Saturday, January 16, 2016

നമുക്കിടയിലും നമുക്കുള്ളിലും അധികമില്ലാത്ത ഒരു 'ചാർലി'

അനാവശ്യ താര പരിവേഷങ്ങളും  അമിത ഹീറോയിസവും കൊണ്ട്  ഇടക്കാലത്ത്  മലയാള സിനിമയെ  ശ്വാസം മുട്ടിച്ചിട്ടുണ്ട് പല സംവിധായകരും എഴുത്തുകാരും. മനുഷ്യരിലേക്ക് ലവലേശം കടന്നു ചെല്ലാത്ത കഥകളെഴുതി  ഹീറോയിസം  കൊണ്ടോ ന്യൂ ജനറേഷൻ ലേബലിൽ വിറ്റു പോകുന്ന  പുരോഗാമന  ആശയങ്ങളുടെ  ഉപരിപ്ലവമായ ചിത്രീകരണം കൊണ്ടോ  മാത്രം പ്രേക്ഷകനെ അതിശയിപ്പിക്കാൻ ഒരുമ്പെട്ട് ഇറങ്ങിയ അത്തരം സിനിമാക്കാർക്ക് ചാർലി ഒരു കോശ ഗ്രന്ഥമായി ഉപയോഗിക്കാവുന്നതാണ് പലതിനും. ബെസ്റ്റ് ആക്ടർ, ABCD സിനിമകളിലൂടെ നമ്മൾ കണ്ടറിഞ്ഞ മാർട്ടിൻ പ്രക്കാട്ട് മലയാള സിനിമാ ലോകത്തിന്റെ  മറ്റൊരു തലത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സൂചന കൂടിയാണ് ചാർലി . രാജമാണിക്യവും ചോട്ടാ  മുംബൈയും അണ്ണൻ തമ്പിയും ചെയ്ത  അതേ അൻവർ റഷീദ് പിന്നീട് ബ്രിഡ്ജും (കേരളാ കഫേ), ഉസ്താദ് ഹോട്ടലും, 'ആമി' യുമൊക്കെയായി  (അഞ്ചു സുന്ദരികൾ) വന്ന് മലയാള സിനിമയുടെ പൂമുഖത്ത് തനിക്കിരിക്കാൻ ഒരു  ചാരു  കസേര പണിഞ്ഞിട്ടതിനു സമാനമായാണ് മാർട്ടിന്റെ പോക്കും. വാണിജ്യാടിസ്ഥാനത്തിൽ സിനിമ നിർമ്മിക്കുമ്പോഴും കലാമൂല്യം ചോരാതെ പ്രമേയത്തെ അവതരിപ്പിച്ചു കാണിക്കാനുള്ള ഇത്തരം സംവിധായകരുടെ കയ്യിൽ ഭാവി മലയാള സിനിമ എന്ത് കൊണ്ടും സുരക്ഷിതമാണ് എന്ന ആശ്വാസം കൂടി ഇത് സമ്മാനിക്കുന്നു. 

ടി.വി ചന്ദ്രൻ, ഷാജി എൻ കരുൺ സിനിമകളിലെല്ലാം നമ്മൾ കണ്ടു മറന്ന മനുഷ്യ സ്നേഹി കഥാപാത്രങ്ങളുടെ ഒരു സമ്മിശ്ര സ്വഭാവ രൂപമാണ് ചാർലിക്ക്. സമാന്തര സിനിമകളിലെ അത്തരം കഥാപാത്രങ്ങളെ എല്ലാത്തരം പ്രേക്ഷകർക്കും സ്വീകാര്യ യോഗ്യമായ രീതിയിൽ പുത്തനുടുപ്പിട്ട് അവതരിപ്പിക്കാനാണ് മാർട്ടിൻ പ്രക്കാട്ട് പ്രധാനമായും ശ്രമിച്ചു കാണുന്നത്. ഗോപി നാഥ മേനോനും കുട്ടിസ്രാങ്കുമൊക്കെ മനുഷ്യനോടു പുലർത്തി വന്നിരുന്ന കാഴ്ചപ്പാടുകൾ ശ്രദ്ധേയമായിരുന്നുവെങ്കിലും പ്രതിസന്ധിയിലും വിഷാദത്തിലുമാണ്ടു പോയ  ജീവിതങ്ങളെ മുന്നോട്ട് നയിക്കാനുള്ള ആർജ്ജവം അതിലൊന്നും തന്നെ ഇല്ലായിരുന്നു. ചുറ്റുപാടുമുള്ള സഹജീവികളുടെ സന്തോഷത്തിൽ പങ്കു ചേരുന്നതിനേക്കാൾ കൂടുതൽ അവർ മറ്റുള്ളവരുടെ സങ്കടങ്ങളിൽ താൽക്കാലിക ആശ്വാസമാകും വിധം  പങ്കു ചേർന്ന് കൊണ്ടിരുന്നു എന്ന് മാത്രം. ഒടുക്കം സ്വന്തം സ്വത്ത്വത്തിനോട്  പൂർണ്ണ  നീതി പുലർത്താൻ  സാധിക്കാതെ അന്ന്യന്റെ വിഷമം കണ്ട് സഹിക്കാനാകാതെ സ്വജീവിതം വിലയില്ലാത്ത വിധം ത്യജിച്ചു കൊണ്ട് വെറും വിഷാദ ഓർമ്മകളുടെ ആൾരൂപമായി അവർ ചുരുങ്ങുന്നു. ഗോപി നാഥ മേനോന്റെ ന്യായീകരണ  ഭാഷയിൽ പറഞ്ഞാൽ ഈ ലോകത്ത് ജീവിച്ചിരിക്കാനുള്ള നാണക്കേട്‌ കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു. ഗോപിനാഥ മേനോന്റെ  ഈ ഒരു തീരുമാനത്തിന് പൊതുജന  സ്വീകാര്യത ഇല്ല എന്ന് മാത്രമല്ല അത്  അത്ര കണ്ട് ആർക്കും പ്രചോദനാത്മകവുമല്ല എന്ന തിരിച്ചറിവിലാണ് ഉണ്ണി. ആർ  ചാർലിയുടെ കഥാപാത്രത്തെ ജീവസ്സുറ്റതും  പ്രസക്തവുമാക്കുന്നത്. 

