Tuesday, March 30, 2021

യുവം


പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാകുകയും വിൽക്കപ്പെടുകയുമൊക്കെ ചെയ്യുന്ന ഈ കാലത്ത് ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ട ചില കാര്യങ്ങളെ പ്രമേയവത്ക്കരിച്ച സിനിമയാണ് 'യുവം'.

പേര് സൂചിപ്പിക്കുന്ന പോലെ സിനിമയുടെ പ്രമേയത്തിൽ യുവത്വത്തിന്റെ ഒരു ആവേശവും തീയുമൊക്കെ ഉണ്ട് .പക്ഷേ അതെല്ലാം ഒരു എന്റർടൈനർ സിനിമയിലേക്ക് ഒതുങ്ങി പോയെന്നു മാത്രം.

നഷ്ടത്തിലോടുന്ന KSRTCയെ ലാഭത്തിലാക്കാൻ ഒരവസരം കിട്ടുന്ന മൂന്ന് വക്കീലന്മാരിലൂടെ കഥ എന്ന് ചുരുക്കിപ്പറയാം. പൊതുജനങ്ങളുടെ കാര്യത്തിൽ കോടതികൾക്ക് എത്രമാത്രം ഇടപെടലുകൾ നടത്താനാകുമെന്നും കോടതിയുടെ പ്രത്യേക അധികാരം നമ്മുടെ നാട്ടിൽ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നൊക്കെ ചിന്തിപ്പിക്കുന്ന കോടതി സീനുകൾ നന്നായിരുന്നു.

ഗൗരവമായി പറയേണ്ട ഒരു വിഷയം സിനിമയുടെ തീമായി വന്നിട്ടുണ്ടെങ്കിലും ആ വിഷയത്തിന്റെ ഗൗരവം അവതരണപരമായി അനുഭവപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടില്ല. അവസാന സീനുകളിലേക്ക് എത്തുമ്പോൾ ആ കല്ല് കടി കൂടുന്നുമുണ്ട്.

വലിയ താര നിരകളൊന്നുമില്ലെങ്കിലും പ്രകടനം കൊണ്ട് ആരും മോശമാക്കിയില്ല. അമിത് കൊള്ളാം ..ഇന്ദ്രൻസിന്റെ വക്കീൽ കഥാപാത്രവും നന്നായിരുന്നു.

ആകെ മൊത്തം ടോട്ടൽ = പോരായ്മാകളുണ്ടെങ്കിലും കണ്ടിരിക്കാവുന്ന ഒരു കുഞ്ഞു സിനിമ .

*വിധി മാർക്ക് =5.5 / 10

-pravin-

Tuesday, March 23, 2021

ഭീകരമായ നിശബ്ദത !!

വേറിട്ട ശബ്ദ ദൃശ്യാവിഷ്‌ക്കാരത്തിലൂടെ നിശബ്ദതയുടെ ഭീകരതയും സൗന്ദര്യവുമൊക്കെ ഒരു പോലെ ബോധ്യപ്പെടുത്തി തന്ന സിനിമയായിരുന്നു 2018 ലിറങ്ങിയ ജോൺ ക്രാസിൻസ്‌ക്കിയുടെ A Quiet Place.

