Saturday, June 26, 2021

ജാവ കിടുവാണ്, സൂപ്പറാണ് !!


എബ്രിഡ് ഷൈന്റെ 'ആക്ഷൻ ഹീറോ ബിജു'വിലാണ് അത് വരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി കേരളാ പോലീസിനെ ഒരു റിയലിസ്റ്റിക് മോഡിൽ അവതരിപ്പിച്ചു കാണുന്നത്. ഓരോ ദിവസവും പോലീസ് സ്റ്റേഷനിൽ സംഭവിക്കുന്ന കാര്യങ്ങളും, അവിടെയെത്തുന്ന പരാതികളും, പോലീസുകാർ അത് കൈകാര്യം ചെയ്യുന്ന വിധവുമൊക്കെ മനോഹരമായി പറഞ്ഞു വക്കാൻ 'ആക്ഷൻ ഹീറോ ബിജുവി'ലൂടെ സാധിച്ചു.

പോലീസ് കഥകളും കേസ് ഡയറികളുമൊക്കെ ഗിമ്മിക്കുകളൊന്നുമില്ലാതെ അനുഭവ ഭേദ്യമാക്കുക എന്ന് വച്ചാൽ അത്ര എളുപ്പമല്ലായിരുന്നു. 'ആക്ഷൻ ഹീറോ ബിജു' വിന്റെ വിജയം പിന്നീട് വന്ന സിനിമകളിലെ പോലീസ് സ്റ്റേഷൻ സീനുകളെയൊക്കെ വല്ലാതെ സ്വാധീനിക്കുകയുണ്ടായിട്ടുണ്ട്. ഷാനവാസ് ബാവക്കുട്ടിയുടെ 'കിസ്മത്തി'ലാണെന്നു തോന്നുന്നു സമാനമായ ഒരു പോലീസ് സ്റ്റേഷൻ പരിസരം കണ്ടതായി ഓർക്കുന്നു.
ഇവിടെ 'ഓപ്പറേഷൻ ജാവ' പോലീസ് സ്റ്റേഷന്റെ കഥാപരിസരത്തിൽ നിന്ന് മാറി സൈബർ സെല്ലിന്റെ പശ്ചാത്തലത്തിലേക്ക് മാറുമ്പോൾ അതിനെ മുൻകാല സിനിമകളുടെയൊന്നും സ്വാധീനമില്ലാത്ത വിധം പുതുമയോടെ തന്നെ അവതരിപ്പിക്കാൻ തരുൺ മൂർത്തിക്ക് സാധിച്ചിട്ടുണ്ട്. സൈബറിടങ്ങളിലെ കൊള്ളരുതായ്മകളും കൊള്ളകളുമൊക്കെ ഏറെക്കുറെ എണ്ണം പറഞ്ഞു കൊണ്ട് തന്നെ ബോധ്യപ്പെടുത്തി തരുന്നതിലും സിനിമ വിജയിക്കുന്നുണ്ട്.
ജാവയുടെ ഓപ്പറേഷൻ വിജയകരമാക്കിയതിൽ പ്രധാനപ്പെട്ട ഒന്ന് അതിലെ കാസ്റ്റിങ് തന്നെയാണ്. ബാലു, ലുഖ്മാൻ, ഇർഷാദ്, ബിനു പപ്പു, പ്രശാന്ത് അലക്‌സാണ്ടർ, ഷൈൻ ടോം ചാക്കോ തൊട്ട് കുറഞ്ഞ സീനിൽ വന്നു പോകുന്ന വിനായകനടക്കം എല്ലാവരും പ്രകടനത്തിൽ തിളങ്ങി.
ഒരു കാലത്ത് മലയാള സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന തൊഴിൽ രഹിത കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട് ബാലുവിന്റെയും ലുഖ്‌മാന്റെയുമൊക്കെ കഥാപാത്രങ്ങൾ. കാലമെത്ര മാറിയാലും അത്തരം കഥാപാത്രങ്ങളുടെ മനഃസംഘർഷങ്ങൾ അറ്റമില്ലാതെ, മാറ്റമില്ലാതെ തന്നെ തുടരുന്നു.
പ്രധാന പ്രമേയത്തിനൊപ്പം തന്നെ കേരളത്തിലെ തൊഴിലില്ലായ്മയും തൊഴിൽ രഹിതരുടെ മാനസികാവസ്ഥകളുമൊക്കെ സിനിമയിലൂടെ ചർച്ച ചെയ്യിക്കാൻ സാധിച്ചത് ചെറിയ കാര്യമല്ല. ബാലുവിന്റെയും ലുഖ്മാന്റെയും കഥാപാത്ര മുഖങ്ങൾ ആ തലത്തിൽ കേരളത്തിലെ തൊഴിൽ രഹിതരെ മുഴുവൻ പ്രതിനിധാനം ചെയ്തു.
പ്രമേയപരമായി മാത്രമല്ല സാങ്കേതികപരമായും ജാവ മികച്ചു നിൽക്കുന്നുണ്ട്. സൈബർ കേസന്വേഷണങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സങ്കീർണ്ണതകളെയെല്ലാം കൃത്യമായി ബോധ്യപ്പെടുത്താനും ചടുലമായ അവതരണം കൊണ്ട് ത്രില്ലടിപ്പിക്കാനും സംവിധായകന് സാധിച്ചു. ഫൈസ് സിദ്ധീഖിന്റെ ഛായാഗ്രഹണവും ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതവുമൊക്കെ സിനിമയെ ആ ലെവലിൽ കട്ടക്ക് കട്ട പിന്തുണച്ചു കാണാം.
ആകെ മൊത്തം ടോട്ടൽ = ഒരു രണ്ടാം ഭാഗം കൂടി ഉണ്ടാവണേ എന്ന് ആഗ്രഹിപ്പിക്കുന്ന ഒരു കിടു സൈബർ ത്രില്ലർ സിനിമ.

