Monday, April 7, 2014

ഷട്ടറിനുള്ളിലെ തിരിച്ചറിവുകൾ

ഷട്ടർ സിനിമ കണ്ടു കഴിഞ്ഞാൽ മനസ്സിലേക്ക് കടന്നു വരുന്ന ബഹുമാനവും അതിശയവും നിറഞ്ഞ ഒരു ചോദ്യമുണ്ട് ."ജോയ് മാത്യു സാർ, താങ്കൾ ഇത്രയും കാലം എവിടെയായിരുന്നു?" ശരിയാണ്. അദ്ദേഹം ഇത്രയും കാലം എവിടെയായിരുന്നു ? 

അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജോണ്‍ എബ്രഹാമിന്റെ "അമ്മ അറിയാൻ" സിനിമയിലെ നായകനായിരുന്നു ജോയ് മാത്യു. അതിനു ശേഷം മുഖ്യധാരാ സിനിമയിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമായെങ്കിലും സ്വത സിദ്ധമായ  നാടക രചനയിലൂടെയും സംവിധാനത്തിലൂടെയും അദ്ദേഹം തുടരെ തുടരെ സാംസ്ക്കാരിക ഇടപെടലുകൾ നടത്തിക്കൊണ്ടെയിരുന്നു . നമ്മളിൽ പലരും അതൊന്നും അറിഞ്ഞില്ല എന്ന് മാത്രം. അത് അറിയുമായിരുന്നെങ്കിൽ   ഇരുപതിലേറെ നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും, നാടക രചനക്ക്  കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാർഡുകൾ വാങ്ങിയ ഒരാളെന്ന നിലയിൽ അദ്ദേഹത്തോട് ഇത്ര മേൽ അപരിചിതത്വം പുലർത്തേണ്ട ഗതികേട് മലയാളിക്ക് ഉണ്ടാകുമായിരുന്നില്ല. 

ഷട്ടർ സിനിമയിലൂടെ  മലയാളിക്ക് ജോയ് മാത്യുവിനോട്  പരിചയം പുതുക്കാൻ അവസരം കിട്ടുന്നുണ്ടെങ്കിലും  മലയാളിയുടെ കപട മുഖത്തെ വിചാരണ ചെയ്യാനും, മുഖം മൂടികൾ പിച്ചി ചീന്താനുമാണ്  അദ്ദേഹം സിനിമയെ പ്രയോജനപ്പെടുത്തുന്നത്. അത് ഈ കാലത്തിന്റെ അനിവാര്യതയും തുറന്നു പറച്ചിലും കൂടിയാണ്. മറ്റൊരു തലത്തിൽ ചിന്തിക്കുമ്പോൾ മലയാളിക്ക് ഷട്ടർ എന്ന സിനിമ ആത്മവിചാരണക്കുള്ള വേദി കൂടിയാണ് ഒരുക്കുന്നത്. അവിടെ  പരിചയം പുതുക്കലുകൾക്കും സൌഹൃദങ്ങൾക്കും സ്ഥാനമില്ല. വേണ്ടത് സാഹചര്യങ്ങളിൽ നിന്നുള്ള തിരിച്ചറിവുകളെ ഉൾക്കൊള്ളാനുള്ള മനസ്സാണ്. കഥാ നായകൻ റഷീദിന് ഉണ്ടായ അതേ മനസ്സ്. 

