Monday, July 31, 2023

ക്ഷുഭിത യൗവ്വനക്കാരുടെ 18+!!


പ്രണയവും ഒളിച്ചോട്ടവുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട സിനിമകളുടെ കൂട്ടത്തിൽ നിൽക്കുന്നത് തന്നെയെങ്കിലും അവതരണം കൊണ്ടും പറഞ്ഞവസാനിപ്പിക്കുന്ന വിഷയം കൊണ്ടുമൊക്കെ ശ്രദ്ധേയമാണ് 18 +.

ഒളിച്ചോടി കല്യാണം കഴിക്കാൻ പതിനെട്ട് വയസ്സ് തികയാൻ കാത്തു നിൽക്കുന്ന കാമുകീ കാമുകന്മാർ നിറഞ്ഞു നിൽക്കുന്ന ഒരു സമൂഹത്തിലേക്ക് ഇത്തരമൊരു സിനിമ വരുമ്പോൾ അതിനെ എങ്ങിനെ നോക്കി കാണണം എന്നത് കാണുന്നവരുടെ ഔചിത്യമാണ്.

ഇത്തരം പ്രണയ -ഒളിച്ചോട്ട-കല്യാണങ്ങൾക്ക് പ്രായത്തിന്റെതായ പക്വത കുറവുകൾ ഉള്ളപ്പോഴും ഇടത് രാഷ്ട്രീയ പ്രവർത്തകരുടെയും പാർട്ടിയുടേയുമൊക്കെ ശക്തമായ പിന്തുണ ലഭിക്കാറുണ്ട് എന്നിരിക്കെ 18 + ന്റെ കഥാസാഹചര്യവുമായി പെട്ടെന്ന് ഇഴുകി ചേരാൻ സാധിച്ചു.

സിനിമയുടെ ടൈറ്റിലുകൾ തെളിയുമ്പോൾ പശ്ചാത്തലത്തിൽ അനുരാഗത്തെ കുറിച്ച് പലരും പറയുന്നത് കേൾക്കാൻ സാധിക്കും . പരസ്പ്പരം പ്രണയിക്കാൻ ആഹ്വാനം ചെയ്യുന്ന നേതാക്കളുടെ പ്രേരണയിൽ പ്രണയിക്കുന്നത് ഒരു കുറ്റമല്ല. പക്ഷെ അങ്ങിനെ പ്രണയിക്കുന്നവരുടെ കൂട്ടത്തിൽ പാർട്ടി സെക്രട്ടറിയുടെ തന്നെ മകളുണ്ടെങ്കിലോ?

പ്രണയിച്ചു വിവാഹം കഴിക്കുന്നവരോടുള്ള പാർട്ടിയുടെ നിലപാട് വ്യക്തമാണ്. എന്നാൽ പുറമേക്ക് പറഞ്ഞു നടക്കുന്ന ആദർശവും ജാതിവിരുദ്ധതയും മാനവികതയും ഒന്നും തന്നെ സ്വന്തം വീട്ടിൽ പ്രവർത്തികമാക്കാത്ത നേതാക്കളുടെ കൂടിയാണ് പാർട്ടി എന്ന് പറഞ്ഞു വെക്കുന്നു സിനിമ. ജാതീയത ഉള്ളിൽ കൊണ്ട് നടക്കുകയും സ്വയം കമ്യൂണിസ്റ്റെന്ന് നടിക്കുകയും ചെയ്യുന്നവർക്കെതിരെ സംസാരിക്കുന്നുണ്ട് സിനിമയുടെ ക്ലൈമാക്സ് സീനുകൾ.

പ്രണയത്തിന്റെ തീവ്രത അനുഭവപ്പെടുത്തുന്ന കഥയൊന്നുമല്ലെങ്കിലും നസ്ലൻ-സാഫ് സഹോദരങ്ങളുടെ ഫ്രണ്ട്ഷിപ് കോംബോയൊക്കെ രസകരമായി തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ബിനു പപ്പു അവരുടെ കൂട്ടത്തിൽ ആദ്യാവസാനം വരെ തിളങ്ങി നിന്നു. അവർ മൂന്ന് പേരും ചേർന്നുള്ള സീനുകളിലെ കോമഡിയൊക്കെ നന്നായി വർക് ഔട്ട്‌ ആയി.


മാത്യുവിന്റെ കലിപ്പൻ സഖാവ് ലുക്ക് കൊള്ളാമായിരുന്നു. ശ്യാം മോഹൻ, മനോജ് കെ.യു ടീമിന്റെ നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രങ്ങളും നന്നായി. നിഖില വിമൽ മജിസ്‌ട്രേറ്റ് വേഷത്തിൽ അത്ര നന്നായി തോന്നിയില്ല. അത് വരെ ഓക്കേ എന്ന് തോന്നിപ്പിച്ച മീനാക്ഷി ദിനേശിന്റെ പ്രകടനം കോടതി സീനുകളിൽ പോരായിരുന്നു എന്ന അഭിപ്രായമാണുള്ളത്.

