Monday, February 21, 2022

അവസാനിക്കാത്ത സ്വാതന്ത്ര്യ സമരങ്ങൾ !!


രഞ്ജിത്തിന്റെ 'ഞാൻ' സിനിമയിൽ ഹരീഷ് പേരടിയുടെ നകുലനും ദുൽഖറിന്റെ കെ.ടി.എൻ കോട്ടൂരുനുമിടയിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ചർച്ചയുടെ സീനുണ്ട്. തനിക്ക് ഭാവി കാണാനാകും എന്ന് അവകാശപ്പെടുന്ന നകുലനോട് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമോ എന്ന് ചോദിക്കുകയാണ് കെ.ടിഎൻ. അതിന് നകുലൻ നൽകുന്ന മറു ചോദ്യം എന്താണ് സ്വാതന്ത്ര്യം എന്നാണ് .

എന്താണ് സ്വാതന്ത്ര്യം ? അതിലും ഭീതിതമായ ഒരു മറു ചോദ്യമിനി വേറെയില്ല. ആ ചോദ്യവുമായി നേരിട്ട് ബന്ധമില്ലെങ്കിലും അതുമായി കൂട്ടി ചേർത്ത് വായിക്കാവുന്ന ജീവിതങ്ങളാണ് 'ഫ്രീഡം ഫൈറ്റി'ലെ പ്രധാന കഥാപാത്രങ്ങളത്രയും.

നമ്മൾ എത്രയൊക്കെ സ്വതന്ത്രരാണ് എന്ന് പ്രഖ്യാപിക്കപ്പെട്ടാലും സാമൂഹ്യ-വ്യക്തി ജീവിതങ്ങളിൽ പല വിധത്തിൽ സ്വാതത്ര്യം നിഷേധിക്കപ്പെട്ടവരാണ്. വ്യവസ്ഥിതികളും സാഹചര്യങ്ങളും പൊതു ബോധങ്ങളുമൊക്കെ കൂടെ സാമൂഹിക- വ്യക്തി ജീവിതങ്ങളിൽ തീർക്കുന്ന അസമത്വവും പാരതന്ത്ര്യവുമൊക്കെ കൃത്യമായി വരച്ചു കാണിക്കുന്നുണ്ട് 'ഫ്രീഡം ഫൈറ്റി'ലെ കുഞ്ഞു കഥകളിലൂടെ.

സ്വന്തം പ്രണയത്തിലും വിവാഹത്തിലുമൊന്നും തീരുമാനമെടുക്കാൻ ഒരു പെണ്ണിന് സ്വാതന്ത്ര്യം ഇല്ല എന്ന വിഷയത്തെയാണ് അഖിൽ അനിൽകുമാറിന്റെ 'Geethu unchained' പ്രശ്നവത്ക്കരിക്കുന്നത്. അങ്ങിനെയൊക്കെ ഒരു പെണ്ണ് പറഞ്ഞാലോ ചെയ്‌താലോ നാട്ടുകാർക്ക് എന്ത് തോന്നും എന്ന പൊതുബോധത്തിനെതിരെയാണ് ഗീതുവിന്റെ സ്വാതന്ത്ര്യ സമരം.

കുഞ്ഞില മാസില്ലാമണിയുടെ 'അസംഘടിതർ' സ്ത്രീ സമൂഹം പൊതു ഇടങ്ങളിൽ നേരിടുന്ന ടോയ്‌ലറ്റ് പ്രശ്നത്തെയാണ് പ്രമേയവത്ക്കരിക്കുന്നത്.
ഒരു സിനിമാറ്റിക് മൂഡിൽ അവതരിപ്പിക്കേണ്ട വിഷയമല്ലാത്തതു കൊണ്ട് തന്നെ റിയലിസ്റ്റിക് ആയി തന്നെ അവതരിപ്പിക്കുകയും ആ പ്രശ്നത്തിന്റെ ഭീകരത അനുഭവപ്പെടുത്തുകയും ചെയ്യുന്നുണ്ട് സംവിധായിക.

