Sunday, November 24, 2019

ജാക്ക് ആൻഡ് ഡാനിയൽ - പുതുമയില്ലാത്ത കള്ളനും പോലീസും കളി !!



ദിലീപിന്റെ കരിയറിലെ ഹിറ്റ് സിനിമയും കഥാപാത്രവുമായിരുന്നു മീശ മാധവൻ. ഗ്രാമീണ ഭംഗിയുടെ പശ്ചാത്തലത്തിൽ മീശമാധവനെന്ന പ്രാദേശിക കള്ളന്റെ കഥ ലാൽ ജോസ് പറഞ്ഞവതരിപ്പിച്ചപ്പോൾ അതിൽ ഒരു പുതുമയും പ്രസരിപ്പുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ പിന്നീട് വന്ന ദിലീപിന്റെ ക്രേസി ഗോപാലൻ പോലുള്ള കള്ളൻ വേഷങ്ങളിൽ ഒന്നും തന്നെ അപ്പറഞ്ഞ കഥയോ കാമ്പോ അവതരണ മികവോ ഉണ്ടായില്ല. ജാക്ക് ആൻഡ് ഡാനിയലിന്റെ കാര്യത്തിലും ഏറെക്കുറെ അത് തന്നെയാണ് അവസ്ഥ.

ഡാനിയൽ അലക്‌സാണ്ടർ എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം അർജ്ജുൻ നല്ല സ്റ്റൈലായിട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അർജ്ജുന്റെ തന്നെ ഈ അടുത്തിറങ്ങിയ തമിഴ് സിനിമ 'കൊലൈഗാര'നിലെ ഡി.സി.പി വേഷത്തെ പല സീനുകളിലും ഓർമ്മിപ്പിക്കുന്നുണ്ട് ഡാനിയൽ എന്ന കഥാപാത്രം. ദിലീപ്-അർജ്ജുൻ കോമ്പിനേഷൻ സീനുകൾ നന്നായിരുന്നു.

അഞ്ജു കുര്യനു നായികാ പട്ടം കൊടുക്കുന്ന സിനിമ എന്നതിനപ്പുറം സുസ്മിത എന്ന കഥാപാത്രത്തിന് സിനിമയിൽ വലിയ സ്‌പേസ് ഒന്നുമില്ല. ഉള്ള സീനുകളിൽ തന്നെ പലയിടത്തും ഒരു ബാധ്യതയായി മാറുന്നുമുണ്ട് അഞ്ജു കുര്യന്റെ സുസ്മിത.

കായകുളം കൊച്ചുണ്ണി തൊട്ടിങ്ങോട്ടുള്ള എല്ലാ നന്മ നിറഞ്ഞ കള്ളന്മാരുടെയും ലൈനിൽ തന്നെയാണ് ജാക് എന്ന കള്ളനെയും അവതരിപ്പിക്കുന്നത്. രാഷ്ട്രീയക്കാർ കോഴയായി വാങ്ങുന്ന കണക്കിൽപ്പെടാത്ത കള്ളപ്പണം അടിച്ചു മാറ്റി നന്മ ചെയ്യുക എന്നതാണ് ജാക്കിന്റെ ലൈൻ. പക്ഷേ അതിന്റെ കാരണമായി സിനിമ പറയുന്ന കാര്യങ്ങളൊക്കെ യാതൊരു വിധ ലോജിക്കുമില്ലാത്തതാണ്.

അവഗണന നേരിടുന്ന പട്ടാളക്കാർക്കും അവരുടെ കുടുംബത്തിനും വേണ്ടി, അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പണം അടിച്ചുമാറ്റുന്ന ഒരു ഹൈടെക്ക് കള്ളൻ എന്ന വൺലൈനിൽ തന്നെയുണ്ട് ഇ സിനിമയുടെ പരിമിതികളും പരാധീനങ്ങളും.

പോലീസുകാർ മൊത്തം കോമാളികളും പൊട്ടന്മാരുമാകുകയും, കേരളാ മുഖ്യമന്ത്രി തൊട്ടു മന്ത്രി സഭയിലെ മൊത്തം മന്ത്രിമാരും അഴിമതി നടത്തി കള്ളപ്പണം അടിച്ചു കൊണ്ട് പോകാൻ നിക്കുന്നവരുമൊക്കെയായി മാറുന്ന സിനിമയിൽ യുക്തിക്ക് ലവലേശം പ്രാധാന്യം പോലും കൊടുക്കുന്നില്ല സംവിധായകൻ.

