിൽ സിനിമയോളം തന്നെ പോന്ന മറ്റൊരു ദൃശ്യാവിഷ്ക്കരമായി നിറഞ്ഞു നിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നം എന്ന് തോന്നിപ്പിക്കുന്ന അതേ കാര്യങ്ങൾ രണ്ടു വ്യക്തികളുടെ മാത്രമല്ല ഒരു നാടിനെയും നാട്ടാരെയും അവിടത്തെ സിസ്റ്റത്തെയുമൊക്കെ ബാധിക്കുന്ന വലിയ പ്രശ്നമായി മാറുന്നു. 

ഡ്രൈവിംഗ് ലൈസൻസിൽ ഹരീന്ദ്രനും കുരുവിളക്കും ഒരു പോലെ സ്‌പേസ് കൊടുക്കാൻ വേണ്ടി മാത്രം സച്ചി നടത്തിയ ചില വിട്ടു വീഴ്ചകൾ അയ്യപ്പന്റേയും കോശിയുടെയും കാര്യത്തിൽ കാണിച്ചില്ല  എന്നത് ശ്രദ്ധേയമാണ്. അയ്യപ്പനെ ന്യായത്തിന്റെയും  കോശിയെ അഹങ്കാരത്തിന്റെയും ദുരഭിമാനത്തിന്റെയും പക്ഷത്തു നിർത്തി കൊണ്ട് തന്നെയാണ് തുടക്കം മുതൽ ഒടുക്കം വരെ സിനിമ പോകുന്നത്. 

അധികാര ഹുങ്കും സ്വാധീനവും  കൊണ്ട് എന്തുമാകാം എന്ന കോശിയുടെ ധാർഷ്ട്യത്തെ അയ്യപ്പൻ നായർ ന്യായത്തിന്റെ ഭാഗം നിന്ന് തന്നെയാണ് പ്രതിരോധിക്കുന്നതും പ്രതിഷേധിക്കുന്നതും. ആ ഹുങ്ക് ഇല്ലാതാക്കാൻ നിയമത്തിന്റെ പിന്തുണ ഇല്ലാതാകുമ്പോഴും തനിക്ക്  ഇനി നിയമമില്ല എന്ന് പറയുമ്പോഴും അയ്യപ്പൻ നായർ നിയമത്തെയും സിസ്റ്റത്തെയും ബഹുമാനിക്കുന്നുണ്ട്. കാക്കിക്കുള്ളിൽ തളച്ചിട്ട പഴയ മുണ്ടൂർ മാടനെ പ്രകോപിക്കുന്നത് കോശിയാണ്.  അയ്യപ്പൻ നായരുടെ നിയമത്തെ പേടിയില്ലാത്ത കോശി അയ്യപ്പൻ നായരിലെ  മുണ്ടൂർ മാടനെ നന്നായി തന്നെ ഭയക്കുന്നത് കാണാം.  

അയ്യപ്പനും കോശിയും തമ്മിലുള്ള കൊമ്പ് കോർക്കലുകൾക്ക് ശക്തി പകരുന്ന സീനുകൾ എഴുതുന്നതിൽ സച്ചിക്ക് പോലും മതി വരാത്ത പോലെ തോന്നിപ്പോയി. അത്ര മാത്രം ദൈർഘ്യമേറിയ അവരുടെ വ്യക്തിഗത പോരാട്ടങ്ങൾ ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് പ്രേക്ഷകനു പോലും തോന്നിപ്പോകും. 

അയ്യപ്പനും കോശിയും എന്ന പേര് പോലെ തന്നെ ഇത് ആ രണ്ടു കഥാപാത്രങ്ങളുടെ പരസ്പ്പരമുള്ള പോരാട്ടത്തിന്റെ കഥ തന്നെയാണ്. ഒറ്റ നോട്ടത്തിൽ അയ്യപ്പനും കോശിയും തമ്മിലെ പോരാട്ടമാണ് കാഴ്ചയെങ്കിലും സിനിമയിലെ യഥാർത്ഥ  ഫൈറ്റ്  അധികാരി വർഗ്ഗവും സാധാരണക്കാരനും തമ്മിലാണ്. 

