Tuesday, August 21, 2012

ഗ്രാന്‍ഡ്‌മാസ്റ്റര്‍


ബി ഉണ്ണി കൃഷ്ണന്‍  ഇത് വരെ സംവിധാനം ചെയ്ത സിനിമകളില്‍ നിന്ന്   ഒരു പടി മികവു പ്രകടിപ്പിച്ച സിനിമയാണ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍.,. തന്‍റെ  തന്നെ രചന ഒരു സിനിമയാക്കി സംവിധാനം ചെയ്യുമ്പോള്‍ ഒരു സംവിധായകന്‍ ആലോചിക്കേണ്ട വിജയ സാധ്യതകളെ കുറിച്ച് അല്‍പ്പം ഗൌരവ ബോധത്തോടെ ഉണ്ണി കൃഷ്ണന്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന് സൂചന കൂടിയാണ് ഈ സിനിമ. അതിന്‍റെതായ മികവും ഈ സിനിമ പുലര്‍ത്തിയിരിക്കുന്നു.

തുടക്കം മുതലേ സസ്പെന്‍സ് നിലനിര്‍ത്തി പോകുന്നതില്‍ സിനിമ വിജയിച്ചുവെങ്കിലും അവസാന രംഗങ്ങളില്‍ പല സിനിമകളോടും ഉപമിക്കാന്‍ തരത്തില്‍ അവസാനിപ്പിച്ചത് പ്രേക്ഷകന് ഒരല്‍പ്പം  കല്ല്‌ കടിയായി തോന്നിയേക്കാം. മാത്രവുമല്ല, അവസാന  രംഗങ്ങളില്‍ ഒരു വില്ലനാല്‍ കഥ മുഴുവന്‍ വിവരിക്കപ്പെടുന്ന ഒരു വിശേഷാല്‍ അവസ്ഥ അത്ര ഭംഗിയായില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വില്ലന് ആ രംഗങ്ങളില്‍ കൊടുത്ത ചുമതല പ്രകടനത്തില്‍ ഉപരി സംഭാഷണമായിരുന്നു എന്നത് ഒരു ചെറിയ വീഴ്ചയായി കരുതാം. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയെങ്കിലും അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളില്‍ വച്ച് വ്യത്യസ്തമായി കഥ പറഞ്ഞു വന്ന സിനിമയായി ഗ്രാന്‍ഡ്‌ മാസ്റ്ററെ പരിഗണിക്കാവുന്നതാണ്. പതിവ് മോഹന്‍ ലാല്‍ വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു വേഷം ചെയ്യാന്‍ സാധിച്ചതില്‍ മോഹന്‍ ലാലിന് അഭിമാനിക്കാം. കുറെ കാലത്തിനു ശേഷം ബാബു ആന്റണി നല്ലൊരു വേഷം ചെയ്തിരിക്കുന്നു. 

ആകെ മൊത്തം ടോട്ടല്‍ = ഒരു നല്ല ത്രില്ലര്‍ സിനിമ . 

*വിധി മാര്‍ക്ക്‌ = 7/10 
-pravin- 

Sunday, August 19, 2012

Ishaqzaade


ഹബീബ് ഫൈസലും ആദിത്യ ചോപ്രയും രചന നിര്‍വഹിച്ച്   ഹബീബ് ഫൈസല്‍ തന്നെ സംവിധാനം ചെയ്ത സിനിമയാണ് Ishaqzaade.  പുതുമുഖം അര്‍ജുന്‍ കപൂറും, പരിനീതി ചോപ്രയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പുതുമുഖങ്ങളുടെ ഒരു ജാള്യതയും ഇല്ലാതെ മികച്ച പ്രകടനമാണ് രണ്ടു പേരും ഈ സിനിമയില്‍ കാഴ്ച വച്ചിരിക്കുന്നത്. തന്‍റെ വെറും രണ്ടാമത്തെ സിനിമയായ Ishaqzaade യിലൂടെ പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനം കാഴ്ച വച്ച പരിനീതി ചോപ്രക്ക്‌ ഒരായിരം അഭിനന്ദനങ്ങള്‍.

