Thursday, January 5, 2017

ഒരേ മുഖം - പാളിപ്പോയ ഒരു മിസ്റ്ററി ത്രില്ലർ

ക്യാംപസ് പശ്ചാത്തലത്തിൽ പ്രണയവും ഗൃഹാതുരതയും കോമഡിയും രാഷ്ട്രീയവും സൗഹൃദവും ആക്ഷനും സസ്പെന്സുമൊക്കെ ചേർത്ത് കഥ പറഞ്ഞ നിരവധി മലയാള സിനിമകൾ ഓരോ കാലത്തും ഉണ്ടായിട്ടുണ്ട്. ചാമരം (1980), യുവജനോത്സവം (1986 ), സർവ്വകലാശാല (1987), നിറം (1999), നമ്മൾ (2002), ക്ലാസ്സ്മേറ്റ്സ് (2006), ചോക്ലേറ്റ് (2007), സീനിയേഴ്സ് (2011) അങ്ങിനെ പറഞ്ഞു പോകുമ്പോൾ ക്യാമ്പസ് സിനിമകളുടെ കൂട്ടത്തിൽ കൂട്ടാൻ ഇനിയും ഒരുപാട് സിനിമകളുണ്ടാകാം. ഇവിടെ അതേ ഗണത്തിൽ പെടുന്ന സിനിമകളുടെ പേരും എണ്ണവുമല്ല പറഞ്ഞു വരുന്നത്, മറിച്ച് മേൽപ്പറഞ്ഞ സിനിമകളൊക്കെ ക്യാമ്പസുമായി ബന്ധപ്പെട്ട കഥകളെ അവതരിപ്പിച്ച രീതിയും അതിനായി തിരഞ്ഞെടുത്ത വ്യത്യസ്ത ജനറുകളുമൊക്കെയാണ്. അവതരണത്തിന്റെ ഗുണനിലാവാരവുമായി ബന്ധപ്പെട്ട് ആസ്വാദകർക്ക് തർക്കിക്കാൻ വകയുള്ളപ്പോഴും ചില സിനിമകൾ അതുദ്ദേശിക്കാത്ത മറ്റു പല തലങ്ങളിലും ചർച്ചാ പ്രസക്തമാകാറുണ്ട്. സജിത് ജഗത് നന്ദന്റെ 'ഒരേ മുഖ' ത്തിൽ ആ നിലക്ക് ചർച്ച ചെയ്യേണ്ടി വരുന്ന ചില വിഷയങ്ങൾ  കടന്നു വരുന്നുണ്ട് . 

1980 കളിലെ കലാലയ പശ്ചാത്തലത്തിൽ പറയുന്ന ഒരു മിസ്റ്ററി ത്രില്ലർ എന്ന നിലക്കാണ് 'ഒരേ മുഖ'ത്തിന്റെ പരസ്യ പ്രചാരണങ്ങൾ ആരംഭിച്ചതെങ്കിലും സിനിമയുടെ ആസ്വാദനത്തിൽ അത് കിട്ടുന്നില്ല എന്ന് പറയേണ്ടി വരും. ഉണ്ടാക്കിയെടുത്ത ഒരു മിസ്റ്ററി ഉണ്ട് പക്ഷേ ത്രില്ലില്ല എന്ന നിലക്കാണ് കാര്യങ്ങളുടെ പോക്ക്. ദീപു എസ്‌ നായർ-സന്ദീപ് സദാനന്ദൻ ടീമിന്റെ സ്ക്രിപ്റ്റിലെ പോരായ്മകൾ നികത്താൻ തരത്തിലുള്ളൊരു സംവിധാന മികവ് പുറത്തെടുക്കാൻ സജിത്തിനും കഴിഞ്ഞില്ല. ഒന്നുകിൽ കഥയിലെ പോരായ്‌മ മറി കടക്കാൻ പോന്ന ഒരു തിരക്കഥ വേണം അല്ലെങ്കിൽ ഈ രണ്ടിലേയും പോരായ്മകൾ മറക്കാൻ പാകത്തിൽ ഒരു അവതരണ രീതിയോ സംവിധാന മികവോ വേണം. ഈ സിനിമയുടെ കാര്യത്തിൽ നിർഭാഗ്യ വശാൽ ഇതൊന്നും തന്നെ സംഭവിച്ചു കാണുന്നില്ല. 1980 കാലഘട്ടവും കോളേജ് പരിസരവുമൊക്കെ വികലമായും അലസമായും അവതരിപ്പിച്ചു കണ്ട ഒരു ഒരു മലയാള സിനിമ കൂടിയാണിത്. അലി ഭായ്, പുതിയ മുഖം, മൈ ബിഗ് ഫാദർ തുടങ്ങിയ സിനിമകളുടെ അസിസ്റ്റന്റ് ഡയറക്ടർ വേഷത്തിൽ നിന്ന് ഒരു സ്വതന്ത്ര സംവിധായകനായി 'ഒരേ മുഖ'ത്തിലേക്ക് എത്തിയ സജിത്ത് ജഗത് നന്ദന് അവശ്യം വേണ്ട സിനിമാ പരിചയങ്ങളും അനുഭവ സമ്പത്തുകളും ഇല്ലെന്നു പറയാനാകില്ലല്ലോ. ആ സ്ഥിതിക്ക് തീർത്തും ഒരു പുതുമുഖ സംവിധായകന്റെ സിനിമ എന്ന നിലക്ക് പരിമിതികളൊക്കെ പരിഗണിച്ചു കൊണ്ടുള്ള ഒരു സിനിമാ ആസ്വാദനത്തിനും സാധ്യതയില്ലാതാക്കുന്നു  'ഒരേ മുഖം'. 