ഡ്രൈവിംഗ് ലൈസൻസിൽ നെഗറ്റിവ് പരിവേഷമുണ്ടെന്ന് തോന്നിപ്പിച്ച ഹരീന്ദ്രനെ നായക പരിവേഷത്തിൽ കൂടെ തന്നെ പറഞ്ഞവസാനിപ്പിക്കുമ്പോൾ, 'അയ്യപ്പനും കോശി'യിലെ കോശിയെ പൂർണ്ണമായും നെഗറ്റിവ് പരിവേഷത്തിൽ ഒതുക്കി നിർത്തുന്നുണ്ട് സച്ചിയിലെ തിരക്കഥാകൃത്ത്. അതിന്റെ ഗുണം പൃഥ്വിരാജിന്റെ കഥാപാത്രത്തിലും പ്രകടനത്തിലും പ്രകടവുമാണ്. പക്ഷേ സിനിമയിൽ മറ്റാരേക്കാളും കൂടുതൽ നിറഞ്ഞു നിക്കുന്നത് ബിജു മേനോന്റെ അയ്യപ്പൻ നായരാണ് എന്ന് പറയാതെ വയ്യ.

കുടുംബ മഹിമയും ആഭിജാത്യവും അധികാര ഹുങ്കുമൊക്കെ ഒരു മനുഷ്യനെ പ്രായത്തിനുമപ്പുറം എങ്ങിനെയൊക്കെ മത്ത് പിടിപ്പിക്കുമെന്ന് കാണിച്ചു തരുന്നുണ്ട് രഞ്ജിത്തിന്റെ കുര്യൻ ജോൺ. സ്വന്തം മകന് സ്നേഹത്തിനു പകരം അയാൾ അത്രയും കാലം പകർന്നു കൊടുത്തത് ഇതേ ഹുങ്കും അഹങ്കാരവും അധികാര ബോധവുമൊക്കെ തന്നെയാണ്. അയ്യപ്പൻ നായരോടുള്ള കോശിയുടെ ദുരഭിമാന പോരാട്ടം പോലും കുര്യന്റെ സ്പോൺസർ ഷിപ്പിലാണ് നടക്കുന്നത്. 

നാളിത്രയും കാലം അപ്പന്റെ അധികാര ഹുങ്കിന്റെ നിഴലായി മാത്രം ജീവിക്കേണ്ടി വന്ന കോശിക്ക് സ്വന്തമായൊരു സ്വത്വം രൂപപ്പെടുന്നത് അയ്യപ്പൻ നായരുമായുള്ള പോരാട്ട കാലത്താണ്. അപ്പന്റെ നാനാ വിധ തടവറകളിൽ  നിന്ന് സ്വത്വബോധം നൽകി കോശിയെ മോചിപ്പിക്കാനുള്ള നിയോഗം കൂടി ഉണ്ടായിരുന്നിരിക്കാം അയ്യപ്പൻ നായർക്ക്. മുണ്ടൂർ മാടന്റെ ഞെക്കി പിടുത്തത്തിൽ കോശിക്ക് നഷ്ടപ്പെട്ടത് അപ്പൻ അത്രയും കാലം ഊട്ടി വളർത്തി വലുതാക്കിയ അയാളുടെ ഉള്ളിലെ ഞാനെന്ന ഭാവത്തെയും ദുരഭിമാനത്തെയുമൊക്കെയാണ്. 

ശന്തനുവും നാദിറയും തമ്മിലുള്ള പ്രണയവും അവരുടെ കാത്തിരിപ്പും ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ സുന്ദരമാക്കി അവതരിപ്പിച്ചപ്പോൾ അയ്യപ്പനും കോശിയും തമ്മിലുള്ള പോരാട്ടങ്ങളെ  അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ വന്യമായി അവതരിപ്പിക്കുകയാണ് സച്ചി. കടലും കാടും മലയും ചുരവുമൊക്കെ മനുഷ്യർ തമ്മിലുളള പ്രണയത്തിന്റെയും പകയുടെയും പോർട്ടത്തിന്റെയുമൊക്കെ പശ്ചാത്തലമാകുമ്പോൾ കിട്ടുന്ന കാഴ്ചക്കും പറഞ്ഞറിയിക്കാനാകാത്ത ഒരു സൗന്ദര്യമുണ്ട്. 

