Thursday, April 29, 2021

കൃഷ്ണൻകുട്ടിയുടെ അല്ല ഇത് ബിയാട്രിസിന്റെ കഥ !!

സൂരജ് ടോമിന്റെ 'പാ.വ' യും 'എന്റെ മെഴുതിരി അത്താഴങ്ങ'ളുമൊക്കെ ഇഷ്ടപ്പെട്ട സിനിമകളായിരുന്നു എന്നത് കൊണ്ട് തന്നെ 'കൃഷ്ണൻ കുട്ടി പണി തുടങ്ങി' മോശമാകില്ല എന്നുറപ്പുണ്ടായിരുന്നു. പേരിലെ കൗതുകം ട്രെയ്‌ലർ കണ്ടതോടെ ആകാംക്ഷയുടെത് കൂടിയായി മാറി.

ഇരുട്ടിന്റെ പശ്ചാത്തലത്തിൽ ഒരു മുത്തശ്ശിക്കഥ പോലെ കൃഷ്ണൻകുട്ടിയെ വിവരിച്ചു കൊണ്ടുള്ള തുടക്കം സിനിമയുടെ ഒരു മൂഡ് സെറ്റ് ചെയ്തു തരുന്നുണ്ട്. എന്നാൽ പിന്നീടങ്ങോട്ടുള്ള കഥ പറച്ചിലിൽ എവിടെയും കൃഷ്ണൻകുട്ടി എന്ന കഥാപാത്രമില്ല. കൃഷ്ണൻകുട്ടിയുടെ കഥ മനസ്സിൽ കൊണ്ട് നടക്കുന്ന ഉണ്ണിക്കണ്ണനാണ് പിന്നെയുള്ള റോൾ.

ഹൊറർ തീമിലുള്ള കഥ പറയാൻ ഏറ്റവും എളുപ്പമുള്ള കാടും ഒറ്റപ്പെട്ട വലിയ വീടും രാത്രിയുമൊക്കെ ഇവിടെയും കഥാപശ്ചാത്തലമായി ആവർത്തിക്കുന്നുണ്ടെങ്കിലും കഥ എന്താണെന്നു ഊഹിക്കാൻ സാധ്യമല്ലാത്ത വിധം ആദ്യ പകുതിയെ ഗംഭീരമാക്കുന്നുണ്ട് സംവിധായകൻ. 'ഇരുൾ' സിനിമക്ക് സാധിക്കാതെ പോയതും അത് തന്നെ.

ഒറ്റപ്പെട്ട വീട്ടിനുള്ളിൽ ധൈര്യശാലി ചമയുന്ന അതേ ഉണ്ണിക്കണ്ണനിൽ ഭയം രൂപപ്പെടുന്നതും പിന്നീടുണ്ടാകുന്ന ഭയപ്പാടുകളുമൊക്കെ ഏകാംഗ അഭിനയത്തിലൂടെ നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് വിഷ്ണു. എന്നാൽ പ്രകടനം കൊണ്ട് ഞെട്ടിച്ചത് സാനിയയാണ്. ബിയാട്രിസ് എന്ന കഥാപാത്രത്തെ സാനിയ തന്റെ കരിയർ ബെസ്റ്റാക്കി എന്ന് പറയാം.

ഒരു സംഗീതജ്ഞനിൽ നിന്ന് എഴുത്തുകാരനിലേക്കുള്ള ഞെട്ടിക്കുന്ന മാറ്റമായിരുന്നു ആനന്ദ് മധുസൂദനന്റെ തിരക്കഥ. തിരക്കഥാ രചനയിൽ ആനന്ദിന് ഇനിയും സാധ്യതകൾ ഉണ്ട്.

പലരും വിമർശിച്ചു കണ്ട ഒരു കാര്യം ഈ സിനിമയും കൃഷ്ണൻ കുട്ടിയും തമ്മിൽ എന്ത് ബന്ധം എന്നാണ്. മറ്റുള്ളവരെ ഭയപ്പെടുത്താൻ വേണ്ടി ഉണ്ണിക്കണ്ണൻ കൊണ്ട് നടന്ന മുത്തശ്ശിക്കഥ മാത്രമാണ് കൃഷ്ണൻകുട്ടി എന്ന് അവർ അറിയാതെ പോകുന്നു. യഥാർത്ഥ കൃഷ്ണൻ കുട്ടി ഭയം എന്ന വികാരമാണ്. ആ ഭയം ഉണ്ണിക്കണ്ണന്റെ മനസ്സിനുള്ളിലാണ് പണി തുടങ്ങുന്നത്.

