Thursday, December 21, 2023

ആൽഫാ മെയിലുകളുടെ വന്യലോകം !!


സാമൂഹിക പ്രതിബദ്ധതയും, പൊളിറ്റിക്കൽ കറക്ട്നെസ്സും, മാനുഷിക മൂല്യങ്ങളുമൊക്കെ നിറഞ്ഞു നിൽക്കുന്ന സിനിമകളെ കാണൂ എന്ന് ശപഥം ചെയ്തിട്ടുള്ള 'ആസ്വാദകർ' ഒരു കാരണവശാലും 'Animal' കാണരുത്.

'Animal' എന്ന ടൈറ്റിലും, അതിന്റെ ട്രൈലറുമൊക്കെ കണ്ട ശേഷം ത്യാഗമനോഭാവവും ക്ഷമാശീലനും സത്ഗുണ സ്വഭാവ സമ്പന്നനുമായ നന്മയുള്ള ഏതോ ഉണ്ണിയുടെ കഥയാണ് സിനിമയിൽ പറയാൻ പോകുന്നത് എന്നു കരുതിയ നിഷ്‌കളങ്കരായ ആസ്വാദകരോട് ഒന്നും പറയാനില്ല.

സന്ദീപ് റെഡ്ഢി യൂണിവേഴ്സിൽ പെടുന്ന ഒരു ടോക്സിക് പടം തന്നെയാണ് 'അനിമൽ' എന്ന പൂർണ്ണ ബോധ്യത്തോടെയാണ് സിനിമ കണ്ടു തുടങ്ങിയത്. പടം എഴുതി കാണിച്ച് പത്തു പതിനഞ്ചു മിനുട്ടുകൾ പിന്നിടുമ്പോഴേക്കും ബൽബീർ സിംഗിന്റെ വീട്ടിനുള്ളിലെ സ്ഥിതിഗതികളുമായി കണക്റ്റായി.

ഇത്തരം കഥാപാരിസരങ്ങൾ പല സിനിമകളിലും കണ്ടു മറന്നതെങ്കിലും വയലൻസും ഇമോഷൻസും കൂട്ടിയിണക്കി കൊണ്ട് കഥ പറഞ്ഞവതരിപ്പിക്കുന്ന ശൈലി 'അനിമലി'നെ വ്യത്യസ്തമാക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെയുള്ള രൺബീർ ഷോ തന്നെയാണ് അനിമലിന്റെ ഹൈലൈറ്റ്.
ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞ ശേഷം Sadly this is Men's world എന്നൊക്കെ പറഞ്ഞു വയ്ക്കുന്ന നായകനോട് വിയോജിക്കുമ്പോഴും അയാൾ പുലർത്തുന്ന ചിന്താഗതികളോട് ഒട്ടും സമരസപ്പെടാതിരിക്കുമ്പോഴും ആ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.

ആൽഫാ മെയിലിന്റെ ലോകത്ത് വിരാചിക്കുന്ന ഒരു പിരാന്തൻ കഥാപാത്രത്തിന്റെ വിവിധ പ്രായത്തിലുള്ള ഗെറ്റപ്പുകളിലെല്ലാം രൺബീർ കപൂർ അഴിഞ്ഞാടി എന്ന് തന്നെ പറയാം. രൺബീറിന്റെ കരിയർ ബെസ്റ്റ് പടങ്ങളിൽ എന്നും 'അനിമൽ' ഉണ്ടാകുക തന്നെ ചെയ്യും.

നായകന്റെ പിരാന്തിനൊത്ത നായികാ കഥാപാത്രത്തിൽ രശ്മികയും നന്നായി തോന്നി. 'അർജ്ജുൻ റെഡ്ഢി'യിലെ നിസ്സംഗയായ നായികാ സങ്കൽപ്പത്തിൽ നിന്ന് മാറി ഭർത്താവിനെ മർദ്ദിക്കാനും റോസ്റ്റ് ചെയ്യാനുമൊക്കെ പവറുള്ള നായികാ കഥാപാത്രമാണ് 'അനിമലി'ലെ ഗീതാഞ്ജലി.

അനിൽ കപൂർ -രൺബീർ കപൂർ ടീമിന്റെ അച്ഛൻ-മകൻ ബന്ധത്തിലെ അടുപ്പവും അകൽച്ചയും കലഹവുമെല്ലാം സിനിമയുടെ വയലൻസ് മൂഡിനെ ഒരു ഫാമിലി ഡ്രാമയുടെ മൂഡിലേക്ക് മാറ്റുന്നുണ്ട് പല ഘട്ടത്തിലും.

ബോബി ഡിയോളിന്റെ കഥാപാത്രത്തിന് ഒരൊറ്റ ഡയലോഗ് പോലും ഇല്ലാതിരുന്നിട്ടും പുള്ളി കിട്ടിയ വേഷം ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട് . മൂന്നര മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള സിനിമയിൽ കുറച്ചു കൂടി സ്‌പേസ് ആ കഥാപാത്രത്തിന് കൊടുക്കാതെ പോയതിൽ നിരാശയുണ്ട്.


ബാക്ഗ്രൗണ്ട് സ്‌കോറും പാട്ടുകളുമൊക്കെ ഈ സിനിമക്ക് ഉണ്ടാക്കി കൊടുക്കുന്ന മൂഡുകൾ പലതാണ്. ബോബി ഡിയോളിന്റെ ഇൻട്രോ സീനിലുള്ള ഇറാനി പാട്ട് 'ജമാൽ ജമാലു..', അത് പോലെ മഴു വെട്ട് ഫൈറ്റ് സീനിനൊപ്പം പാടുന്ന പഞ്ചാബി പാട്ടുമൊക്കെ വറൈറ്റി ആയി. 'പാപ്പാ മേരി ജാൻ..' പാട്ടിന്റെ ഇൻസ്‌ട്രുമെന്റെഷനും ഇമോഷനുമൊക്കെ എടുത്ത് പറയേണ്ട മറ്റൊന്നാണ്.

ആകെ മൊത്തം ടോട്ടൽ = എന്തിന്റെയൊക്കെ പേരിൽ വിമർശിക്കപ്പെട്ടാലും ഒരു സിനിമ എന്ന നിലക്ക് തിയേറ്റർ കാഴ്ചയിൽ എന്നിലെ ആസ്വാദകനെ 'അനിമൽ' തൃപ്‍തിപ്പെടുത്തി.

*വിധി മാർക്ക് = 7/10

-pravin-

Tuesday, December 19, 2023

മൂന്നാം വരവിലും ആവേശമുണർത്തുന്ന 'ടൈഗർ' !!


























2012 ൽ 'ഏക് ഥാ ടൈഗർ' കാണുമ്പോൾ അത് YRF Spy Universe ലേക്കുള്ള ഒരു തുടക്കമാകുമെന്നൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. 2017 ൽ 'ടൈഗർ സിന്ദാ ഹേ', 2019 ൽ 'വാർ', 2023 ൽ 'പഠാൻ' കൂടി വന്നതോടെ യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ് വിപുലീകരിക്കപ്പെട്ടു.

ബോളിവുഡ് സിനിമകൾ ബോക്സോഫീസിൽ നിരന്തരം തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന കാലത്ത് 'പഠാൻ' നൽകിയ വിജയം ചെറുതായിരുന്നില്ല.

വലിയ ഇടവേളക്ക് ശേഷം ഷാരൂഖ് - സൽമാൻ ഖാന്മാരെ ഒന്നിച്ചു സ്‌ക്രീനിൽ കൊണ്ട് വന്ന സിനിമ എന്നതിനപ്പുറത്തേക്ക് ബോളിവുഡിൽ ഇത്തരം ക്രോസ്സ് ഓവർ സിനിമകളുടെ വിപണന വിജയ സാധ്യതകൾ ബോധ്യപ്പെടുത്താൻ 'പഠാന്' സാധിച്ചു. 'ടൈഗർ 3' അതിന്റെ തുടർച്ചയാണ്.

99 ലെ ലണ്ടനിൽ വച്ചുള്ള സോയയുടെ ഇത് വരെ പറയാതെ പോയ ഫ്ലാഷ് ബാക്ക് സീനിൽ തുടങ്ങി ആസ്ട്രിയ, റഷ്യ, തുർക്കി, വിയന്ന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളെ കഥാ ഭൂമികയാക്കി മാറ്റി കൊണ്ടാണ് 'ടൈഗർ 3' സ്‌ക്രീൻ കാഴ്ചകളിലൂടെ സംഭവ ബഹുലമാകുന്നത്.

സ്ഥിരം ഇന്ത്യാ-പാക്സിതാൻ ശത്രുതാ കഥകളിൽ നിന്നൊക്കെ മാറി രണ്ടു രാജ്യങ്ങളും പരസ്പ്പരം സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്നവരായി ചിത്രീകരിക്കപ്പെടുന്നുണ്ട് സിനിമയിൽ. RAW ആയാലും ISI ആയാലും അവരവരുടെ രാജ്യത്തിനു വേണ്ടി ജോലി ചെയ്യുന്നു എന്നതിനപ്പുറം ഉള്ളിൽ ശത്രു രാജ്യമെന്ന വൈരം സൂക്ഷിക്കുന്നില്ല.


പാക്സിതാൻ ഭരണകൂടത്തെ ജനാധിപത്യത്തിന്റെ വക്താവാക്കി ചിത്രീകരിച്ചതും ഇന്ത്യയുമായി സഹകരിച്ചു പോകാനുള്ള അവരുടെ നിലപാടിനെ ഹൈലൈറ്റ് ചെയ്തതുമൊക്കെ വെറുപ്പിന്റെ പ്രചാരകർക്കുള്ള മറുപടി കൂടിയായി മാറുന്നു.

'പഠാനി'ൽ Ex -RAW ഏജന്റായ ജിമ്മിനെ വില്ലനാക്കി കൊണ്ട് വന്നതിന് സമാനമായി ഇവിടെ Ex-ISI ഏജന്റായ ആതിഷ് റഹ്മാനെയാണ് വില്ലനാക്കിയിരിക്കുന്നത്.

ജിമ്മിനെ ജോൺ എബ്രഹാം ഗംഭീരമാക്കിയ പോലെ തന്നെ ഇമ്രാൻ ഹാഷ്മിയും തനിക്ക് കിട്ടിയ വില്ലൻ വേഷത്തെ വളരെ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

സൽമാൻ ഖാൻ- കത്രീന കൈഫ് ആക്ഷൻ കോംബോ സീനുകളൊക്കെ ഹൈ വോൾട്ടിൽ തന്നെ സ്‌ക്രീനിൽ കാണാൻ സാധിക്കും. ആക്ഷൻ സീനുകളിൽ കത്രീന ഗംഭീരമായിരുന്നു. പ്രത്യേകിച്ച് ആ ടവൽ ഫൈറ്റ് സീനൊക്കെ ടൈഗർ 3 യിലെ ആക്ഷൻ ഹൈലൈറ്റ് തന്നെയാണ് എന്ന് പറയാം.

രേവതിയുടെ RAW ചീഫ് വേഷവും, സിമ്രാന്റെ പാകിസ്താൻ PM വേഷവുമൊക്കെ കൂട്ടത്തിൽ നന്നായി തോന്നി.

ടൈഗർ -പഠാൻ ക്രോസ് ഓവർ സീനുകളിലെ കെമിസ്ട്രിയിൽ ആക്ഷനൊപ്പം കോമഡിയും അവരുടെ ഫ്രണ്ട്ഷിപ്പുമൊക്കെ തിളങ്ങി നിന്നു.

എൻഡ് ക്രെഡിറ്റ് എഴുതി കാണിക്കുമ്പോഴേക്കും പടം കഴിഞ്ഞെന്ന് കരുതി എണീറ്റ് പോയവർക്ക് വൻ നഷ്ടം. YRF സ്പൈ യൂണിവേഴ്സിന്റെ അടുത്ത പടം War 2 ലേക്കുള്ള പാലമിട്ട് കൊണ്ട് ടൈൽ എൻഡിൽ മേജർ കബീറായി ഹൃതിക്കിന്റെ മിന്നാട്ടം.

Waiting For WAR 2 !!!

ആകെ മൊത്തം ടോട്ടൽ = കഥയിലെ പുതുമയും അവതരണത്തിലെ ലോജിക്കുമൊന്നും നോക്കാതെ ആദ്യാവസാനം വരെ തിയേറ്റർ എക്സ്പീരിയൻസിൽ കാണാവുന്ന പടമാണ് ടൈഗർ 3. അതിനപ്പുറം ഒന്നും പ്രതീക്ഷിച്ചു കൊണ്ട് കാണാതിരിക്കുക.

*വിധി മാർക്ക് = 7/10 

-pravin-

Friday, December 8, 2023

ക്ലാസ്-മാസുകൾക്കപ്പുറം രാഷ്ട്രീയം സംസാരിക്കുന്ന സിനിമ !!


കാർത്തിക് സുബ്ബരാജിന്റ 'ഇരൈവി' യിൽ സ്വന്തം സിനിമയെ കുറിച്ച് വാചാലനായി കൊണ്ടിരിക്കുന്ന ഒരു നവാഗത സംവിധായകനോട് എസ്.ജെ സൂര്യയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട് - "നമ്മ പടം താ പേസണം..നമ്മ പേസക്കൂടാത്..". ആ ഡയലോഗ് സത്യത്തിൽ കാർത്തിക് സുബ്ബരാജിന്റെ നിലപാടാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന സിനിമയാണ് 'ജിഗർതാണ്ട ഡബിൾ എക്സ്'.

ഒരു കഥ പറയുമ്പോൾ ആ കഥ എങ്ങിനെ പറയുന്നു അത് എന്ത് പറഞ്ഞു വക്കുന്നു എന്നതിനാണ് പ്രസക്തി.

