Saturday, December 22, 2012

ഹൃദയം കവരുന്ന 'കുംകി'


'മൈന' എന്ന ഹിറ്റ് സിനിമയ്ക്കു ശേഷം പ്രഭു സോളമന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സിനിമയാണ് "കുംകി". കുംകി എന്ന് പറഞ്ഞാല്‍ മലയാളത്തില്‍ നമ്മുടെ "താപ്പാന" എന്ന അര്‍ത്ഥമാണ്. (താപ്പാന എന്ന് കേട്ടിട്ട് ഞെട്ടണ്ട. നമ്മുടെ മമ്മുക്കയുടെ ആ താപ്പാന 'വേ' ഇത് 'റെ') മനുഷ്യന്മാരുടെ ശിക്ഷണത്തില്‍ വളരുന്ന ഇത്തരം താപ്പാനകളെ പ്രധാനമായും കാട്ടാനകളെ മെരുക്കാനാണ് ഉപയോഗിക്കുന്നത്. പക്ഷെ കഥയിലെ കുംകിക്ക് മറ്റൊരു ഉദ്ദേശ്യ ലക്ഷ്യമാണ്‌ ഉള്ളത്.

തമിഴ് നാട് - കേരള അതിര്‍ത്തിയിലെ ഒരു ഗ്രാമമാണ് സിനിമയിലെ പ്രധാന കഥാപശ്ചാത്തലം.പുരാതന  ആചാര അനുഷ്ടാന വിശ്വാസങ്ങളുമായി ജീവിച്ചു പോകുന്ന ഈ ഗ്രാമത്തിലെ ജനങ്ങള്‍ നേരിടുന്ന ഒരു പ്രധാന ഭീഷണിയാണ് കാട്ടാനകളുടെ ആക്രമണം. കൊമ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ഒരു കാട്ടാനയാണ് ഇക്കൂട്ടരുടെ കൃഷി നശിപ്പിക്കുകയും നിരവധി പേരെ കൊന്നൊടുക്കുകയും ചെയ്യുന്നത്. കൊമ്പനെ തുരത്താന്‍ വേണ്ടിയുള്ള ഫോറെസ്റ്റ് ഓഫീസര്‍മാരുടെ സഹായ സഹകരണങ്ങള്‍ ഗ്രാമത്തലവന്‍ തള്ളി കളയുകയും അവരെ ഒന്നിനും കൊള്ളാത്തവരായി വിലയിരുത്തുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് കൊമ്പനെ തുരത്താന്‍ നാട്ടില്‍ നിന്ന് ഒരു കുംക്കിയെ വരുത്തിക്കാന്‍ യോഗത്തില്‍ തീരുമാനവുമാകുന്നു. കുംക്കിയുമായി ഗ്രാമത്തിലേക്ക് ആര് വരും ? കുംക്കിയെ കൊണ്ട് കൊമ്പനെ തുരത്താന്‍ ആകുമോ ?  ഈ ചോദ്യമാണ് സിനിമ കാണാന്‍ പ്രേക്ഷകനെ ആദ്യമായി പിടിച്ചിരുത്തുന്നത്. 

ആദ്യ സീനിലുള്ള   കൊമ്പന്‍റെ വരവും ആക്രമണവും സിനിമയില്‍  ഒരു ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുന്നുണ്ട് എങ്കില്‍ പോലും പിന്നീടുള്ള സീനുകളില്‍ കൊമ്പന്‍റെ ഭീകരത മറ്റു കഥാപാത്രങ്ങളുടെ വര്‍ണനയില്‍ കൂടി മാത്രമേ ആസ്വദിക്കാന്‍ സാധിക്കുന്നുള്ളൂ. ഏറെക്കുറെ ആര്‍ക്കും ഊഹിച്ചെടുക്കാവുന്ന ഒരു ക്ലൈമാക്സ് ആണ് സിനിമക്കുള്ളത്. സിനിമയെ പ്രധാനമായും ആകര്‍ഷണകമാക്കുന്നത് ബൊമ്മനെന്ന നായകനും  (വിക്രം പ്രഭു )  മാണിക്യം എന്ന ആനയുമാണ്. ബൊമ്മനും മാണിക്യവും തമ്മിലുള്ള തീവ്ര ആത്മബന്ധം സിനിമയില്‍ സ്ഥാപിച്ചെടുക്കാന്‍ സംവിധായകന്‍ നന്നായി ശ്രമിച്ചിരിക്കുന്നു. പക്ഷെ അതിനടിയില്‍ കഥയിലേക്ക്‌ കയറി വരുന്ന നായകന്‍റെ പ്രണയവും മറ്റും പല സിനിമകളിലും നമ്മള്‍ കണ്ടു മടുത്ത അതേ പാത പിന്തുടരുന്നു. 

ബൊമ്മനായി എത്തുന്ന വിക്രം പ്രഭു, നായികയായ ലക്ഷ്മി മേനോന്‍ എന്നിവര്‍ പുതുമുഖങ്ങളുടെതായ  നല്ല പ്രകടനം കാഴ്ച വച്ചപ്പോള്‍ കൂട്ടത്തില്‍ അമ്മാവനായി അഭിനയിച്ച തമ്പി രാമയ്യയുടെ പ്രകടനം വേറിട്ടൊരു ആസ്വാദനമായി മാറുകയായിരുന്നു . മൈന സിനിമയിലേത് പോലെ തന്നെ തമ്പി രാമയ്യ ഈ സിനിമയിലും  തനിക്കു കിട്ടിയ സഹ നടന്‍റെ  വേഷം മികവുറ്റതാക്കി എന്ന് പറയേണ്ടിയിരിക്കുന്നു. ചെറുതാണെങ്കിലും തനിക്ക് കിട്ടിയ വേഷം കൊണ്ട് മലയാളി നടനായ ശ്രീജിത്ത്‌ രവിയും ഈ സിനിമയില്‍  തന്‍റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

 സിനിമയുടെ ഏറ്റവും വലിയ ഭംഗി ഏതെന്നു ചോദിച്ചാല്‍ സുകുമാറിന്റെ cinematography ആണെന്ന് കണ്ണടച്ച് പറയേണ്ടി വരും. അത്രക്കും മനോഹരമായാണ് ഓരോ സീനും സിനിമയില്‍ കടന്നു പോകുന്നത്. 

ആകെ മൊത്തം ടോട്ടല്‍ = മികച്ച  ദൃശ്യാവിഷ്ക്കാരത്തില്‍ കൂടി കഥ പറയുന്ന ഒരു കൊച്ചു സിനിമ. പ്രഭു സോളമന്റെ മൈനയെ താരതമ്യപ്പെടുത്തി കൊണ്ട് പറയുകയാണെങ്കില്‍ ഈ സിനിമക്ക് അത്ര കണ്ടു ആസ്വാദനം അവകാശപ്പെടാനില്ല എങ്കില്‍ പോലും ബൊമ്മനും മാണിക്യവും പ്രേക്ഷകരുടെ ഹൃദയം കവരുമെന്നതില്‍ തര്‍ക്കമില്ല. 

*വിധി മാര്‍ക്ക്‌ = 7/10 

-pravin- 

Wednesday, December 19, 2012

നീര്‍പറവെയ്


കഴിഞ്ഞ 25 വര്‍ഷത്തോളമായി  എസ്തര്‍ (നന്ദിത ദാസ്) കടലോരത്തുള്ള ആ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. കടലില്‍ മീന്‍ പിടിക്കാന്‍ പോയ തന്‍റെ കണവന്‍ അരുളപ്പ സാമി (വിഷ്ണു) ഇത് വരെയും തിരിച്ചു വന്നിട്ടില്ല. അയാള്‍ക്ക്‌ വേണ്ടി അവര്‍  ഇപ്പോഴും കാത്തിരിക്കുകയാണ്. മധ്യവയസ്ക്കയായ എസ്തറിനു ഒരു മകനുണ്ട്, ഒരു മരുമകളുണ്ട്. പക്ഷെ അവരുടെ കൂടെ താമസിക്കാന്‍  എന്ത് കൊണ്ടോ എസ്തര്‍ തയ്യാറല്ല. ഇപ്പോഴും ദുഃഖ സാന്ദ്രമായ മുഖത്തോടു കൂടി പ്രാര്‍ഥനയോടെ അവര്‍  കാത്തിരിപ്പ് തുടരുന്നു.  പക്ഷെ ഇതിങ്ങനെ പോയാല്‍ എവിടെയെത്തും ? 

ആ സമയത്താണ് മകനും മരു മകളും അമ്മയോട് ആ വീട് വിറ്റു തങ്ങളുടെ കൂടെ പോരാന്‍ ആവശ്യപ്പെടുന്നത്. അതിനുള്ള അവരുടെ മറുപടി എന്താണെന്ന് ഊഹിക്കാമല്ലോ. സമ്മതമായിരുന്നില്ല അവര്‍ക്ക്. അമ്മയെ ആ കാരണത്താല്‍ കുറ്റപ്പെടുത്തുന്ന   മകന്‍ തനിക്കു  വച്ച് നീട്ടിയ ഭക്ഷണം പോലും തട്ടിക്കളയുന്നു  . 

രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാതിരുന്ന മകനും മരുമകളും അമ്മയെ റൂമില്‍ ചെന്ന് നോക്കി. അമ്മ പക്ഷെ അവിടെയൊന്നും ഉണ്ടായിരുന്നില്ല. ആ രാത്രിയില്‍ വീട് വിട്ടു അമ്മയെങ്ങോട്ടു പോയി എന്നറിയാനായി പുറത്തിറങ്ങി നോക്കുന്ന മകനും മരുമകള്‍ക്കും കാണാന്‍ സാധിച്ചത് മറ്റൊരു കാഴ്ചയായിരുന്നു. വീടിനു പുറത്തു കുറച്ചു മാറിയിരുന്നു ഒരു മെഴുകുതിരി വെളിച്ചത്തില്‍ അമ്മ എന്തൊക്കെയൊ പറഞ്ഞു കരയുന്നുണ്ടായിരുന്നു. ഒറ്റക്കിരുന്ന് ആരോടോയിരിക്കാം അമ്മ സംസാരിക്കുന്നത് ? മകന്‍റെ  ആ അന്വേഷണത്തില്‍ കൂടിയാണ് കഥ വഴി പിരിയുന്നത്. എസ്തരിന്റെ വിവരണത്തില്‍ കൂടി അരുളപ്പസാമി ആരായിരുന്നു, എങ്ങിനെ മരിച്ചു എന്നതിനെ കുറിച്ച് പ്രേക്ഷകന്‍ അറിയുന്നു. 

സീനു രാമാസ്വാമിയോടൊപ്പം പ്രശസ്ത എഴുത്തുകാരന്‍ ജയമോഹന്‍ കൂടി ചേര്‍ന്നാണ് ഈ സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സീനു സംവിധാനം ചെയ്യുന്ന  മൂന്നാമാത്തെ സിനിമയാണ് ഇത്. എസ്തര്‍ എന്ന കഥാപാത്രത്തിന്റെ ചെരുപ്പ കാലം അവതരിപ്പിച്ചത് സുനൈനയാണ്. സുനൈനയെ പോലെ തന്നെ എസ്തരിന്റെ ഭര്‍ത്താവായി സ്ക്രീനില്‍ എത്തുന്ന വിഷ്ണുവും  തന്‍റെ കഥാപാത്രത്തെ മിതത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. 


സിനിമയുടെ ആശയം തികച്ചും സാമൂഹിക പ്രസക്തമാണ് എന്ന് മനസിലാക്കാന്‍ സാധിക്കുന്നത് ക്ലൈമാക്സില്‍ ആണ്. ഒര്‍ത്ഥത്തില്‍ നമ്മുടെ നീതി ന്യായ നിയമ വ്യവസ്ഥകള്‍ സിനിമയുടെ അവസാന ഭാഗത്ത്  ചോദ്യം ചെയ്യപ്പെടുന്നുണ്ട് എന്ന് വേണം കരുതാന്‍ . കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണ് എങ്കില്‍ പോലും കഥ പറഞ്ഞു വരുന്ന വഴിയില്‍ പലയിടങ്ങളിലും സിനിമ ആടിയുലയുന്നുണ്ട്. കഥയുടെ ഗതിക്കു ഇഴച്ചില്‍ സംഭവിച്ചത് സംവിധായകന്‍റെ കഴിവ് കേടായി വിലയിരുത്താന്‍ എന്ത് കൊണ്ടോ  മനസ്സ് വരുന്നില്ല. 

ആകെ മൊത്തം ടോട്ടല്‍ = സാമൂഹിക പ്രസക്തമായ ഒരു വിഷയം സാധാരണക്കാരുടെ ഭാഷയില്‍ പറഞ്ഞു തരുന്ന ഒരു നല്ല സിനിമ. മുക്കുവരുടെ ആശങ്കകളും അവരുമായി ബന്ധപ്പെട്ട  കുറെയേറെ ജീവിതമുഹൂര്‍ത്തങ്ങളും അനാവരണം ചെയ്തിരിക്കുന്ന ഒരു കൊച്ചു സിനിമ. 

*വിധി മാര്‍ക്ക്‌ = 7/10 
-pravin- 

Saturday, December 15, 2012

Black Beauty


Anna Sewell എന്ന ഇംഗ്ലീഷ് എഴുത്തുകാരിയുടെ വളരെ പ്രസിദ്ധമായ ഒരു നോവലാണ്  'ബ്ലാക്ക്‌ ബ്യൂട്ടി '. 1877 ഇല്‍ പബ്ലിഷ് ചെയ്യപ്പെട്ട ഈ നോവല്‍ പല കാലഘട്ടങ്ങളിലായി അഭ്രപാളികളില്‍ ദൃശ്യ രൂപത്തില്‍ വന്നു പോയിരുന്നു .അവസാനമായി 1994 ഇല്‍  Caroline Thompson ന്‍റെ സംവിധാന സംരംഭത്തിലാണ്  'ബ്ലാക്ക്‌ ബ്യൂട്ടി' എന്ന പേരില്‍ വീണ്ടും ഇതേ നോവല്‍ സിനിമയാകുന്നത്. 

