Thursday, March 12, 2020

അന്വേഷണങ്ങളുടെയും രഹസ്യങ്ങളുടെയും 'ഫോറൻസിക്' !!


ഒരു കാലം വരെ പോലീസും സി.ഐ.ഡികളും മാത്രം കേസ് അന്വേഷണങ്ങൾ നടത്തിയിരുന്ന മലയാള സിനിമയിൽ സേതുരാമയ്യർ സി.ബി.ഐ വന്നപ്പോൾ കിട്ടിയ പുതുമ ചെറുതല്ലായിരുന്നു. കേസ് അന്വേഷണ രീതികളിലെ പുതുമകൾ അതിലെ ഒരു പ്രധാന ഘടകമാണ്.

'അഞ്ചാം പാതിരാ'യിൽ ക്രിമിനൽ സൈക്കോളജിസ്റ്റ് ഡോക്ടർ അൻവർ ഹുസ്സൈൻ കേസ് അന്വേഷണത്തിലേക്ക് എത്തിപ്പെടുന്നത് അയാളുടെ പ്രൊഫഷന്റെ പശ്ചാത്തലത്തിലാണ്. സമാനമായി എല്ലാ കേസ് അന്വേഷണങ്ങളിലും പ്രൊഫഷണലുകളുടെ കണ്ടെത്തലുകളും അഭിപ്രായങ്ങളുമൊക്കെ നിർണ്ണായക വഴിത്തിരിവുകൾ ഉണ്ടാക്കാറുണ്ട്. അക്കൂട്ടത്തിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ഫോറൻസിക് ഉദ്യോഗസ്ഥർ.

ഫോറൻസിക് സയൻസും ഉദ്യോഗസ്ഥനുമൊക്കെ ഒരു ക്രൈം ത്രില്ലർ സിനിമയുടെ കേന്ദ്ര ഭാഗങ്ങളായി വരുന്നു എന്നതാണ് 'ഫോറൻസിക്കി'ന്റെ പുതുമ. ഒരു ഫോറൻസിക് ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകൾക്കും അയാളുടെ നിഗമനങ്ങൾക്കുമൊക്കെ ഒരു കേസ് അന്വേഷണത്തിൽ എത്രത്തോളം പങ്കുണ്ടെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് അഖിൽ പോൾ - അനസ് ഖാന്റെ 'ഫോറൻസിക്'.

'അഞ്ചാം പാതിരാ'യിൽ ഇന്ദ്രൻസിന്റെ റിപ്പർ രവി എന്ന സൈക്കോ കഥാപാത്രം തന്റെ ഭൂതകാലത്തെ കുഞ്ചാക്കോ ബോബന്റെ അൻവർ ഹുസ്സൈന് വിവരിച്ചു കൊടുക്കുന്ന രംഗമുണ്ട്. സിനിമയിൽ ചെറിയ കഥാപാത്രമെങ്കിലും റിപ്പർ രവിയാണ് അഞ്ചാം പാതിരായുടെ കഥാന്തരീക്ഷത്തിന്റെ ഒരു മൂഡ് പ്രേക്ഷകനിലേക്ക് ആദ്യമേ എത്തിക്കുന്നത്. ഏറെക്കുറെ റിപ്പർ രവി പറഞ്ഞു വച്ച അയാളുടെ ഭൂതകാലത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് 'ഫോറൻസി'ക്കും അതിന്റെ ട്രാക്ക് പിടിക്കുന്നത്.

Psychopath's crime doesn't have a motive, the crime itself is his motive എന്നൊക്കെ എഴുതി തുടങ്ങുന്ന സിനിമയെ സംബന്ധിച്ച് മികച്ച ഒരു തുടക്കവും ആദ്യപകുതിയുമൊക്കെ സമ്മാനിക്കാൻ അഖിൽ പോൾ - അനസ് ഖാൻ ടീമിന് സാധിച്ചിട്ടുണ്ട്. പക്ഷേ ആദ്യ പകുതി പിന്നീടുമ്പോൾ ഇപ്പറഞ്ഞതെല്ലാം മറന്നു കൊണ്ടുള്ള അലസമായ അവതരണമായി മാറുന്നു എന്നതാണ് സിനിമയിലെ നിരാശ.

