Tuesday, December 28, 2021

സൂപ്പർ ഹീറോയും സൂപ്പർ വില്ലനും !!


വിശ്വസനീയമായ കഥ പറയുമ്പോഴും അവിശ്വസനീയതകൾ കടന്നു വരുമ്പോൾ യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ എന്നും പറഞ്ഞു തള്ളിക്കളയേണ്ടി വരുന്ന സിനിമകളുണ്ട്. എന്നാൽ രജനീകാന്തിനെ പോലുള്ള സൂപ്പർ സ്റ്റാറുകൾ സാധാരണക്കാരന്റെ വേഷം ചെയ്യുമ്പോഴും ആ കഥാപാത്രം ചെയ്യുന്ന അമാനുഷികതകളെ കണ്ണടച്ച് അംഗീകരിക്കാനും സാധിക്കാറുണ്ട്.

ഇത് ഒരു തരം ആസ്വാദന വൈരുദ്ധ്യമല്ലേ എന്ന് സംശയിക്കാമെങ്കിലും അത് അങ്ങിനെയല്ല. അവിശ്വസനീയമായ കാര്യങ്ങളെ എങ്ങിനെ പറഞ്ഞവതരിപ്പിക്കുന്നു അല്ലെങ്കിൽ അത് നമുക്ക് എങ്ങിനെ ബോധ്യപ്പെടുന്നു എന്നതിന് അനുസരിച്ചാണ് ആസ്വാദനം.

സൂപ്പർ ഹീറോ സിനിമകളുടെ ജോണറിലേക്ക് വന്നാൽ അത്തരം ബോധ്യപ്പെടുത്തലുകളുടെ ആവശ്യകതയേ ഇല്ല. കാരണം ഒരു സൂപ്പർ ഹീറോക്ക് എന്തും ചെയ്യാനുള്ള ശക്തിയുണ്ട് എന്ന ബോധ്യം ആദ്യമേ നമുക്കുണ്ട്. അത് പോലെ എന്ത് അമാനുഷികതയും ചെയ്യാനുള്ള സ്വാതന്ത്ര്യം സൂപ്പർ ഹീറോ കഥാപാത്രത്തിനുമുണ്ട് .

ഈ സ്വാതന്ത്ര്യത്തിന്റെ മറവിൽ പലപ്പോഴും തിരക്കഥയേക്കാൾ പ്രാധാന്യം സൂപ്പർ ഹീറോയുടെ പവറിനും പ്രകടനത്തിനും നൽകാനാണ് സംവിധായകർക്കും താൽപ്പര്യം . ഇത്തരത്തിൽ മേക്കിങ് മികവ് കൊണ്ട് മാത്രമാണ് സൂപ്പർ ഹീറോ സിനിമകളിൽ മിക്കതും ആഘോഷിക്കപ്പെട്ടിരിക്കുന്നത് പോലും.


എന്നാൽ ബേസിലിന്റെ 'മിന്നൽ മുരളി'യിലേക്ക് വന്നാൽ വെറുതേ ഒരു സൂപ്പർ ഹീറോയെ ഉണ്ടാക്കി എടുക്കുകയല്ല ചെയ്തിരിക്കുന്നത് എന്ന് പറയാം. സിനിമ കാണുന്നവരെ ആദ്യമേ കുറുക്കൻമൂല എന്ന സാങ്കൽപ്പിക ഗ്രാമത്തിന്റെ ചുറ്റുവട്ടത്തിലേക്ക് കൊണ്ട് വന്ന ശേഷം ആ നാടിനെയും നാട്ടുകാരെയും വിശദമായി പരിചയപ്പെടുത്തുന്നു.'കുഞ്ഞിരാമായണ'ത്തിലും, 'ഗോദ'യിലുമൊക്കെ കൈകാര്യം ചെയ്തു കണ്ട അതേ ശൈലി ഇവിടെയും കാണാം.

പണ്ട് പണ്ട് ദൂരെ ദൂരെ ഒരിടത്ത് എന്ന് പറഞ്ഞു തുടങ്ങുന്ന ഒരു കഥയെ കേൾക്കുന്ന ലാഘവത്തിലേക്ക് പ്രേക്ഷകരുടെ ആസ്വാദന മനസ്സിനെ പരുവപ്പെടുത്താൻ സാധിക്കുന്ന സംവിധായകനാണ് ബേസിൽ. ഒരു സാങ്കൽപ്പിക കഥാ പശ്ചാത്തലത്തെ കഥാ സാഹചര്യങ്ങൾ കൊണ്ട് എങ്ങിനെയൊക്കെ രസകരമാക്കാൻ സാധിക്കും എന്ന് വ്യക്തമായി അറിയാവുന്ന ഒരാൾ. അരുൺ അനിരുദ്ധൻ- ജസ്റ്റിൻ മാത്യുവിന്റെ തിരക്കഥയെ ബേസിൽ ജോസഫ് പരമാവധി ഉപയോഗപ്പെടുത്തുന്നതും അങ്ങിനെ തന്നെ.

നടൻ തിലകനുമായി ചേർന്നഭിനയിക്കുന്ന സീനിൽ അദ്ദേഹത്തിന്റെ അഭിനയ മികവ് നായക നടന്മാരുടെ പ്രകടനങ്ങളെ പോലും സ്വാധീനിക്കാറുള്ളത് പോലെ ശക്തനായ ഒരു എതിരാളിയാണ് സൂപ്പർ ഹീറോ സിനിമകളിലെ നായകന്മാർക്ക് ശക്തി പകരുന്നത്.