ബ്ലാക്ക്‌ ബ്യൂട്ടി ഒരു ആണ്‍ കുതിരയുടെ ആത്മകഥയാണ്. ഫാം ഹൌസില്‍ ജനിച്ചു വീഴുന്ന കറുത്ത് മിനുങ്ങുന്ന ദേഹമുള്ള കുട്ടിക്കുതിര അതിന്‍റെ വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ സ്വന്തം അമ്മയുടെ കൂടെ കളിച്ചു വളരുന്നു. പിന്നീട് ഫാം ഉടമസ്ഥന്‍ കുതിരയെ മറ്റൊരു കുടുംബത്തിനു കൈമാറുന്നു.  മകനെ  പിരിയുന്ന സമയത്ത് വിഷമിക്കുന്നുണ്ടെങ്കിലും അമ്മക്ക്  ഒരു കാര്യംഉറപ്പായിരുന്നു. സ്നേഹനിധിയായ തങ്ങളുടെ ഉടമസ്ഥന്‍ നല്ലൊരു വ്യക്തിക്ക് മാത്രമേ  മകനെ കൈമാറുകയുള്ളൂ. ആ വിശ്വാസം അവര്‍ക്ക് രണ്ടു പേര്‍ക്കും  വലിയൊരു ആശ്വാസവുമായിരുന്നു. 

പുതിയ  സ്ഥലവും പരിസരവുമായി കുതിര പെട്ടെന്ന് ഇണങ്ങുന്നു.  കൂടെയുള്ള മറ്റു കുതിരകളുമായി വല്ലാത്തൊരു അടുപ്പം 'ബ്ലാക്ക്‌ ബ്യൂട്ടി ' എന്ന് നാമകരണം ചെയ്യപ്പെട്ട ഈ കുതിരക്കുണ്ടാകുന്നു. അധികം വൈകാതെ തന്നെ ആ കുടുംബത്തിലെ എല്ലാവരുടേയും  പ്രിയപ്പെട്ട കുതിരയെന്ന  സ്ഥാനവും ഇവന്‍ സ്വന്തമാക്കുന്നു. പക്ഷെ , ബ്ലാക്ക് ബ്യൂട്ടിക്ക് അധിക കാലം അവിടെയും തുടരനാകുന്നില്ല. ഒരു ഉടമസ്ഥനില്‍ നിന്നും മറ്റൊരു ഉടമസ്ഥനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു വ്യവഹാര വസ്തു മാത്രമായി അവന്‍ മാറുന്നു. 

ഇങ്ങിനെ പല ഉടമസ്ഥന്മാരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന കുതിര അതിന്‍റെ ജീവിത യാത്രയില്‍ പലതും അനുഭവിക്കുന്നു, അറിയുന്നു അതിലേറെ പലതിനും സാക്ഷ്യം വഹിക്കുന്നു. കുതിരയുടെ ഉടമകളായി വരുന്ന പലരില്‍ നിന്നും പല തരത്തിലുള്ള സമീപനമാണ് കുതിര അനുഭവിക്കുന്നത്. അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളെ കുതിര തന്‍റെ ജീവിതത്തില്‍ തരണം ചെയ്യുന്ന രംഗങ്ങള്‍ നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. സൂക്ഷ്മ നിരീക്ഷണം ഇല്ലാതെ തന്നെ ആ രംഗങ്ങളില്‍ കൂടി ഒരു സാധരണ പ്രേക്ഷകന് ഉള്‍ക്കൊള്ളാവുന്ന സന്ദേശങ്ങളും സത്യങ്ങളും ഒരുപാടാണ്‌.. ,. 

കഥയിലെ കുതിര വിധിയില്‍ വിശ്വസിക്കുന്നുണ്ടോ എന്നൊരു ചിന്ത ചുരുക്കം ചില പ്രേക്ഷകര്‍ക്ക് തോന്നിപ്പോയാല്‍ അതിനെ കുറ്റം പറയാനാകില്ല. ജീവിതത്തിന്‍റെ സ്വാഭാവിക ഒഴുക്കില്‍ എത്രയോയിടങ്ങളില്‍ നമ്മള്‍ നിസ്സഹായരായി നില്‍ക്കുന്നു, നിലനില്‍പ്പിന്റെ ഭാഗമായി മാത്രം ജീവിതത്തെ ആ ഒഴുക്കിനൊപ്പം സഞ്ചരിക്കാന്‍ വിടുന്നു.  യാത്രയില്‍ നമ്മള്‍ അറിയാതെ തന്നെ നമുക്ക് പല പേരുകളും സ്വീകരിക്കേണ്ടി വരുന്നു. നമുക്ക് ചാര്‍ത്തപ്പെടുന്ന പേരുകള്‍ എന്ത് തന്നെയായാലും ഉടമസ്ഥന്റെ വിളി കേള്‍ക്കാന്‍ നമ്മള്‍ സദാ ബാധ്യസ്ഥരാണ് എന്ന് സിനിമ നമ്മെ ഓര്‍മപ്പെടുത്തുന്നു. 

ആകെ മൊത്തം ടോട്ടല്‍ = ഒരു കുതിരയുടെ ആത്മസംഘര്‍ഷങ്ങളില്‍ കൂടി കഥ പറഞ്ഞു പോകുന്ന മനോഹരവും ഹൃദ്യവുമായൊരു സിനിമ.

വിധി മാർക്ക് = 7/10 

* ഇ മഷി മാഗസിന്‍ ലക്കം നാലില്‍ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന സിനിമാ വിചാരണ. ഇ മഷി  

-pravin-

Wednesday, December 12, 2012

Talaash- പുക മറകള്‍ അവസാനിക്കുന്നില്ല


Honeymoon Travels Pvt. Ltd എന്ന തന്‍റെ ആദ്യ സിനിമയിലൂടെ  തന്നെ റീമ കഗ്തി എന്ന സംവിധായികയെ ബോളിവുഡ് ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. രണ്ടാമാത്തെ സംവിധാന സംരഭമായ Talaash റിലീസ് ആകുന്നതിനു എത്രയോ മുന്‍പ് തന്നെ ആ സിനിമയുടെ പ്രമേയം പ്രേക്ഷകര്‍ക്കിടയില്‍  ഒരു പുക മറ സൃഷ്ട്ടിച്ചിരുന്നു എന്ന് പറയാം.  ഒരു ക്രൈം ത്രില്ലര്‍ സിനിമയുടെ സൂചന മാത്രമാണ് സിനിമയുടെ പരസ്യ ചിത്രങ്ങളില്‍ കാണാന്‍ സാധിച്ചിരുന്നത്. പക്ഷെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് പറയാനുള്ളത് അത് മാത്രമല്ല എന്നതിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചാ വിഷയമാകുന്നത്. 

മുംബൈ നഗരത്തില്‍ അതിരാവിലെ നടക്കുന്ന ദുരൂഹമായ ഒരു കാര്‍ അപകടത്തില്‍ അര്‍മാന്‍ കപൂര്‍ (വിവാന്‍ ഭട്ടെന) എന്ന നടന്‍ കൊല്ലപ്പെടുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുടെ കെട്ടഴിക്കാന്‍ വരുന്ന പോലീസ് ഓഫീസറാണ്  സുര്‍ജന്‍ സിംഗ് ശെഖാവത്ത് (അമീര്‍ ഖാന്‍). സുര്‍ജന്‍ സിംഗിന്റെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും ഇട കലര്‍ത്തി കൊണ്ടാണ് കഥ പറഞ്ഞു പോകുന്നത്. 

ദുരൂഹത നിറഞ്ഞ ഒരു കഥ പറഞ്ഞു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ഘടകങ്ങള്‍ എല്ലാം തന്നെ സംവിധായിക  തന്ത്ര പൂര്‍വ്വം  സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നു. അതിന്‍റെ ഭാഗമായി തന്നെയായിരിക്കണം, അപകടം നടക്കുന്ന സ്ഥലത്ത് പട്ടി ഓരിയിടുന്ന സീനില്‍ നിന്ന് സിനിമ തുടങ്ങുന്നത്. അത് പോലെ തന്നെ , ഷെര്‍ണാസ് പട്ടേല്‍ അവതരിപ്പിച്ച ഫ്രെന്നി എന്ന കഥാപാത്രം ആത്മാക്കളോട് സംസാരിക്കുന്ന രംഗങ്ങളും സിനിമയില്‍ ദുരൂഹത കൂട്ടുന്നു. ഒരര്‍ത്ഥത്തില്‍ സുര്‍ജന്‍ സിംഗിന്റെ ആത്മ സംഘര്‍ഷങ്ങങ്ങളില്‍ കൂടിയാണോ കഥയുടെ മുന്നോട്ടുള്ള സഞ്ചാരം എന്ന് തോന്നിപ്പോകാം. അത് കൊണ്ടൊക്കെ തന്നെ വല്ല വിധേനയും കഥ പറഞ്ഞു അവസാനിപ്പിക്കുമ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. സിനിമ കണ്ട ശേഷം അതൊരു പുക മറ പോലെ കൂടി കൂടി നില്‍ക്കുന്നു. 

സിനിമയുടെ പ്രമേയം പുതുമയുള്ള ഒന്നാണെന്ന് അവകാശപ്പെടാന്‍ സാധിക്കില്ല എങ്കില്‍ കൂടി അമീര്‍ ഖാന്‍, കരീന കപൂര്‍, റാണി മുഖര്‍ജി എന്നിവരുടെ പ്രകടനം സിനിമയെ മികച്ചതും വ്യത്യസ്തമാക്കുന്നു. രാം സമ്പത്തിന്‍റെ സംഗീതമാണ് സിനിമയുടെ മറ്റൊരു മികവ്. 

ആകെ മൊത്തം ടോട്ടല്‍ = അവതരണം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും വ്യത്യസ്തമായ നല്ലൊരു ത്രില്ലര്‍ സിനിമ. 

*വിധി മാര്‍ക്ക്‌ = 6.5 /10 
-pravin-

Wednesday, December 5, 2012

പിസ്സ - is really hot and tasty.


കാര്‍ത്തിക് സുബ്ബ രാജ് എന്ന നവാഗത സംവിധായകന്‍ തന്‍റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകന്‍റെ കൈയ്യടി നേടിയിരിക്കുന്നു. സിനിമ ആസ്വാദനത്തിന്റെ വ്യത്യസ്തമാനമാണ് ഈ സിനിമയിലൂടെ സംവിധായകന്‍ പ്രേക്ഷകന് സമ്മാനിക്കുന്നത്. വെറുമൊരു ലോ ബഡ്ജറ്റ് സിനിമയായ 'പിസ്സ' യെ  അതിന്റെ സാങ്കേതികത്തിലും സംവിധാനത്തിലും എന്ന പോലെ തന്നെ എല്ലാ മേഖലയിലും പരമാവധി  മികവുറ്റതാക്കുന്നതില്‍ സംവിധായകനും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒരു പോലെ വിജയിച്ചിരിക്കുന്നു.  

ഒരു പിസ്സ ഷോപ്പിലെ ജോലിക്കാരനായ മൈക്കിള്‍ (വിജയ്‌ സേതുപതി) തന്‍റെ ഗേള്‍ഫ്രെണ്ടായ അനുവിനോടപ്പമാണ് (രമ്യാ നമ്പീശന്‍) താമസം .പ്രേതത്തിലും ഭൂതത്തിലും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന അനു ഒരു നോവലിസ്റ്റ് കൂടിയാണ്. അമാനുഷിക ശക്തികളില്‍ ഒന്നും വിശ്വാസമില്ല എന്ന് പറയുന്ന മൈക്കിളിനെ അവള്‍ പലപ്പോഴും ഹൊറര്‍ സിനിമകള്‍ കാണിച്ചും കഥകള്‍ പറഞ്ഞും പേടിപ്പിക്കാറുണ്ട്‌ എങ്കിലും മൈക്കിള്‍  അതിനൊന്നും വലിയ പ്രസക്തി കൊടുക്കാറില്ലായിരുന്നു. ആയിടക്കു ഒരിക്കല്‍ പിസ്സ ഡെലിവറിക്ക് വേണ്ടി മൈക്കിള്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീട്ടില്‍ പോകുന്നു. അവിടെ വച്ച് മൈക്കിളിന് നേരിടേണ്ടി വരുന്ന വിചിത്രവും ഭീകരവുമായ സാഹചര്യങ്ങളില്‍ കൂടിയാണ് കഥ പുരോഗമിക്കുന്നത്. 

മറ്റു സിനിമകളിലെ കഥ വിവരിക്കും പോലെ ഒറ്റയടിക്ക് വിവരിക്കാന്‍ പറ്റുന്നതല്ല പിസ്സയുടെ കഥ. കഥക്കുള്ളില്‍  കഥകള്‍ കുരുങ്ങിക്കിടക്കുന്ന തരത്തിലുള്ള വ്യത്യസ്തവും പുതുമയേറിയതുമായ ഒരു തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ല്. കഥയുടെ അവസാന ഭാഗങ്ങളില്‍ പ്രേക്ഷകന് പല സംശയങ്ങളും ഉടലെടുക്കും. ഈ സംശയങ്ങള്‍ക്കെല്ലാം ഉത്തരം തരാന്‍ സംവിധായകന്‍ മെനക്കെടുന്നില്ല എന്ന് മാത്രമല്ല അതിനുത്തരം കണ്ടെത്തുക എന്നത്  പ്രേക്ഷകന്‍റെ  ചുമതലയാക്കി മാറ്റുന്നു. അവിടെയാണ്  ഈ സിനിമയെ  വ്യത്യസ്തമാനങ്ങളില്‍ നോക്കി കാണാന്‍ പ്രേക്ഷകന് അവസരം കിട്ടുന്നത്. വിജയ്‌ സേതുപതിയുടെ മികച്ച പ്രകടനം ഈ സിനിമയുടെ ഒരു പ്രധാന വിജയ ഘടകമാണ് എന്ന് പറയാതെ വയ്യ. 

ആകെ മൊത്തം ടോട്ടല്‍ = അവതരണത്തിലും പ്രമേയത്തിലും പുതുമ നിലനിര്‍ത്തിയ  ഒരു നല്ല സസ്പന്‍സ് ത്രില്ലര്‍ സിനിമ. 

