Saturday, December 20, 2014

ഇയ്യോബിന്റെ പുസ്തകവും അമൽ നീരദിന്റെ ക്യാമറയും

ചില ദൃശ്യ സൌന്ദര്യങ്ങളെ  വാക്കുകളാൽ വർണ്ണിക്കാൻ സാധിക്കണമെന്നില്ല. ഇയ്യോബിന്റെ പുസ്തകവും അങ്ങിനെ തന്നെ. അമൽ നീരദിന്റെ ക്യാമറ എഴുതി തീർത്ത ഒരു മനോഹര പ്രകൃതി സൌന്ദര്യ കാവ്യമായി വേണം ഇയ്യോബിന്റെ പുസ്തകത്തെ ഒറ്റ നോട്ടത്തിൽ വിലയിരുത്താൻ. സ്വാതന്ത്ര്യ പൂർവ്വ  കേരളാ ചരിത്രവും ഫിക്ഷനുമെല്ലാം  കൂട്ടിക്കുഴച്ചു കൊണ്ടാണ് ഇയ്യോബിന്റെ പുസ്തകത്തിന്റെ കഥ അമൽ നീരദ് പറയുന്നത്. അത് കൊണ്ട് തന്നെ ഈ സിനിമയിൽ  പലർക്കും പല കാരണങ്ങൾ കൊണ്ട്  യോജിക്കാനും വിയോജിക്കാനുമൊക്കെയുള്ള  നിരവധി കഥാ സന്ദർഭങ്ങളും  ഉണ്ടാകാം. അത് തീർത്തും സ്വാഭാവികം. എന്നാൽ അതെല്ലാം ഒഴിച്ച് നിർത്തി കൊണ്ട് ഇയ്യോബിന്റെ പുസ്തകത്തെ നിരീക്ഷിക്കുമ്പോൾ  സിനിമയിലെ കഥാപാത്രങ്ങളുടെ രാഷ്ട്രീയമാണ് എല്ലാവർക്കും ഒരു പോലെ ചർച്ചാ പ്രസക്തമായി തോന്നിക്കുക എന്ന കാര്യത്തിൽ സംശയമില്ല. 

മൂന്നാർ മലനിരകൾ വെട്ടിത്തെളിച്ച് തേയില തോട്ടങ്ങളാക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് നിന്നാണ് ഇയ്യോബിന്റെ (ലാൽ) കഥ തുടങ്ങുന്നത്. വെറുമൊരു സാധാരണ അടിമച്ചെക്കൻ ഹാരിസണ്‍ സായിപ്പിന്റെ (സാൽ യൂസഫ്‌) കൈയ്യാളാകുകയും  പിന്നീട് മതം മാറി ജോബ്‌ അഥവാ ഇയ്യോബായി സായിപ്പിന്റെ വിശ്വസ്തനും സന്തത സഹചാരിയുമായി മാറുമ്പോൾ ആരും അറിഞ്ഞിരുന്നില്ല അത്  നാടൻ സായിപ്പിലേക്കുള്ള ഒരു അടിമയുടെ പരിണാമ വഴികൾ കൂടിയാണെന്ന്. സായിപ്പിന്റെ ഭാര്യ സായിപ്പിനെയും മൂന്നാറിലെ തണുപ്പിനെയും ഉപേക്ഷിച്ചിട്ട് പോകുന്ന സമയത്താണ് ദുർമന്ത്രവാദിയെന്ന മുദ്ര കുത്തപ്പെട്ട് നാടു കടത്തപ്പെട്ട കഴലിയുടെ (ലെന) രംഗ പ്രവേശം. മറ്റുള്ളവർ ദുർമന്ത്രവാദിയെന്നു കരുതുന്ന കഴലിയെ സായിപ്പ് നോക്കി കണ്ടതാകട്ടെ മറ്റൊരു വിധത്തിലും. സായിപ്പിന്റെ നാടൻ മദാമ്മാ ഭാര്യയുടെ വേഷത്തിലേക്ക് കൂട് മാറാൻ കഴലിക്ക് അധികം താമസം വേണ്ടി വന്നില്ല. ആണുങ്ങൾ പലതും വെട്ടി പിടിക്കാനുള്ള രാഷ്ട്രീയത്തിൽ ശ്രദ്ധ പുലർത്തിയപ്പോൾ അടുക്കളയിൽ കഴലിയും ഇയ്യോബിന്റെ ഭാര്യയായ അന്നമ്മയും തമ്മിൽ സ്നേഹോഷ്മളമായ ഒരു സൌഹൃദ ബന്ധം വളർത്തിയെടുത്തു.  ഹാരിസണ്‍ സായിപ്പിന്റെ അപ്രതീക്ഷിതമായ മരണം ഇയ്യോബിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരുവാകുകയായിരുന്നു. ഗർഭിണിയായ കഴലിയെ കഴുത്തിനു പിടിച്ചു പുറത്തേക്കു തള്ളിയിട്ടു കൊണ്ട് ഇയ്യോബ് ഹാരിസണ്‍ സായിപ്പിന്റെ സർവ്വ സമ്പത്തുകളുടെയും അവകാശിയായി മാറി. ഇയ്യോബെന്ന നാടൻ സായിപ്പിന്റെ ഭരണയുഗം അവിടെയാണ് തുടങ്ങുന്നത്. 