ആ തലത്തിൽ നോക്കിയാൽ ടോവിനോയുടെ മിന്നൽ മുരളിയെ എല്ലാം കൊണ്ടും ഒരു സൂപ്പർ ഹീറോ ആക്കി ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഗുരു സോമസുന്ദരത്തിന്റെ മിന്നൽ ഷിബുവെന്ന സൂപ്പർ വില്ലനാണ് എന്ന് പറയാം. ആ ഒരു കഥാപാത്രമില്ലായിരുന്നെങ്കിൽ ഒരു പക്ഷെ മുരളിയെന്ന സൂപ്പർ ഹീറോക്ക് ഇത്ര മൈലേജ് കിട്ടുക പോലുമില്ല.

ഒരു സൂപ്പർ ഹീറോയുടെ മെയ് വഴക്കമുള്ള ശരീരം കൊണ്ട് മിന്നൽ മുരളിയായി ടൊവിനോ മിന്നിയപ്പോൾ ഒരു സൂപ്പർ വില്ലന്റെ പല വക ഭാവ പ്രകടനങ്ങൾ കൊണ്ട് ഷിബുവായി ഗുരു സോമസുന്ദരം മിന്നിത്തിളങ്ങുകയാണ് ചെയ്തത്.

കഥാപാത്ര നിർമ്മിതികളിലെ സൂക്ഷ്മതക്കൊപ്പം അവിശ്വസനീയമായ ഒരു കഥയെ നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസയോഗ്യ മാറ്റുന്നിടത്താണ് 'മിന്നൽ മുരളി' ഒരു സമ്പൂർണ്ണ ദേശീ സൂപ്പർ ഹീറോയുടെ ആസ്വാദനം തരുന്നത്. സമീർ താഹിറിന്റെ ഛായാഗ്രഹണമാണ് മിന്നൽ മുരളിയുടെ മറ്റൊരു അഴകും മികവും.

ആകെ മൊത്തം ടോട്ടൽ = ഒരു സൂപ്പർ ഹീറോ സിനിമക്കപ്പുറം മനസ്സ് തൊടുന്ന ചിലതുണ്ട് മിന്നൽ മുരളിയിൽ. പ്രതീക്ഷയോടെ കണ്ട സിനിമകൾ നിരാശപ്പെടുത്തുമ്പോൾ പ്രതീക്ഷിച്ചതിനപ്പുറം പാറിപ്പറക്കുന്നു മിന്നൽ മുരളി.

*വിധി മാർക്ക് = 8/10

-pravin-

Sunday, December 26, 2021

ചിരിപ്പിച്ചും മനസ്സ് തൊട്ടും ഒരു 'ജാൻ-എ-മൻ' !!


ജീവിതം എന്നാൽ എന്ത് എന്ന ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങളുണ്ട് . ഓരോരുത്തരും അവരവരുടെ ചുറ്റുപാടുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമൊക്കെയാണ് ജീവിതത്തെ പലതായി വ്യാഖ്യാനിക്കുന്നതെങ്കിലും ജീവിതം അത് ഇത്രയൊക്കെയേ ഉള്ളൂ എന്ന് വളരെ ലളിതമായും സരസമായും പറഞ്ഞു തരുകയാണ് 'ജാൻ-എ-മൻ'.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ.മ.യൗ' വിന്റെ കഥാപരിസരം മരണ വീട് ആണെങ്കിൽ 'ജാൻ-എ-മന്നി'ന്റെ കഥാപരിസരം ഒരു മരണ വീടും ബെർത്ത് ഡേ പാർട്ടി നടക്കുന്ന വീടും ഒന്നിച്ചു കൂടിയതാണ്.

രംഗബോധമില്ലാത്ത കോമാളിയാണ് മരണമെങ്കിൽ ആ കോമാളിയെ കണക്കറ്റ് പരിഹസിച്ചു ചിരിക്കുന്ന വിധമാണ് മരണവീടിനു മുന്നിൽ തന്നെയുള്ള ജോമോന്റെ ബെർത്ത് ഡേ പാർട്ടി ആഘോഷങ്ങൾ.

പാളിപ്പോകാൻ ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്ന ഒരു പ്ലോട്ടിനെ കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടും വേറിട്ട അവതരണം കൊണ്ടുമൊക്കെ ഗംഭീരമാക്കാൻ പുതുമുഖ സംവിധായകൻ ചിദംബരത്തിന് സാധിച്ചിട്ടുണ്ട്.

ഒരു ഭാഗത്ത് ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന അതേ സമയത്ത് തന്നെ മരണ വീട്ടിലെ കാഴ്ചകളിലേക്ക് കൊണ്ട് പോയി പൊടുന്നനെ സിനിമയുടെ മൂഡ് ഷിഫ്റ്റ് ചെയ്യുകയാണ് സംവിധായകൻ. ചിരിയും സങ്കടവും മാറി മറയുന്ന സീനുകളിൽ നിന്ന് ഒരു ഘട്ടമെത്തുമ്പോൾ പകയുടെയും കലഹത്തിന്റെയും മൂഡിലേക്ക് വീണ്ടും ഒരു മാറ്റം.


