Saturday, June 30, 2012

Buriedഇറാഖില്‍ വച്ച് ഒരു അമേരിക്കന്‍ ട്രക്ക് ഡ്രൈവര്‍ ഇറാഖികളുടെ ആക്രമണത്തിനു വിധേയനാകുകയും , ശേഷം ബോധം വരുന്ന സമയത്ത് താനൊരു ശവപ്പെട്ടിയില്‍  അടക്കം ചെയ്തിരിക്കുന്നതായും മനസിലാകുന്നു. ആ സമയത്ത് കൈയിലുള്ള സാമഗ്രികള്‍ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തുന്നു. കൈയിലുള്ള സെല്‍ ഫോണ്‍ ഉപയോഗിച്ച് എംബസിയുമായി സംസാരിക്കുകയും, തന്നെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയെന്നു അറിയുകയും ചെയ്യുന്നു. അതിനിടയില്‍ , നായകന്‍ ശവപ്പെട്ടിയില്‍  കിടന്നു കൊണ്ട് തന്നെ  വില്ലനുമായി ഫോണ്‍ വിളിക്കുകയും മറ്റും ചെയ്യുന്നുമുണ്ട്. 

 തന്നെ അടക്കം ചെയ്ത ലൊക്കേഷന്‍ വിവരം അറിയാനുള്ള ശ്രമം അയാള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു പാമ്പ് ശവപ്പെട്ടിയില്‍ ഇഴഞ്ഞു വരുന്നു. അങ്ങനെ അങ്ങനെ ..അവസാനം രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല എന്ന അവസ്ഥ വരുന്നു. പെട്ടിക്കിടയിലൂടെ മണ്ണ് വീണു കൊണ്ടിരിക്കുന്ന സമയത്ത് രക്ഷ പ്രവര്‍ത്തനത്തിന് എത്തിയവരുടെ ഫോണ്‍ വിളി എത്തുന്നെങ്കിലും , അയാള്‍ രക്ഷപ്പെടുന്നില്ല. പശ്ചാത്തലത്തില്‍, ഫോണിലൂടെ രക്ഷാപ്രവര്‍ത്തകര്‍ സോറി എന്ന് നിസ്സഹായാരായി പറയുമ്പോഴേക്കും നായകന്‍ പൂര്‍ണമായും മണ്ണില്‍ മൂടപ്പെട്ടു കഴിഞ്ഞിരുന്നു. കുറെയധികം അസ്വാഭാവികതകളും യുക്തിക്ക് നിരക്കാത്ത കുറെയേറെ രംഗങ്ങളും കൊണ്ട് സിനിമ കടന്നു പോകുന്നുണ്ടെങ്കിലും , ഒന്നര മണിക്കൂര്‍ പൂര്‍ണമായും ഒരു ശവപ്പെട്ടിയെ ചുറ്റി പറ്റി കൊണ്ട് കഥ പറഞ്ഞ രീതിയും, അത് ചിത്രീകരിച്ചെടുത്ത സംവിധാന മികവും പ്രശംസനീയം തന്നെ. ആകെ മൊത്തം ടോട്ടൽ =  വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം.  ഒരു വ്യത്യസ്ത സാഹചര്യത്തില്‍ കഥ പറഞ്ഞിരിക്കുന്നു. *വിധി മാര്‍ക്ക്  = 6/10

-pravin-

127 Hours


Dany Boyle സംവിധാനം ചെയ്ത ഈ സിനിമ ഈ അടുത്ത കാലത്താണ്  കാണുന്നത്. ഒരു പര്‍വതാരോഹകന്റെ കഥ പറയുന്ന ഈ സിനിമ ഒരു വലിയ കഥയല്ല നമുക്ക് പറഞ്ഞു തരുന്നത്. മറിച്ച് ഒരു പർവ്വതാരോഹകന് തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന ചില യഥാർത്ഥ വെല്ലുവിളികളെയും  സാഹചര്യങ്ങളെയും കുറിച്ചാണ്. 