സ്ഥിരം പോലീസ്-കള്ളൻ സിനിമകളിലെ കാഴ്ചകളും ചേസിങ്ങുകളും ട്വിസ്റ്റികളുമൊക്കെ തന്നെയാണ് 'ജാക് ആൻഡ് ഡാനിയ'ലിലുമുള്ളത്. അത് കൊണ്ട് തന്നെ ആസ്വാദനത്തിൽ പുതുമക്കും ത്രില്ലിനുമൊന്നും പ്രസക്തിയില്ല. ഫ്ലാഷ് ബാക്ക് സീനുകളൊക്കെ യാതൊരു വിധ ഫീലുമില്ലാതെയാണ് എടുത്തിരിക്കുന്നത്. ക്ലൈമാക്സ് സീനുകളൊക്കെ പരമാവധി കത്തിയാക്കിയും അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. 

ഇഷ്ടപ്പെട്ടു ഞാൻ എടുക്കുന്നു എന്ന് കത്തെഴുതി വച്ച് പോകുന്ന ക്രേസി ഗോപാലന്റെ വകയിലെ ഒരു ഏട്ടനെ പോലെ മോഷണത്തിനു ശേഷം അടിച്ചു മാറ്റിയ തുകയുടെ കണക്കും കഥയും എഴുതി വെക്കുന്നുണ്ട് ജാക്ക്. ബാങ്ക് കൊള്ളയടിച്ച ശേഷം കാറിലും ബൈക്കിലുമൊക്കെ പറ പറക്കുന്ന ധൂമിലെ കൊള്ളയടി സീനിന്റെ മലയാള രംഗാവിഷ്‌ക്കാരവും, പീറ്റർ ഹെയ്നിനെ അതിഥി വേഷം കെട്ടിച്ചു കോമഡി കളിപ്പിക്കാൻ നോക്കിയതും, മായാമോഹിനിയെ പർദ്ദയിടിപ്പിച്ചു പുനരവതരിപ്പിച്ചതുമടക്കം പല കല്ലുകടികളും ഉണ്ട് ജാക്ക് ആൻഡ് ഡാനിയലിൽ. എങ്കിലും പങ്കിലും ഒരു വട്ടം ചുമ്മാ കാണാവുന്ന ഒരു സിനിമ.

ആകെ മൊത്തം ടോട്ടൽ = മീശ മാധവനോളം നല്ലൊരു കള്ളൻ സിനിമ അല്ലെങ്കിലും ക്രേസി ഗോപാലനെക്കാൾ മെച്ചപ്പെട്ടൊരു കള്ളൻ സിനിമ എന്ന നിലക്ക് മാത്രം ആശ്വാസം തരുന്നുണ്ട് 'ജാക് ആൻഡ് ഡാനിയൽ'. ദിലീപ് -അർജ്ജുൻ കോമ്പോ തന്നെയാണ് അതിന്റെ പ്രധാന കാരണം. 

*വിധി മാർക്ക് = 5/10 

-pravin- 

Tuesday, November 19, 2019

രസികനാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ !!


പുതുമയുള്ള ഒരു പ്രമേയത്തെ രസകരമായ അവതരണത്തിലൂടെ ഒരു നല്ല എന്റർടൈനർ ആക്കി മാറ്റിയിട്ടുണ്ട് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. ഒരു പുതുമുഖ സംവിധയകനെന്ന നിലക്ക് അയാളുടെ മികച്ച തുടക്കം തന്നെയായി വിലയിരുത്താവുന്നതാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ. 

സുരാജ് വെഞ്ഞാറമൂട് നിറഞ്ഞാടിയ സിനിമ എന്ന് തന്നെ പറയാം. സുരാജിന്റെ ഈ വർഷത്തെ സിനിമാ തിരഞ്ഞെടുപ്പുകൾ എല്ലാം ഒന്നിനൊന്ന് ഗംഭീരമാണ്. യമണ്ടൻ പ്രേമ കഥയിലെ ഫ്രാൻസിസ് എന്ന ചെറു വേഷം തൊട്ട് 'ഫൈനൽസി'ലെ വർഗ്ഗീസ് മാഷും, വികൃതിയിലെ എൽദോയും കഴിഞ്ഞു ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്ക്കര പൊതുവാൾ വരെ എത്തി നിക്കുമ്പോൾ സുരാജ് എന്ന നടന്റെ ഗ്രാഫ് വീണ്ടും ഉയരത്തിലേക്ക് പോകുകയാണ്. 