ഇങ്ങിനെ ആദ്യാവസാനം വരെ ചിരിയും സങ്കടവും കലഹവും പകയും സൗഹൃദവുമൊക്കെയായി മാറി മറയുന്ന കഥാഗതിയെ രസകരമായി കൈകാര്യം ചെയ്യുന്നതോടൊപ്പം മൂടി വെക്കപ്പെട്ട ഒരു പ്രണയ കഥ കൂടി സിനിമയുടെ ഭാഗമാകുന്നു. അത് വരെ കണ്ട കളി ചിരികൾക്കും കലഹങ്ങൾക്കുമപ്പുറം 'ജാൻ-എ-മൻ' എന്ന സിനിമക്ക് മറ്റൊരു മനോഹരമായ ആസ്വാദന തലം നൽകുന്നതും ആ പ്രണയ കഥയാണ്.

കാനഡയിലെ മഞ്ഞിൽ പൊതിഞ്ഞ ഏകാന്തതയിൽ നിന്ന് സ്വന്തം പിറന്നാൾ ആഘോഷിക്കാൻ ജന്മനാട്ടിലേക്ക് പറന്നിറങ്ങി വരുന്ന ജോമോനും, ജോമോന്റെ പിറന്നാൾ കളറാക്കാൻ കട്ടക്ക് നിൽക്കുന്ന ഡോക്ടർ ഫൈസലും, മനസ്സില്ലാ മനസ്സോടെയെങ്കിലും സ്വന്തം വീട്ടിൽ ജോമോന്റെ ബർത് ഡേ പാർട്ടിക്ക് വേണ്ട ഇടം കൊടുക്കുന്ന സമ്പത്തും, പാർട്ടി ഗംഭീരമാക്കാൻ ലൈറ്റും സൗണ്ടും ഡിജെ സെറ്റപ്പുമായി വരുന്ന ഇവന്റ് മാനേജർ അക്ഷയ്‌കുമാറുമാണ് 'ജാൻ-എ-മൻ' സിനിമയുടെ കഥാപരിസരത്തെ ആദ്യാവസാനം വരെ ലൈവാക്കി നിർത്തുന്നത്.

പ്രധാന കഥാപാത്രങ്ങളുടെ പ്രകടനങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒരു സിനിമയല്ല 'ജാൻ-എ-മൻ' എന്നത് എടുത്തു പറയേണ്ടതാണ്. ഒരു സീനിൽ ചുമ്മാ നടന്നു പോകുന്ന കഥാപാത്രമുണ്ടെങ്കിൽ അയാൾക്കുമുണ്ട് ഈ സിനിമയിൽ ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ.

ബെർത്ത് ഡേ കേക്കുമായി വരുന്ന ചേട്ടനൊക്കെ മിന്നായം പോലെ വന്നു പോകുന്നവരാണെങ്കിലും ഉള്ള സീനിൽ മിന്നലായി മാറുന്നു . അത് പോലെ ഗുണ്ടാ സജിയേട്ടനും പുള്ളിയുടെ അസിസ്റ്റന്റുമൊക്കെ ഒരു രക്ഷയും ഉണ്ടായിരുന്നില്ല. അമ്മാതിരി സാധനങ്ങൾ

ചിരിയുടെ പൊടിപൂരത്തിനിടയിലും മരണ വീട്ടിലെ ഇമോഷണൽ രംഗങ്ങളെല്ലാം അതി വൈകാരികതയിലേക്ക് കൊണ്ട് പോകാതെ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്‌തു കാണാം. ലാലിന്റെ കൊച്ചു കുഞ്ഞും ബാലു വർഗ്ഗീസിന്റെ മോനിച്ചനുമൊക്കെ പ്രകടനം കൊണ്ട് സ്‌കോർ ചെയ്യുന്നതും അവിടെ തന്നെ.

ഈ കൊല്ലം റിലീസായ 'ഓപ്പറേഷൻ ജാവ'യിലെ ആന്റണിയും 'ജാൻ-എ-മന്നി'ലെ മോനിച്ചനും ബാലു വർഗ്ഗീസിന്റെ കരിയറിൽ ഒരു നടനെന്ന നിലയിൽ ഗ്രാഫുയർത്തിയ കഥാപാത്രങ്ങളാണ്.

മോനിച്ചനും മോനിച്ചന്റെ പെങ്ങൾമാരും തമ്മിലുള്ള അകൽച്ചയും അടുപ്പവുമൊക്കെ മനസ്സ് തൊടുന്ന വിധം അവതരിപ്പിച്ചിട്ടുണ്ട് റിയ സൈറയും ജിലു ജോസഫും.

ബേസിൽ ജോസഫ് -ഗണപതി -അർജ്ജുൻ അശോകൻ-അഭിരാം പൊതുവാൾ..ഒന്നും പറയാനില്ല ടീമേ!!

ആകെ മൊത്തം ടോട്ടൽ = നൂറു കോടിയുടെ മുതൽമുടക്കോ വലിയ കാൻവാസിലുള്ള കഥ പറച്ചിലോ സൂപ്പർ താര നിരകളോ ഒന്നുമില്ലാതെ തന്നെ എങ്ങിനെ പ്രേക്ഷകരെ എന്റെർറ്റൈൻ ചെയ്യിക്കാൻ സാധിക്കും എന്നതിന്റെ ഏറ്റവും ലളിതമായ ഉദാഹരണമാണ് 'ജാൻ-എ-മൻ'.

*വിധി മാർക്ക് = 7.5/10

-pravin-

Sunday, December 12, 2021

ദൃശ്യ മികവ് മാത്രമാകരുത് സിനിമ !!


ഒരുപാട് ഹൈപ്പുകളോടെ റിലീസായ സിനിമകൾ പരമാവധി നെഗറ്റിവ് റിവ്യൂസും അഭിപ്രായങ്ങളും കേട്ടറിഞ്ഞ ശേഷം വേണം കാണാൻ. അങ്ങനെയാകുമ്പോൾ ഒരു പ്രതീക്ഷകളുടെയും ഭാരമില്ലാതെ കാണാൻ സാധിക്കും.