വടക്കൻ കേരളത്തിന്റെ കഥാപാശ്ചാത്തലവും, 2009 കാലത്തെ പുനരവതരിപ്പിച്ചതിലെ കൃത്യതയും , പേരറിയാത്ത ഒരുപാട് നടീ നടന്മാരുടെ സ്വാഭാവിക പ്രകടനകളും, ചടുലമായ പാട്ടുകളും ബിജിഎമ്മുമൊക്കെ പ്ലസ് പോയിന്റുകളായി മാറി.

പ്ലസ് റ്റു -കോളേജ് വിദ്യാർത്ഥികൾ തന്നെയായിരിക്കും ഈ സിനിമയുടെ പ്രധാന ആസ്വാദകർ എന്ന് പറയാം. പതിനെട്ടിൽ ഒളിച്ചോടാൻ തയ്യാറായി നിൽക്കുന്നവർക്ക് ഈ സിനിമ നൽകുന്ന കോൺഫിഡൻസും ചെറുതാവില്ല. പുതു തലമുറയെ ലക്‌ഷ്യം വച്ചുള്ള ഒരു എന്റർടൈനർ സിനിമ എന്ന നിലക്ക് വിലയിരുത്തുന്നതാണ് ഉചിതം.

വിധി മാർക്ക് = 6.5/10 
-pravin-

Tuesday, July 25, 2023

ഒരു അസാധാരണ മനുഷ്യന്റെ ജീവിത കഥ !!


അമാനുഷിക കഥാപാത്രങ്ങൾക്ക് സൂപ്പർ ഹീറോ പരിവേഷം നൽകി കഥ പറയുന്ന സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് 'The Man Without Gravity' എന്ന ഇറ്റാലിയൻ സിനിമ.

സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഇത് ഗുരുത്വാകർഷണം ഇല്ലാത്ത ഒരു മനുഷ്യന്റെ കഥയാണ്.

ഒരു മഴയുള്ള രാത്രിയിൽ ആശുപത്രിയിൽ വച്ചാണ് ഓസ്‌ക്കാർ ജനിക്കുന്നത്. അമ്മയുടെ വയറ്റിൽ നിന്ന് പുറത്തേക്ക് എത്തുന്ന ഉടൻ പൊക്കിൾ കൊടി സഹിതം ഒരു മാലാഖ കുഞ്ഞിനെ പോലെ മുകളിലേക്ക് പൊങ്ങി പോകുകയാണ് അവൻ. ആ ഓപ്പണിങ്‌ സീനിലൂടെ തന്നെ സിനിമയുടെ മൂഡിലേക്ക് നമ്മളും എത്തിപ്പെടുന്നു.

ഓസ്‌ക്കാർ എന്ന അസാധാരണ കുഞ്ഞിനെ അവന്റെ അമ്മയും അമ്മൂമ്മയും കൂടി ഇനി എങ്ങിനെ വളർത്തുമായിരിക്കാം എന്ന സംശയത്തിന്റെ ഉത്തരങ്ങൾക്കൊപ്പം പിന്നീടുള്ള സീനുകളിൽ ഓസ്‌കാറിന്റെ ജീവിതവും വിവരിക്കപ്പെടുകയാണ്.

അസാധാരണമായ ഒരു മനുഷ്യനെ കേന്ദ്ര കഥാപാത്രമാക്കി കഥ പറയുമ്പോഴും സിനിമയിലെവിടെയും ആ കഥാപാത്രത്തിന് ഒരു സൂപ്പർ ഹീറോ പരിവേഷം നൽകുന്നില്ല. മറിച്ച് അയാളിലെ അസാധാരണത്വം അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളിലേക്കാണ് സിനിമ നമ്മളെ കൊണ്ട് പോകുന്നത്.

അസാധാരണ മനുഷ്യരുടെ ജീവിതം ലോകത്തിനാകെ എന്റർടൈൻമെന്റ് ആകുമ്പോഴും അവരെ സംബന്ധിച്ച് ഒരു പക്ഷേ അവരുടെ ലോകം നിരാശകളുടേത് മാത്രമാകാം. സാധാരണ മനുഷ്യരെ പോലെ ജീവിക്കാൻ സാധിക്കുക എന്നതായിരിക്കാം അവരുടെ ഏറ്റവും വലിയ ആഗ്രഹം പോലും. ഇവിടെ ഓസ്‌ക്കാർ കടന്നു പോകുന്നതും അങ്ങിനെ ഒരു അവസ്ഥയിലൂടെയാണ്.