വാർദ്ധക്യ കാലത്ത് ഒറ്റപ്പെട്ടു പോകുന്നുവെന്ന ചിന്തകളും മകനോടുള്ള സ്നേഹവും അതിലുപരി ഒന്നിനോടും വിട്ടു വീഴ്ചയില്ലാത്ത സ്വഭാവങ്ങളും തന്റേതായ ശാഠ്യങ്ങളും കുറുമ്പുകളുമൊക്കെ കൊണ്ട് സങ്കീർണ്ണമാണ് ഭാസ്ക്കര പൊതുവാളിന്റെ മാനറിസം. ചുറ്റും നടക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനും അംഗീകരിക്കാനും വിമുഖത കാണിക്കുന്ന ഒരു സ്വഭാവം. മനുഷ്യർക്കാർക്കും ഒത്തു പോകാൻ പറ്റാത്ത ഈ ഒരു സ്വഭാവത്തെ അംഗീകരിക്കാൻ സാധിക്കുന്നത് കുഞ്ഞപ്പൻ എന്ന യന്ത്ര മനുഷ്യന് മാത്രമാണ്. 

ശാസ്ത്ര പുരോഗതികളെയും പുതിയ മാറ്റങ്ങളെയും ഉൾക്കൊള്ളാതിരുന്ന ഭാസ്ക്കര പൊതുവാളിനു ഒടുക്കം അതിനോടൊക്കെ വലിയ മതിപ്പുണ്ടാകുന്നുണ്ട്. മകന് പകരക്കാരനായി കുഞ്ഞപ്പനെന്ന യന്ത്ര മനുഷ്യൻ മതിയെന്ന മട്ടിലേക്ക് കാര്യങ്ങൾ മാറി മറയുന്നു. ഭാസ്ക്കര പൊതുവാളിനു കുഞ്ഞപ്പനോട് തോന്നുന്ന ആത്മബന്ധമൊക്കെ രസകരവും ഹൃദ്യവുമായി ചിത്രീകരിച്ചു കാണാം സിനിമയിൽ. 

യന്ത്രങ്ങൾക്ക് ഒരിക്കലും മനുഷ്യന് പകരക്കാരാനാകില്ല, മനുഷ്യന്റെ വികാര വിചാരങ്ങൾ യന്ത്രങ്ങൾക്കില്ല എന്നത് തന്നെയാണ് അതിന്റെ കാരണം. അത് മനുഷ്യനെ ബോധ്യപ്പെടുത്താനും ഒരു യന്ത്ര മനുഷ്യൻ വേണ്ടി വന്നു എന്നതാണ് ഇക്കഥയിലെ രസകരമായ വിരോധാഭാസം. 

ഭാവിയിൽ നിങ്ങൾക്ക് ജീവിക്കണമെങ്കിൽ മതബോധവും ജാതിബോധവുമൊന്നും ഉണ്ടാകാൻ പാടില്ല എന്ന് ഒരു യന്ത്ര മനുഷ്യൻ പറയുമ്പോൾ വികാര വിചാരങ്ങളുള്ള മനുഷ്യൻ അത് അംഗീകരിക്കുമോ അതോ തല കുനിക്കുമോ എന്നറിയില്ല. 

ശാസ്ത്ര പുരോഗതികളെ ഉൾക്കൊള്ളാതെ, അതൊന്നും ഉപയോഗപ്പെടുത്താതെ ഒരു മനുഷ്യനും മുന്നോട്ട് ജീവിക്കാനാകില്ല എന്ന് ഉറപ്പ് പറയുന്ന അതേ സമയത്ത് തന്നെ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശാസ്ത്രത്തിന്റെ പരിമിതികളും അനുഭവപ്പെടുത്തുന്നുണ്ട് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. 

