Tuesday, May 5, 2015

എന്നും എപ്പോഴും ഇങ്ങിനെ തന്നെ പോയാ മത്യോ സത്യേട്ടാ ?

സത്യൻ അന്തിക്കാട് സിനിമകളിൽ നിന്ന് ആളുകൾക്ക് പലതും പ്രതീക്ഷിക്കാം. നല്ല  തമാശകൾ , കുടുംബ കഥ, പാട്ടുകൾ,  നന്മ നിറഞ്ഞ  കഥാപാത്രങ്ങൾ, ഹാസ്യാത്മക സാമൂഹിക വിമർശനം, ഗ്രാമാന്തരീക്ഷം   അങ്ങിനെ പലതും പ്രതീക്ഷിക്കാം. തെറ്റ് പറയാനാകില്ല. കാരണം നമുക്കിടയിലെ സാധാരണക്കാരെയും അവരുടെ ചുറ്റുപാടുകളെയും ചുറ്റിപ്പറ്റിയുള്ള കഥകളാണ് കാലങ്ങളായി തന്റെ സിനിമയിലൂടെ സത്യൻ അന്തിക്കാട് അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. പക്ഷേ ഏതൊരു സംവിധായകനും ഒരു ഘട്ടം കഴിഞ്ഞാൽ ഒരേ പോലെയുള്ള കഥകളും കഥാപാത്രങ്ങളും കഥാ പശ്ചാത്തലവുമെല്ലാം   ഒഴിവാക്കി കൊണ്ട് അല്ലറ ചില്ലറ പരീക്ഷണങ്ങൾക്കൊക്കെ  മുതിരും. പുള്ളിക്ക് പക്ഷേ ഇപ്പോഴും അതിനത്ര വലിയ  താൽപ്പര്യമില്ല. ഇടക്കാലത്ത് തന്റെ സിനിമകളിലെ സ്ഥിരം നടീ നടന്മാരെയും ആ പഴയ ഗ്രാമാന്തരീക്ഷവുമൊക്കെ വിട്ടു കൊണ്ട് പുതുതലമുറയിലെ നല്ല നടന്മാരെ വച്ച് രണ്ടു സിനിമകൾ ചെയ്തു നോക്കി എന്നതൊഴിച്ചാൽ  തന്റെ സിനിമയിൽ കാര്യപ്പെട്ട മാറ്റങ്ങൾ വരുത്താൻ പുള്ളി ശ്രമിച്ചില്ല എന്ന് പറയുന്നതാകും ഉചിതം.  കുടുംബ സമേതം കാണാൻ പറ്റുന്ന നിരുപദ്രവകാരികളായ സിനിമകളാണ് പുള്ളി ചെയ്തിട്ടുള്ളത് എന്നത് മാത്രമാണ് ഇക്കാര്യത്തിലുള്ള ഒരു ആശ്വാസം. സംഗതി ഇങ്ങിനെയൊക്കെയെങ്കിലും എന്നും എപ്പോഴും എല്ലാ കാലത്തും  സത്യൻ അന്തിക്കാട് സിനിമ റിലീസാകുന്നു എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ഒരു വലിയ പ്രതീക്ഷയാണ്. ഇത്തവണ എന്തെങ്കിലുമൊക്കെ കാര്യമായ മാറ്റങ്ങളുള്ള  ഒരു കഥ പറയാനുണ്ടാകും എന്ന പ്രതീക്ഷ. മലയാളിക്ക് അത്രക്കും വിശ്വാസവും പ്രതീക്ഷയുമാണ്  സത്യൻ അന്തിക്കാട് എന്ന സംവിധായകനിൽ. എന്നാൽ പ്രേക്ഷകരുടെ ഈ വിശ്വാസത്തെയും പ്രതീക്ഷയേയും  കഴിഞ്ഞ കുറച്ചു കാലങ്ങളായി സത്യൻ അന്തിക്കാട്  ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണ്  എന്നും എപ്പോഴും എന്ന സിനിമ കൂടി കണ്ട്‌ തിയേറ്റർ വിടുമ്പോൾ. 