സിനിമ കൈകാര്യം ചെയ്ത വിഷയത്തിന്റെ ഭീകരതയാണ് യഥാർത്ഥത്തിൽ കൃഷ്ണൻകുട്ടിയുടെ കഥയേക്കാൾ പ്രേക്ഷകരെ പേടിപ്പെടുത്തുക എന്നുറപ്പ്.

ആകെ മൊത്തം ടോട്ടൽ = പലരും പ്രതീക്ഷിക്കുന്ന പോലെ സിനിമയുടെ പേരിലെ കൃഷ്ണൻ കുട്ടിയുടെ കഥയല്ല, സിനിമക്കുള്ളിലെ ബിയാട്രിസിന്റെ കഥയാണ് 'കൃഷ്ണൻകുട്ടി പണി തുടങ്ങി'. ആ ലെവലിൽ കണ്ടാൽ നിരാശപ്പെടുത്താത്ത സിനിമാനുഭവം തന്നെയാണ് 'കൃഷ്ണൻകുട്ടി പണി തുടങ്ങി'.

വിധി മാർക്ക് = 7/10
-pravin-

Sunday, April 18, 2021

The Stoning of Soraya M

1986 ൽ ഇറാനിലെ കുഹ്പായെ ഗ്രാമത്തിൽ വ്യഭിചാര കുറ്റം ആരോപിച്ചു കൊണ്ട് സൊരായ എന്ന സ്ത്രീയെ ആൾക്കൂട്ടം കല്ലെറിഞ്ഞു കൊന്ന ക്രൂരതയുടെ ഹൃദയഭേദകമായ ദൃശ്യാവിഷ്ക്കരമാണ് 'The Stoning of Soraya M'.

സൊരായ കൊല്ലപ്പെട്ട ശേഷം ആ ഗ്രാമത്തിൽ അവിചാരിതമായി എത്തപ്പെട്ട ഫ്രെയ്‌ഡൌൺ സാഹെബ്ജാം എന്ന ഫ്രഞ്ച്-ഇറാനിയൻ പത്രപ്രവത്തകനിലൂടെയാണ് ഈ ക്രൂര കൃത്യത്തിന്റെ കഥ പുറം ലോകം അറിയുന്നത്.

1990 ൽ ഇതേ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കൊണ്ട് അദ്ദേഹമെഴുതിയ നോവൽ ലോക ശ്രദ്ധ പിടിച്ചു പറ്റി. അതേ നോവലാണ് 2008 ൽ റിലീസായ 'The Stoning of Soraya M.' എന്ന പേർഷ്യൻ സിനിമയുടെ തിരക്കഥക്ക് കാരണമായതും.


മുപ്പത്തിയഞ്ചുകാരിയായ സൊരായയെ കല്ലെറിഞ്ഞു കൊന്നതിന് പിന്നിലെ കാര്യ കാരണങ്ങൾ വിശദീകരിക്കുന്നതിനോടൊപ്പം ഇറാനിലെ ആണധികാരങ്ങളെയും ആൾക്കൂട്ട മനസ്ഥിതികളെയും മത പൗരോഹിത്യ നിയമങ്ങളെയും ശിക്ഷാ വിധികളെയുമൊക്കെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട് സിനിമ.

ഒരു സ്ത്രീയെ പൊതു സമൂഹത്തിൽ ഒറ്റപ്പെടുത്താനും ആക്രമിക്കാനും ഏറ്റവും എളുപ്പമുള്ള വഴിയായി എല്ലാ കാലത്തും പല രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു വാക്കാണ് 'വ്യഭിചാരം'. സൊരായയുടെ ശല്യം ഒഴിവാക്കി പതിനാലുകാരിയെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന അലിയും ആ വാക്ക് തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.