*വിധി മാർക്ക് = 8/10
-pravin-

Tuesday, June 22, 2021

പ്രവാസത്തിന്റെ നോവും നൊമ്പരവുമായി 'സമീർ' !!

'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന് ആടുജീവിത'ത്തെ മുൻനിർത്തി കൊണ്ട് ബെന്യാമിൻ നമ്മളോട് പറയുന്നുണ്ട്. ഇവിടെ സമാനമായി റഷീദ് പാറക്കൽ തന്റെ തന്നെ പ്രവാസ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുന്നത് അനുഭവത്തിന്റെ തീക്ഷ്ണത പ്രകടിപ്പിക്കാനാകാത്ത സമസ്യയാണെന്നും ഓരോ അനുഭവങ്ങളും അത് അനുഭവിക്കുന്നവന്റെ മാത്രം സത്യവുമാണ് എന്നാണ്.

96 കാലത്ത് മരുഭൂമിയിലെ പൊള്ളുന്ന വെയിലിലേക്ക് പ്രവാസിയായി വന്നു വീണ സംവിധായകൻ തന്റെ നീറുന്ന ജീവിതാനുഭവങ്ങളെ 'സമീറി'ലൂടെ ദൃശ്യവത്ക്കരിക്കുമ്പോൾ അത് വെറുമൊരു സിനിമാ കാഴ്ചയായി അനുഭവപ്പെടുന്നില്ല. സമീറിന്റെ പ്രവാസകാലം പ്രേക്ഷകരുടെ കൂടിയാക്കി മാറ്റുന്ന വേറിട്ട സിനിമാനുഭവം.

മുൻകാല മലയാള സിനിമകളിലൂടെ നമ്മൾ കണ്ടറിഞ്ഞ പ്രവാസ ജീവിതങ്ങളിൽ നിന്ന് മാറി ഒട്ടും പരിചിതമല്ലാത്ത മരുഭൂമിയുടെ പശ്ചാത്തലത്തിലാണ് 'സമീറി'ന്റെ കഥ. ഈ സിനിമയിൽ നിന്ന് അവിശ്വസനീയതകളും നാടകീയതകളും കണ്ടെടുത്താൽ തന്നെ അത് ജീവിതത്തിന്റെ ഒരംശം മാത്രമാണെന്ന് പറയേണ്ടി വരും. റഷീദ് പാറക്കലിന്റെ പ്രവാസകാലത്തെ ജോലിക്ക് പോലുമുണ്ട് അങ്ങിനെയൊരു അവിശ്വസനീയത.

കമലിന്റെ 'ഗദ്ദാമ'യിൽ മരുഭൂമിയുടെ പശ്ചാത്തലത്തിൽ നിമി നേരത്തേക്ക് വന്നു പോയ ഷൈൻ ടോം ചാക്കോയുടെ പേരറിയാത്ത കഥാപാത്രവും അയാളുടെ രൂപവും ഇന്നും സങ്കടമായി മനസ്സിലുണ്ട്. സമീറിന്റെ കഥക്ക് അതേ മരുഭൂമിയുടെ പശ്ചാത്തലമുണ്ടെങ്കിലും അയാൾ തീർത്തും ഒറ്റപ്പെടുന്നില്ല ഒരിക്കലും. വേദനകളെയും സങ്കടങ്ങളെയും പലവിധത്തിൽ അതിജീവിക്കാൻ സാധിക്കുന്നുണ്ട് അയാൾക്ക്. സമീറെന്ന കഥാപാത്രത്തെ എല്ലാ തലത്തിലും മികവുറ്റതാക്കി ആനന്ദ് റോഷൻ.

