Monday, August 30, 2021

ഇടിയുടെ പൊടിപൂരം !!


തൂഫാനിൽ നിന്ന് കിട്ടാതെ പോയതും അതിന്റെ പത്തിരട്ടി ആസ്വാദനവും 'സർപ്പാട്ട പരമ്പരെ' തന്നു. ഗംഭീര പടം എന്നല്ലാതെ ഒന്നും പറയാനില്ല.

1970-80 കളിലെ മദ്രാസിനെ അണിയിച്ചൊരുക്കിയ കലാമികവും സിനിമയിലെ ഓരോ കഥാപാത്ര നിർമ്മിതിയും അതിനൊത്ത കാസ്റ്റിങ്ങും അവരുടെ പ്രകടനങ്ങളുമെല്ലാം കൂടെ സിനിമയെ കൊണ്ടെത്തിച്ച ഉയരം ചെറുതല്ല.
മുരളി. ജിയുടെ ഛായാഗ്രഹണവും സന്തോഷ് നാരായണന്റെ സംഗീതവും 'സർപ്പട്ട പാരമ്പരെ'യുടെ മാറ്റ് കൂട്ടി.

ആര്യയുടെ 'അറിന്തും അറിയാമലും', 'നാൻ കടവുൾ', 'മദ്രാസിപ്പട്ടണം' പോലുള്ള കരിയർ ബെസ്റ്റ് സിനിമകളിലെ കഥാപാത്ര പ്രകടനങ്ങൾക്കെല്ലാം മുകളിൽ പോയി നിൽക്കുന്നുണ്ട് 'സർപ്പട്ട പരമ്പര'യിലെ കബിലൻ.

ഇത് ഒരൊറ്റ നായക സങ്കൽപ്പത്തിൽ പടച്ചുണ്ടാക്കിയ വെറുമൊരു ഇടി സിനിമയല്ല. അഭിനയിച്ചവരെല്ലാം പ്രകടനം കൊണ്ട് ഈ സിനിമയിലെ നായികാ നായകന്മാരായി മാറുന്ന വിധമാണ് അവതരണം. അത് കൊണ്ട് തന്നെ നെഗറ്റിവ് പരിവേഷമുള്ള കഥാപാത്രങ്ങൾക്ക് പോലും 'സർപ്പട്ട പരമ്പരെ'യിൽ തലയെടുപ്പുണ്ട്.

വെമ്പുലിയും, രാമനും, ഡാൻസിംഗ് റോസും, വാദ്ധ്യാരും, ഡാഡിയും, മീരാനും, വെട്രിയും, കബിലന്റെ അമ്മയും ഭാര്യ മാരിയമ്മയുമടക്കം സിനിമയിലെ മിക്ക കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും.

ഒരു കാലഘട്ടത്തിൽ മദ്രാസിൽ നിലനിന്നിരുന്ന ബോക്സിങ് മത്സരങ്ങളെ പ്രമേയവത്ക്കരിക്കുക മാത്രമല്ല അക്കാലത്തെ രാഷ്ട്രീയവും സാമൂഹിക വ്യവസ്ഥിതികളുമൊക്കെ കോർത്തിണക്കി കൊണ്ട് കഥ പറയാനും പാ. രഞ്ജിത്തിന് സാധിച്ചു.

ബുദ്ധനും, അംബേദ്ക്കറും, പെരിയാർ ഇ.വി രാമസ്വാമി നായ്കരുമൊക്കെ സിനിമയിലെ രംഗ പശ്ചാത്തലങ്ങളിൽ പ്രതീകാത്മകമായി വന്നു പോകുന്നത് കാണാം. 'ഇത് നമ്മ കാലം' എന്ന ശക്തമായ മുദ്രാവാക്യത്തെ സിനിമയിലൂടെ മുന്നോട്ട് വെക്കുന്നുണ്ട് പാ. രഞ്ജിത്ത്. അതും സിനിമക്കൊപ്പം കാണേണ്ട കാഴ്ചയാണ്.

ആകെ മൊത്തം ടോട്ടൽ = ഒന്നും പറയാനില്ല. കിടിലൻ സിനിമ !!

*വിധി മാർക്ക് = 8.5/10 

-pravin-

Sunday, August 29, 2021

പേരിലൊതുങ്ങിയ തൂഫാൻ !!


രാകേഷ് ഓംപ്രകാശ് മെഹ്‌റ - ഫർഹാൻ അക്തർ ടീമിന്റെ 'ഭാഗ് മിൽഖ ഭാഗ്' ഗംഭീര പടമായിരുന്നു. അതേ കോമ്പോയിൽ വീണ്ടും ഒരു സ്പോർട്സ് മൂവി എന്ന നിലക്കാണ് 'തൂഫാൻ' പ്രതീക്ഷക്ക് വക നൽകിയതും. മികച്ച സംവിധായകനും മികച്ച നടനും കൂടി ചേർന്നാലും തിരക്കഥ പാളിയാൽ സകലതും വെറുതെയാകും എന്ന് വീണ്ടും അടിവരയിട്ടു പറയേണ്ടി വരുന്നു 'തൂഫാന്റെ' കാര്യത്തിൽ.

ഒരു സ്പോർട്സ് മൂവിയുടെ സ്ഥിരം കെട്ടുമാറാപ്പുകളൊക്കെ തൂഫാനിലും ഉണ്ട്. തെരുവ് ഗുണ്ട അജ്ജു ഭായിയിൽ നിന്ന് ബോക്‌സർ അസീസ് അലിയിലേക്കുള്ള ഫർഹാന്റെ ട്രാൻസ്ഫോർമേഷൻ സീനുകളെല്ലാം നന്നായിരുന്നു.

കെട്ടവനിൽ നിന്ന് നല്ലവനിലേക്ക് മാറാൻ പ്രേരിപ്പിക്കുന്ന നായികയും അനുബന്ധ പ്രണയവും പ്രതിബന്ധങ്ങളുമൊക്കെ സീൻ ബൈ സീനായി ഊഹിച്ചെടുക്കാനുള്ള എല്ലാ അവസരം തൂഫാൻ തരുന്നുണ്ട്.