*വിധി മാര്‍ക്ക്‌ = 8.5/10 

-pravin- 

Saturday, November 24, 2012

തുപ്പാക്കി ഒരു 'കത്തി'പ്പടമല്ല


ഏഴാം അറിവിന്‌ ശേഷം മുരുക ദോസ്  കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇളയ ദളപതിയുടെ  "തുപ്പാക്കി" കുറഞ്ഞ ദിവസങ്ങള്‍  കൊണ്ട് തന്നെ തിയെറ്റരുകളില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നു. ആദ്യ ദിവസങ്ങളില്‍ ടിക്കെറ്റ് കിട്ടാന്‍ പോലും പ്രയാസമായിരുന്നു എന്നത് കൊണ്ട് കാണാന്‍ ഒരല്‍പ്പം വൈകി. അത് കൊണ്ട് തന്നെ തിയേറ്ററില്‍ ചെന്നപ്പോള്‍ കാര്യമായൊരു തിരക്കൊന്നുമില്ലാതെ തന്നെ സുഖമായി കാണാന്‍ സാധിച്ചു. ഇനി കാര്യത്തിലേക്ക് വരാം. 

 തുപ്പാക്കി സിനിമയെ വിജയിന്റെ മുന്‍കാല സിനിമകളെ പോലെ വെറുമൊരു കത്തിപ്പടമായി വിലയിരുത്താന്‍ സാധിക്കില്ല. സത്യത്തില്‍ വിജയ്‌ എന്ന നടനെ നല്ല സംവിധായകര്‍ പോലും കാര്യക്ഷമമായി ഉപയോഗിച്ചിട്ടില്ല എന്ന് വേണം കരുതാന്‍ . ആ കുറവ് തുപ്പാക്കി പോലുള്ള സിനിമകളില്‍ കൂടി ഏറെ ക്കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നുണ്ടെങ്കില്‍ അഭിനന്ദനം അര്‍ഹിക്കുന്നത് വിജയ്‌ അല്ല  മറിച്ച് മുരുക ദോസ് എന്ന സംവിധായകന്‍ തന്നെയാണ് എന്ന് നിസ്സംശയം പറയാം. 

മറ്റു തമിഴ് സിനിമകളില്‍ നിന്ന് വിപ്ലവകരമായൊരു മാറ്റം ഈ സിനിമയില്‍ പ്രകടമായിരിക്കുന്നു എന്നത് ആശ്വാസജനകമാണ്. അത് മറ്റൊന്നുമല്ല, കഥാ പശ്ചാത്തലം വളരെ മികച്ച രീതിയില്‍ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. മുംബൈ പശ്ചാത്തലമായൊരു കഥ പറയുമ്പോള്‍ കഥാപാത്രങ്ങളുടെ ആശയ വിനിമയം  തമിഴ് ഭാഷയില്‍ മാത്രമായി ഒതുങ്ങി പോകാതിരിക്കാന്‍ സംവിധായകന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഒട്ടു മിക്ക കഥാപാത്രങ്ങളും സന്ദര്‍ഭോചിതമായി ഹിന്ദി ഭാഷയില്‍  സംസാരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. സാധാരണ തമിഴ് സിനിമകളില്‍, കഥ നടക്കുന്നത്  ഏതു രാജ്യത്തായാലും കഥാപാത്രങ്ങള്‍ മുഴുവന്‍ തമിഴ് മാത്രമേ സംസാരിക്കൂ എന്ന നിലപാടാണ് കണ്ടിട്ടുള്ളത്. ആ സ്ഥിതി വിശേഷം ഈ സിനിമയില്‍  തിരുത്തി കുറിക്കപ്പെട്ടിരിക്കുന്നു. കഥയ്ക്ക് അനുസരിച്ചുള്ള മാറ്റം ഈ സിനിമയില്‍ ചെയ്യാന്‍ സംവിധായകന് സാധിച്ചു എന്നതാണ് കാര്യം. 

മോശമല്ലാത്തൊരു കഥയും തിരക്കഥയും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു.  പ്രണയം എന്ന വിഷയത്തെ സാധാരണ തമിഴ് സിനിമകളില്‍ നിന്ന് വ്യത്യാസപ്പെടുത്തി കാണിക്കാനായിരിക്കാം പെണ്ണ് കാണല്‍ ചടങ്ങിലൂടെ നായികയെ നായകനു പരിചയപ്പെടുത്തി കൊടുക്കുന്നത്. അതിനാല്‍ തന്നെ, അവധിക്കു നാട്ടില്‍ വന്ന നായകന് നായികക്ക് പിന്നാലെ സ്ഥിരം ക്ലീഷേ പ്രണയ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടേണ്ടി വരുന്നില്ല. മുരുക ദോസ് ഭാവനാത്മകമായി എഴുതിയുണ്ടാക്കിയ കഥ -തിരക്കഥ എന്നതിലുപരി തീര്‍ത്തും ബുദ്ധിപരമായ ചിന്തയിലൂടെ എഴുതി തീര്‍ത്ത കഥ- തിരക്കഥ എന്ന് പറയുകായിരിക്കും ഉത്തമം. അത്രക്കും സൂക്ഷ്മമായ നീക്കങ്ങളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് സംവിധായകന്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. നായകനും വില്ലനും തമ്മില്ലുള്ള കിടമത്സരം ഒരു ത്രില്ലിംഗ് സ്വഭാവത്തോടെ ശക്തമായി അവതരിപ്പിക്കാനും സാധിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ യുക്തിയെ വല്ലാതെ ചോദ്യം ചെയ്യുന്ന രംഗങ്ങള്‍ ഈ സിനിമയില്‍ കുറവാണ്. 

അതെ സമയം, അതിനൊരു പ്രധാന അപവാദമായി സിനിമയില്‍ നില നില്‍ക്കുന്ന കഥാപാത്രം ജഗദീഷിന്റെ (വിജയ്‌) സുഹൃത്തായ ബാലാജിയാണ് (സത്യന്‍). മുംബൈ പോലുള്ള നഗരത്തില്‍ നടന്നതും നടക്കാന്‍ പോകുന്നതുമായ  ഒരു ഭീകര വിഷയത്തില്‍ ബാലാജിയെ പോലുള്ള ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണ് ഗൌരവകരമായി ഇടപെടുന്നത് കാണുന്നുള്ളൂ. മറ്റു പോലീസ് മേധാവികളും  ഉദ്യോഗസ്ഥരും  ചുരുക്ക ചില സീനുകളില്‍ കടന്നു പോകുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു തരത്തിലുമുള്ള ഇടപെടലുകളും അന്വേഷണത്തില്‍  നടത്തുന്നില്ല. അത് പോലെ തന്നെ ജയറാം അവതരിപ്പിച്ച രവിചന്ദ്രന്‍ എന്ന കഥാപാത്രം സിനിമയിലെ ഏറ്റവും വലിയ വിരോധാഭാസമായിരുന്നു. ജഗദീഷിന്റെ (വിജയ്‌)  സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നവകാശപ്പെടുന്ന രവിചന്ദ്രന്‍ (ജയറാം) ഒരു കോമാളിക്ക് തുല്യമായാണ് സിനിമയില്‍ അവതരിക്കപ്പെട്ടത് എന്നത് നീതിക്കാരികാനാവാത്ത പിഴവാണ്. 

സന്തോഷ്‌ ശിവന്‍റെ cinematography  മികവു പുലര്‍ത്തിയെങ്കിലും ഹാരിസ്  ജയരാജിന്‍റെ സംഗീതം പുതുമയുള്ളതായി തോന്നിയില്ല. മാത്രവുമല്ല സിനിമയില്‍ ആവശ്യത്തിനും അനാവശ്യത്തിനും പാട്ടുകള്‍ കുത്തി നിറച്ചത് പ്രേക്ഷകന് മടുപ്പുണ്ടാക്കുന്ന ഒരു സമ്പ്രദായമാണ്. മനോഹരമായ choreography ആണ് സിനിമയിലെ പ്രശംസനീയമായ മറ്റൊരു കാര്യം. വിജയുടെ നായകവേഷം  അഭിനന്ദിക്കപ്പെടുന്നതോടൊപ്പം വിദ്വത് ജംവാലിന്റെ വില്ലന്‍ വേഷവും അഭിനന്ദിക്കപ്പെടേണ്ട ഒന്നാണ്. അത്രക്കും മികവുറ്റ പ്രകടനമാണ് വിദ്വത് ഈ സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ കാഴ്ച വച്ചിരിക്കുന്നത്. 

ആകെ മൊത്തം ടോട്ടല്‍ = വിജയുടെ സ്ഥിരം സിനിമകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമ. കണ്ടിരിക്കാം. 

* വിധി മാര്‍ക്ക്‌ = 6 /10 
-prvain- 

Tuesday, November 20, 2012

English Vinglish ലളിതം സുന്ദരം


ആശയവിനിമയം ഭാഷാധിഷ്ടിതമാണ് എന്ന ചിന്ത പണ്ട് കാലം തൊട്ടേ നമുക്കിടയില്‍ ഉണ്ട്. ലോക ഭാഷകളില്‍ ഇംഗ്ലീഷ് ഭാഷക്കുള്ള സ്വാധീനം വളരെ വലുതാണ്. നമ്മുടെ രാജ്യത്തെന്നു മാത്രമല്ല മറ്റു വിദേശ രാജ്യങ്ങളില്‍ വരെ ഇംഗ്ലീഷ് ഭാഷ പലര്‍ക്കും ഒരു കീറാ മുട്ടിയായി ഇന്നും തുടരുന്നു. ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം അതാണ്‌. ആശയവിനിമയത്തില്‍  ഒരു ഭാഷയുടെ പ്രസക്തിയും അപ്രസക്തിയും ഈ സിനിമയില്‍  ഒരേ സമയം വരച്ചു കാട്ടുന്നു എന്നതാണ് മറ്റൊരു  ശ്രദ്ധേയമായ കാര്യം.

ശശി (ശ്രീദേവി )ഒരു സാധാരണ വീട്ടമ്മയാണ്. ഭര്‍ത്താവും മക്കളും അമ്മയും അടങ്ങിയ ഒരു കുടുംബത്തെ വളരെ സ്നേഹത്തോടെയാണ് ശശി പരിപാലിച്ചു പോകുന്നത്. വെറും ഒരു വീട്ടമ്മയായി മാത്രമല്ല ശശി കുടുംബത്തില്‍ ശോഭിക്കുന്നത്‌., ഒരു ചെറുകിട കച്ചവടക്കാരിയായി കൂടിയാണ്.   സ്വന്തമായി മധുര പലഹാരങ്ങളും മറ്റു പലഹാരങ്ങളും ഉണ്ടാക്കി വീട്ടില്‍ തന്നെ പാക്ക് ചെയ്തു വില്‍ക്കുന്നതിലൂടെ ചെറുതല്ലാത്ത ഒരു വരുമാനവും ശശിക്കുണ്ട്. പക്ഷെ എന്ത് ചെയ്യാം , അത് കൊണ്ടൊന്നും തന്നെ കുടുംബത്തില്‍ ആരുടേയും ബഹുമാനമോ വിലയോ ശശിക്ക് കിട്ടുന്നില്ല. ശശിയുടെ പാചകത്തിലും, അവള്‍ നല്‍കുന്ന  രുചിയുള്ള ഭക്ഷണത്തിലും മക്കളും ഭര്‍ത്താവും വളരെ സംതൃപ്തരാണ്. അതെ സമയം  ശശിയുടെ ഇംഗ്ലീഷ് വളരെ മോശമാണ് എന്ന കാരണത്താല്‍ അവള്‍ മക്കളാലും ഭര്‍ത്താവിനാലും നിരന്തരം പരിഹസിക്കപ്പെടുന്നുണ്ട്. ഇതിനിടക്ക്‌ ചേച്ചിയുടെ മകളുടെ കല്യാണത്തിനു സഹായിക്കാനായി ശശിക്ക് ന്യൂയോര്‍ക്ക് പോകേണ്ടി വരുന്നു. തുടര്‍ന്നങ്ങോട്ട് ശശിയുടെ ജീവിതത്തില്‍ ഇംഗ്ലീഷ് ഭാഷ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ശശി എങ്ങിനെ നേരിടുന്നു എന്നതാണ് സിനിമ. 

ശ്രീദേവിയുടെ  തിരിച്ചു വരവിനു ഈ സിനിമ ഒരു നിമിത്തമായി എന്നതിനേക്കാള്‍ ഉപരി ശ്രീദേവിയുടെ ഈ സിനിമയിലെ തനിമയാര്‍ന്ന അഭിനയമാണ് ശ്രദ്ധേയം. ശശി എന്ന കഥാപാത്രത്തെ അത്രക്കും ജീവസ്സുറ്റതാക്കി തീര്‍ക്കാന്‍ ശ്രീദേവിയുടെ അഭിനയത്തിന് കഴിഞ്ഞു എന്ന് വേണം പറയാന്‍.,. അഭിനേതാക്കള്‍ എല്ലാം തന്നെ ഒരു പോലെ അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയപ്പോള്‍ തന്‍റെ  ആദ്യ ചിത്രത്തിലൂടെ സംവിധായകയും തിരക്കഥാകൃത്തുമായ ഗൌരി ഷിന്‍ദേയും  സിനിമാലോകത്ത് തന്റേതായ മികവു പ്രകടിപ്പിച്ചു. 

ആകെ മൊത്തം ടോട്ടല്‍ = വളരെ നല്ലൊരു സിനിമ. കൃത്രിമത്വവും അതിഭാവകത്വവും അസ്വാഭാവികതകളും ഇല്ലാതെ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. 

*വിധി മാര്‍ക്ക്‌ - 8.5/10

-pravin- 

Sunday, November 18, 2012

ഒരു ചെറു പുഞ്ചിരി

മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ യുടെ ആറാമത്തെ സംവിധാന സംരഭത്തില്‍  ഉദിച്ചു വന്ന ഒരു മനോഹര സിനിമയാണ് 'ഒരു ചെറു പുഞ്ചിരി'. ശ്രീരമണ എന്ന തെലുഗ്  എഴുത്തുകാരന്‍റെ  'മിഥുനം' എന്ന കഥയെ അടിസ്ഥാനപ്പെടുത്തിയാണ് എം ടി ഈ സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയത്.  

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം മാത്രമുള്ള ഈ  കൊച്ചു സിനിമ പ്രേക്ഷകനോട് പങ്കു വക്കുന്നത് ഒരു മനുഷ്യയുസ്സിന്റെ  മുഴുവന്‍ കഥയാണ്.  വാര്‍ദ്ധക്യത്തില്‍  പല കാരണങ്ങളാല്‍ ഒറ്റപ്പെട്ടു പോകുന്ന വൃദ്ധ ദമ്പതികളുടെ കഥ പല സിനിമകളിലും പ്രേക്ഷകന്‍ കണ്ടു മറന്നിരിക്കുന്നു എങ്കിലും പ്രമേയം കൊണ്ടും ലളിതമായ അവതരണ രീതി കൊണ്ടും ഈ സിനിമ ഏറെ മികവു പുലര്‍ത്തുന്നു. 