മലബാറിയും പഠാണിയും ബലൂച്ചിയും ബംഗാളിയും തമിഴനുമൊക്കെയായി പല ദേശക്കാരും പല ഭാഷക്കാരുമുണ്ടെങ്കിലും പ്രവാസ ലോകത്ത് അവരെല്ലാം വെറും പ്രവാസിയുടെ മേൽവിലാസത്തിലാണ് ജീവിക്കുന്നതും മരിക്കുന്നതുമെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സിനിമയിലെ ചില സീനുകൾ. മൊയ്‌ദീൻ കോയയുടെ ബലൂജി അമീറിന്റേതടക്കം പേരറിയാത്ത ഒരുപാട് പേരുടെ ജീവനുള്ള കഥാപാത്ര പ്രകടനങ്ങളുടേത് കൂടിയാണ് 'സമീർ'.

നിറപ്പകിട്ടില്ലാത്ത ഒരു ജീവിത കഥയെ സ്‌ക്രീൻ കാഴ്ചയിൽ മനോഹരമാക്കിയതിൽ ഛായാഗ്രഹണത്തിനും കലാസംവിധാനത്തിനും പങ്കുണ്ട്.

ആകെ മൊത്തം ടോട്ടൽ = 'സമീർ' ഒരിക്കലും നമ്മളാരും പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു സിനിമയല്ല.നേരിന്റെ സിനിമയാണ് . നേരനുഭവങ്ങളുടെ നേർകാഴ്ചകളുടെ സിനിമയാണ്.

*വിധി മാർക്ക് = 6.5/10

-pravin-

Monday, June 21, 2021

The Family Man ( Web Series Season 2- Episodes -10)


ഒരു ത്രില്ലർ സീരീസിന് എന്ത് കൊണ്ട് 'ഫാമിലി മാൻ' എന്ന പേര് നൽകി എന്ന സംശയത്തിന് ആദ്യ സീസണിനേക്കാൾ വ്യക്തമായ ഉത്തരം നൽകാൻ രണ്ടാം സീസണിന് സാധിക്കുന്നുണ്ട്.

കൃത്യമായ പേരോ വിലാസമോ രേഖപ്പെടുത്താതെ സീക്രട്ട് മിഷനുകളുമായി മുന്നോട്ട് പോകുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ കഥകളിൽ നിന്ന് വ്യത്യസ്തമായി ശ്രീകാന്ത് തിവാരി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ കുടുംബം കൂടി കഥാപാശ്ചാത്തലമാകുന്നിടത്താണ് 'ഫാമിലി മാൻ' സ്ഥിരം സ്പൈ ആക്ഷൻ ത്രില്ലറുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നത്.
ദേശീയ അന്വേഷണ ഏജൻസികളിൽ ജോലി ചെയ്യുന്നവരുടെ ഔദ്യോഗിക ജീവിതം സംഘർഷ ഭരിതമാകുമ്പോൾ അത് അവരുടെ കുടുംബ ജീവിതത്തെ എങ്ങിനെയൊക്കെ സ്വാധീനിക്കുന്നുണ്ടാകാം എന്ന ചിന്ത തന്നെയാകാം തിവാരി-സുചി കുടുംബ ജീവിതത്തെ 'ഫാമിലി മാനി'ന്റെ പ്രധാന പ്ലോട്ട് ആക്കി മാറ്റിയത്.
ഒന്നാം സീസണിൽ ദൈനം ദിന പത്ര വാർത്തകളെ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള സ്ക്രിപ്റ്റിങ് ആയിരുന്നതിനാൽ സമകാലീന ഇന്ത്യൻ രാഷ്ട്രീയവും അനുബന്ധ സാമൂഹിക പ്രശ്നങ്ങളുമൊക്കെ നന്നായി ബന്ധപ്പെടുത്താൻ സാധിച്ചിരുന്നു. പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകവും, കശ്മീരികളുടെ നിസ്സഹായതയും അവരെ മുതലെടുക്കുന്നവരുടെ ഉദ്ദേശ്യങ്ങളും രാജ്യ സുരക്ഷയും ഭീഷണിയും വ്യാജ ഏറ്റുമുട്ടലുകളുമടക്കം ഒരുപാട് വിഷയങ്ങൾ ആ സീസണിലെ എപ്പിസോഡുകളിൽ ചർച്ച ചെയ്യപ്പെട്ടു.