If they hear you, they hunt you എന്ന ടാഗ് ലൈനിൽ തന്നെയുണ്ടായിരുന്നു ആ സിനിമയുടെ കഥാന്തരീക്ഷം. സമാനമായി they're listening എന്ന ടാഗ് ലൈനിലൂടെയാണ് ഇതേ കഥാ പശ്ചാത്തലവും അന്തരീക്ഷവും 'The Silence' ലും ചേർത്തിരിക്കുന്നത്.
വെളിച്ചം പോലും കടന്നു ചെല്ലാതെ അടഞ്ഞു കിടന്നിരുന്ന ഭൂമിക്കടിയിലെ ഗുഹക്കുള്ളിൽ നിന്ന് പുറത്തേക്ക് പാറിപ്പറന്നെത്തുന്ന "vesps" എന്ന് പറയപ്പെടുന്ന അപകടകാരികളായ പക്ഷിക്കൂട്ടങ്ങളാണ് 'Silence' ലെ വില്ലന്മാർ.
A Quiet Place ലെ ആ വലിയ ജീവിയെ പോലെ തന്നെ ഈ പക്ഷിക്കൂട്ടങ്ങൾക്കും കണ്ണ് കാണില്ല, ശബ്ദം തിരിച്ചറിഞ്ഞാണ് ആക്രമണം. Quiet Place ൽ ഫ്രീക്വൻസി കൂടിയ ശബ്ദതരംഗങ്ങളിലൂടെ ഈ ജീവി വർഗ്ഗത്തിനെ തുരത്താൻ സാധിക്കുമെന്ന് പറഞ്ഞു വെക്കുമ്പോൾ Silence ൽ അങ്ങിനെ പരിഹാരമായി ഒന്നും പറയുന്നില്ല. പകരം തണുത്ത കാലാവസ്ഥയിൽ അവക്ക് അതിജീവിക്കാനാകില്ല എന്ന് കണ്ടെത്തുക മാത്രമാണ് ചെയ്യുന്നത്.
മനുഷ്യ വർഗ്ഗം നിശ്ശബ്ദരായി ജീവിക്കാൻ ശീലിക്കുമോ അതോ തണുപ്പ് കാലാവസ്ഥയേയും അതിജീവിച്ച് മനുഷ്യരാശിക്ക് ഭീഷണിയായി പക്ഷിക്കൂട്ടം വീണ്ടും വരുമോ എന്നൊക്കെയുള്ള ചോദ്യത്തിലൂടെയാണ് Silence അവസാനിക്കുന്നത്.
പറഞ്ഞു വരുമ്പോൾ ഏറെക്കുറെ A Quiet Place ലെ കഥാഗതികൾ തന്നെയാണ് The Silence ലുമുള്ളതെങ്കിലും രണ്ടും രണ്ടു തരത്തിൽ ആസ്വദിക്കാവുന്ന സിനിമകളാണ്. ഒരു സിനിമ എന്ന നിലക്ക് A Quiet Place നോളം മികച്ചതല്ലെങ്കിലും The Silence ഉം നിരാശപ്പെടുത്തില്ല.
-pravin-

Monday, March 8, 2021

കറുത്ത ഇന്ത്യയിലെ വെള്ളക്കടുവ !!


ബുക്കർ സമ്മാനം നേടിയ അരവിന്ദ് അഡിഗയുടെ 'The White Tiger' ന്റെ സിനിമാവിഷ്ക്കാരം എന്നതിനേക്കാൾ ഇന്ത്യയിലെ സാമൂഹിക യാഥാർഥ്യങ്ങൾക്ക് നേരെ പിടിച്ച കണ്ണാടി എന്ന് വേണം വൈറ്റ് ടൈഗറിനെ വിശേഷിപ്പിക്കാൻ.

പഠിക്കാനുള്ള കഴിവുണ്ടായിട്ടും പഠിക്കാനുള്ള സാഹചര്യമില്ലാത്തത് കൊണ്ട് മാത്രം പഠനം നിർത്തി കുടുംബം പോറ്റാൻ കുലത്തൊഴിലിനോ കൂലിപ്പണിക്കോ പോകേണ്ടി വരുന്ന ഇന്ത്യയിലെ എണ്ണമറ്റ കുട്ടികളിലെ ഒരു മുഖം മാത്രമാണ് സിനിമയിലെ ബൽറാം ഹൽവായിയുടെ.
കടുവകൾക്കിടയിൽ അപൂർവ്വമായി മാത്രം ജനിച്ചു വീഴുന്ന ഒരു വെള്ളക്കടുവയെ പോലെ ബൽറാം തന്റെ കൂട്ടരിൽ നിന്ന് എങ്ങിനെ വ്യത്യസ്തനായി മാറുന്നു അല്ലെങ്കിൽ സ്വയം മാറ്റിയെടുക്കുന്നു എന്നതാണ് 'വൈറ്റ് ടൈഗർ' കാണിച്ചു തരുന്നത്. Slumdog Millionaire , Parasite പോലുള്ള സിനിമകളുടെ സ്വാധീനവും വൈറ്റ് ടൈഗറിൽ നിരീക്ഷിക്കാവുന്നതാണ്.

ഇന്ത്യയിലെ അവശ ജനതയുടെ തൊഴിലും തൊഴിലിടങ്ങളും തൊഴിൽ വ്യവസ്ഥകളുമൊക്കെ ജാതീയമായി എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് കാണിച്ചു തരുന്നുണ്ട് സിനിമ. ഇന്ത്യയിലെ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം വലുതാക്കിയതിൽ ജാതീയതക്കുള്ള പങ്ക് അത്ര വലുതാണ്.
ഒരു ഭാഗത്ത് ജാതീയതയുടെ പ്രശ്നങ്ങൾ പറയുമ്പോൾ തന്നെ കുടുംബം പോറ്റാൻ സ്വന്തം മതവും മതവിശ്വാസവും മറച്ചു വെക്കേണ്ടി വരുന്നവരുടെ ഗതികേടിനെയും സിനിമ എടുത്തു കാണിക്കുന്നുണ്ട്.
ഇന്ത്യയിൽ ഒരു പാവപ്പെട്ടവന് പണക്കാരൻ ആകണമെങ്കിൽ ഒന്നുകിൽ അയാൾ ഒരു ക്രിമിനലായി മാറണം അല്ലെങ്കിൽ രാഷ്ട്രീയക്കാരനാകണം എന്ന് ബൽറാം പറയുന്നത് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നാണ്. ജീവിതകാലം മുഴുവൻ ഒരാളുടെ തൊഴിലാളി ആയി ജീവിച്ചു മരിച്ചാലും ഒരു മണിക്കൂറോ ഒരു മിനുട്ടോ ഒരു സെക്കൻഡോ പോലും ആരുടേയും സേവകനായി ജീവിക്കരുത് എന്നത് തന്നെയാണ് ബൽറാമിന്റെ ജീവിതം നമ്മളോട് പറയുന്നത്.