കൃഷ്ണ കുറുപ്പും (ഒടുവില്‍ ഉണ്ണി കൃഷ്ണന്‍) അമ്മാളുക്കുട്ടിയും  (നിര്‍മലാ ശ്രീനിവാസന്‍) വാര്‍ദ്ധക്യത്തിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളാണ്. വാര്‍ധക്യം ശരീരത്തിന് മാത്രമാണ് ബാധിക്കുന്നത്, മനസ്സിന് അതൊരു പ്രശ്നമേ അല്ല എന്ന നിലപാടില്‍ വിശ്വസിച്ചു പോകുന്നവരാണ് ഇരുവരും. അത് കൊണ്ട് തന്നെ ചെറുപ്പക്കാരിലെ പോലെയുള്ള കുസൃതിയും, ദ്വേഷ്യവും, കളി പറയലും ഇവര്‍ തുടരുന്നു. മക്കളെല്ലാം ദൂരെയാണ് താമസമെങ്കിലും അതിന്‍റെ പരാതിയോ പിണക്കമോ ഇവര്‍ ആരോടും പറയുന്നു പോലുമില്ല. അവരുടെ ജീവിതത്തിന്‍റെ  പ്രസരിപ്പ് കാണിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ കാണിക്കുന്നത് ഒരു പക്ഷെ പ്രേക്ഷകന്‍ നര്‍മത്തോടെയും കൌതുകത്തോടെയുമായിരിക്കാം  ആസ്വദിക്കുക . 

രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്ന കൃഷ്ണ കുറുപ്പ് താന്‍ നട്ട്  വളര്‍ത്തുന്ന ചെടികളോടും മരങ്ങളോടുമെല്ലാം കിന്നാരം പറയുന്നതില്‍ കേമനാണ്. വെള്ളരിക്കണ്ടത്തില്‍ കായ്ച്ചു നില്‍ക്കുന്ന വെള്ളരികള്‍  തലേ ദിവസം എണ്ണി വച്ചതിനേക്കാള്‍ കുറവാണെന്ന് ബോധ്യപ്പെടുന്ന കുറുപ്പ് ഭാര്യയെ സംശയിക്കുന്നുണ്ട്. തനിക്കെന്തിനാ വെള്ളരി കട്ട് തിന്നേണ്ട കാര്യം എന്ന് ചോദിക്കുന്ന ഭാര്യയോടു കുറുപ്പ് പറയുന്ന ഓരോ മറുപടിയും  രസകരമാണ്. തന്‍റെ  തൊടിയില്‍ കയറി വെള്ളരിയും പേരക്കയും മാങ്ങയും പറിക്കുന്ന കള്ളനെ പിടിക്കാന്‍  കാത്തിരിക്കുന്ന കുറുപ്പിന്‍റെ കയ്യില്‍ അകപ്പെടുന്നത് കണ്ണന്‍ എന്ന കൊച്ചു പയ്യനാണ്. അങ്ങാടിയില്‍ അലഞ്ഞു നടന്നിരുന്ന അവനെ പോസ്റ്റ്മാന്‍ രാമന്‍ കുട്ടിയാണ് ജാനുവമ്മയുടെ  വീട്ടില്‍ ഒരു ചെറിയ സഹായിയായി നിയോഗിച്ചത്. സ്ക്കൂളിലെ പഠിത്തം നിര്‍ത്തിയതിനു കാരണം ചോദിക്കുന്ന കുറുപ്പിനോട്  കണ്ണന്‍ പറയുന്ന മറുപടി സ്ക്കൂളിലെ ഉച്ചക്കഞ്ഞി നിര്‍ത്തി എന്നാണ്. 

ടി വി യില്‍ സിനിമ കാണുമ്പോള്‍ പോലും തങ്ങളുടെ പഴയ കാല ഓര്‍മ്മകള്‍ പങ്കിടാന്‍ കുറുപ്പും അമ്മാളുക്കുട്ടിയും ശ്രദ്ധിക്കുന്നുണ്ട് . അന്നൊക്കെ ഏതു സിനിമ വന്നാലും ടൌണില്‍ പോയി കാണുമായിരുന്നെന്ന് അവകാശപ്പെടുന്ന കുറുപ്പിനോട്  അമ്മാളുക്കുട്ടി വിവാഹ ശേഷം തന്നെ അത് പോലെ ഒരുപാടു സിനിമാക്കൊന്നും കൊണ്ട് പോയിട്ടില്ല എന്ന് പരിഭവപ്പെടുന്നു. ഇത്തരത്തിലുള്ള പരിഭവങ്ങള്‍ വരുമ്പോള്‍ അമ്മാളുക്കുട്ടി തനിക്കു ആദ്യ കാലത്ത് വന്ന ഒരു നല്ല കല്യാണ  ആലോചനയെ കുറിച്ച് പറയുന്നത് സ്ഥിരം പരിപാടിയായത് കൊണ്ട് കുറുപ്പ് അതിനൊന്നും മറുപടി കൊടുക്കാറില്ല. 

പരിഭവങ്ങളും പിണക്കങ്ങളും കുസൃതിയും നിറഞ്ഞ ഇവരുടെ ജീവിതം കാഴ്ചക്കാര്‍ക്ക് ആനന്ദകരമാണ്. ഭാഗ്യം ചെയ്ത ഭാര്യയും ഭര്‍ത്താവും ഇങ്ങനെയാണ് എന്ന് പറഞ്ഞു കൊണ്ട് തന്റെ മരിച്ചു പോയ ഭര്‍ത്താവിനെ വിഷമത്തോടെ ആലോചിക്കുന്ന ജാനുവമ്മ സിനിമയിലെ മറ്റൊരു കഥാപാത്രമാണ്. ജാനുവമ്മയുടെ മകളായ നിര്‍മലക്ക് കല്യാണ ആലോചനകള്‍ വരുന്ന സമയത്ത് ഒരു കാരണവരുടെ സ്ഥാനത്ത്  കുറുപ്പ് മാഷും ഭാര്യയും ഉണ്ടാകും. വരുന്ന ചെക്കന്‍റെ വീട്ടുകാര്‍ക്ക് പണ്ടവും പണവുമാണ്‌ വലിയ കാര്യം എന്ന് മനസ്സിലായാല്‍ പൂര്‍ണ അധികാരത്തോടെ തന്നെ കുറുപ്പ് അവരെ ആട്ടി പായിച്ചിരിക്കും . ഉത്സവത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് വേണ്ടി പണം പിരിക്കാന്‍ വരുന്നവരോടും ഇതേ നിലപാട് കുറുപ്പ് വെളിപ്പെടുത്തുന്നുണ്ട്. ഉച്ചക്കഞ്ഞി നിന്ന് പോയ സ്ക്കൂളില്‍ അത് തുടങ്ങാന്‍ പൈസ പിരിക്കാന്‍ ആരും മുന്നോട്ട് ഇറങ്ങിയില്ല എന്നതിന്‍റെ പ്രതിഷേധമായിരുന്നു കുറുപ്പ് സത്യത്തില്‍ പ്രകടിപ്പിച്ചത്. 

ഓരോ ദിവസവും എന്തൊക്കെ ഭക്ഷണവും കറിയും വക്കണം എന്നതിനെ കുറിച്ച് തീരുമാനിക്കുന്നത് കുറുപ്പാണ്. ഭാര്യയുടെ കൈ പുണ്യത്തിനെ കുറിച്ച് ഇടക്കൊക്കെ നല്ല പ്രശംസ കൊടുക്കാനും കുറുപ്പ് ശ്രദ്ധിക്കാറുണ്ട്. തേങ്ങ ചിരകുന്ന സമയത്ത് അതില്‍ നിന്ന് ഒരു പിടിയെങ്കിലും വാരി തിന്നില്ലെങ്കില്‍ അദ്ദേഹത്തിനു സമാധാനമാകില്ല . ഒരിക്കല്‍ മൂത്ത തേങ്ങ തിരഞ്ഞെടുക്കാന്‍ വേണ്ടി കുറുപ്പ് തട്ടിന്‍ മുകളില്‍ കയറിയ സമയം നോക്കിയാണ് അമ്മാളുക്കുട്ടി തേങ്ങ ചിരകുന്നത്. ചിരകുന്ന തേങ്ങയുടെ ശബ്ദം കേട്ട ശേഷം താഴെ ഇറങ്ങാന്‍ നോക്കുന്ന കുറുപ്പിന് കോണി അവിടെ നിന്നും ആരോ മാറ്റി വച്ചിരിക്കുന്നു എന്ന് മനസിലാകുന്നു. ഭാര്യയോടുള്ള ആ സമയത്തെ തന്‍റെ  ദ്വേഷ്യം കുറുപ്പ് തട്ടിന്‍ മുകളില്‍ നിന്ന് പ്രകടിപ്പിക്കുന്നത് രസകരമായ ഒരു കാഴ്ചയാണ്.  

കുറുപ്പിന്‍റെ വീട്ടില്‍ അതിഥിയായി വരുന്ന  പഴയ സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമാണ്  ഗോവിന്ദേട്ടന്‍.  ഭാര്യ മരിച്ച ശേഷമുള്ള ഗോവിന്ദേട്ടന്റെ അവസ്ഥ സിനിമയില്‍ വിവരിക്കുന്നുണ്ട്. മക്കളെല്ലാം നല്ല നിലയിലാണ് , കയ്യില്‍ പണവുമുണ്ട്‌ , പക്ഷെ ഒറ്റക്കാകുന്ന അവസ്ഥയില്‍ എല്ലാവരെയും വന്നു കാണുമ്പോഴാണ് മനസ്സിന് അല്‍പ്പം സമാധാനം എന്ന് പറയുന്ന ഗോവിന്ദേട്ടന്‍ സംസാരത്തിനിടയിലും ഭാര്യയെ ഓര്‍ക്കുന്നു. അടുത്ത ദിവസം കുറുപ്പിനോടും അമ്മാളുക്കുട്ടിയോടും യാത്ര പറഞ്ഞു തന്‍റെ ഒറ്റപ്പെടലിലേക്ക്‌ വീണ്ടും നടന്നകലുന്ന ഗോവിന്ദേട്ടന്‍ ദയനീയമായി തിരിഞ്ഞു നോക്കുന്ന രംഗം പ്രേക്ഷകന്‍റെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്ന ഒന്നാണ്. 

 കൃഷ്ണ കുറുപ്പിന്‍റെ ചെറുപ്പ കാലത്തെ ഒരു പ്രണയത്തെ കുറിച്ച് സിനിമയില്‍ ചെറുതായൊന്നു സൂചിപ്പിക്കുന്നുണ്ട്. ചിന്നമണി എന്നായിരുന്നു അവളുടെ പേര്. അവളെ കുറിച്ച് ഓര്‍മ വന്ന സമയത്ത് കുറുപ്പ് ഭാര്യയോടു ആ കാലത്തെ കുറിച്ച് പറയുന്നുമുണ്ട്. പക്ഷെ, അമ്മാളുക്കുട്ടിക്ക് ആ സംസാരം അത്രക്കങ്ങു ബോധിച്ചില്ല എന്ന് മാത്രമല്ല അവര് തമ്മില്‍ അല്‍പ്പ നേരത്തേക്ക് പിണങ്ങുകയും ചെയ്യുന്നു. അവരുടെ പിണക്കം മാറുന്നതിനും കാരണമാകുന്നത് ചിന്ന മണി തന്നെ. മകളുടെ കൂടെ അമ്പലത്തില്‍ പോയി വരുന്ന സമയത്ത് ചിന്ന മണിയെ നേരിട്ട് കാണുന്ന അമ്മാളുക്കുട്ടിക്ക്  ആ സ്ത്രീയുടെ അവശത കണ്ടു നില്‍ക്കാന്‍ സാധിക്കുന്നില്ല. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അവരെ തീര്‍ത്തും അവശയാക്കിയിരിക്കുന്നു. തനിക്കു ആ സ്ത്രീയോട് ഒരു നിമിഷത്തേക്കെങ്കിലും കുശുമ്പ് തോന്നിയതില്‍ അമ്മാളുക്കുട്ടി പശ്ചാത്തപിക്കുന്നു. അതിനൊരു പരിഹാരമായി അമ്മാളുക്കുട്ടി ഭര്‍ത്താവിനോട് അവളെ പോയി കാണാന്‍ പറയുന്നുണ്ട്. 


കുറുപ്പിന്‍റെയും  അമ്മാളുക്കുട്ടിയുടെയും കുസൃതിയും കളി ചിരിയും പിണക്കവും ഇണക്കവുമെല്ലാം കഥയെ മുന്നോട്ടു രസകരമായി പറഞ്ഞു പോകുന്നതിനിടയില്‍ അല്‍പ്പമൊരു വിയോജിപ്പ് തോന്നിയേക്കാവുന്ന രംഗവും കടന്നു വരുന്നുണ്ട്. കൊച്ചു മകളുടെ പ്രേമ ബന്ധത്തിന് തടസ്സം നില്‍ക്കുന്നവരെ കുറുപ്പ് അംഗീകരിക്കുന്നില്ല. പകരം കൊച്ചുമകള്‍ക്ക് കൊടുക്കുന്ന ഉപദേശം മാത്രമാണ് കഥയിലെ ഏക വിരോധാഭാസം . എന്തെങ്കിലും  എതിര്‍പ്പ് നേരിടേണ്ടി വന്നാല്‍ അടുത്ത ട്രെയിനില്‍ കാമുകനെയും കൂട്ടി കൊണ്ട് തറവാട്ടിലേക്ക് വരാനും അവിടെ വച്ച് കല്യാണം നടത്തി തരാമെന്നുമാണ് കുറുപ്പ് കൊച്ചു മകള്‍ക്ക് കൊടുക്കുന്ന വാഗ്ദാനം. ജീവിത പരിചയവും അനുഭവ സമ്പത്തും ഏറെയുള്ള  കുറുപ്പിനെ പോലെയുള്ള ഒരു പഴയ കാലഘട്ടത്തിന്‍റെ വക്താവ്,  നാട്ടുകാരുടെയും അയല്‍വാസികളുടെയും കാര്യത്തിലെടുക്കുന്ന തീരുമാനങ്ങളുടെ അത്ര പോലും പക്വത സ്വന്തം കുടുംബത്തിലെ ഒരംഗത്തിന്റെ കാര്യത്തില്‍ എടുത്തില്ല എന്ന് ചിലപ്പോള്‍ തോന്നിയേക്കാം. 