പര്‍വാതാരോഹണത്തിനിടയില്‍ പാറക്കിടയില്‍ കൈ കുടുങ്ങുന്നത് മൂലം നായകന് അഞ്ചു ദിവസത്തോളം അവിടെ തന്നെ കിടക്കേണ്ടി വരുന്നു. കൈ പാറക്കിടയില്‍ നിന്നും വലിച്ചെടുക്കാന്‍ ഒരുപ്പാട്‌ ശ്രമിക്കുന്നുവെങ്കിലും രക്ഷയില്ല എന്നുറപ്പാകുന്നു. ഈ അഞ്ചു ദിവസങ്ങളില്‍ കൂടി നായകന് നേരിടേണ്ടി വരുന്ന പല അവസ്ഥകളും, പഴയ ഓര്‍മകളും, തുടര്‍ന്ന് ജീവിതത്തോടു തോന്നുന്ന പുതിയ കാഴ്ചപ്പാടുകളും വളരെ നന്നായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു എന്ന് പറയാം.

കയ്യില്‍ ആകെ അവശേഷിക്കുന്ന ഒരു ബോട്ടില്‍ വെള്ളവും കഴിഞ്ഞതിനു ശേഷം നായകന് ഗദ്യന്തരമില്ലാതെ സ്വന്തം വിസര്‍ജ്യജലം കുടിക്കേണ്ടി വരുന്ന അവസ്ഥ ഭീകരമാണ്. ജീവിക്കാനുള്ള വാശിയില്‍ കഥാവസാനം നായകന്‍ കൈ മുറിച്ചു കൊണ്ട് രക്ഷപ്പെടുന്ന രംഗങ്ങള്‍ പ്രേക്ഷകരുടെ   ഹൃദയ മിടിപ്പുകള്‍ വർദ്ധിപ്പിക്കും വിധമാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമ കാണുന്നതിനിടയില്‍ നമുക്ക് ഈ അവസ്ഥ വന്നു പോയാലോ എന്നൊരു നിമിഷമെങ്കിലും കാണികള്‍ ചിന്തിച്ചു പോയേക്കാം. 

ഷോട്ടുകളിലൂടെ കഥ പറയുന്ന സംവിധായകന്‍റെ കഴിവ് ഈ സിനിമയിലും ചിലയിടങ്ങളില്‍ പ്രകടമാണ്. എ ആര്‍ രഹ്മാനുമായി സ്ലം ഡോഗ് സ്ലം ഡോഗ് മില്ലിനയരിനു ശേഷം സംവിധായകന്‍ ഒരുമിച്ചത് ഈ സിനിമയ്ക്കു വേണ്ടിയാണ്. 

ആകെ മൊത്തം ടോട്ടൽ= ഒരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യഭാഷ എന്ന നിലയിൽ ഈ സിനിമ കണ്ടിരിക്കാവുന്നതാണ്. 

*വിചാരണ  മാര്‍ക്ക്‌ = 7/10 

-pravin-

Friday, June 29, 2012

ഔട്ട്‌ സൈഡര്‍- ഔട്ട്‌ ആകേണ്ട സിനിമയായിരുന്നോ ?

ആത്മകഥ എന്ന സിനിമയ്ക്കു ശേഷം പ്രേംലാല്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത സിനിമയാണ് ഔട്ട്‌ സൈഡര്‍. ശ്രീനിവാസന്‍ തന്നെയാണ് ഇതിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയുടെ കഥയെ കുറിച്ച്, മോശവും അതെ സമയം വളരെ നല്ലൊരു അഭിപ്രായവും പറയാന്‍ പറ്റാത്ത ഒരു അവസ്ഥയാണ് . 

