Wednesday, January 31, 2024

എബ്രഹാം ഓസ്‌ലറും അലക്‌സാണ്ടർ ജോസഫും !!

കുറ്റമറ്റ സിനിമയൊന്നുമല്ല .കഥാപരമായ പുതുമകളും അവകാശപ്പെടാനില്ല. എന്നിട്ടും എബ്രഹാം ഓസ്‌ലർ ആദ്യാവസാനം വരെ ബോറടിക്കാതെ തന്നെ കണ്ടു.

വിഷാദ രോഗം പിടിപെട്ട ACP കഥാപാത്രത്തെ ജയറാം മോശമാക്കിയില്ല .. മനസ്സിനെ ബാധിച്ച വിഷാദവും ശരീരത്തെ ബാധിച്ച അവശതയും വർദ്ധക്യവുമൊക്കെ എബ്രഹാം ഓസ്‌ലറിന്റെ ഓരോ ചലനത്തിലും കാണാൻ സാധിക്കും.

ഇത്തരം കുറ്റാന്വേഷണ സിനിമകളിലെ പോലീസ് കഥാപാത്രങ്ങൾക്ക് കിട്ടുന്ന സ്‌ക്രീൻ പ്രസൻസൊന്നും ജയറാമിനില്ല. പകരം അദ്ദേഹത്തിന്റെ ടൈറ്റിൽ വേഷത്തെ മറി കടക്കും വിധം മമ്മുക്കയുടെ കഥാപാത്രം സിനിമയെ കൈയ്യാളുന്നു. അജ്‌ജാതി ഒരു എൻട്രി തന്നെയായിരുന്നു മമ്മുക്കയുടേത്. 


മമ്മുക്കയെ പോലൊരാൾക്ക് പെർഫോം ചെയ്യാൻ മാത്രമുള്ള കഥാപാത്രമൊന്നുമില്ല എന്ന് പറയുമ്പോഴും ആ കഥാപാത്രം പുള്ളി ചെയ്തത് കൊണ്ട് മാത്രം സിനിമയിൽ ഉണ്ടാകുന്ന ഒരു ഓളം ഉണ്ടല്ലോ ..ആ മമ്മൂട്ടി എഫക്ട് തന്നെയാണ് എബ്രഹാം ഓസ്‌ലറിന്റെ പവർ കൂട്ടിയത്.

ഫ്ലാഷ് ബാക്ക് സീനുകളിൽ അഭിനയിച്ചിട്ടുള്ള പുതിയ പിള്ളേരെല്ലാം സൂപ്പറായിരുന്നു. 

അനശ്വര തനിക്ക് കിട്ടിയ റോൾ മനോഹരമായി തന്നെ ചെയ്തിട്ടുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും നടിയെന്ന നിലക്ക് അനശ്വരയുടെ ഗ്രാഫ് ഉയരുന്നു.

സെന്തിൽ- ആര്യ സലിം ടീമിന്റെ പോലീസ് കഥാപാത്രങ്ങളൊന്നും അന്വേഷണ സീനുകളിൽ വേണ്ട രീതിയിൽ ശോഭിച്ചു കണ്ടില്ല.

അനൂപ് മേനോനൊക്കെ ടൈപ്പ് വേഷങ്ങളിൽ നിന്ന് വിരമിക്കേണ്ട കാലമായിരിക്കുന്നു. 

ജയറാമും മമ്മൂട്ടിയുമൊക്കെ നിറഞ്ഞു നിൽക്കുന്ന അതേ സ്‌ക്രീനിൽ അധികം മിണ്ടാട്ടമൊന്നുമില്ലാതെ കുറഞ്ഞ സീനുകളിലൂടെ ജഗദീഷിന്റെ ഒരു പകർന്നാട്ടമുണ്ട്. ശരീര ഭാഷ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടുമൊക്കെ സമീപ കാല സിനിമകളിലൂടെ അദ്ദേഹം നമ്മളെ ഞെട്ടിച്ചു കൊണ്ടേയിരിക്കുന്നു. 

കഥാപരമായ പുതുമകളേക്കാൾ ജയറാം, മമ്മൂട്ടി, ജഗദീഷ് അടക്കമുള്ള താരങ്ങളുടെ ഇമേജ് ബ്രേക്കിംഗ് പ്രകടനങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് പറഞ്ഞാലും തെറ്റില്ല.

©bhadran praveen sekhar

Thursday, January 18, 2024

നേരു'ള്ള സിനിമ !!




വലിയ കാൻവാസിലുള്ള ബിഗ് ബജറ്റ് പടങ്ങൾ പോലും തുടങ്ങി അര മണിക്കൂറാകുമ്പോഴേക്കും അടപടലം നിരാശ സമ്മാനിക്കുന്ന ഈ കാലത്ത് കോർട്ട് റൂം ഡ്രാമ ജോണറിൽ പെടുന്ന ഒരു സിനിമയിലേക്ക് ആദ്യാവസാനം വരെ പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിച്ചു നിർത്തുക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്.

ദൃശ്യം പോലുള്ള ഒരു കഥയല്ല 'നേരി'ന്റെത് എന്ന് പറയുമ്പോഴും 'ദൃശ്യ'ത്തിന് സമാനമായ മേക്കിങ് ശൈലികളിൽ കൂടെ സിനിമ കാണുന്ന പ്രേക്ഷകർക്ക് വൈകാരികമായ പിരിമുറുക്കങ്ങൾ സമ്മാനിക്കുന്നുണ്ട് ജിത്തു ജോസഫ്.