2014 ൽ അസാൾട് സേതു- കാർത്തിക് സുബ്രമണി കഥാപാത്രങ്ങളെ വച്ച് കൊണ്ട് പറഞ്ഞ അതേ കഥയെ 2023 ൽ സീസർ-റേ ദാസന്മാർക്ക് വേണ്ടി മാറ്റി എഴുതിയതോടൊപ്പം ആദ്യ പതിപ്പിനെ മറി കടക്കും വിധം ഗംഭീരമാക്കി പറഞ്ഞവതരിപ്പിക്കാൻ കാർത്തിക് സുബ്ബരാജിന് സാധിച്ചു.

സിനിമയെ ഒരു ആയുധമായി പ്രമേയവത്ക്കരിക്കുന്നതിനൊപ്പം ആ ആയുധത്തെ എങ്ങിനെ അർത്ഥവത്തായി പ്രയോഗവത്ക്കരിക്കാം എന്ന് കൂടി ബോധ്യപ്പെടുത്തുന്ന മേക്കിങ് തന്നെയാണ് 'ജിഗർതാണ്ട ഡബിൾ എക്‌സി'നെ മികവുറ്റതാക്കുന്നത്.

SJ സൂര്യ -ലോറൻസ് കഥാപാത്ര പ്രകടനങ്ങളാണ് മറ്റൊരു ഹൈലൈറ്റ്. ഏത് കഥാപാത്രത്തിൽ വന്നാലും ആടി തിമിർക്കുന്ന SJ സൂര്യയുടെ പ്രകടനത്തേക്കാൾ ഒന്ന് രണ്ടു പടി മുകളിൽ നിൽക്കുന്നുണ്ട് ലോറൻസ്. സീസറിനെ ആ ലെവലിൽ അതിശയകരമായി പകർന്നാടാൻ ലോറൻസിന് സാധിച്ചു. ലോറൻസിന്റെ കരിയറിൽ സീസർ ഒരു തുടക്കമാവുക തന്നെ ചെയ്യും.

നിമിഷ സജയന്റെ മലൈയരശി, നവീൻ ചന്ദ്രയുടെ വില്ലൻ പോലീസ് വേഷമൊക്കെ നന്നായിരുന്നു. ശേട്ടാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിധു, സിഎം വേഷത്തിൽ എത്തിയ കപില എന്നിവരുടെ പ്രകടനങ്ങളും കൂട്ടത്തിൽ ശ്രദ്ധേയമായി.

ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തിന് സ്‌പേസ് ഉണ്ടെങ്കിലും സ്വന്തം ശബ്ദത്തിലെ ഡബ്ബ് അത്ര നന്നായി അനുഭവപ്പെട്ടില്ല.

കാടും മലയും ആനകളുമൊക്കെ ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ തന്നെയാണ്. അവർക്ക് ഡയലോഗ് ഇല്ലെങ്കിലും അവരും നമ്മളോട് സംസാരിക്കുന്നുണ്ട്. ആനകളെ വച്ചുള്ള സീനുകളൊക്കെ മനോഹരമായി തന്നെ ചെയ്തിട്ടുണ്ട് സിനിമയിൽ.

തിരുവിന്റെ ഛായാഗ്രഹണവും സന്തോഷ് നാരായണന്റെ സംഗീതവുമൊക്കെ കൂടി ജിഗർതാണ്ടക്ക് കൊടുക്കുന്ന മൂഡ് എടുത്തു പറയേണ്ടതാണ്. ക്ലൈമാക്സ് സീനുകളിലേക്കെല്ലാം എത്തുമ്പോൾ നമ്മുടെ കണ്ണ് നിറക്കുന്ന അനുഭവമാക്കി ജിഗർതാണ്ടയെ മാറ്റുന്നതിൽ അവർക്കുള്ള പങ്കു വലുതാണ്. അതിനൊപ്പം നമ്മുടെ മനസ്സിൽ സിനിമ എന്ന കലയെ സകല ആദരവും നൽകി പ്രതിഷ്ഠിക്കുന്നു കാർത്തിക് സുബ്ബരാജ്.

ഭരണകൂടത്തെ ചോദ്യം ചെയ്യാൻ കെൽപ്പുള്ള ജനതയെ സൃഷ്ടിച്ചെടുക്കാൻ സിനിമയെന്ന കലക്ക് സാധിക്കുമെന്ന ഓർമ്മപ്പെടുത്തലോടെയാണ് കാർത്തിക് സുബ്ബരാജിന്റെ 'ജിഗർതാണ്ട ഡബിൾ എക്സ്' അവസാനിക്കുന്നത്.

ആകെ മൊത്തം ടോട്ടൽ = തിയേറ്റർ എക്സ്പീരിയൻസിൽ തന്നെ കാണേണ്ട പടം. 

*വിധി മാർക്ക് = 8/10 

©bhadran praveen sekhar

Wednesday, November 22, 2023

ഒരു ഡീസന്റ് ക്രൈം ത്രില്ലർ !!


വ്യക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്ക് കോടതിയിൽ നിന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകുന്നതോടെ നീതി നടപ്പിലായി എന്ന് സാങ്കേതികമായി വിശ്വസിക്കുമ്പോഴും തെളിവുകളോടെ അറസ്റ്റ് ചെയ്യപ്പെട്ട് കോടതി ശിക്ഷിച്ചവരൊക്കെ യഥാർത്ഥത്തിൽ കുറ്റവാളികൾ തന്നെയോ എന്ന ചോദ്യത്തിന് പ്രസക്‌തിയുണ്ട്.

ആ ചോദ്യത്തെ പ്രമേയവത്ക്കരിച്ചു കൊണ്ടുള്ള ജിനേഷ് എമ്മിന്റെ കഥയെ സത്യമേത് മിഥ്യയേത് എന്ന് മനസ്സിലാക്കി എടുക്കാനാകാത്ത വിധം തിരക്കഥയിലേക്ക് മാറ്റിയവതരിപ്പിക്കുകയാണ് മിഥുൻ മാനുവൽ ചെയ്തിരിക്കുന്നത്.

ട്രെയിലറിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ പറ്റുന്ന അതേ കഥയെ അവസാനം വരെ പിടി തരാത്ത വിധം മാറ്റിയും മറച്ചും പറഞ്ഞവതരിപ്പിക്കുന്നിടത്താണ് 'ഗരുഡൻ' ത്രില്ലടിപ്പിച്ചത്.

ഏതൊരു ക്രൈം ത്രില്ലർ സിനിമയിലും കണ്ടിട്ടുള്ള അതേ പാറ്റേണിൽ കഥ പറയുമ്പോഴും അവസാനം വരെ സസ്പെൻസ് നിലനിർത്താൻ സംവിധായകനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്.

വയലൻസ് സീനുകളുടെ അതിപ്രസരമോ കേസ് അന്വേഷണത്തിന്റെ ഗിമ്മിക്കുകളോ ഒന്നുമില്ലാതെ തന്നെ ഒരു ക്രൈം ത്രില്ലർ സിനിമയുടെ മൂഡ് സെറ്റ് ചെയ്തതൊക്കെ ശ്രദ്ധേയമായി തോന്നി.

അതേ സമയം ഫാമിലി ഇമോഷണൽ സീനുകളൊന്നും ഒട്ടും വർക്കാകാതെ പോയ പോലെയാണ് അനുഭവപ്പെട്ടത്. അഭിരാമിയുടെയും ദിവ്യ പിള്ളയുടെയുമൊക്കെ സ്ത്രീ കഥാപാത്രങ്ങൾക്ക് സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ഛായാഗ്രഹണത്തിനും ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതത്തിനുമൊന്നും 'ഗരുഡ'ന് വേണ്ട മൈലേജ് കൊടുക്കാനായില്ല.

ചടുലമായി മാറേണ്ട കഥാഗതികളിൽ പലയിടത്തും ലാഗും നാടകീയതയുമൊക്കെ കയറി വന്നത് കല്ല് കടിയായി മാറുന്നുണ്ട്. കുറ്റവാളിയെ പിടിക്കുന്ന സീനും മറ്റുമൊക്കെ കുറച്ചു കൂടി നന്നാക്കി ചെയ്യാമായിരുന്നു എന്ന് തോന്നി.

കേന്ദ്ര കഥാപാത്രങ്ങളെ മുൻനിർത്തി കൊണ്ട് കഥ പറയുമ്പോഴും സഹ കഥാപാത്രങ്ങൾക്ക് സ്‌ക്രീൻ സ്‌പേസ് കിട്ടുന്ന സിനിമകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും 'ഗരുഡ'നിൽ അത് വെറും സുരേഷ് ഗോപി -ബിജുമേനോൻമാരിൽ മാത്രം ഒതുങ്ങുന്നു. ജഗദീഷ്, സിദ്ധീഖ്, നിഷാന്ത് സാഗർ കൂട്ടത്തിൽ പിന്നെയും എടുത്തു പറയാം.

ഗരുഡൻ എന്ന പേര് ഈ സിനിമക്ക് എങ്ങിനെ കിട്ടി എന്ന സംശയത്തിന്റെ ഉത്തരമായി മാറുന്ന ക്ലൈമാക്സ് സീനും ഡയലോഗുമൊക്കെ കിടിലനായിരുന്നു. ക്ലൈമാക്സ് സീനിന്റെ ഒരു പഞ്ച് തന്നെ അതാണെന്ന് പറയാം.

ആകെ മൊത്തം ടോട്ടൽ = കുറ്റമറ്റ സിനിമയെന്നുള്ള വാദമൊന്നും ഇല്ലെങ്കിൽ കൂടി ആദ്യാവസാനം വരെ പിടി തരാതെ സസ്പെൻസ് നിലനിർത്തിയ ഒരു ഡീസന്റ് ത്രില്ലർ തന്നെയാണ് 'ഗരുഡൻ'. നവാഗത സംവിധായകനെന്ന നിലക്ക് അരുൺ വർമ്മ അഭിനന്ദനമർഹിക്കുന്നു. 'ഗരുഡൻ' സിനിമ അവസാനിക്കുന്ന ഘട്ടത്തിലും ജിനേഷ് എമ്മിന്റെ കഥയുടെ പ്രസക്തി അവസാനിക്കുന്നില്ല. ഇതേ കഥയിൽ ഇനിയും ഗംഭീരമായ മറ്റൊരു സിനിമക്കുള്ള സാധ്യതകൾ ഏറെയുണ്ട്.

*വിധി മാർക്ക് = 7.5/10 

-pravin-

Saturday, October 28, 2023

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് വിജയ് കൂടി എത്തുമ്പോൾ !!


'കൈതി', 'വിക്രം' ലെവലിലേക്കൊന്നും എത്തിയില്ലെങ്കിലും തിയേറ്റർ എക്സ്പീരിയൻസിൽ ആഘോഷിക്കാനുള്ള സംഗതികളൊക്കെ ലോകേഷ് 'ലിയോ'യിലും ചെയ്തു വച്ചിട്ടുണ്ട്.

കഥാപരമായ പുതുമക്കൊന്നും പ്രസക്തി നൽകാതെ മുഴുവൻ ഫോക്കസും മേക്കിങ്ങിനു കൊടുക്കാം എന്ന നിർബന്ധ ബുദ്ധിയോടെയാണ് ലോകേഷ് 'ലിയോ'യെ ഒരുക്കിയിരിക്കുന്നത്. ഹിമാചൽ പ്രദേശിന്റെ കഥാപശ്ചാത്തലത്തിൽ കഥ പറയുന്ന തമിഴ് സിനിമ എന്ന പുതുമയെ മറക്കുന്നില്ല.

ഏത് വിധേനയും LCU വിലേക്ക് വിജയുടെ ലിയോവിനെ കൂടി എത്തിക്കുക എന്ന ആവേശം കൊണ്ടാകാം ലോകേഷിന്റെ മുൻകാല സിനിമകളിലെ തിരക്കഥാ മികവൊന്നും ലിയോവിൽ കണ്ടു കിട്ടുന്നില്ല. അതേ സമയം ഒരു കംപ്ലീറ്റ് വിജയ് ഷോ പടമെന്ന നിലക്ക് ആഘോഷിക്കാനുണ്ട് താനും.

ആദ്യ സീനുകളിലെ ഹൈനയുടെ ആക്രമണവും പാർത്ഥിപന്റെ ഇടപെടലുകളുമൊക്കെയായി ചടുലമാകുന്ന സിനിമ ഗംഭീര പഞ്ചോടെയാണ് ആദ്യ പകുതി അവസാനിപ്പിക്കുന്നത്.

ഇടവേളക്ക് പിരിയുമ്പോൾ തെളിയുന്ന 'ലിയോ'യുടെ ടൈറ്റിലും, കൂട്ടത്തിൽ ഇരച്ചു കയറുന്ന പാട്ടും ബാക്ഗ്രൗണ്ട് സ്കോറും എല്ലാം കൂടെ രണ്ടാം പകുതിയിലേക്കുള്ള ആവേശം ഇരട്ടിപ്പിക്കുന്നു. എന്നാൽ രണ്ടാം പകുതിയിൽ പലതും കൈ വിട്ട് പോകുന്ന കാഴ്ചയാണ്.

ഫ്ലാഷ് ബാക്കും, അന്വേഷണവും, ഫാമിലി ഇമോഷണൽ സീനുകളുമൊക്കെ 'ലിയോ'യിൽ അധികപ്പറ്റായി മാറുന്ന പോലെ തോന്നി. അനിരുദ്ധിന്റെ സംഗീതം പോലും ഉഴപ്പി പോകുന്ന സീക്വൻസുകൾ ഉണ്ട്.

കുറച്ചു സീനുകളേ ഉള്ളൂവെങ്കിലും മിസ്കിനും ടീമും സിനിമയുടെ തുടക്കത്തിൽ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷവും റെസ്റ്റോറന്റ് ഫൈറ്റുമൊക്കെ സിനിമയുടെ മികച്ച ഭാഗങ്ങളായി ഓർത്തെടുക്കാൻ പറ്റും .