'മാമാങ്കം' വന്നപ്പോഴും ഇപ്പോൾ 'മരക്കാർ' വന്നപ്പോഴും ആളും ആരവവുമില്ലാതെയാണ് തിയേറ്ററിൽ പോയി കണ്ടത്. അത് കൊണ്ട് തന്നെ ഈ പറഞ്ഞ രണ്ടു സിനിമകളും പോരായ്മാകൾക്കിടയിലും ആസ്വദിക്കാൻ സാധിച്ചു.
കണ്ടിരിക്കാൻ പോലും സാധ്യമല്ലാത്ത സിനിമ എന്ന തരത്തിൽ ഡീഗ്രേഡ് ചെയ്യപ്പെടേണ്ട സിനിമയല്ലെങ്കിലും ആസ്വാദനപരമായി വിമർശിക്കപ്പെടേണ്ടേ നിരവധി കാര്യങ്ങളുള്ള സിനിമ തന്നെയാണ് മരക്കാർ.
സംഭവ ബഹുലമായ ജീവിതങ്ങളെ സിനിമയിലേക്ക് പകർത്തി എഴുതുമ്പോൾ പലപ്പോഴും സംഭവിക്കുന്ന പ്രധാന പ്രശ്നം തിരക്കഥയിൽ എന്തൊക്കെ ഉൾപ്പെടുത്തണം / ഒഴിവാക്കണം എന്നത് സംബന്ധിച്ചുള്ള ആശയ കുഴപ്പങ്ങളാണ്. മരക്കാറിന്റെ തിരക്കഥയിൽ അപ്രകാരം കൃത്യമായ ഒരു ഫോക്കസ് ഉണ്ടായില്ല എന്നതിനൊപ്പം എഴുതിയ തിരക്കഥ ദുർബ്ബലവുമായി പോയി.
'കായംകുളം കൊച്ചുണ്ണി'യിൽ ഇത്തിക്കരപ്പക്കിയുടെ വേഷത്തിൽ വെറും അതിഥി താരമായി വന്നപ്പോൾ പോലും മോഹൻലാൽ എന്ന നടന്റെ എനർജിയും സ്ക്രീൻ പ്രസൻസും ആഘോഷിക്കപ്പെട്ടതാണ്. പക്ഷേ അതേ മോഹൻലാൽ കുഞ്ഞാലി മരക്കാറെന്ന യോദ്ധാവായി വന്നപ്പോൾ ആ എനർജി കാണിക്കാനുള്ള സ്ക്രീൻ റൈറ്റിങ് ഇല്ലാതെ പോയി.
മോഹൻലാലിന് കുഞ്ഞാലി മരക്കാർ എന്ന യോദ്ധാവിന്റെ ശരീര ഭാഷ ഇല്ല എന്ന പരിഹാസത്തിനോട് യോജിക്കാനില്ലെങ്കിലും ആ കഥാപാത്രത്തിനെ ഭാഷാപരമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിലെ നടന് പൂർണ്ണതയും തുടർച്ചയുമില്ല എന്ന പരാതിയോട് യോജിക്കാം .എങ്കിലും കിളിച്ചുണ്ടൻ മാമ്പഴത്തിലെ അബ്ദു ആയില്ലല്ലോ എന്നത് ആശ്വാസം.
അൽപ്പ നേരം മാത്രമേ ഉള്ളൂവെങ്കിലും കുഞ്ഞു കുഞ്ഞാലിയായി വന്ന പ്രണവിന് അച്ഛനെക്കാൾ കുഞ്ഞാലി മരക്കാർ എന്ന കഥാപാത്രത്തോട് നീതിപുലർത്താൻ സാധിച്ചു.
പ്രകടനം കൊണ്ട് മോഹൻലാലിനെക്കാൾ ഈ സിനിമയിൽ സ്കോർ ചെയ്യുന്നത് സഹനടന്മാരായി അഭിനയിച്ചവരാണ്. ഹരീഷ് പേരടിയുടെ മാങ്ങാട്ടച്ചനായുള്ള പ്രകടനം അക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. നെടുമുടി വേണുവിന്റെ സാമൂതിരിയും, ജെയ് ജെ ജകൃതിന്റെ ചിന്നാലിയും, അർജ്ജുന്റെ അനന്തനും, സുനിൽ ഷെട്ടിയുടെ ചന്ദ്രോത് പണിക്കരും, അശോക് സെൽവന്റെ അച്യുതനുമൊക്കെ മികച്ച കാസ്റ്റിങ് ആയി തന്നെ അനുഭവപ്പെട്ടു.
അതേ സമയം മുകേഷ് -ഗണേഷ് -ഇന്നസെന്റ് -മാമുക്കോയ തുടങ്ങിയവർ വേഷം കൊണ്ട് മാത്രം കഥാപാത്രങ്ങളായി വന്ന പോലെയാണ് തോന്നിയത്. ഒരു തരത്തിലും കഥാപാത്രങ്ങളായി മാറാതെ മുൻകാല പ്രിയദർശൻ സിനിമകളിലെ കോമഡി സീനിലേക്കെന്ന പോലെ അഭിനയിച്ചു പോയവർ അവരാണ്. പ്രഭുവിനെ പോലും ഈ സിനിമയിൽ അത്തരത്തിൽ ഒരു കോമഡി പീസാക്കി മാറ്റി.

