Wednesday, April 24, 2024

വർഷങ്ങൾക്ക് ശേഷം !!


സിനിമക്കുള്ളിലെ സിനിമാക്കഥ പറയുന്ന മുൻകാല മലയാള സിനിമകളുമായി തട്ടിച്ചു നോക്കുമ്പോൾ 'വർഷങ്ങൾക്ക് ശേഷം' അത്ര ഗംഭീര സിനിമയായി അനുഭവപ്പെട്ടില്ല. അതിന്റെ പ്രധാന കാരണം വളരെ അലസമായെഴുതിയ തിരക്കഥയും സംഭാഷണങ്ങളുമാണ്. z

കഥാപാത്ര ബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന സിനിമയെന്ന് തോന്നിപ്പിക്കുമ്പോഴും സിനിമയിലെ സൗഹൃദവും പ്രണയവുമൊക്കെ അനുഭവഭേദ്യമാകാതെ പോകുന്നു.

സിനിമാ സ്വപ്നവുമായി മദിരാശിയിൽ എത്തുന്ന രണ്ടു ചെറുപ്പക്കാരിൽ ഒരാൾ വലിയ നിലയിലേക്ക് എത്തുകയും മറ്റേയാൾ ഒന്നുമല്ലാതെ തകർന്ന് പോകുകയും ചെയ്യുന്നു. ഈ ഒരു വൺ ലൈൻ സ്റ്റോറി ട്രെയിലറിൽ നന്നായി തോന്നിയെങ്കിലും മുഴുനീള സിനിമയിലേക്ക് വരുമ്പോൾ വൻ ശോകമായാണ് തോന്നിയത്.

കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന തെറ്റിദ്ധാരണകൾ, മാനസിക അകൽച്ചകൾ, ശത്രുത, അതിനൊന്നും മതിയായ കാര്യ കാരണങ്ങൾ ബോധ്യപ്പെടുത്താൻ സിനിമക്കാവുന്നില്ല. അഥവാ അതിനു കാരണമായി പറയുന്ന കാര്യങ്ങളിലൊന്നും തന്നെ ഒരു ലോജിക്കോ ന്യായമോ ഇല്ല.

കേന്ദ്ര കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളുമായി കണക്ട് ചെയ്യിക്കുന്ന ഒരു സീൻ പോലും കണ്ടു കിട്ടാത്ത അവസ്ഥ. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ വെറും സ്‌ക്രീൻ കാഴ്ചയിൽ ഒതുങ്ങിപ്പോകുന്നു.

ധ്യാൻ ശ്രീനിവാസന്റെ വേറിട്ട കഥാപാത്ര പ്രകടനം, പഴയ മോഹൻലാലിനെ അനുസ്മരിപ്പിക്കുന്ന പ്രണവ് മോഹൻലാലിന്റെ മാനറിസങ്ങൾ അത് രണ്ടും മാത്രമാണ് ആദ്യ പകുതിയിലെ ആശ്വാസം.

വയസ്സൻ കഥാപാത്രങ്ങളായി വരുമ്പോൾ ധ്യാൻ ശ്രീനിവാസന്റെയും പ്രണവ് മോഹൻലാലിന്റെയുമൊക്കെ മെയ്ക് അപ്പിൽ കല്ല് കടി അനുഭവപ്പെട്ടെങ്കിലും ആ കോംബോയും അവരുടെ ഡയലോഗുകളുമൊക്കെ രസകരമായി.

നീതാ പിള്ള, കല്യാണി പ്രിയ ദർശൻ, ആസിഫ് അലി ഒക്കെ എന്തിനോ വന്ന് അഭിനയിച്ചു പോയി.

ബേസിൽ ജോസഫ്, അജു വർഗ്ഗീസ്, നീരജ് മാധവ് കൊള്ളാമായിരുന്നു. നടനെന്ന നിലയിൽ ഷാൻ റഹ്മാനും കഴിവ് തെളിയിച്ചു.

നിവിൻ പോളിയെ ഫുൾ പവറോടെ പുനരവതരിപ്പിച്ച രണ്ടാം പകുതിയിലെ സീനുകളൊക്കെ തിയേറ്ററിൽ ഓളമുണ്ടാക്കി.


രണ്ടാം പകുതിയിലെ കോമഡി സീനുകളും, നിവിൻ പോളിയുടെ ഉഗ്രൻ ഫോമിലുള്ള പ്രകടനവും കൂടി ഇല്ലായിരുന്നെങ്കിൽ മൂന്ന് മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ഈ പടത്തിന്റെ ആസ്വാദനം എന്താകുമായിരുന്നു എന്ന് ആകുലതയോടെ ഓർത്തു പോയി.