അതേ സമയം അനുരാഗ് കശ്യപിനെ പോലെയുള്ള ഒരാളെ വെറും ഒരു വെടിക്ക് തീരുന്ന കഥാപാത്രമാക്കി ഒറ്റ സീനിൽ കൊണ്ട് വന്നതിന് പിന്നിലെ കഥ എന്താകാം എന്നാലോചിക്കേണ്ടി വരുന്നു.

പാർത്ഥിപന്റെ മകനായി വിജയ്‌ക്കൊപ്പം ആദ്യാവസാനം വരെ നിറഞ്ഞു നിന്ന മാത്യു തോമസിന് 'ലിയോ' കൂടുതൽ അവസരങ്ങൾ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തൃഷ, ബാബു ആന്റണി, മഡോണ സെബാസ്റ്റിയൻ പോലെയുള്ളവർക്ക് 'ലിയോ'വിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. അതേ സമയം മൻസൂർ അലി ഖാനൊക്കെ തനിക്ക് കിട്ടിയ ചെറിയ വേഷം നന്നായി ചെയ്‌തു.

'ലിയോ'യിൽ വിജയ് ഷോ ഒരു ഭാഗത്ത് നടക്കുമ്പോഴും ഹൈലൈറ്റ് ആയി നിന്നത് ആക്ഷൻ കിംഗ് അർജുന്റെ ഹാരോൾഡ്‌ ദാസും സഞ്ജയ് ദത്തിന്റെ ആന്റണി ദാസുമാണ്. ആ രണ്ടു കഥാപാത്രങ്ങളും അവരുടെ പ്രകടനങ്ങളുമൊക്കെ ഈ സിനിമക്ക് വെറുമൊരു വിജയ് പടത്തിനപ്പുറമുള്ള മൈലേജ് കൊടുക്കുന്നുണ്ട്.

ആകെ മൊത്തം ടോട്ടൽ = ലോകേഷിന്റെ മേക്കിങ്, അനിരുദ്ധിന്റെ സംഗീതം, അൻപ്-അറിവുമാരുടെ ആക്ഷൻ എല്ലാം കൂടി ചേരുമ്പോൾ ഉള്ള ആനച്ചന്തം തന്നെയാണ് 'ലിയോ'യുടെ തിയേറ്റർ ആസ്വാദനം. അതിനപ്പുറം ഒരു ലോകേഷ് പടമെന്ന നിലക്ക് 'ലിയോ'വേണ്ട വിധം അടയാളപ്പെടുന്നില്ല.

*വിധി മാർക്ക് = 6.5/10

-pravin-

Monday, October 23, 2023

ത്രില്ലടിപ്പിക്കുന്ന സ്‌ക്വാഡ് !!


H. വിനോദിന്റെ 'തീരൻ', രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' പോലുള്ള സിനിമകളുടെ അതേ പ്ലോട്ടിൽ ഏറെക്കുറെ അതേ റൂട്ടിലൂടെ തന്നെ കഥ പറഞ്ഞു പോകുമ്പോഴും 'കണ്ണൂർ സ്‌ക്വാഡി'ന് അതിന്റെതായ ഒരു വ്യക്തിത്വം നൽകാൻ സംവിധായകൻ റോബി വർഗ്ഗീസ് രാജിന് സാധിച്ചിട്ടുണ്ട്.

പ്രമേയപരമായ സാമ്യതകളെയെല്ലാം മറി കടക്കുന്ന അവതരണ മികവിലൂടെയാണ് കണ്ണൂർ സ്‌ക്വാഡ് കൈയ്യടി നേടുന്നത്.

H വിനോദിന്റെ 'തീരനോ'ളം പോന്ന സിനിമയല്ലെങ്കിൽ കൂടി, രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' തരാതെ പോയ സിനിമാറ്റിക് എക്സ്പീരിയൻസ് കണ്ണൂർ സ്‌ക്വാഡിൽ വേണ്ടുവോളമുണ്ട് എന്ന് പറയാം.

കണ്ണൂർ സ്‌ക്വാഡിലെ നാലംഗ സംഘത്തെയും അവരുടെ പ്രവർത്തന ശൈലിയുമൊക്കെവ്യക്തമാക്കാൻ വേണ്ടി രൂപപ്പെടുത്തിയ സീനുകൾക്ക് ദൈർഘ്യമേറിയോ എന്ന് സംശയിക്കുന്നിടത്ത് തന്നെ സിനിമ പെട്ടെന്ന് ട്രാക്ക് പിടിക്കുന്നു.

കണ്ണൂർ സ്‌ക്വാഡ്ന്റെ മിഷൻ ആരംഭിക്കുന്നത് തൊട്ടങ്ങോട്ട് സിനിമയുടെ വേഗവും താളവുമൊക്കെ ഒന്നാകുകയാണ്.

കണ്ണൂരിൽ നിന്ന് തുടങ്ങി ഉത്തർപ്രദേശിന്റെ ഉൾഗ്രാമങ്ങളിലേക്ക് നീളുന്ന കേസ് അന്വേഷണം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനപ്പുറം മികച്ച ഒരു റോഡ് മൂവിയുടെ ഭാവഭേദങ്ങൾ സമ്മാനിക്കുന്നു കണ്ണൂർ സ്‌ക്വാഡിന്.

രാവും പകലും ഭൂപ്രദേശവുമൊക്കെ മാറി മറയുമ്പോഴും കഥാഗതിക്കനുസരിച്ചുള്ള മുഹമ്മദ് റാഹിലിന്റെ ദൃശ്യപരിചരണങ്ങൾ ശ്രദ്ധേയമായിരുന്നു. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും കൂടി ചേരുമ്പോൾ അതിന്റെ എഫക്ട് ഇരട്ടിക്കുന്നു.

കേരള -കർണ്ണാടക ബോർഡറിൽ നിന്ന് തുടങ്ങി ഇന്ത്യ -നേപ്പാൾ ബോർഡർ വരെയുള്ള കഥാ വഴികളിലൂടെ ജോർജ്ജ് മാർട്ടിനും കൂട്ടർക്കുമൊപ്പം സിനിമ കാണുന്ന നമ്മളും സഞ്ചരിക്കുന്നു.

ഈ അന്വേഷണ യാത്രയിൽ അവരുടെ പോലീസ് വാഹനം പോലും പതിയെ ഒരു കഥാപാത്രമായി മാറുന്നുണ്ട്. ആ വണ്ടിയോടുള്ള ഒരു ഇമോഷനൊക്കെ നന്നായി വർക് ഔട്ട് ആകുന്നതും അത് കൊണ്ടാണ്.


കേരളം വിട്ട് മറ്റൊരു സംസ്ഥാനത്ത് ജോലിയുടെ ഭാഗമായി എത്തിപ്പെടുന്ന കേരളാ പോലീസിന്റെ നിസ്സഹായാവസ്ഥകളും പരിമിതികളുമൊക്കെ വിശദമായി ചിത്രീകരിച്ചു കണ്ടത് ഖാലിദ് റഹ്മാന്റെ 'ഉണ്ട'യിലാണ് .

'ഉണ്ട'യിൽ മമ്മൂട്ടിയുടെ S.I മണികണ്ഠനും കൂട്ടർക്കും നേരിടേണ്ടി വന്ന വെല്ലുവിളികളുടെ മറ്റൊരു പതിപ്പെന്ന പോലെ 'കണ്ണൂർ സ്‌ക്വാഡി'ലെ ASI ജോർജ്ജ് മാർട്ടിനും സംഘവും കേസ് അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലായി പ്രതിസന്ധികളിൽ അകപ്പെടുന്നത് കാണാം .

RDX ൽ വില്ലന്മാരോട് നമുക്ക് കലിപ്പ് തോന്നാൻ കാരണമാകുന്ന ചില രംഗങ്ങൾ ഉള്ളത് പോലെ ഇവിടെയും വില്ലന്മാരോട് അടങ്ങാത്ത വൈരം ഉണ്ടാക്കി തരുന്ന സീനുകൾ ഉണ്ട്.

ആദ്യമേ ആരൊക്കെയാണ് വില്ലൻമാർ എന്ന് കാണിച്ചു തരുന്നത് കൊണ്ട് സസ്പെൻസിനു സിനിമയിൽ പ്രാധാന്യമില്ല. പകരം പോലീസിന് പിടി കൊടുക്കാതെ മുങ്ങി നടക്കുന്ന വില്ലന്മാരെ തേടിയുള്ള യാത്രയിലാണ് എല്ലാ ത്രില്ലും.

വില്ലന്മാർ പ്രകടനം കൊണ്ട് മികച്ചു നിക്കുമ്പോഴാണ് സിനിമയുടെ ത്രില്ല് കൂടുന്നത്. രണ്ടു മെയിൻ വില്ലന്മാർ ഉണ്ടെങ്കിലും ഒരാൾക്ക് ഒരു ഡയലോഗ് പോലും കൊടുക്കാതെ ഒതുക്കിയത് എന്തിനാണ് എന്ന് ഒരു പിടിയുമില്ല. ഹിന്ദി വില്ലന്മാരൊക്കെ കിടു ആയിരുന്നു.


അസീസ് -റോണി-ശബരീഷ് കോമ്പോ തരക്കേടില്ലായിരുന്നു. എന്നാലും അവരുടെ ടീം സ്പിരിറ്റ്‌ അനുഭവപ്പെടുത്തുന്ന സീനുകൾ ഇല്ലാതെ പോയി. അതേ സമയം ആദ്യവസാനം വരെ സൈബർ സെല്ലിൽ ഇരുന്ന് കോർഡിനേറ്റ് ചെയ്ത ശരത് സഭയുടെ കഥാപാത്രമൊക്കെ നന്നായിട്ടുമുണ്ട്.

ഫൈറ്റ് സീനുകളെല്ലാം കിടിലനായിരുന്നു. പ്രായത്തെ വക വെക്കാത്ത വിധം മമ്മുക്ക ആക്ഷൻ സീനുകളിലൊക്കെ മറ്റാരേക്കാളും തിളങ്ങി. 

'ഉണ്ട'യിലെ പോലെ രാഷ്ട്രീയം പറയുന്നില്ലെങ്കിലും ഉത്തരേന്ത്യയിൽ വച്ചുള്ള ഒരു സീനിൽഇതെന്താ ഇവിടെ ഇങ്ങിനെയൊക്കെ എന്ന് ചോദിക്കുന്ന ജോസിനോട് ഇത് കേരളമല്ല അത് തന്നെ എന്ന് മറുപടി പറയുന്ന ജോർജ്ജ് മാർട്ടിൻ തന്നെ ധാരാളം. 

ആകെ മൊത്തം ടോട്ടൽ = വർക്കാകാതെ പോയ ചില ഇമോഷണൽ സീനുകളും അല്ലറ ചില്ലറ ക്‌ളീഷേകളുമൊക്കെ ഒഴിച്ച് നിർത്തിയാൽ കണ്ണൂർ സ്‌ക്വാഡ് എല്ലാ തലത്തിലും തൃപ്‍തിപ്പെടുത്തിയ സിനിമയാണ്.

*വിധി മാർക്ക് = 8/10 

-pravin- 

Friday, October 13, 2023

ഗ്യാങ്സ്റ്റർ കഥക്കുള്ളിൽ ഒരു ടൈം ട്രാവൽ !!


ടൈം ട്രാവലും, ടൈം ലൂപ്പുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട മുൻകാല സിനിമകളോട് താരതമ്യപ്പെടുത്താമെങ്കിലും 'മാർക്ക് ആന്റണി' വ്യത്യസ്തമാകുന്നത് അതിന്റെ രസകരമായ അവതരണത്തിലാണ്.

ടൈം ട്രാവൽ സാധ്യമാക്കുന്ന ഉപകരണമായി ഒരു ടെലിഫോണിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വർത്തമാന കാലത്തിൽ നിന്ന് ഭൂതകാലത്തിലേക്ക് ആ ഫോണിൽ സംസാരിക്കുക വഴിയാണ് പലതും മാറി മറയുന്നത്.

ഫോൺ വിളിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ വിവരിക്കുന്ന സീനുകൾക്ക് ശേഷം സിനിമയുടെ കെട്ടു മട്ടു ഭാവങ്ങൾ മാറുന്നത് കാണാം.

ഒരു സയൻസ് ഫിക്ഷൻ സിനിമയെന്നോണം തുടങ്ങി ഒരു ഗാംഗ്‌സ്റ്റർ സിനിമയിലേക്കുള്ള രൂപമാറ്റം സംഭവിക്കുന്നിടത്താണ് 'മാർക്ക് ആന്റണി'യുടെ രസച്ചരട് മുറുകുന്നത്.

ഗാങ്സ്റ്റർ കഥാപശ്ചാത്തലത്തിൽ ഫിക്ഷനും ആക്ഷനും കോമഡിയുമൊക്കെ ചേർത്ത് ആദ്യാവസാനം വരെ ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ്. 


വിശാലിനെ സംബന്ധിച്ച് ഇത്രയും ഗെറ്റപ്പുകളിൽ ഇത് വരെ കാണാത്ത വിധം നിറഞ്ഞാടിയ ഒരു സിനിമ എന്ന് വിശേഷിപ്പിക്കാം 'മാർക്ക് ആന്റണി'യെ. അതേ സമയം മാർക്ക്-ആന്റണി എന്ന ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിശാലിനെ എല്ലാ തലത്തിലും വെല്ലുന്ന പ്രകടനമായിരുന്നു SJ സൂര്യയുടെത്. 

'ജയിലറി'ലെ ബ്ലാസ്റ്റ് മോഹന് ശേഷം 'മാർക്ക് ആന്റണി' യിലെ ഏകാംബരമായെത്തിയ സുനിലിന്റെ ഗെറ്റപ്പുകൾ കൊള്ളാമായിരുന്നു. പക്ഷേ കാര്യമായൊന്നും ചെയ്യാൻ ഇല്ലാതെ പോയി. അതെങ്ങനെയാണ് ഈ സിനിമയിൽ ചെയ്യാനുള്ളതെല്ലാം ആ SJ സൂര്യക്ക് മാത്രമായിരുന്നല്ലോ.