രണ്ടാം സീസണിൽ ഇന്ത്യക്കെതിരെ തമിഴ് പുലി -ഐ.എസ് .ഐ ഒന്നിച്ചു കൈ കോർക്കുന്നതായാണ് കാണിക്കുന്നത്. ഇതിൽ സാങ്കൽപ്പികതയും ചരിത്രവും കൂടി ചേർന്നിട്ടുണ്ട്. പുലി പ്രഭാകരനെ ഭാസ്ക്കരനായി കാണാം. ഭാസ്‌കരന്റെ സുഹൃത്ത് ദീപൻ പഴയ തമിഴ് പുലി വിനായക മൂർത്തി മുരളീധരനായിട്ട് കണ്ടാലും തെറ്റില്ല. പ്രഭാകരനുമായി തെറ്റി പിരിഞ്ഞ ശേഷം ശ്രീലങ്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമായ വിനായക മൂർത്തി മുരളീധരന്റെ നിലപാടുകൾ ദീപനിൽ വ്യക്തമായി കാണാൻ സാധിക്കും.
ചരിത്രത്തിൽ ഒരൊറ്റ വനിതാ പ്രധാന മന്ത്രിയെ മാത്രം ലഭിച്ചിട്ടുള്ള ഇന്ത്യയെ സംബന്ധിച്ച് ഈ സീരീസിലെ മറ്റൊരു ഗംഭീര പുതുമയായിരുന്നു പ്രധാന മന്ത്രിയായിട്ടുള്ള സീമ ബിസ്വാസിന്റെ കഥാപാത്രം. പി.എം ബസുവിനെ ഒരു ബംഗാളി വനിതയാക്കി പ്രതിനിധീകരിക്കുന്നതോടൊപ്പം അവരുടെ ശരീര ഭാഷ കൂടി ചേർത്ത് വായിക്കുമ്പോൾ ആ പ്രധാനമന്ത്രി മമതാ ബാനർജിയായിട്ടു തന്നെ അനുഭവപ്പെട്ടു.
മനോജ് ബജ്പേയിയൊക്കെ വേറെ ലെവൽ ആയിരുന്നു പ്രകടനം. പ്രിയാമണിയുടെ സുചിയെ തിവാരിയുടെ നിഴലായി ഒതുക്കാതെ രണ്ടാം സീസണിലും ഗംഭീരമാക്കി കാണിച്ചു തന്നു. സാമന്തയുടെ കരിയർ ബെസ്റ്റ് ആയിട്ടു തന്നെ പറയേണ്ടി വരുന്നു രാജി എന്ന കഥാപാത്രം. പേരറിയാത്ത ഒരുപാട് പേരുടെ പ്രകടന മികവിന്റെ കൂടിയാണ് 'ഫാമിലി മാൻ'.
Waiting for Next Mission !!

ആകെ മൊത്തം ടോട്ടൽ = A Must watch Series.

*വിധി മാർക്ക് = 8/10

-pravin-

Thursday, June 10, 2021

കലഹത്തിന്റെ രാഷ്ട്രീയം !!


സ്വന്തം നാട്ടിൽ വച്ച് നാട്ടുകാർ നോക്കി നിൽക്കേ അകാരണമായി മർദ്ദിക്കപ്പെടുകയും തുണി ഉരിയപ്പെട്ടു അപമാനിക്കപ്പെടുകയും ചെയ്യുന്ന മഹേഷിനു തോന്നുന്ന പ്രതികാര ബുദ്ധിയാണ് 'മഹേഷിന്റെ പ്രതികാര'ത്തിലെ ഹൈലൈറ്റ്. അടിച്ചവനെ തിരിച്ചടിച്ചു പ്രതികാരം ചെയ്യുക എന്ന ലളിതമായ പ്രമേയത്തെ ഒരു മുഴുനീള സിനിമയാക്കി മാറ്റിയെടുത്തപ്പോൾ സ്‌ക്രീനിൽ മഹേഷിന്റെ പ്രതികാരത്തിനൊപ്പം മഹേഷിന്റെ പ്രണയവും മഹേഷിന്റെ നാടിന്റെ ഭംഗിയുമൊക്കെ നിറഞ്ഞു നിന്നു.