എണ്ണം കൊണ്ട് കഥാപാത്രങ്ങൾ പലതുണ്ടെങ്കിലും സ്ക്രീനിലേക്ക് വരുമ്പോൾ അവരിൽ പലർക്കും കാര്യമായി ഒന്നും ചെയ്യാനില്ലാത്ത നിലക്ക് ഒതുങ്ങി പോകുന്നു. കഥ നടക്കുന്ന കാലഘട്ടവുമായി പൊരുത്തപ്പെടാത്ത കഥാപാത്ര സംഭാഷണങ്ങളും നാടകീയത നിറഞ്ഞു നിൽക്കുന്ന സീനുകളുമൊക്കെ മരക്കാറിലെ രസം കൊല്ലികളായി.
കുഞ്ഞാലി മരക്കാറിന്റെ ചരിത്രം അപൂർണ്ണമായത് കൊണ്ട് തന്നെ സിനിമയിലേക്ക് ചേർക്കാവുന്ന സാങ്കൽപ്പിക കഥകൾക്കും കഥാപാത്രങ്ങൾക്കും കണക്കില്ലായിരുന്നു. ഈ സാധ്യതയെ പ്രിയദർശൻ വാണിജ്യപരമായി പ്രയോജനപ്പെടുത്തിയെങ്കിലും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിൽ പുറകോട്ട് പോയി എന്ന് പറയേണ്ടി വരും.
കേട്ടും വായിച്ചുമറിഞ്ഞ കുഞ്ഞാലി മരക്കാർ കഥകളും ചരിത്രവുമൊക്കെ പേരിന് സിനിമയിലേക്ക് പകർത്തപ്പെട്ടിട്ടുണ്ട് എന്നത് ആശ്വാസകരമായിരുന്നു. അത് കൊണ്ട് തന്നെ ചരിത്രത്തെ വളച്ചൊടിച്ചു എന്ന പരാതി ഈ സിനിമയുടെ കാര്യത്തിൽ അത്ര പ്രസക്തമായി തോന്നിയില്ല.
കാലാപാനിയിലെ ഗോവർദ്ധനെ തൂക്കിലേറ്റുന്ന ക്ലൈമാക്സ് സീൻ ഇന്ന് കാണുമ്പോഴും ഒരു വല്ലാത്ത ഫീലാണ്. എന്റെ ജന്മനാടിന് മോചനം ലഭിക്കണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് തൂക്കു കയറേറ്റ് വാങ്ങുന്ന ഗോവർദ്ധനനെ മരക്കാറിലും കാണാം. പക്ഷെ അതിൽ മനസ്സ് തൊടുന്ന ആ പഴയ ഫീൽ ഇല്ല എന്ന് മാത്രം. അങ്ങിനെ മനസ്സ് തൊട്ട് പോകുന്നത് അർജ്ജുന്റെ അനന്തനും ഹരീഷ് പേരടിയുടെ മാങ്ങാട്ടച്ചനും സ്‌ക്രീനിൽ നിന്ന് മറയുമ്പോഴാണ്. മരക്കാറെന്ന സിനിമയിൽ മനസ്സ് തൊട്ട ആഴമുള്ള കഥാപാത്ര പ്രകടനങ്ങളും അവരുടേത് തന്നെ.
ആകെ മൊത്തം ടോട്ടൽ = പോരായ്‌മകളും മികവുകളുമുള്ള സിനിമകളെ പോരായ്‌മകൾ കൊണ്ട് മാത്രം വിലയിരുത്തുന്ന ശൈലിയോട് യോജിപ്പില്ല. അത് കൊണ്ട് തന്നെ പറയട്ടെ മേൽപ്പറഞ്ഞ പോരായ്മകൾ ഉള്ളപ്പോഴും visual effects നൽകിയ ആസ്വാദനം ചെറുതല്ല. തിരുവിന്റെ ഛായാഗ്രഹണവും സാബു സിറിലിന്റെ പ്രൊഡക്ഷൻ ഡിസൈനും തന്നെയാണ് മരക്കാറിന്റെ തിയേറ്റർ ആസ്വാദനം. പക്ഷേ അത് മാത്രമാകരുതല്ലോ ഒരു സിനിമയുടെ ആകെ തുക.

*വിധി മാർക്ക് = 6/10
-pravin-

Wednesday, December 8, 2021

ടൈം ലൂപ്പിൽ ആടി തിമിർക്കുന്ന സിനിമ!!


ടൈം ലൂപ്പ് എന്ന സംഗതിയെ കുറിച്ച് അവസാനമായി ചർച്ച ചെയ്തത് 'ചുരുളി' സിനിമയോട് ബന്ധപ്പെട്ടാണ്. 'ചുരുളി'യിൽ ടൈം ലൂപ്പിനെ റിയാലിറ്റിയും മിത്തുമൊക്കെ ചേർന്ന ദൃശ്യ ഭാഷ്യങ്ങളിലൂടെയാണ് പറഞ്ഞവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ആസ്വാദനത്തിൽ പലർക്കും സങ്കീർണ്ണതകൾ അനുഭവപ്പെട്ടിട്ടുമുണ്ടാകും.