 ആദ്യം തൊട്ടു അവസാനം  വരെയുള്ള രംഗങ്ങളില്‍ വരെ വ്യക്തമായ ജീവിത വീക്ഷണങ്ങള്‍ പങ്കു വക്കപ്പെടുന്നു എന്നതാണ് ഈ സിനിമയുടെ സവിശേഷത.  അത് പോലെ തന്നെ , ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ എന്ന മഹാ നടന്‍റെ വേര്‍പാട്  മലയാള സിനിമയില്‍ വരുത്തിയ ക്ഷീണം എത്ര വലുതാണെന്ന് മനസിലാക്കാന്‍ കൃഷ്ണ കുറുപ്പ് എന്ന കഥാപാത്രത്തെ വിലയിരുത്തുന്നതിലൂടെ സാധിക്കും എന്ന് നിസ്സംശയം പറയാം. 

 വൃദ്ധരായ ആളുകളുടെ ജീവിതവീക്ഷണം എത്ര മഹത്തായ ഒന്നാണ് എന്ന് മനസിലാക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് സഹായകമായേക്കാവുന്ന ഒരു സിനിമയാണ് ഇത് . അണുകുടുംബത്തില്‍ നിന്നും  അണുകുടുംബത്തിലേക്കുള്ള മലയാളിയുടെ ഇത് വരെയുള്ള യാത്രയില്‍ കൈമോശം വന്നു പോയ ഒരു പിടി സാമൂഹിക സാംസ്ക്കാരിക കുടുംബ ജീവിത മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സിനിമ ഒരു ഓര്‍മപ്പെടുത്തല്‍ മാത്രമാണ്.  ഈ സിനിമയിലൂടെ കഥാകാരന്‍ നമ്മളെ അതൊക്കെ ഓര്‍മിപ്പിച്ചു നിരാശപ്പെടുത്തുന്നതോടൊപ്പം ആ കാലത്തിലേക്കുള്ള ഒരു തിരിച്ചു പോകലിന്റെ (സ്വപ്നത്തിലെങ്കിലും )അനിവാര്യതയെ കുറിച്ച് ചൂണ്ടി കാണിക്കാനും മറക്കുന്നില്ല 

 -pravin- 
* ഇ മഷി മാഗസിന്‍ ലക്കം മൂന്നില്‍ , ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ ഒരു സിനിമാ വീക്ഷണം .വായിക്കാന്‍ ഇവിടെ ക്ലിക്കുക . ഇ മഷി

Sunday, October 21, 2012

നാന്‍

കാര്‍ത്തിക് എന്ന ചെറുപ്പക്കാരന്റെ കഥയാണ് 'നാന്‍' . ചെറുപ്പം തൊട്ടേ പഠിത്തത്തില്‍ മികവു പുലര്‍ത്തുന്ന കാര്‍ത്തികിന് തന്റെ ജീവിതത്തില്‍ അവിചാരിതമായി പലതും നേരിടേണ്ടി വരുന്നു . അയാള്‍ അനുഭവിക്കുന്ന  സങ്കീര്‍ണമായ അവസ്ഥകളില്‍ കൂടിയും പ്രശ്നനങ്ങളില്‍ കൂടിയുമാണ് സിനിമ പ്രേക്ഷകനെ കൊണ്ട് പോകുന്നത്. ജീവിതത്തില്‍ താന്‍  ഒറ്റപ്പെട്ടു പോയിരിക്കുന്നു  എന്ന തിരിച്ചറിവില്‍ അലക്ഷ്യമായി ചെന്നൈയിലേക്ക് യാത്ര തിരിക്കുന്ന കാര്‍ത്തിക് ഒരു ബസ് അപകടത്തില്‍ പെടുന്നു. തൊട്ടടുത്ത സീറ്റില്‍ ഇരുന്നിരുന്ന യുവാവ് മരിച്ചെന്നു മനസിലാകുന്ന സമയത്ത് തെറ്റും ശരിയും ആലോചിക്കാതെ അയാളുടെ സര്‍ട്ടിഫിക്കറ്റുകളും പണവുമടങ്ങിയ പെട്ടി കാര്‍ത്തിക് കൈക്കലാക്കുന്നു. മരിച്ചയാളുടെ വിലാസത്തില്‍ ജീവിക്കാന്‍ തുടങ്ങുന്ന കാര്‍ത്തികിന് തരണം ചെയ്യേണ്ട വെല്ലുവിളികള്‍ പലതായിരുന്നു. ആ വെല്ലുവിളികളെ കാര്‍ത്തിക് എങ്ങിനെ നേരിടുന്നു എന്നതാണ് സിനിമ പിന്നീട് കാണിക്കുന്നത്. 

വിജയ്‌ ആന്റണി, സിദ്ധാര്‍ഥ് വേണുഗോപാല്‍, രൂപാ മഞ്ജരി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജീവാ ശങ്കര്‍ ആണ്. ഒരു ക്രൈം  ത്രില്ലര്‍ സിനിമയ്ക്കു വേണ്ട എല്ലാ ഹോം വര്‍ക്കും ചെയ്തു പഠിച്ച ശേഷമാണ് ജീവ ഈ സിനിമ എടുത്തിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന ഷൂട്ടിംഗ് ഷെഡ്യൂള്‍ ആയിരുന്നു ഈ സിനിമയുടേത്. 

അഭിനയത്തിന്‍റെ കാര്യത്തില്‍ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. സിനിമയില്‍  ഒരു പോരായ്മയായി ഒരു പക്ഷെ പ്രേക്ഷകന് തോന്നാന്‍ വഴിയുള്ള ഏക കാര്യം , അവസാന രംഗം പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചു എന്നത് മാത്രമായിരിക്കാം. ചില സീനുകളില്‍ ലോജിക്ക് നമ്മുക്ക് ഉപേക്ഷിക്കെണ്ടിയും വരുന്നു . 

ആകെ മൊത്തം ടോട്ടല്‍ = കണ്ടിരിക്കാവുന്ന ഒരു  ക്രൈം ത്രില്ലര്‍ സിനിമ . 
*വിധി മാര്‍ക്ക്‌ = 6.5/10 

-pravin- 

Tuesday, October 16, 2012

Oh My God (OMG)



ഉമേഷ്‌ ശുക്ല സംവിധാനം ചെയ്ത് പരേഷ് റാവല്‍ ,അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് Oh My God (OMG). സിനിമയുടെ നിര്‍മാതാക്കളും ഇവരൊക്കെ തന്നെ. 'Kanji Virudh (vs) Kanji' എന്ന ഗുജറാത്തി നാടകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭവേഷ്  മണ്ടാലിയയും ഉമേഷ്‌ ശുക്ലയും കൂടി ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അതെ സമയം മേല്‍പ്പറഞ്ഞ നാടകം,  'The Man Who Sued God' എന്ന ആസ്ട്രേലിയന്‍ സിനിമയില്‍ നിന്നും കടമെടുത്തതാണെന്ന്  പലരും അഭിപ്രായപ്പെടുന്നു. എന്തായാലും രണ്ടു കഥയുടെയും ആശയം ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല എന്ന് കരുതാം. 

പേര് സൂചിപ്പിക്കുന്ന പോലെ ദൈവത്തെ സംബന്ധിച്ചുള്ള ഒരു കഥ തന്നെയാണ് സിനിമയില്‍ പറയുന്നത്. കാഞ്ചി ഭായ് (പരേഷ് രവാല്‍) ദൈവത്തില്‍ വിശ്വസിക്കാത്തവനും ഒരു മിഡില്‍ ക്ലാസ് ഫാമിലിയുടെ ഗൃഹനാഥനുമാണ്. ഒരിക്കല്‍ കാഞ്ചിയുടെ കട  ഭൂകമ്പത്തില്‍ തകരാന്‍ ഇടയാകുന്നു. ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാര തുകക്ക് വേണ്ടി സമീപിക്കുന്നുവെങ്കിലും ഭൂകമ്പം, സുനാമി പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് ദൈവമാണ് ഉത്തരവാദി എന്നത് കൊണ്ട് ഈ നഷ്ടം നികത്താന്‍ കമ്പനി തയ്യാറല്ല എന്ന് പറയുന്നു.   'Act of God' എന്ന ക്ലോസ് പ്രകാരം, ഇന്‍ഷുറന്‍സ്  കമ്പനിക്കു ഇത്തരം നഷ്ടങ്ങള്‍ നികത്താന്‍ നിര്‍വാഹമില്ല എന്നും വേണമെങ്കില്‍ ദൈവത്തിനെതിരെ കേസ് കൊടുത്തോളാനും കമ്പനി മാനേജര്‍ പറയുന്നു. പറഞ്ഞത് പോലെ തന്‍റെ  നഷ്ടത്തിന് ഉത്തരവാദി ദൈവമാണ് എങ്കില്‍ അത് വാങ്ങിയിരിക്കും എന്ന നിലപാടില്‍ ഉറച്ചു നിന്ന കാഞ്ചി ദൈവത്തിനെതിരെ കോടതിയില്‍ കേസ് കൊടുക്കുന്നു. തുടര്‍ന്നങ്ങോട്ട് നടക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് സിനിമയെ കൂടുതല്‍ മികവുറ്റതാക്കുന്നത്. 

 കാഞ്ചി ഭായ് ഈ സിനിമയില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ വെറുമൊരു വിനോദ സിനിമയുടെ മാത്രം ഭാഗമല്ല എന്നത് കൊണ്ട് തന്നെ ഈ സിനിമയെ വെറുമൊരു കോമഡി സിനിമയായി ഒരിക്കലും  കാണാന്‍ സാധിക്കില്ല.  സാമൂഹിക പ്രസക്തവും ചിന്തനീയവുമായ ഒരുപാട്  വിഷയങ്ങള്‍ സിനിമയില്‍ കടന്നു വരുന്നുണ്ട്. ദൈവത്തിന്‍റെ  പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ പലതാണ്. ആരാധനയുടെയും പൂജയുടെയും പേരില്‍ നടക്കുന്ന കൊള്ളരുതായ്മകളെ സിനിമ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ആള്‍ ദൈവങ്ങളുടെയും , കള്ള സന്യാസിമാരുടെയും തട്ടിപ്പുകള്‍ക്കെതിരെയും സിനിമ ശബ്ദം ഉയര്‍ത്തുന്നു. 

ദൈവത്തെ കുറിച്ചുള്ള മനോഹരമായ ചിന്തകള്‍ സിനിമയില്‍ പങ്കു വക്കപ്പെടുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഒരു കടുത്ത മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ സിനിമയില്‍ പലയിടത്തും മതനിന്ദയും ദൈവനിന്ദയും  നടക്കുന്നതായി തോന്നിയേക്കാം. അതെ സമയത്ത്, യഥാര്‍ത്ഥ ദൈവ വിശ്വാസിക്ക് അല്ലെങ്കില്‍ എല്ലാ മതങ്ങളുടെയും  അന്തസത്ത മനസിലാക്കിയ ഒരു നല്ല മനുഷ്യന് ഈ സിനിമയുടെ ഉദ്ദേശ്യ ശുദ്ധി മനസിലാക്കാന്‍ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ, ദൈവത്തെ കുറിച്ചുള്ള മനോഹരമായ പല  കാഴ്ചപ്പാടുകളും ആസ്വദിക്കാവുന്നതാണ്. 

ആകെ മൊത്തം ടോട്ടല്‍ = ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു നല്ല സിനിമ . 

*വിധി മാര്‍ക്ക്‌ = 9/10 
-pravin-

Saturday, October 13, 2012

ഹസ്ബെന്റ്സ് ഇന്‍ ഗോവ ഹാപ്പിയാണ്


കുഞ്ഞളിയന്റെ കനത്ത പരാജയത്തിനു ശേഷം തന്‍റെ അഞ്ചാമത്തെ ചിത്രമായി സജി സുരേന്ദ്രന്‍ പ്രേക്ഷകന് സമ്മാനിച്ച സിനിമയാണ് ഹസ്ബെന്റ്സ് ഇന്‍ ഗോവ. സിനിമ റിലീസ് ആകുന്നതിനു മുന്‍പ് ഹാപ്പി ഹസ്ബന്റ്സിന്റെ ബാക്കി കഥയാണോ ഇതെന്ന് പലരും സംശയിച്ചിരുന്നു.പക്ഷെ ഈ സിനിമയ്ക്കു തന്‍റെ  മുന്‍കാല സിനിമകളുടെ ബാക്കി കഥയല്ല പറയാനുള്ളതെന്ന് അദ്ദേഹം ഇതിനകം പ്രേക്ഷകനെ ബോധ്യപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. സജി സുരേന്ദ്രന്‍റെ  ഇത് വരെയുള്ള സിനിമകളില്‍ എല്ലാം കാണുന്ന രണ്ടേ രണ്ടു സാമ്യതകള്‍   ജയസൂര്യ എന്ന നടനും, കൃഷ്ണ പൂജപ്പുര എന്ന തിരക്കഥാകൃത്തുമാണ്. ഇവര്‍ രണ്ടു പേരുമില്ലാതെ ഒരാഘോഷം സജിക്കില്ല എന്ന് പറയുന്നതാകും ഉചിതം. 

ഗോവിന്ദ് (ജയസൂര്യ), ജെറി (ഇന്ദ്രജിത്ത്), അര്‍ജുന്‍ (അസിഫ് അലി) എന്നിവര്‍ പണ്ട് മുതലേ ഒന്നിച്ചു പഠിച്ചവരും സര്‍വോപരി ആത്മ സുഹൃത്തുക്കളുമാണ്. ഇവര്‍ മൂന്നു പേര്‍ക്കും പൊതുവായി നേരിടേണ്ടി വരുന്ന പ്രശ്നം തങ്ങളുടെ ഭാര്യമാരില്‍ നിന്നുള്ള വ്യത്യസ്തങ്ങളായ പീഡനങ്ങളാണ്. ഭാര്യമാരുടെ നിയന്ത്രണത്തില്‍ കഴിഞ്ഞു വരുന്ന ഇവര്‍ ഒരിക്കല്‍ കള്ളം പറഞ്ഞു കൊണ്ട് ഗോവയിലേക്ക് ഒരു ഉല്ലാസ യാത്ര നടത്തുകയും യാത്രാമധ്യേ സണ്ണി  (ലാല്‍) എന്ന അപരിചിതനെ പരിചയപ്പെടുകയും ചെയ്യുന്നു. സണ്ണിയുമായുള്ള സൌഹൃദവും , ഭാര്യമാരോടുള്ള  കള്ളം പറച്ചിലും ഇതിനിടയില്‍ നടക്കുന്ന മറ്റു ചില നര്‍മ സംഭവങ്ങളുമാണ് സിനിമയില്‍ പിന്നീട് പറഞ്ഞു വരുന്നത്. 