സൈക്കോപാത്തും സീരിയൽ കില്ലിങ്ങുമൊക്കെ പ്രമേയമായിട്ടുള്ള മുൻകാല സിനിമകളിലെ പല സീനുകളും ഷോട്ടുകളുമൊക്കെ 'ഫോറൻസിക്കി'ലും ആവർത്തിക്കുന്നുണ്ട് . പുതുമ ഉണ്ടെന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ച സിനിമ തന്നെ അത് മാറ്റിപ്പറയിപ്പിക്കുന്നതും അങ്ങിനെയാണ്.

ആകെ മൊത്തം ടോട്ടൽ = പ്രമേയം കൊണ്ടും ട്വിസ്റ്റുകൾ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും അവതരണ ചടുലത കൊണ്ടുമൊക്കെ പ്രേക്ഷകനെ പിടിച്ചിരുത്താൻ സാധിക്കുമ്പോഴും സാഹചര്യം ആവശ്യപ്പെടുന്നതിനപ്പുറമുള്ള വയലൻസ് സീനുകളും, ഒട്ടുമേ യുക്തി ഭദ്രമല്ലാതെ പറയുന്ന ക്രൈം സീനുകളും, അതിനു പിന്നിലെ കാര്യ കരണങ്ങളുമൊക്കെ കല്ല് കടികളായി മാറുന്നുണ്ട്.സൈക്കോപാത്തുകൾക്ക് പ്രായ പരിധികളൊന്നുമില്ല കുട്ടികൾ പോലും സീരിയൽ കില്ലറായി മാറിയ സംഭവങ്ങൾ നടന്നിട്ടുണ്ട് എന്നൊക്കെ വിശദീകരിക്കുന്ന സിനിമ തന്നെ കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുന്ന രീതിയിൽ ക്രൈം സീനുകൾ ചിത്രീകരിച്ചു വച്ചിരിക്കുന്നത് കുടുംബ സഹിതം സിനിമ കാണാൻ വരുന്നവർക്ക് സഹിക്കാൻ പറ്റണമെന്നില്ല.

*വിധി മാർക്ക് = 6.5/10 

-pravin- 


Sunday, March 8, 2020

ട്രാൻസ് - ആത്മീയ ചൂഷണങ്ങളും വ്യാപാരങ്ങളും !!

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കാറൽ മാർക്സിന്റെ പ്രസ്താവനയുടെ ഒരു മികച്ച സിനിമാവിഷ്ക്കരമാണ് അൻവർ റഷീദിന്റെ 'ട്രാൻസ്'.

ഏറ്റവും ലാഭകരമായ വ്യാപാരം ലഹരിയുടേതാണെങ്കിൽ ഏറ്റവും നല്ല വിപണന സാധ്യതയുള്ള ലഹരിയാണ് മതവും വിശ്വാസവുമെന്ന് പറഞ്ഞു തരുന്നു സിനിമ.

അസുഖം വന്നാൽ ചികിത്സ വേണ്ട പ്രാർത്ഥനയും മന്ത്രിച്ചോതിയതും വഴിപാടുമൊക്കെ മതി എന്ന് വിശ്വസിച്ചു ജീവിക്കുന്ന ഒരു വലിയ വിഭാഗം ജനത നമുക്കിടയിൽ തന്നെയുണ്ട് എന്നിരിക്കെ 'ട്രാൻസ്' ഒരു എന്റർടൈൻമെന്റ് സിനിമാ കാഴ്ചയല്ല കണ്ടു ബോധ്യപ്പെടേണ്ട സത്യങ്ങളും കൂടിയാണ്.