എന്താണീ സിനിമയുടെ കഥ എന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ പറയാം എന്നതാണ് ആശ്വാസം. അഡ്വക്കേറ്റ് ദീപയുടെ ഒരു ഇന്റർവ്യൂ വേണം വനിതാ രത്നം മാസികയുടെ വാർഷിക  പതിപ്പിലേക്ക്. അതിനു വേണ്ടി വനിതാ രത്നം സ്റ്റാഫ് റിപ്പോർട്ടർ വിനീത് എൻ പിള്ള  ഓടുന്ന ഓട്ടവും അനുഭവിക്കുന്ന കഷ്ടപ്പാടുകളുമാണ്  ഈ സിനിമയുടെ പ്രധാന കഥ. അതിനിടയിലേക്ക്  പഴയ കാല സത്യൻ അന്തിക്കാട് സിനിമകളിൽ നമ്മൾ കണ്ടു 'മറന്നിട്ടില്ലാത്ത' മനോഹര കഥാപാത്രങ്ങളുടെ പുന സൃഷ്ടികളും സമാന കഥാ സാഹചര്യങ്ങളുമെല്ലാം കടന്നു വരുന്നു. ഒരിക്കലും ഈ സിനിമ പ്രേക്ഷകനെ കടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ കഴിവിനെ പറ്റിയും സംശയമില്ല. കണ്ടിരിക്കാൻ പോലും സാധിക്കാത്ത, അത്ര മേൽ പ്രേക്ഷകനെ വെറുപ്പിക്കുന്ന മോശം സിനിമകൾ കണ്ടു വട്ടായ സാധാരണക്കാരായ ഏതൊരു പ്രേക്ഷകനും ഈ സിനിമയെ ഏറ്റവും മോശം സിനിമയായി  വിലയിരുത്തുമായിരിക്കില്ല. പകരം പണ്ടൊക്കെ കണ്ടിരുന്ന പോലത്തെ  കഥയും കാമ്പുമുള്ള  ഒരു നല്ല സത്യൻ അന്തിക്കാട് സിനിമയല്ല എന്ന് സ്നേഹത്തോടെ  തുറന്നു പറയുമെന്നു മാത്രം. 

മഞ്ജു വാര്യർ എന്ന നടിയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്തുമായിക്കോട്ടെ സിനിമയിൽ  ഭർത്താവിൽ നിന്നും പീഡനം ഏറ്റു വാങ്ങേണ്ടി വരുന്ന  സ്ത്രീ കഥാപാത്രങ്ങളെല്ലാം മഞ്ജു വാര്യർ ചെയ്താലേ നന്നാകൂ എന്നുള്ള ധാരണ ശരിയല്ല. അതൊരു ചീപ് മാർക്കെറ്റിംഗ് ടെക്നിക് മാത്രമാണ്. ഒരു നടിക്ക് അത്തരം കഥാപാത്രങ്ങൾ യാദൃശ്ചികമായി കിട്ടുന്നതല്ലേ എന്ന സംശയത്തിന് അത്ര പ്രസക്തിയില്ല എന്ന് മനസ്സിലാക്കാൻ  മഞ്ജു വാര്യരുടെ കഴിഞ്ഞ രണ്ടു സിനിമകളിലെയും സംഭാഷണങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും. ഹൌ ഓൾഡ്‌ ആർ യു സിനിമയിൽ ഒരു വീട്ടമ്മയിൽ നിന്നും സമൂഹത്തെ മൊത്തത്തിൽ inspire ചെയ്യിക്കാൻ പാകത്തിലുള്ള ഒരു കഥാപാത്ര സൃഷ്ടി നടത്താൻ രോഷൻ ആണ്ട്രൂസ്-ബോബി-സഞ്ജയ്‌ ടീമിന് സാധിച്ചെങ്കിലും അവിടെയും ആ നടിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പല  പ്രശ്നങ്ങളുമായും സമാനത പുലർത്തുന്ന സാഹചര്യങ്ങളിൽ കൂടിയാണ് കഥയെ വികസിപ്പിച്ചെടുക്കുന്നതും അതിനോടെല്ലാം മറുപടിയെന്നോണമുള്ള സംഭാഷണങ്ങൾ അവരെ കൊണ്ട് പറയിപ്പിക്കുന്നതും. വിവാഹ മോചിതരായ ഒരുപാട് നടികൾ ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അവർക്കാർക്കും ഒരു സംവിധായകരും  കൊടുക്കാതിരുന്ന  നിരവധി അവസരങ്ങൾ ആണ് മഞ്ജു വാര്യർക്ക് സിനിമയിലൂടെ തന്റെ വ്യക്തി ജീവിതത്തിലെ വില്ലന്മാർക്കുള്ള മറുപടി കൊടുക്കാനായി ചില സംവിധായകർ ഒരുക്കി കൊടുക്കുന്നത്. അതിന്റെ ചട്ടുകം പോലെ പ്രവർത്തിക്കാതിരിക്കാൻ കുറഞ്ഞ പക്ഷം മഞ്ജു വാര്യരെങ്കിലും ശ്രദ്ധിക്കേണ്ടതായിരുന്നു. 

