Tuesday, September 29, 2020

Cargo

ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ എവിടെയോ ഒരു മഹാമാരി കാലത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ തുടങ്ങുന്നത്.

കാലവും ദേശവും ഏതാണെന്ന് വ്യക്തമാക്കാതെ കഥാപശ്ചാത്തലത്തിന് ഒരു വല്ലാത്ത നിഗൂഢത അനുഭവപ്പെടുത്തി കൊണ്ടുള്ള തുടക്കം പിന്നീട് പതിയെ പതിയെ സാഹചര്യത്തിന്റെ ഭീകരത വെളിപ്പെടുത്തി തരുകയാണ്.

സോംബി സിനിമകളുടെ കൂട്ടത്തിൽ പെടുത്താമെങ്കിലും ഒരു മുഴുനീള സോംബി സിനിമയല്ല 'Cargo'. കഥാസാഹചര്യത്തിന്റെ ഭീകരതയേക്കാൾ കുഞ്ഞു മകളോടുള്ള അച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലുമാണ് പ്രേക്ഷകനെ ആകർഷിക്കുന്നത്. 

ഒന്നുമറിയാത്ത മകളെ മഹാമാരിക്ക് വിട്ടു കൊടുക്കാതെ അവളെ സുരക്ഷിതയാക്കാനുള്ള ഒരു അച്ഛന്റെ സമയബന്ധിതമായ യാത്ര കൂടിയായി മാറുന്നുണ്ട് 'Cargo'. 


ഒരു ഹൊറർ കഥാപാശ്ചാത്തലത്തിൽ പറഞ്ഞവതരിപ്പിക്കുമ്പോഴും ഒരു ഇമോഷണൽ ഡ്രാമയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് സംവിധായകൻ. 

ആസ്ട്രേലിയൻ ഉൾപ്രദേശ ഭൂപ്രകൃതിയെ നിഗൂഢമായി പകർത്തിയെടുത്ത ഛയാഗ്രഹണവും സിനിമക്ക് നല്ല പിന്തുണ നൽകി. ഏറ്റവും മികച്ച സിനിമയെന്ന നിലക്കല്ലെങ്കിൽ കൂടി കാണുന്നവനെ സംതൃപ്തി പെടുത്തുന്നതും അതൊക്കെ തന്നെ. 

മകളെ സുരക്ഷിതയാക്കാൻ ശ്രമിക്കുന്ന അച്ഛൻ കഥാപാത്രത്തിന്റെ ഒറ്റയാൾ പോരാട്ടവും ദയനീയതയും നിസ്സഹായതയുമൊക്കെ അത്ര മേൽ വൈകാരികമായി അവതരിപ്പിച്ചു പ്രതിഫലിപ്പിച്ച മാർട്ടിൻ ഫ്രീമാൻ തന്നെയാണ് 'Cargo' യിലെ താരം. ക്ലൈമാക്സ് സീനുകളിലേക്ക് എത്തുമ്പോൾ ആ അച്ഛൻ നമ്മുടെ മനസ്സിലേക്ക് കയറി പോകുക തന്നെ ചെയ്യും. 

ആകെ മൊത്തം ടോട്ടൽ = വ്യത്യസ്തമായ ഒരു സോംബി സിനിമ. 

*വിധി മാർക്ക് = 6.5/10 

-pravin- 

Sunday, September 20, 2020

പുതുമക്കിടയിലും ബോറടിപ്പിച്ച കാർഗോ !!


മരണാനന്തരം മനുഷ്യന് എന്ത് സംഭവിക്കുന്നു എന്ന ചിന്തക്ക് ഭാവനാപരമായി ഒരുപാട് സാധ്യതകൾ ഉണ്ട്.

മതങ്ങളിലൂടെ പറഞ്ഞു കേട്ട് ശീലിച്ച മരണാനന്തര ജീവിതവും ആത്മാവും പ്രേതവും സ്വർഗ്ഗവും നരകവുമടക്കമുള്ള പലതും പിന്നീട് പല സിനിമകളിലും പ്രമേയവത്ക്കരിക്കപ്പെട്ടത് അങ്ങനെയൊക്കെയാണ്.

മരണാനന്തര ജീവിതത്തെ വ്യത്യസ്‍തമായി പ്രമേയവത്ക്കരിച്ച ഒരു സിനിമയായിരുന്നു സമീപ കാലത്ത് മലയാളത്തിൽ ഇറങ്ങിയ 'ഇബ്‌ലീസ്'. സമാന പ്രമേയത്തിന്റെ മറ്റൊരു വ്യത്യസ്ത അവതരണമാണ് 'കാർഗോയി'ലും ഉള്ളത്.