ഇവിടെ 'കള'യുടെ കാര്യത്തിലേക്ക് വന്നാലും പ്രതികാരം തന്നെയാണ് പ്രധാന വിഷയം. പ്രതികാരത്തിനൊപ്പം മനുഷ്യന്റെ അധികാര ഹുങ്കും അടിച്ചമർത്തപ്പെടുന്നവരുടെ വികാര വിചാരങ്ങളും കുടുംബത്തിനകത്തെ ആൺ പോരിമയുമൊക്കെ വന്യമായി പറഞ്ഞവതരിപ്പിക്കുന്നിടത്താണ് 'കള' വേറിട്ട് നിൽക്കുന്നത്.

സിനിമയുടെ ഒരു ഘട്ടത്തിൽ അയ്യപ്പൻ കോശിമാരുടെ ഒടുങ്ങാത്ത പോരാട്ടത്തെ ഓർത്തു പോയി. ന്യായവും ദുരഭിമാനവും തമ്മിലായിരുന്നു അവിടെ കലഹം. അധികാര ഹുങ്കും സ്വാധീനവും കൊണ്ട് എന്തുമാകാം എന്ന കോശിയുടെ ധാർഷ്ട്യത്തെ അയ്യപ്പൻ നായർ മുണ്ടൂർ മാടനായി വന്ന് ഞെക്കിയമർത്തി പൊട്ടിച്ചു കളയുന്ന പോലെ ഷാജിയുടെ എല്ലാ വിധ അഹങ്കാരങ്ങളും അധികാര ചിന്തകളും ഇടിച്ചു ഇഞ്ച പരുവമാക്കി ഇല്ലാതാക്കുന്നത് ആ പയ്യനാണ്.
സുമേഷ് മൂറിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. ടോവിനോയുടെ സ്‌ക്രീൻ പ്രസൻസിനെയൊക്കെ എത്ര പെട്ടെന്നാണ് പ്രകടനം കൊണ്ട് സുമേഷ് മറി കടക്കുന്നത്. ഒരു നായക്ക് വേണ്ടിയാണോ അവൻ ഇങ്ങിനെ സംഹാര താണ്ഡവമാടിയത് എന്ന് ചോദിക്കുന്ന ചില കമെന്റുകൾ കണ്ടിരുന്നു. അവരും ഷാജിയും തമ്മിൽ വലിയ അന്തരമില്ല എന്നേ പറയാനുള്ളൂ.
ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളാണ് സുമേഷ് മൂറിന്റെ കൊല്ലപ്പെട്ട നായയും ഷാജിയുടെ കറുത്തുരുണ്ട ആ വിദേശി നായയും. രണ്ടു നായ്ക്കളും ജന്മം കൊണ്ടും ഇനം കൊണ്ടും ജീവിതം കൊണ്ടും വ്യത്യസ്ത ധ്രുവങ്ങളിലാണ്. നാടൻ നായയെങ്കിലും സുമേഷിന്റെ നായക്ക് സത്യസന്ധമായ സ്നേഹ പരിലാളനങ്ങൾ കിട്ടുന്നുണ്ട്. യജമാന സ്ഥാനത്തിരുന്നു കൊണ്ടല്ല അവൻ അവന്റെ നായയെ സ്നേഹിക്കുന്നതും കൊണ്ട് നടക്കുന്നതും.
എന്നാൽ ഷാജിയുടെ നായയുടെ കാര്യത്തിലേക്ക് വന്നാൽ അവനു വലിയ വീട്ടിലെ നായ എന്ന സോഷ്യൽ സ്റ്റാറ്റസ് ഉണ്ട്. പക്ഷെ സ്വാതന്ത്ര്യമില്ല. സദാ കൂട്ടിലാണ്. ചങ്ങലയിൽ നിന്ന് അഴിച്ചു വിടാൻ ഷാജിക്ക് താൽപ്പര്യവുമില്ല. സ്വന്തം കാലു കൊണ്ട് നായയുടെ തലയിൽ ഉഴിഞ്ഞു ഒരു അടിമയെ പോലെയാണ് ഷാജി അതിനോടുള്ള സ്നേഹ പ്രകടനം പോലും നടത്തുന്നത്. ആ പൊള്ളയായ സ്നേഹ പ്രകടനം അവസാനം നമുക്ക് കണ്ടറിയാൻ സാധിക്കുന്നുമുണ്ട്.
കൊല്ലപ്പെട്ട നായക്ക് വേണ്ടി പകരം ചോദിക്കാനെത്തുന്ന, അതിനായി സ്വന്തം ജീവൻ പോലും കളയാൻ തയ്യാറാകുന്ന തരത്തിലാണ് സുമേഷ് മൂറിന്റെ കഥാപാത്ര പ്രകടനമെങ്കിൽ ഷാജി സ്വന്തം ജീവന് വേണ്ടി നായയെ കൊലക്ക് കൊടുക്കാൻ തയ്യാറാകുന്നു. ഈ പ്ലോട്ടിൽ തന്നെയാണ് 'കള'യിലെ കലഹം രാഷ്ട്രീയ പ്രസക്തകമാകുന്നത്.
അടുത്തിറങ്ങിയ 'പാതാൾ ലോക്' വെബ് സീരീസിൽ അഭിഷേക് ബാനർജിയുടെ ത്യാഗി എന്ന കഥാപാത്രത്തിന്റെ ഒരു ചിന്തയാണ് ഓർത്തു പോകുന്നത്. If a Man likes Dog, he is a good Dog. If a Dog likes Man, he is a good Man. ഷാജിയുടെ നായക്ക് ആ തിരിച്ചറിവുണ്ട്. അവസാന സീനിൽ മൂറിനോടപ്പമുള്ള ബ്ലാക്കിയുടെ സ്വതന്ത്രമായ ആ നടത്തം പോലും എന്തൊരു ഗംഭീരമായ നിലപാടാണ് പറഞ്ഞറിയിക്കുന്നത് എന്ന് നോക്കൂ.