ഫ്രാൻസിസ് ലൂയിസിന്റെ 'റേഷൻ' മധ്യവർത്തി കുടുംബങ്ങളുടെയും സമ്പന്നകുടുംബത്തിന്റെയും സാമ്പത്തിക അന്തരങ്ങളെയും അസമത്വത്തെയും തുറന്നു കാണിക്കുന്നു. ഒരു മീനിന് വേണ്ടി രണ്ടു കുടുംബങ്ങൾ നൽകുന്ന വിലയും അവർക്കിടയിലെ സാമ്പത്തിക അന്തരവുമൊക്കെ മനുഷ്യന്റെ സ്വാതന്ത്ര്യവുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ബോധ്യപ്പെടുത്താൻ ഈ സെഗ്‌മെന്റിനു സാധിച്ചതായി തോന്നിയില്ല. സ്വാതന്ത്ര്യം എന്ന വിഷയത്തോട് ബന്ധപ്പെടുത്താൻ സാധിച്ചില്ല എന്ന പരാതി ഒഴിച്ചാൽ 'റേഷനും' കൊള്ളാമായിരുന്നു.

ജിയോ ബേബിയുടെ 'ഓൾഡ് ഏജ് ഹോം' ജോജു-ലാലി-രോഹിണി എന്നിവരുടെ കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. വയസ്സായാൽ വീടിനുള്ളിൽ ഒതുങ്ങി ജീവിക്കേണ്ടവരാണ് അച്ഛനമ്മമാർ എന്ന മക്കളുടെ ആജ്ഞാപനങ്ങൾക്കെതിരെയാണ് ലാലിയുടെ കഥാപാത്രം നിലകൊള്ളുന്നതെങ്കിൽ ഇഷ്ടമുള്ളതൊക്കെ കഴിക്കാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ് ബേബിക്ക് വേണ്ടത്. പരസ്പ്പരം മനസ്സിലാക്കി കൊണ്ട് പെരുമാറാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ധനുവിന്റെ കഥാപാത്രം ബോധ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തെ പറ്റിയുളള മൂന്നു കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകൾ ഈ സെഗ്മെന്റിൽ ഉണ്ട്.

ജിതിൻ ഐസക്കിന്റെ 'പ്ര. തൂ. മു' സെപ്റ്റിക് ടാങ്ക് ക്‌ളീനിംഗ് തൊഴിലാളികൾ സമൂഹത്തിൽ നേരിടുന്ന അവഗണനകളെയും പരിഹാസത്തെയും അസമത്വത്തെയുമൊക്കെ പച്ചക്ക് കാണിച്ചു തരുന്നുണ്ട്. അവരുടെ തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെ കേൾക്കാൻ പോലും തയ്യാറല്ലാത്ത ഒരു സമൂഹമാണ് നമ്മുടേത് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് പ്രെസ്സ് കോൺഫ്രൻസിനിടയിലുള്ള മാധ്യമ പ്രവർത്തകരുടെ പരിഹാസം നിറഞ്ഞ ചോദ്യങ്ങൾ.തങ്ങൾക്ക് നേരെയുളള പരിഹാസങ്ങൾക്കും അവഗണനകൾക്കുമെതിരെ അവർ ആഹ്വാനം ചെയ്യുന്ന സമരം ഈ ആന്തോളജിയിലെ മറ്റൊരു മികച്ച സ്വാതന്ത്ര്യ സമരമാണ്.

ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത് കണ്ടതിൽ സാമൂഹിക പ്രസക്തമായ നല്ല ഒരു ആന്തോളജി സിനിമ .

*വിധി മാർക്ക് = 7.5/10

-pravin-

Thursday, February 17, 2022

അപ്പ - പുള്ളൈ പോരാട്ടം !!


ഒരു സ്ഥിരം ഗ്യാങ്‌സ്റ്റർ കഥ എന്ന മുൻവിധിയോടെ കാണുന്നവരെ പോലും തൃപ്‍തിപ്പെടുത്തും വിധം കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടും ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളെ കൊണ്ടുമൊക്കെ 'മഹാനെ' ഗംഭീരമാക്കാൻ കാർത്തിക് സുബ്ബരാജിന് സാധിച്ചിട്ടുണ്ട് . 'അത് കൊണ്ട് തന്നെ 'ജഗമേ തന്തിരം' സമ്മാനിച്ച നിരാശകളെയൊക്കെ മറന്നു കൊണ്ട് ആഘോഷിക്കാനുള്ള ഒരു സിനിമാനുഭവമായി മാറുന്നു 'മഹാൻ'