ഉത്തര്‍പ്രദേശിലെ അല്‍മോര്‍ എന്ന കൊച്ചു നഗരത്തില്‍ നടക്കുന്ന പ്രാദേശീക തിരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനാര്‍ഥികള്‍ ആണ് അഫ്താബ് ഖുറേഷിയും സൂര്യ ചൌഹാനും. ഒരു തിരഞ്ഞെടുപ്പ് എന്നതില്‍ കവിഞ്ഞ് ഖുറേഷി - ചൌഹാന്‍ സമുദായക്കാര്‍ തമ്മിലുള്ള ഒരു കിട മത്സരം കൂടിയാണ് നടക്കാന്‍ പോകുന്ന ഈ തിരഞ്ഞെടുപ്പ്.  അഫ്താബ് ഖുരെഷിയുടെ മകളായ സോയയും  (പരിനീതി ചോപ്ര), സൂര്യ ചൌഹാന്റെ കൊച്ചു മകനായ പര്‍മയും (അര്‍ജുന്‍ കപൂര്‍) തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നു.  അതിനിടക്കുണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്നങ്ങളും ഇവര്‍ക്കിടയിലെ ശത്രുത കൂടുതലാക്കുന്നു. ഈ കാലയളവില്‍ പര്‍മക്കും സോയക്കും ഇടയിലുണ്ടാകുന്ന പ്രണയമാണ് കഥയുടെ പ്രധാന ഭാഗം. 

ഇത്തരം പ്രണയങ്ങള്‍ പലപ്പോഴും നമ്മള്‍ കണ്ടു മറന്നിരിക്കുന്നുവെങ്കിലും, അഭിനേതാക്കളുടെ പ്രകടനം കൊണ്ടും സംവിധായകന്‍റെ അവതരണ ശൈലി കൊണ്ടും  സിനിമ വളരെയധികം  മികവു പുലര്‍ത്തുന്നു. ഏറ്റവും അഭിനന്ദനീയമായ കാര്യം അഭിനേതാക്കളുടെ പ്രകടനമാണ്. അത് പോലെ തന്നെ ഈ സിനിമയിലൂടെ ശ്രദ്ധേയമായ സംഗീത വിസ്മയം സൃഷ്ട്ടിച്ചിരിക്കുകയാണ് സംഗീത സംവിധായകനായ അമിത് ത്രിവേദി. 'പരേശാന്‍...,..എന്ന ഗാനമാണ് ഇതിലേറ്റവും മികച്ച സംഗീതമായി പരിഗണിക്കാവുന്നത്. 

സിനിമയില്‍ എന്ത് കൊണ്ടോ തോക്കിന്   അമിത പ്രാധാന്യം കൊടുത്തിരിക്കുന്നു. എല്ലാ രംഗങ്ങളിലുമുള്ള  തോക്കിന്‍റെ ഉപയോഗവും പൊതുനിരത്തുകളില്‍ അടക്കമുള്ള സ്ഥലങ്ങളില്‍ കൂടി വിഷുവിനു പടക്കം പൊട്ടിക്കുന്ന പോലെ നിറയൊഴിക്കുന്ന രംഗങ്ങളും കാണുമ്പോള്‍ ചിലർക്കെങ്കിലും അതിശയോക്തി തോന്നാം. ബീഹാര്‍, ഉത്തര്‍ പ്രദേശ്‌ സംസ്ഥാനങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ ഇതെല്ലാം തന്നെ സ്വാഭാവിക കാഴ്ചയാണ്. സമാനമായ പല വാര്‍ത്തകളും നമ്മള്‍ പത്ര മാധ്യമങ്ങളില്‍ കൂടി അറിഞ്ഞിട്ടുമുണ്ട് . ഈ സിനിമയ്ക്കു വേണ്ട എല്ലാത്തരം നിരീക്ഷണങ്ങളും നടത്തിയ ശേഷം മാത്രമാണ് സംവിധായകന്‍ ഈ സിനിമ ചെയ്തിരിക്കുന്നതെന്ന് നിസ്സംശയം പറയാം.