ഇയ്യോബ്ബിന്റെ മൂന്നു മക്കൾ - ദിമിത്രി (ചെമ്പൻ വിനോദ്), ഐവാൻ (ജിനു ജോസഫ്), അലോഷി (ഫഹദ്). മൂന്നു മക്കളിൽ ഏറ്റവും സൌമ്യ ശീലനായ അലോഷി ഒരു പ്രത്യേക സാഹചര്യത്തിൽ നാട് വിട്ടു പോയി ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുകയാണ്. ദിമിത്രിയും ഐവാനും അപ്പന്റെ എന്തിനും പോന്ന അപ്പൻ പറഞ്ഞാൽ എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള മക്കളായി മൂന്നാറിൽ തന്നെ കൊഴുത്ത് വളരുന്നു. കഴലി തന്റെ മകൾ മാർത്തയുമായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു. ഒരു ക്യാൻവാസിൽ തന്നെ വിരിയിച്ചെടുത്ത വിവിധ കഥാപാത്രങ്ങൾ പല തരം സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്ന കാഴ്ചയാണ് പിന്നീടങ്ങോട്ടുള്ള സിനിമയിൽ കാണാൻ സാധിക്കുക. കഴലിയുടെ മകൾ തനിയാവർത്തനം പോലെ മറ്റുള്ളവരുടെ മുന്നിൽ ദുർമന്ത്രവാദിനിയായി ചിത്രീകരിക്കപ്പെടുന്നു. അലോഷി ബ്രിട്ടീഷ് പട്ടാളത്തോട് കലാപം നടത്തി വിപ്ലവം മനസ്സിലേന്തി തിരിച്ചു വരുന്നു. ദിമിത്രി തന്റെ ജീവിതത്തിൽ വികല ലൈംഗികതക്കും ഭക്ഷണത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ ഐവാൻ ചെമ്പന്റെയും (വിനായകൻ) മറ്റു കീഴാളരുടെയും കുടിലുകൾ കത്തിച്ചും അവരോടെല്ലാം കൈയ്യൂക്ക് കാണിച്ചുമാണ് ആനന്ദം കണ്ടെത്തുന്നത്. അധികാരം എന്നും തന്നിൽ മാത്രം ഒതുങ്ങി നിൽക്കണം എന്ന ആഗ്രഹം ഇയ്യോബിന്റെ ഓരോ പ്രവർത്തിയിലും സംസാരത്തിലും കാണാം. തനിക്ക് ചുറ്റുമുള്ളവർ തന്നെ എന്നും അനുസരിക്കുന്നവരാകണം എന്ന നിർബന്ധ ബോധം അയാളിലുണ്ട്. മക്കളോടു പോലും അത് പ്രകടവുമാണ്. അലോഷി നാട് വിട്ടു പോകുന്നതിനും മുൻപേ തന്നെ ഇയ്യോബ് മനസിലാക്കുന്ന ഒരു സത്യമുണ്ട് - അലോഷി തന്റെ ഭാര്യ അന്നമ്മയുടെ മകനാണ്. അപ്പന്റെതായ ഒരു ശൈലിയും കടം കൊള്ളാത്ത അമ്മയുടെ മാത്രം മകൻ.

ഇയ്യോബിന്റെ  ബംഗ്ലാവിൽ  കഴിയുന്ന ദിമിത്രിയുടെ ഭാര്യ രാഹേൽ (പത്മപ്രിയ) തന്റെ കടുത്ത മൌനങ്ങൾക്ക് പിറകിലുള്ള നിഗൂഡതകളെ ഭീകരമായാണ് ഒരു വേള വെളിപ്പെടുത്തുന്നത്. എല്ലാ ജ്ഞാ  സ്വരങ്ങൾക്കും ചെവി കൊടുക്കുകയും അതനുസരിച്ച് മാത്രം ജീവിക്കാൻ വിധിക്കപ്പെടുകയും ചെയ്യേണ്ടി വരുന്ന ഒരു സ്ത്രീ ഏതൊക്കെ വിധത്തിലുള്ള മാറ്റങ്ങൾക്ക് അഥവാ സ്വഭാവങ്ങൾക്ക് അടിമപ്പെടും എന്നതിന് തീർച്ചയില്ല എന്നാണ് റാഹേലിന്റെ കഥാപാത്രം നമ്മളോടു പറയുന്നത്. അത് പോലെ പ്രതിനായകനായെത്തുന്ന അംഗൂർ റാവുത്തർ (ജയസൂര്യ)  ഒരുപാട് ശരീര ചലനങ്ങളോ കനപ്പെട്ട സംഭാഷണങ്ങളോ കൊണ്ടല്ല  തന്റെ എതിരാളികളെ നേരിടുന്നത്. മരം മുറിക്കാൻ സർക്കാർ അനുമതിയുണ്ടായിട്ടും അതിനു തടസ്സം നിൽക്കുന്ന ഇയ്യോബിനെ അംഗൂർ റാവുത്തർ വളരെ തന്ത്രപരമായി സംസാരിച്ച ശേഷം ചെറിയ ഒരു ചിരിയിലൂടെ  ഞെട്ടിക്കുന്ന രംഗം അതിന്റെ ഏറ്റവും ഉത്തമ ഉദാഹാരണമാണ്. വാപ്പയോടു ചോദിച്ചാൽ തന്നെ കുറിച്ച് അറിയാം എന്ന ഇയ്യോബിന്റെ ഭീഷണി ശബ്ദത്തെ അംഗൂർ നേരിടുന്നത് ചെറിയൊരു ചിരിയോടു കൂടെയുള്ള മറുപടി കൊണ്ടാണ്. "വാപ്പ ഇപ്പോൾ ഇല്ല, നാല്  മാസം മുൻപ് വാപ്പയെ ഞങ്ങൾ കൊന്നു. പുതുതായി ഒന്നും ചെയ്യാൻ വാപ്പ സമ്മതിച്ചിരുന്നില്ല"; ഈ ഒരു ഡയലോഗ് സൃഷ്ടിക്കുന്ന ഭീകരതക്ക് മുന്നിൽ ഇയ്യോബ് പോലും സ്തബ്ധനായി പോകുന്നുണ്ട്. ആക്രോശങ്ങൾ കൊണ്ടും ശരീരാകാരത്തിന്റെ പിന്തുണ കൊണ്ടും മാത്രമല്ല ഒരു പ്രതിനായകന് ഭീഷണിയുടെ സ്വരം സൃഷ്ടിക്കാൻ സാധിക്കുക എന്ന് അടിവരയിടുന്ന രംഗം കൂടിയാണത്.  ഇത്തരത്തിലുള്ള ലളിതമായ  സംഭാഷണങ്ങളാലും മുഖ ഭാവങ്ങളാലും അഭിനയ കലയുടെ തീവ്ര സ്വരങ്ങൾ മുഴക്കുന്ന കഥാപാത്രങ്ങൾ  കൊണ്ട്  സമ്പുഷ്ടമാണ് ഇയ്യോബിന്റെ പുസ്തകം എന്ന് കൂടി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. 

