Friday, June 16, 2023

തീർത്തും വൈകാരികമാണ് ഈ അണ്ഡകടാഹം !!


അന്യനാടുകളിൽ വച്ച് മരിക്കുന്നവരുടെ മൃതദേഹം വിട്ടു കിട്ടാനും സ്വന്തം നാട്ടിലേക്ക് എത്തിക്കാനുമൊക്കെയുള്ള നിയമ നടപടികളും, പ്രതിസന്ധികളും, അത് അഭിമുഖീകരിക്കേണ്ടി വരുന്നവരുടെ മനസികാവസ്ഥകളുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട സിനിമയായിരുന്നു ഈ അടുത്ത് റിലീസായ തമിഴ് സിനിമ 'അയോത്തി'. കഥാപരമായല്ലെങ്കിലും മുഹാഷിന്റെ 'കഠിന കഠോരമീ അണ്ഡകടാഹം' പ്രമേയപരമായി എവിടെയൊക്കെയോ ആ സിനിമയെ ഓർമ്മപ്പെടുത്തി.

എവിടെ വച്ച് മരിച്ചവരായാലും പ്രിയപ്പെട്ടവരുടെ മൃതദേഹം അവസാനമായി ഒന്ന് കാണാൻ കാത്തിരിക്കേണ്ടി വരുന്നവരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതിലും വലുതാണ്. പ്രവാസികളും അവരുടെ കുടുംബവുമൊക്കെ ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നവരാണ് എന്നത് കൊണ്ട് ഈ സിനിമ ഏറ്റവും കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റുന്നതും അവർക്ക് തന്നെയാണ്.

കോവിഡ് രൂക്ഷമായി കൊണ്ടിരുന്ന കാലത്തെ ഒട്ടേറെ ഓർമ്മകളിലേക്ക് സിനിമ നമ്മളെ കൊണ്ട് പോകുന്നുണ്ട്. ജീവിക്കാൻ നെട്ടോട്ടമോടി കൊണ്ടിരിക്കുന്നവരെ കൂടുതൽ കഷ്ടത്തിലേക്ക് തള്ളി വിട്ട ആ കാലത്തിന്റെ ഓർമ്മപ്പെടുത്തലുകളിൽ നമുക്ക് അറിയാവുന്ന പലരുടെയും മുഖങ്ങൾ തെളിഞ്ഞു വരും.

ആളുകൾക്ക് ഒത്തു കൂടുന്നതിനും യാത്ര ചെയ്യാനുമൊക്കെ പ്രത്യേക നിയമങ്ങളും പ്രോട്ടോക്കാളുമൊക്കെ ഉണ്ടെന്ന് പറയുന്ന സമയത്തും പിടിപാടുള്ളവർക്ക് എന്തുമാകാം എന്ന യഥാർഥ്യത്തെ സിനിമ തുറന്നു കാണിക്കുന്നു.

ബേസിൽ, ഇന്ദ്രൻസ്, സുധീഷ്, ബിനു പപ്പു, നിർമ്മൽ പാലാഴി, ജാഫർ ഇടുക്കി, പാർവ്വതി, ശിബ്‌ല എല്ലാവരും നന്നായി ചെയ്തു. ശ്രീജാ രവി ഇത് വരെ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്നു ഈ സിനിമയിലെ ഉമ്മ വേഷം. 

ബച്ചു-ഉമ്മ കോംബോ സീനുകൾ . പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിലോക്കെ അവർ കാഴ്ച വച്ച പ്രകടനം എടുത്തു പറയാതാവില്ല. 

വാപ്പയും ഭർത്താവും വാപ്പുപ്പയും സുഹൃത്തും അങ്ങിനെ എല്ലാമായ കമറുദ്ധീൻ എന്ന കഥാപാത്രം സിനിമയിൽ ശബ്ദം കൊണ്ട് മാത്രം നിറഞ്ഞു നിൽക്കുന്നു. ആ ശബ്ദത്തിന്റെ സാന്നിധ്യവും അസാന്നിധ്യവും ഈ സിനിമയുടെ ഓരോ സീനുകളെയും അത്ര മാത്രം പുണർന്നു കിടക്കുന്നുണ്ട്.


ഈ സിനിമയെ നെഞ്ചോട് ചേർക്കുമ്പോൾ എടുത്തു പറയേണ്ട രണ്ടു മികവുകളായി മാറുന്നു ഗോവിന്ദ് വസന്തയുടെ സംഗീതവും റഫീഖ് ഉമ്പാച്ചി- പരാരി ടീമിന്റെ വരികളും.

'നീയില്ലാ മണിയറയുള്ളിൽ
ഞാനല്ലേ മഖ്ബറയുള്ളിൽ
നീയുള്ളോരായിരുളറയിൽ
ഞാനില്ലേ തീയെരിയായി... '

എന്തൊരു വിങ്ങലാണ് ആ വരികളിൽ സംഗീതം നിറയുമ്പോൾ .

ഉമ്മയുടെ ഭാഗത്ത് നിന്ന് കേൾപ്പിക്കുന്ന അതേ പാട്ടിന്റെ മറ്റൊരു വേർഷനിൽ വാപ്പ പാടുന്നു .

'നീയില്ലാ സ്വർഗ്ഗാരാമം....
പൂവില്ലാ മലർവനിയായി ..
നീയില്ലാതായിടമെല്ലാം
ഞാനെന്നും പരവശനായി
നീ ചേരാതെ നിന്‍ മാരന്
പറുദീസ രസിക്കൂല,
പോരൂ തോഴീ,
നീയണയൂ നാരീ..
വ്യസനിതനീ മാരന്റെ
ജന്നത്തിലെ വധുവാകൂ....'

ഭാര്യക്കും ഭർത്താവിനുമിടയിലെ സ്നേഹ ബന്ധങ്ങളുടെ ആഴം വരച്ചിടുന്ന വരികൾ.അവരുടെ വിരഹവും വേദനയുമൊക്കെ വരികൾക്കപ്പുറം അനുഭവഭേദ്യമാക്കുന്ന സംഗീതം.

സൗഹൃദവും പ്രണയവും കുടുംബവുമൊക്കെ ഇഴ ചേർന്ന് കിടക്കുന്ന മനോഹരമായ തിരക്കഥ ഈ സിനിമയുടെ നട്ടെല്ലാണ്. ഹർഷാദിന്റെ തിരക്കഥയോട് നീതി പുലർത്താൻ മുഹാഷിനിലെ സംവിധായകന് സാധിച്ചു.

'യാ റബ്ബേ..
ഒരു വേള സന്ദേഹിയായി..
ഈ ഞാനും വേദന താണ്ടുകയാലാൽ
അകലേ അകലേ..'

മഖ്ബറയിൽ നിന്ന് ഉയർന്ന് ആകാശത്തേക്ക് പൊങ്ങി പോകുന്ന ആ കാമറ കാഴ്ചയിൽ ഈ അണ്ഡകടാഹത്തെ കുറിച്ച് ചിന്തിക്കാൻ ഒരുപാടുണ്ട്.

ആകെ മൊത്തം ടോട്ടൽ = ഇത്രയും നല്ലൊരു സിനിമക്ക് കഠിന കഠോരമായൊരു പേരിട്ടവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്ന ചിന്ത മാത്രം ഇപ്പോഴും അവശേഷിക്കുന്നു. 

*വിധി മാർക്ക് = 7.5/10 

-pravin-