സ്ത്രീപക്ഷ സിനിമകൾ എന്ന വ്യാജേന പുറത്തിറങ്ങിയ ചില  സിനിമൾ  സ്ത്രീ കഥാപാത്രങ്ങൾക്ക്  ഓവർ  ബിൽഡ് അപ് കൊടുത്ത് കൊണ്ട് സിനിമയുടെ വിജയത്തിനായി  മാർക്കെറ്റിംഗ് ചെയ്യുക മാത്രമാണ് ചെയ്തത്. ഇവിടെ ഈ സിനിമയിൽ മഞ്ജു വാര്യരെ അതിനു വേണ്ടിയാണോ ഉപയോഗിച്ചത് എന്ന് സംശയിച്ചാൽ തെറ്റ് പറയാനില്ല. സിനിമയിലെ  രണ്ടു പ്രധാന സ്ത്രീ കഥാപാത്രങ്ങളെ തന്നെ  എടുത്തു നോക്കുക. മഞ്ജു വാര്യരുടെ അഡ്വക്കേറ്റ് ദീപ എന്ന കഥാപാത്രം  ഭർത്താവിൽ നിന്നും അകന്നു കഴിയുന്നു. വളരെ ചുരുങ്ങിയ വാക്കുകളാൽ കുറ്റം മുഴുവനും ഭർത്താവിന്റെ ആണെന്ന് പ്രേക്ഷകരെ പറഞ്ഞു  ബോധിപ്പിക്കുന്നു. പല പല സീനുകളിലായി ഭർത്താവ് ക്രൂരനാണെന്നും തന്നെ ദ്രോഹിക്കുക എന്നത് മാത്രമാണ് ഭർത്താവിന്റെ ഉദ്ദേശ്യം എന്നും പറയുന്നു. അവർ തമ്മിലുണ്ടായ പ്രശ്നം എന്താണെന്ന് വ്യക്തമാക്കാതെ തന്നെ ആ സ്ത്രീയുടെ കൂടെയാണ് ന്യായം എന്ന് വരുത്തി തീർക്കുക മാത്രമാണ് തിരക്കഥാകൃത്ത്  ചെയ്യുന്നത്. സിനിമയിൽ ദീപയുടെ (മഞ്ജു വാര്യർ) മുൻകാല ഭർത്താവ് വീണ്ടും വിവാഹിതനായ ശേഷവും അവരെ മനപ്പൂർവ്വം ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി പറയുന്നുണ്ട്. അതിന്റെ ഭാഗമായാണ് മകളെ അയാൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് പോലും. പുള്ളിയുടെ രണ്ടാം ഭാര്യയുടെ മുഖത്ത് പോലും ദീപയോടും കുഞ്ഞിനോടുമുള്ള സ്നേഹമാണ് കാണാൻ കഴിയുക. രണ്ടാം ഭാര്യയുടെ മുഖത്ത് പോലും ഭർത്താവിന്റെ ഭാഗത്താണ് തെറ്റെന്നുള്ള ഭാവം വരുത്തി തീർക്കാൻ സംവിധായകനടക്കമുള്ളവർ നന്നായി ശ്രമിച്ചു കണ്ടു. അതോടു കൂടെ തീർത്തും ഏകപക്ഷീയമായി കൂടുതൽ വിശദീകരണങ്ങളില്ലാതെ തന്നെ ദീപ ന്യായീകരിക്കപ്പെടുന്നു. പ്രേക്ഷകന് അതാലോചിച്ച് കഷ്ടപ്പെടേണ്ടി വരില്ല.  