അലോഷിയുടെ കമ്മ്യൂണിസവും വിപ്ലവവുമൊന്നും  സിനിമയിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല. കീഴാളനും തൊഴിലാളിക്കും വേണ്ടി സംസാരിക്കാൻ കമ്മ്യൂണിസ്റ്റ് സഖാക്കാൾ അന്നും വേണ്ട ഇടപെടലുകൾ നടത്തിയിരുന്നു എന്ന സൂചനകൾ മാത്രമാണ് സിനിമ തരുന്നത്.  ഒരൊറ്റ സീനിൽ വന്നു പോകുന്ന പി ജെ ആന്റണിയും  (ആഷിഖ് അബു),  തോട്ടം തൊഴിലാളികൾക്ക് വേണ്ടി ഇയ്യോബിനോട് സംസാരിക്കാൻ വരുന്ന റോസമ്മ പുന്നൂസും മറ്റൊരു സഖാവും മാത്രമാണ് സിനിമയിൽ കമ്മ്യൂണിസത്തെ പ്രതിനിധീകരിച്ചു കൊണ്ട് രംഗത്തെത്തുന്നത്. സായുധ വിപ്ലവം ആ കാലത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാർക്ക് പരിചയമുണ്ടായിരുന്നോ എന്ന് സംശയമാണ് എങ്കിലും സിനിമയിൽ ആലോഷിയെ രക്ഷിക്കാനായി തോക്കുകളേന്തി  പോലീസ് ജീപ്പ് വളയുന്ന സഖാക്കളെ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇലക്ഷൻ സമയത്ത് വേണ്ട സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ഇയ്യോബിനെ വന്നു കാണുന്ന ഒരു നാടൻ പ്രമാണി ദേശ സ്നേഹം കൊണ്ടാണ് താൻ ജനസേവകനാകാൻ  താൽപ്പര്യം കാണിക്കുന്നത് എന്ന് ഇടക്കിടെ പറയുന്നുണ്ട്. അയാളുടെ രാഷ്ട്രീയം എന്താണെന്ന് സിനിമ വ്യക്തമാക്കുന്നില്ലെങ്കിലും ആ കഥാപാത്രം കോണ്‍ഗ്രസ്സിന്റെ അക്കാലത്തെ പ്രമാണി ജന്മി രാഷ്ട്രീയക്കാരെ കണക്കറ്റ് പരിഹസിക്കുക തന്നെ ചെയ്യുന്നു. 

തന്റെ മുൻകാല സിനിമകളിലെ സ്ലോമോഷൻ ആഖ്യാന ശൈലികളൊന്നും  ഇയ്യോബിന്റെ പുസ്തകത്തിൽ അമൽ നീരദ് ആവർത്തിക്കുന്നില്ല. അമലിന്റെ മറ്റു സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോൾ  ഇയ്യോബിന്റെ പുസ്തകത്തിന്റെ പ്രധാന സവിശേഷത  അതിലെ മികച്ച cinematography ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഓരോ സീനിലും ആ മികവ് പ്രകടമാണ്. ഒരു നിമിഷം ഒന്ന് കണ്ണടച്ചാൽ പോലും നഷ്ടപ്പെട്ടേക്കാവുന്ന ദൃശ്യഭംഗിയുടെ ഒരു മുഴുനീള ചലച്ചിത്രരൂപമായി തന്നെയാണ്  ഇയ്യോബിന്റെ പുസ്തകത്തെ അമൽ നീരദ് ഒരുക്കിയിരിക്കുന്നത്. ആ നിലക്ക് തന്നെയാണ് ഇയ്യോബിന്റെ പുസ്തകം പ്രധാനമായും പ്രേക്ഷകന്റെ മനസ്സ് കവരുന്നത്. 

പഴയ കാലഘട്ടത്തെയും  ആളുകളുടെ  വേഷഭൂഷവിതാനങ്ങളെയും സംസാര ശൈലികളെയും എത്രത്തോളം സത്യസന്ധമായും മികവുറ്റതാക്കിയും സിനിമയിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു സംശയമാണ്. ആദ്യം സൂചിപ്പിച്ച ഫിക്ഷന്റെ സ്വാധീനം ഈ കഥയിൽ ഉള്ളത് കൊണ്ട് മാത്രം അതെല്ലാം കണ്ണടച്ച് വിശ്വസിക്കാൻ മാത്രമേ പ്രേക്ഷകന് തരമുള്ളൂ. കഥയുമായോ സാഹചര്യവുമായോ ഒരു ബന്ധവുമില്ലാതെ സിനിമക്കിടയിൽ കേറി വന്നു കൊണ്ട് ചുമ്മാ ഒരു ഐറ്റം ഡാൻസ് കളിച്ചു മടങ്ങിയ അമല പോളിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. ഇയ്യോബിന്റെ പുസ്തകത്തിലെ ഒരു അനാവശ്യ ഏട് തന്നെയായിരുന്നു അമല പോൾ. അമൽ നീരദിന്റെ മികവുകൾക്കിടയിൽ മനപൂർവ്വം അദ്ദേഹം തന്നെ തുന്നി ചേർത്ത ഒരു അനാവശ്യ അധ്യായം. 

ആകെ മൊത്തം ടോട്ടൽ = മികച്ച  ദൃശ്യാനുഭവം എന്ന നിലയിൽ നല്ലൊരു സിനിമ. ക്യാമറ കൊണ്ട് കഥ പറയുന്ന സംവിധായകരുടെ കൂട്ടത്തിൽ രാജാവാകാൻ മാത്രമുള്ള യോഗ്യത തനിക്കുണ്ട് എന്ന്  അമൽ നീരദ് ഈ സിനിമയിലൂടെ തെളിയിക്കുന്നു. 

*വിധി മാർക്ക് = 7/10 
-pravin- 

Friday, December 12, 2014

ഇതിഹാസ വരെ എത്തി നിൽക്കുന്ന മലയാള സിനിമാ ഫിക്ഷൻ-ഫാന്റസി

മലയാള സിനിമാ ലോകത്ത് ഫിക്ഷൻ-ഫാന്റസി  കഥകൾക്ക്  വേണ്ട പരിഗണന കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. ഉണ്ടെങ്കിൽ തന്നെ അതിൽ പകുതി മുക്കാലും കഥകളിൽ  പ്രേതവും ആത്മാവും ഭൂതവും പിശാചുമൊക്കെ തന്നെയായിരിന്നു മുഖ്യ കഥാപത്രങ്ങൾ. 1964 ൽ ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ബഷീർ തന്നെ ചിട്ടപ്പെടുത്തിയ തിരക്കഥയെ എ വിൻസെന്റ് തന്റെ സംവിധാനത്തിലൂടെ അഭ്രപാളിയിൽ എത്തിച്ചപ്പോൾ അതൊരു ചരിത്രം കൂടി സൃഷ്ടിക്കുകയായിരുന്നു. ഭാർഗ്ഗവീ നിലയം- മലയാളത്തിലെ ആദ്യത്തെ പ്രേത സിനിമ, മലയാളി പ്രേക്ഷകർക്ക് അന്ന് വരെ അപരിചിതമായിരുന്ന കഥാപശ്ചാത്തലത്തിലൂടെ  കാഴ്ചയുടെയും കേൾവിയുടെയും പുത്തൻ ആസ്വാദനം തന്നെ സമ്മാനിക്കുകയുണ്ടായി. പ്രേതം എന്നാൽ വെള്ള വസ്ത്രമുടുത്ത്‌ നിലം തൊടാതെ നടക്കുന്നവൾ, രാത്രിയുടെ മറവിൽ പാട്ടും പാടി  പാദസരം കിലുക്കി നടക്കുന്നവൾ എന്ന് തൊട്ട് ഒട്ടേറെ പുതിയ സങ്കൽപ്പങ്ങളെ  മലയാളി മനസ്സിലേക്ക് എല്ലാക്കാലത്തേക്കുമായി  വിഭാവനം ചെയ്തു തന്നതും  ഭാർഗ്ഗവീ നിലയം തന്നെ. 