സിനിമയുടെ ആദ്യ ഭാഗത്തുള്ള ഒരു ഗാനം വളരെ ഇഷ്ട്ടപ്പെട്ടു പോകും. വല്ലാത്തൊരു നിഷ്കളങ്കതയും , ഓര്‍മകളുടെ വേദനയും അടക്കം ചെയ്ത ഒരു നല്ല ഗാനമാണ് "മിഴിയിണകളില്‍.." എന്ന് തുടങ്ങുന്ന ജയചന്ദ്രന്‍ പാടിയ ഗാനം. 

ശിവന്‍കുട്ടി എന്ന കഥാപാത്രം വളരെ നല്ല രീതിയില്‍ തന്നെ ശ്രീനിവാസന്‍ കൈകാര്യം ചെയ്തിരിക്കുന്നു. ക്ലൈമാക്സ്‌ രംഗത്തില്‍ വില്ലനോട് ശിവന്‍ കുട്ടി പറയുന്ന ഡയലോഗ് വളരെ ശക്തമായി തന്നെ മറ്റൊരു സിനിമയിലും പറയാത്ത രീതിയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചത് എന്നെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത്. അത്രക്കും ത്രില്‍ ആയിപ്പോയ ഒരു രംഗം തന്നെയായിരുന്നു അത്. എടുത്തു പറയേണ്ട മറ്റൊന്ന് തമിഴ് നടന്‍ പശുപതിയുടെ വില്ലന്‍ വേഷമാണ്. സിനിമയിലുടനീളം പശുപതി തന്‍റെ വേഷം കരുത്തുറ്റതായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ , ഈ സിനിമയിലെ എല്ലാ നടീ നടന്മാരും അവരവര്‍ ചെയ്യുന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തിയിരിക്കുന്നു എന്ന് തന്നെ പറയാം. 

കഥാഗതി മുഴുവന്‍ വില്ലനെ കേന്ദ്രീകരിച്ചാണ് പോകുന്നത്. വില്ലന് സിനിമയില്‍ അമിതപ്രാധാന്യം കൊടുത്തുവോ എന്നൊരു സംശയം ഇടയ്ക്കു തോന്നി പോകും. ചില രംഗങ്ങള്‍ കാണുമ്പോള്‍ , ഇങ്ങനെ ആര്‍ക്കും തളക്കാന്‍ സാധിക്കാത്ത മദം പൊട്ടിയ ഒരു വില്ലന്‍ എവിടെയെങ്കിലും ഉണ്ടാകുമോ എന്നും തോന്നി പോകും. ഇങ്ങനെ അല്ലറ ചില്ലറ പൊരുത്തക്കേടുകള്‍ ഒഴിവാക്കിയാല്‍ ഒരു നല്ല സിനിമയ്ക്കു വേണ്ട എല്ലാ നിലവാരവും ഈ സിനിമയ്ക്കു ഉണ്ടെന്നു പറയാം. എഴുത്തുകാരനായും സംവിധായകനുമായും തന്‍റെ കഴിവ് വെറും രണ്ടു സിനിമകളില്‍ കൂടി തെളിയിച്ചിരിക്കുകയാണ് പ്രേംലാല്‍. .

ആകെ മൊത്തം ടോട്ടല്‍ = കണ്ടിരിക്കാന്‍ പറ്റിയ വലിയ കുഴപ്പമില്ലാത്ത ഒരു സിനിമ. 


*വിധി  മാര്‍ക്ക്‌ = 5 /10 

-pravin-

ആത്മകഥ കേള്‍ക്കാത്തവരുണ്ടോ ?