ഭർത്താവിന്റെ കള്ള കേസിനു വക്കാലത്ത് പറയുന്നവരുടെയും, കള്ള സാക്ഷി പറയുന്നവരുടെയും, അതൊക്കെ ശരി വച്ച് ശിക്ഷ വിധിക്കുന്ന ന്യായാധിപന്റേതടക്കമുള്ള ആൺ സ്വരങ്ങൾ സ്ത്രീ വിരുദ്ധവും സർവ്വോപരി മനുഷ്യത്വവിരുദ്ധവുമായി മാറുകയാണ്.

നിരപരാധിയായ ഒരു സ്ത്രീയെ ക്രൂരമായ വധശിക്ഷക്ക് വിധിക്കുമ്പോൾ ആരവമുയർത്തുന്നവരുടെ കൂട്ടത്തിൽ സ്ത്രീകളുമുണ്ട്. ശിക്ഷാ വിധി നടപ്പിലാക്കാൻ മുന്നിട്ടിറങ്ങുന്നവരിൽ സ്വന്തം പിതാവും ആൺ മക്കളും കൂടിയുണ്ട് എന്ന കാഴ്ച സൊരായക്ക് മറ്റൊരു ശിക്ഷ കൂടിയായി മാറുന്നുണ്ട്.

ശിക്ഷ വിധിക്കാനെത്തുന്നവർ വിഷയത്തിന് നൽകുന്ന മത പശ്ചാത്തലവും അവരവരുടെ സൗകര്യാർത്ഥം ഉണ്ടാക്കി എടുക്കുന്ന മത നിയമങ്ങളുമൊക്കെ കാരണം എതിർ സ്വരമുയർത്താൻ പോലും പറ്റാതെ നിശ്ശബ്ദരാകേണ്ടി വന്ന ഒരു ജനതയെ കൂടി അടയാളപ്പെടുത്തുന്നുണ്ട് സിനിമ.

കുറ്റവാളിയുടെ ഭൂതകാലമുള്ള ഒരാൾ പിന്നീട് ആ ഗ്രാമത്തിലെ മുല്ലയായി മാറുമ്പോൾ അയാൾ ബഹുമാനിക്കപ്പെടുന്നതും വെറും മതപരിവേഷം കൊണ്ടാണ്.

അങ്ങിനെയുള്ളവരുടെ വിധി കൽപ്പനകൾ സിനിമയുടെ തുടക്കത്തിൽ തന്നെ വിമർശിക്കപ്പെടുന്നത് പതിനാലാം നൂറ്റാണ്ടിലെ ഇറാനിയൻ കവി ഹാഫിസ്-എ- ഷിറാസിയുടെ വരികളിലൂടെയാണ് :- Dont act like the hypocrite, who thinks he can conceal his wiles while loudly quoting the Quran.

ചെയ്യാത്ത തെറ്റിന് ഇങ്ങിനെയൊരു ക്രൂര ശിക്ഷ വിധിച്ച ശേഷവും ഒട്ടും പതറാതെ മരണത്തെ നേരിടാൻ സൊരായ തയ്യാറാകുന്നുണ്ട്. ആ സമയം സഹ്‌റ അവളോട് നിനക്ക് മരിക്കാൻ പേടിയുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അതിന് അവൾ നൽകുന്ന ഉത്തരം -എനിക്ക് മരണത്തെ പേടിയില്ല, പക്ഷെ കല്ലെറിഞ്ഞു കൊല്ലുമ്പോഴുള്ള വേദനയെ പേടിയുണ്ട് എന്നായിരുന്നു.

ഇത്തരം ശിക്ഷാ വിധികൾ ലോകത്ത് പലയിടങ്ങളിലും രഹസ്യമായും പരസ്യമായും നടക്കുന്നുണ്ട്. അതിന്റെ പ്രധാന ഇരകളും സ്ത്രീകളാണ്. സൊരായ അക്കൂട്ടത്തിലെ ഒരാൾ മാത്രമാണ് .

ആകെ മൊത്തം ടോട്ടൽ = മനസ്സിനെ വേട്ടയാടുന്ന ഒരു മികച്ച സിനിമ.

*വിധി മാർക്ക് = 8.5/10

-pravin-

Monday, April 12, 2021

ജോജി ഭീകരനാണ്..അതി ഭീകരൻ !!