ആകെ മൊത്തം ടോട്ടല്‍ = കണ്ടിരിക്കാന്‍ പറ്റുന്ന നല്ലൊരു ആക്ഷന്‍ പ്രണയ കഥ. താര രാജാക്കന്മാരിലാത്ത ഒരു സൂപ്പര്‍ സിനിമ. 

*വിധി മാര്‍ക്ക്‌ =7/10 
-pravin- 

Thursday, August 16, 2012

The Woman In Black


ജെയിംസ്‌ വാട്കിന്‍സ് സംവിധാനം ചെയ്ത് 2012 ഫെബ്രുവരിയില്‍ റിലീസ് ആയ ഒരു ത്രില്ലര്‍- ഹൊറര്‍ സിനിമയാണ് The Woman In Black 

 സൂസന്‍ ഹില്‍ എഴുതിയ   The Woman In Black എന്ന നോവലിനെ അടിസ്ഥാനമാക്കി Jane Goldman ആണ് ഈ സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 
 Daniel Radcliffe എന്ന യുവ വക്കീല്‍  വിഭാര്യനും നാല് വയസ്സയുള്ള മകന്‍റെ  അച്ഛനുമാണ്. ഒരു പഴയ കൊട്ടാരം വില്‍ക്കുന്നത് സംബന്ധിച്ചുള്ള കടലാസ് ജോലികള്‍ തീര്‍ക്കുന്നതിനു വേണ്ടി ഡാനിയലിനു ഒരു ദൂര യാത്ര ചെയ്യേണ്ടി വരുന്നു. പിന്നീട അയാള്‍ എത്തിപ്പെടുന്നത് ദുരൂഹത നിറഞ്ഞ ഒരു സ്ഥലത്താണ്. പല വിചിത്രമായ കാഴ്ചകള്‍ക്കും അയാള്‍ സാക്ഷ്യം വഹിക്കുന്നു. തുടര്‍ന്നങ്ങോട്ട് ദുരൂഹതയുടെ ചുരുളുകള്‍ അഴിയുന്നു. 1901 -1910 കാലയളവിലെ  എഡ് വാര്‍ഡിയന്‍ ഏഴാമന്റെ  ഭരണകാലഘട്ടമാണ് സിനിമയില്‍ ആദ്യം പറയുന്നത്. 

മറ്റ് ഹൊറര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായാണ് ഈ സിനിമ പറഞ്ഞു പോകുന്നത്. പല രംഗങ്ങളും ബോറടിപ്പിക്കുന്ന സംഭാഷണ ശകലങ്ങള്‍ ഇല്ലാതെ നിശബ്ദമായി പറഞ്ഞു പോകുന്നു. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ ഈ സിനിമയില്‍ സംഭാഷണ ശകലങ്ങള്‍ വളരെ കുറവാണ്. ഔട്ട്‌ ഡോര്‍ സീനുകള്‍ എല്ലാം തന്നെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സിനിമയുടെ പേര് സൂചിപ്പിക്കുന്ന ബ്ലാക്ക്‌ കൊണ്ടാകാം,  ഒട്ടു മിക്ക രംഗങ്ങളുടെയും. പശ്ചാത്തലങ്ങള്‍ ഇരുണ്ടതാണ്. 

ആകെ മൊത്തം ടോട്ടല്‍ = വലിയ കുഴപ്പമില്ലാത്ത ഒരു ഹൊറര്‍ സിനിമ 

*വിധി മാര്‍ക്ക്‌ = 6/10 
-pravin- 

Monday, August 13, 2012

Guzaarish


സഞ്ജയ്‌ ലീല ബന്‍സാലിയുടെ സംവിധാന മികവ് എടുത്തു കാണിക്കുന്ന ഒരു സിനിമയാണ് 2010 ഇല്‍ റിലീസ് ചെയ്ത Guzaarish  എന്ന മനോഹര സിനിമ. ഹൃതിക് റോഷന്‍, ഐശ്വര്യ റായ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ  ഈ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ വേണ്ട സ്വീകാര്യത നേടിയോ എന്ന് സംശയമാണ്. 