ബോംബ് സ്‌ഫോടനത്തിൽ ഭാര്യ കൊല്ലപ്പെട്ടത് കൊണ്ട് മുസ്ലീങ്ങളെ ഒന്നടങ്കം വെറുക്കുന്ന നാനാ സാബിന്റെ മകളുമായുള്ള അസീസ് അലിയുടെ പ്രണയത്തെ ലവ് ജിഹാദ് ചർച്ചയിലേക്ക് എത്തിക്കുന്നുണ്ട് സിനിമ.

പരേഷ് റാവൽ അവതരിപ്പിക്കുന്ന നാനാ പ്രഭു എന്ന കഥാപാത്രത്തിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ തർക്കം കൊണ്ട് ജയിക്കാൻ ശ്രമിക്കുന്ന സുഹൃത്തിന്റെ ഒരു സീനുണ്ട്. പക്ഷേ തന്റെ നിലപാടുകളിൽ മാറ്റം വരുത്താത്ത അതേ കഥാപാത്രത്തിനെ സിനിമ ഇമോഷണൽ സീനുകളിൽ കൂടി പ്രേക്ഷകനുമായി അടുപ്പിക്കുകയാണ് ചെയ്യുന്നത്. എന്തായാലും മുസ്‌ലിം വിരുദ്ധതയെ ആഘോഷിക്കാൻ നിന്നിട്ടില്ല തൂഫാൻ എന്ന് മാത്രം.

ആകെ മൊത്തം ടോട്ടൽ = ഫർഹാൻ അക്തറിന്റെ അധ്വാനങ്ങളും, പരേഷ് റാവലിന്റെ പ്രകടനങ്ങളുമെല്ലാം കഥയും കാമ്പുമില്ലാത്ത ഒരു സിനിമയിൽ മുങ്ങിപ്പോയി എന്നത് ദുഖകരമാണ്.ക്ലിഷേകളിൽ മനം മടുക്കില്ലെങ്കിൽ ചുമ്മാ കണ്ടു നോക്കാവുന്ന ഒരു സിനിമ. അതാണ് 'തൂഫാൻ'. 

*വിധി മാർക്ക് = 5/10 

-pravin-

Tuesday, August 24, 2021

ഒരു ഫീൽ ഗുഡ് 'ഹോം' !!


കഴിഞ്ഞ കുറച്ചു കാലമായി മലയാള സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന ക്രൈം- ഹൊറർ മൂഡിൽ നിന്ന് ഒരു മോചനം തന്ന സിനിമ എന്ന് വിശേഷിപ്പിക്കാം റോജിൻ തോമസിന്റെ 'ഹോമി'നെ. പേരിനോട് നൂറു ശതമാനവും നീതി പുലർത്തിയ ഒരു ഹോംലി സിനിമ.

'വരനെ ആവശ്യമുണ്ട്' സിനിമയിലെ ക്ലൈമാക്സ് സീനിലെ പ്രസംഗത്തിൽ മേജർ ഉണ്ണി കൃഷ്ണൻ പറയുന്നുണ്ട് - മടങ്ങി വരാൻ ഒരു വീടോ നമ്മുടെ വിശേഷങ്ങളൊക്കെ പറയാൻ അവിടെ ഒരാളോ ഇല്ലെങ്കിൽ ജീവിതത്തിലെന്ത് നേടിയിട്ടും വലിയ അർത്ഥമൊന്നുമില്ല എന്ന്. ശരിയാണ് ഒരു വീടിന്റെ പൂർണ്ണത എന്ന് പറഞ്ഞാൽ ആ വീട്ടിനുള്ളിൽ താമസിക്കുന്നവർ തമ്മിലുള്ള പരസ്പ്പര സ്നേഹ ബന്ധങ്ങളാണ്.

ഒരു വീടിനുള്ളിൽ താമസിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ആ വീട്ടിനുള്ളിൽ നമ്മൾ എങ്ങിനെ പരസ്പ്പരം പെരുമാറുന്നു എന്നത്. റോജിന്റെ 'ഹോം' കൈകാര്യം ചെയ്യുന്ന പ്രധാന വിഷയവും അത് തന്നെ.

ടെക്‌നോളജിയുടെ മികവിൽ ലോകത്തെ ഏത് കോണിലുള്ളവരോടും വളരെ എളുപ്പത്തിൽ ആശയങ്ങൾ പങ്കു വക്കാനും സംസാരിക്കാനുമൊക്കെ സാധിക്കുന്നു. എന്നാൽ ഇതേ ടെക്‌നോളജി നമ്മുടെ പലരുടെയും വീട്ടകങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.

മൊബൈലിന്റെയും സോഷ്യൽ മീഡിയയുടെയുമൊക്കെ ഉപയോഗങ്ങൾ ഒരു പരിധിക്കപ്പുറം അനാവശ്യമാണ്. ആ പരിധി ഏതാണെന്ന് നമ്മൾ സ്വയം തീരുമാനിക്കണം. അല്ലെങ്കിൽ നമ്മുടെ ചിന്തകളും പെരുമാറ്റങ്ങളും ജീവിതവുമൊന്നും തന്നെ നമ്മുടെ നിയന്ത്രണത്തിലാകില്ല.

ഒരു ഉപദേശ സിനിമയായിട്ടല്ല 'ഹോമി'നെ ഒരുക്കിയിരിക്കുന്നതെങ്കിലും ഗൗരവമായി ചിന്തിക്കേണ്ട മേൽപ്പറഞ്ഞ പോലുള്ള കാര്യങ്ങളെ സിനിമയിലെ കഥാപാത്രങ്ങളിലൂടെ നമ്മളിലേക്ക് എത്തിക്കുന്നുണ്ട് സംവിധായകൻ.

