Saturday, November 28, 2020

Ludo is Life and Life is Ludo !!

ഇരുണ്ട ഹാസ്യത്തിലൂടെ ജീവിതത്തെ രസകരമായി വിവരിച്ചു തരുന്ന ഒരു സിനിമ എന്ന് വിശേഷിപ്പിക്കാം അനുരാഗ് ബസുവിന്റെ 'ലുഡോ'യെ. 

ഫിക്ഷന്റെ സ്വാധീനമുള്ള ഒരു കഥയെ ഫിക്ഷൻ സിനിമയാക്കി മാറ്റാതെ ഒരു ലുഡോ ഗെയിം കളിക്കുന്ന ലാഘവത്തിൽ പല കഥകളെയും കഥാപാത്രങ്ങളെയും കൂട്ടിയിണക്കി കൊണ്ട് പറഞ്ഞവതരിപ്പിക്കുന്ന സംവിധാന ശൈലി എടുത്തു പറയേണ്ടതാണ്. 

നമ്മുടെ ജീവിതം നമ്മൾ പോലും അറിയാതെ എത്ര പേരോട് ബന്ധപ്പെട്ടു കിടക്കുന്നുണ്ടാകാം എന്ന് ചിന്തിച്ചു പോകുന്ന സീനുകൾ. ഒരു ഘട്ടത്തിൽ സിനിമയിലെ ചില കഥാപാത്രങ്ങളുടെ അവസ്ഥയിൽ ചിരിക്കണോ കരയണോ എന്നറിയാതെ നിന്ന് പോകും. 


ഭർത്താവിനെ ചതിക്കുന്ന ഭാര്യ, ഭാര്യയെ ചതിക്കുന്ന ഭർത്താവ്, കല്യാണം കഴിഞ്ഞു പോയ മുൻ കാമുകിയെ ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്ന- അവൾക്ക് വേണ്ടി എപ്പോഴും എന്തും ചെയ്യാൻ തയ്യാറുള്ള കാമുകൻ, വിവാഹേതര ബന്ധം ആഘോഷിക്കുന്ന ആൺ പെൺ സുഹൃത്തുക്കൾ, സ്വന്തം മകൾക്ക് മുന്നിൽ തിരിച്ചറിയപ്പെടാതെ പോകുന്ന അച്ഛൻ, ആരുമില്ലാതെ ഒറ്റപ്പെട്ടു പോയവർ, എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതെ ഒറ്റപ്പെട്ടു പോയവർ അങ്ങിനെ പല പല കഥാപാത്രങ്ങൾ പല പല സാഹചര്യങ്ങളിലൂടെ പല പല മനസികാവസ്ഥകളിലൂടെ യാത്ര ചെയ്യുന്നുണ്ട് ലുഡോയിൽ. 

ലോജിക്കെല്ലാം മറന്ന് അവർക്കൊപ്പം ഒരു ഫൺ റൈഡിനാണ് സംവിധായകൻ പ്രേക്ഷകരെ ക്ഷണിക്കുന്നത്. 

ജീവിതത്തെ ലുഡോയുമായി ബന്ധപ്പെടുത്തി കൊണ്ട് തുടങ്ങി പാപവും പുണ്യവും ശരിയും തെറ്റും നരകവും സ്വർഗ്ഗവുമടക്കം പലതും ചർച്ച ചെയ്തു കൊണ്ട് മരണമാണ് സത്യമെന്ന് പറഞ്ഞവസാനിപ്പിക്കുന്ന സിനിമയിൽ പക്ഷേ യുക്തിക്ക് സ്ഥാനമില്ല. ഒരർത്ഥത്തിൽ ആ യുക്തിയില്ലായ്മയിലൂടെ മാത്രമേ ജീവിതത്തെയും മരണത്തെയുമൊക്കെ മനോഹരമായി വ്യാഖ്യാനിച്ചെടുക്കാനും സാധിക്കുകയുള്ളൂ എന്ന് തോന്നുന്നു. 