ശേഷം  ഒരു കാലത്ത് മലയാള സിനിമയിലെ ഫിക്ഷൻ കുട്ടിച്ചാത്തനിലേക്കും ഗന്ധർവനിലേക്കുമെല്ലാം കുടിയേറുകയുണ്ടായി. ജിജോ പുന്നൂസ്സിന്റെ മൈ ഡിയർ കുട്ടിച്ചാത്തൻ, പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ എന്നിവ അക്കൂട്ടത്തിലെ വേറിട്ട പരീക്ഷണങ്ങളും വിജയങ്ങളുമായപ്പോൾ അതേ പാത പിന്തുടർന്ന് കൊണ്ട് വന്ന പല സിനിമകളും പരാജയപ്പെടുകയാണുണ്ടായത്. പ്രേത ഭൂത സിനിമകളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു പിന്നീടങ്ങോട്ടുള്ള  ഒരു കാലത്ത്. അതിൽ നിന്ന് ഏറെ വ്യത്യസ്തമായി ആത്മാവ്/ പ്രേതത്തെ അവതരിപ്പിച്ച സിനിമയായിരുന്നു കമൽ സംവിധാനം ചെയ്ത ആയുഷ്ക്കാലം. ഹൃദയം മാറ്റിവക്കൽ  ശസ്ത്രക്രിയക്ക് വിധേയനായ  ചെറുപ്പക്കാരന് മുന്നിൽ ഹൃദയത്തിന്റെ ഉടമ പ്രേത രൂപത്തിൽ പ്രത്യക്ഷപ്പെടുകയും സരസ സംഭാഷണങ്ങളിലൂടെ ചെറുപ്പക്കാരനുമായി  സൌഹൃദത്തിലാകുകയും ചെയ്യുന്നതായിരുന്നു ആ സിനിമയുടെ തുടക്കം. ആത്മബന്ധം, രക്തബന്ധം എന്ന പോലെ ഹൃദയ ബന്ധം കൊണ്ട് ആത്മാവും ചെറുപ്പക്കാരനും തമ്മിൽ കൂടുതൽ അടുക്കുന്നതും,   പരേതന്റെ മരണകാരണം അന്വേഷിച്ചു കണ്ടെത്തുന്നതുമായിരുന്നു  പിന്നീടുള്ള സീനുകൾ. ഒരേ സമയം കോമഡിയും  ഫിക്ഷനും സസ്പെൻസും സെന്റിമെൻസും ഇത്ര മേൽ നന്നായി കൂട്ടിയിണക്കിയ ആദ്യ മലയാള സിനിമയും ആയുഷ്ക്കാലം തന്നെയായിരിക്കും.  തന്നെ കാണാൻ സാധിച്ചിരുന്ന ഒരേ ഒരാളായ ബാലകൃഷ്ണന് മുന്നിൽ പോലും താൻ തീർത്തും അദൃശ്യനായി കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിയുന്ന സമയത്ത് വികാരാധീനനായി കൊണ്ട് എല്ലാവരുടെയും കണ്‍ മുന്നിലൂടെ ഓടി നടന്നു സംസാരിക്കുന്ന  എബി മാത്യു എന്ന ആത്മാവിനെ ഒരു നൊമ്പരത്തോടെയല്ലാതെ ആർക്കും ഓർക്കാനാകില്ല. 

1992 ൽ ആയുഷ്ക്കാലം റിലീസാകുന്നതിനും മുൻപേ ഇറങ്ങിയ മറ്റൊരു വ്യത്യസ്ത പ്രേത സിനിമയെ കൂടി ഇവിടെ പരാമർശിക്കേണ്ടിയിരിക്കുന്നു. സത്യൻ അന്തിക്കാട്-സിദ്ധീഖ് ലാൽ കൂട്ടുകെട്ടിൽ 1986 ൽ റിലീസായ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയാണ് പ്രേതങ്ങളെ ഇത്രമേൽ ഹാസ്യരൂപത്തിൽ അവതരിപ്പിക്കാൻ സാധിക്കും എന്ന് ആദ്യമായി ബോധ്യപ്പെടുത്തി തന്നത്. എല്ലാവരെയും ഭയപ്പെടുത്തുന്ന കാലൻ എന്ന സങ്കൽപ്പത്തെ നർമ്മത്തിന്റെ അകമ്പടിയോടെ തിലകൻ അഭിനയിച്ചു പ്രതിഫലിപ്പിക്കുമ്പോൾ ഭയം എന്ന വികാരം പൊട്ടിച്ചിരിക്ക് വഴി മാറുകയായിരുന്നു. കാലനെ ഹാസ്യനടനായി അവതരിപ്പിച്ചതിന്റെ അടുത്ത വർഷം തന്നെ നാരദനെയും അതേ വഴി നടത്തിച്ചു നോക്കാൻ തീരുമാനിച്ചതിന്റെ ഫലമായാണ് ക്രോസ് ബെൽറ്റ്‌ മണിയുടെ സംവിധാനത്തിൽ നാരദൻ കേരളത്തിൽ എന്ന സിനിമ വരുന്നത്. ഭക്തി സാന്ദ്രമായ ഒരുപാട് സിനിമകളിൽ നമ്മൾ കണ്ടു മറന്ന നാരദനിൽ നിന്ന് വ്യത്യസ്തമായിരുന്നു നെടുമുടി വേണു അവതരിപ്പിച്ച പുതിയ നാരദ വേഷം. പിന്നീടങ്ങോട്ട്  വന്ന  പല സിനിമകളിലും  ദൈവവും പുണ്യാളനുമെല്ലാം ഭൂമിയിൽ മനുഷ്യ രൂപത്തിൽ വന്നു എല്ലാവരെയും അതിശയിപ്പിച്ചു പോയിട്ടുണ്ട്. രഞ്ജിത്തിന്റെ നന്ദനം, പ്രാഞ്ചിയേട്ടന്‍, ലിജോ ജോസ് പല്ലിശ്ശേരിയുടെ ആമേൻ എന്നിവ അതിന്റെ സമീപ കാല സിനിമാ ഉദാഹരണങ്ങൾ മാത്രം. ഹരിഹരന്‍ എം ടി കൂട്ടുകെട്ടിന്റെ എന്ന് സ്വന്തം ജാനകി കുട്ടി , രാജീവ് അഞ്ചലിന്റെ ഗുരു, തുടങ്ങിയ സിനിമകള്‍ മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഫിക്ഷന്‍ ഫാന്റസി സിനിമകളാണ്.