കാലത്തിനൊത്ത് സഞ്ചരിക്കാത്തത് കൊണ്ടാണ് അപ്പനിങ്ങനെ ആയിപ്പോയതെന്ന് കുറ്റപ്പെടുത്തുന്ന ആന്റണി ഒരിക്കലും ആ അപ്പനെ കാലത്തിനൊപ്പം സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നോ പ്രോത്സാഹിപ്പിക്കുന്നോ ഇല്ല. 'ആൻഡ്രോയ്ഡ് കുഞ്ഞപ്പനി'ലെ ഭാസ്ക്കര പൊതുവാളിനെ പോലെ ടെക്‌നോളജിയെ ഉൾക്കൊള്ളാനോ സ്വീകരിക്കാനോ മടിയുള്ള ആളല്ല ആന്റണിയുടെ അപ്പൻ ഒലിവർ ട്വിസ്റ്റ്.

ഒലിവർ ട്വിസ്റ്റിനുള്ളിൽ ആരുമറിയാതെ പോയ ഒരു വിജ്ഞാന ദാഹിയുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗിക്കാനും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനുമൊക്കെ ഇഷ്ടപ്പെടുമ്പോഴും അതെല്ലാം ഉപയോഗിക്കുന്നതിൽ നിന്നും അയാളെ പിൻവലിക്കുന്നത് കുടുംബത്തിനുള്ളിൽ നിന്ന് തന്നെയുള്ള പരിഹാസങ്ങളാണ്.
ഒലിവർ ട്വിസ്റ്റിനെ അസാധ്യമായി അവതരിപ്പിക്കുകയല്ല, ആ കഥാപാത്രത്തിന്റെ ആഗ്രഹങ്ങളും, സ്നേഹവും, നോവും സന്തോഷവുമെല്ലാം ഒന്നിട വിടാതെ അനുഭവപ്പെടുത്തുകയാണ് ഇന്ദ്രൻസ് ചെയ്തത്. പ്രായഭേദമന്യേ ഏത് വേഷവും ഏത് ജോണറിൽ വേണമെങ്കിലും അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ സാധിക്കുന്ന തരത്തിൽ മെയ്‌വഴക്കം വന്ന നടനായി ഇന്ദ്രൻസ് വീണ്ടും മുന്നേറി കൊണ്ടിരിക്കുന്നു. 

മഞ്ജുപിള്ളക്ക് കരിയറിൽ കിട്ടിയ മികച്ച വേഷമായി കുട്ടിയമ്മ. ശ്രീനാഥ്‌ ഭാസിയും, നസ്ലെനും , കൈനകരി തങ്കരാജുമൊക്കെ 'ഹോമി'ലെ പ്രധാന താരങ്ങളായപ്പോൾ കുറച്ചു സീനുകളിൽ മാത്രം വന്നു പോകുന്ന വിജയ് ബാബുവും, അനൂപ് മേനോനുമൊക്കെ സ്‌ക്രീൻ പ്രസൻസിൽ മിന്നി തിളങ്ങി.

ആകെ മൊത്തം ടോട്ടൽ = വലിയൊരു കഥ പറയാനില്ലാഞ്ഞിട്ടും ഉള്ളൊരു കഥയെ രണ്ടര മണിക്കൂർ സമയം ബോറടിപ്പിക്കാതെ പറഞ്ഞവതരിപ്പിച്ച കൈയ്യടക്കത്തിനെ അഭിനന്ദിക്കേണ്ടതുണ്ട്. സമയ ദൈർഘ്യം ഒരു പ്രശ്നമായി കാണുന്നില്ലെങ്കിൽ മനസ്സ് ഫ്രഷാക്കുന്ന പലതുമുണ്ട് ഈ 'ഹോമി'ൽ.

*വിധി മാർക്ക് = 8/10 

-pravin-

Sunday, August 22, 2021

മനസ്സ് തൊടുന്ന 'മിമി' !


'ദശരഥം', 'ഷേക്സ്പിയർ എം.എ മലയാളം', 'ലക്കി സ്റ്റാർ' തുടങ്ങിയ മലയാള സിനിമകളിൽ പ്രമേയവത്ക്കരിച്ച "വാടക ഗർഭ ധാരണം" തന്നെയാണ് 'മിമി' യുടെയും കഥാഗതി നിശ്ചയിക്കുന്നത്.

'ദശരഥ'ത്തിൽ രാജീവന്റെ കുഞ്ഞിനോട് ആനിക്ക് പിന്നീട് തോന്നുന്ന ഇഷ്ടവും കുഞ്ഞിനെ പിരിയാൻ വയ്യാത്ത സാഹചര്യവും, 'ഷേക്സ്പിയർ എം.എ മലയാള'ത്തിൽ അവിവാഹിതയായ അല്ലിക്ക് വാടക ഗർഭ ധാരണവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ നിന്ന് നേരിട്ട പ്രതിസന്ധികളും, 'ലക്കി സ്റ്റാറി'ൽ രഞ്ജിത്ത്-ജാനകി ദമ്പതിമാർക്ക് വാടക ഗർഭ ധാരണവുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ചതിയും വിശ്വാസവഞ്ചനയുമടക്കം സമാനമായ പല കഥാ മുഹൂർത്തങ്ങളും മിമിയിലും നിരീക്ഷിക്കാമെങ്കിലും ഇപ്പറഞ്ഞ സിനിമകളിൽ നിന്നെല്ലാം വേറിട്ട മറ്റൊരു സിനിമാസ്വാദനം തരാൻ സാധിക്കുന്നിടത്താണ് മിമി മികച്ചു നിൽക്കുന്നത്.

എടുത്തു പറയേണ്ടത് സിനിമയിലെ കഥാപാത്ര പ്രകടനങ്ങൾ തന്നെയാണ്.
മിമിയായുള്ള കൃതി സാനോന്റെ പ്രകടനത്തിന്റെ ഗ്രാഫ് മുകളിലേക്ക് മാത്രമാണ്. പങ്കജ് ത്രിപാഠിയെയൊക്കെ സിനിമയിൽ കെട്ടഴിച്ചങ്ങു വിട്ടിരിക്കുകയാണ്. അമ്മാതിരി ഒരു നടൻ.

അവര് മാത്രമല്ല മനോജ് പാഹ്വാ, സുപ്രിയ പഥക്, സായ് തംഹങ്കർ പോലെയുള്ള സഹ നടീനടന്മാർ കോമഡിയിലും ഇമോഷണൽ സീനുകളിലും ഒരു പോലെ തിളങ്ങി.