പനച്ചേൽ കുട്ടപ്പന്റെയും മക്കളുടെയും കുടുംബ കഥയെന്നോണം തുടങ്ങി പതിയെ ആ കുടുംബത്തിലെ ഓരോ കഥാപാത്രങ്ങളെയും സസൂക്ഷ്മം പരിചയപ്പെടുത്തി കൊണ്ട് കഥ പറയുകയാണ് 'ജോജി'.

സംഭാഷണത്തേക്കാൾ പ്രസക്തമായ സീനുകളും ഷോട്ടുകളുമൊക്കെയായി ഗംഭീരമായ അവതരണ ശൈലിയിലൂടെ ദിലീഷ് പോത്തൻ 'ജോജി'യെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ശ്യാം പുഷ്ക്കരന്റെ തിരക്കഥയിലെ ഡീറ്റൈലിംഗ് ദിലീഷ് പോത്തനെ കാര്യമായി സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു.

യാതൊരു അധികാരവും മക്കൾക്ക് വിട്ടു കൊടുക്കാതെ മക്കളെ സ്വന്തം നിയന്ത്രണത്തിൽ കൊണ്ട് പോകുന്ന അപ്പനും, അപ്പന്റെ നിയന്ത്രണത്തിലും അധികാരത്തിലും ഭയ ബഹുമാനത്തോടെ ശ്വാസം മുട്ടി ജീവിക്കുന്ന മക്കളുമാണ് ഒരു കാഴ്ചയെങ്കിൽ മറ്റൊരു കാഴ്ചയിൽ അപ്പന്റെ നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെട്ടു ഏതു വിധേനയും സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്ന മക്കളെയും കാണാം.

തീർത്തും ശാന്തമെന്നു തോന്നിപ്പിച്ച ഒരു കഥാപരിസരം പതിയെ വയലന്സിന്റെതായി മാറുന്ന കാഴ്ചകളിലാണ് 'ജോജി' യുടെ ഭീകരത അനുഭവപ്പെടുക. എപ്പോൾ എങ്ങിനെയൊക്കെ ചിന്തിക്കുമെന്നോ പെരുമാറുമെന്നോ ഉറപ്പില്ലാത്ത മനുഷ്യ മനസ്സുകളെ ഭീകരമായി തന്നെ വരച്ചു കാണിക്കുന്നുണ്ട് ജോജിയിലൂടെ.

ജോജി' എന്ന പേര് കൊണ്ട് ഇത് ജോജിയുടെ സിനിമ മാത്രമായി ഒതുങ്ങുന്നില്ല. കുട്ടപ്പന്റെയും ജോമോന്റേയും ബിൻസിയുടെയും ജെയ്‌സന്റെയും പോപ്പിയുടെയും കഥ കൂടിയാണ്. എന്നിട്ടും സിനിമ 'ജോജി' എന്ന കഥാപാത്രത്തിന്റെ പേര് മാത്രം കടം കൊണ്ടതെന്തിനാണെന്ന് സംശയിക്കാം. ആ സംശയത്തിന്റെ ഉത്തരവും ജോജി എന്ന് തന്നെയാണ്.

പ്രകടന മികവിൽ ഫഹദിന്റെ ജോജിക്കൊപ്പം തന്നെ ബാബുരാജിന്റെ ജോമോനും , ഉണ്ണിമായയുടെ ബിൻസിയുമൊക്കെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ജസ്റ്റിൻ വർഗ്ഗീസിന്റെ പശ്ചാത്തല സംഗീതവും 'ജോജി'ക്ക് നൽകിയ ഇഫക്ട് ചെറുതൊന്നുമല്ല.

ആകെ മൊത്തം ടോട്ടൽ = മികച്ച തിരക്കഥ , അവതരണം, പ്രകടനങ്ങൾ കൊണ്ട് ഗംഭീരമായ ഒരു സിനിമ. ഷേക്സ്പിയറിന്റെ മാക്ബെത്തിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ എന്ന് എഴുതി കാണിക്കുന്നുണ്ടെങ്കിലും അതിനേക്കാളേറെ കെ.ജി ജോർജ്ജിന്റെ 'ഇരകൾ' ആണ് 'ജോജി' യിൽ പതിഞ്ഞു കിടക്കുന്നത് എന്ന് പറയാം.

*വിധി മാർക്ക് = 8.5/10

-pravin-