സസ്‌പെൻസും ട്വിസ്റ്റുകളും ഒന്നും പ്രതീക്ഷിക്കേണ്ടാത്ത, എന്ത് നടക്കുമെന്ന് ഏറെക്കുറെ ഊഹിക്കാൻ പറ്റുന്ന കഥയായിട്ടും, ഒരു സസ്പെൻസ് സിനിമയുടെ രോമാഞ്ചിഫിക്കേഷൻ ക്ലൈമാക്സിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചതൊക്കെ ജിത്തു ജോസഫ് എന്ന സംവിധായകന്റെ മാത്രം കഴിവാണ്.
സിനിമയിലെ കേസിന് ആസ്പദമായ റേപ്പ് പലയിടത്തായി ആവർത്തിച്ച് ദൃശ്യവത്ക്കരിച്ചു കാണിക്കേണ്ടിയിരുന്നതിന്റെ ആവശ്യകത ഉണ്ടായിരുന്നില്ല എന്ന് തോന്നിപ്പോയി.

കോടതി വ്യവഹാരങ്ങളും ഇടപെടലുകളും അനുബന്ധ പ്രക്രിയകളുമൊക്കെ ഗംഭീരമായി തന്നെ അവതരിപ്പിച്ച സിനിമ എന്ന നിലക്ക് കൂടി ശ്രദ്ധേയമാകുന്നു 'നേര്'. മാത്യു വർഗ്ഗീസ് അവതരിപ്പിച്ച മുഴുനീള ജഡ്ജ് വേഷമൊക്കെ ആ തലത്തിൽ മികച്ചു നിന്നു.

മോഹൻലാൽ, സിദ്ധീഖ്, ടീമിന്റെ വാദ പ്രതിവാദ രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റ് ആയി നിൽക്കുമ്പോഴും അനശ്വര രാജന്റെ പ്രകടനം എല്ലാവരേക്കാളും ഒരു പടി മുകളിലേക്ക് അത്ഭുതകരമായി ചെന്നെത്തി നിൽക്കുന്നുണ്ട്.

കഥാപാത്രങ്ങളുടെ റിയാക്ഷൻസിനു പ്രത്യേകം പ്രാധാന്യം കൊടുത്തു കാണാം സിനിമയിൽ. ക്ലൈമാക്സ് സീനുകളിൽ അതേറ്റവും ഗംഭീരമായി തന്നെ പകർത്തി വച്ചിട്ടുണ്ട്.

പരിമിതമായ കഥാ പരിസരത്ത് നിന്ന് കൊണ്ട്, കോടതിമുറിക്കുള്ളിലെ ആ നാല് ചുവരുകൾക്കിടയിൽ സിനിമയുടെ ദൃശ്യപരിചരണത്തെ മികവുറ്റതാക്കി മാറ്റാൻ സതീഷ് കുറുപ്പിന്റെ കാമറയ്ക്ക് സാധിച്ചു.
പ്രമേയത്തെയും അതിന്റെ വൈകാരികതകളെയും ഉൾക്കൊള്ളുകയും എന്നാൽ അതിനമപ്പുറമുള്ള യാതൊരു ഗിമ്മിക്കുകളിലേക്കും പോകാതെ മിതത്വം പാലിച്ച സംഗീതമായിരുന്നു വിഷ്ണു ശ്യാമിന്റെത്. അത് കൊണ്ട് തന്നെ ആഘോഷിക്കപ്പെടുന്ന സംഗീതമല്ല 'നേരി'ന്റെത്. പകരം ക്ലൈമാക്സ് സീനുകളിലെല്ലാം ആ സംഗീതം നമ്മുടെ മനസ്സും കണ്ണും നിറക്കുകയാണ്.

റേപ്പ് കേസുകൾ കോടതിയിൽ വിചാരണ ചെയ്യപ്പെടുമ്പോൾ, അത് കോടതിക്ക് പുറത്ത് ചർച്ച ചെയ്യപ്പെടുമ്പോൾ, അതെല്ലാം ഇരയെയും കുടുംബത്തെയും മാനസികമായി എങ്ങിനെയൊക്കെ ബാധിക്കുന്നുണ്ടെന്ന് കൃത്യമായി ബോധ്യപ്പെടുത്താൻ സാധിച്ചത് 'നേരി'ന്റെ വിജയമാണ്.

ഇത്തരം കേസുകളിൽ കോടതിയിൽ നിന്ന് ഇരക്ക് നീതി കിട്ടിയാൽ തന്നെ അതെല്ലാം എത്ര മാത്രം കഠിനമായ പ്രക്രിയകൾക്ക് ശേഷമാണ് എന്ന് ആലോചിക്കുമ്പോൾ 'നീതി'ദേവതയുടെ കണ്ണ് വെറുതെ മൂടിക്കെട്ടിയതല്ല എന്നേ പറയാൻ തോന്നുന്നുള്ളൂ.

ഒരു വലിയ ഇടവേളക്ക് ശേഷം മോഹൻലാൽ എന്ന താരത്തെ വിട്ട് അദ്ദേഹത്തിലെ നടനെ വീണ്ടും ഉപയോഗപ്പെടുത്തി കണ്ടതിൽ സന്തോഷം.

പ്രമേയം കൊണ്ടും അവതരണം കൊണ്ടുമൊക്കെ ഈ സിനിമ പറഞ്ഞു വച്ച 'നേരി'ന്റെ രാഷ്ട്രീയം സമൂഹത്തിൽ കൂടുതൽ ചർച്ച ചെയ്യപ്പെടട്ടെ.

©bhadran praveen sekhar