യുക്തിയുടെ പിൻബലമില്ലാത്ത സീനുകളിലൂടെ പോലും തന്റെ സിനിമയിലെ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കി മാറ്റാൻ അനുരാഗ് ബസുവിന് സാധിച്ചു. 


രാജ് കുമാർ റാവുവിന്റെ ആലു പറയുന്ന പോലെ ചില ബന്ധങ്ങളിൽ ലോജിക്കില്ല മാജിക്ക് മാത്രമാണുള്ളത്. ആ ഒരു ഡയലോഗ് സിനിമയിലെ ഒട്ടു മിക്ക കഥാപാത്ര ബന്ധങ്ങളുമായി വേണ്ടുവോളം ചേർന്ന് നിക്കുന്നുമുണ്ട്. 

ഓ ബേട്ടാജി ..അരെ ഓ ബാബൂജി ..എന്ന പാട്ടും പാടി വണ്ടിയിൽ പോകുന്ന പങ്കജ് ത്രിപാഠിയുടെ സട്ടു ഭയ്യയെ എത്ര തവണ റിപ്പീറ്റടിച്ചു കണ്ടാലും മതിയാകില്ല. സട്ടു ഭയ്യ തന്നെയാണ് ലുഡോയിലെ താരം.

രാജ്‌കുമാർ റാവുവിന്റെ ആലുവും, ഫാത്തിമ സനയുടെ പിങ്കിയും, അഭിഷേകിൻറെ ബിട്ടുവുമൊക്കെ മനസ്സിൽ കയറിക്കൂടി. പേളി മാണിയുടെ മലയാളി കഥാപാത്രം ഷീജയൊക്കെ പൊളിച്ചടുക്കിയിട്ടുണ്ട്. 

ആകെ മൊത്തം ടോട്ടൽ = എല്ലാവർക്കും ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ലാത്ത എന്നാൽ പ്രമേയം ഉൾക്കൊണ്ടു കാണുന്നവർക്കെല്ലാം ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു രസികൻ സിനിമ തന്നെയാണ് ലുഡോ. 

*വിധി മാർക്ക് = 7.5/10 

-pravin-

Sunday, November 15, 2020

സാധാരണക്കാരന് വേണ്ടി സ്വപ്നം കണ്ടവന്റെ കഥ !!


എയർ ഡെക്കാന്റെ സ്ഥാപകനെന്ന നിലക്ക് മാത്രം അറിയാവുന്ന ജി ആർ ഗോപിനാഥിന്റെ സംഭവ ബഹുലമായ ജീവിത കഥയെ ത്രസിപ്പിക്കുന്ന ഒരു സിനിമാനുഭവമാക്കി സമ്മാനിച്ചതിന് സംവിധായിക സുധാ കൊങ്കരയോട് നന്ദി അറിയിക്കുന്നു. ഒപ്പം സൂര്യയിലെ പഴയ ആ നടിപ്പിൻ നായകനെ ഗംഭീരമായി തിരിച്ചു തന്നതിനും. 


വിമാന യാത്ര സാധാരണക്കാരന് അപ്രാപ്യമായ ഒരു കാലത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ അങ്ങിനെ ഒരു സംവിധാനം ഉണ്ടാക്കിയെടുക്കാൻ പുറപ്പെട്ട ജി ആർ ഗോപിനാഥിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷങ്ങളുമൊക്കെ എത്ര മാത്രമായിരുന്നു എന്ന് രണ്ടു മണിക്കൂറിനുള്ളിൽ നമ്മളെ ബോധ്യപ്പെടുത്തി തരുന്നുണ്ട് 'സൂരറൈ പോട്ര്‌'. 