പിന്നെയുള്ള മറ്റൊരു സ്ത്രീ കഥാപാത്രമാണ് ലെന അവതരിപ്പിക്കുന്ന ഫറാ. ദീപയുടെ അടുത്ത സുഹൃത്തായ ഫറാ യാഥാസ്ഥിതിക മുസ്ലീം കുടുംബാന്തരീക്ഷത്തിൽ നിന്ന് ഏറെ മാറി നടക്കുന്ന സ്വഭാവക്കാരിയാണ് എന്ന് വേഷ ഭൂഷാദികളിൽ നിന്നും വ്യക്തമാണ്. തെറ്റില്ല അതൊന്നും. പക്ഷേ, ഫറാ നീ ഹാപ്പിയല്ലേ എന്ന് ദീപ ചോദിക്കുമ്പോൾ ഫറാ പറയുന്ന ഒരു സംഗതിയുണ്ട്. ഹാപ്പിയാണ് ...എന്നെക്കാൾ ഹാപ്പി ഇപ്പോൾ റഫീഖ് ആണ് എന്നായിരുന്നു ഫറായുടെ മറുപടി. കാരണം മറ്റൊന്നുമല്ല റഫീഖിന് ഇപ്പോൾ ഒരു ഗേൾ ഫ്രെണ്ട് ഉണ്ട്. ഞങ്ങളുടെ സമുദായത്തിൽ ഇതൊക്കെ ആകാം എന്നാണ് ഫറാ പറയുന്ന ന്യായീകരണം. തെറ്റിദ്ധാരണാജനകമായ ആശയങ്ങൾ  സിനിമയിലെ കഥാപാത്ര സംഭാഷണങ്ങളിലൂടെ പടർത്താൻ ഈ കാലത്തും ചില സിനിമാക്കാർ ശ്രമിക്കുന്നുണ്ടല്ലോ എന്നാലോചിച്ചപ്പോൾ അതിശയം തോന്നിപ്പോയി. നെയ്ച്ചോറും കോഴി ബിരിയാണിയും ബീഫുമടങ്ങുന്ന ഭക്ഷണങ്ങൾ തുടങ്ങി മദ്യത്തെയും ഭാഷയെയും വേഷത്തെയും സംസാര ശൈലിയേയും   വരെ  ക്ലീഷേ  കഥാപാത്രങ്ങളിലൂടെ  സമുദായവത്ക്കരിക്കാൻ ശ്രമിച്ച അതേ  സിനിമാക്കാരുടെ പിൻഗാമികൾ  തന്നെയാണ് ഇവിടെ ഈ സിനിമയിൽ ഭർത്താക്കന്മാർക്ക്  ഗേൾ ഫ്രെണ്ട് ആകാം അതെല്ലാം മതം അനുവദിക്കുന്ന കാര്യങ്ങളാണെന്ന് വളച്ചൊടിച്ചു പറയുന്നതും അതിനനുസൃതമായ കഥാപാത്ര സൃഷ്ടികൾ നടത്തുന്നതും. 