ജാക്കി പാണ്ഡ്യനായും മദൻ പാണ്ഡ്യനായും SJ സൂര്യയെ കയറൂരി വിട്ട പോലെയായിരുന്നു സിനിമയിൽ. ഒരു ഘട്ടമെത്തുമ്പോൾ കൈവിട്ടു പോയ സ്ക്രിപ്റ്റിനെ കുറ്റം പറയിക്കാത്ത വിധം 'മാർക്ക് ആന്റണി'യെ എൻഗേജിങ് ആക്കി നിലനിർത്തുന്നത് പോലും SJ സൂര്യയാണ് എന്ന് പറയാം.

1975-1995 കാലഘട്ടത്തെ പുനരവതരിപ്പിച്ച ആർട് വർക്കും കഥാപാത്രങ്ങളുടെ വേഷ വിധാനങ്ങളുമൊക്കെ ശ്രദ്ധേയമായി തോന്നി. 

'മാർക്ക് ആന്റണി' യെ ആദ്യാവസാനം വരെ ചടുലമാക്കുന്നതിൽ പ്രധാനപ്പെട്ട റോൾ നിർവ്വഹിച്ചത് ജി.വി പ്രകാശിന്റെ സംഗീതമാണ് എന്ന് പറയാതെ വയ്യ. ഇത് വരെ കേട്ട് ശീലിച്ച GV പ്രകാശ് കുമാർ സംഗീതത്തിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തിയ സംഗീതം. വരാനിരിക്കുന്ന പല മാസ്സ് പടങ്ങളിലും ഇനി GVPK യുടെ ബിജിഎമ്മുകളും ആഘോഷിക്കപ്പെടുമെന്ന് ഉറപ്പായി. 

ആകെ മൊത്തം ടോട്ടൽ = ആദിക് രവി ചന്ദ്രന്റെ മുൻകാല സിനിമകളെയെല്ലാം വച്ച് നോക്കുമ്പോൾ 'മാർക് ആന്റണി' എല്ലാ തലത്തിലും മികവറിയിച്ചിട്ടുണ്ടെങ്കിലും സ്ക്രിപ്റ്റിന്റെ കാര്യത്തിൽ ഒന്ന് കൂടെ മനസ്സ് വച്ചിരുന്നെങ്കിൽ സിനിമയുടെ റേഞ്ച് വീണ്ടും മാറുമായിരുന്നു.

*വിധി മാർക്ക് = 7.5/10 

-pravin-

Saturday, October 7, 2023

ആറ്റ്ലിയുടെ ഒരു കളർ മാഷപ്പ് മാസ്സ് പടം !!


ലോജിക്കൊന്നും നോക്കാതെ ആക്ഷൻ മാസ്സ് മസാല പടങ്ങൾ ആസ്വദിക്കാൻ സാധിക്കാറുള്ളത് കൊണ്ടും പ്രത്യേകിച്ച് മുൻവിധികൾ ഒന്നുമില്ലാതെ കണ്ടത് കൊണ്ടുമൊക്കെയാകാം ഈ 'ജവാൻ' എന്നെ തൃപ്തിപ്പെടുത്തി. നമ്മൾ മുൻപ് കണ്ട പല സിനിമകളുടെ പ്രമേയങ്ങളെയും സീനുകളേയും കഥാപാത്രങ്ങളെയുമൊക്കെ സമാസമം മിക്സ് ചെയ്തുണ്ടാക്കിയ ഒരു മാഷപ്പ് ആണ് ജവാൻ എന്നതിൽ തർക്കമില്ലെങ്കിലും ആ മാഷപ്പ് ആറ്റ്ലി ഗംഭീരമായി ചെയ്തു വച്ചിട്ടുണ്ട് എന്ന് സമ്മതിക്കാൻ മടിക്കേണ്ട കാര്യമില്ല.

കോർപ്പറേറ്റ് കമ്പനികളുടെ കടം എഴുതി തള്ളുകയും താരതമ്യേന ചെറിയ തുകയുടെ കടത്തിന്റെ പേരിൽ കർഷകരെ ആത്മത്യയിലേക്ക് തള്ളി വിടുകയും ചെയ്യുന്ന ഗവര്മെന്റിനെതിരെയാണ് ജവാൻ ആദ്യം സംസാരിക്കുന്നത്. 'കത്തി'യും 'മഹർഷി'യുമടക്കം പല സിനിമകളെയും ഓർത്ത് പോകുമ്പോഴും ജവാൻ പറയുന്ന കാര്യങ്ങളുടെയൊന്നും പ്രസക്തി നഷ്ടപ്പെടുന്നില്ല.

ഉത്തരേന്ത്യയിലെ സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥകളൊക്കെ സിനിമയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഓക്സിജൻ സിലിണ്ടർ ഇല്ലാത്ത കാരണത്താൽ മരണപ്പെട്ട യുപിയിലെ ഗൊരഖ്‌ പൂരിലെ കുഞ്ഞുങ്ങളെയും അന്ന് അതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കിയ കഫീൽ ഖാനെയുമൊക്കെ ഓർമ്മിപ്പിക്കുന്ന സീനുകൾ.

കറൻസി നിരോധനത്തെയും, ഡിജിറ്റൽ ഇന്ത്യയെയും, ടാക്സ് സിസ്റ്റത്തെയുമൊക്കെ ട്രോളിയ 'മെർസൽ' സിനിമയിലും ആശുപത്രി ഒരു പ്രമേയം ആയിരുന്നല്ലോ. കോടികൾ മുടക്കി പ്രതിമകളും അമ്പലങ്ങളുമല്ല ആശുപത്രികൾ കെട്ടാനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്ന ഡയലോഗെല്ലാം അന്ന് കൊള്ളേണ്ടയിടത്ത് തന്നെ കൊണ്ടു.

ശങ്കറിന്റെ 'മുതൽവ'നും 'ഇന്ത്യ'നും, 'ശിവാജി'യുമൊക്കെ സംസാരിച്ച അതേ കാര്യങ്ങൾ ജവാന് വേണ്ടി ആറ്റ്ലിയും പ്രമേയവത്ക്കരിക്കുന്നുണ്ട്. 'മുതൽവനി'ൽ ഒരൊറ്റ ദിവസത്തേക്ക് മാത്രമായി മുഖ്യമന്ത്രി ആകുന്ന നായകൻ മണിക്കൂറുകൾക്കുള്ളിൽ നാട്ടിൽ പലതും നടപ്പിലാക്കുന്ന പോലെ 'ജവാനി'ലെ നായകനും മണിക്കൂറുകൾ കൊണ്ട് പല സാമൂഹിക പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നു.

ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോ അല്ലെങ്കിൽ ഇതിലൊക്കെ എന്ത് യുക്തിയാണ് എന്ന് ചിന്തിക്കുന്നതിനേക്കാൾ, യുക്തിയില്ലെങ്കിലും സിനിമകളിൽ കൂടെയെങ്കിലും ഇത്തരം വിഷയങ്ങളിൽ നീതി നടപ്പിലാക്കപ്പെടുന്നത് കാണുമ്പോഴുള്ള ഒരു ആശ്വാസമാണ് തോന്നിയത്.

ഫാക്റ്ററികളിൽ നിന്നുള്ള വിഷ വാതകം ശ്വസിച്ചു മരിക്കേണ്ടി വരുന്ന ജനതയും, ആയുധ ഇടപാടുകളിലെ അഴിമതി കാരണം ശത്രുവിന്റെ വെടിയേറ്റ് മരിക്കേണ്ടി വരുന്ന പട്ടാളക്കാരുമൊക്കെ ഒരേ ഭരണകൂടത്തിന്റെ ഇരകളാണ്.

സർക്കാരിനെ ചോദ്യം ചെയ്യുന്നവർ രാജ്യ ദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന കാലത്ത് ഈ സിനിമ കാണുമ്പോൾ അനുഭവപ്പെടുന്ന ആത്മരോഷത്തിന് അറുതിയുണ്ടാക്കാൻ സിനിമയിലെ നായകന് സാധിക്കുന്നുണ്ടെങ്കിൽ അത് സംവിധായകന്റെ വിജയമായി കാണാനേ സാധിക്കൂ.

വെറുമൊരു മാസ്സ് മസാലാ എന്റർടൈനർ എന്ന് ഒറ്റയടിക്ക് പറഞ്ഞു വക്കാനാകാത്ത വിധം 'ജവാൻ' സിനിമക്ക് ഒരു രാഷ്ട്രീയമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് ക്ലൈമാക്സ് സീനുകൾ. വരാനിരിക്കുന്ന ലോക് സഭാ ഇലക്ഷനിൽ ജനങ്ങൾ ആർക്ക് വോട്ട് ചെയ്യണം അല്ലെങ്കിൽ ആർക്ക് വോട്ട് ചെയ്തേ മതിയാകൂ എന്ന സൂചന അതിലുണ്ട്.

മുരുഗദോസിന്റെ 'സർക്കാർ' സിനിമയിൽ പറഞ്ഞു വച്ച കാര്യങ്ങൾ തന്നെയെങ്കിലും ജാനാധിപത്യ സംവിധാനത്തിൽ നമ്മുടെ ചൂണ്ടു വിരലിന്റെ പ്രസക്തിയും വോട്ടിന്റെ വിലയുമൊക്കെ ഒന്ന് കൂടെ അടിവരയിട്ട് പറയുന്നുണ്ട് 'ജവാൻ'


ഷാരൂഖ് ഖാനെ പോലെയൊരു സൂപ്പർ താരത്തെ ആഘോഷിക്കാൻ വേണ്ട ചേരുവകളൊക്കെ ജവാനിൽ ധാരാളമുണ്ട്. മൂന്ന് നാല് ഗെറ്റപ്പുകളിൽ സ്‌ക്രീൻ പ്രസൻസ് കൊണ്ടും പ്രകടനം കൊണ്ടുമൊക്കെ ഷാരൂഖ് ഖാൻ നിറഞ്ഞാടി എന്ന് പറയാം.

ഷാരൂഖ്-നയൻ താര കോമ്പോ തരക്കേടില്ലായിരുന്നു. വിജയ് സേതുപതിയുടെ വില്ലൻ ഓക്കേ ആയിരുന്നെങ്കിലും ആ വില്ലന് കൊടുത്ത ഹൈപ്പ് വച്ച് നോക്കുമ്പോൾ വിജയ് സേതുപതിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത പോലെ അനുഭവപ്പെടുത്തി.

ഷാരൂഖ് ഖാൻ - ദീപിക പദുകോൺ ജോഡി നന്നായിരുന്നു. നയൻ താരയുടെ നായികാ വേഷത്തേക്കാൾ ദീപികയുടെ എക്സ്റ്റണ്ടട് കാമിയോ വേഷം നന്നായി തോന്നി. 'ബിഗിലി'ലെ പോലെ 'ജവാനി'ലെ പെൺപടയും നായകനൊപ്പം ആദ്യവസാനം വരെ നിറഞ്ഞു നിന്നു. സഞ്ജയ്‌ ദത്തിന്റെ മാധവൻ നായർ ഓണ സദ്യയെ പ്രമോട്ട് ചെയ്യാൻ വന്ന പോലെയായി.

ആകെ മൊത്തം ടോട്ടൽ = അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ജി.കെ വിഷ്ണുവിന്റെ ഛായാഗ്രഹണവുമൊക്കെ അറ്റ്ലിയുടെ പടത്തിന് ഒരു ആനച്ചന്തം നൽകുന്നുണ്ട്. റൂബന്റെ എഡിറ്റിങ് ജവാനെ ചടുലമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യമുണ്ടെങ്കിലും ബോറടിപ്പിച്ചില്ല ജവാൻ.

*വിധി മാർക്ക് = 7/10

-pravin-

Saturday, September 16, 2023

അടിയുടെ പെരുന്നാളും ഇടിയുടെ കാർണിവെല്ലും!!


'അങ്കമാലി ഡയറീസി'നും, 'അജഗജാന്തര'ത്തിനും 'തല്ലുമാല'ക്കുമൊക്കെ ശേഷം കാണാൻ കിട്ടിയ ഉഗ്രൻ അടിപ്പടം. ഷൈൻ നിഗം-പെപ്പെ- നീരജ് വേറെ ലെവൽ.

ഡാൻസിലും ആക്ഷനിലും ഷെയ്ൻ നിഗം ഒരു പോലെ സ്‌കോർ ചെയ്തു. കിന്റൽ കനമുള്ള പ്രത്യേക തരം ഇടിക്ക് പെപ്പെ തന്നെ ഫസ്റ്റ്. നെഞ്ചക്കിന്റെ ഉസ്താദായി കിടിലൻ ഗെറ്റപ്പും പ്രകടനവുമായി നീരജ്. അങ്ങിനെ RDX ൽ മൂന്നാളും പല വിധത്തിൽ നിറഞ്ഞാടുക തന്നെയായിരുന്നു .

ഷെയ്ൻ നിഗം - മഹിമ നമ്പ്യാർ, പെപ്പെ-ഐമ ടീമിന്റെ കോംബോ സീനുകളെല്ലാം മനോഹരമായിരുന്നു .

വില്ലന്മാരാണ് ഈ സിനിമയിലെ എടുത്തു പറയേണ്ട മറ്റു താരങ്ങൾ .. ഓരോ അടി സീനിനും ശരിക്കും പഞ്ചുണ്ടാക്കുന്നത് വില്ലന്മാരാണ്..അജ്‌ജാതി പ്രകടനങ്ങൾ.