പ്രമേയ വൈവിധ്യം കൊണ്ട് തന്നെയാണ് ഏതൊരു കലയും പ്രഥമാ ദൃഷ്ട്യാ ആകർഷണീയമാകുന്നത്.  പ്രമേയ വൈവിധ്യത്തിനും പുറമേ അവതരണ മികവും, അഭിനേതാക്കളുടെ പ്രകടന നിലവാരവും കൊണ്ട് കൂടി സമ്പുഷ്ടമാണ് ഷട്ടർ. ഈ സിനിമയുടെ പ്രമേയം തിരഞ്ഞെടുക്കാൻ രചയിതാവിന് ദൂരെ എങ്ങോട്ടുംസഞ്ചരിക്കേണ്ടി വന്നില്ല. കാരണം നമ്മുടെ മുന്നിലുള്ള കഥാപാത്രങ്ങളും ജീവിതങ്ങളുമാണ് ഷട്ടറിൽ പ്രതിപാദിക്കപ്പെടുന്നത്. മധ്യ വർഗ മലയാളിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ തികഞ്ഞ നിരീക്ഷണത്തോടെ അഭ്രപാളിയിൽ അവതരിപ്പിക്കുക എന്നതായിരിക്കാം ഒരു പക്ഷെ ജോയ് മാത്യുവിന് വർഷങ്ങൾക്കുശേഷം കിട്ടിയ 'സിനിമാ നിയോഗം'. അത് ഭംഗിയായി സിനിമയിൽ നിർവഹിക്കാൻ സാധിച്ചു എന്നുള്ളിടത്തു തന്നെയാണ്  ജോയ്  മാത്യു നല്ലൊരു കലാകാരനും ആവിഷ്ക്കാർത്താവുമാകുന്നത്.

സിനിമ തുടങ്ങുന്ന ആദ്യ സീനിൽ  തന്നെ പ്രേക്ഷക മനസ്സിലേക്ക്  ചിന്തയുടെ തീ ശകലങ്ങൾ  കോരിയിടുന്ന ഒരു കഥാപാത്രമാണ്  കട വൃത്തിയാക്കാൻ ചൂലുമായി വരുന്ന വൃദ്ധൻ. അടഞ്ഞു കിടക്കുന്ന കടയുടെ ഷട്ടർ വലിച്ചു പൊക്കി വൃദ്ധൻ ചൂല് കൊണ്ട് അകത്തെ ചുമരെല്ലാം തൂക്കുകയാണ്. "തൂത്തു വാരുന്നു ..തൂത്തു വാരുന്നു ..നേരെയാകുന്നില്ലെടോ മനം.." എന്ന് വൃദ്ധൻ പാടുന്ന സമയത്ത് കടയെ നമ്മൾ മറക്കുന്നു . പകരം മനുഷ്യ മനസ്സിനെ ഓർക്കുന്നു. എന്താണ് മനുഷ്യ മനസ്സ് ? വികലമാണോ അത് ?  വൃദ്ധൻ പാടുന്ന പോലെ എത്ര തൂത്തിട്ടും വൃത്തിയാകാത്ത ഒരിടം തന്നെയാണോ നമ്മുടെ മനസ്സ്? ഇങ്ങിനെയൊക്കെ ചിന്തിക്കാൻ മാത്രമായി ആ സീനിൽ വിശിഷ്യാ ഒന്നും ഉണ്ടായിട്ടില്ലെങ്കിൽ കൂടി നമ്മൾ അത് ഗാഡമായി തന്നെ ചിന്തിക്കുന്നു. ഈ സീൻ കണ്ടു കഴിയുമ്പോഴേക്കും  ഷട്ടർ എന്ന സിനിമയുടെ ആന്തരിക ഭാവങ്ങളെ ഉൾക്കൊള്ളാൻ പ്രേക്ഷകൻ സ്വാഭാവികമായും തയ്യാറെടുത്തു കഴിഞ്ഞിരിക്കും.  ആ ദൗത്യം വൃദ്ധൻ (മധു മാസ്റ്റർ) ഏറ്റെടുത്ത് വിജയിപ്പിച്ചു എന്ന് പറയാം . 