സിനിമ റിലീസ് ആകുന്നതിനു മുന്‍പേ വിവാദം ഉടലെടുത്തിരുന്നു. ദയാനന്ദ് രാജന്‍ എഴുതിയ "Summer Snow" എന്ന നോവലിനെ ഈച്ച-ക്കോപ്പിയടിച്ചു നിര്‍മിച്ച  സിനിമയാണ് സഞ്ജയ്‌ ലീല ബന്‍സാലിയുടെ Guzaarish എന്നതായിരുന്നു വിവാദം. തന്‍റെ എഴുതിക്കഴിഞ്ഞ ഈ നോവല്‍ പബ്ലിഷ് ചെയ്യുന്നതിന് മുന്നേ തന്നെ സിനിമയായി മാറിയതെങ്ങനെയാണെന്ന് എഴുത്തുകാരന്‍ ആശ്ചര്യപ്പെടുന്നു.  വിവാദങ്ങള്‍ എന്തോ ആയിക്കോട്ടെ ഒരു നല്ല സിനിമാ ആവിഷ്ക്കാരം എന്ന നിലയില്‍ Guzaarishനെ അംഗീകാരിക്കാതിരിക്കാനാകില്ല. 

ഏതന്‍ എന്ന പ്രസിദ്ധ മാജിക്കുകാരന്  (ഹൃതിക് റോഷന്‍ ) ഒരിക്കല്‍ തന്‍റെ മാജിക്‌ ഷോ നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ അപകടം സംഭവിക്കുകയും തുടര്‍ന്ന് ശരീരത്തിന്‍റെ ചലന ശേഷി നഷ്ടപെടുകയും ചെയ്യുന്നു. തന്‍റെ ദുരിതപൂര്‍ണമായ ജീവിതത്തില്‍ നിന്ന് രക്ഷ നേടാന്‍ ഏതന്‍ കോടതിയില്‍  ദയാവധത്തിന് അപ്പീല്‍ പോകുന്നു. എതന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്താന്‍   അയാളുടെ ആ വലിയ ബംഗ്ലാവില്‍ സോഫിയ (ഐശ്വര്യ റായ്) എന്ന ജോലിക്കാരി കൂടിയുണ്ട്. ചലന ശേഷിയില്ലാതെ കിടക്കുന്ന ഏതന്‍ ജീവിതത്തോടുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ പ്രേക്ഷകരോട് പങ്കു വക്കുന്നതോടൊപ്പം സിനിമ കൂടുതല്‍ ഹൃദയ സ്പര്‍ശിയായ രംഗങ്ങളില്‍ കൂടി കടന്നു പോകുന്നു. 

ഈ സിനിമയിലെ അഭിനയത്തിന് എന്ത് കൊണ്ട് ഹൃതിക് റോഷന്‍ ഒരു ദേശീയ അവാര്‍ഡിന് അര്‍ഹാനായില്ല എന്നതാണ് വിഷമകരമായി ചിന്തിക്കേണ്ട മറ്റൊരു കാര്യം. ഹൃതിക് റോഷന്‍റെ അഭിനയ മികവിനോടോപ്പം തന്നെ ഈ സിനിമയില്‍ അഭിനയിച്ച ഓരോരുത്തരും വളരെ നല്ല പ്രകടനം തന്നെ കാഴ്ച  വച്ചിരിക്കുന്നു. ഈ സിനിമയുടെ cinematography വളരെയധികം പ്രശംസനീയമാണ്.  

ആകെ മൊത്തം ടോട്ടല്‍ = താളപ്പിഴകള്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള  ഒരു മികച്ച സിനിമ. 

*വിധി മാര്‍ക്ക്‌ = 8.5/10 
-pravin- 

Sunday, August 12, 2012

കഴുക്


നവാഗത സംവിധായകനായ സത്യശിവ സംവിധാനം ചെയ്ത് കൃഷ്ണ ശേഖര്‍, ബിന്ദു മാധവി , കരുണാസ്, തമ്പി രാമയ്യ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച സിനിമയാണ് കഴുക്. 

തേനിയുടെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു ത്രില്ലെര്‍ പ്രണയ കഥയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. മറ്റ് പ്രണയ കഥകളില്‍ നിന്നും വ്യത്യസ്തമായി തന്നെ കഥ പറഞ്ഞു പോയിരിക്കുന്നു. കൊക്കയില്‍ ചാടി മരിക്കുന്ന കമിതാക്കളുടെ ജഡം തിരഞ്ഞു പിടിച്ച്  ബന്ധുക്കള്‍ക്ക് കൈമാറുകയും അതിലൂടെ ജീവിത വരുമാനം കാണുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയും കൂടിയാണിത്. ആരെങ്കിലും ആത്മഹത്യ ചെയ്‌താല്‍ മാത്രമേ തങ്ങള്‍ക്ക് ഒരു വരുമാനം ഉണ്ടാകുകയുള്ളൂ എന്ന ചിന്താഗതിക്കാരായ ഇവര്‍ പിന്നീട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, അതിനിടയിലെ പ്രണയം , തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ എന്നിവയാണ് സിനിമയെ പിന്നീട് ജീവസ്സുറ്റതാക്കുന്നത്.  

ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലക്ക് സത്യശിവ ചെയ്ത ഈ സിനിമ അഭിനന്ദനീയമാണ് എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. അഭിനേതാക്കള്‍ വേണ്ട മികവു പുലര്‍ത്തി എന്ന് തന്നെ പറയാം. 

ആകെ മൊത്തം ടോട്ടല്‍ = വലിയ കുറ്റങ്ങള്‍ പറയാനില്ലാത്ത ഒരു  നല്ല സിനിമ . 

*വിധി മാര്‍ക്ക്‌ = 7/10 
-pravin- 

Sunday, August 5, 2012

Duma



കാട്ടില്‍ വച്ച് സിംഹങ്ങളുടെ ആക്രമണത്തില്‍ ഒരു ചീറ്റപ്പുലി  കൊല്ലപ്പെടുകയും അവിചാരിതമായി അതിന്‍റെ കുട്ടി മനുഷ്യരുടെ കയ്യില്‍ എത്തിപ്പെടുകയും ചെയ്യുന്നു. മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്ന ചീറ്റപ്പുലിയുടെ  കഥ പറയുന്ന സിനിമയാണ് ഡുമ. അതിമനോഹരമായ  cinematography ആണ് ഈ സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം. Carroll Ballard സംവിധാനം ചെയ്ത ഈ സിനിമയുടെ cinematography കൈകാര്യം ചെയ്തിരിക്കുന്നത് Werner Maritz ആണ്. 

ആകെ മൊത്തം ടോട്ടല്‍ =  മനോഹരമായ ഒരു കൊച്ചു സിനിമ. 

*വിധി മാര്‍ക്ക്‌ = 8/10
-pravin- 

Saturday, August 4, 2012

അരികെ

സുനില്‍ ഗംഗോപാധ്യായുടെ കഥയെ അടിസ്ഥാനമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത് ദിലീപ് , സംവൃതാ സുനില്‍ , മമതാ മോഹന്‍ദാസ്‌ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച സിനിമയാണ് അരികെ. 

സ്നേഹം, പ്രേമം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ട് കഥ പറയുന്ന പല സിനിമകളും ഇതിനു മുന്നേ നമ്മള്‍ കണ്ടു മറന്നതാണെങ്കില്‍ കൂടി  അവതരണ മികവു കൊണ്ടും   സമാന വിഷയങ്ങളിലേക്കുള്ള ആത്മാര്‍ഥമായ ഒരു അന്വേഷണ ഭാവം കൊണ്ടും  പ്രേക്ഷകന് മറ്റൊരു വ്യത്യസ്ത ആസ്വാദനാനുഭൂതി  ലഭിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. 

