Monday, July 31, 2023

ക്ഷുഭിത യൗവ്വനക്കാരുടെ 18+!!


പ്രണയവും ഒളിച്ചോട്ടവുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട സിനിമകളുടെ കൂട്ടത്തിൽ നിൽക്കുന്നത് തന്നെയെങ്കിലും അവതരണം കൊണ്ടും പറഞ്ഞവസാനിപ്പിക്കുന്ന വിഷയം കൊണ്ടുമൊക്കെ ശ്രദ്ധേയമാണ് 18 +.

ഒളിച്ചോടി കല്യാണം കഴിക്കാൻ പതിനെട്ട് വയസ്സ് തികയാൻ കാത്തു നിൽക്കുന്ന കാമുകീ കാമുകന്മാർ നിറഞ്ഞു നിൽക്കുന്ന ഒരു സമൂഹത്തിലേക്ക് ഇത്തരമൊരു സിനിമ വരുമ്പോൾ അതിനെ എങ്ങിനെ നോക്കി കാണണം എന്നത് കാണുന്നവരുടെ ഔചിത്യമാണ്.

ഇത്തരം പ്രണയ -ഒളിച്ചോട്ട-കല്യാണങ്ങൾക്ക് പ്രായത്തിന്റെതായ പക്വത കുറവുകൾ ഉള്ളപ്പോഴും ഇടത് രാഷ്ട്രീയ പ്രവർത്തകരുടെയും പാർട്ടിയുടേയുമൊക്കെ ശക്തമായ പിന്തുണ ലഭിക്കാറുണ്ട് എന്നിരിക്കെ 18 + ന്റെ കഥാസാഹചര്യവുമായി പെട്ടെന്ന് ഇഴുകി ചേരാൻ സാധിച്ചു.

സിനിമയുടെ ടൈറ്റിലുകൾ തെളിയുമ്പോൾ പശ്ചാത്തലത്തിൽ അനുരാഗത്തെ കുറിച്ച് പലരും പറയുന്നത് കേൾക്കാൻ സാധിക്കും . പരസ്പ്പരം പ്രണയിക്കാൻ ആഹ്വാനം ചെയ്യുന്ന നേതാക്കളുടെ പ്രേരണയിൽ പ്രണയിക്കുന്നത് ഒരു കുറ്റമല്ല. പക്ഷെ അങ്ങിനെ പ്രണയിക്കുന്നവരുടെ കൂട്ടത്തിൽ പാർട്ടി സെക്രട്ടറിയുടെ തന്നെ മകളുണ്ടെങ്കിലോ?

പ്രണയിച്ചു വിവാഹം കഴിക്കുന്നവരോടുള്ള പാർട്ടിയുടെ നിലപാട് വ്യക്തമാണ്. എന്നാൽ പുറമേക്ക് പറഞ്ഞു നടക്കുന്ന ആദർശവും ജാതിവിരുദ്ധതയും മാനവികതയും ഒന്നും തന്നെ സ്വന്തം വീട്ടിൽ പ്രവർത്തികമാക്കാത്ത നേതാക്കളുടെ കൂടിയാണ് പാർട്ടി എന്ന് പറഞ്ഞു വെക്കുന്നു സിനിമ. ജാതീയത ഉള്ളിൽ കൊണ്ട് നടക്കുകയും സ്വയം കമ്യൂണിസ്റ്റെന്ന് നടിക്കുകയും ചെയ്യുന്നവർക്കെതിരെ സംസാരിക്കുന്നുണ്ട് സിനിമയുടെ ക്ലൈമാക്സ് സീനുകൾ.

പ്രണയത്തിന്റെ തീവ്രത അനുഭവപ്പെടുത്തുന്ന കഥയൊന്നുമല്ലെങ്കിലും നസ്ലൻ-സാഫ് സഹോദരങ്ങളുടെ ഫ്രണ്ട്ഷിപ് കോംബോയൊക്കെ രസകരമായി തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ബിനു പപ്പു അവരുടെ കൂട്ടത്തിൽ ആദ്യാവസാനം വരെ തിളങ്ങി നിന്നു. അവർ മൂന്ന് പേരും ചേർന്നുള്ള സീനുകളിലെ കോമഡിയൊക്കെ നന്നായി വർക് ഔട്ട്‌ ആയി.


മാത്യുവിന്റെ കലിപ്പൻ സഖാവ് ലുക്ക് കൊള്ളാമായിരുന്നു. ശ്യാം മോഹൻ, മനോജ് കെ.യു ടീമിന്റെ നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രങ്ങളും നന്നായി. നിഖില വിമൽ മജിസ്‌ട്രേറ്റ് വേഷത്തിൽ അത്ര നന്നായി തോന്നിയില്ല. അത് വരെ ഓക്കേ എന്ന് തോന്നിപ്പിച്ച മീനാക്ഷി ദിനേശിന്റെ പ്രകടനം കോടതി സീനുകളിൽ പോരായിരുന്നു എന്ന അഭിപ്രായമാണുള്ളത്.

വടക്കൻ കേരളത്തിന്റെ കഥാപാശ്ചാത്തലവും, 2009 കാലത്തെ പുനരവതരിപ്പിച്ചതിലെ കൃത്യതയും , പേരറിയാത്ത ഒരുപാട് നടീ നടന്മാരുടെ സ്വാഭാവിക പ്രകടനകളും, ചടുലമായ പാട്ടുകളും ബിജിഎമ്മുമൊക്കെ പ്ലസ് പോയിന്റുകളായി മാറി.

പ്ലസ് റ്റു -കോളേജ് വിദ്യാർത്ഥികൾ തന്നെയായിരിക്കും ഈ സിനിമയുടെ പ്രധാന ആസ്വാദകർ എന്ന് പറയാം. പതിനെട്ടിൽ ഒളിച്ചോടാൻ തയ്യാറായി നിൽക്കുന്നവർക്ക് ഈ സിനിമ നൽകുന്ന കോൺഫിഡൻസും ചെറുതാവില്ല. പുതു തലമുറയെ ലക്‌ഷ്യം വച്ചുള്ള ഒരു എന്റർടൈനർ സിനിമ എന്ന നിലക്ക് വിലയിരുത്തുന്നതാണ് ഉചിതം.

വിധി മാർക്ക് = 6.5/10 
-pravin-

No comments:

Post a Comment