എന്നാൽ വെങ്കട് പ്രഭുവിന്റെ 'മാനാടി'ലേക്ക് വന്നാൽ ഇത്തരം സങ്കീർണ്ണതകൾ ഒന്നുമില്ലാതെ ആർക്കും മനസ്സിലാകുന്ന വിധത്തിൽ ഗംഭീരമായി ടൈം ലൂപ് പ്രമേയവത്ക്കരിച്ചിട്ടുണ്ട്. അവിടെ കെട്ടു കഥകളേത് യഥാർത്ഥ സംഭവമേത് എന്നറിയാതെ കുഴഞ്ഞു പോകുന്ന കഥാ സാഹചര്യങ്ങൾ പോലുമില്ല.
സങ്കീർണ്ണമായ ഒരു പ്രമേയത്തിനെ ലളിതവും ആകാംക്ഷാഭരിതവുമായ അവതരണം കൊണ്ട് കാണുന്നവരെ ആദ്യാവസാനം വരെ പിടിച്ചിരുത്താൻ കഴിഞ്ഞിടത്ത് തന്നെയാണ് 'മാനാട്' വിജയിച്ചത്.
ടൈം ലൂപ്പിലൂടെ കഥാപാത്രത്തിന് സംഭവിക്കുന്ന ആവർത്തന വിരസത സിനിമയിലെ സീനുകളെ ബാധിക്കാത്ത വിധം അവതരിപ്പിക്കുക എന്ന വെല്ലുവിളി ചെറുതല്ലായിരുന്നു. അവിടെയാണ് വെങ്കട് പ്രഭുവിന്റെ കെട്ടുറപ്പുള്ള തിരക്കഥയും സംവിധാന മികവുമൊക്കെ എടുത്തു പറയേണ്ടത്.
പ്രവീൺ കെ.എല്ലിന്റെ ചടുലമായ എഡിറ്റിങ്ങും യുവൻ ശങ്കർ രാജയുടെ ത്രില്ലടിപ്പിക്കുന്ന ബി.ജി.എമ്മും 'മാനാടി'നു കൊടുത്ത മൈലേജ് ചെറുതല്ല.
ചിമ്പുവിന്റെ അബ്ദുൾ ഖാലിഖിനും എസ്.ജെ സൂര്യയുടെ ധനുഷ്കോടിക്കും ഒരു പോലെ ആടി തിമിർക്കാനുള്ള കളം ഒരുക്കി കൊടുത്തിട്ടുണ്ടായിരുന്നു സംവിധായകൻ. ഇന്റർവെൽ സീനൊക്കെ വേറെ ലെവൽ.
രസകരവും ആകാംക്ഷാഭരിതവുമായ സിനിമക്കൊപ്പം തന്നെ സമകാലീന വിദ്വേഷ രാഷ്ട്രീയങ്ങൾക്കെതിരെയുള്ള നിലപാട് പറച്ചിൽ കൂടിയാണ് 'മാനാട്'.
പൊളിറ്റിക്സിന്റെ പേരിൽ നടക്കുന്ന മതപരവും സാമുദായികപരവുമായ ധ്രുവീകരണങ്ങളെ അബ്ദുൾ ഖാലിഖെന്ന കഥാപാത്രത്തിലൂടെ തന്നെ പ്രതിരോധിച്ചു സംസാരിച്ചു കൊണ്ട് തന്റെ രാഷ്ട്രീയം പങ്കിടുന്നു സംവിധായകൻ. സിനിമയുടെ അവസാനം A Venkat Prabhu Politics എന്ന് എഴുതി കാണിക്കുന്നതിനെ സാധൂകരിക്കുന്ന സീനുകൾ ഒരുപാടുണ്ട് സിനിമയിൽ.
ആകെ മൊത്തം ടോട്ടൽ = ഒരു നായകന്റെ പടമായി ഒതുങ്ങാതെ വില്ലന് കൂടി തുല്യ സ്ഥാനം നൽകി ഒപ്പത്തിനൊപ്പം അവസാനം വരെ അവർക്കിടയിലുള്ള പോരാട്ടത്തെ ഗംഭീരമാക്കി വെങ്കട് പ്രഭു. ചിമ്പു -എസ് ജെ സൂര്യ കോമ്പിനേഷൻ സീനുകളെല്ലാം തന്നെ കിടു.ഒരു ടൈം ലൂപ്പിലെന്ന പോലെ വീണ്ടും ഒന്ന് കൂടി കാണാൻ തോന്നിക്കുന്ന പടം.

*വിധി മാർക്ക് =8/10
-pravin-

Tuesday, December 7, 2021

ചുരുളഴിയാത്ത നിഗൂഢത !!

സൃഷ്ടിപരമായി ഒരു സിനിമ എന്നത് സംവിധായകന്റേതാണെങ്കിൽ ആസ്വാദനപരമായി അത് തീർത്തും പ്രേക്ഷകരുടേത് മാത്രമാണ്. സംവിധായകൻ സിനിമയിലൂടെ എന്ത് ഉദ്ദേശിച്ചു എന്നതിനേക്കാൾ പ്രേക്ഷകർ സിനിമയെ എങ്ങിനെ നോക്കി കാണുന്നു അല്ലെങ്കിൽ എന്ത് ആസ്വദിച്ചറിയുന്നു എന്നതിലാണ് കാര്യം.

ഒരേ സിനിമക്ക് വ്യത്യസ്ത ആസ്വാദനങ്ങൾ ഉണ്ടാകുകയും അത് പല തലത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോൾ കലാപരമായും ആസ്വാദനപരമായും സിനിമ വിജയിക്കുകയാണ് ചെയ്യുന്നത്. ചുരുളി അങ്ങിനെ ഒരുപാട് തുടർ ചർച്ചകൾക്കും ആസ്വാദനങ്ങൾക്കും സാധ്യത നൽകുന്ന സിനിമയാണ്.