'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' സിനിമയിൽ ദുൽഖറിന്റെ കാസി പറയുന്ന 'എന്റെ വിധി എന്റെ തീരുമാനങ്ങളാണ്' എന്ന ഡയലോഗ് വൈറ്റ് ടൈഗറിലെ ബൽറാം ഹൽവായിയുടെ ജീവിതവുമായി ഏറെ ചേർന്ന് നിൽക്കുന്നു.
ബൽറാം എന്ന കഥാപാത്രം അനുഭവിക്കുന്ന അവഹേളനവും അവന്റെ മനസികസംഘർഷങ്ങളും രോഷവുമൊക്കെ പ്രേക്ഷകരിലേക്ക് കൃത്യമായി പകർന്ന് കൊടുക്കുന്ന പ്രകടനമായിരുന്നു ആദർശ് ഗൗരവിന്റേത്. രാജ്‌കുമാർ റാവുവും പ്രിയങ്കാ ചോപ്രയുമൊക്കെ അവരവരുടെ റോളുകൾ ഗംഭീരമാക്കി.
ആകെ മൊത്തം ടോട്ടൽ = പറഞ്ഞു വന്ന വിഷയത്തിന്റെ തീവ്രത പരിഗണിച്ചാൽ അത്ര ഗംഭീരമാകാതെ പോയ ഒരു ക്ലൈമാക്സ് ആണ് സിനിമയുടേതെങ്കിലും ഒരു 'വൈറ്റ് ടൈഗറി' ന്റെ അപൂർവ്വതകൾ പോലെ സിനിമ അപ്പോഴും പ്രസക്തമെന്ന് പറയേണ്ടി വരുന്നു.

*വിധി മാർക്ക് = 7.5/10

-pravin-

Sunday, March 7, 2021

Betaal - Web Series - 4 Episodes


4 episodes മാത്രമേ ഉള്ളൂ എന്നത് കൊണ്ട് പെട്ടെന്ന് കണ്ടു തീർക്കാവുന്ന ഒരു Web series ആണ് Betaal . ഹൊറർ/ഫാന്റസി ഗണത്തിൽ പെടുത്താവുന്ന ഒരു കഥ എന്ന് പറയാം. കെട്ടുകഥകളുടെ ദുരൂഹതകളിൽ നിന്ന് തുടങ്ങി വല്ലാത്തൊരു ഭീകര സാഹചര്യത്തിലേക്ക് കഥ പറഞ്ഞെത്തുന്നുണ്ട്.

വിദേശ സിനിമകളിലൂടെ കണ്ടു മനസ്സിലാക്കിയ സോംബികളിൽ നിന്ന് മാറി  പ്രേതബാധയും മന്ത്രവാദവും പൂജയുമൊക്കെ  കൂടെ ചേർത്ത്  ഇന്ത്യൻ പശ്ചാത്തലത്തിലെ പുതിയൊരു ടൈപ്പ് സോംബിയെ കാണാൻ കിട്ടി  'ബേതാലി'ൽ. ലോജിക്ക് നോക്കാൻ നിന്നാൽ നിരാശപ്പെടും എന്നത് വേറെ കാര്യം.

മണ്ണടിഞ്ഞു പോയ പഴയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചുവപ്പ് കോട്ടണിഞ്ഞ  പട്ടാളക്കാരൊക്കെ കൂടെ സോംബികളായി തിരിച്ചു വന്നാൽ എന്ത് സംഭവിക്കും എന്ന ചിന്തയിൽ നിന്നായിരിക്കാം ഒരു പക്ഷേ 'Betaal' തുടങ്ങിയത് . 5 

ആകെ മൊത്തം ടോട്ടൽ = ഒരു Tumbbad ഒന്നും പ്രതീക്ഷിക്കാതെ കണ്ടാൽ Betaal നിരാശപ്പെടുത്തില്ല. 

* വിധി മാർക്ക് = 5.5 /10 

-pravin-