മേൽപ്പറഞ്ഞ രണ്ടു സിനിമകളിലും സ്ത്രീ കഥാപാത്രങ്ങളുടെ അന്വേഷണങ്ങളിലൂടെയും ഓർമ്മകളിലൂടെയുമാണ് കഥാവശേഷൻമാരായ നായകന്മാരുടെ ജീവിതം സംവിധായകൻ പ്രധാനമായും വിവരിക്കുന്നത്. കഥാവശേഷന്മാരുമായി പരിചയമുണ്ടായിരുന്ന കഥാപാത്രങ്ങളെ ഒന്നിന് പിന്നാലെ ഒന്നായി സ്ക്രീനിലേക്ക് കടത്തി വിടുകയും അവരവരുടെ അനുഭവങ്ങൾ കൂടി പങ്കു വപ്പിച്ചു കൊണ്ട് കഥാവശേഷന്റെ ജീവിതകഥ വരച്ചവസാനിപ്പിക്കുകയും ചെയ്യുന്ന ആഖ്യാന ശൈലി ചാർലിയിലും ഏറെക്കുറെ പ്രകടമാണ്. കള്ളനേയും സമരക്കാരെയും വേശ്യയേയും മനുഷ്യന്റെ കണ്ണ് കൊണ്ട് കാണാൻ ശ്രമിച്ച ഗോപിനാഥ മേനോന്റെ ആത്മാവ് ചാർലിയിലും കാണാമെങ്കിലും ഗോപിനാഥന്റെ വിഷാദഭാവമോ പരിഭവങ്ങളോ ഒന്നും തന്നെ ചാർലിയിലില്ല. അവിടെയാണ് ചാർലി വ്യത്യസ്തനാകാൻ തുടങ്ങുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി അവർക്കൊക്കെ ഓരോ സർപ്രൈസുകൾ സമ്മാനിക്കുകയും അവരെ സന്തോഷത്തിന്റെ പാതയിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ചാർലിയുടെ ജീവിതവും സന്തോഷവും. ജീവിതത്തെ ഭ്രാന്തമായി സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ചാർലിക്ക് സ്വന്തം ജീവിതം ഒരു ഉത്സവമാണ്. അവ്വിധം ഭ്രാന്താണ് യഥാർത്ഥ ജീവിതം എന്ന് തോന്നിപ്പിക്കുകയും കൊതിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ചാർലി തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനു പിടി തരാത്ത കഥാപാത്രമായി നിറഞ്ഞു നിൽക്കുന്നു. 

ചാർലിയെ തേടിയുള്ള നായികയുടെ  യാത്രയിൽ കണ്ടു കിട്ടുന്ന കഥാപാത്രങ്ങളിലൂടെ ഒരുപാട് ജീവിതങ്ങൾ സരസമായി അവതരിപ്പിച്ചു കാണിക്കുന്നുണ്ട് സംവിധായകൻ. അതിഥി താരങ്ങളെ പോലെ സിനിമയിൽ വന്നു പോകുന്നവർക്ക് പോലും സംവിധായകൻ സിനിമയിൽ ഏൽപ്പിക്കുന്ന ചുമതലകൾ വലുതാണ്‌. അതിലേറ്റവും എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് കൽപ്പന അവതരിപ്പിക്കുന്ന ക്വീൻ മേരി. ഒരു മനുഷ്യന്റെ സ്നേഹവും പരിഗണനയും  മറ്റൊരു മനുഷ്യന് കിട്ടിത്തുടങ്ങുമ്പോൾ നമുക്ക് ചുറ്റുമുള്ള സങ്കട കടലുകൾ എത്ര പെട്ടെന്നാണ് സന്തോഷ കടലുകളായി രൂപമാറ്റം നടത്തുന്നത് എന്ന് കാണിക്കുന്നതാണ്   ചാർലിയും ക്വീൻ മേരിയും തമ്മിലുള്ള സംഭാഷണ രംഗങ്ങൾ. മനുഷ്യനായി പിറന്നവന്റെ കണ്ണ് നനയിക്കാൻ പോന്ന രംഗങ്ങൾ. മേരിയെ കടല് കാണിക്കാൻ കൊണ്ട് പോകുന്നതിനെ ചാർലിയുടെ വെറും വട്ടായി മാത്രം കണ്ടിരുന്ന മത്തായി അഥവാ പത്രോസിനോട് ചാർലി പറയുന്ന ഒരു ഡയലോഗ് ഓർമ്മയിൽ എന്തെന്നില്ലാതെ തങ്ങി നിൽക്കുന്നു. ഒക്കെ നമ്മുടെ ഓരോ തോന്നലുകളല്ലേ പത്രോസേ..ഞാനും നീയുമൊക്കെ വേറെ ആരുടെയെങ്കിലുമൊക്കെ തോന്നലുകൾ ആണെങ്കിലോ ?