ആകെ മൊത്തം ടോട്ടൽ = ചിരിക്കാനും ഇടക്കിത്തിരി ചിന്തിക്കാനുമൊക്കെ വകുപ്പുള്ള സിനിമ കൂടിയാണിത്. ഒരു പുതുമുഖ സംവിധായകന്റെ പുതുമയുള്ള സിനിമ എന്ന നിലക്ക് ഇഷ്ടപ്പെട്ടു. 

*വിധി മാർക്ക് = 7.5/10 

-pravin-

Sunday, November 17, 2019

ANNA - ഒരു ലേഡി സ്പൈ ത്രില്ലർ

സംഭവ ബഹുലമായ ഒരു സ്ത്രീ ജീവിതമാണ് അന്നയുടേത്. ഒരു പെണ്ണ് ആയതിന്റെ പേരിൽ മാത്രം  സഹിക്കേണ്ടി വരുന്ന പീഡനങ്ങളും  അധിക്ഷേപങ്ങളുമൊക്കെ അവളെ ഒരു  ഘട്ടത്തിൽ ആത്മഹത്യ വരെ ചെന്നെത്തിക്കുന്നുണ്ട്. പക്ഷെ സ്വന്തം ശക്തിയിലും കഴിവിലുമൊക്കെയുള്ള വിശ്വാസവും തിരിച്ചറിവുമൊക്കെ അവളെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കയറാൻ പ്രേരിപ്പിക്കുന്നു. 

ഒരേ ഒരു ലക്ഷ്യം മാത്രം - എത്ര കഷ്ടപ്പെട്ടിട്ടായാലും ശരി അത് വരെ അനുഭവിച്ച  വേദനകളിൽ നിന്നും  അവകാശ നിഷേധങ്ങളിൽ നിന്നുമൊക്കെ ഒരു മോചനം വേണം. അതിലേറെ അവൾ ആഗ്രഹിക്കുന്നത് ആത്യന്തികമായ സ്വാതന്ത്ര്യമാണ്. ഒരു കെട്ടുപാടുകളിലും കുടുങ്ങി കിടക്കാതെ, ആർക്കും വിധേയപ്പെട്ട് ജീവിക്കാതെ സ്വന്തം ജീവിതം സ്വന്തം  രീതിക്ക്  ജീവിച്ചു തീർക്കാനുള്ള സ്വാതന്ത്ര്യം. അതിന് അവൾക്ക് കിട്ടുന്ന ഒരു ഓഫർ ആണ് സ്വാതന്ത്ര്യത്തിനായുള്ള അവളുടെ പോരാട്ടം. അഥവാ ആ പോരാട്ടം തന്നെയാണ് 'അന്ന'. 


സോവിയറ്റ് യൂണിയന്റെ പ്രതാപ കാലത്തെ ചാരസംഘടന KGB യും അമേരിക്കൻ രഹസ്യാന്വേഷണ സംഘമായ CIA യുമൊക്കെ തമ്മിലുള്ള പൊളിറ്റിക്സിന്റെ പശ്ചാത്തലമാണ് സിനിമക്ക്. 1985 ൽ മോസ്‌കോയിൽ നിന്ന് തുടങ്ങി 1990 കളിലെ പാരീസിലേക്ക് എത്തി നിക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് 'അന്ന' മുന്നേറുന്നത്. 

ആകെ മൊത്തം ടോട്ടൽ = ഒരു സ്പൈ ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ സിനിമയുടെ നട്ടെല്ല് അന്ന എന്ന കഥാപാത്രം തന്നെയാണ്. സെക്‌സും വയലൻസും  റിവഞ്ചും ട്വിസ്റ്റുകളും നിറഞ്ഞ കഥാ വഴികൾ.. സ്റ്റീവൻ സ്പിൽബർഗിന്റെ പഴയ 'മ്യൂണിച്'  അടക്കമുള്ള പല സ്പൈ ത്രില്ലർ സിനിമകളും ഓർത്തു പോകുമെങ്കിലും 'അന്ന' അത് പോലെയൊരു പെർഫെക്റ്റ്  ബ്ലെൻഡ് അല്ല എന്ന് മാത്രം. 

*വിധി മാർക്ക് = 7/10 

-pravin- 

Sunday, November 3, 2019

ഇടിവെട്ട് 'കൈതി' !!