പത്തു മുപ്പത് വർഷങ്ങൾക്ക് മുൻപ് സംഭവിച്ച എസ്റ്റേറ്റ് ഇരട്ട കൊലപാതകത്തിലെ പ്രധാന പ്രതിയും പിടികിട്ടാപ്പുള്ളിയുമൊക്കെയായി കണക്കാക്കുന്ന സക്കറിയാ പോത്തൻ പോലീസിനും നിയമത്തിനും പിടി കൊടുക്കാതെ ഇന്നും ഒളിവിലാണ് അതല്ല അയാൾ ഇപ്പോൾ മരിച്ചിരിക്കാനാണ് സാധ്യത എന്നൊക്കെയാണ് ഊഹാപോഹങ്ങൾ നിലനിൽക്കുമ്പോൾ വർത്തമാന കാലത്തു നടക്കുന്ന ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പഴയ എസ്റ്റേറ്റ് കൂട്ടക്കൊല കേസ് റീ ഓപ്പൺ ചെയ്യിക്കാൻ പാകത്തിൽ എത്തുന്നിടത്തു നിന്നാണ് 'ഒരേ മുഖം' പ്രമേയപരമായി ത്രില്ലിംഗ് ട്രാക്കിലേക്ക് കയറുന്നത്. കേസുമായി ബന്ധപ്പെട്ട് പത്ര പ്രവർത്തകയും പോലീസുകാരനും നടത്തുന്ന പാരലൽ അന്വേഷണം സക്കറിയ പോത്തൻ ഉൾപ്പെടെയുള്ള അവരുടെ പഴയ കോളേജ് കാലത്തിലേക്കാണ് സിനിമയെ പിന്നീട് നയിക്കുന്നത്. ഇടവിട്ടുള്ള സീനുകളിൽ ഈ രണ്ടു കാലങ്ങളും പല വ്യക്തികളാൽ വിവരിക്കപ്പെടുന്നതിൽ അന്വേഷണാത്മകതക്ക് സ്ഥാനമില്ലാതായി എന്നത് കൊണ്ടാകാം ലാഗിന്റെ പൊടിപൂരമായി മാറി പല സീനുകളും. 1980 കാലത്തെ കലാലയത്തിന്റെ ദൃശ്യ ചാരുതയിലും കഥാപാത്രങ്ങളുടെ വേഷഭൂഷാദികളിലും സംഭാഷണങ്ങളിലുമൊക്കെ ആ കാലത്തോടുള്ള നീതിയോ ആത്മാർത്ഥതയെ യാഥാർഥ്യ ബോധമോ കൈക്കൊള്ളാൻ സിനിമക്ക് സാധിച്ചില്ല. 