ആദ്യമേ പറയാമല്ലോ 'കഥക്ക്' ഈ സിനിമയില്‍ പ്രസക്തിയില്ല. തുടക്കം മുതല്‍ ഒടുക്കം വരെ നര്‍മത്തിന് മാത്രം പ്രാധാന്യം കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തിരക്കഥ രൂപീകരിച്ചിരിക്കുന്നത്. ഈ സിനിമയിലെ മികച്ച താരം ആരായിരുന്നു എന്നാ ചോദ്യത്തിന് ഉത്തരം ജയസൂര്യ എന്നത് മാത്രമാണ്. അത്രക്കും മികവുറ്റ ഹാസ്യ പ്രകടനമായിരുന്നു ജയസൂര്യയുടെത്. ഇന്ദ്രജിത്തിനെ സംബന്ധിച്ച് നോക്കുമ്പോള്‍ ഈ സിനിമയില്‍ അയാള്‍ക്ക്‌ അനുവദിച്ചു കൊടുത്ത കുറഞ്ഞ സ്പേസ് നന്നായി ഉപയോഗിച്ച് എന്ന് മാത്രമേ പറയാനാകൂ. ലാലിന്റെ പ്രകടനം  ചില സീനുകളില്‍ അല്‍പ്പം ഓവറായി എന്നതൊഴിച്ചാല്‍ അയാളും കഥാപാത്രത്തോട് നീതി പുലര്‍ത്തി. അതെ സമയം അസിഫ് അലി ഇനിയും ഒരുപാട് അഭിനയിച്ചു പഠിക്കേണ്ടിയിരിക്കുന്നു എന്ന് മാത്രമേ തോന്നിയുള്ളൂ. 

തമാശയിലൂടെ ആണെങ്കില്‍ കൂടി ചില സത്യങ്ങള്‍ സിനിമയില്‍ പങ്കു വക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. മനസ്സും ശരീരവും അശുദ്ധമാകാനുള്ള പലതും ഗോവയിലുണ്ടായിട്ടും തങ്ങളാരും ഭാര്യമാരെ മറന്നു കൊണ്ട് ഒന്നും ചെയ്യാതിരുന്നത് തങ്ങളുടെ മനസ്സ് ശുദ്ധമായത് കൊണ്ടാണ് എന്നവകാശപ്പെടുന്ന അര്‍ജുനോട് സണ്ണി പറയുന്ന മറുപടി മറ്റൊന്നാണ്.  "നിങ്ങളുടെ മനസ്സ് അശുദ്ധം തന്നെയാണ്. അശുദ്ധമാകാനുള്ള സാഹചര്യം നിങ്ങള്‍ക്ക്  കിട്ടുന്നില്ല എന്നത് കൊണ്ട് മാത്രം ശരീരം ശുദ്ധമായി തുടരുന്നു എന്നേ  ഉള്ളൂ". സണ്ണി  ഇത് പറയുമ്പോള്‍ പരിശുദ്ധിയുടെ പ്രതീകങ്ങളായ ചില ഭര്‍ത്താക്കന്മാര്‍ തിയേറ്ററില്‍ ഇരുന്ന ഇരിപ്പില്‍ ഞെട്ടിയെക്കാം.


ഇത്തരമൊരു കഥ പറഞ്ഞു വരുമ്പോള്‍ ഏതൊരു  സംവിധായകനും എഴുത്തുകാരനും നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് സിനിമയെ എങ്ങിനെ അവസാനിപ്പിക്കണം എന്നത്. ആ ചരിത്രം, അതിവിടെയും ആവര്‍ത്തിക്കുന്നു. കഥയുടെ അവസാന രംഗങ്ങള്‍ അങ്ങിനെയൊക്കെ തന്നെയാണ്  പറഞ്ഞവസാനിപ്പിക്കുന്നത് എങ്കില്‍ കൂടി അതെല്ലാം പ്രേക്ഷകന്ചിരിച്ച്  കൊണ്ട് ക്ഷമിക്കാവുന്നതെയുള്ളൂ. 

ആകെ മൊത്തം ടോട്ടല്‍ =  ഒന്നും ആലോചിക്കാതെ രണ്ടു മണിക്കൂര്‍ കണ്ടിരിക്കാന്‍ പറ്റുന്നൊരു കൊച്ചു കോമഡി സിനിമ. 

*വിധി മാര്‍ക്ക്‌ = 5.5/10 
-pravin- 

Monday, October 8, 2012

Ek Tha Tiger


Kabul Express , New York എന്നീ സിനിമകള്‍ക്ക്‌ ശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയ്ത സിനിമയാണ് Ek Tha Tiger. സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന വേഷത്തിലെത്തിയ ഈ സിനിമ, ബോളിവുഡ് ബോക്സോഫീസിലെ ഒരു വമ്പന്‍ വിജയമായിരുന്നു. 

ഇന്ത്യയുടെ Research and Analysis Wing (RAW) ലെ ഓഫീസറായ അവിനാഷ് സിംഗ് റാത്തോഡ് (സല്‍മാന്‍ ഖാന്‍) 'ടൈഗര്‍' എന്ന ഔദ്യോഗിക കോഡ് നാമത്തിലാണ്  പൊതുവേ അറിയപ്പെടുന്നത്. അയര്‍ലണ്ടിലെ ട്രിനിറ്റി കോളേജില്‍ പ്രൊഫസ്സറായി ജോലി ചെയ്യുന്ന ഇന്ത്യന്‍ ശാസ്ത്രഞ്ജന്‍ കിഡ് വായ്‌  തന്‍റെ ശാസ്ത്ര നിരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും പാസ്കിതാനുമായി  പങ്കു വക്കുന്നു എന്ന രഹസ്യ സൂചനയെ തുടര്‍ന്ന്  അദ്ദേഹത്തെ അന്വേഷണ നിരീക്ഷണത്തിനു വിധേയമാക്കാന്‍ RAW തീരുമാനിക്കുന്നു. അതിനായി ടൈഗറിനെ നിയോഗിക്കുകയും ചെയ്യുന്നു. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ കാരണം കുടുംബ ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സമയം കിട്ടാതിരുന്ന ടൈഗര്‍, അയര്‍ലണ്ടില്‍ വച്ച് കിഡ് വായിയുടെ സഹായിയും ഡാന്‍സ് അക്കാദമിയിലെ വിദ്യാര്‍ഥിയുമായ സോയയെ (കത്രീന കൈഫ്‌ ) പരിചയപ്പെടാനും പ്രണയിക്കാനും ഇടയാകുന്നു. തുടര്‍ന്നങ്ങോട്ടുള്ള കോമഡിയും പ്രണയവും ആക്ഷനും സസ്പെന്‍സും എല്ലാമാണ് സിനിമയെ ഊര്‍ജ്ജസ്വരമാക്കുന്നത്. 

പേര് സൂചിപ്പിക്കുന്ന പോലെ ടൈഗറിന്റെ ധീരതയും, സാഹസികതയും , പ്രണയവും,  ആക്ഷനുമെല്ലാമാണ്  സിനിമയുടെ ഇതിവൃത്തം.  മൂന്നു നാല് മാസങ്ങള്‍ക്ക്  മുന്‍പ് ഇതേ ചേരുവയില്‍ ഇറങ്ങിയ സൈഫ് അലി ഖാന്‍റെ Agent Vinod മായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ സിനിമയ്ക്കു പല സാമ്യതകളും പ്രകടമാണ്. അതെ സമയം, Agent Vinod നെ അപേക്ഷിച്ച് നോക്കുമ്പോള്‍ Ek Tha Tiger എത്രയോ മികച്ചതും ആസ്വദനീയവുമാണ്.  

ഒരു 'കത്തി' പടം എന്നതിലുപരി സിനിമയില്‍ പലയിടത്തുമുള്ള  ഹൃദ്യമായ സംഭാഷണ രീതി ശ്രദ്ധേയമാണ്.  ക്ലൈമാക്സിലെ ആക്ഷന്‍ രംഗങ്ങളിലുള്ള  ചില 'കൊടും കത്തി' പ്രകടനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ സിനിമയിലെ മിക്ക ആക്ഷന്‍ രംഗങ്ങള്‍ക്കും മോശമല്ലാത്ത  ഒരു ത്രില്ലിംഗ് സ്വഭാവം ഉണ്ടായിരുന്നു.  പഴയ കാല സിനിമകളില്‍ നായകനും നായികയും വില്ലന്മാരില്‍ നിന്ന് രക്ഷപ്പെടാന്‍ ജീപ്പും, കാറും , ലോറിയും, ചിലപ്പോളൊക്കെ ബോട്ടും ഹെലി കോപ്ടരും വരെ ഉപയോഗിച്ച് വരുന്നതായി നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഈ അടുത്ത കാലത്ത് ആ ട്രെന്‍ഡ് ഒന്ന് കൂടി മാറിയിരിക്കുന്നു.  

പല സിനിമകളിലും  നായികാ നായകന്മാരുടെ പലയാന രംഗങ്ങളില്‍ ട്രെയിന്‍ ഒരു രക്ഷാ വാഹനമെന്ന നിലയില്‍ വളരെ  പ്രാധാന്യത്തോടെ അവതരിപ്പിച്ചു   കണ്ടിട്ടുണ്ട്. പക്ഷെ , ഈ സിനിമയില്‍ പ്രേക്ഷകനെ അന്താളിപ്പിച്ചു കൊണ്ട് നായിക, വിമാനം ഓടിച്ചു പറത്തുകയും ആ വിമാനത്തിലേക്ക് വെടിയുണ്ടയേറ്റ  നായകന്‍ ബൈക്കോടിച്ചു  പാറി വന്നു വീഴുക വഴി രക്ഷപ്പെടുകയും ചെയ്യുന്നു.  അപ്രകാരം വിമാനം ഓടിച്ചു രക്ഷപ്പെടുന്ന നായികാ നായകന്മാര്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല എന്ന വിശ്വാസത്തോടെ തന്നെ പറയട്ടെ ഈ സിനിമ നിങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുക തന്നെ ചെയ്യും. 

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ തന്നെയാണെങ്കിലും 75 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ഈ സിനിമ ഇതിനകം സൂപ്പര്‍ ഹിറ്റ്‌ ആകുകയും ബോക്സോഫീസില്‍ 307 കോടി  വാരിക്കൂട്ടുകയും ചെയ്തു എന്ന് കണക്കുകള്‍ പറയുന്നു. എന്തരോ എന്തോ., നമ്മുടെ സ്വന്തം ബോളിവുഡ് അല്ലേ ,നമുക്ക് വിശ്വസിച്ചേ മതിയാകൂ. ഒരു  കാര്യം പറയാന്‍ വിട്ടു. കുറ്റം പറയരുതല്ലോ, നമ്മുടെ സല്‍മാനും കത്രീനയും വളരെ നല്ല രീതിയില്‍ തന്നെ അഭിനയിച്ചിരിക്കുന്നു.  

ആകെ മൊത്തം ടോട്ടല്‍ = കൂടുതല്‍ ഒന്നും ആലോചിക്കാതെ, ഒറ്റയിരുപ്പിനു കണ്ടിരിക്കാന്‍ പറ്റിയ, സാമാന്യം നല്ല ഒരു  കത്തിപ്പടം. ഒരു വട്ടം കാണുന്നതില്‍ ദോഷമില്ല. (ആദ്യമേ പറയട്ടെ,  കഥയ്ക്കും അഭിനയത്തിനും പ്രാധാന്യം കൊടുത്ത് കൊണ്ട് ഈ സിനിമ കാണാന്‍ ശ്രമിക്കരുത്.)

*വിധി മാര്‍ക്ക്‌ = 5/10
-pravin- 

Saturday, October 6, 2012

റണ്‍ ബേബി റണ്‍ - ക്യാമറമാന്‍ വേണുവിനോടൊപ്പം ഫുള്‍ ടൈം ഒരു രേണുക


ക്രിസ്ത്യന്‍ ബ്രദെഴ്സിനും, സെവെന്സിനും ശേഷം ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ ലാലും അമലാ പോളും പ്രധാന വേഷത്തില്‍ അഭിനയിച്ച  റണ്‍ ബേബി റണ്ണിന്റെ  രചന നിര്‍വഹിച്ചിരിക്കുന്നത് തിരക്കഥാകൃത്തുക്കളായ സച്ചി- സേതുവിലെ സച്ചിയാണ്. 

ക്യാമറമാന്‍ വേണു (മോഹന്‍ ലാല്‍) രോയറ്റെഴ്സില്‍ ജോലി ചെയ്യുന്ന ഒരു ക്യാമറ മാന്‍ ആണ്. ഡല്‍ഹിയില്‍ നിന്ന് ഒരു കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് വേണ്ടി കൊച്ചിയിലെത്തുന്ന വേണു മറ്റൊരു ചാനലിനു വേണ്ടി ചെറിയൊരു ജോലി ഏറ്റെടുക്കുന്നു. അവിടെ വച്ച് തന്‍റെ പഴയ കാമുകിയും ഇപ്പോള്‍ മറ്റൊരു പ്രമുഖ ചാനലിന്‍റെ എക്സിക്യൂട്ടീവ് എഡിറ്ററും ആയ രേണുകയെ (അമല പോള്‍) കാണാന്‍ ഇടയാകുന്നു. കൊച്ചിയില്‍ കുറച്ചു ദിവസങ്ങള്‍ക്കായി എത്തിയ വേണുവിനു രേണുകയോട് കൂടി   മറ്റ് ചില ദൌത്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നു. തുടര്‍ന്നങ്ങോട്ടുള്ള ഇവരുടെ നെട്ടോട്ടമാണ് റണ്‍ ബേബി റണ്‍ എന്ന സിനിമയെ മുന്നോട്ടു നയിക്കുന്നത്. 