ഇതിലെ മറ്റൊരു തമാശ എന്താണെന്ന് വച്ചാൽ  സ്ത്രീയെ സർവ്വ  സ്വതന്ത്രയായ വ്യക്തിത്വങ്ങൾ ആയി കാണിക്കുന്നതിലൂടെയാണ് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ സ്ത്രീ ശാക്തീകരണം സാധ്യമാക്കുന്നത്  എന്നതാണ്. ഫറാ സ്വന്തമായി ബിസിനസ്‌ നടത്തുന്നതും അതിനായി ദൂര ദേശങ്ങളിലേക്ക് ഒറ്റക്ക് സഞ്ചരിക്കുന്നതായും പറയുന്നതിനെ സ്ത്രീ ശാക്തീകരണമെന്ന വ്യാജേന കാണാൻ സാധിക്കുമ്പോഴും അടിസ്ഥാനപരമായി പുരുഷനെ പോലെ തന്നെ ഒരു സ്ത്രീക്ക് അവരുടെ കുടുംബത്തോട് ഉണ്ടാകേണ്ട ഉത്തരവാദിത്തങ്ങളെ നിസ്സാരവാത്ക്കരിക്കുന്ന നിലപാടുകൾ ആണ് ഫറയിലൂടെ  സിനിമ പുറന്തള്ളുന്നത്. സ്വന്തം മക്കളെ കാണാനും നോക്കാനും സമയമില്ല, അവർക്കിപ്പോൾ ഉപ്പൂപ്പയെയും ഉമ്മൂമ്മയെയും മതി എന്ന് വലിയ ആശ്വാസത്തോടെ പറയുന്ന ഫറ  ഭർത്താവുമായുള്ള അസ്വാരസ്യങ്ങൾ അയാളുടെ പുതിയ ഗേൾ ഫ്രണ്ട് നിമിത്തം സംഭവിച്ചതെന്ന് പ്രേക്ഷകനെ കൊണ്ട് ഊഹിപ്പിച്ചെടുപ്പിക്കുന്നു. അതോടെ ഫറ എന്ന സ്ത്രീ കഥാപാത്രവും ഏക പക്ഷീയമായി ന്യായീകരിക്കപ്പെടുന്നു. ഇതിൽപ്പരം ഇനിയെന്ത് സ്ത്രീ പക്ഷം എന്ത് സ്ത്രീ ശാക്തീകരണം എന്നാണ് സിനിമയിലെ പ്രധാനപ്പെട്ട രണ്ടു സ്ത്രീ കഥാപാത്രങ്ങളിലൂടെ സംവിധായകനും തിരക്കഥാകൃത്തും സ്ഥാപിച്ചെടുക്കുന്നത്. 