ആകെ മൊത്തം ടോട്ടൽ = ഒരു പ്രമേയം എന്താണെന്നതിനേക്കാൾ ആ പ്രമേയം തിരക്കഥയിലേക്ക് എങ്ങിനെ പടർത്തി എഴുതപ്പെടുന്നു അല്ലെങ്കിൽ സിനിമയിൽ എങ്ങിനെ അവതരിപ്പിക്കപ്പെടുന്നു എന്നതിനാണ് പ്രസക്തി എന്ന് തോന്നിയിട്ടുണ്ട്. രോഹിതിന്റെ 'കള' പ്രമേയത്തിനെക്കാൾ അതിന്റെ ഗംഭീരമായ അവതരണം കൊണ്ടാണ് മികച്ചു നിൽക്കുന്നത്.

*വിധി മാർക്ക് =8/10

-pravin-

Wednesday, June 2, 2021

എന്നാലും എന്റെ മോഹൻ കുമാരോ !!


പ്രത്യേകിച്ച് വലിയ കഥയൊന്നുമില്ലെങ്കിലും ഉള്ള കഥയെ ഒരു ഫീൽ ഗുഡ് സിനിമയാക്കി മാറ്റാൻ ജിസ് ജോയിക്ക് സാധിക്കാറുള്ളതാണ്. ആ ഒരു മിനിമം ഗ്യാരണ്ടി തന്നെയായിരുന്നു ജിസ് ജോയ് സിനിമകളുടെ പ്രത്യേകതയും. അങ്ങിനെ നോക്കുകയാണെങ്കിൽ മുൻകാല ജിസ് ജോയ് സിനിമകളുടെ കൂട്ടത്തിൽ പെടുത്താൻ പോലും സാധിക്കുന്നില്ല 'മോഹൻകുമാർ ഫാൻസി'നെ.

ബോബി സഞ്ജയുമാർ ജിസ് ജോയിക്ക് കൊടുത്ത കഥയുടേതാണോ അതോ ജിസ് ജോയുടെ തിരക്കഥയുടെ കുഴപ്പമാണോ എന്നൊന്നും അറിയില്ല 'മോഹൻകുമാർ ഫാൻസി'ൽ നിന്ന് തൃപ്തികരമായ ഒരു ഘടകവും കണ്ടെടുക്കാൻ പറ്റിയില്ല.

മുപ്പത് വർഷം മുന്നേ താരമായിരുന്ന ഒരു നടന്റെ തിരിച്ചു വരവും ആ നടന്റെ ഭാഗ്യമില്ലായ്‌മയും വിധിയുമൊക്കെ പ്രധാന പ്രമേയമാക്കുന്ന സിനിമയുടെ കഥ വെറും മോഹൻ കുമാറിൽ ഒതുങ്ങി പോകുകയാണ് ചെയ്തത്. വിനയ് ഫോർട്ടിന്റെ യങ് സൂപ്പർ സ്റ്റാർ ആഘോഷ് മേനോൻ സരോജ് കുമാറിന്റെ തന്നെ മറ്റൊരു പരിവേഷമായി അനുഭവപ്പെടുത്തിയപ്പോൾ മുകേഷിന്റെ പ്രകാശ് ഓർമ്മപ്പെടുത്തിയത് പഴയ ആ ബേബിക്കുട്ടനെ തന്നെയായിരുന്നു.