ഒറ്റ നോട്ടത്തിൽ ഷട്ടർ സിനിമ ഉന്നം വക്കുന്നത് മധ്യവർഗ മലയാളി പുരുഷ സമൂഹത്തിലേക്കാണ്‌. പക്ഷെ സിനിമയിൽ ചെറുതല്ലാത്ത ചർച്ചാ പ്രാധാന്യം സ്ത്രീ സമൂഹത്തിനും  ഉണ്ട് എന്നും പറയേണ്ടിയിരിക്കുന്നു. റഷീദ് (ലാൽ) ഗൾഫിൽ നിന്ന് അവധിക്കു വീട്ടിലെത്തിയത് തന്റെ മകളുടെ നിക്കാഹ് നടത്താൻ കൂടിയാണ്. മകളെ കല്യാണം കഴിച്ചയപ്പിക്കാൻ എന്താണിത്ര തിടുക്കമെന്നു കുടുംബക്കാരിൽ പലരും റഷീദിനോട് ചോദിക്കുന്നുണ്ട്.  അതിനെല്ലാം ഉത്തരമായി റഷീദ് പറയുന്നത് മകളുടെ ഈ പ്രായത്തിലെ ആണ്‍ കൂട്ടുകെട്ടിനെയും  മൊബൈൽ ഉപയോഗത്തെയും കുറിച്ചാണ്. സത്യത്തിൽ അത് മാത്രമല്ല റഷീദിനെ കൊണ്ട് ഇങ്ങിനെയൊരു തീരുമാനമെടുപ്പിക്കുന്നതെന്ന് റഷീദിന്റെ തന്നെ ചില സംഭാഷണങ്ങളിൽ നിന്ന് വ്യക്തം.   അല്ലെങ്കിൽ തന്നെ പെണ്‍ കുട്ടികൾ പഠിച്ചിട്ടെന്തിനാ എന്ന റഷീദിയൻ ചിന്തക്ക് ന്യായീകരണമായി വരുന്നത് റഷീദിന്റെ ഭാര്യയാണ്. തെറ്റ് പറയാനില്ല . കാരണം പതിനാലാം വയസ്സിൽ വിവാഹിതയായതിൽ  ഒരു കുഴപ്പവുമില്ലെന്നു കരുതുന്ന വ്യക്തിത്വമാണ് റഷീദിന്റെ ഭാര്യയുടെത്.  പെണ്‍കുട്ടികളുടെ വിവാഹ പ്രായം നിശ്ചയിക്കേണ്ടതും, നിക്കാഹ് നടത്തേണ്ടതുമായ കാര്യങ്ങൾ തീരുമാനിക്കുന്നത്  സർക്കാരല്ല പെണ്‍കുട്ടികളുടെ  വീട്ടുകാരാണ്  എന്ന് റഷീദ് കൂട്ടുകാരോട് പറയുന്ന ഒരു രംഗമുണ്ട് സിനിമയിൽ.  ആനുകാലിക കേരളത്തിൽ ഇപ്പോഴും ചർച്ച നടന്നു കൊണ്ടിരിക്കുന്ന ഒരു വിവാദ വിഷയമാണല്ലോ പെണ്‍കുട്ടികളുടെ വിവാഹ പ്രായം. അതു കൊണ്ട് തന്നെ ഈ പറയുന്ന രംഗങ്ങളിലെല്ലാം  അപ്രത്യക്ഷ ചർച്ചാ ബിംബങ്ങളായി സ്ത്രീരൂപം  നില കൊള്ളുന്നു .