മതത്തിന്റെ പേരിൽ നടക്കുന്ന ആത്മീയ വ്യാപാരങ്ങളും ചൂഷണങ്ങളും പ്രമേയവത്ക്കരിക്കപ്പെടുന്ന സിനിമയിലെവിടെയും മതം വിമർശിക്കപ്പെടാത്ത രീതിയിലാണ് വിൻസെന്റ് വടക്കൻ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ കുരു പൊട്ടുന്ന മതവികാരങ്ങൾക്കൊന്നും സിനിമയിൽ സ്ഥാനമില്ല. പക്ഷേ സിനിമയുടെ ഏറ് ശരിയായ രീതിയിൽ കൊള്ളേണ്ടവർക്ക് കൊള്ളും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

മോട്ടിവേഷണൽ സ്പീക്കറിൽ നിന്ന് ഒരു പാസ്റ്ററിലേക്കുള്ള വിജു പ്രസാദിന്റെ പരിണാമ വഴികളൊക്കെ ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട് സിനിമയിൽ.

കന്യാകുമാരിയിലെ ഒറ്റ മുറിയും കടലിന്റെ പശ്ചാത്തലവും, മുബൈയിലെ നഗരത്തിരക്കും കുടുസ്സുമുറികളുടെ തുറന്നിട്ട ജനലുകളും, ആൾക്കൂട്ടം നിറയുന്ന ഓഡിറ്റോറിയവും തൊട്ട് ആംസ്റ്റർഡാം വരെയുള്ള വിജുവിന്റെ ജീവിതത്തിലെ നിറമില്ലാത്തതും നിറമുള്ളതുമായ കാഴ്ചകളെ ഛായാഗ്രഹണ മികവു കൊണ്ട് വേറിട്ട് അടയാളപ്പെടുത്തുന്നു അമൽ നീരദ്.

വിജു പ്രസാദിന്റെ ഭൂത കാലവും വർത്തമാന കാലവും പറയുന്ന രംഗങ്ങളും, അയാളുടെയും കുഞ്ഞന്റെയും മാത്രവുമായ ഇടുങ്ങിയ ലോകവും കുഞ്ഞനോടുള്ള അയാളുടെ കരുതലുകളുമൊക്കെ വല്ലാത്തൊരു വൈകാരിക കഥാപാരിസരം ഉണ്ടാക്കുന്നുണ്ട് സിനിമയുടെ തുടക്കത്തിൽ.

ടൈറ്റിൽ കാർഡ് എഴുതി തെളിയും മുന്നേ തന്നെ 'ട്രാൻസ്' എന്ന സിനിമയെ നമ്മുടെ മനസ്സിലേക്ക് ചേക്കേറാൻ വിടുകയാണ് അൻവർ റഷീദ്. ട്രാൻസിലെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന കഥാഭാഗങ്ങളും അത് തന്നെ.

ചെറിയ രംഗങ്ങളിൽ വന്നു പോയ ശ്രീനാഥ്‌ ഭാസിയുടെയും വിനായകന്റേയുമൊക്കെ കഥാപാത്രങ്ങൾ പ്രകടന മികവുകൾ കൊണ്ട് ശ്രദ്ധേയമായപ്പോൾ സിനിമയിൽ മുഴുനീളെ ഉണ്ടായിട്ടും ചെമ്പൻ വിനോദിനൊന്നും വേണ്ടത്ര സ്‌ക്രീൻ പ്രസൻസ് പോലും കിട്ടാതെ പോകുന്നുണ്ട്. ഗൗതം മേനോന്റെ വില്ലൻ വേഷവും സൗബിന്റെ ചാനൽ അവതാരക വേഷവും നസ്രിയയുടെ പുതിയ ഗെറ്റപ്പിലുള്ള വരവുമൊക്കെ കൊള്ളാമായിരുന്നു.

റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനും സുഷിൻ ശ്യാം - ജാക്സൺ വിജയ് ടീമിന്റെ പശ്ചാത്തല സംഗീതവും ട്രാൻസിന്റെ ഭംഗി കൂട്ടുന്നതിൽ കാര്യമായൊരു പങ്കു വഹിച്ചിട്ടുണ്ട്.