ആകെ മൊത്തം ടോട്ടൽ = രണ്ടു കഥാപാത്രങ്ങളുടെ പേരിൽ വന്ന ഒരു സിനിമ അവരുടെ മാത്രമായി ഒതുങ്ങി പോകാത്ത വിധം അഭിനയിച്ച എല്ലാവരുടെയും സിനിമ കൂടിയായി മാറുന്നുണ്ട് അയ്യപ്പനും കോശിയുടെയും കാര്യത്തിൽ. അയ്യപ്പൻ നായരുടെ ഭാര്യ കണ്ണമ്മയും, കോശിയുടെ ഭാര്യ റൂബിയും തൊട്ട് യൂണിഫോമിട്ട ശേഷമാണ് സാറേ ഒന്ന് നേരെ നിന്ന് തുടങ്ങിയതെന്ന് പറയുന്ന പൊലീസുകാരി ജെസ്സിയും, സി ഐ സതീഷുമടക്കം സിനിമയിൽ വന്നു പോകുന്നവരൊക്കെ വ്യക്തമായി അടയാളപ്പെടുന്നതിന്റെ ക്രെഡിറ്റ് സച്ചിയുടെ തിരക്കഥക്ക് തന്നെ. 

വിധി മാർക്ക് = 8/10 

-pravin- 

Thursday, February 6, 2020

രാഘവ ചാക്യാർ

രാഘവ ചാക്യാർ ഇന്നും മനസ്സിൽ നൊമ്പരമാണ് . 

ഈച്ചര വാര്യരുടെ നിഴലല്ല അദ്ദേഹം തന്നെയാണ് രാഘവ ചാക്യാരുടെ പേരിൽ പ്രേം ജിയുടെ രൂപത്തിൽ ഈ സിനിമയിലെ ഓരോ സീനിലും നിറഞ്ഞു നിക്കുന്നത് .

മരണം വരെ മകനെ ഇത്രത്തോളം തീവ്രമായി കാത്തിരുന്ന ഒരച്ഛൻ ചരിത്രത്തിലോ കഥയിലോ പോലും വേറെ ഉണ്ടാകില്ല.  

ഒരു ജീവിത കാലം മുഴുവൻ മകനെ കാത്തിരിക്കാൻ വിധിക്കപ്പെട്ട ആ അച്ഛൻ തൊഴു കൈയ്യോടെ എത്ര പേരെ കണ്ടിരിക്കാം.  

എല്ലാ ദിവസവും മകനെ നോക്കി ബസ് വരുന്ന കവലയിൽ പോയിരിക്കുന്ന രാഘവ ചാക്യാർ അങ്ങോട്ടേക്ക് എത്തുന്നത് തോണിയിൽ ഒരു വലിയ പുഴ കടന്നാണ്. പുഴ അദ്ദേഹത്തിന്റെ മനസ്സിലെ സങ്കടമാണ് എങ്കിൽ തോണി സങ്കടത്തെ അതിജീവിക്കുന്ന അദ്ദേഹത്തിന്റെ പ്രതീക്ഷയാണ്.

പോലീസ് പിടിച്ചു കൊണ്ട് പോയ തന്റെ സഹോദരൻ രഘു ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് ബോധ്യപ്പെടുന്ന പെങ്ങൾ അത് അച്ഛനോട് പറയാതെ പറയാൻ ശ്രമിക്കുന്ന ഒരു രംഗമുണ്ട്. ഏതു നേരവും അച്ഛൻ ഇങ്ങിനെ കാത്തിരിക്കേണ്ട എന്ന് വിങ്ങി കൊണ്ടാണ് മകളത് പറയുന്നത്. അപ്പോൾ ഹൃദയം പിളരുന്ന വേദനയോടെ ആ അച്ഛൻ തിരിച്ചു ചോദിക്കുന്നുണ്ട് - 

"കാത്തിരിക്ക്യേണ്ടേ ..പിന്നെ ഞാനെന്തിനാ അവൻ്റെ അച്ഛനായേ  ? ദേവകി എന്തിനാ അവന്റെ അമ്മയായേ? നീ എന്തിനാ അവന്റെ ഒപ്പോളായേ ?കാത്തിരിക്ക്യണ്ടാത്രേ..നല്ല കാര്യായി !! "

മകൻ ജീവിച്ചിരുപ്പുണ്ടോ മരിച്ചോ എന്നറിയാതെ എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ മാത്രം ജീവിക്കുന്ന ഒരച്ഛന്റെ വേദന ഏറ്റവും തീക്ഷ്ണമായി അനുഭവപ്പെടുകയും കരഞ്ഞും പോയ ഒരു സീൻ.

ഭരണകൂട ഭീകരത തടുർന്ന് കൊണ്ടിരിക്കുന്ന ഈ കാലത്തും ഈ സിനിമക്ക് പ്രസക്തിയുണ്ട് . 