ഗൾഫിൽ നിന്നും ഏതെങ്കിലും കാലത്ത് ഒരു തിരിച്ചു വരവുണ്ടായേക്കാം എന്ന ദീർഘ ദർശനം കൊണ്ടാണ്  വീടിനോട് ചേർന്ന് മൂന്ന് കടമുറികൾ റഷീദ് പണി കഴിപ്പിച്ചത്.  വീടിനോട് ഏറ്റവും അടുത്തു കിടക്കുന്ന ഒരു കടയോഴിച്ചു ബാക്കി രണ്ടെണ്ണം വാടകക്ക്‌ കൊടുത്തപ്പോഴും റഷീദിന് മറ്റൊരു ദീർഘ ദർശനം കൂടിയുണ്ടായിരുന്നു  എന്ന് വേണം കരുതാൻ. ജീവിതാദർശത്തോടെയും തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെയും  മകളെ കാർക്കശിക്കുന്ന റഷീദ് സന്ധ്യ മയങ്ങിയാൽ മറ്റൊരു വ്യക്തിത്വവുമായാണ് അടഞ്ഞു കിടക്കുന്ന  കടയുടെ ഷട്ടറിനുള്ളിലേക്ക്  കൂട്ടുകാരുമൊത്ത് നുഴഞ്ഞു കയറുന്നത്. സൌഹൃദ സദസ്സിനു രസം പകരാനെന്ന വണ്ണം  തുടങ്ങുന്ന മദ്യപാനം, ഹരം പിടിപ്പിക്കുന്ന ചർച്ചകൾ ഇവക്കിടയിൽ വച്ചാണ് റഷീദിന് സ്വമനസ്സിന്റെ കാപട്യത്തിലേക്കു കൂടുതലായും വഴുതി വീഴേണ്ടി വരുന്നത്. ആ കാപട്യത്തിന്റെ മറയാണ് ഷട്ടർ . ഇതിനിടയിലും കടയുടെ കൊച്ചു ജനാലിലൂടെ അയാൾ സ്വന്തം വീടിനെ നിരീക്ഷിക്കുന്നുണ്ട്. നിരീക്ഷണം എന്നതിലുപരി പുറം ലോകം തന്റെ കാപട്യം അറിയുന്നുണ്ടോ എന്ന പേടിയാണ്  ജനാലയിലൂടെയുള്ള അയാളുടെ എത്തി വലിഞ്ഞുള്ള നോട്ടം. പുറമേക്ക് എത്ര ഉത്തരവാദിത്തവും ധാർമികതയും നടിച്ചാലും പുരുഷ മനസ്സുകളിൽ  പലപ്പോഴും കാപട്യം ഒളിഞ്ഞു കിടക്കുന്നു എന്ന് തന്നെ സിനിമ പറയുന്നു. ആണ്‍ മനസ്സുകളിൽ കുടിയേറുന്ന അത്തരം കാപട്യത്തിന്റെ പര്യായ പദങ്ങളായാണ്  റഷീദും കൂട്ടുകാരും സിനിമയിൽ ആവിഷ്ക്കരിക്കപ്പെടുന്നത്. 

കഥയിലേക്ക്‌ കടന്നു വരുന്ന വേശ്യയുടെ കഥാപാത്രമാണ് സിനിമയെ ഉദ്വോഗജനകമാക്കുന്നത്. ഒരു വേശ്യയെ പ്രാപിക്കാൻ തക്കം പാർത്തു നടന്നിരുന്ന മനുഷ്യനൊന്നുമായിരുന്നില്ല റഷീദ്. എന്നിട്ട് പോലും റഷീദിന് അങ്ങിനെയൊരു ചിന്തയുടെ വലയത്തിൽ കുടുങ്ങേണ്ടി വരുന്നതിനു കാരണം  മദ്യപാന സദസ്സിൽ കൂട്ടുകാർ നടത്തിയ  പര സ്ത്രീബന്ധ  ചർച്ചയാണ്. ആ ഒരു ദുർബല നിമിഷത്തിലാണ്  അയാളുടെ മനസ്സിലേക്ക് വേശ്യ എന്ന തനിക്കു ഇത് വരെ പരിചയമില്ലാത്ത രൂപം കടന്നു വരുന്നത്. പാതിരാത്രിക്ക്‌ ബസ് സ്റ്റോപ്പിൽ മുല്ലപ്പൂ ചൂടി  ആളുകളോട് കൊഞ്ചി കുഴയുന്ന വേശ്യാ രൂപമല്ല ഷട്ടറിൽ പറയുന്നത്. സുരയുടെ ഭാഷയിൽ പറയുകയാണെങ്കിൽ   "കുടുംബത്തിൽ പിറന്ന കുട്ടി". അതായിരുന്നു ആ വേശ്യാ രൂപം. ആദ്യ നോട്ടത്തിനു ശേഷം ഓട്ടോ റിക്ഷയിൽ അവളോടോപ്പമുള്ള യാത്രയും കൂടിയായപ്പോൾ  റഷീദിന് തന്റെ മനസ്സിൽ കുറ്റബോധം പൊങ്ങി തുടങ്ങിയിരുന്നു. കടക്കുള്ളിൽ കയറിയ ശേഷം ഷട്ടർ പുറത്തു നിന്ന് പൂട്ടി സുര പോകുന്നത്  വരെ വേശ്യ എന്നത് റഷീദിന്റെ മനസ്സിൽ ഒരു ഉപഭോഗ വസ്തു മാത്രമായിരുന്നു. പക്ഷെ ആ ധാരണ സാഹചര്യങ്ങളാൽ തിരുത്തപ്പെടുകയും റഷീദിന് വേശ്യ തിരിച്ചറിവുകൾ സമ്മാനിച്ച നിയോഗമായി മാറുകയും ചെയ്യുന്ന സമയത്താണ് സിനിമ അതിന്റെ ലക്ഷ്യം കാണുന്നത് . 