പ്രേംലാല്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ആത്മകഥ. ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമ എത്ര പേര്‍ കണ്ടിട്ടുണ്ട് എന്നറിയില്ല. കാഴ്ചയില്ലാത്തവന്റെ കഥ പലപ്പോഴും സിനിമകളില്‍ ചെറുതും വലുതും കഥാപാത്രങ്ങളില്‍ വന്നു പോയിട്ടുണ്ടെങ്കിലും, ഈ സിനിമയില്‍ കാഴ്ചയില്ലാത്തവന്റെ കഥ പറയുന്നത് വളരെ വ്യത്യസ്തമായാണ്. 
കഥയിലെ നായകന് ചെറുപ്പത്തില്‍ ഒരു ദിവസം പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്നു. തുടര്‍ന്നുള്ള കഷ്ടപ്പാടുകളില്‍ നിന്നെല്ലാം അതിജീവിക്കുന്ന നായകന് ജീവിതത്തെ വളരെ ഉള്‍ക്കാഴ്ചയോടു കൂടി കാണുന്നു. അങ്ങനെയുള്ള തന്‍റെ ജീവിതത്തിലേക്ക് അന്ധയായ ഒരു പെണ്‍കുട്ടി കടന്നു വരുമ്പോള്‍, അവളെ തന്നെ വിവാഹം കഴിക്കാന്‍ നായകന് തയ്യാറാകുന്നു. അധികം താമസിയാതെ അവര്‍ക്കൊരു പെണ്‍കുഞ്ഞു പിറക്കുന്നു, ഇടക്കൊരു ദിവസം ഒരു ആക്സിഡന്റില്‍ ഭാര്യ മരിക്കുന്നതോട് കൂടെ വീണ്ടും അയാള്‍ തകരുന്നുവെങ്കിലും അതിനെയെല്ലാം അയാള്‍ അതിജീവിക്കുന്നു. മകള്‍ക്ക് വേണ്ടിയുള്ള തന്‍റെ ജീവിതം കൂടുതല്‍ അര്‍ത്ഥവത്തായി തോന്നി തുടങ്ങുന്ന സമയത്ത് അയാളെ ദൈവം വീണ്ടും പരീക്ഷിക്കുന്നു. കഥ മുഴുവനും ഞാന്‍ പറയുന്നില്ല. നിങ്ങള്‍ കണ്ടു നോക്കൂ..

കാഴ്ചയില്ലാത്തവൻ  ഉള്‍ക്കാഴ്ച കൊണ്ട് ജീവിതത്തെ കാണുകയും പ്രശ്നങ്ങളെ അതിജീവിക്കുകയും ചെയ്യുമ്പോള്‍  കാഴ്ചയുള്ള നമ്മളെ പോലുള്ളവര്‍ ജീവിതത്തില്‍ കൊച്ചു കൊച്ചു പ്രശ്നങ്ങള്‍ വരുമ്പോള്‍ പതറി പോകുന്നത് എന്തിനു എന്ന ഒരു ബൃഹത്തായ ചിന്തയടങ്ങുന്ന ചോദ്യം നമ്മുടെ മനസ്സില്‍ സൃഷ്ട്ടിച്ചെടുക്കാന്‍ സംവിധായകന് കഴിഞ്ഞു എന്നുള്ളതാണ് ഈ സിനിമയുടെ വിജയം. 
ശ്രീനിവാസന്‍ എന്ന നടനെ മലയാള സിനിമയിലേക്ക് പുതിയൊരു മുഖത്തോടെ അവതരിപ്പിക്കുക വഴി, ആ നടന്റെ ആരും തിരിച്ചറിയാതിരുന്ന കൂടുതല്‍ അഭിനയസാധ്യതകളെ കൂടി പ്രേംലാല്‍ നല്ല രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു.ആകെ മൊത്തം ടോട്ടല്‍ - വളരെ നല്ല കലാമൂല്യമുള്ള സിനിമ. 

*വിധി മാര്‍ക്ക് = 7/10 

-pravin-

Thursday, June 28, 2012

ഉന്നം- വേണ്ട പോലെ പ്രയോഗിച്ചില്ല .