ഗാന്ധിയൻ ആദർശങ്ങൾക്കനുസരിച്ചു ജീവിക്കുന്ന ഒരു കുടുംബത്തിൽ ജനിച്ചു എന്ന കാരണം കൊണ്ട് മാത്രം സ്വന്തം വ്യക്തിത്വം മൂടി വച്ച് ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ കഥയെന്നോണം തുടങ്ങി ഒരു ഗ്യാങ്‌സ്റ്റർ സിനിമയുടെ ഗ്ലാമർ ചുറ്റുവട്ടത്തിലേക്ക് പരിണാമപ്പെടുകയാണ് 'മഹാൻ'.

ഗാന്ധിയനായുള്ള ജീവിതചര്യയിൽ അയാൾ അനുഭവിക്കുന്ന പാരതന്ത്ര്യവും അത് അയാളെ കൊണ്ട് ചെന്നെത്തിക്കുന്ന മാനസികാവസ്ഥയുമൊക്കെ ഗാന്ധി മഹാൻ എന്ന കഥാപാത്രത്തിലൂടെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

ഗാന്ധി മഹാൻ എന്ന പേര് പോലും ഒരു ബാധ്യതയായി മാറുന്നിടത്ത് തൊട്ട് അങ്ങോട്ടുള്ള ഓരോ സീനുകളിലും ആ കഥാപാത്രത്തിന് ശാരീരികവും മാനസികവുമായി വന്നു പോകുന്ന വ്യത്യാസങ്ങളെ സ്‌ക്രീൻ പ്രസൻസിലൂടെ കാണിച്ചു തരുന്നു വിക്രം.

അധികാരപരമായും വൈകാരികപരമായുമൊക്കെയുള്ള ആ കഥാപാത്രത്തിന്റെ ഉയർച്ച താഴ്ചകളെ ഉൾക്കൊണ്ടു കൊണ്ടുള്ള പകർന്നാട്ടമായിരുന്നു വിക്രമിന്റെത്. ഒരു വലിയ ഇടവേളക്ക് ശേഷം വിക്രമിലെ നടനെ ഉപയോഗപ്പെടുത്തി കണ്ട സിനിമ എന്ന നിലക്കും 'മഹാൻ' കൈയ്യടി നേടുന്നു.
എത്ര നല്ല പ്രത്യയശാസ്ത്രങ്ങളോ ആദർശങ്ങളോ ആകട്ടെ അത് മറ്റൊരാളുടെ മേൽ നിർബന്ധപൂർവ്വം ചുമത്തപ്പെടുമ്പോൾ ഒരു മനുഷ്യനുള്ളിൽ സംഭവിക്കാവുന്ന കാര്യങ്ങളെ ലളിതമായി തന്നെ സിനിമ ബോധ്യപ്പെടുത്തുന്നു.
നമ്മുടെ ജീവിതം മറ്റൊരാളുടെ തിരഞ്ഞെടുപ്പായി മാറുന്നതിലെ സങ്കീർണ്ണതകളെ ഗാന്ധി മഹാൻ - ദാദാഭായ് നവറോജി കഥാപാത്രങ്ങളിലൂടെ ഗംഭീരമായി വരച്ചു കാണിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്.
ആദർശ -പ്രത്യയശാസ്ത്രങ്ങളിലെ ശരി തെറ്റുകൾക്കപ്പുറം ഒരു മനുഷ്യൻ എങ്ങിനെ ശരിയും തെറ്റുമായി മാറുന്നു എന്ന് ബോധ്യപ്പെടുത്തുന്ന കഥാപാത്ര നിർമ്മിതികൾ 'മഹാൻ' സിനിമയുടെ വേറിട്ട ഒരു വീക്ഷണത്തിന് അവസരമൊരുക്കുന്നു.
ഒരു ഘട്ടത്തിൽ ഗാന്ധി മഹാൻ എന്ന കഥാപാത്രത്തിന്റെ ഹീറോവത്ക്കരണം മാത്രമായി ഒതുങ്ങി പോകുമോ എന്ന് സംശയിച്ച അതേ സിനിമയിൽ തന്നെ സത്യവാനായുള്ള ബോബി സിംഹയുടെ പക്വതയാർന്ന അഭിനയ മുഹൂർത്തങ്ങൾ കാണാം. അതോടൊപ്പം നായക- സഹനട കഥാപാത്രങ്ങളെയൊക്കെ മറി കടന്നു കൊണ്ടുള്ള എനർജറ്റിക് പ്രതിനായക വേഷത്തെ ധ്രുവ് വിക്രമും ഗംഭീരമാക്കി.