സിനിമയിലെ പല രംഗങ്ങളും scene continuity യുടെ കാര്യത്തില്‍ പിഴവ് വരുത്തിയത് തിരക്കഥാകൃത്തിന്റെ രചനയുടെ പോരായ്മയായി കരുതാനാകില്ല. ജോഷിയെ പോലൊരു സീനിയര്‍ സംവിധായകന്റെ കയ്യില്‍ നിന്നും അത്തരമൊരു വീഴ്ച സംഭവിക്കാനും ഇടയില്ല. പിന്നെ ആര്‍ക്കാണ്  പിഴച്ചത്?  വേണുവിനു വലതു  ചെവിയുടെ കേള്‍വി ശക്തി നഷ്ട്ടപ്പെട്ട ശേഷം മറ്റുള്ളവര്‍ പറയുന്ന സംഭാഷണങ്ങള്‍ വ്യക്തമായി കേള്‍ക്കുന്നില്ല എന്ന് സിനിമയില്‍ തന്നെ കാണിക്കുന്നുണ്ട്. പിന്നീട്, ഇയര്‍ ഫോണ്‍ ഉപയോഗിച്ചാല്‍ മാത്രം മറ്റുള്ളവരുടെ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്നും സിനിമ വ്യക്തമാക്കുന്നുണ്ട്. പക്ഷെ പല സീനുകളിലും ഈ ഉപകരണം ചെവിയില്‍ വക്കാതെ തന്നെ മറ്റുള്ളവരുടെ ചോദ്യത്തിനും എന്തിനു പറയുന്നു ദൂരെയുള്ള ശബ്ദങ്ങള്‍ക്കും വരെ വേണു കാതോര്‍ക്കുകയും മറുപടി പറയുകയും ചെയ്യുന്നുണ്ട്. ഇത് പോലെ തന്നെ ഒട്ടനവധി രംഗങ്ങളില്‍ പല തരം വിരോധാഭാസങ്ങള്‍ കടന്നു വരുന്നുണ്ട്. 

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പും ശേഷവും   കാണിക്കുന്ന സീനുകളില്‍ കാലഘട്ടത്തിന്‍റെ മാറ്റം ഒറ്റയടിക്ക് കാണിക്കാന്‍ സംവിധായകന്‍ തിരഞ്ഞെടുത്ത വഴി രണ്ടു കാലഘട്ടത്തിലും നായികാ നായകന്മാര്‍ ഉപയോഗിക്കുന്ന ഫോണിന്റെ മോഡല്‍ വ്യത്യാസം കാണിക്കുക എന്നതാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പേ രണ്ടു പേരും ഉപയോഗിക്കുന്നത് നോകിയയുടെ N 72 , N 73 റേഞ്ചിലുള്ള മോഡലുകലാണെങ്കില്‍, വര്‍ഷങ്ങള്‍ക്കു ശേഷം സാംസങ്ങിന്റെ ടച്ച്  സ്ക്രീന്‍ ഫോണുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. അതില്‍ തന്നെ, വേണു ഫോണ്‍ ചെയ്യുന്ന ഒരു രംഗമുണ്ട്. ഫോണിന്റെ സ്ക്രീന്‍ വ്യക്തമായി പ്രേക്ഷകന് കാണാം. ഒരു കാള്‍ ഡയല്‍ പോലും ഇല്ലാതെ ഫോണ്‍ വിളിക്കുന്ന നായകന്‍ പ്രേക്ഷകനെ പരിഹസിച്ച പോലെയായി. 

വെറും ഒരു കഥയില്‍ നിന്നും തിരക്കഥയുടെ രൂപത്തിലേക്ക് സിനിമയെ മാറ്റിയെഴുതുമ്പോള്‍ ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കുന്ന   ഒരു രചയിതാവ് ശ്രദ്ധിക്കേണ്ട പലതും സച്ചി മറന്നു പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്യാമറാ മാന്‍ വേണു,  മതില് ചാടി ഭരതന്‍ പിള്ളയുടെ വീട്ടില്‍ എക്സ്ക്ലൂസിവ്  ന്യൂസ്‌ കവര്‍ ചെയ്യാന്‍ വേണ്ടി പോകുന്ന രംഗങ്ങള്‍, അത് പോലെ ക്ലൈമാക്സിലെ കൂട്ടപ്പൊരിച്ചില്‍ അങ്ങിനെ ഒട്ടനവധി രംഗങ്ങളില്‍ നാടകീയത കല്ല്‌ കടിയാകുന്നുണ്ട്. 

നായിക ഒരു ജേര്‍ണലിസ്റ്റ് ആയതു കൊണ്ട് അല്‍പ്പം ബോള്‍ഡ്നെസ് അവള്‍ക്കുണ്ടാകണം എന്നത് കഥയിലെ ആവശ്യമായിരുന്നു. അത് സമ്മതിക്കാം.പക്ഷെ, പെണ്‍ ജേര്‍ണലിസ്റ്റിന്റെ ബോള്‍ഡ്നെസ്, സഹപ്രവര്‍ത്തകരെയും മറ്റ് ആണുങ്ങളെയും ചീത്ത വിളിക്കുന്നതിലൂടെയും, ഒരു പോലീസുകാരിയെ പിടിച്ചു തല്ലുന്നതിലൂടെയുമൊക്കെയാണ് സിനിമയില്‍ കാണിക്കാന്‍ ശ്രമിക്കുന്നത്.  ബോള്‍ഡ്നെസ് തോന്നിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയ ചില രംഗങ്ങള്‍ അമലയുടെ പ്രകടനത്തിനെ  വരെ ബാധിച്ചു എന്ന് പറയേണ്ടിയിരിക്കുന്നു 

സസ്പെന്‍സ് നിലനിര്‍ത്തി പോകുന്നതില്‍ ഒരു പരിധി വരെ സച്ചി നീതി പാലിച്ചു.  ആദ്യമേ തന്നെ വില്ലന്മാരെ പ്രേക്ഷകന് മുന്നില്‍ കാണിച്ചു കൊണ്ട് കഥ പറഞ്ഞില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അല്‍പ്പം കൂടി മികവു സസ്പെന്‍സില്‍ കാണിക്കാന്‍ സാധിക്കുമായിരുന്നു. 

സച്ചി - സേതു കൂട്ടുകെട്ടില്‍ ആസ്വദനീയമായ  നല്ല കുറച്ചു സിനിമകള്‍ പ്രേക്ഷകന് കിട്ടി എന്നത് സത്യമാണ്. സച്ചിയും സേതുവും സ്വതന്ത്രമായി രചനയിലേക്ക് കടന്നപ്പോള്‍ പ്രേക്ഷകന് കിട്ടിയ സിനിമകള്‍ ആദ്യത്തെ നിലവാരത്തില്‍ നിന്നും അല്‍പ്പം താണു എന്നതും സത്യമാണ്. സേതുവിന്‍റെ മല്ലു സിംഗിന്റെ അത്രത്തോളം നിലവാര തകര്‍ച്ച സച്ചിയുടെ റണ്‍ ബേബി റണ്ണിനു അനുഭവിക്കേണ്ടി വന്നില്ല എന്നത് മാത്രമാണ് പ്രേക്ഷകന് ഈ ജോഡിയെ കുറിച്ചു ആലോചിക്കുമ്പോള്‍ കിട്ടുന്ന ഏക ആശ്വാസം. 

പല സിനിമകളിലും കണ്ടു മറന്ന കഥാപാത്രങ്ങള്‍ വേഷം മാറി പുതിയ രൂപത്തില്‍ വരുന്ന കണക്കെയാണ് ഈ സിനിമയിലെ പല വില്ലന്‍ കഥാപത്രങ്ങളും നമുക്ക് മുന്നില്‍ വരുന്നത്.  സിദ്ദിക്ക് , സായ് കുമാര്‍ എന്നീ നടന്മാരെ വേണ്ടുവോളം ഉപയോഗിക്കാന്‍ മലയാള സിനിമയ്ക്കു ഇനിയും സാധിക്കുന്നില്ല എന്നത് വിഷമകരമായ വസ്തുതയാണ്. ഷമ്മി തിലകന്‍ അവതരിപ്പിച്ച പോലീസ് വേഷം , ഷമ്മിയുടെ കരിയറിലെ ഒരു വ്യത്യസ്ത പ്രകടനത്തിന് സാക്ഷ്യം വഹിച്ചു എന്ന് ആശ്വസിക്കാം. അമല പോള്‍ എന്ന കൊച്ചു നടിക്ക് ഒട്ടും അനുയോജ്യമാകാത്ത ഒരു കഥാപാത്രമായിരുന്നു സിനിമയിലെ രേണുക എന്നത് (വളരെ) വിഷമത്തോടെ തന്നെ പറയട്ടെ. ഈ സിനിമയില്‍, യാതൊരു തരത്തിലുമുള്ള അഭിനയ മുഹൂര്‍ത്തങ്ങളും  അമലയെ തേടി വന്നിട്ടില്ല എന്നതാണ് സത്യം. 

മോഹന്‍ ലാല്‍ എന്ന നടന് വേണ്ടി അമല പോള്‍ എന്ന ഇത്തിരിപ്പോന്ന നടിയെ നായികയായി  തിരഞ്ഞെടുക്കാന്‍ സംവിധായകനേയും  നിര്‍മാതാവിനെയും പ്രേരിപ്പിച്ച ഘടകം എന്താണെന്ന് ആലോചിച്ചിട്ട്  ഒരു പിടിയുമില്ല. രണ്ടു പേരും കൂടി സ്ക്രീനില്‍ മുട്ടിയുരുമ്മി പ്രണയിച്ചു നടക്കുന്നതെല്ലാം കാണുമ്പോള്‍ പ്രേക്ഷകന്റെ മനസ്സില്‍ തോന്നുന്ന വികാരം എന്തായാലും ആസ്വാദനത്തില്‍ ഉള്‍പ്പെടുന്ന ഒന്നല്ല എന്നുറപ്പ്. അരോചകം, അപലപനീയം എന്നിങ്ങനെ വേണം ആ ജോഡിയെ കുറിച്ച് പറയേണ്ടത്. 

അടുത്ത കാലത്തിറങ്ങിയ തട്ട് പൊളിപ്പന്‍ മലയാള സിനിമകള്‍ കണ്ടു മടുത്ത  ശേഷം ഈ സിനിമ കാണുന്നത് കൊണ്ടായിരിക്കാം കണ്ടവരൊക്കെ ഈ സിനിമയെ കുറിച്ച് നല്ല അഭിപ്രായം പറയാന്‍ മുതിര്‍ന്നത്. ഒരു  സിനിമ സൂപ്പര്‍ ഹിറ്റാകാന്‍  ഒരുപാട് പ്രേക്ഷകര്‍ പൈസ മുടക്കി സിനിമ കണ്ടാല്‍    മതിയാകും. പക്ഷെ, സിനിമ കണ്ടിറങ്ങുന്ന എല്ലാ  പ്രേക്ഷകനും ഒരേ ശബ്ദത്തില്‍ "സൂപ്പര്‍ " എന്ന് പറയാനാണ് ബുദ്ധിമുട്ട്. ആ തരത്തില്‍, എല്ലാ പ്രേക്ഷകനും ഈ സിനിമയെ "സൂപ്പര്‍ " എന്ന് പറഞ്ഞുവോ ? ചിന്തിക്കേണ്ട വിഷയമാണ്. എന്തരോ എന്തോ ,. ഒന്നുകില്‍ മലയാളി പ്രേക്ഷകന്‍റെ ആസ്വാദന നിലവാരം കുറഞ്ഞു കൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ മലയാള സിനിമയുടെ നിലവാരം ഒരു സാധാരണ പ്രേക്ഷകന് മനസിലാകാന്‍ പറ്റാത്ത വിധം  അസാധാരണമായി ഉയര്‍ന്നിരിക്കുന്നു . 

ഈ സിനിമയ്ക്കു റണ്‍ ബേബി റണ്‍ എന്ന സിനിമയേക്കാള്‍ കൂടുതല്‍ ഉചിതമായ പേര് "ക്യാമറാ മാന്‍ വേണുവിനോടൊപ്പം രേണുക" എന്നതായിരുന്നു  എന്ന  അഭിപ്രായം കൂടി പങ്കു വക്കട്ടെ. 

ആകെ മൊത്തം ടോട്ടല്‍ = മനസ്സില്‍ കൂടുതല്‍ സംശയങ്ങളും ചോദ്യങ്ങളുമൊന്നും  സൂക്ഷിക്കാതെ ഒറ്റയടിക്ക് ഒരു വട്ടം കണ്ടിരിക്കാവുന്ന ഒരു ആവറേജ് സിനിമ. 

*വിധി മാര്‍ക്ക്‌ = 5.5/10
-pravin-

Friday, October 5, 2012

കട്ട്രത് തമിഴ്


വ്യത്യസ്തമായ ആഖ്യാന ശൈലി കൊണ്ട് ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത്   ദൃശ്യ വിസ്മയം സൃഷ്ടിക്കുന്നതില്‍ തമിഴ് സിനിമകള്‍  വഹിച്ചിട്ടള്ള  പങ്ക് വളരെ വലുതാണ്‌ . 2007ഇല്‍, തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ  മുന്നിലേക്ക്‌ ഒരു വേറിട്ട കഥയുടെ ദൃശ്യ വിപ്ലവാനുഭവമായി വന്നതായിരുന്നു റാം എന്ന നവാഗത സംവിധായകന്റെ ആദ്യ സിനിമാ സംരംഭമായ "കട്ട്രത് തമിഴ് " . 

റാമിന്‍റെ സിനിമാ സ്വപ്‌നങ്ങള്‍ മറ്റ് സംവിധായകരില്‍ നിന്ന് വ്യത്യസ്തമായിരുന്നു.  വര്‍ണ ശഭളമായ ഒരു കഥാ പശ്ചാത്തലമോ, പതിവ് തമിഴ് സിനിമാ ചേരുവകളോ  ഒന്നുമില്ലാതെയാണ് റാം ഈ സിനിമയെ അണിയിച്ചൊരുക്കിയത്. അത് കൊണ്ട് തന്നെ  പല സിനിമാ പ്രേമികളും ഈ സിനിമയെ നിറമില്ലാത്ത ഒരു സിനിമയായി വ്യഖ്യാനിക്കുകയുണ്ടായി. ഒരു സിനിമയോടുള്ള പ്രേക്ഷകന്‍റെ കാഴ്ചപ്പാടാണ് ആ സിനിമയുടെ യഥാര്‍ത്ഥ നിറം. മുന്‍വിധികളോട് കൂടി പലരും ഈ സിനിമയെ തഴഞ്ഞപ്പോള്‍ റാമിന്‍റെ സിനിമാ സ്വപ്നങ്ങളും നിറങ്ങളില്‍ പങ്കു ചേര്‍ന്നില്ല. പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ പരാജയപ്പെട്ട ഈ സിനിമ  കനത്ത സാമ്പത്തിക നഷ്ട്ടത്തില്‍ തന്നെ കലാശിക്കുകയും ചെയ്തു. 