കണ്ടു തീരുന്നിടത്ത് അവസാനിക്കുന്നതല്ല അവസാനിച്ചിടത്തു നിന്ന് പുറകോട്ട് ചിന്തിക്കാനും കൂട്ടി വായിക്കാനും പൂരിപ്പിക്കാനുമുള്ള സിനിമയാണ് ചുരുളി. ആ തരത്തിൽ ബൗദ്ധിക വ്യായാമം തരുന്ന സിനിമകളോട് പൊതുവെ ഒരു വിഭാഗം പ്രേക്ഷകർക്ക് എന്നും പരാതിയാണ് എന്നതിനൊപ്പം സാംസ്ക്കാരികപരമായും ഭാഷാപരവുമായുള്ള മലയാളിയുടെ പൊതുബോധങ്ങൾക്ക് എതിരെ നിന്ന് കൊണ്ട് കഥ പറയുന്ന സിനിമ എന്ന നിലക്കും ചുരുളി അധിക വിമർശനം നേരിടുന്നു.


സിനിമയിലെ കഥാപാത്രങ്ങൾ പറയുന്ന തെറികൾ ഈ സിനിമയെ നശിപ്പിച്ചു എന്ന വാദത്തോട് യോജിക്കുന്നില്ല. കാരണം ചുരുളി എന്ന സ്ഥലരാശിയുമായും അവിടത്തെ കഥാപാത്രങ്ങളുമായും ഏറ്റവും എളുപ്പത്തിൽ പൊരുത്തപ്പെടാൻ സഹായിച്ചത് നിനച്ചിരിക്കാതെ പെട്ടെന്ന് കേക്കേണ്ടി വന്ന ആദ്യ തെറിയും പിന്നെ ആ കള്ള് ഷാപ്പുമാണ്.

തുടക്കത്തിൽ പറഞ്ഞു തരുന്ന തിരുമേനിയുടെയും മാടന്റെയും കഥ ടൈറ്റിലുകൾക്കൊപ്പം നമ്മുടെ മനസ്സിൽ കുടിയേറുമ്പോൾ തന്നെയാണ് മാടൻ അവന്റെ കളി തുടങ്ങുന്നത്.

പുറം ലോകത്തിനെ ചുരുളിയുമായി ബന്ധിപ്പിക്കുന്ന ആ നൂലാമാല പാലം കടക്കുക എത്ര ദുഷ്ക്കരമാണെന്ന് സിനിമ തന്നെ കാണിച്ചു തരുന്നുണ്ട്. പാലം കടന്ന് ഇപ്പുറം എത്തി നിമിഷങ്ങൾക്കുള്ളിൽ കേട്ട ആദ്യ തെറിയിൽ ആന്റണിക്കും ഷാജീവനുമൊപ്പം നമ്മളും ഒന്ന് ഷോക്കായി പോകുന്നുണ്ട്. പിന്നീടങ്ങോട്ട് തുടരെ കേൾക്കേണ്ടി വരുന്ന തെറികളെല്ലാം നെറ്റി ചുളുപ്പിക്കുമെങ്കിലും പതിയെ ചുരുളിയിലെ സംസാര ശൈലി/ ഭാഷയെന്നോണം അതിനെ അംഗീകരിക്കേണ്ടി വരുകയാണ്. അത് കൊണ്ട് തന്നെ ഒരു ഘട്ടം കഴിയുമ്പോൾ കേൾക്കേണ്ടി വരുന്ന തെറികളൊന്നും തെറികളേ അല്ലാതാകുന്നു.

നിയമങ്ങളുടെയും പൊതുബോധങ്ങളുടെയും മനഃസാക്ഷിയുടേയുമൊക്കെ കെട്ടുപാടുകൾ ഇല്ലാതെ ഒരു കൂട്ടം ആളുകൾ അവരവരുടെ ഇഷ്ടം പോലെ സ്വൈര്യമായി വിഹരിക്കുകയും വിരാജിക്കുകയും ചെയ്യുന്ന ചുരുളി എന്ന വിചിത്ര ഇടം. മയിലാടും കുറ്റിയിലെ ജോയിയെ പൊക്കാൻ വേണ്ടി വേഷം മാറി ചുരുളിയിലേക്ക് വണ്ടി കയറിയ ആന്റണിയും ഷാജീവനും ആ സ്ഥലത്തിന്റെ ഭ്രമാത്മകതകയിൽ അലിഞ്ഞു ചേരുകയാണ്.

ജോയ് ഒരു പിടികിട്ടാപ്പുള്ളിയാണ് എന്ന പോലീസ് ഭാഷ്യത്തിലൂടെയാണ് അയാൾ ഒരു കുറ്റക്കാരൻ തന്നെയാണെന്ന് നമ്മളും ഉറച്ചു വിശ്വസിക്കുന്നത്. എന്നാൽ കുറ്റം ചെയ്തവരെയെല്ലാം അറസ്റ്റ് ചെയ്യുന്നതല്ല, കുറ്റം ചെയ്ത ആൾക്കൂട്ടത്തിൽ നിന്ന് നമുക്ക് വേണ്ടവനെ മാത്രം അറസ്റ്റ് ചെയ്യുന്നതാണ് നിയമമെന്ന് ആന്റണി ഷാജീവനോട് പറയുന്നിടത്താണ് ആരാണ് ശരിക്കും കുറ്റം ചെയ്യുന്നവർ എന്ന ചോദ്യം ഉയരുന്നത്.