'സാറാ' തുടങ്ങി വച്ച അബോർഷൻ ചിന്തകൾക്ക് വിരുദ്ധമായി 'മിമി' സ്വന്തം ചോയ്‌സിൽ മാതൃത്വത്തിന്റെ മഹിമയും അനുഭൂതിയും പറഞ്ഞറിയിക്കുകയാണ് ചെയ്യുന്നത്. സ്വപ്നങ്ങൾക്ക് വേണ്ടി അവൾ വേണ്ടെന്നു വക്കുന്നത് കുഞ്ഞിനെയല്ല, അബോർഷൻ ആണ്. മിമിയുടെ ആ ചോയ്‌സ് വളരെ ഹൃദ്യമായി പറഞ്ഞറിയിക്കുന്നുമുണ്ട് സിനിമ.

ആകെ മൊത്തം ടോട്ടൽ = 2011 ൽ മികച്ച മറാത്തി സിനിമക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ 'Mala Aai Vhhaychy' യുടെ remake എന്ന് പറയുമ്പോഴും ആ സിനിമയെ അതേ പടി പകർത്തി അവതരിപ്പിക്കാതെ അതിലും മികവുറ്റതാക്കി മറ്റൊരു കഥാ പശ്ചാത്തലത്തിൽ 'Mimi' യെ പുനരാവിഷ്‌ക്കരിക്കാൻ ലക്ഷ്മൺ ഉടെക്കറിന് സാധിച്ചിട്ടുണ്ട്. അമ്മയാകാൻ പ്രസവിക്കണമെന്നില്ല, സ്വന്തം കുഞ്ഞിനെ തന്നെ പ്രസവിക്കണമെന്നുമില്ല എന്ന് പറഞ്ഞു വക്കുന്ന ഒരു മനോഹര സിനിമയാണ് 'മിമി'. A must watch.

*വിധി മാർക്ക് = 8/10
-pravin-

Wednesday, August 18, 2021

മരണ ശേഷമല്ല, ജീവിച്ചിരിക്കുമ്പോഴാണ് അനുഗ്രഹീതരാകേണ്ടത് !!


'ആയുഷ്ക്കാലം' സിനിമയിൽ ഭാര്യയുടെ മരണവും കാത്ത് ആശുപത്രിയിൽ അവരെ കാത്തിരിക്കുന്ന ശങ്കരാടിയും, സ്വന്തം വീടിന് കാവൽ നിൽക്കുന്ന ഇന്നസെന്റുമൊക്കെ സ്ഥിരം പ്രേത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തതരായിരുന്നു.

മരിച്ചു പോയ എബിയെ 'ഹൃദയ ബന്ധം' കൊണ്ട് കാണാൻ സാധിക്കുന്ന ബാലകൃഷ്ണൻ' എന്ന വൺ ലൈനിൽ തന്നെ മനോഹരമായ ഒരു ഫാന്റസിയുണ്ട്.

ആരെയെങ്കിലും ഉപദ്രവിക്കാനോ പേടിപ്പിക്കാനോ പോയിട്ട് ആത്മാക്കൾക്ക് ഈ ഭൂമിയിൽ ഒരില പോലും അനക്കാൻ സാധിക്കില്ലെങ്കിൽ, പ്രിയപ്പെട്ടവരെയെല്ലാം നേരിട്ട് കാണുമ്പോഴും ശബ്ദം കൊണ്ടോ സ്പർശം കൊണ്ടോ പോലും തങ്ങളുടെ സാമീപ്യം അറിയിക്കാൻ സാധിക്കാതെ പോകുന്നവരാണ് ഈ പറഞ്ഞ ആത്മാക്കളെങ്കിൽ അവരുടെ നിസ്സഹായത എത്ര വേദനാജനകവും ഭീകരവുമായിരിക്കും. ഈ ചിന്തകളാണ് 'ആയുഷ്ക്കാല'ത്തിന്റെ തിരക്കഥക്ക് പുറകിൽ.

കഥ മറ്റൊന്നെങ്കിലും സമാന ചിന്തകളുടെ വേറിട്ട മറ്റൊരവതരണമാണ് 'അനുഗ്രഹീതൻ ആന്റണി'യിലുമുള്ളത്. ഒരു പ്രണയ കഥയുടെ സൂചനകൾ തന്ന ടീസറിൽ നിന്ന് മാറി അപ്രതീക്ഷിതമായ മരണത്തിന്റെയും നഷ്ടപ്പെട്ട ജീവിതത്തിന്റെയും പൂർത്തീകരിക്കാനാകാതെ പോകുന്ന ആഗ്രഹങ്ങളുടേയുമൊക്കെ വേദനകൾ ആന്റണിയിലൂടെ പറഞ്ഞറിയിക്കുന്നു സിനിമ.

ആത്മാക്കളുടെ ആഗ്രഹങ്ങൾ പൂർത്തികരിക്കാൻ ദൈവം ഭൂമിയിൽ ഒരാളെ നിയോഗിച്ചിട്ടുണ്ടാകും. ആയുഷ്‌ക്കാലത്തിൽ എബിക്ക് വേണ്ടി ബാലകൃഷ്ണന് പലതും ചെയ്യാൻ സാധിച്ചത് പോലെ ആന്റണിക്ക് വേണ്ടി ദൈവം നിയോഗിച്ചത് മറ്റു ചിലരെയായിരുന്നു.

ജീവിച്ചിരിക്കുമ്പോൾ തന്നെ അനുഗ്രഹീതരാകാൻ ശ്രമിച്ചാൽ അതാണ് നല്ലത്. വെറുതേ ആത്മാവായി മാറിയിട്ട് ടെൻഷൻ അടിക്കണ്ടല്ലോ. ആ തലത്തിലും ഒന്ന് ചിന്തിപ്പിക്കുന്നുണ്ട് സിനിമ.