സിനിമയില്‍ ശന്തനു (ദിലീപ്) - കല്‍പ്പന (സംവൃതാ സുനില്‍) പ്രേമബന്ധമാണ് വിവരിക്കപ്പെടുന്നത്. കല്‍പ്പനയുടെ കൂട്ടുകാരിയായ അനുരാധ (മമതാ മോഹന്‍ദാസ്‌) ഇവരുടെ പ്രേമത്തിനും തുടര്‍ന്നുള്ള ഇവരുടെ കണ്ടുമുട്ടലുകള്‍ക്കും എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നു. അനുരാധയുടെ ചിന്തയില്‍ ഈ ലോകത്തെ ഏറ്റവും അവസാനത്തെ കാമുകീ കാമുകന്മാരാണ് ശന്തനുവും കല്‍പ്പനയും. ഇവരുടെ  പ്രേമ ബന്ധത്തെ ഭ്രാന്തമായ സ്നേഹമായി ഉപമിക്കുന്ന അനുരാധ , ഇവര്‍ക്കിടയില്‍ നടക്കുന്ന എല്ലാ പ്രേമ സല്ലാപങ്ങള്‍ക്കും സാക്ഷിയാണ്. അത് കൊണ്ട് തന്നെ , പൊതുവേ സ്നേഹം, പ്രേമം  എന്ന വികാരത്തെ മാനിക്കാത്ത അനുരാധ എന്ത് കൊണ്ടോ ഈ ലോകത്തിലെ യഥാര്‍ത്ഥ സ്നേഹം ഇവരുടേത് മാത്രമാണ് എന്ന് വിശ്വസിക്കുന്നു. 

ശന്തനു മലയാള സാഹിത്യ ഭാഷയില്‍ ബിരുദവും, റിസേര്‍ച്ചും കഴിഞ്ഞ ഒരാളായത് കൊണ്ടായിരിക്കാം പതിവ് കാമുകന്മാരെ പോലെ ഫോണിലൂടെയല്ല തന്‍റെ പ്രേമ സല്ലാപങ്ങള്‍ രേഖപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നത്. പഴയ പ്രേമലേഖനങ്ങളെ ഓര്‍മിപ്പിക്കും തരത്തില്‍ സാഹിത്യ ഭാഷയിലൂടെയാണ്‌ ശന്തനു ഇടയ്ക്കിടെ കല്‍പ്പനക്ക് കത്തെഴുതുന്നത്.കല്‍പ്പനയുടെ കാലുകള്‍ തടവിക്കൊണ്ട് ശന്തനു പറയുന്നുണ്ട് , പെണ്‍കുട്ടികളുടെ ഇടതു കാലിനു പ്രത്യേകതയുണ്ടെന്നും , പലപ്പോഴും കല്‍പ്പനയുടെ ഇടതു കാലിലെ ചെറുവിരല്‍ മുറിച്ചെടുക്കാന്‍ തോന്നിയിട്ടുണ്ട് എന്നും. ലോകത്തിലെ എല്ലാ കാമുകിമാരുടെയും  ഇടതുകാലുകള്‍ക്ക് പ്രത്യേകതയുണ്ടെന്ന് പുരാണത്തിലെ ശകുന്തളയെ ഓര്‍മപ്പെടുത്തിക്കൊണ്ട്‌ ശന്തനു പറയുന്നു. 

 പഴയ വിശ്വാസങ്ങളെയും അല്‍പ്പം അന്ധ വിശ്വാസങ്ങളെയും മുറുകെ പിടിച്ചു കൊണ്ട് ജീവിക്കുന്ന കല്‍പ്പനയുടെ ബ്രാഹ്മിണ കുടുംബത്തിന് ശന്തനുവെന്ന അബ്രാഹ്മിണനെ മരുമകനായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ് എന്നുള്ളത് കൊണ്ട് തന്നെ രെജിസ്ടര്‍ വിവാഹം എന്ന വഴി മാത്രമാണ് ശന്തനുവിനു മുന്നില്‍ ഉണ്ടായിരുന്നത്. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളില്‍ ശന്തനു മുഴുകുമ്പോഴും കല്‍പ്പനയുടെ മനസ്സ് മാറ്റാന്‍ വീട്ടുകാര്‍ പല തരത്തിലും ശ്രമിക്കുന്നുവെങ്കിലും അതിനൊന്നും തന്നെ കല്‍പ്പന വഴങ്ങുന്നില്ല. പക്ഷെ പിന്നീട് കല്‍പ്പനയുടെ ജീവിതത്തില്‍ നടക്കുന്ന അവിചാരിതമായ ഒരു അപകടം കഥയെ വഴി തിരിക്കുന്നു. അതിനു ശേഷമുള്ള രംഗങ്ങള്‍ വളരെ പ്രസക്തമാണ് എങ്കില്‍ കൂടി കഥാവസാനം സിനിമയ്ക്കു വേണ്ട പൂര്‍ണത ലഭിച്ചോ എന്നത് ഒരു ചോദ്യമായി തുടരുന്നു. 