ചാർലിയുടെ കാഴ്ചപ്പാടുകൾ തന്നെ നോക്കൂ കള്ളനും ഗുണ്ടയുമൊക്കെ എത്രയോ പാവങ്ങളാണ്. അടിസ്ഥാനപരമായി അവരെല്ലാം മനുഷ്യരെങ്കിലും നമുക്കിടയിൽ അവർ ജീവിക്കുന്നത് കള്ളനും ഗുണ്ടയുമൊക്കെയായിട്ടാണ്. എന്ത് കൊണ്ട് അവരങ്ങിനെയായെന്നോ മനുഷ്യന്റെതായ ആ അസ്ഥിത്വം അവർക്കുള്ളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നൊന്നും നമ്മളാരും അന്വേഷിക്കാനോ അറിയാനോ ശ്രമിക്കുന്നില്ല. അതിന്റെയൊന്നും ആവശ്യമില്ല എന്ന് നമ്മൾ കരുതുന്നു. അങ്ങിനെ കരുതുന്ന നമുക്കെല്ലാം അപവാദമായാണ് ചാർലി താൻ പോകുന്നിടത്ത് നിന്നും കണ്ടു മുട്ടുന്നവരിൽ നിന്നുമെല്ലാം അനവധി നിരവധി മനുഷ്യന്മാരെ തൊട്ടറിയുന്നത്. അയാൾക്ക് അവരുടെയൊന്നും പേരോ നാടോ ജോലിയോ അറിയേണ്ടതില്ല. സുനിക്കുട്ടനെന്ന കള്ളനെ ഡിസൂസയായും മത്തായിയെന്ന ഗുണ്ടയെ പത്രോസായും വേശ്യയായ മേരിയെ മറിയയുമായുമാണ് അയാൾ അഭിസംബോധന ചെയ്യുന്നത്. അവർ ആ വിളി കേൾക്കാൻ നിർബന്ധിതാരാകുകയും പിന്നീട് ആ വിളിയിൽ സന്തോഷിക്കുകയും ചെയ്യുന്നു. അവിടെ നമ്മൾ ചിന്തിച്ചു പോകുന്ന ഒരു കാര്യമുണ്ട്. എന്തിനാണ് സത്യത്തിൽ നമുക്ക് സ്ഥിരമായി ഒരു പേര് ? സർക്കാർ രേഖകളിൽ പേരും ജാതിയും മതവുമില്ലാതെ ജീവിക്കാനാകില്ലെങ്കിലും മനുഷ്യർക്കിടയിൽ അതൊന്നുമില്ലാതെ ജീവിക്കാൻ നമുക്കൊന്ന് ശ്രമിച്ചു കൂടെ എന്ന ഒരു വെല്ലുവിളി ചാർലി പോലും അറിയാതെ പ്രേക്ഷകന് നേരെ ഉയരുന്നുണ്ട്.

ടി.വി ചന്ദ്രൻ ഗോപി നാഥമേനോന്റെ മരണ കാരണം വ്യക്തമാക്കി കൊണ്ട് സിനിമയെ അവസാനിപ്പിക്കുമ്പോൾ മാർട്ടിൻ ചാർലിയെ വരച്ചു തുടങ്ങുന്നത് മരണത്തോടുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ കൊണ്ടാണ്. സ്വന്തം ചരമവാർത്ത പത്രത്തിൽ കൊടുക്കുക വഴി അത് സത്യമോ അസത്യമോ എന്നറിയാതെ അന്വേഷിച്ചു വരുന്നവരുടെ ശാസനകളും തല്ലുകളും നായകൻ നേരിട്ട് കൈപ്പറ്റുന്നുണ്ട്. മരിച്ചു പോയവർക്ക് കിട്ടാത്ത അത്തരം അനുഭവങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അറിയാൻ ശ്രമിക്കുന്ന ചാർലിയുടെ ആ അതിര് വിട്ട കുസൃതിയിലും ഒരുപാട് തത്ത്വങ്ങൾ പങ്കു വക്കാൻ അയാൾ ശ്രമിക്കുന്നത് കാണാം. മരിച്ച വാർത്തയറിഞ്ഞു വന്നവരിൽ ഒരിക്കലും പ്രതീക്ഷിക്കാതെ വന്നവരെ അയാൾ ഒരുപാട് സ്നേഹത്തോടെ തന്നെ ഓർക്കുന്നു. തനിക്ക് അവരിൽ നിന്ന് കിട്ടിയ ശാസനകളും തല്ലുകളും അവർക്ക് തന്നോടുള്ള കലർപ്പില്ലാത്ത സ്നേഹം കൊണ്ടാണെന്ന് പറഞ്ഞവസാനിപ്പിക്കുന്ന ചാർലിയിൽ നമുക്കെങ്ങനെ പിന്നെ ഗോപിനാഥനെ കാണാൻ സാധിക്കും ? ജീവിച്ചിരിക്കാനുള്ള നാണക്കേട് കൊണ്ട് ആത്മഹത്യ ചെയ്ത ഗോപി നാഥമേനോനുമായി ഈ ചാർലിക്ക് യാതൊരു ബന്ധവുമില്ല എന്ന് നമ്മളെ ഭംഗിയായി ബോധ്യപ്പെടുത്താൻ കൂടിയാണ് സംവിധായകൻ ആ രംഗങ്ങൾ സിനിമയിൽ ഉപയോഗിക്കുന്നത്.