ചെറുതെങ്കിലും സുരാജിന്റെയും ബൈജുവിന്റെയുമൊക്കെ കഥാപാത്രങ്ങൾ സിനിമക്ക് കരുത്തേകി. സിദ്ധീഖിന്റെ ഇത് വരെയുള്ള അച്ഛൻ വേഷങ്ങളിൽ വർഗ്ഗീസ് മാഷ് വേറിട്ട് നിൽക്കുക തന്നെ ചെയ്യും. മകൻ നഷ്ടപ്പെട്ട ഒരച്ഛന്റെ വേദനക്കപ്പുറം പലതുമുണ്ട് ആ കഥാപാത്ര പ്രകടനത്തിൽ. ജാഫർ ഇടുക്കിയൊക്കെ നല്ല റേഞ്ചുള്ള നടനാണ് എന്ന് വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

ഈ പടത്തിൽ ആന്റണി ആത്മാവാണെങ്കിൽ ഈ പടത്തിന്റെ ആത്മാവായി മാറിയത് അരുൺ മുരളീധരന്റെ സംഗീതമാണ്.

ആകെ മൊത്തം ടോട്ടൽ = ഈ സിനിമ ഇഷ്ടപ്പെടാത്ത പലരും ഉണ്ടായിരിക്കാം. പക്ഷേ വ്യക്തിപരമായ ആസ്വാദനത്തിൽ ഒരു കുഞ്ഞു ഫീൽ ഗുഡ് ഫാന്റസി സിനിമയാണ് 'അനുഗ്രഹീതൻ ആന്റണി'.

*വിധി മാർക്ക് = 6.5 /10

-pravin-

Sunday, August 15, 2021

യുക്തി ഭദ്രമല്ലാത്ത ഒരു കൊലപാതക കഥ !!

ഒരു വലിയ പൊട്ടിത്തെറിയോടെയാണ് സിനിമ തുടങ്ങുന്നത്. ഭർത്താവ് കൊല്ലപ്പെട്ട കേസിൽ എല്ലാ സംശയങ്ങളും ഭാര്യായായ റാണിക്ക് നേരെ വന്നു നിൽക്കുകയാണ്. റാണിയിലൂടെ തന്നെ കഥ മുന്നോട്ട് പോകുന്നു.

റാണിയും റിഷുവും തമ്മിലുള്ള വിവാഹവും അതിനു ശേഷം അവരുടെ ജീവിതത്തിൽ നടന്ന സംഭവ വികാസങ്ങളുമൊക്കെ പോലീസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ വിവരിക്കപ്പെടുമ്പോൾ തന്നെ കഥയുടെ ഏകദേശ രൂപം കാണുന്നവർക്ക് കിട്ടും.


വിവാഹ ജീവിതത്തെ കുറിച്ച് വ്യത്യസ്ത സങ്കൽപ്പവിചാരങ്ങളുള്ള നായികാ-നായകന്മാർ വിവാഹ ശേഷം അവരുടെ വൈരുദ്ധ്യങ്ങളെ തിരിച്ചറിയുന്നിടത്തു കഥ മറ്റൊരു ട്രാക്കിലേക് കയറുകയാണ്.

ഒരു ദുരൂഹ കൊലപാതകത്തിന്റെ കഥാപശ്ചാത്തലമുണ്ടെങ്കിലും ഒരു അന്വേഷണ സിനിമയുടെ ത്രില്ലൊന്നും പ്രതീക്ഷിക്കണ്ട.ഊഹിക്കാവുന്ന ഒരു കഥയും ട്വിസ്റ്റുമൊക്കെ ഉള്ളപ്പോഴും തപസ്സി പന്നു - വിക്രാന്ത് മേസ്സി ജോഡിയുടെ ഗംഭീര പ്രകടനങ്ങളും, ലൊക്കേഷന്റെ ഭംഗിയുമൊക്കെ സിനിമക്ക് മുതൽക്കൂട്ടായി.

ആകെ മൊത്തം ടോട്ടൽ = ലോജിക്കൊന്നും നോക്കാതെ, സിനിമയിൽ തന്നെ പറയുന്ന ആ പണ്ഡിറ്റ്ജിയുടെ നോവലിലെ ഒരു കെട്ട് കഥ പോലെ കണ്ടിരിക്കാവുന്ന ഒരു പടം.

*വിധി മാർക്ക് = 6/10

-pravin-

Thursday, August 12, 2021

കെട്ട കാലത്ത് വേണ്ടിയിരുന്നില്ല ഈ 'കുരുതി' !!


പ്രമേയത്തിന്റെ പ്രസക്തി പോലെ തന്നെ പ്രധാനപ്പെട്ടതാണ് പറയാൻ ഉദ്ദേശിക്കുന്ന വിഷയം എങ്ങിനെ പറയുന്നു എന്നത്. രാജീവ് അഞ്ചലിന്റെ 'ഗുരു' ആ തലത്തിലാണ് ഇന്നും മലയാള സിനിമകളുടെ കൂട്ടത്തിൽ വേറിട്ട് നിൽക്കുന്നത്.

രണ്ടു സമുദായങ്ങൾ തമ്മിലുള്ള ചേരി തിരിവും കലാപവുമൊക്കെ നിരവധി സിനിമകളിൽ പ്രമേയവത്ക്കരിക്കപ്പെട്ടതാണെങ്കിലും സിബി മലയിലിന്റെ 'കാണക്കിനാവും, ശശി ശങ്കറിന്റെ 'നാരായവും' പോലുള്ള സിനിമകൾ മാനവികതയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്താതെ കഥ പറഞ്ഞവസാനിപ്പിക്കുന്നതിൽ ഒരു ആശ്വാസം നൽകിയിരുന്നു. അങ്ങിനെ ഒരു ആശ്വാസം 'കുരുതി'യിൽ നിന്ന് കണ്ടു കിട്ടുന്നില്ല എന്നത് കൊണ്ട് തന്നെ കുരുതിയുടെ ആസ്വാദനം അസ്വസ്ഥതയുടേതാണ്.