അനിൽ ദാസ് - മധു മുട്ടം കൂട്ട് കെട്ടിൽ വന്ന ഭരതൻ, വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ്‌, അതിശയൻ, സന്തോഷ്‌ ശിവന്റെ അനന്ത ഭദ്രം  തുടങ്ങിയ സിനിമകളാണ് ഫിക്ഷൻ ഫാന്റസി പ്രമേയം കൊണ്ട്  വ്യത്യസ്തത തെളിയിച്ച മറ്റു ചില പ്രധാന മലയാള സിനിമകൾ. 

ഇതിഹാസ - വ്യത്യസ്തം, ആസ്വദനീയം, രസകരം ഈ പരീക്ഷണം 


ഒരു സുപ്രഭാതത്തിൽ ആണിന് പെണ്ണിന്റെ ശരീരവും പെണ്ണിന് ആണിന്റെ ശരീരവും കിട്ടിയാൽ എന്തായിരിക്കും സ്ഥിതി എന്ന ചിന്തയിൽ നിന്നാണ് ഇതിഹാസയുടെ കഥാ രചന സംഭവിക്കുന്നത്. സമാന കഥയുമായി  2002 ൽ ടോം ബ്രഡിയുടെ സംവിധാനത്തിൽ വന്ന ഹോളിവുഡ് സിനിമ The Hot Chick ഇതിഹാസയുമായി പല രംഗങ്ങളിലും സാമ്യത പുലർത്തുന്നു എന്ന ആക്ഷേപം ഒഴിച്ച് നിർത്തിയാൽ മലയാള സിനിമാ ചരിത്രത്തിൽ ഇതിഹാസക്ക് അഭിമാനത്തോടെ തന്നെ ഒരിരിപ്പിടം  നൽകേണ്ടതുണ്ട്. അശ്ലീല തമാശകൾക്ക് ഒട്ടും പഞ്ഞമില്ലാത്ത ഈ കാലത്തെ ചില ന്യൂജെൻ  സിനിമാ സംസ്ക്കാരം വച്ച് നോക്കുമ്പോൾ ഇതിഹാസയിൽ അത്തരം കോമഡി സീനുകൾക്ക് ഒരുപാട് സ്കോപ്പുണ്ടായിട്ടും കുടുംബ സമേതം കുട്ടികൾക്ക് കൂടി കാണാൻ പാകത്തിലാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത് എന്നത് ഏറെ ആശ്വാസജനകമായ ഒരു കാര്യമാണ് എന്ന് പറയാതെ വയ്യ. 

ആരും വിശ്വസിക്കാത്ത കഥ എന്നാണ് സിനിമയുടെ ടാഗ് ലൈൻ എങ്കിൽ കൂടി പ്രേക്ഷകരെ വിശ്വസിപ്പിക്കുന്ന രീതിയിൽ പിടിച്ചിരുത്തി കൊണ്ടാണ്  കഥ പറച്ചിൽ. ഒരു നവാഗത സംവിധായകന്റെ യാതൊരു വിധ പോരായ്മകളും പ്രകടമാക്കാതെയാണ് ബിനു എസ് അതി വിദഗ്ദ്ധമായി ഈ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. അനീഷ്‌ ലീ അശോകിന്റെ  പുതുമ നിറഞ്ഞു നിന്ന കഥ തന്നെയാണ് ഇതിഹാസയുടെ നട്ടെല്ല്. തിരക്കഥയിലേക്ക് വിന്യസിപ്പിക്കുമ്പോൾ കഥയിലെ പുതുമ ഒട്ടും ചോർന്നു പോകാതെ തന്നെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ചരിത്രത്തിലെ രണ്ടു രാജാക്കന്മാരുടെ യുദ്ധ രംഗത്തിൽ നിന്ന് കഥ പറഞ്ഞു തുടങ്ങുന്ന നിമിഷം തൊട്ട് സിനിമക്ക് അനിവാര്യമായ ആസ്വാദന ശൈലി സ്വീകരിച്ചു തുടങ്ങാൻ പ്രേക്ഷകർ യഥാക്രമം നിർബന്ധിതരാകുന്നുണ്ട്. ലോജിക്കുകൾക്ക് അവധി കൊടുത്തു കൊണ്ട് സിനിമ കാണാൻ പറയുമ്പോഴും സിനിമയിൽ പ്രമേയത്തിന് അനുയോജ്യമായ ലോജിക്കുകൾ നിലനിർത്തി കൊണ്ട് തന്നെയാണ് കഥ പറഞ്ഞു പോകുന്നത്. കുറേ കാലത്തിന് ശേഷം  നല്ലൊരു പഞ്ചോട് കൂടി ഇടവേള എഴുതി കാണിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയും ഇതിഹാസക്ക് വേണമെങ്കിൽ അവകാശപ്പെടാം. 

ഷൈൻ ടോം ചാക്കോ, ബാലു, അനുശ്രീ എന്നിവരുടെ പ്രകടനം തന്നെയാണ് സിനിമയിൽ പ്രധാന ചിരിപ്പടക്കങ്ങൾ സമ്മാനിച്ചതെങ്കിൽ  കൂടി അനുശ്രീയുടെ പ്രകടനം തമാശയെക്കാൾ ഉപരി ഗൌരവകരമായി തന്നെ നിരീക്ഷിക്കേണ്ടി വരുന്നു. ഒരു നടിയെന്ന നിലയിൽ അനുശ്രീയുടെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയാണ് ഇതിഹാസയിലെ ആണ്‍ കഥാപാത്രം എന്ന് നിസ്സംശയം പറയാം. സാധാരണ സിനിമകളിൽ നായികയുടെ കൂട്ടുകാരികൾ എന്നാൽ രണ്ടോ മൂന്നോ സീനുകളിൽ വന്നു പോകുന്നവരായാണ് കാണുക പതിവ്. ഇതിഹാസയിൽ കൂട്ടുകാരി കഥാപാത്രങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ വലിയ റോളുകൾ  തന്നെ കിട്ടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ  കഥയുടെ വഴിത്തിരുവുകളിലെല്ലാം കൂട്ടുകാരി കഥാപാത്രങ്ങളുടെ സാന്നിധ്യവും  ശ്രദ്ധേയമായി മാറി. സിനോജ് പി അയ്യപ്പന്റെ ച്ഛായാഗ്രഹണം സിനിമക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നതിൽ വിജയിച്ചിട്ടുണ്ട്. അമ്പട ഞാനേ ..ചെല്ലട മോനെ എന്ന ഗാനം ഒഴിച്ചു നിർത്തിയാൽ ദീപക് ദേവിന്റെ സംഗീതവും മോശമാക്കിയില്ല. 