സിനിമ കണ്ടു കഴിഞ്ഞിറങ്ങിയ പലരും പറഞ്ഞു  കേട്ട ഒരു കാര്യമാണ് ഞാനും നിങ്ങളുമൊക്കെ തന്നെയാണ് ഈ സ്ക്രീനിൽ കാണുന്ന ചാർലി എന്ന്. അതൊന്നു മാറ്റിപ്പറഞ്ഞാൽ മാത്രമേ ശരിയാകൂ. നമുക്കിടയിലും നമുക്കുള്ളിലും അധികമില്ലാത്ത ഒരാളാണ് ചാർലി.  ചാർലിയെ പോലെ ജീവിക്കുന്നവരുണ്ടാകാം. ഇല്ലെന്നു പറയുന്നില്ല. എന്നാലും നമ്മളാണ് ചാർലി എന്നത് വെറുമൊരു മിഥ്യാ ബോധം മാത്രമാണ്. ചാർലിയെ പോലെ മനുഷ്യസ്നേഹിയാകാൻ നമുക്കും ആഗ്രഹിക്കാം അതിനായി ശ്രമിക്കാം. അത്ര മാത്രം. 

ഒരേ സമയം കലയും വാണിജ്യവും വിജയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടുള്ള ഇത്തരം സിനിമാ പ്രവർത്തനങ്ങൾ ഇനി വരും കാലങ്ങളിൽ മലയാള സിനിമക്ക് ഗുണമേ ഉണ്ടാക്കൂ. സമാന്തര സിനിമാക്കാരെ കുറ്റം പറയുകയല്ല. എന്നാലും സിനിമയുടെ പുത്തൻ മാറ്റങ്ങളെ കണ്ടില്ലെന്നു നടിച്ചു കൊണ്ടുള്ള പഴഞ്ചൻ സിനിമാ ചിന്താഗതികൾക്ക് മാറ്റം വരേണ്ടത് മലയാള സിനിമാ ഇൻഡസ്ട്രിയുടെ വളർച്ചക്ക് വളരെ ആവശ്യമാണ്‌. ഉസ്താദ് ഹോട്ടലിനു ശേഷം ഇപ്പോൾ ചാർലിയും അത്തരം ചർച്ചകൾക്ക് വഴി തെളിയിക്കുകയാണ്.
 
ആകെ മൊത്തം ടോട്ടൽ = ദുൽഖർ സൽമാന്റെ ഉഗ്രൻ പ്രകടനം. പലപ്പോഴും പഴയ ലാലേട്ടനെ അനുസ്മരിപ്പിക്കും വിധം ദുൽഖർ പെരുമാറിയെങ്കിലും അതൊരു പരിധി വിട്ടതോ വികലമായതോ  ആയ അനുകരണമായില്ല എന്നത് കൊണ്ട് തന്നെ ദുൽഖർ മികച്ചു നിന്നു. പാർവ്വതിയുടെ നായികാവേഷവും ഒപ്പത്തിനൊപ്പം മികവറിയിച്ചു. നായികാ നായകന്മാരെ പോലെ തന്നെ സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നു. കൽപ്പനയുടെ കരിയറിൽ എന്നും ഓർക്കപ്പെടേണ്ട ചുരുക്കം ചില കഥാപാത്രങ്ങളുടെ കൂടെ ക്വീൻ മേരിയും എഴുതി ചേർക്കേണ്ടി വരും എന്ന കാര്യത്തിൽ തർക്കമില്ല. സമീറാ സനീഷിന്റെ കോസ്റ്റ്യൂം ഡിസൈൻ, ജോമോന്റെ ച്ഛായാഗ്രഹണം, ഗോപി സുന്ദർ സംഗീതം  എന്നിവയും എടുത്തു പറയേണ്ട കാര്യങ്ങളാണ്. BGM സിനിമയുടെ ആത്മാവ് കൂടിയാണ് എന്നൊരിക്കൽ കൂടി തെളിയിക്കുന്നു ചാർലിയിൽ. എത്രയൊക്കെ കാര്യങ്ങൾ മികച്ചതാക്കാൻ സാധിച്ചാലും ഒഴിവാക്കാൻ പറ്റാത്ത ചില ചില്ലറ ക്ലീഷേകളെ ഈ സിനിമയിലും ഒഴിവാക്കി കണ്ടില്ല. എന്നാൽ  അതൊന്നും സിനിമക്ക് രസക്കേട് ഉണ്ടാക്കാൻ മാത്രം പോന്നതല്ല എന്ന ആശ്വാസമുണ്ട് താനും. 