വെറുപ്പിന്റെ രാഷ്ട്രീയത്തെ പച്ചക്ക് പറഞ്ഞവതരിപ്പിക്കുന്ന അവതരണ ശൈലി ധീരമെന്ന് വാഴ്ത്താമെങ്കിലും ഇത്തരം സിനിമകൾ കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുന്നത് കാണാതിരിക്കാനാകില്ല. മുൻകാല സിനിമകൾ ഊട്ടിയുറപ്പിച്ച പൊതുബോധങ്ങൾക്ക് കോട്ടം തട്ടിക്കാത്ത കഥാപാത്ര സൃഷ്ടികൾ കുരുതിയിലും ആവർത്തിക്കുന്നു.

ജനാധിപത്യ വിശ്വാസികളാണെന്ന് പുറമേക്ക് നടിക്കുകയും ഉള്ളിൽ മത തീവ്രവാദിയായി നടക്കുകയും ചെയ്യുന്ന കരീമിനെയും , പ്രായം കൊണ്ട് ചെറുതെങ്കിലും സമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കൈ തരിക്കുന്ന റസൂലിനെയുമൊക്കെ പോലുള്ളവരെ അറിയാതെ പോകരുത് എന്ന ഉദ്ദേശ്യത്തിൽ പരമാവധി ഡീറ്റൈലിങ്ങിന് ശ്രമിക്കുന്ന സിനിമ സുമയേയും വിഷ്ണുവിനെയും കൊണ്ട് പറയിപ്പിക്കുന്നത് അമ്പലം അശുദ്ധിയാക്കിയതിലെ വേദനയും ന്യൂനപക്ഷ സംവരണം കൊണ്ട് ജീവിതം കുട്ടിച്ചോറായവന്റെ അവസ്ഥയൊക്കെയാണ്.

വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി അന്യമതസ്ഥനായ വൃദ്ധനെ കൊന്നു കളഞ്ഞതിൽ വിഷ്ണുവിന്റെ കഥാപാത്രത്തിന് കുറ്റബോധം ഉണ്ടാകേണ്ടതില്ല. പക്ഷേ ആ കഥാപാത്രത്തിന് സാഹചര്യവശാൽ സഹതാപത്തിന് അർഹതയുണ്ടെന്ന മട്ടിൽ സംവിധായകൻ മെയ്ക്കപ്പ് ചെയ്തതായി അനുഭവപ്പെട്ടു. ഒരു ബാലൻസിംങ്ങിനു വേണ്ടി അവർ ചെയ്തതും തെറ്റാണെന്ന് പ്രസ്താവിക്കുമ്പോഴും ഒരു ഘട്ടത്തിൽ ലായിഖും കരീമുമൊക്കെ വേട്ടക്കാരും വിഷ്ണുവും സുമയുമൊക്കെ ഇരകളുമെന്ന തലത്തിലേക്ക് സീനുകൾ എത്തുന്നുമുണ്ട്.

മനുഷ്യൻ മരിച്ചാലും അവന്റെയുള്ളിലെ വെറുപ്പ് മരിക്കുന്നില്ല അത് ജീവിക്കും എന്ന് പറയുമ്പോൾ ലായിഖിലെ വെറുപ്പ് പൂർവ്വാധികം ശക്തിയോടെ റസൂലിലേക്ക് ഇരച്ചു കയറുന്നുണ്ടെങ്കിലും നാഗവല്ലിയുടെ ബാധയിറങ്ങിയ ഗംഗയെ പോലെ സുമ ശാന്തയായി സമാധാനം സംസാരിക്കുകയാണ്. അപ്പോൾ ഒരു പ്രത്യേക സമുദായക്കാർക്കുള്ളിലെ വെറുപ്പ് ഒരിക്കലും മാറില്ല ബാക്കിയുളളവർക്ക് അത്ര കുഴപ്പമില്ല എന്നല്ലേ പറഞ്ഞു വക്കുന്നത്. അതെങ്ങനെ ഒരു നല്ല നിലപാടാകും ?

മതമാണ് വെറുപ്പിന്റ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് എന്ന് പറഞ്ഞു വക്കുമ്പോഴും മതവിശ്വാസികളിലെ നല്ലവരും കെട്ടവരും എങ്ങിനെയൊക്കെയാകാം അഥവാ ആകണം എന്നതിന്റെ വാർപ്പ് മാതൃകകൾ സിനിമ തന്നെ കാണിച്ചു തരുകയും ചെയ്യുന്നു. ഇത് ഒരു ഇരട്ട നിലപാടായി സിനിമയിൽ മുഴച്ചു നിൽക്കുന്നുണ്ട്.

ഇവിടെയൊക്കെയാണ് 'കുരുതി' ഒരു കുത്തിത്തിരിപ്പ് ആയി മാറുന്നത്.

തുടക്കത്തിലേ തന്നെ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമാണെന്നും ഏതെങ്കിലും ജാതി മത വിഭാഗത്തെയോ അവരുടെ വിശ്വാസപ്രമാണങ്ങളെയോ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്ന മുൻ‌കൂർ ജാമ്യം ഉള്ളത് കൊണ്ട് ആർക്കും പരാതി ഉണ്ടാകാനിടയില്ല. തേനീച്ചക്കൂടും, പാലവും, ഇരട്ടക്കുഴലുള്ള തോക്കുമൊക്കെ പ്രതീകാത്മകമായി കാണാൻ സാധിച്ചാൽ അത് ആസ്വാദനത്തിലെ ബോണസ്സാണ്.

പ്രകടനങ്ങളിലേക്ക് വന്നാൽ അടിമുടി നാടക സെറ്റപ്പിലാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തെ ഒരുക്കിയെടുത്തിരിക്കുന്നത്. മോശം ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ നിവിൻ പോളിയെ വെട്ടിച്ചേ അടങ്ങൂ എന്ന മട്ടിലാണ് ടിയാന്റെ കഥാപാത്ര സംഭാഷണങ്ങൾ. അതേ സമയം ഒറ്റ ഡയലോഗ് പോലും പറയാതെ വീട്ടിലേക്കു കയറി വന്നു കസേരയിലിരിക്കുന്ന നവാസ് വള്ളിക്കുന്നിന്റെ മാനറിസങ്ങൾ ഗംഭീരമായി.