സ്ഥിരം ജിസ് ജോയ് സിനിമകളിൽ കാണുന്നവരൊക്കെ ഏറെക്കുറെ വലിയ വ്യത്യാസമില്ലാതെ ഈ സിനിമയിലും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അവർക്കൊന്നും ഈ സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ആകെ ചെയ്യാനുണ്ടായിരുന്നത് സിദ്ധീഖിന് മാത്രമാണ്.

സിദ്ധീഖ് മികച്ച നടനെങ്കിലും സമീപ കാലത്തായി അദ്ദേഹത്തിന്റെ ചുണ്ടു വിറച്ചു കൊണ്ടുള്ള അഭിനയം ആവർത്തന വിരസമായി കൊണ്ടിരിക്കുകയാണ് എന്ന് പറയാതെ വയ്യ. മോഹൻകുമാർ എന്ന കഥാപാത്രത്തിന്റെ വൈകാരിക മുഹൂർത്തങ്ങളിൽ സിദ്ധീഖിനെ വീണ്ടും അങ്ങിനെ കാണാൻ ബുദ്ധിമുട്ടി.

സലിം അഹമ്മദിന്റെ 'ആൻഡ് ദി ഓസ്‌ക്കാർ ഗോസ് ടു' സിനിമയിൽ നായകനായ ഇസഹാഖ് തന്റെ സിനിമയെ ഓസ്‌ക്കാർ അവാർഡിനായി മാർക്കറ്റ് ചെയ്യാൻ പെടാപാട് പെടുന്നതിന് സമാനമായി ഇവിടെ മോഹൻകുമാറിന് ദേശീയ അവാർഡ് കിട്ടാൻ വേണ്ടിയുള്ള അവസാന നിമിഷ തയ്യാറെടുപ്പുകളാണ് ഒരു പോരാട്ടമെന്ന കണക്കെ അവതരിപ്പിക്കുന്നത്.

അവസാന സീനുകളിൽ ട്വിസ്റ്റുകൾ ഉണ്ടാക്കുന്നതിലെ തന്റെ മിടുക്ക് ജിസ് ജോയ് 'മോഹൻ കുമാർ ഫാൻസി'ലും പ്രയോജനപ്പെടുത്തുന്നുണ്ട്. എങ്കിലും പറഞ്ഞല്ലോ മൊത്തത്തിൽ ഒരു പതിവ് ജിസ് ജോയ് സിനിമയുടെ ആസ്വാദനം സിനിമക്ക് തരാൻ സാധിച്ചില്ല.

ആകെ മൊത്തം ടോട്ടൽ = ഇത് വരെ കണ്ടിട്ടുള്ള ജിസ് ജോയ് സിനിമകളെ വച്ച് നോക്കുമ്പോൾ നിരാശപ്പെടുത്തിയ സിനിമാനുഭവം.

*വിധി മാർക്ക് = 4/10
-pravin-

Tuesday, June 1, 2021

വേട്ടയാടപ്പെടുന്ന സത്യം ..ഇരയാക്കപ്പെടുന്ന നീതി !!


സോഷ്യൽ മീഡിയാ യുഗത്തിൽ ഒരു കൈ വിരൽ തുമ്പ് കൊണ്ട് ഏത് വിഷയത്തിലും പ്രതികരണവും പ്രതിഷേധവും വേണ്ടി വന്നാൽ ഒരു വിപ്ലവം പോലും സൃഷ്ടിക്കാൻ ശേഷിയുള്ള നമുക്ക് മുന്നിൽ വെറും ഒരു സിനിമ മാത്രമായി ഒതുങ്ങുന്നില്ല 'നായാട്ട്'. അത് മനസ്സിനെ വേട്ടയാടുന്ന ഓർമ്മപ്പെടുത്തലോ അതുമല്ലെങ്കിൽ ഒരു മുന്നറിയിപ്പോ കൂടിയാണ്.
നമുക്ക് പ്രതികരിക്കാൻ വേണ്ടി ലഭിക്കുന്ന അനവധി നിരവധി വാർത്തകളിൽ പ്രത്യേകിച്ച് വ്യക്തികളുടെ പേരും ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയങ്ങളിൽ നമ്മളെടുക്കുന്ന നിലപാടുകൾക്ക് പ്രസക്തിയുണ്ടെങ്കിലും അതിലെ സത്യം എന്താണെന്ന് അന്വേഷിക്കാൻ ആഗ്രഹിക്കുന്നവർ ചുരുക്കമായിരിക്കും.
പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന നിലപാടുകളിൽ മാത്രം അഭിരമിക്കുന്നവരും, ഏത് വിധേനയും തങ്ങളുടെ തല്പര കക്ഷികൾ ന്യായീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം എന്ന് ആഗ്രഹിക്കുന്നവരുമൊക്കെ കൂടിയാണ് നമ്മുടെ നാട്ടിലെ ജനാധിപത്യത്തെയും നീതി ന്യായ വ്യവസ്ഥയേയും തീർത്തും അപലപനീയമായ ഒരു അവസ്ഥയിലേക്കെത്തിച്ചത്.

