Tuesday, July 31, 2012

Phoonk


രാം ഗോപാല്‍ വര്‍മ സംവിധാനം  ചെയ്ത്  സുദീപ്, അമൃത  ഖന്‍വില്‍കാര്‍ , അശ്വിനി കല്‍സേകര്‍  തുടങ്ങിയവര്‍ പ്രധാന വേഷങ്ങില്‍ അഭിനയിച്ച് 2008 ഇല്‍ റിലീസ് ആയ  ഒരു ഹൊറര്‍ സിനിമയാണ് Phoonk. 

പതിവ് രാം ഗോപാല്‍ സിനിമകളില്‍ നിന്നും ഒരല്‍പം വ്യത്യസ്തത ഈ സിനിമക്കുണ്ട് എന്ന് വേണമെങ്കില്‍ പറയാം. കാരണം ഈ സിനിമയില്‍ പ്രേതമോ ഭൂതമോ അല്ല പ്രശ്നക്കാരായി വരുന്നത്, മറിച്ച് കൂടോത്രവും ആഭിചാരവും മറ്റ് അനുബന്ധ സംഭവങ്ങളുമാണ് കേന്ദ്ര വിഷയം. അതില്‍ തന്നെ മനശാസ്ത്രപരമായി ഇത്തരം വിഷയങ്ങള്‍ക്കുള്ള വ്യാഖ്യാനവും സിനിമയില്‍ കൊണ്ട് വരാന്‍ എഴുത്തുകാരനും സംവിധായകനും വളരെ നല്ല രീതിയില്‍ തന്നെ ശ്രമിച്ചിരിക്കുന്നു. 

ഒരു നിരീശ്വര വാദിയും സിവില്‍ എന്ജിനീയരുമായ രാജീവ്  (സുദീപ്) ഭാര്യയും മക്കളും വയസ്സായ തന്‍റെ അമ്മയോടും കൂടി സന്തുഷ്ടമായി ജീവിച്ചു വരുന്നതിനിടയില്‍  ബിസിനസ്‌ ശത്രുക്കളില്‍ ആരൊക്കെയോ ചേര്‍ന്ന് തന്‍റെ ജീവിതത്തില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുന്നു. പൊതുവേ നിരീശ്വര വാദിയായിരുന്ന രാജീവ് ആദ്യം കൂടോത്രത്തെയും മറ്റ് അന്ധവിശ്വാസങ്ങളെയും എതിര്‍ത്തു കൊണ്ടിരുന്നുവെങ്കിലും, പിന്നീട്  ഇത്തരം വിശ്വാസങ്ങള്‍ ശരിയാണെന്ന ചിന്താഗതിയില്‍ എത്തിച്ചേരുന്നു. അതിനു തക്ക വിശ്വസനീയമായ ന്യായീകരണങ്ങള്‍ ഈ സിനിമയില്‍ തന്നെ പങ്കു വക്കപ്പെടുന്നു. 

മണിച്ചിത്രത്താഴ് എന്ന മലയാളം സിനിമയില്‍ സയന്‍സും മന്ത്രവാദവും കൂടിപ്പിണഞ്ഞു കൊണ്ട് കഥ പറയുന്ന ഒരു രീതി ഈ സിനിമയിലും പ്രകടമാണ്. സിനിമയുടെ അവസാന ഭാഗത്തില്‍,  സയന്‍സ് വിജയിച്ചു എന്നര്‍ത്ഥത്തില്‍ ഒരു വിഭാഗം അവകാശപ്പെടുമ്പോഴും, ചില അന്ധവിശ്വാസങ്ങള്‍ക്ക് പിന്നില്‍ ചില സത്യങ്ങള്‍ കൂടിയുണ്ട് എന്ന് മൌനമായി നമുക്ക് തന്നെ സമ്മതിക്കേണ്ട ഒരു സ്ഥിതിവിശേഷമാണ് സംവിധായകനും എഴുത്തുകാരനും കൂടി സൃഷ്ട്ടിച്ചെടുത്തിരിക്കുന്നത്  എന്ന് പറയാതെ വയ്യ. 

ആകെ മൊത്തം ടോട്ടല്‍ = അവസാന രംഗങ്ങളിലെ ചില പാളിച്ചകള്‍ ഒഴിവാക്കിയാല്‍ കണ്ടിരിക്കാവുന്ന  ഒരു  ഹൊറര്‍ സിനിമ. 
*വിധി  മാര്‍ക്ക്‌ = 6/10 
-pravin- 

Sunday, July 29, 2012

Hachi - A dog's tale


1987 ഇല്‍ ഇറങ്ങിയ Hachiko Monogatari എന്ന ജാപ്പനീസ് സിനിമ പുനരാവിഷ്ക്കരിച്ചു കൊണ്ട് 2009 ഇല്‍ ഇറങ്ങിയ അമേരിക്കന്‍ സിനിമയാണ് Hachi - A Dog's Tale. 

സിനിമ തുടങ്ങുന്നത് ഒരു സ്കൂള്‍ ക്ലാസ് റൂമില്‍ നിന്നാണ്. ഓരോ കുട്ടികളും അവരവരുടെ മനസ്സിലെ ഹീറോ സങ്കല്പം മറ്റുള്ളവരുടെ മുന്നില്‍ വിവരിച്ചു കൊടുത്ത് കൊണ്ടിരിക്കുന്നു. പല കുട്ടികളും പല ഹീറോകളെ കുറിച്ച് സംസാരിച്ചു കഴിഞ്ഞിരിക്കുന്നു. അതില്‍ നിന്നും വിഭിന്നമായ ഒരു ഹീറോയെ കുറിച്ചുള്ള കഥ പറഞ്ഞു കൊണ്ട് ഒരു കുട്ടി മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ആ കുട്ടിയുടെ മുത്തച്ഛന്റെ നായ്ക്കുട്ടിയാണ് കഥയിലെ ഹീറോ. അങ്ങനെ ആ കുട്ടിയുടെ വിവരണത്തിലൂടെ കഥയിലേക്ക്‌ നമ്മള്‍ കടക്കുന്നു. 

Parker Wilsan എന്ന പ്രൊഫസര്‍ ഒരിക്കല്‍ ജോലി കഴിഞ്ഞു വരുന്ന വഴി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒരു നായ്ക്കുട്ടിയെ കാണുന്നു. ആരുടെയോ ശ്രദ്ധയില്ലായ്മ കൊണ്ട് ഒറ്റപ്പെട്ടു പോയ നായ്ക്കുട്ടിയെ പ്രൊഫസര്‍ സ്റ്റേഷനില്‍ ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും സ്റ്റേഷന്‍ മാസ്റ്റര്‍ സമ്മതിക്കാത്തത് കൊണ്ട് അതിനെ തന്‍റെ കൂടെ വീട്ടിലേക്കു കൊണ്ട് പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുന്നു.  

ആദ്യ കുറച്ചു ദിവസങ്ങളില്‍ നായ്ക്കുട്ടിയെ വീട്ടില്‍ താമസിപ്പിക്കുന്നതുമായി  ഭാര്യയില്‍ നിന്ന് ചില്ലറ വിസമ്മതം കാണുന്നത് കൊണ്ട് നായ്ക്കുട്ടിയുടെ യഥാര്‍ത്ഥ യജമാനനെ അന്വേഷിക്കാന്‍ പ്രൊഫസര്‍ പല വഴി നോക്കി കൊണ്ടിരുന്നു.  ആ കാലയളവിനുള്ളില്‍ നായ്ക്കുട്ടി എല്ലാവരോടും വളരെ ഇണങ്ങുകയും , എല്ലാവര്‍ക്കും അതിനോടുള്ള പ്രിയമേറി  വരുകയും ചെയ്തത് കാരണം തന്‍റെ വീട്ടിലെ ഒരംഗമായി തന്നെ അതിനെ വളര്‍ത്താന്‍ പ്രൊഫസര്‍ തീരുമാനിക്കുന്നു. പ്രൊഫസറിന്റെ   ജാപ്പനീസ് സുഹൃത്ത് വഴി നായ്ക്കുട്ടിയുടെ യഥാര്‍ത്ഥ ദേശം ജപ്പാന്‍ ആണെന്ന് മനസിലാകുകയും  നായ്ക്കുട്ടിക്കു ജാപ്പനീസ് ഭാഷയില്‍  ഹാച്ചി എന്ന് നാമകരണം ചെയ്യുകയും  ചെയ്യുന്നു. 