ടാറ്റ എയർലൈൻസ് തുടങ്ങാൻ ഇരുപത് വർഷം രത്തൻ ടാറ്റയെ വരെ കാത്തിരുപ്പിച്ച DGCA യുടെ അതേ ഓഫിസ് വരാന്തയിൽ നെടുമാരന്റെ കാത്തിരിപ്പിന് പോലും പ്രസക്തിയില്ല എന്ന് പരിഹസിച്ചു പറയുന്ന സീനിൽ സൂര്യയുടെ മുഖത്തെ റിയാക്ഷൻ സർക്കാർ ഓഫിസുകളിൽ പല തവണ കയറി ഇറങ്ങേണ്ടി വരുന്ന ഓരോ സാധാരണക്കാരന്റെയുമായിരുന്നു. 

പണമുള്ളവൻ വാങ്ങുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ സാധാരണക്കാർക്ക് എന്നും ഒരു സ്വപ്നം മാത്രമായി നിലനിൽക്കണം എന്ന ചിന്താഗതിക്കാർക്കുള്ള മറുപടിയായിരുന്നു എയർ ഡെക്കാന്റെ സ്വപ്നസാക്ഷാത്‍ക്കാരത്തിലൂടെ ജി ആർ ഗോപിനാഥ്‌ നൽകിയത്. 


സൂര്യയുടെ നെടുമാരൻ മാത്രമല്ല അപർണ്ണയുടെ ബൊമ്മിയും ഉർവ്വശിയുടെ അമ്മ വേഷവും പരേഷ് റാവലിന്റെ പരേഷ് ഗോസ്വാമിയും അടക്കം എല്ലാവരും നിറഞ്ഞാടിയ സിനിമയായി മാറി 'സൂരറൈ പോട്ര്‌' . 

ആകെ മൊത്തം ടോട്ടൽ = കോവിഡ് ഇല്ലായിരുന്നെങ്കിൽ തിയേറ്ററിൽ ആഘോഷമാകേണ്ടിയിരുന്ന സൂര്യയുടെ ഒരു സിനിമ എന്ന നിലക്ക് ഒരു നഷ്ടബോധം തോന്നുമ്പോഴും ഈ കാലയളവിൽ OTT റിലീസിൽ കണ്ടാസ്വദിച്ച സിനിമകളിൽ ഒന്നാം സ്ഥാനത്ത് നിർത്താവുന്ന സിനിമയായി മാറുന്നു 'സൂരറൈ പോട്ര്‌'

*വിധി മാർക്ക് = 8/10 

-pravin- 

Sunday, November 8, 2020

Jamtara - Sab Ka Number Ayega (Web Series- Season 1- Episodes- 10 )


സൈബർ ക്രൈമുകളുടെ ഈ കാലത്ത് കാണേണ്ട ഒരു വെബ് സീരീസ് ആണ് 'ജംതാര'.

ഒരു ഹാക്കർ വിചാരിച്ചാൽ തകർക്കാവുന്നതേയുള്ളൂ ഏതൊരാളുടെയും സാമ്പത്തിക അടിത്തറകൾ. ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളുമൊക്കെ സാങ്കേതികമായി സുരക്ഷിതമാണെന്ന് ബാങ്കുകാർ പറയുമെങ്കിലും സൈബർ ക്രിമിനലുകളെ സംബന്ധിച്ച് അതൊന്നും ഒരു പ്രശ്നമേ അല്ല. ഫിഷിംഗ് വഴി അവർക്ക് എന്തും കവർന്നെടുക്കാൻ സാധിക്കും എന്നതാണ് സത്യം.

വിദാഭ്യാസമില്ലാത്തവരെ മാത്രമേ ഇക്കൂട്ടർ ഉന്നം വെക്കൂ എന്നൊന്നുമില്ല. പണം തട്ടാൻ ഉഡായിപ്പുമായ് വിളിക്കുന്നവന് സ്വന്തം കാർഡ് നമ്പറും സീക്രട്ട് കോഡുമൊക്കെ പറഞ്ഞു കൊടുക്കുന്നവരുടെ കൂട്ടത്തിൽ പോലീസും ജഡ്ജിയുമടക്കം പല പ്രമുഖരുമുണ്ട്. 