വിനീത് ശ്രീനിവാസൻ നിവിൻ പോളിയെ തിരിച്ചു കൊണ്ട് വന്നു എന്നൊക്കെയാണ് പലരും പറയുന്നതെങ്കിലും നിവിൻ പോളി വിനീത് ശ്രീനിവാസനെ രക്ഷിച്ചു എന്ന് പറയാനാണ് തോന്നുന്നത്.

ധ്യാൻ ശ്രീനിവാസൻ നടനെന്ന നിലയിൽ വരും സിനിമകളിൽ ഇനിയും ശോഭിക്കപ്പെടും എന്ന ഒരു ഉറപ്പ് തരാൻ ഈ സിനിമക്ക് സാധിച്ചു.
പ്രണവിനെ സംബന്ധിച്ച് നില മെച്ചപ്പെടുത്തുമ്പോഴും അഭിനയ കളരിയിൽ അയാൾക്കിനിയും തുടരേണ്ടി വരും.

'ഉദയനാണ് താരം' സിനിമയിൽ മനോഹരമായി പറഞ്ഞവതരിപ്പിക്കപ്പെട്ട പല കാര്യങ്ങളെയും ഒന്ന് മാറ്റിയവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നതിനപ്പുറം കാമ്പില്ലാത്ത സിനിമയാണ് 'വർഷങ്ങൾക്ക് ശേഷം' എന്ന് ദുഖത്തോടെ പറയേണ്ടി വരുന്നു.

"സിനിമ വേറെ ..സൗഹൃദം വേറെ.." എന്ന് ഉദയനോട് പണ്ട് ബേബിക്കുട്ടൻ പറഞ്ഞതോർത്ത് പോയി..

വിനീത് ശ്രീനിവാസന്റെ കാര്യത്തിൽ അതൊന്ന് മാറ്റിപ്പറയാൻ ആഗ്രഹിക്കുന്നു ..

സിനിമാലോകത്ത് സൗഹൃദങ്ങൾ ആകാം. പക്ഷെ ആ സൗഹൃദങ്ങളുടെ പേരിൽ കഥയില്ലാ സിനിമകൾ എടുക്കാതിരിക്കുക !! 

©bhadran praveen sekhar

Tuesday, April 2, 2024

ഭാഷാതീതമായ ആടുജീവിതം..മികവുറ്റ സിനിമാവിഷ്ക്കാരം !!


ഏതെങ്കിലും ഒരു നോവൽ സിനിമയാക്കപ്പെടുമ്പോൾ ഒരാചാരം പോലെ പറയുന്ന 'നോവലിനോട് സിനിമ നീതി പുലർത്തിയില്ല' എന്ന പരാതി 'ആടുജീവിത'ത്തിന്റെ കാര്യത്തിലും തുടരുമായിരിക്കാം .. പക്ഷേ ഒരു സിനിമാ സൃഷ്ടി എന്ന നിലക്ക് ആടുജീവിതം ഭാഷാതീതമായി തന്നെ സ്വീകരിക്കപ്പെടും എന്നതിൽ ഒരു തർക്കവും വേണ്ട. അത്ര മാത്രം സമൃദ്ധമായ ദൃശ്യ ഭാഷയിലാണ് ബ്ലെസ്സി 'ആടുജീവിതം' ഒരുക്കിയിരിക്കുന്നത്.

പദ്മരാജന്റെ 'ഓർമ്മ'യെ 'തന്മാത്ര'യിലേക്ക് മാറ്റി നട്ടത് പോലെ ബെന്യാമിന്റെ 'ആടുജീവിത'ത്തിൽ നിന്ന് ബ്ലെസ്സി ഉണ്ടാക്കിയെടുത്ത ഒരു 'ആടുജീവിത'മാണിത്. കാഴ്ചയുടെയും കേൾവിയുടെയും അനുഭവപ്പെടുത്തലിന്റേയുമൊക്കെ അതി തീവ്രമായ ആടുജീവിതം.

നോവൽ വായിച്ചവരെയും വായിക്കാത്തവരെയും ഒരു പോലെ പൊള്ളിക്കുന്ന തീവ്ര വൈകാരിക രംഗങ്ങൾ. പത്തു പതിനാലു വർഷ കാലയളവിൽ ചെയ്തു തീർത്ത സിനിമ എന്നത് വെറുതെ പറഞ്ഞു പോകാനുള്ളതല്ല എന്ന് എല്ലാ തലത്തിലും അനുഭവഭേദ്യമാക്കാൻ സംവിധായകനും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്.