ആകെ മൊത്തം ടോട്ടൽ = രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ കഥയേക്കാൾ കഥാപാത്രങ്ങൾ തമ്മിലുള്ള ചേർച്ചകളും ചേർച്ച കുറവുകളുമാണ് പറയാനുള്ള ആശയത്തെ വ്യക്തമാക്കി തരുന്നത്. "Freedom is not worth having if it does not include the freedom to make mistakes" എന്ന ഗാന്ധിജിയുടെ വാക്കുകളെ ആ തലത്തിൽ സമർത്ഥമായി പ്രമേയവത്ക്കരിക്കാനും അവതരിപ്പിക്കാനും കാർത്തിക് സുബ്ബരാജിന് സാധിച്ചു എന്ന് പറയാം.

*വിധി മാർക്ക് = 8/10

-pravin-

Tuesday, February 15, 2022

'മുടി'ക്കുമുണ്ട് പറയാൻ ഒരു രാഷ്ട്രീയം !!


ഏറെ ലളിതവും എന്നാൽ ശക്തമായ രാഷ്ട്രീയവും പറയുന്ന ഒരു കൊച്ചു സിനിമയാണ് 'മുടി'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് മുടിയുമായി ബന്ധപ്പെട്ട സിനിമ തന്നെയെങ്കിലും മുടിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചിന്തകളും നിലപാടുകളുമല്ല സിനിമയുടേത്.
കോവിഡിന്റെ തുടക്ക കാലത്തെ ഭീതിപ്പെടുത്തുന്ന നിയമങ്ങളും അടച്ചു പൂട്ടലുകളുമൊക്കെ സാധാരണക്കാരുടെ ജീവിതങ്ങളെ എത്ര മാത്രം വരിഞ്ഞു മുറുക്കിയിരിക്കാം എന്ന് ചിന്തിപ്പിക്കുന്ന കഥാപശ്ചാത്തലമുണ്ട് 'മുടി'യിൽ .
വെള്ളത്താൽ ചുറ്റപ്പെട്ട ഒരു തുരുത്തിനെ കണ്ടൈൻമെൻറ് സോൺ ആക്കി പ്രഖ്യാപിക്കുന്നിടത്തു നിന്നാണ് സിനിമയുടെ തുടക്കം.
ഈ തുരുത്ത് എന്നത് പല പല കാരണങ്ങളാൽ പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു പോയ മനുഷ്യരുടേതാണ് എന്ന് നിരീക്ഷിക്കാം. അവിടെ നഷ്ട പ്രണയവും സൗഹൃദവും പിണക്കങ്ങളും പരിഭവങ്ങളും വാശിയും നിറഞ്ഞ മനുഷ്യരുടെ പല വകഭേദങ്ങളുണ്ട്.