ജാർഖണ്ഡിലെ ജാംതാര ജില്ല സൈബർ ക്രൈമിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാമതാണ്. Phishing Capital of India എന്ന വിളിപ്പേര് ജാംതാരക്ക് നേടിക്കൊടുത്തതിന് പിന്നിൽ പറഞ്ഞാൽ തീരാത്ത സൈബർ ക്രൈമുകളുടെ കഥയുണ്ട്. അതിലെ ഏതാനും കഥകളും കഥാപാത്രങ്ങളും മാത്രമാണ് 'Jamtara' വെബ് സീരീസിലുള്ളത്.


യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ കഥ തന്നെയെങ്കിലും ഒരു ഘട്ടത്തിൽ പ്രധാന തീമായ ഫിഷിംഗ് നെ മറി കടന്നു കൊണ്ട് ഫിഷിങ് ഗ്യാങ്ങിന്റെയും, അവരുടെ വ്യക്തി ജീവിതത്തിലേക്കുമൊക്കെയായി കഥയുടെ ഫോക്കസ് മാറി മറയുന്നുണ്ട്.

ഫിഷിംഗ് നടത്തുന്നതും പണം സമാഹാരിക്കുന്നതും എങ്ങനെയൊക്കെയാണ് എന്നതിന്റെ വിശദ വിവരങ്ങളിലേക്ക് പോകാതെ ഫിഷിങ് നടത്തുന്നവർക്കിടയിൽ സംഭവിക്കുന്ന തർക്കങ്ങളെയും കലഹങ്ങളെയുമൊക്കെ മുൻ നിർത്തി കൊണ്ടാണ് കഥയെ പ്രധാനമായും മുന്നോട്ട് കൊണ്ട് പോകുന്നത്. അതിനാൽ ഒരു ക്രൈം ത്രില്ലർ മാത്രം പ്രതീക്ഷിക്കുന്നവർക്ക് Jamtara ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല.

ആകെ മൊത്തം ടോട്ടൽ = പ്രമേയവും അവതരണവും മാത്രമല്ല മുൻപ് എവിടെയും കണ്ടു പരിചയമില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ മിന്നും പ്രകടനങ്ങളുടെ കൂടി ആകെത്തുകയാണ് ജാംതാരയുടെ ആസ്വാദനം. അപൂർണ്ണമായ്‌ പലതും പറഞ്ഞവസാനിപ്പിക്കുന്നതിനാൽ ജംതാരക്ക് ഒരു സീസൺ 2 ഉണ്ടാകുമെന്ന് കരുതാം !! 

*വിധി മാർക്ക് = 7.5/10 
-pravin- 

Monday, November 2, 2020

കണ്ണീരോർമ്മകളിലും ചിരിക്കുന്ന റൂണ !!


നാൽപ്പതു മിനുട്ട് മാത്രം ദൈർഘ്യമുള്ള ഒരു ഇമോഷണൽ ഡോക്യുമെന്ററിയാണ് 'Rooting For Roona'. റൂണയെ കുറിച്ച് മുൻപ് ഒരു ലേഖനം വായിച്ചിരുന്നെങ്കിലും അവളെ ഇങ്ങനൊരു ഡോക്യൂമെന്ററിയിലൂടെ കണ്ടറിഞ്ഞപ്പോൾ ഹൃദയം വിങ്ങിപ്പൊട്ടി കൊണ്ടേയിരുന്നു. നാൽപ്പത് മിനുട്ടു നീണ്ട കാഴ്ചയിൽ എത്ര തവണ കരഞ്ഞു എന്നറിയില്ല. പക്ഷേ ഓരോ കാഴ്ചയിലും അവൾ മനസ്സിലേക്ക് കൂടുതൽ അടുത്തു വന്നു. വേദനകൾ സഹിക്കുന്നതിനിടയിലും ഒരു ചിരിയിലൂടെ കാണുന്ന ഓരോരുത്തരുടെയും മകളായി മാറാൻ അവൾക്ക് സാധിച്ചിരുന്നു.