സൗഹൃദം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട് ഈ സിനിമയിൽ. എന്താണ് സത്യത്തിൽ സൗഹൃദം? ആ ചോദ്യത്തിന് പല പല ഉത്തരങ്ങൾ സിനിമ തരുന്നുമുണ്ട്. ഗൾഫിൽ നിന്ന് അവധിക്കു വന്ന റഷീദിന് ചുറ്റും ഒറ്റ നോട്ടത്തിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. വേശ്യയുമായി ഷട്ടറിനുള്ളിൽ കുടുങ്ങി കഴിയേണ്ടി വരുന്ന മണിക്കൂറുകളിലാണ് റഷീദ് പലതും തിരിച്ചറിയുന്നത്. കുടുംബം, മാനം, അഭിമാനം എന്നിവയെ കുറിച്ച് ചിന്തിക്കാൻ കാരണമാകുന്നതും ആ അടഞ്ഞു കിടക്കുന്ന ഷട്ടർ മാത്രം. എല്ലാ സമയത്തും തന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെ കുറിച്ച് ഷട്ടറിനു പുറത്തിരുന്നു കൊണ്ട് പറയുന്ന പരദൂഷണം അയാളെ വേദനിപ്പിക്കുന്നു. അതിനുമപ്പുറം ഒരു സുഹൃത്ത്‌ റഷീദിന്റെ വീട്ടിലേക്കു അശ്ലീല ഭാവത്തോടെ ഒളിഞ്ഞു നോക്കുന്നുമുണ്ട്.  മീറ്ററുകൾ ദൂരത്തിൽ കടയുടെ ജനാലയിലൂടെ  മൌനിയായ് അതെല്ലാം കണ്ടു നിൽക്കാനേ റഷീദിന് സാധിക്കുന്നുള്ളൂ. ഇവരെയെല്ലാമാണോ താനിത് വരെ  സുഹൃത്തുക്കളായി കണ്ടിരുന്നതെന്ന് ഓർത്ത്‌ അയാൾ പശ്ചാത്തപിക്കുമ്പോഴും  സുരയെ (വിനയ് ഫോർട്ട്‌) പോലുള്ള ഒരു കൂട്ടുകാരൻ റഷീദിന് ആശ്വാസാജനകമാണ്. വലിയ വായിൽ വർത്തമാനം പറയുന്നു എന്നൊഴിച്ചാൽ  സുരയെ റഷീദിന് വിശ്വസിക്കാമായിരുന്നു. റഷീദ്ക്കാക്ക് വേണ്ടി എന്തിനും തയ്യാറുള്ള സുരയുടെ സഹായം അയാൾ പലപ്പോഴും പ്രതീക്ഷിക്കുന്നുമുണ്ട്. "ഇതൊക്കെ ഒരു ഹരമല്ലേ" എന്നും പറഞ്ഞ്   ഓട്ടോ റിക്ഷയിലേക്ക് വേശ്യയെ  ക്ഷണിക്കാൻ സുരയെ റഷീദ് ദൂത് വിടുന്നതും, വേശ്യയുമായി ഷട്ടറിനുള്ളിലേക്ക് കയറിയ ശേഷം ഷട്ടർ പുറത്തു നിന്നും പൂട്ടി പോകാൻ സുരയെ റഷീദ് അനുവദിക്കുന്നതും സൌഹൃദത്തിലുള്ള അയാളുടെ വിശ്വാസം കൊണ്ട് തന്നെയായിരുന്നു. ഓർത്തെടുക്കാൻ ഒരു നല്ല സുഹൃത്ത് പോലുമില്ലേ എന്ന വേശ്യയുടെ അവസരത്തിലുള്ള ചോദ്യത്തിൽ റഷീദ് ശരിക്കും ഇല്ലാതാകുകയും സ്വയം തിരിച്ചറിയപ്പെടുന്നുമുണ്ട്. കഥാന്ത്യം യഥാർത്ഥ സൌഹൃദം എങ്ങിനെയാകണം എന്നതിനെ  കുറിച്ച് റഷീദിന് സ്വന്തം മകളും പറഞ്ഞു കൊടുക്കുന്നുണ്ട് ചിലതെല്ലാം. തന്റെ നിരീക്ഷണങ്ങൾ തെറ്റായിരുന്നു എന്ന് തിരിച്ചറിയപ്പെടുന്ന ആ നിമിഷങ്ങളിലാണ്  അയാൾ കൃത്രിമ സ്വഭാവത്തിൽ നിന്ന് രക്ഷ നേടി കുടുംബസ്ഥനെന്ന പഴയ ഉത്തരവാദിത്തതിലേക്ക് ആത്മാർത്ഥമായി തിരിച്ചു വരുന്നത്. 