കിടിലൻ മാസ് ആക്ഷൻ ത്രില്ലർ എന്ന് തന്നെ പറയാവുന്ന സിനിമ. പടം തുടങ്ങി അവസാനിക്കും വരെ ത്രില്ലടിച്ചു കാണാനുള്ള എല്ലാ വകുപ്പുകളും  ഗംഭീരമായി തന്നെ കൂട്ടിയിണക്കി അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ. 

കാർത്തിയുടെ കരിയറിൽ 'തീര'നു ശേഷം അതുക്കും മേലെ പോയ ഒരു ഉഗ്രൻ കഥാപാത്രമായി മാറുന്നു ദില്ലി. കഴിവുണ്ടായിട്ടും ഏറെക്കുറെ ഫീൽഡ് ഔട്ടായ പോലെ  നിന്നിരുന്ന നരേനെ സംബന്ധിച്ച് ഈ സിനിമയിലെ ബിജോയ് എന്ന കഥാപാത്രം വലിയൊരു തിരിച്ചു വരവായി വിലയിരുത്തപ്പെടും എന്നതിൽ സംശയമില്ല. 

'മാനഗരം' സിനിമയിലൂടെ തന്നെ ലോകേഷ് കനകരാജിന്റെ സ്ക്രിപ്റ്റ് മികവും സംവിധാന മികവുമൊക്കെ ബോധ്യപ്പെട്ടതെങ്കിലും രണ്ടാമത്തെ പടത്തിലൂടെ ആ ഗ്രാഫ് വീണ്ടും ഉയരത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു അയാൾ. 

ഒരൊറ്റ രാത്രിയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ വന്നു പോകുന്ന കുറെ കഥാപാത്രങ്ങളെ എത്ര ഗംഭീരമായി കോർത്ത് വച്ച് കൊണ്ടാണ് ലോകേഷ്  കഥ പറയുന്നത്. 

ഹരീഷ് ഉത്തമന്റെ വില്ലൻ കഥാപാത്രത്തിനൊക്കെ ജയിലിനുള്ളിലെ സീനുകൾ മാത്രമേ ഉള്ളൂ. എന്നിട്ട് പോലും ആ കഥാപാത്രത്തിന്റെ വില്ലത്തരവും പിരിമുറുക്കങ്ങളുമൊക്കെ ഭീകരമായി തന്നെ അനുഭവപ്പെടുന്നു.

ദില്ലിയുടെ ഫ്ലാഷ് ബാക്ക് സീനുകളിലേക്ക് പോകാതെ ദില്ലിയുടെ മുഖത്തേക്ക് ഒരൊറ്റ ക്ലോസപ്പ് ഷോട്ടിൽ കൂടി കുറഞ്ഞ മിനുട്ടുകൾ കൊണ്ട് അയാളുടെ ഭൂതകാലം വൈകാരികമായി  പറഞ്ഞു വക്കുന്നു. ദില്ലി എന്ന കഥാപാത്രത്തിന്റെ കനം ആ സീനിൽ നിറഞ്ഞു നിക്കുന്നുണ്ട്. കാർത്തിയിൽ തീർത്തും ഭദ്രമായിരുന്നു ദില്ലി.  

ജോർജ്ജ് മരിയന്റെ നെപ്പോളിയൻ എന്ന പോലീസ് കഥാപാത്രത്തെ കൂടി പരാമർശിക്കാതെ കൈതിയെ പറഞ്ഞവസാനിപ്പിക്കാൻ സാധ്യമല്ല. അത്ര മാത്രം നല്ലൊരു പ്രകടനം കൊണ്ട്  സിനിമയുടെ വലിയ ഭാഗമായി മാറുന്നു അദ്ദേഹം. 

തീരനിലെ ബസ് ചേസിംഗ് സീനിനെ ഓർമ്മപ്പെടുത്തും വിധമുള്ള രാത്രിയിലെ ലോറി ചേസിംഗ് സീനുകളൊക്കെ അസാധ്യമായിട്ടു തന്നെ ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട് സത്യൻ സൂര്യൻ എന്ന ഛായാഗ്രാഹകൻ. 