പിന്നീടങ്ങോട്ട് , പ്രൊഫസറും നായയും തമ്മിലുള്ള ബന്ധം ദൃഡപ്പെടുന്നു. എന്നും  രാവിലെ പ്രൊഫസറെ റെയില്‍വേ സ്റ്റേഷന്‍ വരെ യാത്രയാക്കാന്‍ പോകുകയും വൈകീട്ട് അദ്ദേഹത്തെ കാത്തു കൊണ്ട് സ്റ്റേഷനില്‍ കാത്തിരിക്കുകയും ചെയ്യുന്ന ഹാച്ചി എല്ലാവര്‍ക്കും ആദ്യം കൌതുക കാഴ്ചയും പിന്നീട് എല്ലാവരുടെയും സ്ഥിരം കാഴ്ചയുമായി മാറുന്നു. അത് കൊണ്ട് തന്നെ ഹാച്ചി എല്ലാവരുടെയും പ്രിയപ്പെട്ടവനും ആകുന്നു. 

 ഒരിക്കല്‍ പതിവ് പോലെ പ്രൊഫസറെ കാത്തിരിക്കുന്ന ഹാച്ചിക്ക് അദ്ദേഹത്തെ അന്ന് കാണാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിന്‍റെ അവിചാരിതമായ മരണം ഹാച്ചി ഉള്‍ക്കൊള്ളുന്നില്ല. എന്നത്തെയും പോലെ ഹാച്ചി വീണ്ടും തന്‍റെ കാത്തിരുപ്പ് തുടരുന്നു. ആ നീണ്ട  കാത്തിരിപ്പിനിടയില്‍ നടക്കുന്ന സംഭവ വികാസങ്ങളും   മറ്റ് ഹൃദയ സ്പര്‍ശിയായ രംഗങ്ങളെല്ലാം തന്നെ   ഇടയ്ക്കിടെ പ്രേക്ഷകന്‍റെ കണ്ണ് നനയിപ്പിക്കാന്‍ തരത്തില്‍ ആര്‍ദ്രമാണ്. ആ ആര്‍ദ്രതയാണ്‌ ഈ സിനിമയുടെ വിജയം. 

സിനിമ കാണുന്ന പ്രേക്ഷകർക്ക്   പോലും ആ നായ്ക്കുട്ടിയുമായ് ഒരു ആത്മബന്ധം ഉണ്ടായി പോകും  തരത്തില്‍  ഓരോ രംഗവും സംവിധായകന്‍ അതിമനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. മറ്റൊരു എടുത്തു പറയേണ്ട കാര്യം സിനിമയിലെ മനോഹരമായ പശ്ചാത്തല സംഗീതമാണ്. വളരെയധികം പ്രശംസനീയം തന്നെയാണ് ഇതെല്ലാം തന്നെ. 

ഓരോ അഭിനേതാക്കളും അവരവര്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ മികവുറ്റതാക്കിയതിനേക്കാള്‍ പതിന്മടങ്ങ്‌ പൂര്‍ണതയോട് കൂടി ഹാച്ചിയായി അഭിനയിച്ച നായക്കുട്ടി തന്‍റെ കഥാപാത്രം അനശ്വരമാക്കിയിരിക്കുന്നു. ഇതൊരു സംഭവ കഥയാണ് എന്ന് അറിഞ്ഞു കൊണ്ട് കണ്ടാലും , അറിയാതെ കണ്ടാലും ഈ സിനിമ കണ്ടു കഴിയുമ്പോഴേക്കും നിങ്ങളുടെ  കണ്ണുകള്‍ നിറഞ്ഞിട്ടില്ല എങ്കില്‍ നിങ്ങള്‍  ഒരു മനുഷ്യനോ മൃഗമോ അല്ല എന്ന് നിസ്സംശയം പറയാം. അത്ര മേല്‍ മനസ്സ് വിങ്ങുന്ന രംഗങ്ങള്‍ ഈ സിനിമയിലൂടെ കടന്നു പോകുന്നുണ്ട് . 

ആകെ മൊത്തം ടോട്ടല്‍ = വളരെയധികം മനസ്സിനെ സ്പര്‍ശിക്കുന്ന മികച്ച ഒരു സിനിമ. ഈ സിനിമ കണ്ടില്ലെങ്കില്‍ നിങ്ങളുടെ സിനിമാസ്വാദന ജീവിതത്തിലെ ഒരു നഷ്ടം എന്ന് തന്നെ പറയേണ്ടി വരും. 

*വിധി മാര്‍ക്ക്‌ = 10/10 

Saturday, July 28, 2012

സരോജ


വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത്, പ്രകാശ് രാജ്, ജയറാം, ശിവ, വൈഭവ് റെഡി, എസ് പി ബി ചരണ്‍, പ്രേംജി അമരേന്‍, വേഗ തുടങ്ങിയവര്‍ പ്രധാനാ വേഷങ്ങളില്‍ അഭിനയിച്ച സിനിമയാണ് സരോജ. 2008 ഇല്‍ ആണ് ഈ സിനിമ റിലീസ് ആയത്. 

വിശ്വനാഥ് (പ്രകാശ് രാജ്) എന്ന വ്യവസായിയുടെ മകളെ ഒരു ദിവസം ആരോ തട്ടിക്കൊണ്ടു  പോകുന്നു, അതിന്‍റെ അന്വേഷണത്തിനായി പോലീസും അയാളുടെ സുഹൃത്തുമായ  രവിചന്ദ്രന്‍ (ജയറാം)  രംഗത്തെത്തുന്നു. അതേ  സമയം ചെന്നൈയില്‍ നിന്നും ഹൈദരബാദിലേക്ക് ക്രിക്കറ്റ്‌ കളി കാണാന്‍ പുറപ്പെടുന്ന ഒരു കൂട്ടം ചങ്ങാതിമാര്‍ക്കു തങ്ങളുടെ  ദീര്‍ഘ യാത്രക്കിടയില്‍ വഴി തെറ്റുകയും, ഇടയില്‍ വച്ച് അജ്ഞാതരില്‍ നിന്ന് ആക്രമണം നേരിടേണ്ടി  വരുകയും ചെയ്യുന്നു. പിന്നീടങ്ങോട്ട് ഇവരുടെ കൂട്ടായ്മയില്‍ രഹസ്യങ്ങളുടെ ചുരുളഴിയുന്നു. 

ആകെ മൊത്തം ടോട്ടല്‍ = ആകാംക്ഷ നിലനിര്‍ത്തിക്കൊണ്ട് കഥ പറയുന്ന ഒരു കോമഡി സസ്പെന്‍സ് ത്രില്ലര്‍ സിനിമ. 

*വിധി മാര്‍ക്ക്‌ = 7/10 
-pravin- 

Sunday, July 22, 2012

Agent Vinod


ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത് സൈഫ് അലി ഖാനും കരീനാ കപൂറും പ്രധാന വേഷങ്ങളില്‍ എത്തിയ ഈ സിനിമ റിലീസ് ആകുന്ന സമയത്ത് തന്നെ വിവാദമാകുകയും പാകിസ്താനില്‍ നിരോധിക്കുകയുമുണ്ടായിരുന്നു. 