-pravin- 

Monday, February 3, 2020

The Family Man ( Web Series- Season 1 - Episodes 10 )

ഒരു സിനിമയിൽ ഒതുക്കി ചെയ്യാനാകാത്ത അത്രയും സംഭവങ്ങളെ വെബ് സീരീസാക്കി മാറ്റുമ്പോഴും കാണുന്നവന് ലാഗ് തോന്നാത്ത വിധം പത്ത് എപ്പിസോഡും ഗംഭീരമാക്കാൻ സാധിച്ചിട്ടുണ്ട് രാജ്- ഡികെ ടീമിന്. 

സ്പൈ ത്രില്ലർ സിനിമകളുടെ സ്ഥിരം കെട്ട് വട്ടങ്ങളിൽ പെടാതെ വേറിട്ട അവതരണ ശൈലി സ്വീകരിച്ചത് കൊണ്ട് കൂടിയാണ് 'The Family Man' ഇത്രത്തോളം ഇഷ്ടപ്പെട്ടത് എന്ന് പറയാം .

ദിനേന രാജ്യത്ത് നടക്കുന്ന സംഭവങ്ങളുടെ പത്ര വാർത്തകളെ അടിസ്ഥാനപ്പെടുത്തി കൊണ്ട് രൂപപ്പെടുത്തിയ സ്ക്രിപ്റ്റ് എന്ന അവകാശവാദം വെറുതെ പറയുന്നതല്ല എന്ന് കാണുന്നവനെ ബോധ്യപ്പെടുത്തുന്നുണ്ട് ഓരോ എപ്പിസോഡും .. 

ദേശീയ അന്വേഷണ ഏജൻസികളിൽ വർക്ക് ചെയ്യുന്നവരുടെ ഗ്രൗണ്ട് വർക്കും അവരുടെ ജോലിയുടെ രീതിയുമൊക്കെ പല സിനിമകളിൽ കണ്ടതെങ്കിലും, ഇവിടെ മനോജ് ബാജ്‌പേയിയുടെ ശ്രീകാന്ത് തിവാരി എന്ന അന്വേഷണ ഉദ്യോഗസ്ഥാന്റെ കുടുംബ പശ്ചാത്തലവും കൂടി കൂട്ടി ചേർത്ത് കൊണ്ട് കഥ പറഞ്ഞതാണ് ഫാമിലിമേനെ ഒരേ സമയം രസകരവും ത്രില്ലിങ്ങുമാക്കി മാറ്റുന്നത്. 

പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകവും, കേരളത്തിൽ നിന്നുള്ള ഐ എസ് ബന്ധങ്ങളും, പാകിസ്ഥാൻ തീവ്രവാദവും, ജിഹാദികളുടെ കൊലവെറിയും, കശ്മീരികളെ ദുരുപയോഗം ചെയ്യുന്നവരുടെ ഉദ്ദേശ്യവും കാശ്മീരികളുടെ നിസ്സഹായാവസ്ഥയും, പേരും പെരുമയുമൊന്നുമില്ലാതെ അന്വേഷണ ഏജൻസികളിൽ ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദങ്ങളും, അവർക്കിടയിലെ പൊളിറ്റിക്‌സും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും എന്ന് വേണ്ട രാജ്യ സുരക്ഷയും ഭീഷണിയുമൊക്കെ പല ആംഗിളിൽ കാണിച്ചു തരുന്നുണ്ട് 'The Family Man'. 

മനോജ്‌ബാജ്‌പേയി ഒരു രക്ഷേല്ലാരുന്നു . പുള്ളി എന്നല്ല ഈ സീരീസിന്റെ ഭാഗമായി വന്നു പോകുന്ന ഓരോ ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ പോലും ഗംഭീര പ്രകടനമായിരുന്നു . പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത പ്രകടനം കൊണ്ട് ഞെട്ടിച്ചു കളഞ്ഞത് നീരജ് മാധവാണ്.നീരജ് എന്ന നടനെ ഇവ്വിധം ഉപയോഗിക്കാനാകും എന്ന് കണ്ടെത്തിയ ആ തലയെ സമ്മതിക്കണം. 

Now Waiting for Season 2 !!! 

ആകെ  മൊത്തം ടോട്ടൽ = പ്രമേയം കൊണ്ടും അവതരണം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും ഗംഭീരമാക്കിയ ഒരുഗ്രൻ വെബ് സീരീസ് ത്രില്ലർ. 

*വിധി മാർക്ക് = 8.5/10 
-pravin-