ഓസ്‌ക്കാറിന്റെ മാത്രമല്ല അഗത എന്ന അയാളുടെ പഴയ കളിക്കൂട്ടുകാരിയുടെ കൂടി കഥയായി മാറുന്നുണ്ട് 'The Man Without Gravity'. വർഷങ്ങൾക്ക് ശേഷം അവിചാരിതമായി പഴയ കളിക്കൂട്ടുകാർ വീണ്ടും കണ്ടു മുട്ടുമ്പോൾ അവർ രണ്ടു പേരും രണ്ടു തരത്തിൽ ജീവിതം നഷ്ടപ്പെട്ടവരായി മാറിയിരുന്നു. എന്നാൽ അവർക്കിടയിലെ പ്രണയത്തെ തിരിച്ചറിയുന്ന നേരം അവർ ജീവിതത്തെ തിരിച്ചു പിടിക്കുന്നു.

പ്രമേയപരമായി നോക്കിയാൽ ഒരുപാട് അവതരണ സാധ്യതകൾ ഉണ്ടായിരുന്ന സിനിമയായിരുന്നു 'The Man Without Gravity'. ഗംഭീരമായി പറഞ്ഞു തുടങ്ങിയ ഒരു അസാധാരണ കഥയെ തീർത്തും ഒരു സാധാരണ സിനിമയുടെ പരിധിയിലേക്ക് ഒതുക്കി കളഞ്ഞതിനാൽ സിനിമക്ക് കിട്ടുമായിരുന്ന മികച്ച ആസ്വാദനത്തെ ഇല്ലാതാക്കി എന്ന പരാതി ഉണ്ട്.

©bhadran praveen sekhar

Tuesday, July 4, 2023

നിശ്ശബ്ദതയുടെ സൗന്ദര്യം !!


2018 ൽ തിയേറ്ററിനുള്ളിലെ ഇരുട്ടിൽ ഒരു സൂചി വീണാൽ പോലും കേൾക്കാവുന്ന നിശ്ശബ്ദതയിൽ നെടുവീർപ്പുകളോടെ കണ്ട് ആസ്വദിച്ച സിനിമയായിരുന്നു 'A Quiet Place'.

ആരെയും പിടിച്ചിരുത്തുന്ന അവതരണവും ശബ്ദ വിസ്മയവും തന്നെയാണ് Quiet Place ന്റെ ആസ്വാദനത്തിൽ മുഖ്യ പങ്കു വഹിച്ചത്. If they hear you, they hunt you എന്ന ടാഗ് ലൈൻ പോലും സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു.

89 ദിവസങ്ങൾ പിന്നിടുന്ന ഒരു ദിവസത്തിൽ നിന്നാണ് ആദ്യ ഭാഗം തുടങ്ങുന്നത്. എന്ത് മഹാ വിപത്താണ് അവിടെ സംഭവിച്ചത് എന്ന് പോലും വിവരിക്കാതെ നിശബ്ദമായ സീനുകൾ. ശബ്ദം ഒരു വലിയ ആപത്താണ് എന്ന് ബോധ്യപ്പെടുത്തി കൊണ്ടാണ് പിന്നീട് സിനിമയുടെ ടൈറ്റിൽ തെളിയുന്നത്.

ശബ്ദം ഉണ്ടായിട്ടും ശബ്ദം അടക്കി ജീവിക്കേണ്ടി വരുന്ന സാഹചര്യത്തെ കഥാ പശ്ചാത്തലമാക്കി കൊണ്ട് ഒരേ സമയം നിശ്ശബ്ദതയുടെ സൗന്ദര്യവും ഭീകരതയും നമ്മളെ അനുഭവപ്പെടുത്തുന്നുണ്ട് 'A Quiet Place'.

ഒന്നാം ഭാഗത്തിൽ എവിടെ പറഞ്ഞു നിർത്തിയോ അവിടെ നിന്ന് തുടങ്ങാതെ 89 ദിവസങ്ങൾക്ക് മുന്നേ എന്ത് സംഭവിച്ചു എന്ന് കാണിച്ചു തന്ന ശേഷമാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്.


രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ നിശബ്ദതയുടെ സൗന്ദര്യ പരിവേഷമൊന്നും ആസ്വദിക്കാൻ പറ്റാത്ത വിധം സങ്കീർണ്ണമായ മറ്റൊരു കഥാ സാഹചര്യത്തിലൂടെയാണ് സിനിമ നമ്മളെ കൊണ്ട് പോകുന്നത്. അവിടെ അതിജീവനം ഒന്നാം ഭാഗത്തിലുള്ളതിനേക്കാൾ ദുഷ്ക്കരമാണ്.

ആകെ മൊത്തം ടോട്ടൽ = ഒരു സീക്വൽ എന്ന നിലക്ക് ഒന്നാം ഭാഗത്തോട് നീതി പുലർത്താനും, കാണികളെ തൃപ്‍തിപ്പെടുത്താനും രണ്ടാം ഭാഗത്തിനും സാധിച്ചിട്ടുണ്ട്. ഒന്നാം ഭാഗം കണ്ടവർ ഒരിക്കലും മിസ്സാക്കരുത്.

*വിധി മാർക്ക് = 7.5/10

-pravin-