കിലുക്കം സിനിമയില്‍ ജഗതി പറയുന്ന പോലെ ഒരു വെടിയും പൊകയും മാത്രമേ ഞാന്‍ കണ്ടുള്ളൂ എന്ന പോലെയാണ് ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ അവസ്ഥ. കഥയും മറ്റ് നൂലാമാലകളും ചിന്തിച്ചു കഴിഞ്ഞാല്‍ വട്ടായി പോകും എന്നുള്ളത് കൊണ്ട്, സ്ക്രീനില്‍ കാണുന്ന കാഴ്ച കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതെയങ്ങു  കാണുക  എന്നത് മാത്രമാണ് പ്രേക്ഷകന് സംവിധായകന്‍ അനുവദിച്ചിട്ടുള്ള ഏക ആസ്വാദന സ്വാതന്ത്ര്യം. 

തുടക്കം മുതല്‍ ഒടുക്കം വരെയുള്ള സീനുകൾ  പല പല രാജ്യങ്ങളിലും ചിത്രീകരിച്ചു കൊണ്ടാണ് കഥ പറയുന്നത്.  Cinematography നന്നായി   എന്നതൊഴിച്ചാല്‍ പല രംഗങ്ങളും മിനിമം യുക്തിക്ക് നിരക്കാനാകാത്തതും നിലവാരം പുലര്‍ത്താത്തതുമാണ് എന്നേ  പറയാന്‍ സാധിക്കുന്നുള്ളൂ. 

ആകെ മൊത്തം ടോട്ടല്‍ = ഒരു ആവറേജ് നിലവാരം പുലര്‍ത്താന്‍ കഷ്ട്ടപ്പെടുന്ന ഒരു കത്തി സിനിമ.

*വിധി മാര്‍ക്ക്‌ = 4 /10

Saturday, July 21, 2012

മാസ്റ്റേഴ്സ് സ്റ്റുഡന്‍സിന്റെ നിലവാരം പോലും കാണിച്ചില്ലേ ?

ജിനു എബ്രഹാം എഴുതി ജോണി ആന്റണി സംവിധാനം ചെയ്ത ഈ സിനിമ ഒരു സസ്പെന്‍സ് ത്രില്ലര്‍ എന്നൊക്കെ കൊട്ടി ഘോഷിച്ചാണ് വന്നത്. നല്ലൊരു കഥ കയ്യിലുണ്ടായിട്ടും അത് മികച്ച ഒരു തിരക്കഥയാക്കി മാറ്റാന്‍ എഴുത്തുകാരന് സാധിച്ചില്ല എന്നതാണ് ഈ സിനിമയുടെ ആദ്യ വീഴ്ച . ജോണി ആന്റണി എന്ന സംവിധായകന് എടുത്തു പൊക്കാന്‍ പറ്റാവുന്ന ഒരു സിനിമ ആയിരുന്നോ മാസ്റ്റേഴ്സ് എന്നതാണ് മറ്റൊരു ചിന്തിക്കെണ്ടിയിരുന്ന കാര്യം. 

സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയിലൂടെ ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുകയും, അതിലൂടെ മോശമില്ലാത്ത പ്രകടനം കാഴ്ച വക്കുകയും ചെയ്ത ശശികുമാര്‍ ഈ സിനിമയില്‍ എന്തിനു അഭിനയിച്ചു അല്ലെങ്കിൽ  എഎന്താണ്  അഭിനയിച്ചത്  എന്നത് ഇപ്പോഴും പിടി കിട്ടാത്ത ഒരു സംഗതിയാണ്. ഇത്രക്കും വഷള് അഭിനയം ഇപ്പോള്‍ അടുത്ത കാലത്തൊന്നും ഒരു നടനില്‍ കണ്ടതായി ഓര്‍ത്തെടുക്കാന്‍ പോലും പറ്റുന്നില്ല. 

എന്തായാലും ചത്ത കുട്ടിയുടെ ജാതകം നോക്കിയിട്ട് ഇനി കാര്യമില്ലല്ലോ, അടുത്ത തവണയെങ്കിലും നല്ലൊരു സിനിമ സംവിധാനം ചെയ്തു കൊണ്ട് ഈ സിനിമയിലൂടെ കേട്ട ചീത്തപ്പേര് മാറ്റാന്‍ ജോണി ആന്റണിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. 

ആകെ മൊത്തം ടോട്ടല്‍ = ഒരു സസ്പെന്‍സ് ത്രില്ലര്‍ കഥ പറയാന്‍ പോകുന്ന രീതിയില്‍ കഥ തുടങ്ങുകയും പിന്നീട് എല്ലാ തലങ്ങളിലും മോശം നിലവാരം പുലര്‍ത്തുകയം ചെയ്ത ഒരു ബിലോ ആവറേജ് പടം. 

*വിധി മാര്‍ക്ക്‌ = 3.5/10 
-pravin-

Wednesday, July 18, 2012

22 ഫീമെയില്‍ കോട്ടയം - ആധുനിക സ്ത്രീയെ വരച്ചു കാണിച്ച സിനിമയോ ?


ടെസ്സ എന്ന കോട്ടയംകാരി നഴ്സിംഗ്  വിദ്യാര്‍ഥിയുടെ ജീവിതകഥ സംവിധായകന്‍ ആഷിക് അബു വളരെ നന്നായി തന്നെ സിനിമയില്‍  ആവിഷ്ക്കരിച്ചിരിക്കുന്നു. അഭിനയത്തിന്‍റെ കാര്യത്തില്‍ റീമയും , ഫഹദും, മറ്റ് നടീ നടന്മാരും അഭിനന്ദനം അര്‍ഹിക്കുന്നു.  ടി ജി രവി തനിക്കു കിട്ടിയ രോഗിവേഷം മികവോട് കൂടി അഭിനയിച്ചിരിക്കുന്നു.  കോട്ടയംകാരിയുടെ ഭാഷാ ശൈലി റീമ കല്ലിങ്ങല്‍ വേണ്ട പോലെ സിനിമയില്‍ പ്രതിഫലിപ്പിച്ചില്ല. 

സിനിമയിലെ ടെസ്സ പുതിയ തലമുറയില്‍ പെട്ട പെണ്‍കുട്ടികളെ ആണോ പ്രതിനിധീകരിക്കുന്നത് ? അതോ ബാംഗ്ലൂരില്‍ പോയി പഠിക്കുന്ന , ജോലി ചെയ്യുന്ന ചിലരെ മാത്രമോ? എന്തായാലും, പുത്തന്‍ തലമുറയിലെ പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് കേരളത്തിനു പുറത്തു പോയി പഠിക്കുന്ന പെണ്‍കുട്ടികള്‍ കള്ള് കുടിക്കാനും , അല്‍പ്പം പോക്കെറ്റ്‌ മണി കിട്ടാന്‍ ഒരാണിന്റെ അല്ലെങ്കില്‍ ഏതെങ്കിലും പടു കിളവന്റെ വരെ കിടക്ക പങ്കിടാന്‍ സന്നദ്ധത കാണിക്കുന്നതായി ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നു. ഇന്നത്തെ പെണ്‍ സമൂഹത്തിലെ ഒരു പച്ചയായ സത്യം സംവിധായകന്‍ സിനിമയില്‍ തുറന്നു കാണിച്ചിരിക്കുന്നു. 