തലയിൽ ഭംഗിയോടെ പരിപാലിക്കപ്പെടുന്ന മുടിയോടുള്ള നിലപാടല്ല നിലത്തു വീണു കിടക്കുന്ന മുടിയോട് മനുഷ്യനുള്ളത്. നിലത്തു വീണു കിടക്കുന്ന മുടിയോടെന്ന പോലെ മുടി വെട്ടുന്നവരോടുമുണ്ട് വിവേചനങ്ങൾ. ആ വിവേചനത്തിന് പിന്നിൽ എതിർക്കപ്പെടേണ്ട ഹീന രാഷ്ട്രീയമുണ്ട്.
ജാതി ചോദിക്കരുത് പറയരുത് എന്ന് പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിന്റെ കേരളത്തിൽ ഇന്നും ജാതീയമായി അധിക്ഷേപിക്കപ്പെടുന്നവരും ഒറ്റപ്പെടുന്നവരും വിവേചനം നേരിടുന്നവരുമുണ്ട് എന്ന സത്യം ഒളിച്ചു വക്കേണ്ടതല്ല തുറന്ന് പറയേണ്ടതും പ്രതിരോധിക്കേണ്ടതുമായ ഒന്നാണെന്ന് സിനിമ ഓർമ്മപ്പെടുത്തുന്നു.
അച്ഛന്റെ മുടി വെട്ടാൻ വീട്ടിലേക്ക് വരുമോ എന്ന് ചോദിക്കുന്നവനോട് സംഘടനയുടെ തീരുമാനം അറിയിച്ചു കൊണ്ടുള്ള ഓഡിയോ കേൾപ്പിക്കുന്ന മണിയിലൂടെ മുടി വെട്ടി തൊഴിലെടുക്കുന്നവരെ ജാതീയമായി നോക്കി കാണുന്ന ചിന്താഗതിയെ തന്നെയാണ് സിനിമ പ്രതിരോധിക്കുന്നത്.
അയ്യങ്കാളിയുടെയും അംബേദ്‌ക്കറുടെയുമൊക്കെ ഛായാ ചിത്രങ്ങൾ സിനിമയുടെ പല ഭാഗത്തും ഗംഭീരമായി തന്നെ പ്രദർശിക്കപ്പെടുന്നത് കാണാം. അതിലേറ്റവും ഇഷ്ടപ്പെട്ടത് സലൂണിന്റെ ചുവരിൽ വരച്ചിട്ട മമ്മുട്ടിയുടെ അംബേദ്‌കറിന്റെ ചിത്രമാണ് . അതിനേക്കാളേറെ ആ സലൂണിന്റെ പേര് - ബാബ സലൂൺ !!
വീട്ടിൽ വന്നു മുടി വെട്ടി തരുമോ എന്ന് ചോദിക്കുന്നവർക്ക് മുന്നിലേക്ക് വീട്ടിൽ വന്നാൽ മുടി വെട്ടി തരാം എന്ന ബോർഡ് തിരിച്ചിടുന്നിടത്താണ് 'മുടി' അതിന്റെ വിപ്ലവകരമായ ചിന്ത പങ്കു വക്കുന്നത്.
ആകെ മൊത്തം ടോട്ടൽ = കൈകാര്യം ചെയ്ത വിഷയം കൊണ്ടും അവതരിപ്പിച്ച രീതി കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ഛായാഗ്രഹണം കൊണ്ടും അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനം കൊണ്ടുമൊക്കെ തന്നെയാണ് നാൽപ്പത്തി രണ്ടു മിനുട്ടോളം ദൈർഘ്യമുള്ള ഈ കുഞ്ഞു സിനിമ മനോഹരമായി അനുഭവപ്പെട്ടത്.