പ്രേക്ഷകരുടെ തുറന്നു പറച്ചിലുകളെയും വിമർശനങ്ങളെയും  സഹിഷ്ണുതയോടെ നോക്കി കാണാനും മനസിലാക്കാനും  സത്യൻ അന്തിക്കാടിനെ പോലുള്ള സംവിധായകർ ശ്രമിക്കേണ്ടതുണ്ട്.  തന്റെ സിനിമയെ  മോശമെന്ന് വിമർശിക്കുന്നവരെയെല്ലാം മൊത്തത്തിൽ മലയാള സിനിമയുടെ  ശത്രുക്കളായും നിലവാരമില്ലാത്ത കലാസ്വാദകാരായും  മുദ കുത്തി  കൊണ്ട് ഈ അടുത്ത് സത്യൻ അന്തിക്കാട് മാതൃഭൂമിയിൽ എഴുതിയ ലേഖനം അസഹിഷ്ണുതയുടെ കൊടുമുടിയിൽ കയറി ചിന്തിച്ചു കൂട്ടിയതാണ് എന്ന് പറയേണ്ടി വരും. സ്വന്തം സിനിമാ പാരമ്പര്യവും മഹത്വവും കൊട്ടിഘോഷിച്ചു കൊണ്ടുള്ള ലേഖനങ്ങൾ മുഖ്യധാര പത്ര മാധ്യമങ്ങളെന്നു വിശേഷിപ്പിക്കുന്ന ഇവിടത്തെ പത്ര മാധ്യമങ്ങളിൽ അച്ചടിക്കാൻ കൊടുക്കുന്നതിനു മുൻപ് സത്യൻ അന്തിക്കാട് തന്റെ തന്നെ ഭൂത കാല സിനിമകളെയും വർത്തമാന സിനിമകളെയും കുറിച്ച് നന്നായി ഒന്ന് പഠിക്കുക. സിനിമ ചെയ്യാനും തിരക്കഥ എഴുതാനും അറിയുന്നവർക്കും കലാ രംഗത്ത് എന്തെങ്കിലുമൊക്കെ പ്രതിഭാത്വം തെളിയിച്ചവർക്കും മാത്രമേ ഒരു സിനിമയെ ആസ്വദിക്കാനും നിരൂപിക്കാനും അവകാശമുള്ളൂ എന്ന് പറയുന്നത് തന്നെ ഒരു തരം ഫാസിസ്റ്റ്  കലാചിന്തയാണ്. സ്വന്തം സൃഷ്ടികളെ പോലും  ഏറ്റവും കൂടുതൽ വിമർശനാത്മകമായി നിരീക്ഷിക്കാനും പഠിക്കാനും സാധിക്കുന്നവനാണ് ഒരു മികച്ച കലാകാരൻ. ആസ്വാദകരും നിരൂപകരും അതിലേക്കുള്ള ചില ചൂണ്ടി കാണിക്കലുകൾ നടത്തുന്നു എന്ന് മാത്രം. അവർ സിനിമയുടെ ശത്രുക്കൾ അല്ല. സിനിമാ സ്നേഹികൾ മാത്രമാണ്. സിനിമയുടെ ശത്രുക്കൾ എല്ലാ കാലത്തും സിനിമക്കുള്ളിൽ തന്നെയാണ് ഉണ്ടായിട്ടുള്ളതും ഇപ്പോൾ ഉള്ളതും. പിന്നെ നല്ലതും ചീത്തതും എല്ലായിടത്തും ഉണ്ടെന്നത് പോലെ സിനിമാക്കാരുടെ ഇടയിലും നിരൂപകരുടെ കൂട്ടത്തിലും ഉണ്ടാകും. ഈ  ആപേക്ഷികതയെ മനസ്സിലാക്കിയാൽ ഒന്നിനെയും അടിച്ചധിക്ഷേപിക്കാൻ പിന്നെ തോന്നില്ല.  മലയാളിയുടെ പ്രിയ സത്യൻ അന്തിക്കാടിന് ഇനിയും സമയമുണ്ട് തിരിച്ചു വരാൻ.  

ആകെ മൊത്തം ടോട്ടൽ = പഴയ കാല സത്യൻ അന്തിക്കാട് സിനിമയിലെ പല രംഗങ്ങളെയും കഥാപാത്രങ്ങളെയും ഓർമ്മപ്പെടുത്തി കൊണ്ട് പ്രത്യേകിച്ച് വലിയ കഥാ ഉദ്ദേശ്യങ്ങൾ ഒന്നുമില്ലാതെ മഞ്ജു വാര്യർ എന്ന നടിക്ക് ചുറ്റും ഓടി നടക്കുന്ന കുറെ കഥാപാത്രങ്ങൾ അടങ്ങിയ ഒരു സിനിമ. ഒന്നും പ്രതീക്ഷിക്കാതെ കണ്ടാലും പ്രതീക്ഷിച്ചു കണ്ടാലും മനസ്സിന്റെ ഒരിടത്തു പോലും സ്പർശിക്കാൻ  സാധിക്കാതെ പോയ ഒരു നിർവ്വികാര സിനിമ. ജയ ചന്ദ്രന്റെ ശബ്ദത്തിലുള്ള നല്ല പാട്ടുകൾ,  കഥാപാത്രമായി മാറി കൊണ്ടുള്ള മോഹൻ ലാലിന്റെ അനായാസ  അഭിനയം എന്നിവയൊക്കെയാണ് സിനിമയിലെ പ്രതീക്ഷിക്കാതെ കിട്ടിയ രണ്ടു ബോണസുകൾ. സകുടുംബം കണ്ടിരിക്കാം എന്നത് മറ്റൊരു ആശ്വാസം. 

*വിധി മാർക്ക്‌ = 5/10 

-pravin-