ആകെ മൊത്തം ടോട്ടൽ = നൂറു ശതമാനവും രസകരമായ ഒരു സിനിമ. Entertainment ലക്ഷ്യമാക്കി സിനിമ കണ്ടാൽ പൂർണ്ണ ആസ്വാദനം ലഭിക്കുക തന്നെ ചെയ്യും. 

*വിധി മാർക്ക്‌ = 7.5/10 
-pravin-

Thursday, December 4, 2014

അപ്പോത്തിക്കിരിയുടെ വിരലുകൾ കണ്ടിട്ടുണ്ടോ ?

നന്ദി വീണ്ടും വരുക എന്ന പരസ്യ വാക്യം  കേൾക്കാനോ കാണാനോ ആഗ്രഹിക്കാത്ത ഒരു സ്ഥലമാണ് ആശുപത്രി. രോഗങ്ങളുമായിഒരിക്കൽ അവിടെ വന്നു പോകുന്നവർ വീണ്ടും അവിടേക്ക് വരാനിടയാക്കരുതേ എന്ന് മുട്ടിപ്പായി പ്രാർഥിച്ചു പോകുന്ന സ്ഥലവും ആശുപത്രി തന്നെ. ഒരർത്ഥത്തിൽ ദൈവത്തെ കാണാനും അറിയാനും അമ്പലങ്ങളിലോ പള്ളിയിലോ അല്ല പോകേണ്ടത്. തൊട്ടടുത്ത ആശുപത്രികളിലേക്കാണ്. അവിടെ ദൈവത്തെ കാണാനുള്ളവരുടെ തിരക്കായിരിക്കും. ആ ദൈവം പറയുന്നത് അനുസരിക്കാതിരിക്കാൻ ഒരു രോഗിക്കും സാധ്യമല്ല. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെ അനുസരണാ ശീലം കാണിക്കുമെങ്കിലും പണം എന്ന വ്യവസ്ഥക്ക് മുന്നിൽ പാവപ്പെട്ടവന് പലപ്പോഴും ദൈവത്തിന്റെ മാന്ത്രിക സ്പർശം അനുഭവിക്കാനുള്ള യോഗ്യത പോലും നഷ്ടമാകുന്നു. ഒരു രോഗിയുടെ ചികിത്സാ യോഗ്യത എന്നാൽ അയാളുടെ കയ്യിലെ പണമാണ് എന്ന് വിശ്വസിക്കുന്ന ഇന്നിന്റെ ഡോക്ടർ ദൈവങ്ങൾക്ക് മുന്നിലാണ് അപ്പോത്തിക്കിരിയുടെ പഴയ ആ കഥ ഒരു വലിയ ഓർമ്മപ്പെടുത്തലാകുന്നത്. അതൊരു കാലമായിരുന്നു. കിലോമീറ്ററുകൾ നടന്നും സൈക്കിൾ ചവിട്ടിയും രോഗികളെ തേടി വന്നു ചികിത്സ നടത്തിയിരുന്ന ഭിഷഗ്വരൻമാരുടെ കാലം. രോഗങ്ങളെ ആട്ടിയകറ്റുകയും രോഗികളെ സ്നേഹത്തോടെ ആശ്വസിപ്പിക്കുകയും ധൈര്യം പകർന്നു കൊടുക്കുകയും ചെയ്തിരുന്ന അവരെയാണ് ജനം ഹൃദയം കൊണ്ട് അപ്പോത്തിക്കിരീ എന്ന് വിളിച്ചു ശീലിച്ചത്. കാലമേറെ പിന്നിട്ടപ്പോൾ അപ്പോത്തിക്കിരിമാർ ഇല്ലാതായി. പകരം വന്ന അവരുടെ തലമുറ രോഗികളെ അകറ്റി നിർത്തുകയും രോഗങ്ങളെ നിലനിർത്തുകയും ചെയ്തു. രോഗങ്ങളും രോഗികളും ഇല്ലെങ്കിൽ തങ്ങൾക്ക് നിലനിൽപ്പില്ല എന്ന ആസുരിക തിരിച്ചറിവ് അവരെ അത്ര മാത്രം അന്ധരാക്കിയിരിക്കുന്നു. തദ്ഫലമായി ആശുപത്രി സേവനങ്ങളും മരുന്നുകളും മാഫിയവത്ക്കരിക്കപ്പെട്ടു. ഇതിന്റെയെല്ലാം തുടർ മാറ്റങ്ങളെ  തന്നെയാണ് സിനിമ പ്രമേയവത്ക്കരിക്കുന്നതും  സമൂഹത്തിൽ ചർച്ചാ പ്രസക്തമാക്കുകയും ചെയ്യുന്നത്. 