ആട്ടിൻകൂട്ടത്തിൽ ഇരിക്കുന്ന നജീബിന്റെ ശോഷിച്ച രൂപം കാണിക്കാതെ, എല്ലാ ദയനീയതയും നിറഞ്ഞു നിൽക്കുന്ന അയാളുടെ രണ്ടു കണ്ണുകളെ മാത്രം നിലാവിന്റെ വെളിച്ചത്തിൽ കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ ആദ്യ സീന് കൊണ്ട് തന്നെ നമ്മളെ ആ മസറയിലേക്ക് എത്തിക്കുന്നു.


പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്ര പ്രകടനം എന്ന് നിസ്സംശയം പറയാവുന്ന ഒന്ന് തന്നെയാണ് ആടുജീവിതത്തിലെ നജീബ്. രൂപം കൊണ്ടും ഭാവം കൊണ്ടും നജീബായി പരകായ പ്രവേശം നടത്തുന്ന ഇത് പോലൊരു പൃഥ്വിരാജിനെ വേറൊരു സിനിമയിലും ഇനി കാണാൻ സാധിക്കില്ല.

സാധാരണ ഗതിക്ക് പൃഥ്വിരാജിന്റെ ഡയലോഗ് ഡെലിവെറിയിൽ അനുഭവപ്പെട്ടിരുന്ന കല്ല് കടികൾ ഈ സിനിമയിൽ ഉണ്ടായില്ല എന്നത് കഥാപാത്ര പ്രകടനത്തിന്റെ മികവ് കൂട്ടി.

ഇബ്രാഹിം ഖാദിരിയായി വന്ന ജിമ്മി ജീൻ ലൂയിസ് അനായാസേന ആ കഥാപാത്രത്തെ അവതരിപ്പിച്ചു കാണാം.

ഹക്കീമായി വന്ന ഗോകുലിന്റെ പ്രകടനം പൃഥ്വിരാജിനൊപ്പം തന്നെ എടുത്തു പറയാവുന്നതാണ്. നജീബ് -ഹക്കീം കൂടി കാഴ്ചയൊക്കെ മനസ്സ് തകർക്കുന്ന രംഗമായി മാറുന്നുണ്ട്.

ഒരു പുതുമുഖക്കാരന്റെതായ യാതൊരു പതർച്ചയുമില്ലാതെ ഗോകുൽ ആ വേഷം ഗംഭീരമായി ചെയ്തു. ഹക്കീമിന്റെ അവസാന സീനുകളൊക്കെ ഗോകുൽ വേറെ ലെവലിലേക്ക് എത്തിച്ചു. 

എ. ആർ റഹ്മാന്റെ സംഗീതവും , റസൂൽ പൂക്കുട്ടിയുടെ ശബ്ദ മിശ്രണവും ആട് ജീവിതത്തിന്റെ കഥാപരിസരത്തെയും കഥാ സാഹചര്യങ്ങളെയും മനസ്സിലേക്ക് കൂടുതൽ വലിച്ചടുപ്പിക്കുന്നതായിരുന്നു.

പുഴയിലെ നനഞ്ഞ മണലിലും മരുഭൂമിയിലെ നനുത്ത മണലിലും ഒരു പോലെ ഇഴുകി ചേർന്നു കിടക്കുന്ന നജീബിന്റെ ജീവിതത്തെ എഡിറ്റിങ്ങിലൂടെ മനോഹരമായി അടയാളപ്പെടുത്താൻ ശ്രീകർ പ്രസാദിന് സാധിച്ചിട്ടുണ്ട്.
മരുഭൂമി ചിത്രീകരിച്ചു കണ്ടിട്ടുള്ള മുൻ കാല സിനിമകളിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്ന കാഴ്ചകകളൊരുക്കിയ സുനിൽ കെ.സിന്റെ ഛായാഗ്രാഹണം ആടുജീവിതത്തിന്റെ മറ്റൊരു മികവാണ്.


മരുഭൂമിയുടെ ആകാശ ദൃശ്യങ്ങൾ, വിദൂര ദൃശ്യങ്ങൾ, രാത്രി - പകൽ ദൃശ്യങ്ങൾ എന്നതിനുമപ്പുറം മഴയും വെയിലും മണൽക്കാറ്റുമടക്കമുള്ള മരുഭൂമിയുടെ കാലാവസ്ഥാ വ്യതിയാനമൊക്കെ വേറിട്ട തിയേറ്റർ ആസ്വാദനം സമ്മാനിച്ചു.

CGI - VFX, വസ്ത്രാലങ്കാരം, മെയ്ക് അപ് അടക്കം ഒരു സിനിമയിലെ എല്ലാ വിഭാഗവും ഒരു പോലെ മികവ് പുലർത്തുന്ന സിനിമയായി തന്നെ വിലയിരുത്താം 'ആടുജീവിത'ത്തെ.