കൊച്ചിയില്‍ പഠിക്കാന്‍ പോയ അനിയത്തി ടിസ്സ മുടിയെല്ലാം ബോബ് ചെയ്തു  തന്നെ കാണാന്‍  വരുമ്പോള്‍ ടെസ്സ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 

"ഇത്രയും കാലം ബാംഗ്ലൂരില്‍ താമസിച്ച എനിക്കില്ലാത്ത മാറ്റമാണോ കുറച്ചു മാസങ്ങള്‍ കൊച്ചിയില്‍ താമസിച്ച നിനക്ക് സംഭവിച്ചത് "

ഇവിടെ ഇന്നത്തെ ആധുനിക പെണ്‍ സമൂഹത്തിന്റെ,  മാറ്റം എന്ന വാക്കിനോടുള്ള കാഴ്ചപ്പാടാണ് തെളിഞ്ഞു വരുന്നത്. ഇത്തരം ആധുനിക സ്ത്രീ കാഴ്ചപ്പാടുകള്‍  ബാംഗ്ലൂരില്‍ ജീവിക്കുന്ന പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ നമ്മുടെ കൊച്ചിയെന്ന നഗരത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന ഒരു സൂചന സംവിധായകന്‍ ഈ ഒരൊറ്റ ഡയലോഗില്‍ കൂടി പ്രേക്ഷകരില്‍ എത്തിച്ചിരിക്കുന്നു. പെണ്ണിന് മുടിയഴകും , ചാരിത്ര്യവും ആവശ്യമില്ല എന്ന നിലപാടുകളില്‍ അല്‍പ്പം പോലും വിട്ടു വീഴ്ച ചെയ്യാന്‍ തയ്യാറല്ലാത്ത ഒരു വിഭാഗം പെണ്‍കുട്ടികളെയാണ് സംവിധായകന്‍ ഈ സിനിമയിലൂടെ പരിചയപ്പെടുത്താന്‍ പ്രധാനമായും ശ്രമിച്ചത് എന്നു തന്നെ പറയാം.  

 ഒരു ഘട്ടത്തില്‍, സിറില്‍ (ഫഹദ് ) വന്നു വിളിക്കുമ്പോള്‍ ഒരു മടിയും കൂടാതെ അയാള്‍ക്കൊപ്പം താമസിക്കാനും  ശാരീരിക ബന്ധം പുലര്‍ത്താനും ടെസ്സ തയ്യാറാകുന്നു.   ഒരു പെണ്ണിന് ഒരാണിന്റെ കൂടെ ജീവിക്കാന്‍ വിവാഹ ബന്ധത്തിന്‍റെ ആവശ്യം ഇല്ല എന്ന ആശയം പറയുന്ന  ഒരു living together style ആണ് ടെസ്സയും സിറിലും ഈ സിനിമയില്‍ നയിക്കുന്നത്.  ചെറുപ്പത്തില്‍ ഒരു ബുദ്ധി മോശം കൊണ്ട് താന്‍ ലൈംഗികമായി മറ്റൊരാളാല്‍ പീഡിപ്പിക്കപെട്ടു എന്ന് അവകാശപ്പെടുന്ന ടെസ്സ സിറിലുമായി ഇത്തരം ഒരു ജീവിത രീതിയിലേക്ക് മാറുന്നതില്‍ നിന്ന് നമ്മള്‍ എന്ത് മനസിലാക്കേണ്ടിയിരിക്കുന്നു ? ഇങ്ങനെ പണ്ടൊരിക്കല്‍ പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടി  വീണ്ടും അറിഞ്ഞു കൊണ്ട് റെയില്‍ പാളത്തില്‍ തല വച്ച് കൊടുക്കുമെന്ന് തന്നെയാണോ സംവിധായകന്‍ പറയാന്‍ ശ്രമിച്ചത്?

ജയിലിലെത്തിയ ശേഷം  തന്നെ ചതിച്ചവരോട് പ്രതികാരം വീട്ടാന്‍ തീരുമാനമെടുക്കുന്ന നായികക്ക് വില്ലന്മാരെ കുറിച്ച് വിശദീകരിച്ചു കൊടുക്കുന്ന സുബൈദ എന്ന തടവുകാരിക്ക് എങ്ങനെ ഇത്രയേറെ വിവരങ്ങള്‍ പറയാന്‍ സാധിക്കുന്നു എന്നത് സംബന്ധിച്ച് അല്‍പ്പം അതിശയോക്തി നമുക്ക് തോന്നിയേക്കാം. സിനിമാവസാനം, പ്രതികാരബുദ്ധിയുള്ള   നായിക, തന്നെ ചതിച്ച നായകന്‍റെ ലിംഗം ശസ്ത്രക്രിയയാല്‍  മുറിച്ചു മാറ്റിയ ശേഷം ഇവര്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങള്‍ വേണ്ടത്ര മികവു പുലര്‍ത്തിയില്ല. പ്രത്യേകിച്ച് നായകന് നായികയോട് മനസ്സില്‍ ഇപ്പോഴും ഒരിഷ്ടം ഉണ്ടെന്നു വെളിവാക്കപ്പെട്ടു കൊണ്ട് സിനിമ അവസാനിപ്പിക്കുന്ന ഒരു രീതി അത്ര നന്നായെന്നു തോന്നിയില്ല, " നീയാണ് പെണ്ണ് " എന്ന് പറഞ്ഞു കൊണ്ട് നായകന്‍ നായികയെ വര്‍ണിക്കുന്നത് എന്ത് അര്‍ത്ഥത്തില്‍ ആണെന്നത് ഇപ്പോഴും പിടി കിട്ടിയിട്ടില്ല. 

എന്തായാലും വളരെ കാലത്തിനു ശേഷം ഇത്തരത്തിലുള്ള സ്ത്രീ പ്രതികാര കഥ പറയുന്ന ഒരു സിനിമ കണ്ടതില്‍. എല്ലാ സ്ത്രീ പ്രേക്ഷകര്‍ക്കും  ആശ്വസിക്കാം, ഇതല്ല യഥാര്‍ത്ഥ പെണ്ണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഈ സിനിമയെ നല്ലൊരു സ്ത്രീ പക്ഷ സിനിമയായി തന്നെ കണ്ടിരിക്കാം. 

ആകെ മൊത്തം ടോട്ടല്‍  = കണ്ടിരിക്കാന്‍ പറ്റുന്ന ഒരു സിനിമ. 

*വിധി മാര്‍ക്ക്‌ = 7/10 
-pravin- 

Saturday, July 14, 2012

Vicky Donor


ജൂഹി ചതുര്‍വേദി എഴുതി  ഷൂജിത് സിര്‍ക്കാര്‍ സംവിധാനം ചെയ്ത ഈ സിനിമയ്ക്കു വേണ്ടി നിര്‍മാണ ചെലവ് വഹിച്ചത് ബോളിവുഡ് നടനായ ജോണ്‍ എബ്രഹാം ആണ്. 

സിനിമയിലെ  വിക്കി എന്ന നായക കാഥാപാത്രം  തൊഴില്‍ രഹിതനും  ജീവിതത്തോട്  അലസമായ കാഴ്ചപ്പാടുകള്‍ വച്ച് പുലര്‍ത്തി കൊണ്ട് നടക്കുന്നവനുമായാ ഒരു  ചെറുപ്പക്കാരന്‍ ആണ്. ഈ കാരണം കൊണ്ട് തന്നെ സ്വന്തം വീട്ടില്‍ ഇവനൊരു തലവേദനയാണ്. ഒരിക്കല്‍  fertility clinic നടത്തുന്ന ഡോക്റ്റര്‍ ബല്‍ദേവ്നെ പരിചയപ്പെടുന്നു. ബല്‍ദേവ് സ്വന്തം ക്ലിനിക്‌ നടത്തുന്നതോടൊപ്പം ഒരു sperm bank കൂടി നടത്തുന്നുണ്ട്.  കുട്ടികളില്ലാത്ത ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് ഉന്നതകുലജാതരായ ആളുകളുടെ ബീജം കൊടുക്കുകയും, അത് കൊണ്ട് കുട്ടികള്‍ ഉണ്ടാകുന്ന സന്തുഷ്ടരായ ദമ്പതിമാര്‍ ഡോക്ടർക്ക്  സ്നേഹ സമ്മാനങ്ങളും പണവും നല്‍കി വരുന്നു.  