ഒരു അടി സീൻ തുടങ്ങുമ്പോൾ തന്നെ സ്വാഭാവികമായും ഇനി എന്ത് സംഭവിക്കുമെന്ന് ഊഹിക്കാൻ നമുക്ക് പറ്റും. RDX ലും അത്തരം ഊഹങ്ങൾക്ക് അവസരം തരുന്നുണ്ടെങ്കിലും അതിനേക്കാളേറെ ആ അടി നടക്കേണ്ടതിന്റെ ആവശ്യകത നമ്മളെ ബോധ്യപ്പെടുത്തുകയാണ് സംവിധായകൻ.

ഓപ്പണിങ് സീനിൽ ശ്രീജിത്ത് നായർ അവതരിപ്പിക്കുന്ന പീറ്ററും ലാലിന്റെ ഫിലിപ്പും തമ്മിലുള്ള സംസാര മദ്ധ്യേ തന്നെ വരാനിരിക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് ഒരു ധാരണ നമുക്കുണ്ടാകുന്നുണ്ട്. അവിടുന്നങ്ങോട്ടുള്ള സീൻ ബിൽഡ് അപ്പുകളൊക്കെ മുന്നോട്ടുള്ള സിനിമയുടെ ആവേശം കൂട്ടി.

വില്ലനിട്ടു പൊട്ടിക്കേണ്ടത് കാണുന്ന നമ്മുടെ കൂടി ആവശ്യമാണെന്ന തരത്തിൽ ഒരു തരിപ്പുണ്ടാക്കി വിടുന്നതിനൊപ്പം തന്നെ അവിടെ അടി നടക്കുമ്പോൾ ആണ് അടി സീനിനും അതിലെ ആക്ഷനുമൊക്കെ ഒരു പഞ്ചുണ്ടാകുന്നത് .. ആ തലത്തിൽ കാണുന്നവരെ ഇമോഷണലി ഓരോ അടി സീനിലേക്കും കണക്ട് ചെയ്യിക്കുന്ന ഗംഭീര മേക്കിങ് തന്നെയാണ് RDX ന്റേത്.

ഈ സിനിമയെ സംബന്ധിച്ച് നായകന്മാരെ പോലെ തന്നെ സ്‌ക്രീൻ സ്‌പേസ് കയ്യേറുന്നുണ്ട് എല്ലാ വില്ലന്മാരും. ഓരോ ആക്ഷൻ സീനുകൾ കഴിയുമ്പോഴും വില്ലന്മാരുടെ എണ്ണം കൂടി വരുന്ന പോലെ.. മിഥുൻ വേണുഗോപാൽ, ഹരിശങ്കർ, ദിനീഷ്, സിറാജുദ്ധീൻ അടക്കം പിന്നെയും പേരറിയാത്ത ആരൊക്കെയോ ചേർന്നുള്ള വില്ലന്മാരുടെ ആ കൂട്ടം ഒരു രക്ഷയും ഇല്ലായിരുന്നു.

നിഷാന്ത് സാഗറിന്റെ ഡേവിസിൽ തുടങ്ങി സുജിത് ശങ്കറിന്റെ ജെയ്‌സണിലേക്ക് എത്തി നിക്കുമ്പോൾ അവരൊക്കെയാണ് പ്രധാന വില്ലൻമാർ എന്ന് തോന്നിപ്പിക്കുകയും എന്നാൽ അവിടെ നിന്ന് എല്ലാവരെയും വെല്ലുന്ന വിധം പൊടുന്നനെ വിഷ്ണു അഗസ്തിയുടെ പോൾസൺ കൊടൂര വില്ലനായി അഴിഞ്ഞാട്ടം തുടങ്ങുകയും ചെയ്യുന്നിടത്ത് നിന്ന് സിനിമയുടെ ഗ്രാഫ് കുത്തനെ ഉയരുന്നു.

പോൾസൺ ഒരു ഒത്ത വില്ലൻ തന്നെ എന്ന് അടിവരയിട്ട് പറയാം. ആദ്യ സീൻ തൊട്ട് അവസാനം വരെ പോൾസന്റെ കണ്ണുകളിലെ കൊല വെറി എടുത്തു കാണാം. വേറെ ലെവൽ ആക്ടിങ് .

ബാബു ആന്റണി, ബൈജു ടീമിനൊക്കെ കുറച്ചു കൂടി സ്‌ക്രീൻ സ്‌പേസ് കൊടുത്തിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചു പോയി.

അൻപറിവിന്റെ മികച്ച ആക്ഷൻ കൊറിയോഗ്രാഫി തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്.  നിരന്തരം ആക്ഷൻ സീനുകൾ കടന്നു വരുമ്പോഴും അതിൽ ഒരിടത്തും ആവർത്തന വിരസത അനുഭവപ്പെടുത്തുന്ന അടികളില്ല. എല്ലാ അടിയും ഒന്നിനൊന്ന് മെച്ചം.

അലക്സ് ജെ. പുളിക്കലിന്റെ ഛായാഗ്രഹണം, ചമൻ ചാക്കോയുടെ എഡിറ്റിങ്, പിന്നെ സാം സി.എസിന്റെ BGM. അത് കൂടിയാകുമ്പോൾ RDX കൂടുതൽ സ്ഫോടനാത്മകവും ചടുലവുമാകുന്നു.

ആദ്യാവസാനം വരെ ആക്ഷൻ സീനുകൾക്ക് പ്രാധാന്യം കൊടുക്കുമ്പോഴും RDX ന്റെ കഥയിൽ കുടുംബത്തിനും സൗഹൃദത്തിനും പ്രണയത്തിനുമൊക്കെ വേണ്ടുവോളം റോളുണ്ട് .. ആക്ഷനിടയിൽ പല സീനുകളും വൈകാരികമായി മാറുന്നത് കുടുംബ-സൗഹൃദ ബന്ധങ്ങളെ നന്നായി പറഞ്ഞവതരിപ്പിച്ചത് കൊണ്ടാണ് .. ഒരു ആക്ഷൻ സിനിമക്കുള്ളിൽ അത്തരം സീൻ എലമെൻറ്സ് കൃത്യമായി എഴുതി ചേർക്കാൻ ഷബാസ് റഷീദ് -ആദർശ് സുകുമാരൻ ടീമിന് സാധിച്ചിട്ടുണ്ട്.

ഈ പടത്തെ ഈ ഒരു ലെവലിൽ എത്തിച്ചനഹാസ് ഹിദായത്തിനെ കുറിച്ച് ഇനി അധികമായി എന്താണ് പറയേണ്ടത്.. അത്രയുമധികം രസിപ്പിച്ച പടം.

ആകെ മൊത്തം ടോട്ടൽ = കിടിലൻ അടിപ്പടം. 

*വിധി മാർക്ക് = 8/10 

-pravin-

Saturday, August 26, 2023

നായക-പ്രതിനായകൻമാരുടെ മെഗാ മാസ്സ് അഴിഞ്ഞാട്ടം !!


ലോകേഷ് കനകരാജിന്റെ 'മാസ്റ്റർ' റിലീസാകുന്ന സമയത്ത് ആ സിനിമയിലെ വില്ലൻ കഥാപാത്രമായ ഭവാനിയെ കുറിച്ച് വിജയ് സേതുപതി പറഞ്ഞതോർക്കുന്നു.

"ഈ സിനിമയിൽ ഞാനാണ് നായകൻ ..എനിക്ക് എതിരെ നിൽക്കുന്ന വിജയ് സാറിന്റെ ജെ.ഡിയാണ് എന്റെ വില്ലൻ."

ഏതാണ്ട് അത് പോലെയാണ് 'ജയിലറി'ലെ വിനായകന്റെ വർമ്മൻ എന്ന കഥാപാത്രവും. നായകനെ പോലെ തന്നെ സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന വില്ലൻ. സാക്ഷാൽ രജിനികാന്തിന്റെ സ്‌ക്രീൻ സ്‌പേസിലേക്ക് പോലും തലയിട്ടു കൊണ്ട് ഞാനാണ് ഈ സിനിമയിലെ നായകൻ..മനസ്സിലായോ സാറേ എന്ന് ചോദിക്കുന്ന ഒരു ഒന്നൊന്നര വില്ലൻ.

നെൽസന്റെ 'ബീസ്റ്റും', രജിനികാന്തിന്റേതായി അവസാനം വന്ന 'അണ്ണാത്തെ'യുമൊക്കെ നൽകിയ നിരാശകളെല്ലാം 'ജയിലറി'ന്റെ ത്രസിപ്പിക്കുന്ന സ്‌ക്രീൻ കാഴ്ചകളിൽ അലിഞ്ഞില്ലാതായി എന്ന് പറയാം.


കഥാപരമായ പുതുമക്കൊന്നും പ്രസക്തിയില്ലെങ്കിലും സൂപ്പർ താരങ്ങളെ വച്ച് ഒരു മാസ്സ് സിനിമ എങ്ങിനെ വൃത്തിക്ക് ചെയ്യാമെന്ന് നെൽസൺ കാണിച്ചു തരുന്നുണ്ട്. ഒരിടക്കാലത്തിനു ശേഷം ആർപ്പു വിളിയും വിസിലടിയുമൊക്കെയായി ഒരു സൂപ്പർ താര സിനിമ ആഘോഷിക്കപ്പെടുകയാണ്.

മോഹൻ ലാലിനെയും ശിവരാജ്കുമാറിനെയുമൊക്കെ പോലെയുള്ള സൂപ്പർ താരങ്ങളെ കാമിയോ റോളിൽ അവതരിപ്പിക്കുക മാത്രമല്ല അവർ വന്നു പോകുന്ന സീനുകളിൽ ഒരു ഉത്സവാന്തരീക്ഷം കൂടിയാണ് നെൽസൻ ഒരുക്കിയത്. മുൻകാല രജിനികാന്ത് സിനിമകളിലൊന്നും കാണാത്ത വിധം വില്ലനും വന്നു പോകുന്ന സൂപ്പർ താരങ്ങളുമൊക്കെ കൂടി സ്‌ക്രീൻ സ്‌പേസ് പകുത്തെടുക്കുന്ന കാഴ്ച.

രജിനികാന്തിനെ പോലെ ആഘോഷിക്കപ്പെടുന്ന ഒരു താര രാജാവിനെ കടുത്ത അമാനുഷിക വേഷങ്ങളിൽ നിന്ന് മാറ്റി പരീക്ഷിക്കുന്നത് പാ രഞ്ജിത്താണ്. 'കബാലി' സിനിമയിൽ താര രാജാവിന്റെ പ്രൗഢിയിലല്ലായിരുന്നു രജിനികാന്തിന്റെ പ്രകടനങ്ങൾ. അദ്ദേഹത്തിന്റെ യഥാർത്ഥ പ്രായത്തെ കൂടി പരിഗണിച്ചു കൊണ്ടുള്ള ഗെറ്റപ്പും ആക്ഷനുമായിരുന്നു കബാലിയിൽ. 'കാല'യിലും പതിവ് രജനികാന്ത് സിനിമകൾക്ക് കടക വിരുദ്ധമായി പറഞ്ഞവതരിപ്പിക്കാൻ പാ രഞ്ജിത്തിന് സാധിച്ചു.

നിസ്സഹായതയുടെയും മാനുഷികതയുടേയുമൊക്കെ റിയലിസ്റ്റിക് നായക സങ്കൽപ്പങ്ങളുമായി രജിനികാന്തിന് എത്ര ദൂരം സഞ്ചരിക്കാൻ സാധിക്കും എന്ന ചോദ്യം അപ്പോഴും അന്തരീക്ഷത്തിലുണ്ടായിരുന്നു. ആ സമയത്ത് തന്നെയാണ് കാർത്തിക് സുബ്ബരാജ് 'പേട്ട'യിലൂടെ രജിനികാന്തിനെ വീണ്ടും സ്റ്റൈലിഷാക്കി പുതുക്കി പണിഞ്ഞു തരുന്നത്. തലൈവർ തിരുമ്പി വന്തിട്ടീൻ എന്ന തലക്കെട്ടോടെ 'പേട്ട' ഹിറ്റടിച്ചതോടെ രജിനികാന്ത് വീണ്ടും മാസ്സ് ആഘോഷ സിനിമകളുടെ ഭാഗമായി മാറി.

'ജയിലറി'ലേക്ക് വരുമ്പോൾ അതേ രജിനീകാന്തിനെ തന്നെയാണ് നെൽസണും ഉപയോഗപ്പെടുത്തുന്നതെങ്കിലും അവിടെയും ചില മാറ്റങ്ങൾ നടപ്പിലാക്കുന്നത് കാണാം. അദ്ദേഹത്തിന്റെ കഥാപാത്രത്തിനെ ഇൻട്രോ ബിജിഎം ഇട്ട് ആദ്യമേ മാസ്സാക്കുകയോ അമാനുഷികനാക്കുകയോ അല്ല ചെയ്യുന്നത്.

പകരം അദ്ദേഹത്തിന്റെ പതിഞ്ഞ സംസാരത്തേയും നോട്ടത്തേയും നടത്തത്തെയുമൊക്കെ തന്റെ സിനിമക്ക് അനുയോജ്യമായ വിധം ഉപയോഗപ്പെടുത്തി കൊണ്ട് മാസ്സാക്കി മാറ്റുകയാണ് നെൽസൺ. അഥവാ കാണുന്നവർക്ക് ആ മാസ്സ് അനുഭവപ്പെടും വിധമുള്ള സീനുകൾ ഉണ്ടാക്കിയെടുത്തു എന്നും പറയാം. ഡൈനിങ്ങ് ടേബിൾ ആക്ഷൻ സീനൊക്കെ അതിന്റെ ചെറിയ ഉദാഹരണം മാത്രം . ശാരീരികമായി ഒരു അഭ്യാസ പ്രകടനങ്ങളും കാണിക്കാതെ തന്നെ ആ സീനുകളിലെ ഇടിമിന്നൽ വെളിച്ചത്തിൽ ഒരു ചെറിയ ചിരി കൊണ്ട് മാത്രം രജിനികാന്ത് മാസ്സായി തിളങ്ങുന്നു.