*വിധി മാർക്ക് = 7.5/10 

-pravin- 

Friday, January 8, 2016

അവിനാശ് സിംഗ് റാത്തോഡും വലീ ഖാനും - കഥാപാത്രങ്ങൾക്ക് പിന്നിൽ

സിനിമ എന്നത് പ്രേക്ഷകനെ ആനന്ദിപ്പിക്കാൻ വേണ്ടി മാത്രമുള്ള ഒരു കലയാണ്‌ എന്ന് വിചാരിക്കുന്നവരാണ് പ്രേക്ഷകരിൽ ഒരു വലിയ വിഭാഗം പേരും. എന്നാൽ സിനിമയെ അത്ര ലാഘവത്തോടെ വിലയിരുത്തുന്നവരോട് സിനിമക്ക് ആ ഉദ്ദേശ്യം മാത്രമല്ല എന്ന് പറയേണ്ടി വരും. ഏതൊരു സിനിമക്ക് പിന്നിലും അന്വേഷണ വിധേയമാക്കേണ്ട ഒരു വിഷയം കാണും. സിനിമകൾ പ്രേക്ഷകനെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയുമൊക്കെ ചെയ്യുമ്പോഴും സിനിമക്ക് നിദാനമായ ആ വിഷയം പലരും അറിയാതെ പോകുകയാണ് ചെയ്യുന്നത്. പല സംവിധായകരും അവരവരുടെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്ന ചാനൽ ചർച്ചകളിൽ ആ സിനിമ ഉണ്ടാകാനിടയായ കാരണവും മറ്റുമെല്ലാം പങ്കു വക്കാറുണ്ട്. ചിലർ സിനിമയിലെ ഉള്ളടക്കത്തെ കുറിച്ചു മാത്രം വാചാലരാകുമ്പോൾ മറ്റു ചിലർ ചർച്ചക്കിടയിൽ പല യാഥാർത്ഥ്യങ്ങളും പങ്കു വക്കാൻ നിർബന്ധിതരാകാറുണ്ട്. ആ ചർച്ചയാകട്ടെ പിന്നീട് ചെന്നെത്തുക ജീവിച്ചിരിക്കുന്നതോ മരിച്ചു പോയതോ ആയ ഏതെങ്കിലും ഒരു വ്യക്തിയുടെ ജീവിതത്തിലേക്കായിരിക്കും. കബീർ ഖാൻ സംവിധാനം ചെയ്ത 'ഏക്‌ ഥാ ടൈഗറി' ൽ സൽമാൻ ഖാൻ അവതരിപ്പിച്ച അവിനാശ് സിംഗ് റാത്തോഡും നിഖിൽ അദ്വാനി സംവിധാനം ചെയ്ത 'ഡി- ഡേ'യിൽ ഇർഫാൻ ഖാൻ അവതരിപ്പിച്ച വലീ ഖാനും അത്തരത്തിൽ ഒരു വ്യക്തിയേയും അയാളുടെ രഹസ്യ ജീവിതത്തേയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ആരായിരുന്നു അയാൾ ?


ഇന്ത്യൻ ചാര സംഘടനയായ റോയുടെ മുൻ ജോയിന്റ് ഡയറക്ടർ മലോയ് കൃഷ്ണ ധർ "Mission to Pakistan: An Intelligence Agent in Pakistan" എന്ന പേരിൽ 2002 കാലത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്. റോ (Research and Analysis Wing) യുടെ ഒരു പ്രധാന ചാരപ്രവർത്തകന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയ ആ പുസ്തകത്തിൽ ഒരാളുടെയും പേര് വിവരങ്ങൾ എഴുത്തുകാരൻ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ 2012 ൽ 'ഏക്‌ ഥാ ടൈഗർ' സിനിമ റിലീസ് ആയ ശേഷം നടന്ന പത്ര മാധ്യമ ചർച്ചകളിലൂടെ മലോയ് കൃഷ്ണ ധറിന്റെ പുസ്തകത്തിൽ പറയുന്ന റോ യുടെ ചാരപ്രവർത്തകനും സിനിമയിലെ അവിനാശ് സിംഗ് റാത്തോഡും 'റോ' യിൽ പണ്ട് പ്രവർത്തിച്ചിരുന്ന രവീന്ദ്ര കൌശിക്കിനെയാണ് പ്രതിനിധീകരിക്കുന്നതെന്നൊക്കെയുള്ള പ്രചരണങ്ങൾ നടക്കുകയുണ്ടായി. അത് പിന്നീട് രവീന്ദ്ര കൌശിക്കിനെ കുറിച്ചുള്ള നിരവധി പേരുടെ അന്വേഷണങ്ങൾക്ക് പ്രചോദനമായി.

രവീന്ദ്ര കൌശിക്ക് അഥവാ നബി അഹമ്മദ് ഷാക്കിർ 


1952 ൽ രാജസ്ഥാനിൽ ജനനം. നാടകത്തിലും അഭിനയത്തിലും അതീവ തൽപ്പരനായിരുന്ന രവീന്ദ്ര കൌശിക്ക് ഒരിക്കൽ ലഖ്നൗവിൽ ദേശീയതല നാടക മീറ്റിങ്ങിൽ പങ്കെടുക്കവേ അവിടെ വച്ച് 'റോ' യുടെ ചില ഉന്നത ഉദ്യോഗസ്ഥരാൽ റോ യിൽ ചേരാൻ ക്ഷണം ലഭിച്ചു. പാകിസ്താനിൽ പോയുള്ള ചാരപ്രവർത്തനം അതീവ ദുഷ്ക്കരം ആണെന്നറിയാമെങ്കിലും രവീന്ദ്ര കൌശിക്ക് ഭാരതത്തിനു വേണ്ടി ആ ജോലി കൂടുതലൊന്നും ആലോചിക്കാതെ ഏറ്റെടുക്കുകയാണുണ്ടായത്. പാകിസ്താൻ യാത്രക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് ഏകദേശം രണ്ടു വർഷത്തോളം വേണ്ടി വന്നു. ഇക്കാലയളവിൽ കൌശിക് ഡൽഹിയിൽ താമസിച്ചു കൊണ്ട് റോ യുടെ പരിശീലനം നേടുകയുണ്ടായി. അതോടൊപ്പം ഇസ്ലാം മതം സ്വീകരിക്കുകയും ഇസ്ലാം മതപഠനം, ഉറുദു ഭാഷാ പഠനം എന്നിവക്കെല്ലാം സമയം കണ്ടെത്തി. പാകിസ്താനെ കുറിച്ചും അവിടത്തെ രീതികളെ കുറിച്ചുമെല്ലാം ഈ കാലയളവിൽ വേണ്ടോളം പഠിക്കാൻ കൌശിക്കിനു സാധിച്ചു. അങ്ങിനെ 1975 ൽ തന്റെ ഇരുപത്തി മൂന്നാം വയസ്സിലാണ് കൌശിക്ക് പാകിസ്താനിലേക്ക് ചേക്കേറുന്നത്. അവിടെയെത്തിയ കൌശിക്ക് കറാച്ചി സർവ്വകലാശാലയിൽ നിയമ ബിരുദത്തിനു ചേരുകയും പഠനത്തിനു ശേഷം പാക് സൈന്യത്തിൽ കമ്മീഷൻഡ് ഓഫീസറായി ചേരുകയും ചെയ്തു. ചുരുങ്ങിയ കാലയളവിൽ തന്നെ പാക് സൈന്യത്തിൽ മേജർ പദവി ലഭിച്ച കൌശിക്ക് പിന്നീട് പാകിസ്താനിൽ നിന്ന് തന്നെ വിവാഹം കഴിച്ചു. ഇക്കാലയളവിലെല്ലാം തന്നെ രവീന്ദ്ര കൌശിക്ക് സ്വന്തം വീട്ടിലേക്ക് കത്തുകൾ അയച്ചിരുന്നതായി പറയുന്നു. 1979-83 കാലയളവിൽ പാക് സൈന്യത്തിന്റെ രഹസ്യ നീക്കങ്ങളടക്കം നിരവധി പ്രധാന വിവരങ്ങൾ ഇന്ത്യൻ സൈന്യത്തിന് നൽകാൻ കൌശിക്കിനു സാധിച്ചിട്ടുണ്ട്. രാജസ്ഥാൻ വഴിയുള്ള പാക് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റം പലപ്പോഴായി പരാജയപ്പെടുത്താൻ ഇന്ത്യക്ക് ഇത് മൂലം കഴിഞ്ഞു. ഇതിൽ സന്തുഷ്ടയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൌശിക്കിനെ "ബ്ലാക്ക് ടൈഗർ" എന്ന ഓമനപ്പേര് നൽകിയതായി പറയപ്പെടുന്നു. 