കോഴിക്കോട് നഗരത്തിലെ രാത്രി ജീവിതമാണ് സിനിമയിൽ അലിഞ്ഞു കിടക്കുന്ന മറ്റൊരു പ്രധാന കഥാപാത്രം. ഒരു രാത്രിയിലും പകലിലുമായി നമ്മൾ എത്രയെത്ര  പേരെ കാണുന്നു, മറക്കുന്നു . അവരോടെല്ലാം ഏതെങ്കിലും തരത്തിൽ യാദൃശ്ചികമായ ബന്ധങ്ങൾ ഉണ്ടായിക്കൂടെ എന്ന ചിന്തയിലാണ്  ഷട്ടറിലെ കഥാപാത്രങ്ങൾ പരസ്പ്പരം ബന്ധപ്പെട്ടു കിടക്കുന്നത്. നടീ നടന്മാരുടെ  സ്വാഭാവികമായ അഭിനയം   കൊണ്ടും കോഴിക്കോടിന്റെ പ്രാദേശിക ഭാഷ ശൈലി കഥാപാത്രങ്ങളുടെ  സംഭാഷണങ്ങളിൽ  നന്നായി പകർത്തിയതു കൊണ്ടും സിനിമ കൂടുതൽ യാഥാർത്ഥ്യ ബോധമുള്ളതായി പ്രേക്ഷന് അനുഭവപ്പെടുന്നു. 

തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ ഒരു നിഴല് പോലെ പിന്തുടരുന്ന കഥാപാത്രമാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്ന മനോഹരൻ എന്ന സിനിമാ സംവിധായകന്റെത് . സിനിമയുടെ അവസാനം അയാൾ പറയുന്നുണ്ട് . 

"എന്റെ മനസ്സിൽ ഇപ്പോൾ മറ്റൊരു സിനിമയാണ് .. ഷട്ടർ " . 

 ജീവിതത്തിൽ അയാൾക്കനുഭവപ്പെട്ട  നേർ കാഴ്ചയെ സിനിമയായി മാറ്റാൻ തീരുമാനിക്കും പോലെ , ഈ സിനിമയിലൂടെ പ്രേക്ഷകന് അനുഭവപ്പെട്ട തിരിച്ചറിവുകൾ സ്വന്തം മനസ്സിന്റെ മുഖം  മൂടികൾ വലിച്ചെറിയാനുള്ള ഒരു അവസരമായി കാണുകയും കൂടി  ചെയ്യേണ്ടിയിരിക്കുന്നു. അവിടെ കാപട്യത്തിന്റെ ഷട്ടറുകൾ അടയുന്നു . യഥാർത്ഥ മനസ്സിന്റെ ഷട്ടർ തുറക്കപ്പെടുകയും ചെയ്യുന്നു . 

-pravin-
(ഇ മഷി വാർഷിക പതിപ്പിൽ അച്ചടിച്ചു വന്ന എന്റെ സിനിമാ വിചാരം. )