2013 ൽ റിലീസായ ബാബു ജനാർദ്ദനന്റെ 'ഗോഡ് ഫോർ സെയിലി'ൽ പറഞ്ഞു വച്ച ചില കാര്യങ്ങളുടെ മികച്ച പുനരാവിഷ്ക്കാരമായി വേണമെങ്കിൽ ട്രാൻസിനെ പറഞ്ഞു വക്കാം. 'ഗോഡ് ഫോർ സെയിലി'ൽ സ്വയം ദൈവാവതാരമായി പ്രഖ്യാപിച്ച പ്രസന്നൻ നായർ വിശ്വാസി സമൂഹത്തിനു മുന്നിൽ സ്വാമി പൂർണ്ണാനന്ദയായി മാറുമ്പോൾ അതിന്റെ മറ്റൊരു പതിപ്പെന്നോണം ട്രാൻസിൽ മോട്ടിവേഷണൽ സ്‌പീക്കർ വിജു പ്രസാദ് അത്ഭുത പ്രവർത്തികൾ നടത്തുന്ന പാസ്റ്റർ ജോഷ്വാ കാൾട്ടൻ ആയി മാറുന്നു എന്ന് മാത്രം.

തൊട്ടാൽ പൊള്ളുന്ന ഒരു വിഷയത്തെ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നിടത്തു ട്രാൻസ് മികച്ചു നിക്കുമ്പോഴും ആദ്യ പകുതിയിലെ പിരിമുറുക്കം രണ്ടാം പകുതിയിൽ ഇല്ലാതെ പോകുന്നുണ്ട്. അതിന്റെ കാരണം തിരക്കഥാപരമായ പോരായ്മയെന്നോ അതുമല്ലെങ്കിൽ തിരക്കഥയിൽ പറഞ്ഞു വച്ച കാര്യത്തെ ബോധ്യപ്പെടുത്താൻ സാധിക്കാതെ പോയ അവതരണത്തിലെ പാക പിഴയെന്നോ പറയാം.

അങ്ങിനെ ഒരു പോരായ്മ നിലനിൽക്കുമ്പോഴും രണ്ടാം പകുതിയെ മോശമാക്കി മാറ്റാതെ നിലനിർത്തുന്നത് ഫഹദ് ഫാസിലിന്റെ ഒറ്റയാൾ പ്രകടനമാണ്. അത്ര മാത്രം എനർജറ്റിക് ആയൊരു ഫഹദ് കഥാപാത്രത്തെ ഇത് വരേയ്ക്കും കണ്ടിട്ടില്ല. ആ തലത്തിൽ ട്രാൻസ് എന്നത് കഥാപാത്രങ്ങളിൽ നിറഞ്ഞാടുന്ന ഫഹദ് എന്ന നടന്റെ ഗംഭീര ട്രാൻസ്ഫോർമേഷന്റെ കൂടി സിനിമയായി മാറുന്നു.

ആകെ മൊത്തം ടോട്ടൽ = മികച്ച ആദ്യ പകുതിയും കൈ വിട്ടു പോയ രണ്ടാം പകുതിയുമാണ് ട്രാൻസ്. എന്നിരുന്നാലും മേക്കിങ് മികവും പറഞ്ഞു വയ്ക്കുന്ന വിഷയം കൊണ്ടും ഫഹദിന്റെ പ്രകടനം കൊണ്ടുമൊക്കെ ട്രാൻസ് വേറിട്ട ആസ്വാദനം തരുന്നു. 

*വിധി മാർക്ക് = 7/10 

-pravin- 

Wednesday, March 4, 2020

Midsommar - ആചാര വിശ്വാസങ്ങളുടെ ഭീകരത !

സ്വീഡനിലെ ഒരു പ്രത്യേക വിഭാഗം ജനങ്ങളുടെ ആചാര വിശ്വാസങ്ങളുടെ  ഭീകരത വെളിപ്പെടുത്തുന്ന ഒരു സിനിമയാണ് Midsommar. 

നോർഡിക് ചരിത്രാതീത കാലത്തെ    സ്വീഡിഷ് ജനതയുടെ   ഒരു അനുഷ്ഠാന ആചാരമായിരുന്ന  senicide (മരണത്തിലേക്ക് വലിച്ചെറിയൽ) നടത്തപ്പെട്ടിരുന്ന ചെങ്കുത്തായ മലനിരകളും പാറക്കൂട്ടങ്ങളും  Attestupa എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രായമായവരായിരുന്നു ഈ ആചാരത്തിന്റെ ഇരകൾ.  