ഭൂമിയിൽ മരിച്ചവരെ മറ്റൊരു സ്‌പേസ്ഷിപ്പിലേക്ക് കാർഗോ ആയി എത്തിച്ച ശേഷം അവരെ അടുത്ത ജന്മത്തിലേക്ക് തയ്യാറെടുപ്പിക്കുന്ന Post Death Transition Services എന്ന പ്രക്രിയയാണ് സിനിമയിൽ കാണിക്കുന്നത്.

തങ്ങൾ എങ്ങിനെ മരിച്ചു പോയി എന്ന് മരിച്ചവർക്ക് വിവരിച്ചു കൊടുത്ത ശേഷം അവരുടെ പഴയ ഓർമ്മകളെയൊക്കെ ഇല്ലാതാക്കി കൊണ്ട് അടുത്ത ജന്മത്തിലേക്ക് പറഞ്ഞയക്കുകയാണ്.

ഇത്തരത്തിൽ രസകരവും ത്രില്ലിങ്ങുമായ ഒരു കഥാതന്തുവും പ്രമേയവുമൊക്കെ കിട്ടിയിട്ടും മികച്ച ഒരു തിരക്കഥയുടെ പിൻബലമില്ലാതെ പോകുന്നിടത്താണ് 'കാർഗോ' നിരാശയാകുന്നത്.

ആകെ മൊത്തം ടോട്ടൽ = മിത്തോളജിയുടെയും സയൻസിന്റെയുമൊക്കെ ഒരു ഫ്യൂഷൻ ഫിക്ഷൻ വർക്ക് എന്ന് പറയാവുന്ന ഒരു സിനിമ തന്നെയെങ്കിലും കാണുന്നവനെ ഒട്ടും തന്നെ എൻഗേജ് ചെയ്യിപ്പിക്കാൻ സാധിക്കുന്നില്ല 'കാർഗോ'ക്ക് . ആശയപരമായോ അവതരണപരമായോ പൂർണ്ണതയില്ലാത്ത സിനിമയായി ഒതുങ്ങുന്നു സിനിമ.

*വിധി മാർക്ക് = 4/10
-pravin-

Saturday, September 12, 2020

അശോകൻ വൻ ശോകമാണ് !!




















ജാതക ദോഷം കാരണം കല്യാണം നടക്കാതിരിക്കുന്നതും, ആ ദോഷം മാറ്റാൻ വിചിത്രമായ പ്രതിവിധികൾ ചെയ്യുന്നതുമൊക്കെ പല സിനിമകളിലായി കണ്ടിട്ടുണ്ടെങ്കിലും അതെല്ലാം ഒരു മുഴുനീള സിനിമയിലേക്ക് വേണ്ടി ഇത്ര മേൽ വലിച്ചു നീട്ടി അവതരിപ്പിച്ചു കാണുന്നത് 'മണിയറയിലെ അശോകനി'ലാണ്. 

അസിസ്റ്റന്റ് ഡയറക്ടർ ആകാൻ വേണ്ടി ഈ സിനിമയിൽ അഭിനയിക്കാൻ വന്ന അനുപമയെ മനസ്സിലാക്കാം, സ്വയം നായകനാകാൻ വേണ്ടി പണം ഷെയറിട്ട ഗ്രിഗറിയെയും മനസ്സിലാക്കാം, പക്ഷേ ദുൽഖർ എന്തിനായിരിക്കാം അല്ലെങ്കിൽ എന്ത് കണ്ടിട്ടാകും പണം മുടക്കിയത് എന്ന് ഒരു പിടിയുമില്ല. 


ഈ അടുത്ത കാലത്ത് OTT റിലീസായ മലയാളം സിനിമകളിൽ ഇത് പോലെ വെറുപ്പിച്ച മറ്റൊരു സിനിമയില്ല എന്ന് കട്ടായം പറയുന്നു. 'മണിയറയിലെ അശോകൻ' എന്നതിന് പകരം വല്ല 'വാഴത്തോട്ടത്തിലെ അശോകൻ' എന്നായിരുന്നു പേരെങ്കിൽ സിനിമ ആ പേരിനോടെങ്കിലും നീതി പുലർത്തി എന്ന് പറയാമായിരുന്നു. ഇതിപ്പോ അതുമില്ല. 