മാതൃഭാഷയെ പെറ്റമ്മയോളം സ്നേഹിക്കണം എന്ന കവി വചനങ്ങളില്‍ ചെറുപ്പ കാലം തൊട്ടേ തീവ്ര വിശ്വാസം പുലര്‍ത്തി വന്നിരുന്ന പ്രഭാകര്‍ ബിരുദ പഠനത്തിനായി തിരഞ്ഞെടുത്തതും തന്‍റെ മാതൃഭാഷയായ തമിഴ് തന്നെയായിരുന്നു. കുട്ടിക്കാലം തൊട്ടേ പ്രഭാകറിന്റെ ജീവിതത്തില്‍ നടക്കുന്ന പല സംഭവങ്ങളും അവിചാരിതമായിരുന്നു. അമ്മയെ കാറപകടത്തില്‍ മരണം കവര്‍ന്നു കൊണ്ട് പോയ ഷോക്കില്‍ നിന്ന് മോചിതനാകും മുന്‍പേ പട്ടാളക്കാരനായ അച്ഛന്‍ അവനെ ഒരു ഹോസ്റ്റലില്‍ ചേര്‍ത്തു തിരികെ ക്യാമ്പിലേക്ക് മടങ്ങുന്നു.  ഹോസ്റ്റലിലെ ഏകാന്തതയില്‍  നിന്നും   പ്രഭാകറിനെ, തമിഴ് അദ്ധ്യാപകനായ വാര്‍ഡന്‍ ഏറ്റെടുക്കുന്നു. തന്‍റെ സ്വന്തം മകനോടെന്ന പോലെ സ്നേഹ വാത്സല്യത്തോടെ അവനു വേണ്ട  സംരക്ഷണം നല്‍കുകയും ചെയ്യുന്നു. അനാഥത്വത്തിന്റെ വാതിലില്‍ പകച്ചു നിന്ന പ്രഭാകറിന് അദ്ദേഹത്തോടുമായുള്ള സമ്പര്‍ക്കം മൂലം നഷ്ടപ്പെട്ട ഉത്സാഹം വീണ്ടു കിട്ടുന്നുവെങ്കിലും  വിധി അവനെ  വീണ്ടും പരിഹസിക്കുകയാണ് ചെയ്തത്. 

ഒറ്റപ്പെടലുകളില്‍ നിന്ന് ഒറ്റപ്പെടലിലെക്കുള്ള പ്രഭാകറിന്റെ ജീവിത പ്രയാണത്തില്‍ യാദൃശ്ചികതകള്‍ക്ക് ഒരുപാട് സ്ഥാനമുണ്ടായിരുന്നു എന്ന് വേണം കരുതാന്‍.,. കുട്ടിക്കാലത്തെ തന്‍റെ കളിത്തോഴിയെ പ്രഭാകര്‍ വീണ്ടും കാണുന്നത് അങ്ങിനെയൊരു സാഹചര്യത്തിലാണ്. അവളുടെ കുടുംബത്തിന്‍റെ പരിതാപകരമായ അവസ്ഥയില്‍ പ്രഭാകര്‍  കൂട്ട് ചേരുന്നതിലൂടെ പ്രഭാകര്‍ വീണ്ടും സന്തോഷവാനാകുന്നു. പക്ഷെ, ഒറ്റപ്പെടലുകള്‍ അവന്‍റെ ജീവിതത്തില്‍  വീണ്ടും വീണ്ടും സംഭവിച്ചു കൊണ്ടേയിരിക്കുന്നു. തുടര്‍ന്നും സിനിമയില്‍ ഇവര്‍ കണ്ടുമുട്ടുന്നുവെങ്കിലും പൂര്‍ണമായ ഒരു ഒത്തു ചേരല്‍ ഒരിടത്തും സംഭവിക്കുന്നില്ല. 

സിനിമയിലെ നായകന്‍റെ പല ജീവിത സന്ദര്‍ഭങ്ങളും അവിചാരിതവും യാദൃശ്ചികവുമായി സംഭവിച്ചു പോകുന്നതാണ്  എന്ന തരത്തില്‍ ഒരു ന്യായീകരണം പ്രേക്ഷകന് കൊടുക്കാന്‍ സംവിധായകന്‍ തുടക്കം മുതലേ ശ്രദ്ധിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ചില രംഗങ്ങളില്‍ ലോജിക്കുമായി ബന്ധപ്പെടുത്തുവാന്‍ പ്രേക്ഷകന് മനസ്സ് വരുന്നുമില്ല.

തമിഴ് ബിരുദം നല്ല മാര്‍ക്കോട് കൂടി പഠിച്ചിറങ്ങിയ പ്രഭാകറിന് തമിഴ് ഭാഷാ അദ്ധ്യാപനത്തിലൂടെ  കുറഞ്ഞ ശമ്പളം മാത്രമേ ലഭിക്കുന്നുണ്ടായിരുന്നുള്ളൂ. അതെ സമയം വാക്കുകള്‍ കൂട്ടിയെഴുതാന്‍ പോലും അറിയാതിരുന്ന അവന്‍റെ പല കൂട്ടുകാരും ലക്ഷങ്ങള്‍ ശമ്പളം വാങ്ങിക്കൊണ്ട് ഐ ടി കമ്പനികളിലും സോഫ്റ്റ്‌വെയര്‍ കമ്പനികളിലും ജോലി ചെയ്യുന്നുണ്ടെന്ന വസ്തുത മനസിലാക്കുന്ന പ്രഭാകര്‍ ഒരു തരം മാനസിക വിഭ്രാന്തിയില്‍ അകപ്പെടുന്നുണ്ട്. 

ചെയ്യാത്ത കുറ്റങ്ങള്‍ ചുമത്തി പോലീസുകാര്‍ തന്നെ ജീപ്പില്‍ കയറ്റി കൊണ്ട് പോകുന്നത് തന്‍റെ പ്രിയ വിദ്യാര്‍ഥികള്‍ ക്ലാസ് റൂം ജനാലയിലൂടെ കണ്ടിരിക്കുന്നു എന്ന് മനസിലാക്കുന്ന  പ്രഭാകറിന് അഭിമാനക്ഷതം ഉണ്ടാകുന്നു.  "അഭിമാനം പോയാല്‍ ജീവിച്ചിരിക്കാന്‍ യോഗ്യനല്ല" എന്നാണു  കവികള്‍ പാടിയിരിക്കുന്നത്. അത് കൊണ്ട് തന്നെയായിരിക്കാം, ജീവനൊടുക്കാനുള്ള തീരുമാനത്തില്‍ പ്രഭാകര്‍ എത്തുന്നത്. ഒരു ഭ്രാന്തനെ പോലെ ഉറക്കെ കവിതകള്‍ ചൊല്ലിക്കൊണ്ട് കെട്ടിടത്തിനു മുകളില്‍ കയറി പ്രഭാകര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനു പിന്നിലെ പ്രധാന പ്രേരണയും അത് തന്നെ. 

മരിക്കാന്‍ പോകുന്നതിനു തൊട്ടു മുന്‍പ് ആത്മഹത്യാ കുറിപ്പ് എഴുതുന്ന ഒരു സമ്പ്രദായം പൊതുവേ സമൂഹത്തിലുണ്ട്. ഇവിടെ പ്രഭാകറിനെ കുഴപ്പിക്കുന്ന കാര്യവും അത് തന്നെ. തനിക്കു ഏറ്റവും ഇഷ്ട്ടമുള്ള തന്‍റെ ബാല്യകാല സഖി ആനന്ദിക്കു  ആത്മഹത്യ കുറിപ്പ് എഴുതാന്‍ ആഗ്രഹിക്കുന്ന പ്രഭാകറിന് പക്ഷെ അവള്‍ ഇന്നെവിടെയാണ്‌ എന്ന കാര്യം അറിയില്ല.  ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നിലെ തന്‍റെ ന്യായീകരണം ആനന്ദിയെ ഒരു പക്ഷെ ചിരിപ്പിച്ചെക്കുമോ എന്ന് പ്രഭാകര്‍ ആശങ്കപ്പെടുന്നുണ്ട്. തമിഴ് ഭാഷ പഠിച്ചവന് തമിഴ് നാട്ടില്‍ ജീവിക്കാന്‍ സാധിക്കില്ല എന്ന് ആത്മഗതമായി പറഞ്ഞു കൊണ്ടിരിക്കുന്ന പ്രഭാകര്‍ പതിയെ പതിയെ പരിസര ബോധം മറന്നു കൊണ്ട് ഒരു മനോരോഗിയുടെ ഭാവം ഉള്‍ക്കൊള്ളുന്നു.

പോലീസില്‍ നിന്നും കുതറിയോടുന്ന പ്രഭാകര്‍ തന്‍റെ കയ്യില്‍ ആകെയുള്ള മുഷിഞ്ഞു കീറിയ അഞ്ചു രൂപാ നോട്ട് കൊണ്ട് റെയില്‍വേ ടിക്കറ്റ്‌ എടുക്കാന്‍ ശ്രമിക്കുന്ന ഒരു രംഗമുണ്ട്. കീറിയ അഞ്ചു രൂപാ നോട്ടിനെ  അവഗണിക്കുന്ന റെയില്‍വേ ജോലിക്കാരനോടുള്ള കടുത്ത അമര്‍ഷം പ്രഭാകറിന്റെ മനോനില വീണ്ടും തെറ്റിക്കുന്നു.  ആ മാനസികാവസ്ഥയില്‍ റെയില്‍വേ ജോലിക്കാരനെ കൈയേറ്റം ചെയ്യുകയും ഒരു കൈയ്യബദ്ധത്തില്‍ അയാളുടെ മരണം സംഭവിക്കുകയും ചെയ്യുന്നു.   കുട്ടിക്കാലത്ത് അമ്മയുടെ മരണം നേരിട്ട് കാണുന്നത് വഴി ചോരയെ പേടിയോടെ നോക്കി കണ്ടിരുന്ന പ്രഭാകര്‍ ഈ സംഭവത്തോട് കൂടി ചോരയെ ഭ്രാന്തമായി നോക്കി കാണുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. 

ഇതിനു ശേഷം പല വട്ടം  തന്‍റെ കണ്മുന്നില്‍ നടക്കുന്ന പല സാമൂഹിക അവസ്ഥകളിലും  ഒരു ഭ്രാന്തന്റെ വികാര ക്ഷോഭം കണക്കെ പ്രഭാകര്‍ പ്രതികരിക്കുന്നുണ്ട്. അത് പലപ്പോഴും കൊലപാതകങ്ങളില്‍ തന്നെ എത്തിച്ചേരുന്നു. പക്ഷെ, ഇരുപത്തി രണ്ടു കൊലപാതകങ്ങള്‍ നടത്തിയ പ്രഭാകര്‍ എന്ത് കൊണ്ട് സമൂഹത്തിനു മുന്നില്‍ ഒരു കൊലപാതകിയായി എന്ന ചോദ്യം  സമൂഹം വിസ്മരിക്കുന്നു .   

തന്‍റെ ഭൂത കാലത്തെ സമൂഹത്തിനു മുന്നില്‍ തുറന്നു പറയാന്‍ പ്രഭാകര്‍  കണ്ടെത്തിയ വഴി ഒരു  ക്യാമറാമാനെ   തട്ടിക്കൊണ്ടു വരുക എന്നതായിരുന്നു. പ്രഭാകറിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങിക്കൊണ്ട് ക്യാമറമാന്‍ അവന്‍റെ ഭൂതകാലത്തെ ഭീതിയോടു കൂടെ  കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിലൂടെയാണ് കഥയുടെ മുക്കാല്‍ ഭാഗവും പറഞ്ഞു പോകുന്നത്. 

പല രംഗങ്ങളിലും സമൂഹത്തിലെ മൂല്യച്യുതികളെ ചൂണ്ടിക്കാണിക്കുന്ന ഈ സിനിമ സാമ്പത്തിക പരാജയം ഏറ്റുവാങ്ങിയെങ്കിലും നിരൂപക പ്രശംസ പിടിച്ചു പറ്റുന്നതില്‍ വിജയിച്ചു. ഈ സിനിമയ്ക്കു വേണ്ടി സംഗീതം നല്‍കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. കഥയിലുടനീളം കഥാപാത്രത്തിന്റെ അവസ്ഥയ്ക്കും രംഗത്തിനും യോജിച്ച രീതിയില്‍ ഒരു ഭ്രാന്തമായ സംഗീത താളം പ്രേക്ഷകന് ആസ്വദിക്കാന്‍ സാധിക്കുന്നതാണ്. ജീവ എന്ന നടന്‍റെ അഭിനയജീവിതത്തിലെ ഒരു നാഴിക കല്ലാണ് ഈ സിനിമ എന്ന് നിസ്സംശയം പറയാം.

ഒരു സംവിധായകന്‍  ക്യാമറയിലൂടെ നോക്കി കാണേണ്ടത് സമൂഹത്തിലെ  നിറക്കാഴ്ചകള്‍ മാത്രമല്ല നേരിനോടും സമൂഹത്തിനോടുമുള്ള നിറമില്ലാത്ത കാഴ്ചകള്‍ കൂടിയാണെന്ന് ഈ സിനിമ നമ്മളെ ഓര്‍മപ്പെടുത്തുന്നതോടൊപ്പം ഒരു സംവിധായകന് യഥാര്‍ത്ഥത്തില്‍  വേണ്ടത് ഉള്‍ക്കാഴ്ച്ചയാണ് എന്ന കാര്യം തന്‍റെ  ആദ്യ സിനിമയിലൂടെ തന്നെ സിനിമ പ്രബുദ്ധരെ സരസമായി  ബോധ്യപ്പെടുത്താന്‍ റാമിന് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. 

* ഇ മഷി മാഗസിന്‍ ലക്കം രണ്ടില്‍, ചലിക്കുന്ന ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പബ്ലിഷ് ചെയ്തു വന്ന എന്‍റെ ഒരു സിനിമാ വീക്ഷണം .. ഇ മഷി . 

-pravin-