റോഷനും, മുരളി ഗോപിയും, ഷൈനും, നെൽസണും, സാഗർ സൂര്യയുമൊക്കെ മികച്ചു നിന്നപ്പോൾ ഞെട്ടിച്ചു കളഞ്ഞ പ്രകടനം മാമുക്കോയയുടേതായി. മൂസാ ഖാദറിന്റെ ട്രാൻസ്ഫോർമേഷൻ സീനുകളിലും ക്ലൈമാക്സ് സീനിലുമൊക്കെയുള്ള പ്രകടന മികവ് കൊണ്ട് 'കുരുതി'യിലെ നായകസ്ഥാനം മാമുക്കോയ നേടിയെടുത്തു എന്ന് പറയാം.

മുരളിഗോപിയുടെ സ്ക്രിപ്റ്റിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത 'ടിയാൻ' പ്രത്യക്ഷത്തിൽ ആൾ ദൈവ വിരുദ്ധ സിനിമയായി തോന്നുമ്പോഴും ആ സിനിമ ജാതീയമായി ഒരുപാട് മാലിന്യങ്ങൾ പേറിയിരുന്നു. ഏറെക്കുറെ ആ അവസ്ഥ തന്നെയാണ് 'കുരുതി'യിലുമുള്ളത്. ഒറ്റനോട്ടത്തിൽ മതാന്ധതക്ക് നേരെയുള്ള ധീരമായ നിലപാട് പറച്ചിൽ എന്നൊക്കെ പറയാമെങ്കിലും സംഗതി 'പരസ്യമായ' ഒളിച്ചു കടത്തലുകൾ തന്നെ. 

ആകെ മൊത്തം ടോട്ടൽ = പ്രമേയം പ്രസക്തമെങ്കിലും അവതരണത്തിലെ നാടകീയതകളും നിലപാടുകളിലെ പൊള്ളത്തരങ്ങളും കൊണ്ട് തൃപ്തിപ്പെടാതെ പോയ ഒരു സിനിമ. മാമുക്കോയയുടെ മൂസാ ഖാദറായിട്ടുള്ള പ്രകടനം തന്നെയാണ് കുരുതിയിലെ ഏറ്റവും മികച്ച കാര്യം. 

*വിധി മാർക്ക് = 5/10 

-pravin-

Saturday, August 7, 2021

മികവുറ്റ സിനിമാവിഷ്ക്കാരവും വ്യാജ നിർമ്മിതികളും !!


വാഴയിലയിൽ ബിരിയാണി നക്കി തിന്നുന്ന നായ്ക്കളിൽ നിന്ന് തുടങ്ങി ബിരിയാണി ചെമ്പുമായി സുലൈമാൻ മാലിക്കിന്റെ വീട്ടിലേക്ക് കേറി പോകുന്നവരുടെ പിന്നാലെ ഒരു പോക്കാണ് കാമറ. ഏതാണ്ട് പന്ത്രണ്ടു മിനുട്ടോളം ഒരൊറ്റ ഷോട്ടിലെന്ന പോലെ 'മാലിക്കി'ലെ കഥാപാരിസരവും കഥാപാത്രങ്ങളും കഥാസാഹചര്യവുമൊക്കെ സമർത്ഥമായി വരച്ചിടുന്നുണ്ട് മഹേഷ് നാരായണൻ.

ഒരു ഗ്യാങ്സ്റ്റർ സിനിമയുടെ ചുറ്റുവട്ടമൊക്കെ അനുഭവപ്പെടുമ്പോഴും മാസ്സ് പരിവേഷമില്ലാതെ ഒരു അവശ ശാരീരികാവസ്ഥയിലാണ് ഫഹദിന്റെ സുലൈമാൻ അലിയെ നമുക്ക് കാണാൻ കിട്ടുന്നത്. ഇത്തരം സിനിമാ കാഴ്ചകളിൽ പൊതുവേ നായകന്റെ മാസ്സ് എൻട്രിക്കൊപ്പമോ നായകന്റെ സ്‌ക്രീൻ പ്രസൻസിലോ സിനിമയുടെ ടൈറ്റിൽ തെളിയുമ്പോൾ ഇവിടെ സുലൈമാൻ അലിയുടെ എക്സിറ്റ് സീനിലാണ് 'മാലിക്ക്' എന്ന ടൈറ്റിൽ ഇരുളിൽ ചുവന്ന അക്ഷരത്തിൽ തെളിയുന്നത്.
'കമ്മട്ടിപ്പാടം', 'നായകൻ', 'ഗ്യാങ്സ് ഓഫ് വാസേപൂർ', 'സുബ്രഹ്മണ്യപുരം', 'വട ചെന്നൈ' തുടങ്ങി പല ഭാഷാ സിനിമകളിലായി നമ്മൾ കണ്ടിട്ടുള്ള പ്രാദേശിക ഗുണ്ടാ സംഘങ്ങളും അവർക്കിടയിലെ സൗഹൃദവും, രാഷ്ട്രീയവും, കുടി പകയും, ചതിയും, അധികാര തർക്കങ്ങളുമൊക്കെ 'മാലിക്കി'ലും കണ്ടു കിട്ടുന്നുണ്ട്. പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമായി മാലിക്കിനെ അടയാളപ്പെടുത്തുന്നത് ആ റമദാ പള്ളിയും പരിസരവുമാണ്.
കഥക്കപ്പുറം കേരള ചരിത്രത്തിൽ ഭരണകൂടവും പോലീസും ചേർന്ന് നടത്തിയ ഒരു നരനായാട്ടിന്റെ ഓർമ്മപ്പെടുത്തലു കൂടിയാണ് 'മാലിക്ക്'. ഒരു കൽപ്പിത കഥയെന്ന മുൻ‌കൂർ ജാമ്യം സിനിമക്ക് മുന്നേ എഴുതി ചേർക്കുന്നുണ്ടെങ്കിലും 2009 ൽ വി.എസ് സർക്കാരിന്റെ കാലത്ത് ബീമാ പള്ളിയിൽ നടന്ന വെടിവെപ്പ് തന്നെയാണ് 'മാലിക്കിന്റെ' ഉള്ളടക്കം എന്ന് മനസ്സിലാക്കണം.