പൊലീസായാലും വക്കീലായാലും പട്ടാളമായാലും മീഡിയക്കാരായാലും അവരുടെ നായാട്ടിൽ സത്യത്തിനും നീതിക്കുമല്ല ഭരണകൂട താൽപ്പര്യങ്ങൾക്കാണ് മുൻതൂക്കം. അഥവാ അവരുടെ കൂട്ടത്തിൽ നിന്ന് ആർക്കെങ്കിലും അതിനെതിരെ നിൽക്കണം എന്ന് തോന്നിയാൽ പോലും അവരും ഭരണകൂടത്തിന്റെ ഇരകളായി മാറിയേക്കാം.
മണിയനും പ്രവീണും സുനിതയുമൊക്കെ അവര് പോലുമറിയാതെ ആരുടെയൊക്കെയോ വേട്ടപ്പട്ടികൾ ആയിരുന്നു. ഗുണ്ടകൾക്ക് പോലും കൊട്ടേഷൻ എടുക്കാനും എടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് പക്ഷെ പോലീസുകാർക്ക് അതില്ല എന്ന് മണിയൻ പറയുന്നതും അത് കൊണ്ടൊക്കെ തന്നെ.
രാഷ്ട്രീയ പ്രബുദ്ധരെല്ലാം ജാതീയതക്ക് എതിരാണെങ്കിലും ജാതി വോട്ടുകൾക്ക് എതിരല്ല. ജാതി സമുദായ വോട്ടുകളുടെ എണ്ണം നോക്കി നിലപാട് പറയുന്നവർ കേരള രാഷ്ട്രീയത്തിലുമുണ്ടല്ലോ. അധികാരം നിലനിർത്താൻ പോലീസിനെയും നിയമ വ്യവസ്ഥിതികളേയും ജനാധിപത്യ വിരുദ്ധമായി ഉപയോഗിക്കുന്നവരെ തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന ജനങ്ങൾ അന്ധരാണ്. അവരുടെ തെറ്റായ വോട്ടിങ്ങിലൂടെ ജനാധിപത്യമെന്ന ആശയവും ഇരുളിലായി പോകുന്നതായി കാണിക്കുന്നു 'നായാട്ട്'.

അധികാര രാഷ്ട്രീയത്തിന്റെ ഗർവ്വും അധികാരത്തിനായുള്ള കുടില നീക്കങ്ങളുമെല്ലാം മിനിസ്റ്റർ കഥാപാത്രത്തിലൂടെ ഗംഭീരമായി അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നു ജാഫർ ഇടുക്കി.
കുഞ്ചാക്കോ ബോബന്റെ പ്രവീൺ മൈക്കിളും നിമിഷയുടെ സുനിതയുമൊക്കെ ഇരകളുടെ പ്രതീക്ഷയറ്റ മുഖങ്ങളായി മനസ്സിൽ തറഞ്ഞു നിക്കുമ്പോൾ ജോജുവിന്റെ ASI മണിയൻ എന്ന കഥാപാത്രം മനസ്സിനെ വേട്ടയാടും വിധം ഇപ്പോഴും തൂങ്ങിയാടുകയാണ്.
ആകെ മൊത്തം ടോട്ടൽ = കഥയും കഥാപാത്രങ്ങളും കഥാ സാഹചര്യങ്ങളുമെല്ലാം വ്യത്യാസപ്പെടുമ്പോഴും എവിടെയൊക്കെയോ വെട്രിമാരന്റെ 'വിസാരണൈ' യെ ഓർമ്മപ്പെടുത്തുന്നു മാർട്ടിൻ പ്രക്കാട്ടിന്റെ 'നായാട്ട്'. ഷൈജു ഖാലിദിന്റെ ക്യാമറയും മഹേഷ് നാരായണന്റെ കത്രികയും വിഷ്ണു വിജയുടെ സംഗീതവും കൂടി ചേർന്നപ്പോൾ മാർട്ടിന്റെ 'നായാട്ട്' പ്രേക്ഷക മനസ്സുകളെയാണ് വേട്ടയാടിയത്.

*വിധി മാർക്ക് = 8/10

-pravin-