തലച്ചോറിൽ വെള്ളം നിറയുന്ന അസുഖവുമായി ജനിച്ചു വീണ റൂണയുടെ ഒരു ഫോട്ടോ 2013 ൽ വൈറലാകുകയുണ്ടായി.
അന്നവൾക്ക് 17 മാസം മാത്രം പ്രായം. 94 സെന്റിമീറ്റർ വലിപ്പമുള്ള വലിയ തലയും കുഞ്ഞുടലുമായി കിടക്കുന്ന റൂണയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റി.

ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും അവൾക്ക് വേണ്ട സഹായങ്ങൾ പറന്നെത്തി. വിദഗ്‌ദ്ധ ചികിത്സയിലൂടെ അവളുടെ അസുഖം മാറ്റിയെടുക്കാനാകുമെന്ന് ഡോക്ടർമാർ പ്രത്യാശ നൽകി.

ത്രിപുരയിലെ അഗർത്തലക്കടുത്തുള്ള ജിരാനിയ ഖോള എന്ന കൊച്ചു ഗ്രാമത്തിനപ്പുറം വലിയ ഒരു ലോകമുണ്ടെന്ന് അവളുടെ അച്ഛനമ്മമാർക്ക് ബോധ്യപ്പെട്ടു. അബ്ദുളും ഫാത്തിമയും മകൾ റൂണക്ക് വേണ്ടി ലോകത്തിന്റെ ഏതറ്റം വരെയും പോകാൻ തയ്യാറായി. റൂണയോട് അവർക്കുണ്ടായിരുന്ന നിരുപാധികമായ സ്നേഹവും കരുതലും റൂണയെ വേദനകൾക്കിടയിലും കൂടുതൽ ശക്തയാക്കി കൊണ്ടേയിരുന്നു.

ഡൽഹിയിലെ ചികിത്സാ കാലത്ത് അഞ്ചു മാസങ്ങൾക്കിടെ നിരവധി സർജറികൾക്ക് അവൾ വിധേയമായി. 94 സെന്റിമീറ്ററിൽ നിന്നും 58 സെന്റിമീറ്ററിലേക്ക് അവളുടെ തല ചുരുങ്ങി വന്നപ്പോൾ അത് പ്രതീക്ഷയുടെ പുതിയ ആകാശമായി മാറി. ഡൽഹി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി ത്രിപുരയിലെ ഗ്രാമത്തിലേക്ക് മടങ്ങി വരുമ്പോൾ ഒരു ഗ്രാമം മുഴുവൻ അവളെ നിറഞ്ഞ പുഞ്ചിരികളോടെ സ്വീകരിച്ചു.

റൂണയുമായി ബന്ധപ്പെട്ട വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ ഒരു കാലത്തിന് ശേഷം കാര്യമായി പരിഗണിച്ചില്ലെങ്കിലും അവളുടെ ദൈനം ദിന ജീവിതം ഡോക്യൂമെന്ററിയിലേക്ക് വേണ്ടി നിരന്തരം പകർത്തപ്പെട്ടു. ഡോക്യൂമെന്ററി സംവിധായിക പവിത്ര ചലത്തിനും കൂട്ടർക്കും അക്കാലയളവിൽ റൂണയോടും കുടുംബത്തോടും വല്ലാത്തൊരു ആത്മബന്ധം രൂപപ്പെട്ടു.

2014 കാലത്ത് റൂണ കൂടുതൽ സന്തോഷവതിയായി കാണപ്പെട്ടു. റൂണ ഒരിക്കൽ പോലും സംസാരിച്ചില്ലെങ്കിലും അവൾ വളരെ ഭംഗിയായി ചിരിച്ചു കൊണ്ട് എല്ലാവരോടും ആശയ വിനിമയത്തിലേർപ്പെടുമായിരുന്നു. റൂണയും ഫാത്തിമയുമായുള്ള ഗാഢമേറിയ സ്നേഹ നിമിഷങ്ങളെല്ലാം തന്നെ ഡോക്യൂമെന്ററിയിലെ ഏറ്റവും മികച്ച സീനുകൾ കൂടിയായി മാറി.