72 വയസ്സ് തികയുന്ന  വൃദ്ധരെ  ആചാര അനുഷ്ഠാന പ്രകാരം കുളിപ്പിച്ച് സുന്ദരരാക്കി നല്ല ഭക്ഷണമൊക്കെ കൊടുത്ത ശേഷം ഉയരമുള്ള കുന്നിൻ മുകളിലേക്ക് രാജകീയമായി എടുത്തു കൊണ്ട്  പോകും. ശേഷം അവർ താഴെയുള്ള പാറയിലേക്ക്  ചാടി മരിക്കണം. അത് കാണാൻ പ്രാർത്ഥനയുമായി വിശ്വാസികളുടെ കൂട്ടം താഴെ നിര നിരയായി നിക്കും

ഏതെങ്കിലും കാരണവശാൽ താഴെ വീഴുന്നയാൾ ഉടനെ മരണപ്പെട്ടില്ലെങ്കിൽ വിശ്വാസികൾ നിലവിളിച്ചു കരയും. അയാളുടെ മോക്ഷത്തിനെന്ന പോലെ മറ്റൊരാൾ വീണു കിടന്നു പിടയുന്നയാളെ തലക്കടിച്ചു കൊല്ലും. ഇത് പോലെയുള്ള പല ക്രൂരമായ ചെയ്തികളെയും വിശ്വാസി സമൂഹം പുണ്യമായും പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ മടക്കമായുമൊക്കെ കാണുന്നു.   


ഈ സിനിമ കാണുമ്പൊൾ ഒരു പക്ഷെ നമ്മൾ ആലോചിക്കും ഈ കാലത്തും ഇങ്ങനെയൊക്കെയുള്ള ആചാരങ്ങൾ ലോകത്തുണ്ടാകുമോ അസംഭവ്യം എന്നൊക്കെ. പക്ഷെ ഒന്ന് അന്വേഷിച്ചാൽ തീരാവുന്ന സംശയങ്ങൾ മാത്രമാണിതൊക്കെ. ലോകത്തിന്റെ പല ഭാഗത്തും ഇതൊക്കെ നടപ്പുണ്ട്. പണ്ടത്തെ പോലെ പലതും പരസ്യമായി നടക്കുന്നില്ല എന്ന് മാത്രം.  

സ്വീഡന്റെ കാര്യം വിടൂ. ഇന്ത്യയിലേക്ക് വന്നാൽ  പത്തൊൻപതാം നൂറ്റാണ്ട് വരെ ഉത്തരേന്ത്യയിൽ സജീവമായി കൊണ്ടാടിയ ഒരു ആചാരമായിരുന്നല്ലോ സതി . ഭർത്താവ് മരിച്ച സ്ത്രീകൾ തീയിലേക്ക് ചാടി മരിക്കുക എന്ന ക്രൂരമായ ആചാരം. സ്വമേധയാ  ചാടിയിരുന്ന സ്ത്രീകളെക്കാൾ ചാടാൻ താല്പര്യമില്ലാതിരുന്ന സ്ത്രീകളാണ് ആ ആചാരത്തിന്റെ ഏറ്റവും ക്രൂരത അനുഭവിച്ചിരുന്നത്. രാജാറാം മോഹൻ റോയിയെ  പോലുള്ള സാമൂഹിക പരിഷ്ക്കർത്താക്കളുടെ പ്രവർത്തനങ്ങൾ കൊണ്ട് സതി നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും പിന്നീടും ഉത്തരേന്ത്യയിലെ  പലയിടത്തായി രഹസ്യമായി ആചരിക്കപ്പെട്ടു. 

ഇനി ഇതൊക്കെ ഉത്തരേന്ത്യയിൽ ചിലപ്പോ നടന്നേക്കാം നമ്മുടെ  ദക്ഷിണേന്ത്യയിൽ ഈ വക പരിപാടികളൊന്നും ഉണ്ടാവില്ല എന്നാണ് ധാരണയെങ്കിൽ അതും തെറ്റാണ്. 