പൂർണ്ണമായും ഡോക്ടർ സമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു സിനിമയാണോ അപ്പോത്തിക്കിരി എന്ന് സംശയിക്കുന്നവരുണ്ട്. ഒരു ഡോക്ടർ ഈ സിനിമ കാണുമ്പോൾ സ്വാഭാവികമായും അപ്രകാരം ചിന്തിച്ചു പോകാനുള്ള സാധ്യതകളെ തള്ളിക്കളയുന്നില്ല. എന്നാൽ ഈ സിനിമയുടെ ഉദ്ദേശ്യ ശുദ്ധി മനസിലാക്കി കൊണ്ട് കാണുന്ന ഡോക്ടർമാർക്ക് ഈ സിനിമ വലിയൊരു തിരിച്ചറിവ് സമ്മാനിക്കുക തന്നെ ചെയ്യും. ആ തലത്തിൽ വിശകലനം ചെയ്‌താൽ നാളെയുടെ പ്രതിക്കൂട്ടിലേക്ക് നടന്നു കൊണ്ടിരിക്കുന്ന ഒരു കൂട്ടം ഡോക്ടർമാരെ തിരിച്ചു നന്മയുടെയും സ്നേഹത്തിന്റെയും വൈദ്യ പാതയിലേക്ക് തിരിച്ചു വിളിക്കുന്ന സിനിമയാണ് അപ്പോത്തിക്കിരി എന്ന് പറയേണ്ടി വരും. ഡോക്ടർ വിജയ് നമ്പ്യാരുടെ (സുരേഷ് ഗോപി) വിവിധ മാനസികാവസ്ഥയിലൂടെയാണ് സിനിമ  മുന്നേറുന്നത്. ഒരേ സമയം ശരി പക്ഷത്ത് നിൽക്കാൻ മനസ്സ് മന്ത്രിക്കുകയും എന്നാൽ നിലനിൽപ്പിന്റെ ഭാഗമായി മനസാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യേണ്ടിയും വരുന്നത്  കൊണ്ടാണ് ഡോക്ടർക്ക് മുന്നിൽ  ചില വിചിത്ര കാഴ്ചകൾ രൂപപ്പെടുന്നത്. ആശുപത്രിക്ക് വേണ്ടിയും മരുന്ന് മാഫിയക്ക് വേണ്ടിയും തന്റെ  രോഗികളിൽ  പലരെയും മരുന്ന് പരീക്ഷണത്തിന്‌ വിധേയരാക്കുമ്പൊഴും ഡോക്ടർ വിജയ്‌ നമ്പ്യാർ തന്റെ തന്നെ മനസാക്ഷിയുടെ വിചിത്രമായ പ്രതികരണങ്ങൾ കൊണ്ട് അസ്വസ്ഥമാകുന്നു. ഒരു ഘട്ടത്തിൽ ചിത്ത ഭ്രമത്തിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് പോലും എത്തിയേക്കാവുന്ന തരത്തിൽ അദ്ദേഹം അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ട്. എന്നിട്ടും ഡോക്ടർ കുറ്റബോധത്തോടെ തന്നെ  തന്റെ പതിവ് ജോലികൾ തുടരുമ്പോൾ മനസിലാക്കാം ഭൌതിക ജീവിതത്തിലെ സുഖ സൌകര്യങ്ങളോട് അദ്ദേഹം എത്ര മാത്രം ആകൃഷ്ടനായിരുന്നു എന്ന്. 

പലപ്പോഴും സ്വാർത്ഥത പല രൂപത്തിലാണ് മനുഷ്യരിലൂടെ വെളിപ്പെടുക. സ്വന്തം കുടുംബവും സുഖവും മാത്രം നോക്കി നടക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തങ്ങൾക്ക്  ചുറ്റുമുള്ള പലതിനേയും കണ്ടില്ലാന്നു നടിക്കേണ്ടി വരും. അത്തരത്തിലുള്ള ഒരു രംഗം സിനിമയിൽ ഏറെ ശ്രദ്ധേയമായി തന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്.  രോഗിയായ സുബിൻ ജോസഫിന്റെ അച്ഛനും അനിയനും കൂടെ വിജയ്‌ നമ്പ്യാരെ കാണാൻ വരുന്ന സമയത്ത് അയാൾ തന്റെ കുട്ടികളുമായി അവർ പുതുതായി പണിയാൻ പോകുന്ന വീടിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആശുപത്രി ബില്ലിൽ എന്തെങ്കിലും ഇളവു ചെയ്തു തരാൻ കനിവുണ്ടാകണേ എന്ന അവരുടെ അഭ്യർത്ഥനയെ ഡോക്ടർ പൂർണ്ണമായും നിരാകരിച്ചു കൊണ്ടാണ് സംസാരിച്ചത്. തനിക്ക് അക്കാര്യത്തിൽ ഒന്നും ചെയ്തു തരാനുള്ള നിർവ്വാഹമില്ല എന്നും പറഞ്ഞ് അവരെ മടക്കുമ്പോൾ എല്ലാം കണ്ടു കൊണ്ട് അവിടെ ഇരുന്നിരുന്ന ഡോക്ടറുടെ അച്ഛൻ മകന് കൊടുക്കുന്ന ഉപദേശം വളരെ പ്രസക്തമാണ്. 

"മോനെ, നിന്റെ മുന്നിലിരിക്കുന്ന ഒരു രോഗിയെയും ഇനട്രാ സെറിബ്രല്‍ ഹെമിറെജായിട്ടും ബ്രെയിന്‍ ട്യൂമറായിട്ടും കാണരുത്. അവരെ ഒരു കമ്മോഡിറ്റിയ്യാക്കരുത്. ഒരു മനുഷ്യനായി കാണണം. കുടുംബവും കുട്ടികളും സന്തോഷവും സങ്കടവുമുള്ള മനുഷ്യനായിട്ട്. അവര്‍ അരി വാങ്ങാനും തുണി വാങ്ങാനും കുട്ടികള്‍ക്ക് സ്ക്കൂളിലെ ഫീസ്‌ കെട്ടാനും മാറ്റി വച്ചിരിക്കുന്ന തുക, അല്ലെങ്കില്‍ മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടി നാണം കെട്ട് ഇരന്നു വാങ്ങുന്ന തുക - അതാണ്‌ അവരിവിടെ കൊണ്ട് വന്നു തരുന്നത്. ഇനിയും നിങ്ങള്‍ പറയുന്ന ഏതു ചികിത്സക്കും അവര്‍ പണം ഉണ്ടാക്കുമായിരിക്കും. ഇനിയും എന്തെങ്കിലും വില്‍ക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അതും കൂടി വില്‍ക്കും. അങ്ങിനെ അവസാനം ആ കുടുംബത്തിനു മുഴുവന്‍ ഒരു നേരത്തെ ആഹാരത്തിനു പോലും കഷ്ട്ടപ്പെടെണ്ടി വരും. കുറച്ച് പച്ചക്കറിക്ക് പോലും മാര്‍ക്കറ്റില്‍ വില പേശാറുള്ള മനുഷ്യന്‍ ചികിത്സക്ക് വേണ്ടിയോ മരുന്നിനു വേണ്ടിയോ വില പേശാറില്ല. അത് അറിയാവുന്നത് കൊണ്ട് തന്നെ അവരെ വഞ്ചിക്കാനും എളുപ്പമാണ്. അവരോടൊക്കെ അല്‍പ്പം സ്നേഹത്തോടെ സംസാരിക്കാനും പെരുമാറാനും കഴിഞ്ഞാല്‍ അതാണ്‌ ഏറ്റവും വലിയ ശരി. "

                                   