ക്ലൈമാക്സിൽ സൈനുവിനെ നജീബ് കാണുന്ന രംഗമോ, യഥാർത്ഥ നജീബിന്റെ വിവരണങ്ങളോ കാണിക്കാതെ ഇങ്ങിനെ പറഞ്ഞവസാനിപ്പിക്കേണ്ടിയിരുന്നോ എന്ന് പരാതിപ്പെടുന്നവർ ഉണ്ടായേക്കാം. പക്ഷേ ഇപ്പോഴത്തെ ക്ലൈമാക്സ് തന്നെയാണ് ഈ സിനിമക്ക് ഏറ്റവും അനുയോജ്യം എന്നാണ് എന്റെ പക്ഷം.

തിയേറ്ററിൽ നിന്ന് കാണേണ്ട സിനിമ എന്നതിനേക്കാൾ ശബ്ദ -ദൃശ്യത്തിന്റെ കാര്യത്തിൽ ഏറ്റവും മികച്ച തിയേറ്ററുകളിൽ നിന്ന് തന്നെ ആസ്വദിക്കേണ്ട സിനിമാനുഭവമാണ് 'ആടുജീവിതം'. 
©bhadran praveen sekhar

Monday, April 1, 2024

ഒരു കിടിലോസ്‌കി പൊറാട്ട് പടം !!

കാളഹസ്തി എന്ന സാങ്കൽപ്പിക ഗ്രാമവും അവിടത്തെ പോലീസ് സ്റ്റേഷനും പ്രമാണിയും പോലീസുകാരും രാഷ്ട്രീയക്കാരും പല വിധ നാട്ടുകാരും ഗുണ്ടകളുമൊക്കെ ഭാഗമായി വരുന്ന ഒരു പൊറാട്ട് നാടകത്തിന്റെ മികവുറ്റ സിനിമാവിഷ്ക്കാരമായി വിലയിരുത്താം ഉല്ലാസ് ചെമ്പന്റെ 'അഞ്ചക്കള്ളകോക്കാനെ".

എൺപത് കാലഘട്ടത്തിലെ കർണ്ണാടക-കേരള അതിർത്തി പ്രദേശവും, കന്നഡ-മലയാളം കലർന്ന സംഭാഷണങ്ങളും, പൊറോട്ട് നാടകവുമൊക്കെ ഏറ്റവും മികച്ച രീതിയിൽ തന്നെ സിനിമയിൽ കോർത്തിണക്കിയിട്ടുണ്ട്.

സിനിമക്ക് വേണ്ടി ഉപയോഗിച്ച കളർ ടോൺ, ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം, ആക്ഷൻ കോറിയോഗ്രാഫി, സൗണ്ട് ഡിസൈൻ, ലൈറ്റിങ്ങ്, വസ്ത്രാലങ്കാരം അടക്കം സകലതിലും പുതുമ അനുഭവപ്പെടുത്താൻ സംവിധായകനും കൂട്ടർക്കും സാധിച്ചു.

ചെമ്പൻ വിനോദിന്റെ നടവരമ്പനും, മണികണ്ഠൻ ആചാരിയുടെ ശങ്കരാഭരണവും, ലുക്മാന്റെ വാസുദേവനുമൊക്കെ ഗംഭീര പ്രകടനങ്ങൾ തന്നെയായിരുന്നു.

പക്ഷേ അവരെയൊക്കെ കവച്ചു വക്കും വിധം സിനിമയിൽ മെറിൻ ജോസ് -പ്രവീൺ ടിജെ മാരുടെ ഗില്ലാപ്പികൾ ആടി തിമിർത്തെന്ന് പറയാം.

ഷാപ്പിലെ പാട്ടും തല്ലുമൊക്കെ ഒന്നിനൊന്നു മെച്ചം. ക്ലൈമാക്സ് ഫൈറ്റ് ഒക്കെ വേറെ ലെവൽ.

ഒരു പ്രതികാര കഥയുടെ ടിപ്പിക്കൽ സ്റ്റോറി ലൈൻ കടന്നു വരുമ്പോഴും മുഴുനീള സിനിമയിൽ അതൊരു കല്ലുകടിയാകാത്ത വിധം കൈയ്യൊതുക്കത്തോടെയും പുതുമയോടെയും മികവുറ്റ രീതിയിൽ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് അഞ്ചക്കള്ളകോക്കാൻ തിയേറ്റർ സ്‌ക്രീനിൽ വിസ്മയമായി മാറുന്നത്.

ഇത് തിയേറ്ററിൽ തന്നെ കാണേണ്ട ഒരു ഒന്നൊന്നര പൊറാട്ട് പടമാണ് ..ആരും മിസ്സാക്കണ്ട !!

©bhadran praveen sekhar