* വിധി മാർക്ക് = 7/10
-pravin-

Friday, February 11, 2022

ബ്രോ ഡാഡി അത്ര പോരാ ബ്രോ !!


ഈ സിനിമയുടെ കാര്യത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു OTT റിലീസ് എന്ന് പറയാം. ഒരു ബിഗ് സ്‌ക്രീനിൽ കണ്ടറിയേണ്ടതോ ആസ്വദിക്കേണ്ടതോ ആയ എന്തെങ്കിലുമൊരു മികവ് ബ്രോ ഡാഡിയിൽ ഇല്ല ..

കഥാപരമായി നോക്കിയാൽ ഒമർ ലുലുവിന്റെ 'ധമാക്ക'യെ ഒന്ന് കൂടി നില മെച്ചപ്പെടുത്തി കൊണ്ട് ഒരു ഫാമിലി മൂവിയുടെ മൂഡിലേക്ക് കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസം.
ലൂസിഫർ പോലൊരു ആഘോഷ സിനിമ സംവിധാനം ചെയ്ത പൃഥ്വിരാജിനെ പോലൊരാൾക്ക് പറ്റിയ കൈയ്യബദ്ധം തന്നെയാണ് ബ്രോ ഡാഡി.
കോമഡി വേഷങ്ങളിൽ അമ്പേ പരാജയമായിട്ടുള്ള പൃഥ്വിരാജ് തന്നെ ഈ സിനിമയിലെ കോമഡി സീനുകൾ മറ്റുള്ളവർക്ക് അഭിനയിച്ചു കാണിച്ചു കൊണ്ട് സംവിധാനിക്കുന്നതിലെ വിരോധാഭാസം തന്നെയാണ് സ്‌ക്രീനിലെ പോരായ്മകളായി നിറഞ്ഞു നിന്നത്.
കാലഘട്ടം ഏതാണെന്നൊന്നും നോക്കാതെ ഉള്ള ഗർഭം കൊണ്ട് എങ്ങിനെയെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള സംവിധായകന്റെ കഠിന പരിശ്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നില്ല.
വർക് ഔട്ട് ആകാതെ പോയ കോമഡിയെ ചൊല്ലി സംവിധായകനെ വിമർശിക്കണ്ട എന്നും കരുതി ഇരിക്കുമ്പോഴാണ് കോമഡിക്ക് വേണ്ടി മാത്രം സൗബിനെ ഇറക്കുമതി ചെയ്തത്. സൗബിന്റെ കഥാപാത്രവും പ്രകടനവുമെല്ലാം ബ്രോ ഡാഡിയിലെ മുഷിവുകളുടെ ആഘാതം കൂട്ടി തരുക മാത്രമാണ് ചെയ്തത്.
ഉണ്ണി മുകുന്ദന്റെ അതിഥി വേഷത്തിനൊന്നും ഒരു സ്‌ക്രീൻ പ്രസൻസും ഇല്ലാതെ പോയി. മേക്കപ്പിന്റെ കാര്യത്തിൽ ദൃശ്യം 2 വിലെ റാണിയെ കവച്ചു വക്കുന്ന വിധമാണ് 'ബ്രോ ഡാഡി' യിലെ അന്നയായി മീന എത്തുന്നത്.

വരനെ ആവശ്യമുണ്ട് സെറ്റിൽ നിന്ന് നേരെ 'ബ്രോ ഡാഡി'യിലേക്ക് വന്ന പോലെയായിരുന്നു കല്യാണിയുടെ അഭിനയം. കഥാപാത്രങ്ങൾ മാറുന്നതിന് അനുസരിച്ചു ഭാവപ്രകടനങ്ങളിൽ വ്യത്യാസം കൊണ്ട് വരാൻ മടിയുള്ളത് പോലെ തോന്നി.
അപ്പുക്കുട്ടൻ വേഷങ്ങളുടെ ഹാങ്ങ് ഓവറിൽ നിന്ന് മുക്തനായ ഒരു ജഗദിഷിനെയാണ് സമീപ കാല സിനിമകളിൽ കാണുന്നത്. അച്ഛൻ വേഷങ്ങളെയൊക്കെ അദ്ദേഹം ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യുന്നത് കാണാം.
പ്രകടനം കൊണ്ട് മോശം പറയിപ്പിക്കാതെ പോകുമ്പോഴും മല്ലികാ സുകുമാരനൊക്കെ ടൈപ്പ് അമ്മ-അമ്മൂമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി കൊണ്ടിരിക്കുകയാണ് എന്ന് പറയേണ്ടി വരുന്നു.
ബ്രോ ഡാഡി എന്ന ടൈറ്റിൽ കഥാപാത്രത്തെ മോഹൻ ലാൽ മനോഹരമാക്കിയെങ്കിലും പ്രകടനപരമായ പുത്തൻ സാധ്യതകളൊന്നും തന്നെ ആ കഥാപാത്രത്തിനില്ലായിരുന്നു.
അങ്ങിനെ നോക്കിയാൽ മോഹൻലാലിന്റെ ടൈറ്റിൽ കഥാപാത്രത്തെക്കാൾ 'ബ്രോ ഡാഡി'യിൽ നിറഞ്ഞു നിൽക്കാൻ സാധിച്ചത് ലാലു അലക്സിനാണ്. കോമഡിയും ഇമോഷനുമൊക്കെ സമ്മിശ്രമായി തന്നെ വന്നു പോകുന്ന സീനുകളിലെല്ലാം ലാലു അലക്സ് തിളങ്ങി നിന്നു.
ആകെ മൊത്തം ടോട്ടൽ = OTT റിലീസിലെ വാണിജ്യ ബുദ്ധിക്കപ്പുറം ഇതേ കഥ നല്ലൊരു തിരക്കഥയിലൂടെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ ബോളിവുഡിലെ 'Badhai Ho' പോലെയൊരു മികച്ച family entertainer സിനിമ മലയാളത്തിലും സംഭവിച്ചേനെ.

*വിധി മാർക്ക് = 5.5 /10

-pravin-