ഇതേ ലെവലിൽ തന്നെയാണ് വെറും ഒരു ചുരുട്ടും അതിന്റെ പുകയും വച്ച് രജിനികാന്ത്-മോഹൻലാൽ-ശിവരാജ്കുമാറുമാരെ കൊണ്ട് നെൽസൺ തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിക്കുന്നത്. വിനായകന്റെ വർമ്മനില്ലായിരുന്നെങ്കിൽ ഈ മൂന്ന് പേർക്കും ഈ സിനിമയിൽ ഒന്നും ചെയ്യാനുണ്ടാകില്ലായിരുന്നു എന്നത് വേറെ കാര്യം. ആ തലത്തിൽ സ്ഥിരം രജിനി സിനിമകളിൽ നിന്ന് മാറി നിൽക്കുന്നുണ്ട് 'ജയിലർ'. 

അനിരുദ്ധിന്റെ ബാക്ഗ്രൗണ്ട് സ്‌കോർ 'ജയിലർ' സിനിമക്ക് കൊടുക്കുന്ന പിന്തുണയെ പറ്റി പറയാതിരിക്കാനാകില്ല. നെൽസന്റെ സ്ക്രിപ്റ്റിനും സംവിധാനത്തിനും ഒപ്പം തന്നെ നിൽക്കുന്ന സംഗീതം . ആ സംഗീതമാണ് ജയിലറിന് ഇത്ര മാത്രം ഒരു ആഘോഷവും ആസ്വാദനവുമുണ്ടാക്കിയത്.

ആകെ മൊത്തം ടോട്ടൽ =  കിടിലൻ മാസ്സ് പടം . 

*വിധി മാർക്ക് = 7.5 / 10 

-pravin-

Monday, July 31, 2023

ക്ഷുഭിത യൗവ്വനക്കാരുടെ 18+!!


പ്രണയവും ഒളിച്ചോട്ടവുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട സിനിമകളുടെ കൂട്ടത്തിൽ നിൽക്കുന്നത് തന്നെയെങ്കിലും അവതരണം കൊണ്ടും പറഞ്ഞവസാനിപ്പിക്കുന്ന വിഷയം കൊണ്ടുമൊക്കെ ശ്രദ്ധേയമാണ് 18 +.

ഒളിച്ചോടി കല്യാണം കഴിക്കാൻ പതിനെട്ട് വയസ്സ് തികയാൻ കാത്തു നിൽക്കുന്ന കാമുകീ കാമുകന്മാർ നിറഞ്ഞു നിൽക്കുന്ന ഒരു സമൂഹത്തിലേക്ക് ഇത്തരമൊരു സിനിമ വരുമ്പോൾ അതിനെ എങ്ങിനെ നോക്കി കാണണം എന്നത് കാണുന്നവരുടെ ഔചിത്യമാണ്.

ഇത്തരം പ്രണയ -ഒളിച്ചോട്ട-കല്യാണങ്ങൾക്ക് പ്രായത്തിന്റെതായ പക്വത കുറവുകൾ ഉള്ളപ്പോഴും ഇടത് രാഷ്ട്രീയ പ്രവർത്തകരുടെയും പാർട്ടിയുടേയുമൊക്കെ ശക്തമായ പിന്തുണ ലഭിക്കാറുണ്ട് എന്നിരിക്കെ 18 + ന്റെ കഥാസാഹചര്യവുമായി പെട്ടെന്ന് ഇഴുകി ചേരാൻ സാധിച്ചു.

സിനിമയുടെ ടൈറ്റിലുകൾ തെളിയുമ്പോൾ പശ്ചാത്തലത്തിൽ അനുരാഗത്തെ കുറിച്ച് പലരും പറയുന്നത് കേൾക്കാൻ സാധിക്കും . പരസ്പ്പരം പ്രണയിക്കാൻ ആഹ്വാനം ചെയ്യുന്ന നേതാക്കളുടെ പ്രേരണയിൽ പ്രണയിക്കുന്നത് ഒരു കുറ്റമല്ല. പക്ഷെ അങ്ങിനെ പ്രണയിക്കുന്നവരുടെ കൂട്ടത്തിൽ പാർട്ടി സെക്രട്ടറിയുടെ തന്നെ മകളുണ്ടെങ്കിലോ?

പ്രണയിച്ചു വിവാഹം കഴിക്കുന്നവരോടുള്ള പാർട്ടിയുടെ നിലപാട് വ്യക്തമാണ്. എന്നാൽ പുറമേക്ക് പറഞ്ഞു നടക്കുന്ന ആദർശവും ജാതിവിരുദ്ധതയും മാനവികതയും ഒന്നും തന്നെ സ്വന്തം വീട്ടിൽ പ്രവർത്തികമാക്കാത്ത നേതാക്കളുടെ കൂടിയാണ് പാർട്ടി എന്ന് പറഞ്ഞു വെക്കുന്നു സിനിമ. ജാതീയത ഉള്ളിൽ കൊണ്ട് നടക്കുകയും സ്വയം കമ്യൂണിസ്റ്റെന്ന് നടിക്കുകയും ചെയ്യുന്നവർക്കെതിരെ സംസാരിക്കുന്നുണ്ട് സിനിമയുടെ ക്ലൈമാക്സ് സീനുകൾ.

പ്രണയത്തിന്റെ തീവ്രത അനുഭവപ്പെടുത്തുന്ന കഥയൊന്നുമല്ലെങ്കിലും നസ്ലൻ-സാഫ് സഹോദരങ്ങളുടെ ഫ്രണ്ട്ഷിപ് കോംബോയൊക്കെ രസകരമായി തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ബിനു പപ്പു അവരുടെ കൂട്ടത്തിൽ ആദ്യാവസാനം വരെ തിളങ്ങി നിന്നു. അവർ മൂന്ന് പേരും ചേർന്നുള്ള സീനുകളിലെ കോമഡിയൊക്കെ നന്നായി വർക് ഔട്ട്‌ ആയി.


മാത്യുവിന്റെ കലിപ്പൻ സഖാവ് ലുക്ക് കൊള്ളാമായിരുന്നു. ശ്യാം മോഹൻ, മനോജ് കെ.യു ടീമിന്റെ നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രങ്ങളും നന്നായി. നിഖില വിമൽ മജിസ്‌ട്രേറ്റ് വേഷത്തിൽ അത്ര നന്നായി തോന്നിയില്ല. അത് വരെ ഓക്കേ എന്ന് തോന്നിപ്പിച്ച മീനാക്ഷി ദിനേശിന്റെ പ്രകടനം കോടതി സീനുകളിൽ പോരായിരുന്നു എന്ന അഭിപ്രായമാണുള്ളത്.

വടക്കൻ കേരളത്തിന്റെ കഥാപാശ്ചാത്തലവും, 2009 കാലത്തെ പുനരവതരിപ്പിച്ചതിലെ കൃത്യതയും , പേരറിയാത്ത ഒരുപാട് നടീ നടന്മാരുടെ സ്വാഭാവിക പ്രകടനകളും, ചടുലമായ പാട്ടുകളും ബിജിഎമ്മുമൊക്കെ പ്ലസ് പോയിന്റുകളായി മാറി.

പ്ലസ് റ്റു -കോളേജ് വിദ്യാർത്ഥികൾ തന്നെയായിരിക്കും ഈ സിനിമയുടെ പ്രധാന ആസ്വാദകർ എന്ന് പറയാം. പതിനെട്ടിൽ ഒളിച്ചോടാൻ തയ്യാറായി നിൽക്കുന്നവർക്ക് ഈ സിനിമ നൽകുന്ന കോൺഫിഡൻസും ചെറുതാവില്ല. പുതു തലമുറയെ ലക്‌ഷ്യം വച്ചുള്ള ഒരു എന്റർടൈനർ സിനിമ എന്ന നിലക്ക് വിലയിരുത്തുന്നതാണ് ഉചിതം.

വിധി മാർക്ക് = 6.5/10 
-pravin-

Tuesday, July 25, 2023

ഒരു അസാധാരണ മനുഷ്യന്റെ ജീവിത കഥ !!


അമാനുഷിക കഥാപാത്രങ്ങൾക്ക് സൂപ്പർ ഹീറോ പരിവേഷം നൽകി കഥ പറയുന്ന സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് 'The Man Without Gravity' എന്ന ഇറ്റാലിയൻ സിനിമ.

സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഇത് ഗുരുത്വാകർഷണം ഇല്ലാത്ത ഒരു മനുഷ്യന്റെ കഥയാണ്.

ഒരു മഴയുള്ള രാത്രിയിൽ ആശുപത്രിയിൽ വച്ചാണ് ഓസ്‌ക്കാർ ജനിക്കുന്നത്. അമ്മയുടെ വയറ്റിൽ നിന്ന് പുറത്തേക്ക് എത്തുന്ന ഉടൻ പൊക്കിൾ കൊടി സഹിതം ഒരു മാലാഖ കുഞ്ഞിനെ പോലെ മുകളിലേക്ക് പൊങ്ങി പോകുകയാണ് അവൻ. ആ ഓപ്പണിങ്‌ സീനിലൂടെ തന്നെ സിനിമയുടെ മൂഡിലേക്ക് നമ്മളും എത്തിപ്പെടുന്നു.

ഓസ്‌ക്കാർ എന്ന അസാധാരണ കുഞ്ഞിനെ അവന്റെ അമ്മയും അമ്മൂമ്മയും കൂടി ഇനി എങ്ങിനെ വളർത്തുമായിരിക്കാം എന്ന സംശയത്തിന്റെ ഉത്തരങ്ങൾക്കൊപ്പം പിന്നീടുള്ള സീനുകളിൽ ഓസ്‌കാറിന്റെ ജീവിതവും വിവരിക്കപ്പെടുകയാണ്.

അസാധാരണമായ ഒരു മനുഷ്യനെ കേന്ദ്ര കഥാപാത്രമാക്കി കഥ പറയുമ്പോഴും സിനിമയിലെവിടെയും ആ കഥാപാത്രത്തിന് ഒരു സൂപ്പർ ഹീറോ പരിവേഷം നൽകുന്നില്ല. മറിച്ച് അയാളിലെ അസാധാരണത്വം അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളിലേക്കാണ് സിനിമ നമ്മളെ കൊണ്ട് പോകുന്നത്.

അസാധാരണ മനുഷ്യരുടെ ജീവിതം ലോകത്തിനാകെ എന്റർടൈൻമെന്റ് ആകുമ്പോഴും അവരെ സംബന്ധിച്ച് ഒരു പക്ഷേ അവരുടെ ലോകം നിരാശകളുടേത് മാത്രമാകാം. സാധാരണ മനുഷ്യരെ പോലെ ജീവിക്കാൻ സാധിക്കുക എന്നതായിരിക്കാം അവരുടെ ഏറ്റവും വലിയ ആഗ്രഹം പോലും. ഇവിടെ ഓസ്‌ക്കാർ കടന്നു പോകുന്നതും അങ്ങിനെ ഒരു അവസ്ഥയിലൂടെയാണ്.

ഓസ്‌ക്കാറിന്റെ മാത്രമല്ല അഗത എന്ന അയാളുടെ പഴയ കളിക്കൂട്ടുകാരിയുടെ കൂടി കഥയായി മാറുന്നുണ്ട് 'The Man Without Gravity'. വർഷങ്ങൾക്ക് ശേഷം അവിചാരിതമായി പഴയ കളിക്കൂട്ടുകാർ വീണ്ടും കണ്ടു മുട്ടുമ്പോൾ അവർ രണ്ടു പേരും രണ്ടു തരത്തിൽ ജീവിതം നഷ്ടപ്പെട്ടവരായി മാറിയിരുന്നു. എന്നാൽ അവർക്കിടയിലെ പ്രണയത്തെ തിരിച്ചറിയുന്ന നേരം അവർ ജീവിതത്തെ തിരിച്ചു പിടിക്കുന്നു.

പ്രമേയപരമായി നോക്കിയാൽ ഒരുപാട് അവതരണ സാധ്യതകൾ ഉണ്ടായിരുന്ന സിനിമയായിരുന്നു 'The Man Without Gravity'. ഗംഭീരമായി പറഞ്ഞു തുടങ്ങിയ ഒരു അസാധാരണ കഥയെ തീർത്തും ഒരു സാധാരണ സിനിമയുടെ പരിധിയിലേക്ക് ഒതുക്കി കളഞ്ഞതിനാൽ സിനിമക്ക് കിട്ടുമായിരുന്ന മികച്ച ആസ്വാദനത്തെ ഇല്ലാതാക്കി എന്ന പരാതി ഉണ്ട്.

©bhadran praveen sekhar

Tuesday, July 4, 2023

നിശ്ശബ്ദതയുടെ സൗന്ദര്യം !!


2018 ൽ തിയേറ്ററിനുള്ളിലെ ഇരുട്ടിൽ ഒരു സൂചി വീണാൽ പോലും കേൾക്കാവുന്ന നിശ്ശബ്ദതയിൽ നെടുവീർപ്പുകളോടെ കണ്ട് ആസ്വദിച്ച സിനിമയായിരുന്നു 'A Quiet Place'.

ആരെയും പിടിച്ചിരുത്തുന്ന അവതരണവും ശബ്ദ വിസ്മയവും തന്നെയാണ് Quiet Place ന്റെ ആസ്വാദനത്തിൽ മുഖ്യ പങ്കു വഹിച്ചത്. If they hear you, they hunt you എന്ന ടാഗ് ലൈൻ പോലും സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു.