കൈതി ഇത്രത്തോളം ത്രില്ലടിപ്പിച്ച ഒരു ആക്ഷൻ ത്രില്ലർ ആയതിൽ എടുത്തു പറയേണ്ട മറ്റൊന്ന് സാം സി.എസിന്റെ സൗണ്ട് ട്രാക്കുകളാണ്. തുടക്കം മുതൽ ഒടുക്കം വരെ ആ ശബ്ദ വിസ്മയം സിനിമക്കൊപ്പം തന്നെ ത്രില്ലടിപ്പിച്ചു ആസ്വദിപ്പിച്ചു എന്ന് പറയാം. 

ഒരു സംബന്ധവുമില്ലാത്ത ദില്ലി എന്തിനു വേണ്ടി പോലീസിന്റെ കൂടെ ചേർന്ന് ഇതൊക്കെ ചെയ്തു എന്ന ചോദ്യത്തിന് ഒരു രണ്ടാം ഭാഗം കൊണ്ട് തന്നെ ഉത്തരം പറയേണ്ടി വരും. 

ആകെ മൊത്തം ടോട്ടൽ = നായകന്  അമാനുഷിക ശക്തി ഉള്ളതായി തോന്നിപ്പിക്കുന്ന അവസാന ഭാഗങ്ങളിലെ കുറച്ചു ആക്ഷൻ സീനുകളോട് കണ്ണടച്ചാൽ കൈതി കണ്ടിരിക്കേണ്ട ഒരുഗ്രൻ ത്രില്ലറാണ്. 

*വിധി മാർക്ക് = 8.5/10 

-pravin-

Saturday, November 2, 2019

Breathe ( Web Series - Season 1 - Episodes 8 )



മകനെ നഷ്ടപ്പെടാതിരിക്കാൻ എന്തും ചെയ്യാൻ സാധിക്കുന്ന ഒരു അച്ഛൻ..നഷ്ടപ്പെട്ട മകളെ ഓർത്ത് ജീവിതം കൈവിട്ടു കളഞ്ഞു കൊണ്ടിരിക്കുന്ന മറ്റൊരു അച്ഛൻ. ഇങ്ങിനെ രണ്ട്  അച്ഛന്മാരുടെ കഥ എന്ന് പറയാമെങ്കിലും Breathe ഓർമ്മപ്പെടുത്തുന്ന കാര്യങ്ങൾ മറ്റു ചിലതാണ്.  

പ്രിയപ്പെട്ടവരെ  നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ക്രൂരതയുടെ ഏതറ്റം വരെയും പോകാൻ സാധിക്കുന്നു ചില മനുഷ്യർക്ക്. അതും സ്നേഹത്തിന്റെ പേരിൽ. മാധവന്റെ ഡാനി അപ്രകാരം ഒരു കൂളായ മനുഷ്യനിൽ നിന്നും ഒരു സൈക്കോ ലെവലിലേക്ക് പരിണാമപ്പെടുന്നത് കാണാം. 

അവയവ ദാതാക്കൾ വേട്ടയാടപ്പെടുന്ന ഈ കഥയിൽ ലോജിക്കില്ലായ്മയുടെ  ചില പ്രശ്നങ്ങൾ ഇല്ലാതില്ല. എങ്കിലും ഇമോഷണലി നമ്മളുമായി കണക്ട് ചെയ്യുന്ന ഒരു കഥയിൽ അതൊരു കല്ല് കടിയായി അനുഭവപ്പെടുന്നില്ല എന്ന് മാത്രം.  

അമിത് സാദിന്റെ കബീർ സാവന്ദ് എന്ന കഥാപാത്രം മെമ്മറീസിലെ പൃഥ്വിരാജിന്റെ സാം അലക്സ് എന്ന കഥാപാത്രവുമായി സാമ്യത പുലർത്തുന്നുണ്ടെങ്കിലും ഈ സീരീസിൽ മാധവനൊപ്പം തന്നെ കട്ടക്ക് കട്ടയായി  നിറഞ്ഞു നിന്നു.  

ആകെ മൊത്തം ടോട്ടൽ = സസ്പെന്സിനു പ്രാധാന്യം ഇല്ലെങ്കിലും എട്ടു എപ്പിസോഡുകളിലും ആകാംക്ഷ നിലനിർത്തിയ സംവിധാന മികവ് എടുത്തു പറയേണ്ടതാണ് . 

*വിധി മാർക്ക് = 8/10 

-pravin-