2016 ൽ റൂണക്ക് തുണയായി ഒരു കുഞ്ഞനുജൻ കൂടി വന്നു. റൂണയുടെ അവസാന ഘട്ട സർജറി നടത്തുന്നതുമായി ബന്ധപ്പെട്ട് ഫാത്തിമക്കും അബ്ദുളിനും ഉണ്ടായിരുന്ന ഭയങ്ങൾ പലതായിരുന്നു. ഓപ്പറേഷൻ ചെയ്‌താൽ ഇപ്പോഴുള്ള റൂണയെ നഷ്ടപ്പെടുമോ എന്ന് അവർ അതിയായി ആശങ്കപ്പെട്ടു.

നിരന്തരമായ നിർബന്ധങ്ങൾക്ക് ശേഷം 2017 ൽ റൂണയെ ആശുപത്രിയിലേക്ക് എത്തിക്കുകയുണ്ടായി. പക്ഷെ അവൾക്ക് ചിക്കൻപോക്സ് പിടിപെട്ടിരുന്ന കാരണം കൊണ്ട് ഓപ്പറേഷൻ നടത്താനായില്ല.

ചിക്കൻ പോക്സ് മാറിയ ശേഷം റൂണയെ ചികിത്സിക്കാമെന്നും അവൾ പൂർണ്ണമായും ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നുമൊക്കെയുള്ള ഡോക്ടർമാരുടെ മറുപടികളിൽ ഫാത്തിമ ഏറെ സന്തോഷിച്ചു. പക്ഷേ ആ സന്തോഷത്തിനൊന്നും തുടർ അവസരങ്ങൾ നൽകാതെ ഒരു മാസത്തിനുള്ളിൽ അവൾ എല്ലാ കഷ്ടതകളിൽ നിന്നും എന്നന്നേക്കുമായി വിട വാങ്ങി.

ഒരു സിനിമയിലായിരുന്നെങ്കിൽ ക്ലൈമാക്സ് മാറ്റിയെഴുതപ്പെടുമായിരുന്നു. പക്ഷേ ഇവിടെ അബ്ദുളും ഫാത്തിമയും പവിത്രയുമടക്കം റൂണയെ സ്നേഹിച്ച എല്ലാം മനുഷ്യരും ഏറ്റവും നിസ്സഹായരായി നിന്ന് പോവുകയാണുണ്ടായത്. 

റൂണയുടെ വേർപാടിന് ശേഷമുള്ള അബ്ദുളിന്റെയും ഫാത്തിമയുടെയും ജീവിതം ഇപ്പോഴും പതറാതെ മുന്നോട്ട് തന്നെ പോകുകയാണ്. റൂണയുടെ കുഞ്ഞനുജൻ അക്തറിന്റെ മുഖത്തെ ചിരിയിൽ റൂണയുടെ അതേ ചിരി കാണാം.


ഇന്നും തന്റെ സ്വപ്നങ്ങളിൽ സ്ഥിരമായി വന്നു പോയി കൊണ്ടിരിക്കുന്ന റൂണയെ കുറിച്ച് ഫാത്തിമ വാചാലയാകുന്നത് കാണുമ്പോൾ സന്തോഷിക്കണമോ കരായണമോ എന്നറിയാതെ മനസ്സ് വിങ്ങുന്നത് നമുക്ക് മാത്രമാണ്. 

റൂണ നമുക്കെല്ലാം ഒരു ഓർമ്മപ്പെടുത്തലാണ്..പല അർത്ഥങ്ങളിൽ !!

'Rooting For Roona' എന്ന ഡോക്യൂമെന്ററി കാണാതെ നിങ്ങൾക്ക് സ്കിപ് ചെയ്തു പോകാം. പക്ഷേ റൂണയെ അറിയാതെ പോകരുത് ഒരാളും. 

-pravin-