സുബിൻ ജോസഫിനെ (ജയസൂര്യ) പോലുള്ള രോഗികൾ ജീവിക്കാനുള്ള അവസാനത്തെ പ്രതീക്ഷയും പേറിയാണ് അപ്പോത്തിക്കിരി പോലുള്ള ഹൈ ക്ലാസ്സ് ആശുപത്രികളുടെ പടി ചവിട്ടി കേറുന്നതെങ്കിലും ഭാരിച്ച ബില്ലുകൾ അവരെ ചികിത്സയിൽ നിന്നും തന്നെ പിന്തിരിപ്പിച്ചു കളയും. സുബിൻ ജോസഫിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഇപ്പോൾ ആശുപത്രിക്കാർ പറഞ്ഞ ചികിത്സ നടത്തിയില്ലെങ്കിൽ എന്റെ ജീവൻ മാത്രമേ പോകൂ. ചികിത്സ നടത്തിയാൽ തന്റെ ജീവൻ രക്ഷപ്പെടുമായിരിക്കും എന്നാൽ ചികിത്സാ ചിലവിനായി കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ വകയില്ലാതെ തന്റെ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടി വരും. അതിലും ഭേദം ചികിത്സിക്കാതിരിക്കുന്നതല്ലേ ? ഏറെ ചിന്തിക്കേണ്ട വിഷയം തന്നെയാണ് സുബിനിലൂടെ നമ്മൾ കേട്ടത്.  വാണിജ്യവത്ക്കരിക്കപ്പെട്ട  ആശുപത്രികൾ രോഗികളുടെ ശാപമാണ്. മരുന്നും മരുന്ന് പരീക്ഷണവും അത്യാധുനിക ചികിത്സാ സമ്പ്രദയാങ്ങളും വേണ്ടാ എന്ന് സിനിമ പറയുന്നില്ല. എന്നാൽ ഇതെല്ലാം എപ്പോഴൊക്കെ, എങ്ങിനെയൊക്കെ, ആരോടൊക്കെ, എന്തിനൊക്കെ വേണ്ടി പ്രയോഗിക്കപ്പെടണം എന്ന ചിന്താഗതിയിൽ ശുദ്ധീകരണം അനിവാര്യമാണ് എന്ന് സിനിമ തറപ്പിച്ചു പറയുക തന്നെ ചെയ്യുന്നു. ഏതൊരു അവസ്ഥയിലും രോഗിയെ വിറ്റു ചികിത്സിക്കാൻ തയ്യാറാകില്ല എന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് ഓരോ ഡോക്ടർമാരും വെളുത്ത കോട്ട് അണിയുന്നത്. ആ വെളുത്ത കോട്ടിലെക്ക് ചളി തെറിപ്പിക്കുന്നതായിരിക്കരുത് ഒരു ഡോക്ടറുടെയും പ്രവർത്തികൾ എന്ന് വിജയ് നമ്പ്യാർ പറയുമ്പോൾ പഴയ  അപ്പോത്തിക്കിരിമാരുടെ  ആത്മാശം ഇപ്പോഴും കൈ മുതലായി സൂക്ഷിക്കുന്ന ഡോക്ടർമാർ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുക തന്നെ ചെയ്യും. ഈ കൈയ്യടികൾ വരും തലമുറയിലെ ഡോക്ടർമാർക്ക് ചെറുതായെങ്കിലും ഒരു പ്രചോദനമായി മാറിയാൽ അത് തന്നെയാണ് ഈ സിനിമയുടെ വിദൂരമല്ലാത്ത വിജയവും. 
ഭാവ പ്രകടനങ്ങൾ എന്നതിലുപരി ശരീര ഭാഷ കൊണ്ടാണ് ഈ സിനിമയിലെ അഭിനേതാക്കൾ വിസ്മയം സൃഷ്ടിക്കുന്നത്. ജയസൂര്യയും ഇന്ദ്രൻസുമെല്ലാം ഈ സിനിമയിൽ അതിന്റെ ഏറ്റവും കരുത്തുറ്റ ഉദാഹരണങ്ങളാണ്. മാധവ് രാംദാസിനെ പോലുള്ള സംവിധായകരെ മലയാള സിനിമാ  ലോകവും പ്രേക്ഷകരും  പൂവിട്ട് പൂജിച്ചില്ലെങ്കിലും കണ്ടില്ലെന്നു നടിക്കരുത്. സിനിമ റിലീസായ സമയങ്ങളിൽ കേട്ട ഒരു ആക്ഷേപം ഓർമ്മ വരുന്നു. സിനിമയിൽ ഒരുപാട് നടകീയതകൾ ഉണ്ടെന്നതായിരുന്നു അത്. ശരിയാണ്, സിനിമയിൽ ചെറിയ നാടകീയതകൾ ഉണ്ട്. പക്ഷേ നമ്മുടെയെല്ലാം ജീവിതത്തിൽ സിനിമയിലേത് പോലൊരു സാഹചര്യം വന്നു പോയാൽ ഉണ്ടായേക്കാവുന്ന നാടകീയതകളെക്കാൾ എത്രയോ ചെറിയൊരംശം നാടകീയത മാത്രമാണ് സിനിമയിൽ കാണിച്ചിട്ടുള്ളൂ. അതും ലളിതമായ രീതിയിൽ വലിയൊരു ആശയം പറയാൻ വേണ്ടി മാത്രം. അപ്പോത്തിക്കിരിമാർ ദൈവത്തിന്റെ വിരലുകളുമായി ഓരോ രോഗികളേയും ശുശ്രൂക്ഷിക്കാൻ നിയോഗിക്കപ്പെട്ടവരാണ് എന്ന് പറഞ്ഞു കൊണ്ട് സിനിമ അവസാനിക്കുമ്പോഴും പ്രതിപാദ്യ മേഖലയിലെ പൊള്ളുന്ന പല യാഥാർത്ഥ്യങ്ങളും നമ്മുടെ മനസ്സിന്റെ നീറ്റം കുറക്കുന്നില്ല. അത്തരം അനുഭവങ്ങൾ ആർക്കും വരരുതേ എന്ന് പ്രാർഥിക്കുകയെങ്കിലും ചെയ്യാം നമുക്ക്. 

ആകെ മൊത്തം ടോട്ടൽ = ആർക്കും കാണാവുന്ന ഒരു സിനിമ .എല്ലാം കൊണ്ടും പ്രസക്തമായ ഒരു നല്ല സിനിമ. ഒറ്റ അപേക്ഷ മാത്രമേ ഉള്ളൂ. എപ്പോഴായാലും ഈ സിനിമ നിങ്ങൾ കാണാതെ പോകരുത്. 

*വിധി മാർക്ക്‌ = 8.5/10
-pravin-