അപൂര്‍വ രാഗം, വയലിന്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഉന്നം. ഹിന്ദി സിനിമ "Jhony Gaddar" പരിഭാഷപ്പെടുത്തിയതാണ് ഈ സിനിമ. കര്‍ണാടകയില്‍ വച്ച് പോലീസ് ഓഫീസറായ ബാല കൃഷ്ണ (ശ്രീനിവാസന്‍ ) ഹെറോയിന്‍ പിടിച്ചെടുക്കുന്നു. അത് വിറ്റു കാശാക്കാം എന്ന ഉദ്ദേശ്യത്തില്‍ പഴയ കൂട്ടുകാരനായ സണ്ണിയെ (ലാല്‍ ) വിളിക്കുന്നു. ഭാര്യയുടെ മരണ ശേഷം ഏകാന്തനായി കഴിയുന്ന സണ്ണി കള്ള കടത്തും മറ്റ് പരിപാടികളും ഉപേക്ഷിച്ചിരിക്കുന്ന സമയത്താണ് ഈ വിളി വരുന്നത്. ഒന്നാലോചിച്ചപ്പോള്‍ തന്‍റെ കൂടെയുള്ളവര്‍ക്കും കൂടി രക്ഷപ്പെടാന്‍ ഇത് ചിലപ്പോള്‍ സഹായകമായേക്കാം എന്ന് കരുതി കൊണ്ട് ,ഇത് വില്‍ക്കാനുള്ള ദൌത്യം ഏറ്റെടുക്കുന്നു. കൂടെ കൂട്ടാളികളായുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് അസിഫ് അലി, നെടുമുടി വേണു, പ്രശാന്ത് നാരായണന്‍ എന്നിവരും കൂടുന്നു. തുടര്‍ന്ന് അങ്ങോട്ട്‌ നടക്കുന്ന ചില അവിചാരിതമായ സംഭവ വികാസങ്ങളിലൂടെ സസ്പെന്‍സ് നില നിര്‍ത്താതെ , വില്ലനെ നമുക്ക് ആദ്യമേ തന്നെ പരിചയപ്പെടുത്തി കൊണ്ട് കഥ പറയുന്ന രീതിയാണ് സിനിമക്കുള്ളത്. 

അസിഫ് അലി അഭിനയത്തില്‍ വേണ്ട മികവു പുലര്‍ത്തിയില്ല. അതെ സമയം ടോമി എന്ന കഥാപാത്രവുമായി വന്ന പ്രശാന്ത്‌ നാരായന്‍ വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. ആദ്യം കാണുമ്പോള്‍ മോശം അഭിനയം എന്ന് തോന്നി പോകുമെങ്കിലും , പിന്നീടങ്ങോട്ടുള്ള രംഗങ്ങളില്‍ പ്രശാന്ത്‌ തന്‍റെ വേഷം സിനിമയില്‍ അര്‍ത്ഥവത്താക്കി. ബാക്കിയുള്ള നടീ നടന്മാരും നീതി പുലര്‍ത്തി. 

മറ്റൊരു ഭാഷയില്‍ നിന്ന് കടമെടുത്ത ഒരു സിനിമ ചെയ്യുമ്പോള്‍ സംവിധായകന്‍ തന്റേതായ രീതിയില്‍ ഒരു പുതുമയും ഈ സിനിമയില്‍ കൊണ്ട് വന്നില്ല എന്നത് സിനിമയ്ക്കു ചില പോരായ്മകള്‍ സൃഷ്ടിച്ചു. ക്ലൈമാക്സ്‌ പെട്ടെന്ന് എന്തൊക്കെയോ കാണിച്ചു കൊണ്ട് അവസാനിപ്പിച്ചില്ലായിരുന്നെങ്കില്‍ ഈ സിനിമ ഒന്ന് കൂടി മികവുറ്റ താക്കാമായിരുന്നു 

ആകെ മൊത്തം ടോട്ടല്‍ = വലിയ കുഴപ്പമില്ലാതെ കണ്ടിരിക്കാന്‍ പറ്റിയ ഒരു സസ്പെന്‍സ് ക്രൈം ത്രില്ലര്‍. കണ്ടത് കൊണ്ട്, വേണ്ടായിരുന്നു എന്ന തോന്നല്‍ വരില്ല. 


*വിധി മാര്‍ക്ക്‌ = 5 10 

-pravin-