89 ദിവസങ്ങൾ പിന്നിടുന്ന ഒരു ദിവസത്തിൽ നിന്നാണ് ആദ്യ ഭാഗം തുടങ്ങുന്നത്. എന്ത് മഹാ വിപത്താണ് അവിടെ സംഭവിച്ചത് എന്ന് പോലും വിവരിക്കാതെ നിശബ്ദമായ സീനുകൾ. ശബ്ദം ഒരു വലിയ ആപത്താണ് എന്ന് ബോധ്യപ്പെടുത്തി കൊണ്ടാണ് പിന്നീട് സിനിമയുടെ ടൈറ്റിൽ തെളിയുന്നത്.

ശബ്ദം ഉണ്ടായിട്ടും ശബ്ദം അടക്കി ജീവിക്കേണ്ടി വരുന്ന സാഹചര്യത്തെ കഥാ പശ്ചാത്തലമാക്കി കൊണ്ട് ഒരേ സമയം നിശ്ശബ്ദതയുടെ സൗന്ദര്യവും ഭീകരതയും നമ്മളെ അനുഭവപ്പെടുത്തുന്നുണ്ട് 'A Quiet Place'.

ഒന്നാം ഭാഗത്തിൽ എവിടെ പറഞ്ഞു നിർത്തിയോ അവിടെ നിന്ന് തുടങ്ങാതെ 89 ദിവസങ്ങൾക്ക് മുന്നേ എന്ത് സംഭവിച്ചു എന്ന് കാണിച്ചു തന്ന ശേഷമാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്.


രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ നിശബ്ദതയുടെ സൗന്ദര്യ പരിവേഷമൊന്നും ആസ്വദിക്കാൻ പറ്റാത്ത വിധം സങ്കീർണ്ണമായ മറ്റൊരു കഥാ സാഹചര്യത്തിലൂടെയാണ് സിനിമ നമ്മളെ കൊണ്ട് പോകുന്നത്. അവിടെ അതിജീവനം ഒന്നാം ഭാഗത്തിലുള്ളതിനേക്കാൾ ദുഷ്ക്കരമാണ്.

ആകെ മൊത്തം ടോട്ടൽ = ഒരു സീക്വൽ എന്ന നിലക്ക് ഒന്നാം ഭാഗത്തോട് നീതി പുലർത്താനും, കാണികളെ തൃപ്‍തിപ്പെടുത്താനും രണ്ടാം ഭാഗത്തിനും സാധിച്ചിട്ടുണ്ട്. ഒന്നാം ഭാഗം കണ്ടവർ ഒരിക്കലും മിസ്സാക്കരുത്.

*വിധി മാർക്ക് = 7.5/10

-pravin-

Friday, June 16, 2023

തീർത്തും വൈകാരികമാണ് ഈ അണ്ഡകടാഹം !!


അന്യനാടുകളിൽ വച്ച് മരിക്കുന്നവരുടെ മൃതദേഹം വിട്ടു കിട്ടാനും സ്വന്തം നാട്ടിലേക്ക് എത്തിക്കാനുമൊക്കെയുള്ള നിയമ നടപടികളും, പ്രതിസന്ധികളും, അത് അഭിമുഖീകരിക്കേണ്ടി വരുന്നവരുടെ മനസികാവസ്ഥകളുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട സിനിമയായിരുന്നു ഈ അടുത്ത് റിലീസായ തമിഴ് സിനിമ 'അയോത്തി'. കഥാപരമായല്ലെങ്കിലും മുഹാഷിന്റെ 'കഠിന കഠോരമീ അണ്ഡകടാഹം' പ്രമേയപരമായി എവിടെയൊക്കെയോ ആ സിനിമയെ ഓർമ്മപ്പെടുത്തി.

എവിടെ വച്ച് മരിച്ചവരായാലും പ്രിയപ്പെട്ടവരുടെ മൃതദേഹം അവസാനമായി ഒന്ന് കാണാൻ കാത്തിരിക്കേണ്ടി വരുന്നവരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതിലും വലുതാണ്. പ്രവാസികളും അവരുടെ കുടുംബവുമൊക്കെ ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നവരാണ് എന്നത് കൊണ്ട് ഈ സിനിമ ഏറ്റവും കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റുന്നതും അവർക്ക് തന്നെയാണ്.

കോവിഡ് രൂക്ഷമായി കൊണ്ടിരുന്ന കാലത്തെ ഒട്ടേറെ ഓർമ്മകളിലേക്ക് സിനിമ നമ്മളെ കൊണ്ട് പോകുന്നുണ്ട്. ജീവിക്കാൻ നെട്ടോട്ടമോടി കൊണ്ടിരിക്കുന്നവരെ കൂടുതൽ കഷ്ടത്തിലേക്ക് തള്ളി വിട്ട ആ കാലത്തിന്റെ ഓർമ്മപ്പെടുത്തലുകളിൽ നമുക്ക് അറിയാവുന്ന പലരുടെയും മുഖങ്ങൾ തെളിഞ്ഞു വരും.

ആളുകൾക്ക് ഒത്തു കൂടുന്നതിനും യാത്ര ചെയ്യാനുമൊക്കെ പ്രത്യേക നിയമങ്ങളും പ്രോട്ടോക്കാളുമൊക്കെ ഉണ്ടെന്ന് പറയുന്ന സമയത്തും പിടിപാടുള്ളവർക്ക് എന്തുമാകാം എന്ന യഥാർഥ്യത്തെ സിനിമ തുറന്നു കാണിക്കുന്നു.

ബേസിൽ, ഇന്ദ്രൻസ്, സുധീഷ്, ബിനു പപ്പു, നിർമ്മൽ പാലാഴി, ജാഫർ ഇടുക്കി, പാർവ്വതി, ശിബ്‌ല എല്ലാവരും നന്നായി ചെയ്തു. ശ്രീജാ രവി ഇത് വരെ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്നു ഈ സിനിമയിലെ ഉമ്മ വേഷം. 

ബച്ചു-ഉമ്മ കോംബോ സീനുകൾ . പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിലോക്കെ അവർ കാഴ്ച വച്ച പ്രകടനം എടുത്തു പറയാതാവില്ല. 

വാപ്പയും ഭർത്താവും വാപ്പുപ്പയും സുഹൃത്തും അങ്ങിനെ എല്ലാമായ കമറുദ്ധീൻ എന്ന കഥാപാത്രം സിനിമയിൽ ശബ്ദം കൊണ്ട് മാത്രം നിറഞ്ഞു നിൽക്കുന്നു. ആ ശബ്ദത്തിന്റെ സാന്നിധ്യവും അസാന്നിധ്യവും ഈ സിനിമയുടെ ഓരോ സീനുകളെയും അത്ര മാത്രം പുണർന്നു കിടക്കുന്നുണ്ട്.


ഈ സിനിമയെ നെഞ്ചോട് ചേർക്കുമ്പോൾ എടുത്തു പറയേണ്ട രണ്ടു മികവുകളായി മാറുന്നു ഗോവിന്ദ് വസന്തയുടെ സംഗീതവും റഫീഖ് ഉമ്പാച്ചി- പരാരി ടീമിന്റെ വരികളും.

'നീയില്ലാ മണിയറയുള്ളിൽ
ഞാനല്ലേ മഖ്ബറയുള്ളിൽ
നീയുള്ളോരായിരുളറയിൽ
ഞാനില്ലേ തീയെരിയായി... '

എന്തൊരു വിങ്ങലാണ് ആ വരികളിൽ സംഗീതം നിറയുമ്പോൾ .

ഉമ്മയുടെ ഭാഗത്ത് നിന്ന് കേൾപ്പിക്കുന്ന അതേ പാട്ടിന്റെ മറ്റൊരു വേർഷനിൽ വാപ്പ പാടുന്നു .

'നീയില്ലാ സ്വർഗ്ഗാരാമം....
പൂവില്ലാ മലർവനിയായി ..
നീയില്ലാതായിടമെല്ലാം
ഞാനെന്നും പരവശനായി
നീ ചേരാതെ നിന്‍ മാരന്
പറുദീസ രസിക്കൂല,
പോരൂ തോഴീ,
നീയണയൂ നാരീ..
വ്യസനിതനീ മാരന്റെ
ജന്നത്തിലെ വധുവാകൂ....'

ഭാര്യക്കും ഭർത്താവിനുമിടയിലെ സ്നേഹ ബന്ധങ്ങളുടെ ആഴം വരച്ചിടുന്ന വരികൾ.അവരുടെ വിരഹവും വേദനയുമൊക്കെ വരികൾക്കപ്പുറം അനുഭവഭേദ്യമാക്കുന്ന സംഗീതം.

സൗഹൃദവും പ്രണയവും കുടുംബവുമൊക്കെ ഇഴ ചേർന്ന് കിടക്കുന്ന മനോഹരമായ തിരക്കഥ ഈ സിനിമയുടെ നട്ടെല്ലാണ്. ഹർഷാദിന്റെ തിരക്കഥയോട് നീതി പുലർത്താൻ മുഹാഷിനിലെ സംവിധായകന് സാധിച്ചു.

'യാ റബ്ബേ..
ഒരു വേള സന്ദേഹിയായി..
ഈ ഞാനും വേദന താണ്ടുകയാലാൽ
അകലേ അകലേ..'

മഖ്ബറയിൽ നിന്ന് ഉയർന്ന് ആകാശത്തേക്ക് പൊങ്ങി പോകുന്ന ആ കാമറ കാഴ്ചയിൽ ഈ അണ്ഡകടാഹത്തെ കുറിച്ച് ചിന്തിക്കാൻ ഒരുപാടുണ്ട്.

ആകെ മൊത്തം ടോട്ടൽ = ഇത്രയും നല്ലൊരു സിനിമക്ക് കഠിന കഠോരമായൊരു പേരിട്ടവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്ന ചിന്ത മാത്രം ഇപ്പോഴും അവശേഷിക്കുന്നു. 

*വിധി മാർക്ക് = 7.5/10 

-pravin- 

Wednesday, May 31, 2023

അയോത്തി - മനസ്സും കണ്ണും നിറക്കുന്ന സിനിമ

എല്ലാവരും കാണേണ്ട ഒരു  പടം. തുടക്കം മുതൽ ഒടുക്കം വരെ ഈ സിനിമയിലെ കഥാപാത്രങ്ങളുമായും അവരുടെ സാഹചര്യങ്ങളുമായും കാണുന്നവരെ ഇമോഷണലി കണക്ട് ആക്കുന്ന മേക്കിങ്. ക്ലൈമാക്സ് സീനുകളൊക്കെ അത്രയേറെ ഹൃദ്യമായിരുന്നു.. പ്രത്യേകിച്ച് ആ tale end സീനൊക്കെ.

ഒരൊറ്റ ദിവസത്തെ കഥയെ നല്ലൊരു തിരക്കഥയാക്കി മാറ്റിയതിനൊപ്പം അതെല്ലാം ഏച്ചു കൂട്ടലുകളില്ലാതെ പറഞ്ഞവതരിപ്പിക്കാനും സംവിധായകൻ ആർ. മന്ദിരമൂർത്തിക്ക് സാധിച്ചു.

ശശികുമാർ, പ്രീതി അസ്രാനി അടക്കമുള്ളവരുടെ കാസ്റ്റിങ്ങും പ്രകടനവുമൊക്കെ ഈ സിനിമയുടെ പ്രധാന മികവുകളായി മാറി. അതോടൊപ്പം പശ്ചാത്തല സംഗീതവും പാട്ടുകളും നൽകിയ ഫീലും എടുത്തു പറയാവുന്നതാണ്.

മരണം ആർക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും സംഭവിക്കാം .. പക്ഷേ അത് സംഭവിക്കുന്നത് അന്യനാടുകളിൽ വച്ചാണെങ്കിൽ മൃതദേഹം വിട്ടു കിട്ടാനും സ്വന്തം നാട്ടിലേക്ക് എത്തിക്കാനുമൊക്കെ വേണ്ടി വരുന്ന നിയമ നടപടികൾ വലുതാണ്. അത്തരം പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളും അതെല്ലാം അഭിമുഖീകരിക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥയുമൊക്കെ 'അയോത്തി' നമ്മളെ ബോധ്യപ്പെടുത്തുന്നു.

മനുഷ്യത്വം നിറഞ്ഞ പ്രവർത്തികളാണ് ആചാര വിശ്വാസങ്ങളെക്കാൾ വലുത്. അതൊന്നും പാലിക്കാതെയുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് എന്താണ് പ്രസക്തി എന്ന് ചോദിക്കുകയാണ് സിനിമ.

പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രീ. അഷ്‌റഫ് താമരശ്ശേരിയെ പോലുള്ളവർ നടത്തുന്ന പ്രവർത്തനങ്ങൾ ഓർത്തു പോകുന്നുണ്ട് സിനിമ കാണുമ്പോൾ. 'പരേതരുടെ സംരക്ഷകൻ' എന്ന വിളിപ്പേരിനു എന്ത് കൊണ്ടും അനുയോജ്യനായ ആ മനുഷ്യനെ പരാമർശിക്കാതെ ഈ സിനിമയെ കുറിച്ച് പറഞ്ഞവസാനിപ്പിക്കാൻ സാധ്യമല്ല.

ആകെ മൊത്തം ടോട്ടൽ =  A must watch movie. വെറുപ്പ് പ്രചരിപ്പിക്കാൻ വേണ്ടി മാത്രം സിനിമകളെടുക്കുന്ന ഈ കാലത്ത് 'അയോത്തി' പോലുള്ള സിനിമകൾ മനസ്സിന് തരുന്ന ആശ്വാസം ചെറുതല്ല. അത് കൊണ്ട് തന്നെയാകാം ഈ സിനിമ മറക്കാനാകാത്ത പ്രിയപ്പെട്ട ഒന്നായി മാറുന്നതും.

*വിധി മാർക്ക് = 8/10 

-pravin-

Monday, May 22, 2023

മഹാപ്രളയത്തിന്റ മികവുറ്റ സിനിമാവിഷ്ക്കാരം !!