തമിഴ് നാട്ടിലെ വിരുദനഗർ ജില്ലയിൽ വ്യാപകമായി നടത്തിയിരുന്ന ഒരു ആചാരമായിരുന്നു തലൈക്കൂത്തൽ. വൃദ്ധരായവരെ അവരുടെ തന്നെ കുടുംബാംഗങ്ങൾ കൊല്ലുന്നതാണ്  ആചാരം. Midsommar സിനിമയിലെ senicide ന്റെ മറ്റൊരു പതിപ്പ് എന്ന് നിസ്സംശയം പറയാവുന്ന ഒന്ന്. 

ഇരുപത്തിയാറോളം വ്യത്യസ്ത രീതികൾ ഇത്തരം ആചാര കൊലപാതകങ്ങൾക്കായി ഉപയോഗിക്കാറുള്ളതായി പറയപ്പെടുന്നു. സിനിമയിലെ സീനുകൾ പോലെ തന്നെ കൊല്ലേണ്ട വൃദ്ധരെ അല്ലെങ്കിൽ മാതാപിതാക്കളെ പുലർച്ചെ എഴുന്നേൽപ്പിച്ച് ഇരുത്തിയ  അവരുടെ മേലെ  മണിക്കൂറുകളോളം  നല്ലെണ്ണ ഒഴിച്ചു കൊണ്ടാണത്രേ ആചാരം തുടങ്ങുക. മാതാപിതാക്കളെ കൊല്ലാൻ മടിക്കുന്ന മക്കൾക്ക് വേണ്ടി പണം വാങ്ങി ഇതേ ആചാരം നടപ്പിലാക്കാൻ വേറെ ആളുകളും ഉണ്ട്. 

2010 വരേയ്ക്കും ഈ ആചാരം സജീവമായിരുന്നു ജില്ലയിൽ.  വയസ്സായവരുടെ മരണങ്ങളിൽ ദുരൂഹതകൾ അനുഭവപ്പെടാൻ തുടങ്ങിയ സമയം തൊട്ട് ഇപ്പോൾ ഈ ജില്ലകളിലെ വൃദ്ധരെ നിരീക്ഷിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ വരെ നിയമിക്കേണ്ടി വന്നു സർക്കാരിന്. 

പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ ചില സിനിമകൾ കാണുമ്പോൾ ഇതൊക്കെ നടക്കുമോ എന്ന് ചിന്തിച്ചാലും അതല്ല അതിലപ്പുറവും നമുക്ക് ചുറ്റും നടന്നിട്ടുണ്ട്, നടക്കുന്നുണ്ട് നടന്നിരിക്കാൻ സാധ്യതകൾ ഉണ്ട് എന്ന് അന്വേഷണങ്ങളിലൂടെ  അംഗീകരിക്കേണ്ടി വരും.  

മനുഷ്യൻ എത്ര പരിഷ്കൃതർ ചമഞ്ഞാലും ഇത് പോലെയുള്ള മത ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ മനുഷ്യനെ എത്രത്തോളം പ്രാകൃതരാക്കി മാറ്റിയെടുക്കുന്നു എന്ന് ബോധ്യപ്പെടുത്തി തരുന്നുണ്ട് ഇത്തരം ചില സിനിമകൾ. 

ആകെ മൊത്തം ടോട്ടൽ = ഒരു മസ്റ്റ് വാച്ച് പടമല്ലെങ്കിലും ആചാര വിശ്വാസങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭീകരതകൾ എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കാൻ വേണ്ടി കാണാവുന്ന ഒരു പടമാണ് Midsommar. ഈ സിനിമയിലെ മനോഹരമായ cinematography എടുത്തു പറയേണ്ട മികവാണ്.  Midsommar ൽ  ഭീകരവും അറപ്പുളവാക്കുന്നതുമായ ഓക്കാനിക്കുന്നതുമായ പല ആചാരങ്ങളുടെയും  ദൃശ്യാവിഷ്ക്കാരമുണ്ട്. അത് കൊണ്ട് തന്നെ മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമ കാണരുത് എന്നേ പറയാനുള്ളൂ. അതല്ല എന്തായാലും കാണണം എന്ന് തോന്നുന്നവർ ഉണ്ടെങ്കിൽ അവർ മാത്രം കണ്ടോളൂ. 

*വിധി മാർക്ക് = 7.5/10 

-pravin-