1985 ൽ ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ 'നിറക്കൂട്ടി' ൽ മമ്മൂട്ടിയുടെ രവി വർമ്മ എന്ന കഥാപാത്രത്തെ ആദ്യ പകുതിയിൽ നെഗറ്റിവ് പരിവേഷത്തിലും രണ്ടാം പകുതിയിൽ അതിനു വിപരീതമായ ഒരു നേർ കാഴ്ചയെന്നോണവും അവതരിപ്പിച്ചു കാണിക്കുന്നുണ്ട്. ഇതിനു സമാനമായ അവതരണ ശൈലിയിലൂടെ തന്നെയാണ് സജിത്ത് ജഗത്നന്ദൻ ഒരേ മുഖത്തിൽ സക്കറിയ പോത്തൻ എന്ന കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ചു കാണിക്കുന്നത്. അതേ സമയം സക്കറിയാ പോത്തനായുള്ള ധ്യാൻ ശ്രീനിവാസന്റെ മെയ്ക് ഓവറിൽ കണ്ട ഗൗരവമൊന്നും സിനിമ തുടങ്ങിയങ്ങോട്ടുള്ള അയാളുടെ ശരീര ഭാഷയിലും ഡയലോഗ് ഡെലിവെറിയിലും കണ്ടു കിട്ടുന്നില്ല എന്നത് ദയനീയമായൊരു കാഴ്ചയുമായിരുന്നു. ക്യാമ്പസ് എന്നാൽ ഗാങ്ങും റാഗിങ്ങും കള്ളടിയും സിഗരറ്റ് പുകക്കലും ലൈനടിയും മാത്രമാണെന്ന നിലക്കുള്ള കലാലയ ചിത്രീകരണമാണ് 'ഒരേ മുഖ'ത്തിൽ കാണാൻ സാധിക്കുക. അഥാവാ പ്രമേയപരമായി അത് തന്നെയാണ് പറയാൻ ഉദ്ദേശിക്കുന്ന ക്യാമ്പസിന്റെ ചുറ്റുവട്ടമെങ്കിൽ അതിന്റെ അവതരണ രീതിയിൽ ഒരൽപ്പം ആത്മാർത്ഥതയും കഥാപാത്ര സംഭാഷണങ്ങളിൽ സ്വാഭാവികതയും കൊണ്ട് വരാൻ ബാധ്യസ്ഥനാണ് സംവിധായകൻ. നാടകീയതകളും കൃത്രിമത്വങ്ങളും നിർബന്ധബുദ്ധിയോടെ സിനിമകളിൽ പ്രയോഗിക്കേണ്ടി വന്ന ഒരു കാലമല്ല ഇന്നത്തേത് എന്ന് കൂടി ഓർക്കണം. ഇവിടെ സക്കറിയാ പോത്തൻ എന്ന കോളേജ് നായകനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭിരമിക്കുന്ന ക്യാമ്പസിനെ നാടക സീനുകളെ അനുസ്മരിപ്പിക്കും വിധമാണ് സ്റ്റാർട്ട്- ക്യാമറാ- ആക്ഷൻ- കട്ട് എന്ന മട്ടിൽ പ്രയോഗവത്ക്കരിച്ചു കാണുന്നത്. ഈ സിനിമ ശരിക്കും ജനിക്കുന്നത് അതിന്റെ അവസാന ഇരുപത് മിനുട്ടുകളിലാണെന്നു വേണമെങ്കിൽ പറയാം. മികച്ച ഒരു ത്രില്ലർ സിനിമയാക്കാനുള്ള പ്ലോട്ട് ഉള്ളപ്പോഴും ദുർബ്ബലമായ തിരക്കഥ കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും അവതരണത്തിൽ പരാജയപ്പെടുകയാണ് 'ഒരേ മുഖം'.

സക്കറിയാ പോത്തൻ എന്ന കഥാപാത്ര സൃഷ്ടിക്കും പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനും 'ഒരേ മുഖം' ഉണ്ടോ എന്ന് ചിന്തിപ്പിക്കുന്ന സ്പാർക്കുകൾ കൊണ്ട് ചില പ്രേക്ഷകരെയെങ്കിലും ആകർഷിക്കുന്നുണ്ട് സിനിമയുടെ ഉൾക്കഥ. എസ്റ്റേറ്റ് ഇരട്ട കൊലപാതക കേസിൽ  ഒളിവിൽ പോയെന്നു കണക്കു കൂട്ടിയ സക്കറിയാ പോത്തന്റെ നിരപരാധിത്വം കണ്ടെടുക്കുന്ന സിനിമ ചാക്കോ വധക്കേസിൽ ഇപ്പോഴും ഒളിവിലാണെന്ന് നമ്മൾ വിശ്വസിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ പുനർ വിചാരണ ചെയ്യാൻ നിശബ്ദമായി ആഹ്വാനം ചെയ്യുന്നുണ്ട്. അയാൾ കൊലപാതകി ആണോ അല്ലയോ എന്നതിലുപരി മൂടി വെക്കപ്പെട്ട സത്യങ്ങൾ ഒരുപാടുള്ള ഒരു കേസെന്ന നിലക്ക് ആ ആഹ്വാനം ന്യായമല്ലേ എന്ന് ചിന്തിപ്പിക്കുന്നുമുണ്ട് സിനിമ; പ്രത്യേകിച്ച് സിനിമയുടെ ക്ലൈമാക്സ്. 

ആകെ മൊത്തം ടോട്ടൽ = ഒരു മിസ്റ്ററി ത്രില്ലറിനുള്ള സംഗതികൾ ഉണ്ടായിട്ടും ദുർബ്ബലമായ തിരക്കഥ കൊണ്ടും അവതരണത്തിലെ പാളിച്ചകൾ കൊണ്ടും ആസ്വാദനത്തിൽ കല്ല് കടിയുണ്ടാക്കിയ സിനിമ. കഥാപാത്രങ്ങളുടെ പ്രകടന മികവ് ആവശ്യപ്പെടുന്ന രംഗങ്ങളിൽ പോലും മികച്ച പ്രകടനങ്ങൾ കാഴ്ച വക്കാൻ സാധിക്കാതെ പോയ നടീനടന്മാർ. അങ്ങിനെ പറഞ്ഞു പോകുമ്പോൾ നിരാശപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങൾ സിനിമയിൽ ഉണ്ടെങ്കിലും അവസാന ഇരുപതു മിനിറ്റും ക്ലൈമാക്‌സും കൊണ്ട് തരക്കേടില്ലാത്ത ഒരു സിനിമയെന്ന് പറയേണ്ടി വരുന്നു. 

*വിധി മാർക്ക് = 5/10 

-pravin-