ഒന്നും നടക്കാതെ വരുമ്പോൾ എല്ലാവരും ചുമ്മാ പറയുന്ന ഒരു ഡയലോഗ് ഉണ്ട് -ആ നേരം രണ്ടു വാഴ വച്ചാൽ മതിയായിരുന്നു എന്ന്. ആ ഡയലോഗ് ഈ സിനിമ കണ്ടു തീരുമ്പോൾ ഒരു വിധപ്പെട്ട പ്രേക്ഷകരൊക്കെ പറയും. ഒരു പക്ഷെ ഇപ്പോൾ ദുൽഖർ പോലും.

ആകെ മൊത്തം ടോട്ടൽ = നല്ല പച്ചപ്പും, നാട്ടിൻപുറ വിശേഷങ്ങളും, ശാലീനതയുമൊക്കെ വേണ്ടോളം ചേർത്തുള്ള അസ്സലൊരു നാടൻ ദുരന്തം എന്ന് തന്നെ പറയാം. 

*വിധി മാർക്ക് = 3/10 

-pravin- 

Monday, September 7, 2020

C u Soon - പരീക്ഷണാത്മക ത്രില്ലർ സിനിമ !!

പരിമിതികൾക്കുള്ളിൽ നിന്ന് ചിത്രീകരിച്ച സിനിമ എന്ന് അനുഭവപ്പെടുത്താത്ത വിധം കഥാപരവും അവതരണപരവും സാങ്കേതികപരവുമായ ഒരു സിനിമയിലെ എല്ലാ വശങ്ങളും ഒരു പോലെ മികച്ചു നിന്നതിന്റെ ഫലമാണ് 'C U Soon' ന്റെ ആസ്വാദനപരമായ വിജയം.

മൊബൈൽ സ്‌ക്രീൻ കാഴ്ചകളിലൂടെ രണ്ടു വ്യക്തികൾ തമ്മിൽ ഓൺലൈനിൽ പരിചയപ്പെടുന്നതും അവരുടെ ബന്ധം വികസിപ്പിക്കുന്നതുമൊക്കെ ഉറ്റു നോക്കാൻ നിർബന്ധിതരാക്കി കൊണ്ടുള്ള തുടക്കം തന്നെ മതി 'C U Soon' വേറിട്ട ഒരു സിനിമ തന്നെ എന്ന് ഉറപ്പിക്കാൻ.

ജിമ്മി കുര്യനും അനുമോളും കെവിനുമൊക്കെ ഇടയിൽ ഒരു അദൃശ്യ സാന്നിദ്ധ്യമായി പ്രേക്ഷകരെ കൊണ്ട് നിർത്തുന്നുണ്ട് മഹേഷ് നാരായണൻ.

കോവിഡ് കാലത്ത് virtual cinematography യുടെ സാധ്യത ആഴത്തിൽ പഠിച്ചിട്ട് തന്നെയാണ് മഹേഷ് ഈ പണിക്കിറങ്ങിയത് എന്ന് ഓരോ സീനിൽ നിന്നും ഷോട്ടിൽ നിന്നും നമുക്ക് മനസ്സിലാക്കാം.

ഉള്ളു പൊള്ളിക്കുന്ന ചില സാമൂഹിക യാഥാർഥ്യങ്ങളെ പ്രമേയവത്ക്കരിക്കുന്നതോടൊപ്പം
ഈ ഡിജിറ്റൽ കാലത്ത് നമ്മുടെയൊക്കെ സ്വകാര്യതയെന്നു പറയുന്നത് ദാ ഇത്രയൊക്കെയേ ഉള്ളൂ എന്ന് ഭീകരമായി ബോധ്യപ്പെടുത്താനും കൂടി ശ്രമിക്കുന്നുണ്ട് സിനിമ.

ഏകാംഗ അഭിനയത്തിന്റെ കലർപ്പൊന്നുമില്ലാതെ തീർത്തും റിയലിസ്റ്റിക്കായി പെരുമാറുന്ന പ്രകടനങ്ങൾ കൊണ്ട് വേറിട്ട് നിന്നു ഫഹദും റോഷനും ദർശനയുമൊക്കെ.

ആകെ മൊത്തം ടോട്ടൽ = ഒരു പരീക്ഷണാത്മക സിനിമ എന്ന നിലക്ക് തൃപ്തിപ്പെടുത്തുന്ന ഒരു ത്രില്ലറും മെലോഡ്രാമയുമൊക്കെയായി വിലയിരുത്താം മഹേഷിന്റെ 'C U Soon' നെ.

*വിധി മാർക്ക് = 8/10 

-pravin-