വിക്കിയെ അത്തരത്തിലൊരു  ബീജ ദാതാവാക്കി മാറ്റുന്നതില്‍ ഡോക്ടർ  വിജയിക്കുന്നു. ആഗ്രഹിക്കുന്ന പണവും മറ്റ് സമ്മാനങ്ങളും കിട്ടിക്കൊണ്ടിരിക്കുന്ന വിക്കി ജീവിതത്തില്‍ സന്തോഷവാനാകുന്നു. ആയിടക്ക് ബാങ്കില്‍ വച്ച് പരിചയപ്പെടുന്ന ഒരു ബംഗാളി യുവതി ആഷിമയുമായി വിക്കി പ്രണയത്തിലാകുന്നു. വീട്ടുകാരുടെ എതിര്‍പ്പുകളെ രണ്ടു പേരും ശക്തമായി നേരിടുന്നു. അവരുടെ സമ്മതപ്രകാരം തന്നെ വിവാഹവും നടക്കുന്നു. ആഷിമക്ക് ഒരു കുഞ്ഞിന്‍റെ അമ്മയാകാന്‍ സാധിക്കില്ല എന്നറിയുമ്പോഴും വിക്കി അവളെ കൈവിടുന്നില്ല. പക്ഷെ, അതിനിടയില്‍ വിക്കിയുടെ ബീജ ദാനത്തെ കുറിച്ച് ആഷിമ അറിയാനിടയാകുന്നു. വിക്കിയുടെ നിലപാടുകളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നതോടൊപ്പം തന്നെ ആഷിമ വിക്കിയുമായി പിരിയുന്നു. 

തുടര്‍ന്നങ്ങോട്ട് ഡോക്ടറുടെ  മധ്യസ്ഥത്തില്‍ കാര്യങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്നതോടൊപ്പം വിക്കിയേയും ആഷിമയെയും കുഞ്ഞുങ്ങളില്ലാത്ത അച്ഛനമ്മമാരുടെ ദുഖത്തെ  കുറിച്ച് ഡോക്ടർ പറഞ്ഞു മനസിലാക്കുന്നു. വിക്കിയുടെ ബീജദാനം കൊണ്ട് മാത്രം  ജീവിതത്തില്‍ ഒരു കുഞ്ഞിന്‍റെ അച്ഛനും അമ്മയുമായി തീർന്ന സന്തുഷ്ടരായ ഒരുപാട് ദമ്പതിമാരെ   തന്‍റെ ക്ലിനിക്കിന്റെ വാര്‍ഷിക ദിനത്തില്‍ ഡോക്ടർ  വിക്കിക്കും ആഷിമക്കും കാണിച്ചു കൊടുക്കുന്നുണ്ട്. വിക്കിയുടെ ബീജത്താല്‍ ഉണ്ടായ കുട്ടികളുടെ അച്ഛനമ്മമാരെ  മാത്രമേ ആ വാർഷിക ദിനത്തിൽ സംബന്ധിക്കുന്നതിനായി ക്ഷണിച്ചിരുന്നുള്ളൂ എന്ന് ഡോക്ടർ ആഷിമയോടും വിക്കിയോടും പറയുന്നുണ്ട്. ആ സമയം അവിടെയുണ്ടായിരുന്ന 53 കുഞ്ഞുങ്ങളെയും വിക്കി അതിശയത്തോടെ നോക്കി കാണുമ്പോള്‍  ആഷിമ ആ കുഞ്ഞുങ്ങളെയെല്ലാം  ഒരമ്മയുടെ കണ്ണുകളാൽ  നോക്കി കാണാന്‍ ശ്രമിക്കുകയായിരുന്നു. 

വിക്കിയായി ആയുഷ്മാന്‍ ഖുരാനയും, ഡോക്ടര്‍ ബല്‍ദേവ് ആയി അന്നു കപൂറും, ആഷിമയായി യാമി ഗൌതമും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു.  

ആകെ  മൊത്തം ടോട്ടല്‍ = ഒട്ടും ബോറടിപ്പിക്കാതെ  രസകരമായ ഭാഷയില്‍ ഒരു വ്യത്യസ്ത കഥ അവതരിപ്പിച്ചിരിക്കുന്നു. സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തോടുള്ള അനാവശ്യ നിരീക്ഷണങ്ങളും  കാഴ്ചപ്പാടുകളും  വിമര്‍ശനങ്ങളും ഒഴിവാക്കി കൊണ്ട് കാണാന്‍ തയ്യാറെങ്കില്‍  കണ്ടിരിക്കാന്‍ പറ്റിയ ഒരു കൊച്ചു സിനിമ തന്നെയാണിത്. 

*വിധി  മാര്‍ക്ക്‌ = 7.5 /10  
-pravin- 

Thursday, July 12, 2012

ഉസ്താദ് ഹോട്ടല്‍ - സ്വാദിഷ്ടമായ സന്ദേശം വിളമ്പിയ ഹോട്ടല്‍

റസാഖ്‌  (സിദ്ധിഖ്), ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ആണ്‍കുട്ടിയുടെ ബാപ്പയാകുന്നത്. ആ ആണ്‍കുട്ടിയാണ്  ഫൈസി (ദുല്ഖര്‍ സല്‍മാന്‍ ). ചെറുപ്പത്തിലെ, ഉമ്മ മരിച്ചു പോകുന്ന ഫൈസിയെ വളര്‍ത്തുന്നത് അവന്‍റെ നാല് ചേച്ചിമാര്‍ കൂടിയാണ്. ബാപ്പ ഗള്‍ഫില്‍ വലിയ തിരക്കുള്ള ബിസിനസ്സുകാരനായി മാറുകയും, മക്കളെ കൂടെ ഗള്‍ഫിലേക്ക് കൊണ്ട് വരുകയും ചെയ്യുന്നു.  ഒരു വലിയ വീട്ടില്‍ ചേച്ചിമാരുടെ കൂടെ അടുക്കളയില്‍ കളിച്ചു വളരുന്ന, ഫൈസിയുടെ ആഗ്രഹങ്ങള്‍ വളരുന്നത്‌ അതെ വീട്ടിലെ അടുക്കളയില്‍ നിന്നാണ്. ഫൈസി വിദേശത്തു പോയി പഠിച്ചതെല്ലാം വെറും ചെഫ്‌ ആകാനാണ് എന്ന് ബാപ്പ തിരിച്ചറിയുന്ന ദിവസം, ഫൈസിയെ തന്‍റെ വഴിയില്‍ കൊണ്ട് വരാന്‍ ബാപ്പ ശ്രമിക്കുന്നു. ഫൈസിയാകട്ടെ,  ബാപ്പയോട് പറയാതെ വീട് വിട്ടിറങ്ങി  ദൂരെയുള്ള   ഉപ്പൂപ്പയുടെ (തിലകന്‍ ) അടുത്തെത്തുന്നു. ഉസ്താദ് ഹോട്ടല്‍ എന്ന പേരില്‍ ഒരു പഴയ ഹോട്ടല്‍ നടത്തി വരുന്ന ഉപ്പൂപ്പയുമായും, ബാപ്പ പണ്ട് മുതലേ മാനസികമായി പൊരുത്തപ്പെട്ടിരുന്നില്ല എന്നത് ഫൈസിക്ക് ആദ്യമേ അറിയാമായിരുന്നു. തുടര്‍ന്നങ്ങോട്ട് ഫൈസിയുടെ ജീവിതത്തില്‍ നടക്കുന്ന മാറ്റങ്ങള്‍, ഫൈസി മനസിലാക്കുന്ന സത്യങ്ങള്‍, അതിനിടയില്‍ പണ്ട് കല്യാണം ആലോചന വരെ എത്തുകയും, അത് വഴി പരിചയപ്പെടുകയും ചെയ്ത ശഹാന യുമായുള്ള  (നിത്യ മേനോന്‍) നിശബ്ദ  പ്രണയം, നര്‍മം അങ്ങനെ എല്ലാം കൂട്ടിയിണക്കി കൊണ്ട് നല്ല രീതിയില്‍ തന്നെ കഥ പറഞ്ഞു പോകുന്നു. 