1983 കാലത്ത് ബ്ലാക്ക്‌ ടൈഗറിന് സഹായമേകാൻ ഇനായത്ത് മസിഹ എന്ന ഒരു ചാരനെ കൂടി ഇന്ത്യ പാക്സിതാനിലേക്ക് വിട്ടതിനു പിന്നാലെയാണ് രവീന്ദ്ര കൌശിക്കിന്റെ നാടകീയ ജീവിതത്തിന് തിരശ്ശീല വീഴുന്നത്. പാക് ചാരന്മാരുടെ പിടിയിലായ ഇനായത്ത് മസിഹ മണി മണിയായി സത്യങ്ങൾ വിളിച്ചു പറഞ്ഞതിലൂടെ രവീന്ദ്ര കൌശിക്കിന്റെ മുഖം മൂടികൾ ഓരോന്നായി പാക് സൈന്യം വലിച്ചു കീറി. രണ്ടു മൂന്നു വർഷത്തോളം പാക് സൈന്യത്തിന്റെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെങ്കിലും കൌശിക്ക് ഇന്ത്യക്ക് പ്രതികൂലമായി ഒന്നും പറഞ്ഞില്ല. ഒരു വിവരങ്ങളും കിട്ടാതെയായപ്പോൾ പാക് സൈന്യം കൌശിക്കിന്റെ പുരികങ്ങൾ മുറിച്ചെടുത്തു, ശരീരത്തിൽ നിരന്തരം മുറിവുകൾ സമ്മാനിച്ചു, കാതുകളിൽ ചൂട് കമ്പി കൊണ്ട് കുത്തി വേദനിപ്പിച്ചു, പല പല ജയിലുകളിലേക്ക് മാറ്റി മാറ്റി താമസിപ്പിച്ചു. അങ്ങിനെ നീണ്ട 18 വർഷത്തെ പീഡനങ്ങൾക്കൊടുവിൽ ആസ്തമയും ക്ഷയരോഗവും ഹൃദ്രോഗവും പിടിപെട്ട കൌശിക്കിന് ജയിലിൽ വിശ്രമം അനുവദിക്കപ്പെട്ടു. കൌശിക്കിനു അധികം വിശ്രമിക്കേണ്ടി വന്നില്ല. 2001 സെപ്തംബർ 21 നു മുൾട്ടാനിലെ ന്യൂ സെൻട്രൽ ജയിലിൽ വെച്ച് കൌശിക്ക് അന്ത്യ ശ്വാസം വലിച്ചു. 

സിനിമയും രവീന്ദ്ര കൌശിക്കിന്റെ ജീവിതവും 


പത്രമാധ്യമങ്ങളുടെ അവകാശ വാദ പ്രകാരം ഏക്‌ ഥാ ടൈഗർ സിനിമക്ക് ആധാരമായ ജീവിത കഥ രവീന്ദർ കൗശിക്കിന്റെതായിരുന്നു. അത് സത്യമോ അസത്യമോ എന്നറിയില്ലെങ്കിലും ആ സിനിമയിൽ സൽമാൻ ഖാന്റെ അവിനാശ് റാത്തോഡ് എന്ന കഥാപാത്രം രവീന്ദ്ര കൗശിക്കിന് സമാനമായ ജീവിതമല്ല നയിച്ച്‌ കാണുന്നത്. ആകെയുള്ള സമാനതകൾ രണ്ടു പേരും റോ യുടെ ചാരപ്രവർത്തനത്തിൽ ഏർപ്പെടുന്നു എന്നതും രണ്ടു പേരും ടൈഗർ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്നു എന്നതുമാണ്‌ . രവീന്ദർ കൌശിക്കിനെ ബ്ലാക്ക് ടൈഗർ എന്ന് ഇന്ദിരാ ഗാന്ധി വിശേഷിപ്പിച്ച വാർത്തയിൽ നിന്നായിരിക്കാം സിനിമയിൽ സൽമാൻ ഖാന് ടൈഗർ എന്ന രഹസ്യ നാമം നൽകിയത്. 