അറുപതുകളിൽ തുടങ്ങി എൺപതുകളും രണ്ടായിരത്തിലുമൊക്കെയായി രണ്ടു മൂന്നു കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സിനിമയുടെ കഥാപരിസരങ്ങളൊക്കെ ഗംഭീരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. സുനാമി കാലത്തെ ദുരന്ത ദുരിത കാഴ്ചകളെ പുനഃസൃഷ്ടിച്ചതും ബീമാ പള്ളിയിലെ വെടിവെപ്പ് സീനുമൊക്കെ എടുത്തു പറയാവുന്ന മികവുകളിൽ ചിലത് മാത്രം.
സുഷിൻ ശ്യാമിന്റെ സംഗീതവും സനു വർഗ്ഗീസിന്റെ ഛായാഗ്രഹണവും കൂടി മാലിക്കിന് നൽകുന്ന സൗന്ദര്യം ചെറുതല്ല.
സാങ്കേതിക മികവുകൾക്കും കഥാപാത്ര പ്രകടനങ്ങൾക്കുമൊക്കെ ശേഷം മാലിക് എന്ന സിനിമാവിഷ്ക്കാരത്തെ വിലയിരുത്തിയാൽ സിനിമയിലെ പല ഒളിച്ചു കടത്തലുകളും ബാലൻസിങ്ങുമൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതായി വരും.
കഴിഞ്ഞ പ്രളയ കാലത്ത് കയറിക്കിടക്കാൻ സ്ഥലമില്ലാതെ വന്നവർക്ക് ജാതിമതഭേദമന്യേ പള്ളിയുടെ ഹാൾ തുറന്നു കൊടുത്ത, അന്യ മതസ്ഥർക്ക് അവരുടെ രീതിയിൽ പ്രാർത്ഥിക്കാൻ പള്ളിക്കുള്ളിൽ തന്നെ അവസരം കൊടുത്ത, എന്തിന് പ്രളയത്തിൽ മരിച്ചവരെ പോസ്റ്റ്മാർട്ടം ചെയ്യാൻ സ്ഥലമില്ല എന്ന് പറഞ്ഞപ്പോൾ അതിനും പള്ളിയിലെ നിസ്‌കാര സ്ഥലം തുറന്നു കൊടുത്ത പള്ളിക്കമ്മിറ്റിക്കാരുള്ള അതേ കേരളത്തിൽ റിലീസായ സിനിമയിലെ സീനിലാകട്ടെ സുനാമി ദുരന്തത്തിൽ പെട്ട അന്യ മതസ്ഥർക്ക് പള്ളിയുടെ പുറത്തെ ഗെയ്റ്റ് പോലും തുറന്നു കൊടുക്കാൻ തയ്യാറാകാത്ത നികൃഷ്ടരായ ഒരു കൂട്ടം പേരാണ് പള്ളിക്കമ്മിറ്റിക്കാർ.
പള്ളിപ്പറമ്പിൽ പണിയുന്ന സ്ക്കൂളിൽ മുസ്ലിം കുട്ടികൾ മാത്രം പഠിച്ചാൽ മതി എന്ന് ആഗ്രഹിക്കുന്ന, ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം മനസ്സിൽ കൊണ്ട് നടക്കുന്ന, ഗൾഫ് രാജ്യങ്ങളിൽ നിന്ന് വളരെ എളുപ്പത്തിൽ ബോട്ട് വഴി ആയുധം കടത്താനും അതെല്ലാം പള്ളിക്കുള്ളിൽ സൂക്ഷിക്കാനും വേണ്ടി വന്നാൽ അതൊക്കെ പ്രയോഗിക്കാനും സാധിക്കുന്നവരാണ് തീരദേശത്തെ മുസ്ലീങ്ങൾ എന്ന വ്യാജ പൊതുബോധ നിർമ്മിതിക്ക് വേണ്ടി 'മാലിക്കിനെ' മഹേഷ് നാരായണൻ മറയാക്കി എന്ന് സംശയിച്ചാലും തെറ്റില്ല.


റമദാ പള്ളിക്കാരുടെ അലിക്കയായി ഫഹദിനെ നായകനാക്കി ബീമാ പള്ളി വെടിവെപ്പിന്റെ ചരിത്രത്തെ കൽപ്പിത കഥയാക്കി മാറ്റിയപ്പോൾ
അതിലേക്ക് കൂട്ടി ചേർക്കപ്പെട്ട കാര്യങ്ങളിലെല്ലാം മുസ്‌ലിം വിരുദ്ധതയുടെ കൃത്യമായ ഒളിച്ചു കടത്തലുകൾ നടന്നിട്ടുണ്ട്. അതേ സമയം ഭരണകൂട ഭീകരതക്കെതിരെ ഒരു ചെറു വിരൽ അനങ്ങുന്ന നിലപാട് പോലും സിനിമക്കില്ലാതെ പോകുന്നു.
ദിലീഷ് പോത്തന്റെ അബൂബക്കറിന്റെ പാർട്ടിയുടെ പേര് 'ഇസ്‌ലാം യൂണിയൻ ലീഗ്' ആണെന്ന് വരെ കൃത്യമായി കാണിക്കുന്ന സിനിമയിൽ അന്നത്തെ വെടിവെപ്പ് കാലത്തെ ഭരണകൂടത്തിന്റെ ഏതെങ്കിലും തരത്തിലുള്ള സൂചനകൾ പോലും ഉൾക്കൊള്ളിക്കാതെ പോയത് എന്തിനായിരിക്കാം ?
ആകെ മൊത്തം ടോട്ടൽ = തീർച്ചയായും മാലിക് സാങ്കേതികമായും കഥാപാത്ര പ്രകടനങ്ങൾ കൊണ്ടുമൊക്കെ മികവുറ്റ സിനിമാവിഷ്‌ക്കാരമാണ്. പക്ഷെ സിനിമ പറഞ്ഞു പോയതും പറഞ്ഞെത്തുന്നതുമായ ഒളിച്ചു കടത്തൽ രാഷ്ട്രീയത്തോട് യോജിപ്പില്ല.

*വിധി മാർക്ക് = 7/10

-pravin-