തന്‍റെ ആദ്യ സിനിമയില്‍ നിന്നും രണ്ടാമത്തെ സിനിമയിലേക്ക് എത്തിയപ്പോള്‍ ദുല്ഖര്‍ സല്‍മാന്‍ എന്ന നടന്‍ അല്‍പ്പം മെച്ചപ്പെട്ടിരിക്കുന്നു. ഈ സിനിമയിലെ നായകന്‍ തിലകന്‍ തന്നെ എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്‍റെ അഭിനയ മികവ് ഈ സിനിമയിലും പ്രകടമാണ്. മറ്റൊരു എടുത്തു പറയേണ്ട കാര്യം ഗോപി സുന്ദറിന്റെ സംഗീതമാണ്. സിനിമക്കും കഥയ്ക്കും അനുസരിച്ചുള്ള സംഗീതമായിരുന്നു  ഗോപി സുന്ദറിന്റേത്. 

സിനിമയില്‍ ഫൈസിയുടെ കഥാപാത്രം ജീവിതത്തില്‍ തന്‍റേതായ വഴി തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സ്വന്തം ബാപ്പയില്‍ നിന്ന് എതിര്‍പ്പ് നേരിടുന്നത്  പോലെ തന്നെ, കുടുംബത്തിലെ ഇടുങ്ങിയ ചിന്താഗതിക്കാരാല്‍ ശഹാനക്ക്  തന്‍റെ ജീവിതത്തില്‍ കിട്ടേണ്ട സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതായി സിനിമയില്‍ പറയുന്നുണ്ട്. സ്ത്രീക്ക് യഥാര്‍ഥത്തില്‍  കിട്ടേണ്ട സ്വാതന്ത്ര്യം എന്താണെന്ന് സിനിമയില്‍ വിശദീകരിക്കുന്നില്ല. അതിനു പകരം കാണിക്കുന്നത് പര്‍ദ്ദ വേഷത്തില്‍ കറങ്ങാന്‍ പോകുകയും, വേണ്ട സമയത്ത് പര്‍ദ്ദ ഉപേക്ഷിച്ച് ഏത് പാതിരായിലും  സ്വന്തം വീടിന്‍റെ മതില് ചാടി, കള്ള് കുടിച്ചു ബോധം മറയുന്ന ആണ്‍ സുഹൃത്തുക്കളുടെ കൂടെ കലാപരിപാടികള്‍ (ബാന്‍ഡ്) അവതരിപ്പിക്കാന്‍ പോകുന്ന ഒരു പുത്തന്‍ തലമുറയിലെ പെണ്‍മനസിനെയാണ്. ഇത്തരം ഒരു സ്വാതന്ത്ര്യമാണ് യുവ പെണ്‍തലമുറ ആഗ്രഹിക്കുന്നതെന്ന് ആധികാരികമായി ഇവിടെ പ്രസ്താവിച്ചിരിക്കുന്നു. 

ആദ്യ പകുതിക്ക് ശേഷം  സിനിമ അതിന്‍റെ കര്‍ത്തവ്യത്തിലേക്ക് മടങ്ങി വരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. സിനിമ വെറും ഒരു കച്ചവടം മാത്രമാണെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക്‌ കഴിക്കാന്‍ പഴകിയ ഭക്ഷണം വിളമ്പാതെ, സ്വാദിഷ്ടമായ ഒരു ദം ബിരിയാണി നല്‍കുന്നതോടൊപ്പം നല്ലൊരു   സാമൂഹിക സന്ദേശം കൂടി വിളമ്പിയ ഉസ്താദ് ഹോട്ടലിനെ അഭിനന്ദിക്കാതെ വയ്യ

സമൂഹത്തിലേക്കു തുറന്നു പിടിച്ച ക്യാമറയിലൂടെയാണ് സിനിമയിലെ അവസാനത്തെ അര മുക്കാല്‍ മണിക്കൂറുകള്‍ കടന്നു പോകുന്നത്. ഓരോ ആളുകളുടെയും ജീവിതത്തില്‍ അവരുപോലും അറിയാതെ വന്നെത്തുന്ന ചില നിയോഗങ്ങള്‍, ആ നിയോഗങ്ങളാണ്, സത്യത്തില്‍ ജീവിതത്തെ എങ്ങോ എത്തിക്കുന്നത്. സമൂഹത്തിലെ പലതും നമ്മള്‍ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു കൊണ്ട് സുഖമായി ജീവിക്കാന്‍ തീരുമാനിക്കപ്പെട്ടാലും, ചിലപ്പോളൊക്കെ സത്യത്തിലേക്കും യാഥാര്‍ത്ഥ്യത്തിലേക്കും നമുക്ക് മടങ്ങി തന്നെ വരേണ്ടിയിരിക്കും എന്ന മനോഹരമായ സന്ദേശം നല്‍കുന്നതോടൊപ്പം, സമൂഹത്തില്‍ സിനിമ എന്ന കലക്ക്  കിട്ടേണ്ട  പ്രസക്തിയെ  കുറിച്ചും കൂടി ഉസ്താദ് ഹോട്ടല്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. 
ഉപ്പൂപ്പ കൊടുക്കുന്ന സുലൈമാനി ഒരു കാവില്‍ കുടിച്ച  ശേഷം എന്തോ പ്രത്യേകത അനുഭവപ്പെട്ട ഫൈസി ഉപ്പൂപ്പായോടു ചോദിക്കുന്നു 

"ന്താ ഇതില്‍ ങ്ങള് ഇട്ടതു, നല്ല ടേസ്റ്റ്..കറുക പട്ട,...ഗ്രാമ്പൂ..അതോ ഏലമോ...പറ ഉപ്പൂപ്പാ.."

സുലൈമാനി കുടിച്ചു കൊണ്ടിരിക്കുന്ന ഉപ്പൂപ്പ പറയുന്നു.

 " ഹ ..ഹ ..അതൊന്നുമല്ല ...ഞാന്‍ അയില് എന്ത് ഇട്ടു എന്നതിനൊക്കെ അപ്പുറം അനക്ക് അത് കുടിച്ചിട്ട് എന്ത് തോന്നുന്നു എന്നതാണ് കാര്യം ".

അതെ അത് തന്നെയാണ് ഈ സിനിമ കാണുന്ന പ്രേക്ഷകരും മനസിലാക്കേണ്ടത്. നിങ്ങള്‍ക്ക് ഈ സിനിമ കണ്ടിട്ട് എന്ത് തോന്നുന്നോ അതാണ്‌ ഈ സിനിമ. 

ആകെ മൊത്തം ടോട്ടല്‍ =  വലിയൊരു  സന്ദേശമുള്ള കണ്ടിരിക്കാന്‍  പറ്റുന്ന  ഒരു കൊച്ചു സിനിമ. 

* വിധി മാര്‍ക്ക്‌ = 7/10
-pravin-

അഭിയും നാനും


പ്രിഥ്വി രാജ്, പ്രകാശ്‌ രാജ്, ഐശ്വര്യ, തൃഷ  എന്നിവര്‍ അഭിനയിച്ച ഈ ചിത്രം ഒരു അച്ഛന്റെയും മകളുടെയും ആത്മബന്ധത്തിന്റെ കഥയാണ്‌ പ്രധാനമായും പറയുന്നത്. ഒരുപാട്  നര്‍മ മുഹൂര്‍ത്തങ്ങളിലൂടെ കഥ പറഞ്ഞു പോകുമ്പോഴും സിനിമ നമ്മുടെ  കണ്ണിനെ ഈറനണിയിക്കുന്നുണ്ട്.   ഓരോ മനുഷ്യരില്‍ നിന്നും അവരുടെ യെല്ലാം ജീവിതത്തില്‍ നിന്നും നമുക്കെല്ലാവര്‍ക്കും  ജീവിതത്തെ കുറിച്ച് ഒരുപാട് പഠിക്കാനും മനസ്സിലാക്കാനുണ്ട് എന്ന് ഈ സിനിമ ഓര്‍മ്മപ്പെടുത്തുന്നു. അവിടെ കുട്ടിയെന്നോ  മുതിര്‍ന്നവരെന്നോ ഇല്ല. എല്ലാവരും വിദ്യാർഥികൾ മാത്രമാണ്. 