ഇറാഖിലെ രഹസ്യ ദൌത്യത്തിന് ശേഷം ന്യൂ ഡൽഹിയിലേക്ക് തിരിച്ചെത്തുന്ന ടൈഗർ അടുത്ത മിഷനായി അയർലണ്ടിലേക്ക് പോകുന്നതും അവിടെ വച്ച് പാകിസ്താൻ ചാര സംഘടനയിൽപ്പെട്ട സോയ എന്ന യുവതിയുമായി പ്രണയത്തിലാകുകയും ചെയ്യുന്നതാണ് 'ഏക്‌ ഥാ ടൈഗറി' ൽ കാണാൻ സാധിക്കുക. രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ നിന്ന് പ്രണയിക്കേണ്ടി വരുന്ന നായകനും നായികയും ഇരുവരുടേയും രാജ്യത്തിന് വേണ്ടിയുള്ള ജോലിയുടെ പേരിൽ ഒരു ഘട്ടത്തിൽ പ്രണയം ഉപേക്ഷിക്കുന്നുവെങ്കിലും ചാര പ്രവർത്തനം ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യില്ല എന്ന തിരിച്ചറിവിൽ പിന്നീട് തങ്ങളുടെ പ്രണയത്തെ സാക്ഷാത്ക്കരിക്കുകയും മാതൃ രാജ്യങ്ങളുമായുള്ള സകല ബന്ധവും വിച്ഛെദിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഒളിച്ചോടുകയുമാണ്‌ ചെയ്യുന്നത്. യഥാർത്ഥ കൌശിക്കിന്റെ ജീവിതവുമായി സിനിമയിലെ അവിനാശ് എന്ന കഥാപാത്രം എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കൂ. കൌശിക്കിന്റെ ജീവിതത്തിനു സമമല്ലാത്ത വിധം അതേ കഥാപാത്രത്തെ ഒരുപാട് സാങ്കൽപ്പികതകളിൽ പൊതിഞ്ഞു കൊണ്ട് വളരെ സമർത്ഥമായാണ് കബീർ ഖാൻ അവിനാശിനെ ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ അവിനാശിനെ ചൂണ്ടി കാണിച്ചു കൊണ്ട് അത് രവീന്ദ്ര കൌശിക്ക് ആണെന്ന് പൂർണ്ണമായും പറയാനാകില്ല. 

അവിനാശിനേക്കാൾ കൌശിക്കുമായി സാമ്യത തോന്നിക്കുന്നതാണ് 'ഡി-ഡേ' യിൽ ഇർഫാൻ അവതരിപ്പിച്ച വലീ ഖാൻ എന്ന കഥാപാത്രം. ദാവൂദ് ഇബ്രാഹിമിനെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് പിടിച്ചു കൊണ്ട് വരുന്ന സാങ്കൽപ്പിക മിഷനാണ് സിനിമയുടെ ഇതിവൃത്തം. 'ഡി-ഡേ' എന്ന് പേരിട്ടിരിക്കുന്ന ഈ മിഷനിൽ ഇന്ത്യയിൽ നിന്ന് അയക്കുന്ന മൂന്നു പേർക്ക് പുറമേ പാകിസ്താനിൽ തന്നെയുള്ള റോയുടെ ഒരു ചാരൻ പങ്കു ചേരുന്നു. അതാണ്‌ വലീഖാൻ. വലീഖാന് കൌശിക്കുമായുള്ള സാമ്യതകൾ സങ്കൽപ്പിക്കാനുള്ള ഒരുപാട് അവസരങ്ങൾ സിനിമയിൽ സംവിധായകൻ പ്രേക്ഷകന് തരുന്നുണ്ട്. പാകിസ്താനിലേക്ക് വർഷങ്ങൾക്ക് മുൻപ് കുടിയേറുകയും പിന്നീട് അവിടെ പുതിയൊരു കുടുംബമുണ്ടാക്കി സ്ഥിര താമസമാക്കുകയും അതിനിടയിൽ ഇന്ത്യക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയും ചെയ്യുന്ന വലീ ഖാൻ എന്ന കഥാപാത്രം രവീന്ദ്ര കൌശിക്കിൽ നിന്ന് പ്രത്യക്ഷത്തിൽ വ്യത്യസ്തനാകുന്നില്ല എന്ന് തന്നെ പറയാം. അതേ സമയം സിനിമക്ക് വേണ്ടിയുണ്ടാക്കിയ കഥാപാത്രം എന്ന നിലയിൽ വലീ ഖാനെ കൌശിക്കിൽ നിന്ന് പല മാറ്റങ്ങളും വരുത്തി കൊണ്ടാണ് തിരക്കഥാകൃത്തുക്കളായ റിതേഷ് ഷായും സുരേഷ് നായരും സൃഷ്ടിച്ചിരിക്കുന്നത്. 