2018 ലെ മഹാ പ്രളയത്തിൽ നമ്മൾ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ ഒരു ഓർമ്മപ്പെടുത്തലെന്ന പോലെ പറഞ്ഞു പോകുന്നതിനപ്പുറം അന്നത്തെ പ്രളയത്തിന്റെ ഭീകരവും നിസ്സഹായവുമായ നേർ കാഴ്ചകളെ തിയേറ്ററിനുള്ളിൽ എല്ലാ തലത്തിലും അനുഭവഭേദ്യമാക്കാൻ ജൂഡ് ആന്റണിക്ക് സാധിച്ചു.
 
ഈ സിനിമ ആസ്വദിച്ചു എന്ന് പറയുന്നതിനേക്കാൾ 2018 ലെ മഹാപ്രളയം തിയേറ്ററിനുള്ളിലിരുന്ന് അനുഭവിക്കുകയായിരുന്നു എന്ന് പറയുന്നതാണ് ഉത്തമം. അത്ര മാത്രം തീവ്രമായി സിനിമയിലെ കഥാപാത്രങ്ങളും അവർ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും അവരുടെ മാനസികാവസ്ഥകളുമൊക്കെ നമ്മുടേത് കൂടിയായി മാറുന്നു.

1924 ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ വിവരണങ്ങളിലൂടെ തുടങ്ങി 2018 ന്റെ ടൈറ്റിൽ തെളിയുന്നതോടെ തന്നെ തന്റെ സിനിമയുടെ ഒരു റേഞ്ച് എന്താണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സംവിധായകൻ.

അടിയൊഴുക്കിൽ പെട്ട് പോകുന്ന ഒരു മീൻ ഡാമിൽ നിന്ന് കുതിച്ചു ചാടി നേരെ പാറക്കല്ലിൽ പോയി വീണ് ചോരയോടെ പിടയുന്ന ആ ഒരു ചെറിയ സീൻ കൊണ്ട് തന്നെ പ്രളയം വിഴുങ്ങാൻ പോകുന്ന കേരളത്തിന്റെ അവസ്ഥയെ വരച്ചിടുകയാണ് ജൂഡ്.

പ്രളയ ദിവസത്തിലെ സംഭവ വികാസങ്ങൾ പല ഭാഗത്തുള്ള കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ട് വരച്ചിടുന്ന സീനുകളിൽ പലയിടത്തും കണ്ണ് നിറഞ്ഞു പോയി. പല സീനുകളും സിനിമക്കുമപ്പുറം കേരളത്തെയും മലയാളികളെയും കുറിച്ച് അഭിമാനം കൊള്ളിച്ചു.


ഹെലികോപ്റ്റർ ലിഫ്റ്റിങ് സീനിലൊക്കെ എന്ത് നടക്കുമെന്ന ബോധ്യം ഉള്ളപ്പോഴും ആ സീനൊക്കെ തന്ന ത്രില്ലും ഫീലുമൊക്കെ വേറെ തന്നെയായിരുന്നു. ഈ സിനിമയിലെ ഇഷ്ട സീനുകളെ കുറിച്ചോ പ്രകടനങ്ങളെ കുറിച്ചോ പറഞ്ഞാൽ പറഞ്ഞു തീരില്ല. എന്നാലും എടുത്തു പറയാൻ തോന്നുന്ന ഒരു സെഗ്മെന്റ് ആയി മാറി സുധീഷ്-ജിലു ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ വീട്ടിനുള്ളിൽ തങ്ങളുടെ വയ്യാത്ത മകനുമായി പ്രളയത്തിൽ കുടുങ്ങി പോകുന്നത് .

പ്രളയത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾക്കൊപ്പം തന്നെ മികച്ചു നിൽക്കുന്ന കഥാപാത്ര പ്രകടനങ്ങളായിരുന്നു സുധീഷ്-ജിലു ജോസഫ് ടീമിന്റെത്. മകനായി അഭിനയിച്ച ആ കുട്ടിയെയും മറക്കാനാവില്ല.

ലാൽ-ആസിഫ് അലി-നരേൻ കോമ്പോ, അത് പോലെ ടോവിനോ -ഇന്ദ്രൻസ്, പിന്നെ കുഞ്ചാക്കോ ബോബൻ, റോണി ഡേവിഡ് പോലുള്ളവരുടെ കഥാപാത്രങ്ങളടക്കം ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളെയും കൃത്യമായി പ്ലേസ് ചെയ്തിട്ടുണ്ട് സിനിമയിൽ.

നഷ്ടങ്ങളുടെ കണക്ക് മാത്രം സമ്മാനിച്ച പ്രളയത്തിലും മനുഷ്യർ ഒറ്റക്കെട്ടായി നിന്ന് പൊരുതിയതും അതിജീവിച്ചതുമൊക്കെ ആശ്വാസം തരുന്ന കാര്യങ്ങളായിരുന്നു. ആശ്വാസത്തിന്റെ അത്തരം സ്ക്രീൻ കാഴ്ചകളുടെ കൂട്ടത്തിൽ മത്സ്യതൊഴിലാളികൾ കേരളത്തിന് നൽകിയ സഹായം എടുത്തു കാണിച്ചത് അവർക്കുള്ള സമർപ്പണമായി.


പ്രളയ കാലത്തെ സർക്കാർ സംവിധാനങ്ങളെ കുറിച്ചും രാഷ്ട്രീയ നേതൃത്വത്തിന്റെ മികവിനെ കുറിച്ചുമൊന്നും സിനിമ സംസാരിച്ചില്ല എന്ന പരാതിക്കാരോട് പറയാനുള്ളത് അതിന് മാത്രമായി വേറൊരു സിനിമ എടുക്കേണ്ടി വരുമെന്ന് മാത്രമാണ്. ഇനി അങ്ങിനെ നോക്കിയാൽ തന്നെ സർക്കാരിനേക്കാൾ കൂടുതൽ കേരളത്തിന് വേണ്ടി പ്രളയ സമയത്തും പ്രളയാനന്തരവും ഉണർന്ന് പ്രവർത്തിച്ച പ്രവാസി സമൂഹത്തെ സ്മരിക്കാതെ പോയതിലാണ് ഏറ്റവും വലിയ പരാതി പറയേണ്ടി വരുക.

ഈ സിനിമ പ്രധാനമായും ഫോക്കസ് ചെയ്യുന്നത് പ്രളയം നേരിട്ട ഒരു ജനതയെയാണ്. അതിൽ ജീവൻ നഷ്ടപ്പെട്ടവരും ജീവിതം തിരിച്ചു പിടിച്ചവരും തിരിച്ചറിവുകൾ നേടിയവരുമൊക്കെയുണ്ട്. ആ തലത്തിൽ മനുഷ്യന്റെ ഏറ്റവും പ്രാഥമിക രാഷ്ട്രീയമായ മാനവികതയെ കുറിച്ച് സംസാരിക്കാൻ സിനിമക്ക് സാധിച്ചിട്ടുണ്ട് എന്നിരിക്കെ പരാമർശിക്കാതെ പോയ കാര്യങ്ങളെ ചൊല്ലി പരാതിപ്പെടുന്നതിൽ കാര്യമില്ല എന്ന് തോന്നുന്നു.

ആകെ മൊത്തം ടോട്ടൽ = സൗണ്ട് ഡിസൈൻ, കാമറ, ലൈറ്റിങ്, ആർട്ട്, VFX അടക്കം എല്ലാത്തിലും സാങ്കേതികമായി മികവറിയിച്ച, ഈ വർഷം തിയേറ്ററിൽ കണ്ട മലയാള സിനിമകളിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.

*വിധി മാർക്ക് = 8.5/10 

-pravin-

Friday, May 12, 2023

പുതുമയുടെ അത്ഭുതങ്ങളില്ലെങ്കിലും പാച്ചു ഒരു ഫീൽ ഗുഡ് ആണ് !!


ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് അനൂപ് സത്യൻ ''വരനെ ആവശ്യമുണ്ട്' പറഞ്ഞവതരിപ്പിച്ചതെങ്കിൽ അഖിൽ സത്യൻ 'പാച്ചുവും അത്ഭുതവിളക്കും' പറഞ്ഞു തുടങ്ങുന്നത് മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ്. രണ്ടു പേരും പറഞ്ഞ കഥയിൽ സമാനതകളില്ലെങ്കിലും അവതരണത്തിൽ പലയിടത്തും 'ഫീൽ ഗുഡ്' സമാനതകൾ അനുഭവപ്പെടുന്നുണ്ട്.

'നാടോടിക്കാറ്റും', 'സന്മനസ്സുള്ളവർക്ക് സമാധാനവു'മടക്കമുള്ള സിനിമകളുടെ സീൻ റഫറൻസിനുമപ്പുറം കഥാപാത്ര നിർമ്മിതികളിലും ചില മുൻകാല സത്യൻ അന്തിക്കാട് സിനിമകളെ ഓർമ്മപ്പെടുത്തുന്നുണ്ട് അഖിൽ സത്യൻ.

ഫഹദിന്റെ പ്രകടനത്തിൽ സിദ്ധാർത്ഥനും പ്രകാശനുമൊക്കെ മിന്നി മാഞ്ഞു കൊണ്ടേയിരുന്നപ്പോൾ മുകേഷിൽ എവിടെയോ ജോമോന്റെ അപ്പനെ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. മക്കളുടെ വാക്കുകളെ മറി കടന്നു കൊണ്ട് സ്വന്തം താൽപ്പര്യങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ ഇഷ്ടപ്പെടുന്ന കുസൃതിക്കാരി ഉമ്മച്ചിയിൽ കൊമ്പനക്കാട്ടിലെ കൊച്ചു ത്രേസ്യായെ കാണാം.

വിനോദിന്റെ ജീവിത യാത്രയിൽ ഗൗരവം പകരാൻ വഴിയിൽ നിന്ന് കൂടെ കൂടേണ്ടി വന്ന അനുപമയെ പോലെ, അയ്മനം സിദ്ധാർത്ഥനെ തിരുത്താൻ കാനഡയിൽ നിന്ന് വന്നിറങ്ങിയ ഐറീനെ പോലെ, ജോമോനെ നേർവഴിയിലാക്കാൻ അവതരിച്ച വൈദേഹിയെ പോലെ, പ്രകാശന് ജീവിതത്തിന്റെ തിരിച്ചറിവുകൾ നൽകിയ ടീന മോളെ പോലെ.. ഏറെക്കുറെ അത് പോലെ മറ്റൊരു സാഹചര്യത്തിൽ ഗോവയിൽ വച്ച് കണ്ടു മുട്ടുന്ന ഹംസധ്വനി പാച്ചുവിൻറെ ജീവിതത്തിൽ വെളിച്ചം പകരാൻ നിയോഗിക്കപ്പെട്ടവളായി മാറുന്നു.

അങ്ങിനെ നിരീക്ഷിക്കാൻ നിന്നാൽ ഇത് നമ്മൾ കണ്ടു മറന്ന ഏതൊക്കെയോ സത്യൻ അന്തിക്കാട് സിനിമകൾ തന്നെയല്ലേ എന്ന് സംശയിച്ചു പോകാമെങ്കിലും പുതുമകൾ പരതാതെ കണ്ടാൽ നിരാശപ്പെടുത്താത്ത ഒരു ഫീൽ ഗുഡ് സിനിമ തന്നെയാണ് 'പാച്ചുവും അത്ഭുതവിളക്കും'.

അവസാനത്തെ അര മുക്കാൽ മണിക്കൂറിലെ വലിച്ചു നീട്ടൽ ഒഴിച്ച് നിർത്തിയാൽ ഒരു പുതുമുഖ സംവിധായകൻ എന്ന നിലക്ക് അഖിൽ സത്യൻ ഉള്ള കഥയെ നന്നായി തന്നെ പറഞ്ഞവതരിപ്പിച്ചിട്ടുണ്ട്. കുടുംബ പ്രേക്ഷകരെ സംബന്ധിച്ച് അതിനെ ഗ്യാരണ്ടിയുള്ള പടം എന്ന് പറയാം.

ജസ്റ്റിൻ പ്രഭാകരന്റെ മനോഹരമായ പശ്ചാത്തല സംഗീതം ഈ സിനിമക്ക് കൊടുക്കുന്ന ഫീല് എടുത്തു പറയാവുന്ന മികവാണ്. അത് പോലെ പ്രകടനങ്ങളിലേക്ക് വന്നാൽ ഉമ്മച്ചിയായി അഭിനയിച്ച വിജി വെങ്കടേഷ് ഗംഭീരമായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് . അഞ്ജനയുടെ ഹംസധ്വനിയും, ധ്വനി രാജേഷിന്റെ നിധിയുമൊക്കെ കൊള്ളാമായിരുന്നു .

ഏറെ ഇഷ്ടപ്പെട്ട പ്രകടനം റിയാസ് ഡോക്ടറായി വന്ന വിനീതിന്റേതായിരുന്നു. വിനീതിലെ നടനെ ഒരു കാലത്തിനിപ്പുറം വേണ്ട വിധം ഉപയോഗിക്കാൻ ഒരു സംവിധായകർക്കും സാധിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. അഖിൽ സത്യന്റെ ആ ഓർമ്മപ്പെടുത്തലിന് പ്രത്യേക നന്ദി.

ഇന്നസെന്റ് അവസാനമായി അഭിനയിച്ച സിനിമ എന്ന നിലക്ക് കൂടി ശ്രദ്ധേയമായി 'പാച്ചുവും അത്ഭുത വിളക്കും'. അദ്ദേഹത്തിന്റെ അവശതകൾക്കിടയിലും ആ റോൾ പതിവ് പോലെ നമ്മളെ ചിരിപ്പിക്കുന്നതായി മാറി. ഇന്നസെന്റിന്റെ വിയോഗം തീർത്ത നഷ്ടം എത്ര വലുതെന്ന് പറയാനാവില്ല.

ആകെ മൊത്തം ടോട്ടൽ = കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് സിനിമ. 

*വിധി മാർക്ക് = 7/10 

-pravin-