 അഭി ഒരിക്കല്‍ തന്റെ വീട്ടിലേക്കു ഒരു ഭിക്ഷക്കാരനെ കൊണ്ട് വരുന്നുണ്ട്. അയാള്‍ക്ക് ജീവിക്കാന്‍ ഒരു ജോലി വീട്ടില്‍ തന്നെ കൊടുക്കണം എന്ന് അച്ഛനോട് പറയുകയും മകളുടെ ഇഷ്ടാനുസരണം അച്ഛൻ അത് സാധിച്ചു കൊടുക്കുകയും ചെയ്യുന്നു. ഭിക്ഷക്കാരന്റെ താടിയും മുടിയും എല്ലാം വെട്ടി ഒരു പുതിയ കുടുംബാംഗം എന്ന നിലയില്‍ അയാള്‍ ആ വീട്ടില്‍ കഴിഞ്ഞു വരുന്നു. ഒരു ദിവസം  മകള്‍ അഭി അയാളെയും കൂടെ തങ്ങള്‍ ഡിന്നര്‍ കഴിക്കാന്‍ പോകുന്ന വലിയ ഹോട്ടലില്‍ കൊണ്ട് പോകണം എന്ന് അച്ഛനോട് പറയുകയും അച്ഛന്‍ അയാളെ കൂടെ കൂട്ടുകയും ചെയ്യുന്നു. തീന്‍ മേശ മര്യാദകള്‍ അറിയാതെ നോക്കിയിരിക്കുന്ന അയാളോട് ഭക്ഷണം കഴിക്കാന്‍ പറയുന്നു. അയാള്‍ കരഞ്ഞു കൊണ്ട് പറയുന്നത്  ആദ്യമായാണ് താൻ  ഇത്രയും കാലത്തിനിടയില്‍ ഒരു ഹോട്ടൽ  മുറിയിലിരുന്നു  ഭക്ഷണം കഴിക്കുന്നത്‌ എന്നാണ്. അഭി അയാളെ ഭക്ഷണം കഴിക്കാന്‍ പഠിപ്പിച്ചു കൊടുക്കുമ്പോള്‍ അയാള്‍ അവളെ നോക്കി  പറയുന്നത്  "ഇത് എന്‍റെ അമ്മയാണ്" എന്നാണ്. ഈ രംഗങ്ങളെല്ലാം തന്നെ വളരെ ഹൃദ്യമായാണ് സംവിധായകൻ  ചിത്രീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്രകാശ്‌ രാജ് എന്ന നടന്‍റെ അഭിനയ മികവ് എടുത്ത് പറയാതിരിക്കാനാകില്ല. 

ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് പോകുന്ന ഈ സിനിമ പിന്നീട് ചര്‍ച്ച ചെയ്യുന്ന  വിഷയങ്ങള്‍ക്ക് നമ്മുടെയെല്ലാം  ജീവിതത്തില്‍ ഒരുപാട് പ്രസക്തി ഉണ്ട് 


ആകെ മൊത്തം ടോട്ടല്‍ = വളരെ നല്ല സിനിമ.

* വിധി മാര്‍ക്ക്‌ = 8/10 

-pravin- 

Wednesday, July 11, 2012

ഭൂമി മലയാളം


ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത്, സുരേഷ് ഗോപി, പത്മ പ്രിയ , സംവൃതാ സുനില്‍, നെടുമുടി വേണു , ലക്ഷ്മി ശര്‍മ , ഇര്‍ഷാദ് തുടങ്ങീ നടീ നടന്മാര്‍ അഭിനയിച്ച സിനിമയാണ് ഭൂമി മലയാളം. 

വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍  നിറഞ്ഞു നില്‍ക്കുന്ന ഒരു വ്യത്യസ്ത ടി. വി ചന്ദ്രന്‍ സിനിമയാണ് ഇത്. കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ സംവിധായകന്‍റെ ഒരു തുറന്ന വീക്ഷണം സിനിമയില്‍ വിസ്തരിക്കപ്പെടുന്നതോടൊപ്പം പഴയ കാല കണ്ണൂര്‍ കമ്മ്യൂണിസ്റ്റ്‌ ചരിത്രവും സിനിമയില്‍ കാണിക്കുന്നു. 

പലപ്പോഴും തന്‍റെ  ഇടതുപക്ഷ ചിന്താഗതികള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാറുള്ള ഒരു സംവിധായകനാണ് ടി. വി ചന്ദ്രന്‍.,. പക്ഷെ , ഈ സിനിമയില്‍ അദ്ദേഹം അത്തരം നിലപാടുകള്‍ സിനിമയില്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും , രാഷ്ട്രീയ കൊലപാതകം എന്ന വിഷയത്തില്‍ തന്‍റെ രാഷ്ട്രീയത്തെ മറന്നു കൊണ്ട് തികച്ചും മാനുഷികമായ വീക്ഷണത്തിനു കൂടുതല്‍ പ്രസക്തി കൊടുക്കുന്നു. ഏത് പാര്‍ട്ടിയില്‍ പെട്ട ആളുകള്‍ കൊല്ലപ്പെട്ടാലും , അത് നഷ്ടപ്പെടുത്തുന്നത് ഒരു കുടുംബത്തിലെ ഒരംഗത്തെ അല്ലെങ്കില്‍ പ്രതീക്ഷകളും ആഗ്രഹങ്ങളും ഉള്ള ഒരു ജീവനെ തന്നെയാണ് എന്ന് സംവിധായകന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. 

സിനിമയില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം  മകന്‍ നഷ്ടപ്പെട്ട അച്ഛനെ പ്രതിനിധീകരിക്കുന്നു. കുടുംബത്തിനു താങ്ങും തണലുമാകേണ്ട മകന്‍ പോലീസുകാരാലാണ് കൊല്ലപ്പെടുന്നത്. അതിനു നഷ്ടപരിഹാരം കൊടുക്കാമെന്നു പറയുന്ന മന്ത്രി സഭ , പിന്നീട് വാക്ക് പാലിക്കുന്നില്ല. വൃദ്ധനായ അച്ഛന്‍ സെക്രട്ടറിയേറ്റ് പല തവണ കയറി ഇറങ്ങുന്നുവെങ്കിലും കാര്യങ്ങള്‍ നടക്കുന്നില്ല. ഒരു കവല മുഴുവന്‍ അയാളുടെ നിസ്സഹായ അവസ്ഥയെ പരിഹസിച്ചു ചിരിക്കുന്നതായാണ് സംവിധായകന്‍ കാണിച്ചിരിക്കുന്നത്. 

സുരേഷ് ഗോപി രണ്ടു വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. സഖാവ് അനന്തനായും ടൈലര്‍ നാരായണന്‍ കുട്ടിയായും സുരേഷ് ഗോപി കഥാപാത്രങ്ങളെ അഭിനയ മിതത്വം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. 

സ്ത്രീ അടുക്കളയിലും ഭര്‍ത്താവിന്‍റെ കിടപ്പറയിലും മാത്രം ജീവിക്കാനുള്ള ഒരു ഉപഭോഗ വസ്തുവാണെന്ന് വാദിക്കുന്ന ഭര്‍ത്താക്കന്മാരുടെ പക്ഷത്താണ് ഇര്‍ഷാദ് അവതരിപ്പിക്കുന്ന കഥാപാത്രം. ഒട്ടും വ്യത്യസ്തമല്ല , പത്മപ്രിയ അവതരിപ്പിക്കുന്ന ഫൌസിയ എന്ന media worker ടെ ഗള്‍ഫ് ഭര്‍ത്താവിന്‍റെ കാഴ്ചപ്പാടും. ഈ നിലപാടുകളോട് സ്ത്രീയുടെ ശകതമായ പ്രതികരണവും അതിജീവനവും സിനിമയില്‍ കാണിക്കുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീ ശാക്തീകരണം ആവശ്യമാണ്‌ എന്ന നിലപാട് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള സംവിധായകന്‍റെ ഈ ശ്രമം അഭിനന്ദനീയം , സ്വാഗതാര്‍ഹം . 