പാക് ജയിൽ ജീവിത കാലത്ത് കൌശിക്ക് ഇന്ത്യയിലുള്ള കുടുംബത്തിനു അയച്ച കത്തുകളിൽ ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ പ്രതിഷേധം വളരെ വ്യക്തമായിരുന്നു. ഇന്ത്യ ഒരിക്കലും ഔദ്യോഗികമായി രവീന്ദ്ര കൌശിക്കിനെ അംഗീകരിക്കുകയോ അയാളുടെ വിവരങ്ങൾ ശരി വക്കുകയോ ചെയ്തിരുന്നില്ല. നിയമപരമായി ചാരവൃത്തി അംഗീകരിക്കുന്നതിലുള്ള തടസ്സങ്ങൾ തന്നെയായിരുന്നു അതിന്റെ പ്രധാന കാരണം. കൌശിക്കിന്റെ ഒരു കത്തിൽ അദ്ദേഹം പറഞ്ഞത് താനൊരു അമേരിക്കക്കാര നായിരുന്നുവെങ്കിൽ മൂന്നാം ദിവസം ജയിൽ മോചിതനായിരുന്നേനെ. പക്ഷേ താനൊരു ഇന്ത്യക്കാരാനായിപ്പോയി. മാതൃ രാജ്യത്തിന് വേണ്ടി സ്വജീവിതം സമർപ്പിച്ച ഒരാൾക്ക് ഇന്ത്യ ഇതാണോ നൽകുന്നത് എന്നാണ്. ഇവിടെ മേൽപ്പറഞ്ഞ രണ്ടു സിനിമകളിലും ഇന്ത്യയുടെ ഈ നിലപാട് രണ്ടു തരത്തിലാണ് ചിത്രീകരിച്ചു കാണുക. 'ഏക്‌ ഥാ ടൈഗറി' ൽ തന്റെ കാമുകിയായ പാകിസ്താനി ചാര പ്രവർത്തകയെ കൊല്ലാനുള്ള ഇന്ത്യയുടെ ആഹ്വാനം അനുസരിക്കാതിരുന്ന അവിനാശിനെ ഇന്ത്യയുടെ ആളുകൾ തന്നെ ശത്രുവായി പ്രഖ്യാപിക്കുകയും കൊല്ലാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. 'ഡി-ഡേ' യിലേക്ക് വരുമ്പോൾ നിയമവിരുദ്ധമായ 'ഡി-ഡേ' മിഷൻ പരാജയപ്പെട്ടാൽ അതിനു ഇറങ്ങി തിരിച്ചവരെല്ലാം പാക് സൈന്യത്തിന്റെ പിടിയിലായാൽ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യക്ക് അത് മൂലമുണ്ടാകുന്ന അപമാന ഭയത്താലും വ്യക്തി വൈരാഗ്യങ്ങളുടെ പേരിലും RAW ക്കുള്ളിലെ ചിലർ തന്നെ മിഷനിൽ പങ്കെടുക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു. സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ പണയപ്പെടുത്തി അത്രയും കാലം ത്യാഗങ്ങൾ ചെയ്തവർ എത്ര പെട്ടെന്നാണ് അതേ രാജ്യത്തിന് വേണ്ടാത്തവരായി മാറുന്നത് എന്ന് നോക്കൂ. അവിനാശ് സിംഗ് റാത്തോഡിനുണ്ടായ ഈ തിരിച്ചറിവ് അയാളെ എക്കാലത്തേക്കും എല്ലാവരുടെയും കണ്ണ് വെട്ടിച്ചു കൊണ്ടുള്ള ഒരു ഒളിച്ചു ജീവിതത്തിനാണ് പ്രേരിപ്പിക്കുന്നതെങ്കിൽ വലീ ഖാൻ ആ തിരിച്ചറിവുകൾ ഉണ്ടായിട്ടു കൂടി അവസാന ശ്വാസം വരെ പരാജയമെന്ന് ഇന്ത്യ വിധിയെഴുതിയ ആ മിഷനെ സ്വന്തം ജീവൻ ത്യജിച്ച് വിജയത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. 

സിനിമക്കും ജീവിതത്തിനുമപ്പുറം ചിലത് 

ജീവിതവും സിനിമയും ഒരു പോലെയായിരിക്കില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാലും പലപ്പോഴും നമുക്ക് സമ്മതിക്കേണ്ടി വരുന്ന ഒരു കാര്യമാണ് ചില ജീവിതങ്ങൾ സിനിമയേക്കാൾ നാടകീയവും ചില സിനിമകൾ ജീവിതത്തേക്കാൾ യാഥാർത്ഥ്യവുമാണെന്നത്. രവീന്ദ്ര കൌശിക്ക് ഇന്ത്യക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങളുടെ സാഹസികത കണക്കിലെടുത്താൽ അദ്ദേഹം ഒരു ഹീറോ തന്നെയാണ്. എന്നാൽ മറ്റൊരു രാജ്യത്തിലേക്കുള്ള നുഴഞ്ഞു കയറ്റവും സ്വന്തം കാര്യം നേടുന്നതിനു വേണ്ടിയുള്ള ആ രാജ്യത്തോടുള്ള വഞ്ചനകളും കണക്കിലെടുക്കുമ്പോൾ അതിൽ പലയിടത്തും മനസാക്ഷി പറയുന്ന ചില ശരികേടുകൾ ഉണ്ടെന്ന് നമുക്ക് സമ്മതിക്കേണ്ടി വരും. അല്ലാത്ത പക്ഷം നമ്മൾ കാണിക്കുന്നത് വെറും ഇരട്ട താപ്പുകളായി വിലയിരുത്തപ്പെടും. നമ്മുടെ രാജ്യത്തിലേക്ക് നുഴഞ്ഞു കയറി വന്ന് നമ്മുടെ രാജ്യക്കാരനാകുകയും പിന്നീട് സൈന്യത്തിൽ അംഗമായി ചേർന്ന് ഉയർന്ന പദവിയിലെത്തിയ ശേഷം പാകിസ്താന് വേണ്ടി വിവരങ്ങൾ ചോർത്തി കൊടുത്ത ഒരാളോടുള്ള നമ്മുടെ നിലപാട് എന്തായിരിക്കുമോ അത് തന്നെയല്ലേ സമാനമായി പ്രവർത്തിച്ച കൌശിക്കിനോടും നമുക്ക് വേണ്ട നിലപാട് ? സിനിമകൾ പലപ്പോഴും ഇത്തരം ചോദ്യങ്ങൾ കൂടി ഉയർത്തി കൊണ്ടാണ് അവസാനിക്കുന്നത്. 

-pravin-