വൃത്താകൃതിയിൽ ഒരു കൂട്ടം മനുഷ്യർ നിര നിരയായി ഓടുമ്പോൾ അതിൽ ആര് ആരുടെ പുറകെയാണ് ശരിക്കും ഓടുന്നത് എന്നറിയാതെ പോകുന്ന ഒരവസ്ഥയിൽ നമ്മളും കുരുങ്ങി പോകുന്നു. വിനോയ് തോമസിന്റെ കഥയിൽ നിന്ന് ചുരുളിയെ അങ്ങനൊരു മിസ്റ്റിക് തലത്തിലേക്ക് എത്തിക്കുന്നത് ഹരീഷിന്റെ തിരക്കഥയാണ്.

നമ്മുടെ ജീവിതത്തിൽ മുൻപ് എപ്പോഴോ സംഭവിച്ച ഒരു കാര്യം സമാനമായി വീണ്ടും നടക്കുന്ന പോലെ അനുഭവപ്പെടുന്ന അവസ്ഥയെയാണല്ലോ ദേജാവൂ എന്ന് പറയുന്നത്. ഇത് ഏതെങ്കിലും ടൈം ലൂപ്പ് വഴി യഥാർത്ഥത്തിൽ നമുക്ക് സംഭവിക്കുന്നത് തന്നെയാകുമോ ? ചാമുണ്ഡിയും ഏലിയനും മാടനുമൊക്കെ ഒരേ മിത്തിന്റെ വേറെ വേറെ മുഖങ്ങളാകുമോ ? അങ്ങിനെ ചോദ്യങ്ങളും ചിന്തകളും പലതുണ്ടാകുന്നുണ്ട് ചുരുളിയിലെ ചില സീനുകൾ കാണുമ്പോൾ.

ഒരിക്കൽ ചുരുളിയിലേക്ക് വന്നവർക്ക് അവിടം വിട്ടു പോകാനാകില്ല. തിരുമേനിയായും ആന്റണിയായും ഷജീവനായും ജോയിയായും അങ്ങിനങ്ങിനെ ആ ലൂപ്പ് ആവർത്തിച്ചു കൊണ്ടേയിരിക്കും.


കാലം എത്ര മുന്നോട്ട് പോയാലും, ശാസ്ത്രം എത്ര തന്നെ വളർന്നാലും അടിസ്ഥാനപരമായി മനുഷ്യന്റെ ഉള്ളിൽ ഇപ്പോഴും ഒരു മൃഗം ഉറങ്ങി കിടക്കുന്നുണ്ട്. അത് ഉണരുന്നിടത്ത് മനുഷ്യൻ വീണ്ടും പഴയ കാലത്തിലേക്ക് തന്നെ പോകുകയും പൂർണ്ണമായും ഇരുകാലികളായ മൃഗമായി മാറുകയും ചെയ്യുന്നു . ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ട്' പറഞ്ഞു വച്ചിടത്ത് നിന്ന് തന്നെ തുടർന്ന് വായിക്കാനും സാധിക്കും ചുരുളിയെ.

'ജെല്ലിക്കെട്ടി'ൽ കാണിച്ചു തന്ന മനുഷ്യനുള്ളിലെ വന്യതയുടെ കുറച്ചു കൂടി തീവ്രമായ ദൃശ്യാവിഷ്ക്കാരമാണ് 'ചുരുളി'യിലുള്ളത് എന്ന് പറയാം.

കഥയിലും കഥാപശ്ചാത്തലത്തിലും മുൻകാല സിനിമകളോടൊന്നും സാമ്യത പുലർത്താതിരിക്കുമ്പോഴും പറയാനെടുക്കുന്ന കഥയിലും വിഷയത്തിലും ഫിക്ഷന്റെ എല്ലാ സാധ്യതകളെയും പരമാവധി ഉപയോഗപ്പെടുത്താൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് സാധിക്കാറുണ്ട്.

ആമേനിൽ അത് കുമരങ്കിരി എന്ന സാങ്കൽപ്പിക ഗ്രാമവും വട്ടോളിയച്ചനും ആയിരുന്നെങ്കിൽ ഈ.മ.യൗ വിൽ അത് മരണവും ചീട്ടു കളിച്ചു കൊണ്ടിരിക്കുന്ന മാലാഖമാരുമായിരുന്നു. ജെല്ലിക്കെട്ടിൽ ഒരു പോത്തിന് പിന്നാലെ നമ്മളെ ഓടിപ്പിച്ചു ചിന്തിപ്പിക്കുകയാണ് ചെയ്തതെങ്കിൽ ചുരുളിയിൽ പൂർണ്ണമായും ഉത്തരങ്ങൾ നൽകാത്ത കാടിന്റെ നിഗൂഢതയിലും മനുഷ്യ മനസ്സുകളുടെ സങ്കീർണ്ണതകളിലും നമ്മളെ അലയാൻ വിടുകയാണ് ലിജോ ചെയ്യുന്നത്.

ആകെ മൊത്തം ടോട്ടൽ = ബൗദ്ധിക വ്യായാമം തരുന്ന ഒരു മികച്ച സിനിമ. മധുനീലകണ്ഠന്റെ ഛായാഗ്രഹണവും ശ്രീരാഗ് സജിയുടെ സംഗീതവും രംഗനാഥ്‌ രവിയുടെ സൗണ്ട് ഡിസൈനും തന്നെയാണ് ചുരുളിയിലെ നിഗൂഢതക്ക് ഇത്ര മേൽ ഭംഗി സമ്മാനിച്ചത്.

*വിധി മാർക്ക് = 8/10

-pravin-