 ഇടിച്ചു നിരത്തപ്പെട്ട ഒരു കുന്ന്, ആ കുന്നിലെ ചെറിയ മണ്‍ കൂനകള്‍ക്ക് മുകളില്‍ കയറി നിന്ന് കൊണ്ട് ഓരോ സ്ത്രീക്കും പറയാനുള്ളത് കുറെയധികം വിലാപങ്ങളുടെ കഥ. അതെ , പല കാരണങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്ന ഒരു പറ്റം സ്ത്രീകളുടെ വിലാപമാണ്‌ ഈ സിനിമ. അതിലുമപ്പുറം ഈ സിനിമയെ വിലയിരുത്തുകയാണെങ്കില്‍, സാമൂഹ്യ വിഷയങ്ങളും, മനുഷ്യന്‍റെ വേദനകളും രോദനങ്ങളും ഓരോ കൊച്ചു കഥാപാത്രങ്ങളില്‍ നിറച്ചു കൊണ്ട് പ്രേക്ഷകനെന്ന സമൂഹത്തിനു മുന്നിലേക്ക്‌ തുറന്നു വിട്ടിരിക്കുന്നു എന്നും പറയാം. 

ഇത്തരം വിഷയങ്ങളിലേക്ക് തുടരെ തുടരെ എത്തി നോക്കുകയും വിശകലനം ചെയ്യുകയും, അതിലുമുപരി , ഇത്തരം വിഷയങ്ങളെ  സമൂഹ ശ്രദ്ധയിലേക്ക് പറത്തി വിടുകയും ചെയ്യുന്ന ടി. വി ചന്ദ്രന്‍ എന്ന അതുല്യ പ്രതിഭയെ നോക്കി കൊണ്ട് നമുക്ക് ഇക്കാരണങ്ങളാല്‍ നിസ്സംശയം പറയാവുന്ന ചില വാക്കുകളുണ്ട്. അയാള്‍ ഒരു കലാകാരനാണ് , അയാള്‍ ഒരു സാമൂഹ്യ ജീവിയാണ്, അയാള്‍ ഒരു മനുഷ്യനാണ്. 

ആകെ മൊത്തം ടോട്ടല്‍ = സാമൂഹിക പ്രതിബദ്ധതയും വിഷയങ്ങളും  തുളുമ്പി നില്‍ക്കുന്ന ഒരു നല്ല സിനിമ. 

വിധി മാര്‍ക്ക്‌ = 6.5/10 
-pravin- 

Sunday, July 1, 2012

7 Khoon Maaf


വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത് പ്രിയങ്ക ചോപ്ര പ്രധാന വേഷം അവതരിപ്പിച്ച ഈ സിനിമ വളരെ വൈകിയാണ് കാണാന്‍ സാധിച്ചത്. തികച്ചും നായികാ പ്രാധാന്യം ഉള്ള കഥാപാത്രമാണ്  പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്ന സൂസന്ന. ഈ നടിക്ക് ഇത്ര നന്നായി അഭിനയിക്കാന്‍ അറിയുമായിരുന്നോ എന്ന് ചിന്തിപ്പിക്കും വിധമാണ്  സിനിമയിലെ പ്രിയങ്കയുടെ പ്രകടന മികവ്. വിദ്യാ ബാലന് കൊടുത്ത അവാര്‍ഡ്‌ ഈ നടിക്ക് ഈ സിനിമയിലെ അഭിനയത്തിന് കൊടുക്കേണ്ടതായിരുന്നെന്ന് വരെ    തോന്നി പോയി. വെറും അശ്ലീല പ്രദര്‍ശനം കൊണ്ട് മാത്രം ഒരു നടിക്ക് എവിടെയും എത്താന്‍ പറ്റില്ല. കഥയ്ക്കും കഥാപാത്രത്തിനും കഥാ സാഹചര്യത്തിനും അനുയോജ്യമായ രീതിയില്‍ അല്ലെങ്കില്‍ സിനിമ അനുശാസിക്കുന്ന രീതിയിലുള്ള അശ്ലീലത ഒരു സിനിമയെയും "ഡേര്‍ ട്ടി പിച്ചര്‍" ആക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമായിരിക്കും ഈ സിനിമ. സിനിമയില്‍ നായിക സൂസന്ന വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു ആന്ഗ്ലോ ഇന്ത്യന്‍ ആണ്. വിശ്വസ്തരായ മൂന്നു സേവകരാണ് പിന്നെ ഈ കുട്ടിക്ക് താങ്ങും തണലുമായി മാറുന്നത്. തന്‍റെ ജീവിതത്തില്‍ ഏഴു തവണ സൂസന്ന വിവാഹം കഴിക്കുന്നു. ഓരോ ഭര്‍ത്താവില്‍ നിന്നും സൂസന്നക്ക് ഓരോ തരത്തില്‍ പീഡനം നേരിടേണ്ടി വരുകയും പീഡനം  സഹിക്ക വയ്യാതെ തന്‍റെ വിശ്വസ്ത സേവകരുടെ സഹായത്താല്‍ അവരെയെല്ലാം കൊന്നു കളയുകയും ചെയ്യുന്നു. കൊലപാതകങ്ങള്‍ തുടരെ തുടരെ നടക്കുന്നു, അതിലൊന്നും നായിക എന്ത് കൊണ്ട്  പിടിക്കപെടുന്നില്ല എന്നൊക്കെ തുടങ്ങുന്ന  ചില സംശയങ്ങള്‍ ഉപേക്ഷിച്ചു വച്ച്  കൊണ്ട്  മാത്രം സിനിമ  കാണുക. അല്ലാത്ത  പക്ഷം, ഒരു പറ്റം പ്രേക്ഷകര്‍ക്ക്  ഈ    സിനിമ ആസ്വദനീയം ആകണമെന്നില്ല. ഏഴാമത്തെ ഭര്‍ത്താവിനെ കുറിച്ചുള്ള സിനിമയിലെ പരാമര്‍ശം അതി മനോഹരമായ സംഭാഷണ ശകലങ്ങള്‍ കൊണ്ട് നമ്മളെ ആകര്‍ഷിക്കുന്നു. ഏഴാമത്തെ ഭര്‍ത്താവ് ആരെന്നുള്ള ആകാംക്ഷ ക്ലൈമാക്സ്‌ വരെ നിലനിര്‍ത്തുന്നു.


സിനിമയില്‍ സൂസന്നയുടെ വളര്‍ത്തു മകനായി നസിരുദ്ധീന്‍ ഷായുടെ ഇളയ മകന്‍ വിവാന്‍ ഷാ നല്ലൊരു വേഷം ചെയ്തിരിക്കുന്നു. ഉഷ ഉതുപ്പ് മാഗി ആന്റിയായി സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. അശ്ലീലത തോന്നിക്കുന്ന രണ്ടു മൂന്നു രംഗങ്ങള്‍ ഒഴിവാക്കിയാല്‍ കുടുംബ സമേതം ഈ സിനിമ ആസ്വദിക്കാമായിരുന്നു. എന്തായാലും "ഡേര്‍ ട്ടി പിച്ചര്‍ " അല്ല. സമാധാനം. 

ആകെ മൊത്തം ടോട്ടൽ = ഒരു കൊച്ചു  നല്ല സിനിമ .


വിധി മാര്‍ക്ക്   =  7/10 

-pravin-