സിനിമയില്‍ ഇടയ്ക്കു കയറി വരുന്ന ഒരു കഥാപാത്രമാണ് ഗുരുജി. ഗുരുജിയെ ഒരു ആള്‍ ദൈവമായി നമ്മള്‍ മനസ്സില്‍ എവിടെയോ പ്രതിഷ്ഠിച്ചു വക്കാന്‍ പാകത്തിലാണ് സിനിമയില്‍ ആദ്യം പ്രതിപാദിക്കുന്നത് എങ്കില്‍ കൂടി ആ സങ്കല്‍പ്പങ്ങളെയെല്ലാം    അട്ടിമറിച്ചു കൊണ്ടുള്ള വെളിപാടുകളാണ് യഥാര്‍ഥത്തില്‍ ഗുരുജി സിനിമയില്‍ പ്രേക്ഷകന് നല്‍കുന്നത്. ആ രംഗങ്ങളില്‍ കൂടി സമൂഹത്തിലേക്കു പറന്നു വരുന്ന സന്ദേശം ബൃഹത്തായ ഒന്നാണ്. മനുഷ്യരെ അമാനുഷികനും, ആള്‍ ദൈവവും , മറ്റ് ഇല്ലാത്ത കഴിവുകളുടെയെല്ലാം ഉടമയാക്കി മാറ്റുന്നതെല്ലാം മനുഷ്യന്‍ തന്നെയാണ്. മനുഷ്യന് യോഗിയാകാം, സന്യാസിയാകാം പക്ഷെ അപ്പോഴും പരിമിതികള്‍ക്കുള്ളിലെ ദൃഷ്ടാന്തങ്ങള്‍ മാത്രമേ അവനു ലഭിക്കുന്നുള്ളൂ. 

എന്താണ് സ്നേഹം എന്നത് സംബന്ധിച്ചുള്ള ചില നിര്‍വ്വചനങ്ങള്‍ ഈ സിനിമയിലുടനീളം പല തരത്തില്‍ പറയുന്നുണ്ട്. അതില്‍ ശന്തനുവിന്റെ ചിന്തകള്‍ സിനിമയില്‍ ശ്രദ്ധേയമാണ്. അതെ, സമയം കല്‍പ്പനയുടെ സ്നേഹ  സങ്കല്‍പ്പങ്ങള്‍ അല്‍പ്പം വികലമാണോ എന്ന് പ്രേക്ഷകന് തോന്നിയേക്കാം . ആരെങ്കിലും തന്നെ ആത്മാര്‍ഥമായി പ്രേമിക്കാന്‍ താല്പര്യം കാണിച്ചാല്‍ അവരുടെ ആ സ്നേഹം നിഷേധിക്കാനാണ് അനുരാധ ഇഷ്ടപ്പെടുന്നത്. അതിനുള്ള വിശദീകരണങ്ങള്‍ സിനിമയില്‍ പറയുന്നത് അനുരാധയുടെ പഴയ കാലമാണ്.  ഇതെല്ലാം തന്നെ തികഞ്ഞ തന്മയത്വത്തോടെയാണ് എല്ലാ അഭിനേതാക്കളും അഭിനയിച്ചു പ്രതിഫലിപ്പിച്ചിരിക്കുന്നത്. അതി മനോഹരമായ രണ്ടു ഗാനങ്ങള്‍ കൂടി ഈ സിനിമയില്‍ ഉണ്ട്.

ആകെ മൊത്തം ടോട്ടല്‍ = അവസാന രംഗത്തെ  ചില ചില്ലറ  പാളിച്ചകള്‍ ഒഴിവാക്കിയാല്‍ തീര്‍ത്തും നല്ല ഒരു സിനിമ. 
* വിധി മാര്‍ക്ക്‌ = 8/10 
-pravin-